ഉൽപത്തി
1 ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.+
2 ഭൂമി പാഴായും ശൂന്യമായും കിടന്നു. ആഴമുള്ള വെള്ളത്തിനു മീതെ+ ഇരുളുണ്ടായിരുന്നു. ദൈവത്തിന്റെ ചലനാത്മകശക്തി*+ വെള്ളത്തിനു മുകളിലൂടെ+ ചലിച്ചുകൊണ്ടിരുന്നു.
3 “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. അങ്ങനെ വെളിച്ചം ഉണ്ടായി.+ 4 വെളിച്ചം നല്ലതെന്നു ദൈവം കണ്ടു; ദൈവം വെളിച്ചത്തെ ഇരുളിൽനിന്ന് വേർതിരിച്ചു. 5 ദൈവം വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയായി, പ്രഭാതമായി; ഒന്നാം ദിവസം.
6 “വെള്ളത്തെ വെള്ളത്തിൽനിന്ന് വേർതിരിക്കാൻ+ അവയുടെ മധ്യേ വിശാലമായ ഒരു വിതാനം*+ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. 7 അങ്ങനെ സംഭവിച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയും വിതാനത്തിനു മുകളിലും ആയി വെള്ളത്തെ വേർതിരിച്ചു.+ 8 ദൈവം വിതാനത്തെ ആകാശം എന്നു വിളിച്ചു. സന്ധ്യയായി, പ്രഭാതമായി; രണ്ടാം ദിവസം.
9 “ആകാശത്തിന്റെ കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് കൂടട്ടെ, ഉണങ്ങിയ നിലം കാണട്ടെ”+ എന്നു ദൈവം കല്പിച്ചു. അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തെ ദൈവം കര+ എന്നും ഒന്നിച്ചുകൂടിയ വെള്ളത്തെ കടൽ*+ എന്നും വിളിച്ചു. അതു നല്ലതെന്നു+ ദൈവം കണ്ടു. 11 “ഭൂമിയിൽ പുല്ലും, വിത്ത് ഉണ്ടാകുന്ന സസ്യങ്ങളും, വിത്തും ഫലവും ഉണ്ടാകുന്ന മരങ്ങളും ഓരോന്നിന്റെയും തരമനുസരിച്ച് മുളച്ചുവരട്ടെ” എന്നു ദൈവം കല്പിച്ചു. അങ്ങനെ സംഭവിച്ചു. 12 അങ്ങനെ ഭൂമിയിൽ പുല്ലും, വിത്ത് ഉണ്ടാകുന്ന സസ്യങ്ങളും,+ വിത്തും ഫലവും ഉണ്ടാകുന്ന മരങ്ങളും ഓരോന്നിന്റെയും തരമനുസരിച്ച് മുളച്ചുവരാൻതുടങ്ങി. അതു നല്ലതെന്നു ദൈവം കണ്ടു. 13 സന്ധ്യയായി, പ്രഭാതമായി; മൂന്നാം ദിവസം.
14 ദൈവം കല്പിച്ചു: “പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ+ ആകാശവിതാനത്തിൽ ജ്യോതിസ്സുകൾ*+ കാണപ്പെടട്ടെ; അവ ഋതുക്കളും* ദിവസങ്ങളും വർഷങ്ങളും നിർണയിക്കാനുള്ള അടയാളമായിരിക്കും.+ 15 ഭൂമിയുടെ മേൽ പ്രകാശം ചൊരിയാനായി അവ ആകാശവിതാനത്തിൽ ജ്യോതിസ്സുകളായിരിക്കും.” അങ്ങനെ സംഭവിച്ചു. 16 അങ്ങനെ ദൈവം രണ്ടു വലിയ ജ്യോതിസ്സുകൾ സ്ഥാപിച്ചു—പകൽ വാഴാൻ വലുപ്പമുള്ള ഒരു ജ്യോതിസ്സും+ രാത്രി വാഴാൻ വലുപ്പം കുറഞ്ഞ ഒരു ജ്യോതിസ്സും. ദൈവം നക്ഷത്രങ്ങളെയും സ്ഥാപിച്ചു.+ 17 ഭൂമിയുടെ മേൽ പ്രകാശിക്കാനും 18 പകലും രാത്രിയും വാഴാനും വെളിച്ചവും ഇരുളും തമ്മിൽ വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു.+ അതു നല്ലതെന്നു ദൈവം കണ്ടു. 19 സന്ധ്യയായി, പ്രഭാതമായി; നാലാം ദിവസം.
20 “വെള്ളത്തിൽ ജീവികൾ* നിറയട്ടെ, ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ ഉടനീളം പറവകൾ പറക്കട്ടെ”+ എന്നു ദൈവം കല്പിച്ചു. 21 അങ്ങനെ ദൈവം വലിയ കടൽജന്തുക്കളെയും നീന്തിത്തുടിക്കുന്ന എല്ലാ ജീവികളെയും തരംതരമായി സൃഷ്ടിച്ചു. അവ വെള്ളത്തിൽ പെരുകി. ചിറകുള്ള പറവകളെയെല്ലാം ദൈവം തരംതരമായി സൃഷ്ടിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. 22 അവയെ അനുഗ്രഹിച്ച് ദൈവം ഇങ്ങനെ കല്പിച്ചു: “വർധിച്ചുപെരുകി കടലിലെ വെള്ളത്തിൽ നിറയുക,+ പറവകളും ഭൂമിയിൽ പെരുകട്ടെ.” 23 സന്ധ്യയായി, പ്രഭാതമായി; അഞ്ചാം ദിവസം.
24 “ഭൂമിയിൽ ജീവികൾ—വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഇഴജന്തുക്കളും*—തരംതരമായി+ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. അതുപോലെ സംഭവിച്ചു. 25 അങ്ങനെ ദൈവം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും തരംതരമായി ഉണ്ടാക്കി. അതു നല്ലതെന്നു ദൈവം കണ്ടു.
26 ദൈവം പറഞ്ഞു: “നമുക്കു+ നമ്മുടെ ഛായയിൽ,+ നമ്മുടെ സാദൃശ്യത്തിൽ+ മനുഷ്യനെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവജാതികളുടെ മേലും ആധിപത്യം നടത്തട്ടെ; വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളും* മുഴുഭൂമിയും അവർക്കു കീഴടങ്ങിയിരിക്കട്ടെ.”+ 27 അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 28 തുടർന്ന് അവരെ അനുഗ്രഹിച്ച് ദൈവം ഇങ്ങനെ കല്പിച്ചു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ്+ അതിനെ അടക്കിഭരിച്ച്+ കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവകളുടെ മേലും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളുടെ മേലും ആധിപത്യം നടത്തുക.”+
29 ദൈവം തുടർന്നു: “ഇതാ, വിത്തുള്ള ഫലം ഉത്പാദിപ്പിക്കുന്ന എല്ലാ മരങ്ങളും ഭൂമിയിലെങ്ങും കാണുന്ന വിത്തുള്ള എല്ലാ സസ്യങ്ങളും ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു! അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ.+ 30 ഭൂമിയിലുള്ള എല്ലാ വന്യമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിലെ എല്ലാ ജീവികൾക്കും ആഹാരമായി ഞാൻ പച്ചസസ്യമെല്ലാം കൊടുത്തിരിക്കുന്നു.”+ അങ്ങനെ സംഭവിച്ചു.
31 അതിനു ശേഷം, താൻ ഉണ്ടാക്കിയതെല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു+ കണ്ടു. സന്ധ്യയായി, പ്രഭാതമായി; ആറാം ദിവസം.
2 അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും* പൂർത്തിയായി.+ 2 ഏഴാം ദിവസമായപ്പോഴേക്കും ദൈവം ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി പൂർത്തിയാക്കി; ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവൃത്തിയും തീർത്ത് ഏഴാം ദിവസം ദൈവം വിശ്രമിക്കാൻതുടങ്ങി.+ 3 ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് അതിനെ വിശുദ്ധമായി പ്രഖ്യാപിച്ചു; കാരണം ഉദ്ദേശിച്ചവയെല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങി.
4 ദൈവമായ യഹോവ* ആകാശവും ഭൂമിയും ഉണ്ടാക്കിയ ദിവസം, അവ സൃഷ്ടിച്ച സമയത്ത്,+ അവ അസ്തിത്വത്തിൽ വന്നതിന്റെ ഒരു ചരിത്രവിവരണമാണ് ഇത്.
5 ഭൂമിയിൽ കുറ്റിച്ചെടികളൊന്നും അതുവരെയുണ്ടായിരുന്നില്ല, വയലിൽ സസ്യലതാദികളും മുളച്ചിരുന്നില്ല. കാരണം ദൈവമായ യഹോവ ഭൂമിയിൽ മഴ പെയ്യിച്ചിട്ടില്ലായിരുന്നു; നിലത്ത് കൃഷി ചെയ്യാൻ മനുഷ്യനുമുണ്ടായിരുന്നില്ല. 6 ഭൂമിയിൽനിന്ന് പൊങ്ങുന്ന മൂടൽമഞ്ഞാണു ഭൂമി മുഴുവൻ നനച്ചിരുന്നത്.
7 ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട്+ മനുഷ്യനെ നിർമിച്ചിട്ട് അവന്റെ മൂക്കിലേക്കു ജീവശ്വാസം+ ഊതി; മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു.*+ 8 കൂടാതെ യഹോവ കിഴക്ക് ഏദെനിൽ+ ഒരു തോട്ടം നട്ടുണ്ടാക്കി, താൻ നിർമിച്ച മനുഷ്യനെ+ അവിടെ ആക്കി. 9 കാഴ്ചയ്ക്കു മനോഹരവും ഭക്ഷ്യയോഗ്യവും ആയ എല്ലാ മരങ്ങളും യഹോവ നിലത്ത് മുളപ്പിച്ചു; തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും+ ശരിതെറ്റുകളെക്കുറിച്ചുള്ള* അറിവിന്റെ വൃക്ഷവും+ മുളപ്പിച്ചു.
10 തോട്ടം നനയ്ക്കാൻ ഏദെനിൽനിന്ന് ഒരു നദി പുറപ്പെട്ടിരുന്നു; അവിടെനിന്ന് അതു നാലു നദികളായി പിരിഞ്ഞു. 11 ഒന്നാം നദിയുടെ പേര് പീശോൻ. അതാണു ഹവീല ദേശമെല്ലാം ചുറ്റിയൊഴുകുന്നത്; അവിടെ സ്വർണമുണ്ട്. 12 ആ ദേശത്തെ സ്വർണം മേത്തരമാണ്. സുഗന്ധപ്പശയും നഖവർണിക്കല്ലും അവിടെയുണ്ട്. 13 രണ്ടാം നദിയുടെ പേര് ഗീഹോൻ. അതാണു കൂശ് ദേശമെല്ലാം ചുറ്റിയൊഴുകുന്നത്. 14 മൂന്നാം നദിയുടെ പേര് ഹിദ്ദേക്കൽ.*+ അതാണ് അസീറിയയ്ക്കു+ കിഴക്കോട്ട് ഒഴുകുന്നത്. നാലാം നദി യൂഫ്രട്ടീസ്.+
15 ഏദെൻ തോട്ടത്തിൽ കൃഷി ചെയ്യേണ്ടതിനും അതിനെ പരിപാലിക്കേണ്ടതിനും ദൈവമായ യഹോവ മനുഷ്യനെ അവിടെയാക്കി.+ 16 യഹോവ മനുഷ്യനോട് ഇങ്ങനെ കല്പിക്കുകയും ചെയ്തു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്തിയാകുവോളം നിനക്കു തിന്നാം.+ 17 എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് തിന്നരുത്, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.”+
18 പിന്നെ, ദൈവമായ യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായി കഴിയുന്നതു നല്ലതല്ല. ഞാൻ അവനു പൂരകമായി ഒരു സഹായിയെ ഉണ്ടാക്കിക്കൊടുക്കും.”+ 19 യഹോവ ഭൂമിയിലെ എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്ന് നിർമിച്ചിട്ട് അവയെ ഓരോന്നിനെയും മനുഷ്യൻ എന്തു വിളിക്കുമെന്ന് അറിയാൻ അവന്റെ അടുത്ത് കൊണ്ടുവന്നു. ഓരോ ജീവിയെയും മനുഷ്യൻ എന്തു വിളിച്ചോ അത് അതിനു പേരായിത്തീർന്നു.+ 20 അങ്ങനെ മനുഷ്യൻ എല്ലാ വളർത്തുമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും എല്ലാ വന്യമൃഗങ്ങൾക്കും പേരിട്ടു. എന്നാൽ മനുഷ്യനു യോജിച്ച ഒരു തുണയെ കണ്ടില്ല. 21 അതുകൊണ്ട് യഹോവ മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങുമ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തശേഷം അവിടത്തെ മുറിവ് അടച്ചു. 22 പിന്നെ യഹോവ മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി അവളെ മനുഷ്യന്റെ അടുത്ത് കൊണ്ടുവന്നു.+
23 അപ്പോൾ മനുഷ്യൻ പറഞ്ഞു:
“ഒടുവിൽ ഇതാ, എൻ അസ്ഥിയിൻ അസ്ഥിയും
മാംസത്തിൻ മാംസവും.
നരനിൽനിന്നെടുത്തോരിവൾക്കു+
നാരി എന്നു പേരാകും.”
24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും;* അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.+ 25 പുരുഷനും ഭാര്യയും നഗ്നരായിരുന്നു,+ എങ്കിലും അവർക്കു നാണം തോന്നിയിരുന്നില്ല.
3 ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാക്കിയ എല്ലാ വന്യജീവികളിലുംവെച്ച് ഏറ്റവും ജാഗ്രതയുള്ളതായിരുന്നു* സർപ്പം.+ അതു സ്ത്രീയോട്, “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ”+ എന്നു ചോദിച്ചു. 2 അതിനു സ്ത്രീ സർപ്പത്തോട്: “തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം.+ 3 എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ+ പഴത്തെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘നിങ്ങൾ അതിൽനിന്ന് തിന്നരുത്, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും.’” 4 അപ്പോൾ സർപ്പം സ്ത്രീയോടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്!+ 5 അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.”+
6 അങ്ങനെ, ആ മരം കാഴ്ചയ്ക്കു മനോഹരവും അതിലെ പഴം തിന്നാൻ നല്ലതും ആണെന്നു സ്ത്രീ കണ്ടു. അതെ, ആ മരം കാണാൻ നല്ല ഭംഗിയായിരുന്നു. സ്ത്രീ അതിന്റെ പഴം പറിച്ച് തിന്നു.+ പിന്നീട്, ഭർത്താവിനോടുകൂടെയായിരുന്നപ്പോൾ ഭർത്താവിനും കുറച്ച് കൊടുത്തു; ഭർത്താവും തിന്നു.+ 7 അപ്പോൾ ഇരുവരുടെയും കണ്ണുകൾ തുറന്നു, അവർ നഗ്നരാണെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ട് അവർ അത്തിയിലകൾ കൂട്ടിത്തുന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.+
8 പിന്നീട് ഇളങ്കാറ്റു വീശുന്ന സമയത്ത്, ദൈവമായ യഹോവ തോട്ടത്തിലൂടെ നടക്കുന്ന ശബ്ദം കേട്ടപ്പോൾ മനുഷ്യനും ഭാര്യയും യഹോവയുടെ മുന്നിൽപ്പെടാതെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു. 9 ദൈവമായ യഹോവ മനുഷ്യനെ വിളിച്ച്, “നീ എവിടെയാണ്” എന്നു പല തവണ ചോദിച്ചു. 10 ഒടുവിൽ മനുഷ്യൻ പറഞ്ഞു: “ഞാൻ തോട്ടത്തിൽ അങ്ങയുടെ ശബ്ദം കേട്ടു. പക്ഷേ, നഗ്നനായതുകൊണ്ട് പേടിച്ച് ഒളിച്ചിരിക്കുകയാണ്.” 11 അപ്പോൾ ദൈവം ചോദിച്ചു: “നീ നഗ്നനാണെന്നു+ നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാൻ കല്പിച്ച മരത്തിൽനിന്ന് നീ തിന്നോ?”+ 12 അതിനു മനുഷ്യൻ, “എന്റെകൂടെ കഴിയാൻ അങ്ങ് തന്ന സ്ത്രീ ആ മരത്തിലെ പഴം തന്നു, അതുകൊണ്ട് ഞാൻ തിന്നു” എന്നു പറഞ്ഞു. 13 ദൈവമായ യഹോവ സ്ത്രീയോട്, “നീ എന്താണ് ഈ ചെയ്തത്” എന്നു ചോദിച്ചു. “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി”+ എന്നു സ്ത്രീ പറഞ്ഞു.
14 അപ്പോൾ, ദൈവമായ യഹോവ സർപ്പത്തോടു+ പറഞ്ഞു: “ഇങ്ങനെ ചെയ്തതുകൊണ്ട് നീ എല്ലാ വളർത്തുമൃഗങ്ങളിലും എല്ലാ വന്യജീവികളിലും വെച്ച് ശപിക്കപ്പെട്ടതായിരിക്കും. നീ ഉദരംകൊണ്ട് ഇഴഞ്ഞുനടക്കും; ജീവിതകാലം മുഴുവൻ പൊടി തിന്നും. 15 മാത്രമല്ല ഞാൻ നിനക്കും+ സ്ത്രീക്കും+ തമ്മിലും നിന്റെ സന്തതിക്കും*+ അവളുടെ സന്തതിക്കും*+ തമ്മിലും ശത്രുത+ ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും;+ നീ അവന്റെ ഉപ്പൂറ്റി ചതയ്ക്കും.”+
16 സ്ത്രീയോടു ദൈവം പറഞ്ഞു: “നിന്റെ ഗർഭകാലത്തെ വേദനകൾ ഞാൻ അങ്ങേയറ്റം വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ മോഹം നിന്റെ ഭർത്താവിനോടായിരിക്കും; അവൻ നിന്നെ ഭരിക്കും.”
17 ആദാമിനോടു* ദൈവം പറഞ്ഞു: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ നിന്നോടു കല്പിച്ച+ മരത്തിൽനിന്ന് തിന്നുകയും ചെയ്തതുകൊണ്ട് നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.+ നിന്റെ ജീവിതകാലം മുഴുവൻ വേദനയോടെ+ നീ അതിന്റെ വിളവ് തിന്നും. 18 അതു നിനക്കു മുൾച്ചെടിയും ഞെരിഞ്ഞിലും മുളപ്പിക്കും. നിലത്തെ സസ്യങ്ങൾ നിന്റെ ആഹാരമായിരിക്കും. 19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+
20 അതിനു ശേഷം ആദാം ഭാര്യക്കു ഹവ്വ* എന്നു പേരിട്ടു. കാരണം ഹവ്വ ജീവനുള്ള എല്ലാവരുടെയും അമ്മയാകുമായിരുന്നു.+ 21 ആദാമിനും ഭാര്യക്കും ധരിക്കാൻ ദൈവമായ യഹോവ തോലുകൊണ്ട് ഇറക്കമുള്ള വസ്ത്രങ്ങൾ+ ഉണ്ടാക്കിക്കൊടുത്തു. 22 പിന്നെ, ദൈവമായ യഹോവ പറഞ്ഞു: “ഇതാ, ശരിയും തെറ്റും അറിയുന്നതിൽ മനുഷ്യൻ നമ്മളിൽ ഒരാളെപ്പോലെയായിരിക്കുന്നു.+ ഇനി, അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ+ പഴവും പറിച്ച് തിന്ന് എന്നെന്നും ജീവിക്കാതിരിക്കേണ്ടതിന്...” 23 അങ്ങനെ അവനെ എടുത്ത നിലത്ത്+ കൃഷി ചെയ്യേണ്ടതിനു ദൈവമായ യഹോവ മനുഷ്യനെ ഏദെൻ തോട്ടത്തിൽനിന്ന്+ പുറത്താക്കി. 24 മനുഷ്യനെ ഇറക്കിവിട്ടശേഷം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലിക്കുന്ന വായ്ത്തലയുള്ള, കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാളും സ്ഥാപിച്ചു.
4 ആദാം തന്റെ ഭാര്യ ഹവ്വയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അവൾ ഗർഭിണിയായി+ കയീനെ+ പ്രസവിച്ചു. “യഹോവയുടെ സഹായത്താൽ ഞാൻ ഒരു ആൺകുഞ്ഞിനു ജന്മം നൽകി” എന്നു ഹവ്വ പറഞ്ഞു. 2 പിന്നീട് ഹവ്വ കയീന്റെ അനിയനായ ഹാബേലിനെ+ പ്രസവിച്ചു.
ഹാബേൽ ആട്ടിടയനും കയീൻ കർഷകനും ആയി. 3 കുറച്ച് കാലം കഴിഞ്ഞ് കയീൻ കൃഷിയിടത്തിലെ വിളവുകളിൽ ചിലത് യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു. 4 ഹാബേലാകട്ടെ തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽ+ ചിലതിനെ അവയുടെ കൊഴുപ്പോടുകൂടെ കൊണ്ടുവന്നു. യഹോവ ഹാബേലിലും ഹാബേലിന്റെ യാഗത്തിലും പ്രസാദിച്ചു.+ 5 എന്നാൽ കയീനിലും കയീന്റെ യാഗത്തിലും പ്രസാദിച്ചില്ല. അപ്പോൾ കയീനു വല്ലാതെ കോപം തോന്നി; കയീന്റെ മുഖം വാടി. 6 യഹോവ കയീനോടു ചോദിച്ചു: “നീ ഇത്ര കോപിക്കുന്നതും നിന്റെ മുഖം വാടുന്നതും എന്തിന്? 7 നീ നല്ലതു ചെയ്യാൻ മനസ്സുവെച്ചാൽ നിനക്കു വീണ്ടും പ്രീതി ലഭിക്കില്ലേ? എന്നാൽ നീ നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ പതിയിരിക്കുന്നു. നിന്നെ കീഴ്പെടുത്താൻ അതു തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ നീ അതിനെ കീഴടക്കണം.”
8 പിന്നീട് കയീൻ അനിയനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിലായിരുന്നപ്പോൾ കയീൻ അനിയനായ ഹാബേലിനെ ആക്രമിച്ച് കൊലപ്പെടുത്തി.+ 9 പിന്നീട് യഹോവ കയീനോട്, “നിന്റെ അനിയൻ ഹാബേൽ എവിടെ” എന്നു ചോദിച്ചു. അതിനു കയീൻ, “എനിക്ക് അറിയില്ല, ഞാൻ എന്താ എന്റെ അനിയന്റെ കാവൽക്കാരനാണോ” എന്നു ചോദിച്ചു. 10 അപ്പോൾ ദൈവം, “നീ എന്താണ് ഈ ചെയ്തത്” എന്നു കയീനോടു ചോദിച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു.+ 11 ഇപ്പോൾ നീ ശപിക്കപ്പെട്ടവനാണ്. നീ ചൊരിഞ്ഞ നിന്റെ അനിയന്റെ രക്തം കുടിക്കാൻ വായ് തുറന്ന ഈ മണ്ണിൽനിന്ന് നിന്നെ നാടുകടത്തിയിരിക്കുന്നു.+ 12 നീ കൃഷി ചെയ്യുമ്പോൾ നിലം അതിന്റെ വിളവ്* തരില്ല. നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവനും അഭയാർഥിയും ആയിരിക്കും.” 13 അപ്പോൾ കയീൻ യഹോവയോടു പറഞ്ഞു: “എന്റെ തെറ്റിനുള്ള ശിക്ഷ താങ്ങാവുന്നതിലും അധികമാണ്. 14 ഇന്ന് ഇതാ, അങ്ങ് എന്നെ ഈ ദേശത്തുനിന്ന് പുറത്താക്കുന്നു. ഇനിമേൽ ഞാൻ അങ്ങയുടെ കണ്ണിനു മറഞ്ഞിരിക്കും. ഭൂമിയിൽ അലഞ്ഞുതിരിയുന്ന ഒരു അഭയാർഥിയായിരിക്കും ഞാൻ. എന്നെ കാണുന്നവർ എന്നെ കൊല്ലുമെന്ന് ഉറപ്പാണ്.” 15 അതിന് യഹോവ കയീനോട്, “അങ്ങനെയെങ്കിൽ, കയീനെ കൊല്ലുന്നവൻ ഏഴ് ഇരട്ടി പ്രതികാരത്തിന് അർഹനാകും” എന്നു പറഞ്ഞു.
അതുകൊണ്ട്, ആരും കയീനെ ദ്രോഹിക്കാതിരിക്കേണ്ടതിന് യഹോവ ഒരു അടയാളം നൽകി.* 16 അങ്ങനെ കയീൻ യഹോവയുടെ മുന്നിൽനിന്ന് പുറപ്പെട്ട് ഏദെനു+ കിഴക്ക് നോദ്* ദേശത്ത് ചെന്ന് താമസിച്ചു.
17 അതിനു ശേഷം കയീൻ ഭാര്യയുമായി+ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അവൾ ഗർഭിണിയായി ഹാനോക്കിനെ പ്രസവിച്ചു. പിന്നീട് കയീൻ ഒരു നഗരം പണിയാൻതുടങ്ങി. അതിനു തന്റെ മകനായ ഹാനോക്കിന്റെ പേര് നൽകി. 18 പിന്നീട് ഹാനോക്കിന് ഈരാദ് ജനിച്ചു. ഈരാദിനു മെഹൂയയേൽ ജനിച്ചു. മെഹൂയയേലിനു മെഥൂശയേൽ ജനിച്ചു. മെഥൂശയേലിനു ലാമെക്ക് ജനിച്ചു.
19 ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. ഒന്നാമത്തേവളുടെ പേര് ആദ, രണ്ടാമത്തേവൾ സില്ല. 20 ആദ യാബാലിനെ പ്രസവിച്ചു. യാബാൽ കൂടാരവാസികൾക്കും മൃഗങ്ങളെ വളർത്തുന്നവർക്കും പിതാവായിത്തീർന്നു. 21 യാബാലിന്റെ സഹോദരന്റെ പേര് യൂബാൽ. യൂബാൽ കിന്നരം വായിക്കുന്നവരുടെയും കുഴൽ ഊതുന്നവരുടെയും പിതാവായിത്തീർന്നു. 22 സില്ല തൂബൽ-കയീനെ പ്രസവിച്ചു. തൂബൽ-കയീൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള എല്ലാ തരം ആയുധങ്ങളും നിർമിച്ചു. തൂബൽ-കയീന്റെ പെങ്ങൾ നയമ. 23 ഭാര്യമാരായ ആദയ്ക്കും സില്ലയ്ക്കും വേണ്ടി ലാമെക്ക് ഈ വരികൾ രചിച്ചു:
“ലാമെക്കിൻ ഭാര്യമാരേ, കേൾക്കുവിൻ;
എന്റെ പാട്ടിനു ചെവി തരുവിൻ:
എന്നെ മുറിവേൽപ്പിച്ച മനുഷ്യനെ ഞാൻ കൊന്നു,
എന്നെ പ്രഹരിച്ച യുവാവിനെ ഞാൻ ഇല്ലാതാക്കി.
25 ആദാം ഭാര്യയുമായി വീണ്ടും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ ഹവ്വ ഒരു മകനെ പ്രസവിച്ചു; അവനു ശേത്ത്*+ എന്നു പേരിട്ടു. കാരണം ഹവ്വ പറഞ്ഞു: “കയീൻ ഹാബേലിനെ കൊന്നതുകൊണ്ട്+ ഹാബേലിന്റെ സ്ഥാനത്ത് ദൈവം മറ്റൊരു സന്തതിയെ* എനിക്കുവേണ്ടി നിയമിച്ചിരിക്കുന്നു.” 26 പിന്നീട് ശേത്തിനും ഒരു മകൻ ജനിച്ചു. ശേത്ത് അവന് എനോശ്+ എന്നു പേരിട്ടു. അക്കാലത്ത് ആളുകൾ യഹോവയുടെ പേര് വിളിച്ചുതുടങ്ങി.*
5 ആദാമിന്റെ ചരിത്രം: ആദാമിനെ സൃഷ്ടിച്ച ദിവസം ദൈവം തന്റെ സാദൃശ്യത്തിൽ+ ആദാമിനെ നിർമിച്ചു. 2 ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ അവരെ സൃഷ്ടിച്ച+ ദിവസം അവരെ അനുഗ്രഹിച്ച്, ദൈവം അവർക്കു മനുഷ്യൻ* എന്ന പേര് നൽകി.
3 130 വയസ്സായപ്പോൾ ആദാമിനു സ്വന്തം ഛായയിൽ ഒരു മകൻ ജനിച്ചു, ആദാമിന്റെ തനിപ്പകർപ്പായിരുന്നു അവൻ. ആദാം അവനു ശേത്ത്+ എന്നു പേരിട്ടു. 4 ശേത്ത് ജനിച്ചശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു. ആദാമിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 5 ആദാം ആകെ 930 വർഷം ജീവിച്ചു. പിന്നെ ആദാം മരിച്ചു.+
6 ശേത്തിന് 105 വയസ്സായപ്പോൾ എനോശ്+ ജനിച്ചു. 7 എനോശ് ജനിച്ചശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു. ശേത്തിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 8 ശേത്ത് ആകെ 912 വർഷം ജീവിച്ചു. പിന്നെ ശേത്ത് മരിച്ചു.
9 എനോശിന് 90 വയസ്സായപ്പോൾ കേനാൻ ജനിച്ചു. 10 കേനാൻ ജനിച്ചശേഷം എനോശ് 815 വർഷം ജീവിച്ചിരുന്നു. എനോശിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 11 എനോശ് ആകെ 905 വർഷം ജീവിച്ചു. പിന്നെ എനോശ് മരിച്ചു.
12 കേനാന് 70 വയസ്സായപ്പോൾ മഹലലേൽ+ ജനിച്ചു. 13 മഹലലേൽ ജനിച്ചശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു. കേനാനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 14 കേനാൻ ആകെ 910 വർഷം ജീവിച്ചു. പിന്നെ കേനാൻ മരിച്ചു.
15 മഹലലേലിന് 65 വയസ്സായപ്പോൾ യാരെദ്+ ജനിച്ചു. 16 യാരെദ് ജനിച്ചശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു. മഹലലേലിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 17 മഹലലേൽ ആകെ 895 വർഷം ജീവിച്ചു. പിന്നെ മഹലലേൽ മരിച്ചു.
18 യാരെദിന് 162 വയസ്സായപ്പോൾ ഹാനോക്ക്+ ജനിച്ചു. 19 ഹാനോക്ക് ജനിച്ചശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു. യാരെദിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 20 യാരെദ് ആകെ 962 വർഷം ജീവിച്ചു. പിന്നെ യാരെദ് മരിച്ചു.
21 ഹാനോക്കിന് 65 വയസ്സായപ്പോൾ മെഥൂശലഹ്+ ജനിച്ചു. 22 മെഥൂശലഹ് ജനിച്ചശേഷം ഹാനോക്ക് 300 വർഷംകൂടെ സത്യദൈവത്തോടൊപ്പം* നടന്നു. ഹാനോക്കിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 23 ഹാനോക്ക് ആകെ 365 വർഷം ജീവിച്ചു. 24 ഹാനോക്ക് സത്യദൈവത്തിന്റെകൂടെ നടന്നു.+ ദൈവം ഹാനോക്കിനെ എടുത്തതുകൊണ്ട്+ പിന്നെ ആരും ഹാനോക്കിനെ കണ്ടിട്ടില്ല.
25 മെഥൂശലഹിന് 187 വയസ്സായപ്പോൾ ലാമെക്ക്+ ജനിച്ചു. 26 ലാമെക്ക് ജനിച്ചശേഷം മെഥൂശലഹ് 782 വർഷം ജീവിച്ചിരുന്നു. മെഥൂശലഹിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 27 മെഥൂശലഹ് ആകെ 969 വർഷം ജീവിച്ചു. പിന്നെ മെഥൂശലഹ് മരിച്ചു.
28 ലാമെക്കിന് 182 വയസ്സായപ്പോൾ ഒരു മകൻ ജനിച്ചു. 29 “യഹോവ ശപിച്ച+ ഈ ഭൂമിയിൽ നമുക്കു ചെയ്യേണ്ടിവരുന്ന പണികളിൽനിന്നും നമ്മുടെ കൈകളുടെ കഠിനാധ്വാനത്തിൽനിന്നും ഇവൻ നമുക്ക് ആശ്വാസം തരും” എന്നു പറഞ്ഞ് ലാമെക്ക് മകനു നോഹ*+ എന്നു പേരിട്ടു. 30 നോഹ ജനിച്ചശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു. ലാമെക്കിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു. 31 ലാമെക്ക് ആകെ 777 വർഷം ജീവിച്ചു. പിന്നെ ലാമെക്ക് മരിച്ചു.
32 നോഹയ്ക്ക് 500 വയസ്സായപ്പോൾ ശേം,+ ഹാം,+ യാഫെത്ത്+ എന്നിവർ ജനിച്ചു.
6 മനുഷ്യർ ഭൂമിയിലെങ്ങും പെരുകുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ 2 മനുഷ്യരുടെ പുത്രിമാർ സുന്ദരികളാണെന്ന കാര്യം സത്യദൈവത്തിന്റെ പുത്രന്മാർ*+ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെട്ടവരെയെല്ലാം അവർ ഭാര്യമാരാക്കി. 3 അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ആത്മാവ് എല്ലാ കാലവും മനുഷ്യനെ സഹിക്കില്ല.+ അവൻ വെറും ജഡമാണ്.* അതുകൊണ്ടുതന്നെ, അവന്റെ നാളുകൾ 120 വർഷമാകും.”+
4 അക്കാലത്തും അതിനു ശേഷവും ഭൂമിയിൽ നെഫിലിമുകൾ* ഉണ്ടായിരുന്നു. ആ സമയത്തെല്ലാം സത്യദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെടുകയും ആ സ്ത്രീകൾ പുത്രന്മാരെ പ്രസവിക്കുകയും ചെയ്തു. ഇവരായിരുന്നു പുരാതനകാലത്തെ ശക്തന്മാർ, കീർത്തികേട്ട പുരുഷന്മാർ.
5 അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു. 6 ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതു കാരണം യഹോവ ഖേദിച്ചു;* ദൈവത്തിന്റെ ഹൃദയത്തിനു ദുഃഖമായി.+ 7 അതുകൊണ്ട് യഹോവ പറഞ്ഞു: “ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻപോകുകയാണ്. മനുഷ്യനെ മാത്രമല്ല, വളർത്തുമൃഗങ്ങളെയും ഭൂമിയിൽ കാണുന്ന മറ്റു ജീവികളെയും ആകാശത്തിലെ പറവകളെയും ഞാൻ തുടച്ചുനീക്കും. കാരണം, അവയെ ഉണ്ടാക്കിയതിൽ ഞാൻ ഖേദിക്കുന്നു.” 8 എന്നാൽ നോഹയ്ക്ക് യഹോവയുടെ പ്രീതി ലഭിച്ചു.
9 നോഹയുടെ ജീവചരിത്രം ഇതാണ്.
നോഹ നീതിമാനും+ തന്റെ തലമുറയിൽ കുറ്റമറ്റവനും ആയിരുന്നു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.+ 10 നോഹയ്ക്കു മൂന്നു പുത്രന്മാർ ജനിച്ചു: ശേം, ഹാം, യാഫെത്ത്.+ 11 എന്നാൽ സത്യദൈവം നോക്കിയപ്പോൾ ഭൂമി ദുഷിച്ചിരിക്കുന്നതായി കണ്ടു; അത് അക്രമംകൊണ്ട് നിറഞ്ഞിരുന്നു. 12 അതെ, ദൈവം ഭൂമിയെ നോക്കി, അത് അധഃപതിച്ചതായി+ കണ്ടു. ഭൂമിയിലെ ആളുകളുടെയെല്ലാം* വഴികൾ ദുഷിച്ചതായിരുന്നു.+
13 അതിനു ശേഷം ദൈവം നോഹയോടു പറഞ്ഞു: “എല്ലാ ആളുകളെയും നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. കാരണം അവരുടെ അക്രമംകൊണ്ട് ഭൂമി നിറഞ്ഞു. അതുകൊണ്ട് ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.+ 14 പശയുള്ള മേത്തരം തടികൊണ്ട് നിനക്കായി ഒരു പെട്ടകം* പണിയുക.+ അതിൽ നീ അറകൾ ഉണ്ടാക്കണം; പെട്ടകത്തിന്റെ അകത്തും പുറത്തും ടാർ*+ തേക്കണം. 15 നീ അത് ഇങ്ങനെ ഉണ്ടാക്കണം: പെട്ടകത്തിന്റെ നീളം 300 മുഴവും* വീതി 50 മുഴവും ഉയരം 30 മുഴവും ആയിരിക്കണം. 16 പെട്ടകത്തിൽ വെളിച്ചം കടക്കാൻ മുകളിൽനിന്ന് ഒരു മുഴം ജനലായി* വിടണം. വാതിൽ പെട്ടകത്തിന്റെ ഒരു വശത്ത് വെക്കണം.+ പെട്ടകത്തിനു മൂന്നു തട്ടുകളുണ്ടായിരിക്കണം—താഴെ ഒന്ന്, അതിനു മുകളിൽ ഒന്ന്, ഏറ്റവും മുകളിൽ മറ്റൊന്ന്.
17 “ആകാശത്തിൻകീഴിൽ ജീവശ്വാസമുള്ള എല്ലാത്തിനും സമ്പൂർണനാശം വരുത്താൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം+ കൊണ്ടുവരാൻപോകുന്നു. ഭൂമിയിലുള്ളതെല്ലാം നശിക്കും.+ 18 എന്നാൽ നിന്നോടു ഞാൻ എന്റെ ഉടമ്പടി ചെയ്യുന്നു. നീ പെട്ടകത്തിൽ പ്രവേശിക്കണം. നീയും നിന്റെ ആൺമക്കളും നിന്റെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും അതിൽ കടക്കണം.+ 19 എല്ലാ തരം ജീവികളിൽനിന്നും+ രണ്ടെണ്ണത്തെ വീതം—ഒരു ആണിനെയും ഒരു പെണ്ണിനെയും+—നീ പെട്ടകത്തിൽ കയറ്റണം; അവയെയും ഞാൻ നിന്നോടൊപ്പം ജീവനോടെ രക്ഷിക്കും. 20 ജീവനോടെ ശേഷിക്കേണ്ടതിന്, പറവകളിൽനിന്നും വളർത്തുമൃഗങ്ങളിൽനിന്നും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളിൽനിന്നും തരംതരമായി രണ്ടു വീതം നിന്റെ അടുത്ത് പെട്ടകത്തിൽ വരും.+ 21 നീ നിനക്കും മൃഗങ്ങൾക്കും വേണ്ടി എല്ലാ തരം ഭക്ഷണവും+ ശേഖരിച്ച് കൂടെക്കരുതണം.”
22 ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു; അങ്ങനെതന്നെ ചെയ്തു.+
7 അതിനു ശേഷം യഹോവ നോഹയോടു പറഞ്ഞു: “നീയും നിന്റെ വീട്ടിലുള്ള എല്ലാവരും പെട്ടകത്തിൽ കയറുക. കാരണം, ഈ തലമുറയിൽ ഞാൻ നിന്നെ നീതിമാനായി+ കണ്ടിരിക്കുന്നു. 2 വംശം അറ്റുപോകാതെ ഭൂമിയിലെങ്ങും പെരുകേണ്ടതിന്,+ ആണും പെണ്ണും ആയി ശുദ്ധിയുള്ള എല്ലാ തരം മൃഗങ്ങളിൽനിന്നും ഏഴു വീതവും*+ ശുദ്ധിയില്ലാത്ത എല്ലാ മൃഗങ്ങളിൽനിന്നും ആണും പെണ്ണും ആയി രണ്ടു വീതവും 3 ആകാശത്തിലെ പറവകളിൽനിന്ന് ആണും പെണ്ണും ആയി ഏഴു വീതവും* നീ പെട്ടകത്തിൽ കയറ്റണം. 4 ഇനി വെറും ഏഴു ദിവസം! പിന്നെ ഞാൻ 40 പകലും 40 രാത്രിയും+ ഭൂമിയിൽ മഴ+ പെയ്യിക്കുകയും ഞാൻ ഉണ്ടാക്കിയ എല്ലാ ജീവികളെയും ഭൂമിയിൽനിന്ന് തുടച്ചുനീക്കുകയും ചെയ്യും.”+ 5 യഹോവ കല്പിച്ചതെല്ലാം നോഹ ചെയ്തു.
6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു.+ 7 നോഹയും ആൺമക്കളും നോഹയുടെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും ജലപ്രളയത്തിനു മുമ്പ് പെട്ടകത്തിൽ കയറി.+ 8 ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത എല്ലാ മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളിൽനിന്നും+ ഉള്ളവ 9 ആണും പെണ്ണും ആയി പെട്ടകത്തിൽ നോഹയുടെ അടുത്ത് ചെന്നു. ദൈവം നോഹയോടു കല്പിച്ചിരുന്നതുപോലെതന്നെ ജോടിയായി അവ ചെന്നു. 10 ഏഴു ദിവസത്തിനു ശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
11 നോഹയുടെ ആയുസ്സിന്റെ 600-ാം വർഷം രണ്ടാം മാസം 17-ാം ദിവസം ആകാശത്തിലെ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ പ്രളയവാതിലുകളും തുറന്നു.+ 12 ഭൂമിയിൽ 40 പകലും 40 രാത്രിയും ശക്തിയായി മഴ പെയ്തു. 13 അന്നേ ദിവസം നോഹ പെട്ടകത്തിൽ കയറി. നോഹയോടൊപ്പം ആൺമക്കളായ ശേം, ഹാം, യാഫെത്ത്+ എന്നിവരും നോഹയുടെ ഭാര്യയും ആൺമക്കളുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കയറി.+ 14 എല്ലാ വന്യമൃഗങ്ങളും എല്ലാ വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളും എല്ലാ പറവകളും തരംതരമായി അവരോടൊപ്പം കയറി; എല്ലാ പക്ഷികളും ചിറകുള്ള എല്ലാ ജീവികളും കയറി. 15 ജീവശ്വാസമുള്ള* എല്ലാ തരം ജഡവും* ഈരണ്ടായി പെട്ടകത്തിനുള്ളിൽ നോഹയുടെ അടുത്ത് ചെന്നുകൊണ്ടിരുന്നു. 16 അങ്ങനെ ദൈവം കല്പിച്ചതുപോലെ എല്ലാ തരം ജഡവും ആണും പെണ്ണും ആയി അകത്ത് കടന്നു. അതിനു ശേഷം യഹോവ വാതിൽ അടച്ചു.
17 ഭൂമിയിൽ 40 ദിവസം പെരുമഴ പെയ്തു; വെള്ളം ഉയർന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് പെട്ടകവും നിലത്തുനിന്ന് ഉയർന്ന് വെള്ളത്തിൽ ഒഴുകിനടന്നു. 18 വെള്ളം ഭൂമിയെ മൂടി, അതു പിന്നെയുംപിന്നെയും കൂടിക്കൊണ്ടിരുന്നു. എന്നാൽ, പെട്ടകം വെള്ളത്തിൽ ഒഴുകിനടന്നു. 19 വെള്ളം ഭൂമിയിൽ കൂടിക്കൂടിവന്നു. ആകാശത്തിൻകീഴിലുള്ള ഉയർന്ന പർവതങ്ങളൊക്കെ വെള്ളത്തിന് അടിയിലായി.+ 20 പർവതങ്ങൾക്കു മീതെ 15 മുഴംവരെ* വെള്ളം ഉയർന്നു.
21 അങ്ങനെ, ഭൂമിയിലുള്ള എല്ലാ ജീവികളും* നശിച്ചു.+ പറവകളും വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും കൂട്ടമായി കാണുന്ന ചെറുജീവികളും മനുഷ്യരും ഉൾപ്പെടെ എല്ലാം ചത്തൊടുങ്ങി.+ 22 കരയിലുള്ളതെല്ലാം, മൂക്കിൽ ജീവശ്വാസമുള്ളതൊക്കെ,+ നശിച്ചു. 23 മനുഷ്യനും മൃഗങ്ങളും ഭൂമിയിലുള്ള മറ്റു ജന്തുക്കളും ആകാശത്തിലെ പറവകളും ഉൾപ്പെടെ ജീവനുള്ള എല്ലാത്തിനെയും ദൈവം ഭൂമിയിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. അവയെയെല്ലാം ഭൂമിയിൽനിന്ന് തുടച്ചുനീക്കി.+ നോഹയും നോഹയുടെകൂടെ പെട്ടകത്തിലുള്ളവരും മാത്രം രക്ഷപ്പെട്ടു.+ 24 വെള്ളം 150 ദിവസം ഭൂമിയെ മൂടിനിന്നു.+
8 പിന്നെ ദൈവം നോഹയെയും നോഹയോടൊപ്പം പെട്ടകത്തിലുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഓർത്തു.+ ദൈവം ഭൂമിയിൽ ഒരു കാറ്റ് അടിപ്പിച്ചു, വെള്ളം ഇറങ്ങാൻതുടങ്ങി. 2 ആകാശത്തിലെ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ പ്രളയവാതിലുകളും ദൈവം അടച്ചു. അങ്ങനെ മഴ നിലച്ചു.+ 3 ഭൂമിയിൽനിന്ന് വെള്ളം ക്രമേണ ഇറങ്ങിത്തുടങ്ങി. 150-ാം ദിവസം അവസാനിച്ചപ്പോഴേക്കും വെള്ളം കുറഞ്ഞിരുന്നു. 4 ഏഴാം മാസം 17-ാം ദിവസം പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു. 5 പത്താം മാസംവരെ വെള്ളം പടിപടിയായി കുറഞ്ഞുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവതശിഖരങ്ങൾ ദൃശ്യമായി.+
6 നോഹ 40-ാം ദിവസത്തിന്റെ അവസാനം പെട്ടകത്തിന്റെ ജനൽ+ തുറന്നു. 7 എന്നിട്ട് ഒരു മലങ്കാക്കയെ പുറത്തേക്കു വിട്ടു. ഭൂമിയിൽ വെള്ളം വറ്റുന്നതുവരെ അതു പോകുകയും വരുകയും ചെയ്തുകൊണ്ടിരുന്നു.
8 പിന്നീട്, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയോ എന്ന് അറിയാൻ നോഹ ഒരു പ്രാവിനെ അയച്ചു. 9 ഭൂമിയുടെ ഉപരിതലം മുഴുവൻ അപ്പോഴും വെള്ളമുണ്ടായിരുന്നതിനാൽ+ ചെന്നിരിക്കാൻ ഇടമില്ലാതെ പ്രാവ് പെട്ടകത്തിൽ നോഹയുടെ അടുത്തേക്കു തിരിച്ചുവന്നു. നോഹ കൈ നീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ കയറ്റി. 10 പിന്നെയും ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു. 11 വൈകുന്നേരമായപ്പോഴേക്കും പ്രാവ് തിരിച്ചെത്തി. അതിന്റെ കൊക്കിൽ അതാ, ഒരു പച്ച ഒലിവില! അങ്ങനെ, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയെന്നു+ നോഹയ്ക്കു മനസ്സിലായി. 12 പിന്നെയും നോഹ ഏഴു ദിവസംകൂടി കാത്തിരുന്നു. അതിനു ശേഷം ആ പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. പക്ഷേ ഇത്തവണ അതു തിരിച്ചുവന്നില്ല.
13 അങ്ങനെ, 601-ാം വർഷം+ ഒന്നാം മാസം ഒന്നാം ദിവസമായപ്പോഴേക്കും ഭൂമിയിൽനിന്ന് വെള്ളം ഒഴുകിപ്പോയിരുന്നു; പെട്ടകത്തിന്റെ മുകൾഭാഗം നീക്കി അതിലൂടെ നോക്കിയപ്പോൾ ഭൂമി ഉണങ്ങുന്നതായി നോഹ കണ്ടു. 14 രണ്ടാം മാസം 27-ാം ദിവസമായപ്പോഴേക്കും ഭൂമി പൂർണമായും ഉണങ്ങിയിരുന്നു.
15 അപ്പോൾ ദൈവം നോഹയോടു പറഞ്ഞു: 16 “നീയും നിന്റെ ഭാര്യയും നിന്റെ ആൺമക്കളും ആൺമക്കളുടെ ഭാര്യമാരും+ പെട്ടകത്തിൽനിന്ന് പുറത്ത് കടക്കുക. 17 നിന്നോടൊപ്പം എല്ലാ ജീവികളെയും+—പറവകളെയും മൃഗങ്ങളെയും ഭൂമിയിൽ ജീവിക്കുന്ന എല്ലാത്തിനെയും—പുറത്ത് കൊണ്ടുവരുക; അവ ഭൂമിയിൽ വർധിച്ചുപെരുകട്ടെ.”+
18 അങ്ങനെ നോഹയും ആൺമക്കളും+ നോഹയുടെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും പുറത്ത് വന്നു. 19 എല്ലാ മൃഗങ്ങളും ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികളും എല്ലാ പറവകളും കരയിലെ എല്ലാ ജന്തുക്കളും തരംതരമായി പെട്ടകത്തിനു വെളിയിൽ വന്നു.+ 20 പിന്നെ നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.+ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും+ ശുദ്ധിയുള്ള എല്ലാ പറവകളിൽനിന്നും ചിലതിനെ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമായി അർപ്പിച്ചു.+ 21 അതിന്റെ പ്രസാദകരമായ* സുഗന്ധം യഹോവ ആസ്വദിച്ചു. അപ്പോൾ യഹോവ ഹൃദയത്തിൽ പറഞ്ഞു: “ഇനി ഒരിക്കലും ഞാൻ മനുഷ്യനെപ്രതി ഭൂമിയെ ശപിക്കില്ല.*+ കാരണം മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് ബാല്യംമുതൽ ദോഷത്തിലേക്കാണ്.+ ഈ ചെയ്തതുപോലെ ഇനി ഒരിക്കലും ഞാൻ ജീവികളെയെല്ലാം നശിപ്പിക്കില്ല.+ 22 ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ശൈത്യവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും ഉണ്ടായിരിക്കും;+ ഒരിക്കലും അവ നിലച്ചുപോകില്ല.”
9 ദൈവം നോഹയെയും മക്കളെയും അനുഗ്രഹിച്ച് അവരോടു പറഞ്ഞു: “സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുക.+ 2 ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ എല്ലാ പറവകളും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളും കടലിലെ എല്ലാ മത്സ്യങ്ങളും തുടർന്നും നിങ്ങളെ പേടിക്കും; അവ നിങ്ങളെ വല്ലാതെ ഭയപ്പെടും. അവയെ ഇതാ, നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.*+ 3 ഭൂമിയിൽ കാണുന്ന ജീവനുള്ള ജന്തുക്കളെല്ലാം നിങ്ങൾക്ക് ആഹാരമായിരിക്കും.+ പച്ചസസ്യം നിങ്ങൾക്ക് ആഹാരമായി തന്നതുപോലെ, അവയെയും ഞാൻ തരുന്നു.+ 4 എന്നാൽ അവയുടെ പ്രാണനായ രക്തത്തോടുകൂടെ+ നിങ്ങൾ മാംസം തിന്നരുത്.+ 5 നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും, ജീവനുള്ള സൃഷ്ടികളോടെല്ലാം ഞാൻ കണക്കു ചോദിക്കും. ഓരോ മനുഷ്യനോടും അവന്റെ സഹോദരന്റെ ജീവനു ഞാൻ കണക്കു ചോദിക്കും.+ 6 മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻതന്നെ ചൊരിയും.+ കാരണം ദൈവം സ്വന്തം ഛായയിലാണു മനുഷ്യനെ സൃഷ്ടിച്ചത്.+ 7 എന്നാൽ നിങ്ങൾ, സന്താനസമൃദ്ധിയുള്ളവരായി പെരുകുക. ഭൂമിയിൽ മനുഷ്യരുടെ എണ്ണം വർധിക്കട്ടെ.”+
8 പിന്നെ ദൈവം നോഹയോടും മക്കളോടും പറഞ്ഞു: 9 “ഇപ്പോൾ ഞാൻ നിങ്ങളോടും നിങ്ങൾക്കു ശേഷമുള്ള നിങ്ങളുടെ സന്തതികളോടും 10 നിങ്ങളോടുകൂടെയുള്ള പക്ഷികൾ, മൃഗങ്ങൾ എന്നിങ്ങനെ ജീവനുള്ള എല്ലാത്തിനോടും നിങ്ങളോടൊപ്പമുള്ള ഭൂമിയിലെ എല്ലാ ജീവികളോടും—പെട്ടകത്തിൽനിന്ന് പുറത്ത് വന്ന ഭൂമിയിലെ എല്ലാ ജീവജന്തുക്കളോടും+—ഒരു ഉടമ്പടി ചെയ്യുന്നു.+ 11 ഞാൻ നിങ്ങളോടു ചെയ്യുന്ന എന്റെ ഉടമ്പടി ഇതാണ്: ഇനി ഒരിക്കലും ജീവജന്തുക്കളെല്ലാം* ഒരു ജലപ്രളയത്താൽ നശിക്കില്ല. ഭൂമിയെ നശിപ്പിക്കുന്ന ഒരു ജലപ്രളയം ഇനിമേൽ ഉണ്ടാകുകയുമില്ല.”+
12 ദൈവം ഇങ്ങനെയും പറഞ്ഞു: “ഞാൻ നിങ്ങളോടും നിങ്ങളോടുകൂടെയുള്ള എല്ലാ ജീവികളോടും ഒരു ഉടമ്പടി ചെയ്യും. തലമുറകളോളം നിലനിൽക്കുന്ന ആ ഉടമ്പടിയുടെ അടയാളം ഇതായിരിക്കും: 13 ഞാൻ മേഘത്തിൽ എന്റെ മഴവില്ലു വെക്കുന്നു. അതു ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും. 14 ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോഴെല്ലാം മേഘത്തിൽ മഴവില്ലു കാണാനാകും. 15 അപ്പോൾ നിങ്ങളുമായും എല്ലാ തരം ജീവികളുമായും ചെയ്ത എന്റെ ഉടമ്പടി ഞാൻ ഉറപ്പായും ഓർക്കും. ഇനി ഒരിക്കലും ജീവജന്തുക്കളെല്ലാം നശിക്കുന്ന ഒരു പ്രളയം ഉണ്ടാകില്ല.+ 16 മേഘത്തിൽ മഴവില്ല് ഉണ്ടാകുമ്പോൾ ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ എല്ലാ തരം ജീവികളും തമ്മിലുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.”
17 ദൈവം നോഹയോടു വീണ്ടും പറഞ്ഞു: “ഞാൻ ഭൂമിയിലെ എല്ലാ ജീവജന്തുക്കളോടും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ഇതാണ്.”+
18 നോഹയുടെ ആൺമക്കളായ ശേം, ഹാം, യാഫെത്ത് എന്നിവർ പെട്ടകത്തിൽനിന്ന് നോഹയോടൊപ്പം പുറത്ത് വന്നു.+ പിന്നീട് ഹാമിനു ജനിച്ച മകനാണു കനാൻ.+ 19 ഈ മൂന്നു പേരാണു നോഹയുടെ മക്കൾ. ഇവരിൽനിന്നാണു ഭൂമി മുഴുവനുമുള്ള ജനങ്ങൾ ഉണ്ടായത്.+
20 നോഹ മണ്ണിൽ കൃഷി ചെയ്യാൻതുടങ്ങി; നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അതിൽനിന്നുള്ള വീഞ്ഞു കുടിച്ചപ്പോൾ ലഹരി പിടിച്ച് നോഹ കൂടാരത്തിൽ നഗ്നനായി കിടന്നു. 22 കനാന്റെ അപ്പനായ ഹാം തന്റെ അപ്പന്റെ നഗ്നത കണ്ടിട്ട് പുറത്ത് ചെന്ന് രണ്ടു സഹോദരന്മാരോടും അക്കാര്യം പറഞ്ഞു. 23 അപ്പോൾ ശേമും യാഫെത്തും ഒരു തുണി എടുത്ത് തങ്ങളുടെ തോളുകളിലിട്ട് പുറകോട്ടു നടന്നുചെന്ന് അപ്പന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചുപിടിച്ചിരുന്നതിനാൽ അപ്പന്റെ നഗ്നത കണ്ടില്ല.
24 വീഞ്ഞിന്റെ ലഹരി വിട്ട് ഉണർന്നപ്പോൾ ഏറ്റവും ഇളയ മകൻ ചെയ്തതു നോഹ അറിഞ്ഞു. 25 അപ്പോൾ നോഹ പറഞ്ഞു:
“കനാൻ ശപിക്കപ്പെട്ടവൻ.+
അവൻ സഹോദരന്മാർക്ക് അടിമയായിത്തീരട്ടെ.”+
26 നോഹ ഇങ്ങനെയും പറഞ്ഞു:
“ശേമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
കനാൻ അവന് അടിമയായിത്തീരട്ടെ.+
27 ദൈവം യാഫെത്തിനു വേണ്ടുവോളം സ്ഥലം കൊടുക്കട്ടെ,
അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കട്ടെ.
കനാൻ അവന്റെയും അടിമയായിത്തീരട്ടെ.”
28 ജലപ്രളയത്തിനു ശേഷം 350 വർഷംകൂടി നോഹ ജീവിച്ചിരുന്നു.+ 29 നോഹ ആകെ 950 വർഷം ജീവിച്ചു. പിന്നെ നോഹ മരിച്ചു.
10 നോഹയുടെ ആൺമക്കളായ ശേം,+ ഹാം, യാഫെത്ത് എന്നിവരുടെ ചരിത്രവിവരണം ഇതാണ്.
ജലപ്രളയത്തിനു ശേഷം അവർക്കു മക്കൾ ഉണ്ടായി.+ 2 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ,+ മാഗോഗ്,+ മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+
3 ഗോമെരിന്റെ ആൺമക്കൾ: അസ്കെനാസ്,+ രീഫത്ത്, തോഗർമ.+
4 യാവാന്റെ ആൺമക്കൾ: എലീഷ,+ തർശീശ്,+ കിത്തീം,+ ദോദാനീം.
5 ഇവരിൽനിന്ന് കടലോരങ്ങളിലും ദ്വീപുകളിലും വസിക്കുന്നവർ ഉത്ഭവിച്ചു. അവർ അതാതു ദേശങ്ങളിൽ അവരവരുടെ ഭാഷകൾ സംസാരിച്ച് അതാതു ഗോത്രങ്ങളും ജനതകളും ആയി വ്യാപിച്ചു.
6 ഹാമിന്റെ ആൺമക്കൾ: കൂശ്, മിസ്രയീം,+ പൂത്,+ കനാൻ.+
7 കൂശിന്റെ ആൺമക്കൾ: സെബ,+ ഹവീല, സബ്ത, റാമ,+ സബ്തെക്ക.
റാമയുടെ ആൺമക്കൾ: ശേബ, ദേദാൻ.
8 കൂശിനു നിമ്രോദ് എന്ന മകൻ ജനിച്ചു. നിമ്രോദാണു ഭൂമിയിലെ ആദ്യത്തെ വീരപരാക്രമി. 9 നിമ്രോദ് യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരനായിത്തീർന്നു. അങ്ങനെയാണ്, “നിമ്രോദിനെപ്പോലെ യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരൻ” എന്ന ചൊല്ല് ഉണ്ടായത്. 10 ബാബേൽ,+ ഏരെക്ക്,+ അക്കാദ്, കൽനെ എന്നിവയായിരുന്നു നിമ്രോദിന്റെ രാജ്യത്തിലെ ആദ്യനഗരങ്ങൾ; അവ ശിനാർ+ ദേശത്തായിരുന്നു. 11 ആ ദേശത്തുനിന്ന് നിമ്രോദ് അസീറിയയിലേക്കു+ ചെന്ന് നിനെവെ,+ രഹോബോത്ത്-ഈർ, കാലഹ്, 12 നിനെവെയുടെയും കാലഹിന്റെയും ഇടയ്ക്കുള്ള രേസെൻ എന്നീ നഗരങ്ങൾ പണിതു. ഇതാണു മഹാനഗരം.*
13 മിസ്രയീമിൽനിന്ന് ജനിച്ചവർ: ലൂദ്,+ അനാമീം, ലഹാബീം, നഫ്തൂഹീം,+ 14 പത്രൂസീം,+ കസ്ലൂഹീം (ഇദ്ദേഹത്തിൽനിന്നാണു ഫെലിസ്ത്യർ+ ഉത്ഭവിച്ചത്.), കഫ്തോരീം.+
15 കനാന് ആദ്യം സീദോനും+ പിന്നെ ഹേത്തും+ ജനിച്ചു. 16 യബൂസ്യർ,+ അമോര്യർ,+ ഗിർഗശ്യർ, 17 ഹിവ്യർ,+ അർക്യർ, സീന്യർ, 18 അർവാദ്യർ,+ സെമാര്യർ, ഹമാത്യർ+ എന്നിവരും കനാനിൽനിന്ന് ഉത്ഭവിച്ചു. പിന്നീട് കനാന്റെ ഗോത്രം പലയിടത്തേക്കും വ്യാപിച്ചു. 19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി. 20 ഇവരാണു ഗോത്രവും ഭാഷയും ജനതയും അനുസരിച്ച് അതാതു ദേശങ്ങളിൽ വ്യാപിച്ച ഹാമിന്റെ ആൺമക്കൾ.
21 ഏബെരിന്റെ+ മക്കളുടെയെല്ലാം പൂർവികനും മൂത്തവനായ യാഫെത്തിന്റെ സഹോദരനും* ആയ ശേമിനും മക്കൾ ജനിച്ചു. 22 ശേമിന്റെ ആൺമക്കൾ: ഏലാം,+ അശ്ശൂർ,+ അർപ്പക്ഷാദ്,+ ലൂദ്, അരാം.+
23 അരാമിന്റെ ആൺമക്കൾ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
24 അർപ്പക്ഷാദിന്റെ മകൻ ശേല;+ ശേലയുടെ മകൻ ഏബെർ.
25 ഏബെരിനു രണ്ട് ആൺമക്കൾ ജനിച്ചു. ഒരാളുടെ പേര് പേലെഗ്.*+ കാരണം പേലെഗിന്റെ കാലത്താണു ഭൂമി* വിഭജിതമായത്. പേലെഗിന്റെ സഹോദരന്റെ പേര് യൊക്താൻ.+
26 യൊക്താന് അൽമോദാദ്, ശേലെഫ്, ഹസർമാവെത്ത്, യാരഹ്,+ 27 ഹദോരാം, ഊസാൽ, ദിക്ല, 28 ഓബാൽ, അബീമയേൽ, ശേബ, 29 ഓഫീർ,+ ഹവീല, യോബാബ് എന്നിവർ ജനിച്ചു. ഇവരെല്ലാമാണു യൊക്താന്റെ ആൺമക്കൾ.
30 അവരുടെ വാസസ്ഥലം മേഷ മുതൽ കിഴക്കൻ മലനാടായ സെഫാർ വരെ വ്യാപിച്ചിരുന്നു.
31 ഇവരാണു ഗോത്രവും ഭാഷയും ജനതയും അനുസരിച്ച് അതാതു ദേശങ്ങളിൽ വ്യാപിച്ച+ ശേമിന്റെ ആൺമക്കൾ.
32 വംശപരമ്പരപ്രകാരം അതാതു ദേശങ്ങളിൽ താമസിക്കുന്ന, നോഹയുടെ ആൺമക്കളുടെ കുടുംബങ്ങൾ ഇവയാണ്. ഈ കുടുംബങ്ങളിൽനിന്നാണു ജലപ്രളയത്തിനു ശേഷം ജനതകൾ ഭൂമിയിൽ വ്യാപിച്ചത്.+
11 ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ് സംസാരിച്ചിരുന്നത്. 2 ആളുകൾ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർ+ ദേശത്ത് ഒരു സമതലം കണ്ടെത്തി. അവർ അവിടെ താമസം ആരംഭിച്ചു. 3 “വരൂ, നമുക്കു മൺകട്ടകൾ ഉണ്ടാക്കി ചുട്ടെടുക്കാം” എന്ന് അവർ പരസ്പരം പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും ചാന്തായി ടാറും ഉപയോഗിച്ചു. 4 പിന്നീട് അവർ പറഞ്ഞു: “വരൂ, നമ്മൾ ഭൂമി മുഴുവൻ ചിതറിപ്പോകാതിരിക്കാൻ+ നമുക്കൊരു നഗരവും അംബരചുംബിയായ ഒരു ഗോപുരവും പണിയാം. നമുക്കു പേരും പ്രശസ്തിയും നേടാം.”
5 മനുഷ്യരുടെ പുത്രന്മാർ പണിത നഗരവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിച്ചെന്നു. 6 യഹോവ പറഞ്ഞു: “ഇതാ, ഇവർ ഒറ്റ ജനതയാണ്; ഇവരുടെ ഭാഷയും ഒന്നാണ്.+ ഇവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇത്. മനസ്സിൽ ചിന്തിക്കുന്നതൊന്നും ഇവർക്ക് അസാധ്യമാകില്ല. 7 വരൂ, നമുക്ക്+ ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ കലക്കിക്കളയാം. അവർ പറയുന്നതൊന്നും അവർക്കു പരസ്പരം മനസ്സിലാകരുത്.” 8 അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂമിയിലെമ്പാടും ചിതറിച്ചുകളഞ്ഞു.+ ക്രമേണ അവർ നഗരം പണിയുന്നതു നിറുത്തി. 9 അങ്ങനെ ആ നഗരത്തിനു ബാബേൽ*+ എന്ന പേര് ലഭിച്ചു. കാരണം അവിടെവെച്ച് യഹോവ മുഴുഭൂമിയുടെയും ഭാഷ കലക്കിക്കളഞ്ഞു. പിന്നെ യഹോവ അവരെ അവിടെനിന്ന് ഭൂമി മുഴുവൻ ചിതറിച്ചു.
10 ശേമിന്റെ+ ചരിത്രവിവരണം:
ജലപ്രളയത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞ്, 100-ാം വയസ്സിൽ, ശേമിന് അർപ്പക്ഷാദ്+ ജനിച്ചു. 11 അർപ്പക്ഷാദ് ജനിച്ചശേഷം ശേം 500 വർഷംകൂടെ ജീവിച്ചിരുന്നു. ശേമിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.+
12 അർപ്പക്ഷാദിന് 35 വയസ്സായപ്പോൾ ശേല+ ജനിച്ചു. 13 ശേല ജനിച്ചശേഷം അർപ്പക്ഷാദ് 403 വർഷംകൂടെ ജീവിച്ചിരുന്നു. അർപ്പക്ഷാദിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
14 ശേലയ്ക്ക് 30 വയസ്സായപ്പോൾ ഏബെർ+ ജനിച്ചു. 15 ഏബെർ ജനിച്ചശേഷം ശേല 403 വർഷംകൂടെ ജീവിച്ചിരുന്നു. ശേലയ്ക്കു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
16 ഏബെരിന് 34 വയസ്സായപ്പോൾ പേലെഗ്+ ജനിച്ചു. 17 പേലെഗ് ജനിച്ചശേഷം ഏബെർ 430 വർഷംകൂടെ ജീവിച്ചിരുന്നു. ഏബെരിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
18 പേലെഗിന് 30 വയസ്സായപ്പോൾ രയു+ ജനിച്ചു. 19 രയു ജനിച്ചശേഷം പേലെഗ് 209 വർഷംകൂടെ ജീവിച്ചിരുന്നു. പേലെഗിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
20 രയുവിന് 32 വയസ്സായപ്പോൾ ശെരൂഗ് ജനിച്ചു. 21 ശെരൂഗ് ജനിച്ചശേഷം രയു 207 വർഷംകൂടെ ജീവിച്ചിരുന്നു. രയുവിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
22 ശെരൂഗിന് 30 വയസ്സായപ്പോൾ നാഹോർ ജനിച്ചു. 23 നാഹോർ ജനിച്ചശേഷം ശെരൂഗ് 200 വർഷംകൂടെ ജീവിച്ചിരുന്നു. ശെരൂഗിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
24 നാഹോരിന് 29 വയസ്സായപ്പോൾ തേരഹ്+ ജനിച്ചു. 25 തേരഹ് ജനിച്ചശേഷം നാഹോർ 119 വർഷംകൂടെ ജീവിച്ചിരുന്നു. നാഹോരിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
26 70 വയസ്സെത്തിയശേഷം തേരഹിന് അബ്രാം,+ നാഹോർ,+ ഹാരാൻ എന്നീ ആൺമക്കൾ ജനിച്ചു.
27 തേരഹിന്റെ ചരിത്രവിവരണം:
തേരഹിന് അബ്രാം, നാഹോർ, ഹാരാൻ എന്നീ ആൺമക്കൾ ഉണ്ടായി. ഹാരാനു ലോത്ത്+ ജനിച്ചു. 28 അപ്പനായ തേരഹ് ജീവിച്ചിരിക്കുമ്പോൾത്തന്നെ ജന്മനാടായ ഊർ+ എന്ന കൽദയദേശത്തുവെച്ച്+ ഹാരാൻ മരിച്ചു. 29 അബ്രാമും നാഹോരും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി+ എന്നായിരുന്നു. ഹാരാന്റെ മകളായ മിൽക്കയായിരുന്നു നാഹോരിന്റെ ഭാര്യ. ഹാരാൻ മിൽക്കയുടെ+ മാത്രമല്ല യിസ്കയുടെയും അപ്പനായിരുന്നു. 30 സാറായിക്കു കുട്ടികളുണ്ടായിരുന്നില്ല, സാറായി വന്ധ്യയായിരുന്നു.+
31 തേരഹ് തന്റെ മകൻ അബ്രാമിനെയും കൊച്ചുമകനായ, ഹാരാന്റെ മകൻ ലോത്തിനെയും+ തന്റെ മരുമകളായ, അബ്രാമിന്റെ ഭാര്യ സാറായിയെയും കൂട്ടി ഊർ എന്ന കൽദയദേശത്തുനിന്ന് യാത്രയായി. അവർ തേരഹിനോടൊപ്പം കനാൻ ദേശത്തേക്കു+ യാത്ര തിരിച്ചു. ഹാരാനിൽ+ എത്തിയ അവർ അവിടെ താമസം ആരംഭിച്ചു. 32 തേരഹ് ആകെ 205 വർഷം ജീവിച്ചു. പിന്നെ ഹാരാനിൽവെച്ച് തേരഹ് മരിച്ചു.
12 യഹോവ അബ്രാമിനോടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട് നിന്റെ ബന്ധുക്കളിൽനിന്ന് അകലെ, ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.+ 2 ഞാൻ നിന്നെ ഒരു മഹാജനതയാക്കുകയും നിന്നെ അനുഗ്രഹിച്ച് നിന്റെ പേര് പ്രസിദ്ധമാക്കുകയും ചെയ്യും; നീ ഒരു അനുഗ്രഹമായിത്തീരും.+ 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും.+ നിന്നിലൂടെ ഭൂമിയിലെ കുടുംബങ്ങളെല്ലാം ഉറപ്പായും അനുഗ്രഹം നേടും.”*+
4 യഹോവ പറഞ്ഞതുപോലെ അബ്രാം പുറപ്പെട്ടു. ലോത്തും അബ്രാമിന്റെകൂടെ പോയി. ഹാരാനിൽനിന്ന് പുറപ്പെടുമ്പോൾ+ അബ്രാമിന് 75 വയസ്സായിരുന്നു. 5 ഭാര്യ സാറായിയെയും+ സഹോദരപുത്രൻ ലോത്തിനെയും+ കൂട്ടി അബ്രാം കനാൻ ദേശത്തേക്കു+ പുറപ്പെട്ടു. ഹാരാനിൽവെച്ച് അവർ സ്വന്തമാക്കിയ ആളുകളും അവരോടൊപ്പമുണ്ടായിരുന്നു. അവിടെവെച്ച് സ്വരുക്കൂട്ടിയ എല്ലാ വസ്തുവകകളുമായി+ അവർ അങ്ങനെ കനാൻ ദേശത്ത് എത്തി. 6 അതിനു ശേഷം ആ ദേശത്തുകൂടെ സഞ്ചരിച്ച് മോരെയിലെ വലിയ മരങ്ങൾക്കരികെയുള്ള+ ശെഖേം+ വരെ ചെന്നു. അക്കാലത്ത്, കനാന്യരാണു ദേശത്ത് താമസിച്ചിരുന്നത്. 7 യഹോവ അബ്രാമിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടുക്കാൻപോകുന്നു.” അതിനു ശേഷം, തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാം അവിടെ ഒരു യാഗപീഠം പണിതു. 8 പിന്നീട് അബ്രാം അവിടെനിന്ന് ബഥേലിനു+ കിഴക്കുള്ള മലനാട്ടിൽ പോയി അവിടെ കൂടാരം അടിച്ചു. അതിന്റെ പടിഞ്ഞാറ് ബഥേലും കിഴക്ക് ഹായിയും+ ആയിരുന്നു. അബ്രാം അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത്+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ 9 അതിനു ശേഷം അബ്രാം അവിടത്തെ കൂടാരവാസം മതിയാക്കി, മാറ്റിമാറ്റി കൂടാരം അടിച്ച് നെഗെബ്+ ദേശത്തിന്റെ ദിശയിൽ നീങ്ങി.
10 അക്കാലത്ത് ദേശത്ത് ഒരു ക്ഷാമം ഉണ്ടായി.+ ക്ഷാമം രൂക്ഷമായിരുന്നതിനാൽ കുറച്ച് കാലം ഈജിപ്തിൽ പോയി താമസിക്കാൻവേണ്ടി*+ അബ്രാം അവിടേക്കു യാത്ര ചെയ്തു. 11 ഈജിപ്തിൽ എത്താറായപ്പോൾ അബ്രാം ഭാര്യ സാറായിയോടു പറഞ്ഞു: “ദയവായി ഇങ്ങനെ ചെയ്യൂ! നീ വളരെ സുന്ദരിയാണെന്ന്+ എനിക്ക് അറിയാം. 12 ഈജിപ്തുകാർ നിന്നെ കാണുമ്പോൾ, ‘ഇത് അയാളുടെ ഭാര്യയാണ്’ എന്നു പറയുമെന്ന് എനിക്ക് ഉറപ്പാണ്. അവർ എന്നെ കൊന്നുകളയും; നിന്നെ ജീവനോടെ വെക്കും. 13 അതുകൊണ്ട് ദയവുചെയ്ത് നീ എന്റെ പെങ്ങളാണെന്നു പറയണം. അങ്ങനെ ചെയ്താൽ എനിക്ക് ആപത്തൊന്നും സംഭവിക്കില്ല; ഞാൻ രക്ഷപ്പെടും.”+
14 അബ്രാം ഈജിപ്തിൽ പ്രവേശിച്ചപ്പോൾത്തന്നെ സാറായി അതിസുന്ദരിയാണെന്ന കാര്യം ഈജിപ്തുകാർ ശ്രദ്ധിച്ചു. 15 ഫറവോന്റെ പ്രഭുക്കന്മാരും സാറായിയെ കണ്ടു; അവർ ഫറവോന്റെ അടുത്ത് ചെന്ന് സാറായിയെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു. അങ്ങനെ സാറായിയെ ഫറവോന്റെ അരമനയിലേക്കു കൊണ്ടുപോയി. 16 സാറായി നിമിത്തം ഫറവോൻ അബ്രാമിനോടു നന്നായി പെരുമാറി; അബ്രാമിന് ആടുകളെയും കന്നുകാലികളെയും ആൺകഴുതകളെയും പെൺകഴുതകളെയും ഒട്ടകങ്ങളെയും ദാസന്മാരെയും ദാസിമാരെയും കൊടുക്കുകയും ചെയ്തു.+ 17 എന്നാൽ അബ്രാമിന്റെ ഭാര്യയായ സാറായി+ കാരണം യഹോവ ഫറവോന്റെയും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും മേൽ കഠിനമായ ബാധകൾ വരുത്തി. 18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “നീ എന്താണ് എന്നോട് ഈ ചെയ്തത്? അവൾ നിന്റെ ഭാര്യയാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല? 19 ‘അവൾ എന്റെ പെങ്ങളാണ്’+ എന്നു നീ പറഞ്ഞത് എന്തിന്? അതുകൊണ്ടല്ലേ ഞാൻ അവളെ ഭാര്യയാക്കാൻ ഒരുങ്ങിയത്? ഇതാ നിന്റെ ഭാര്യ. അവളെയും കൂട്ടി ഇവിടെനിന്ന് പോകൂ!” 20 പിന്നെ ഫറവോൻ അബ്രാമിനെക്കുറിച്ച് തന്റെ ദാസന്മാർക്കു കല്പന കൊടുത്തു; അവർ അബ്രാമിനെയും ഭാര്യയെയും അബ്രാമിനുണ്ടായിരുന്ന എല്ലാം സഹിതം യാത്രയാക്കി.+
13 അതിനു ശേഷം ഭാര്യയോടും ലോത്തിനോടും ഒപ്പം അബ്രാം തനിക്കുള്ളതെല്ലാം സഹിതം ഈജിപ്തിൽനിന്ന് നെഗെബിലേക്കു+ പുറപ്പെട്ടു. 2 അബ്രാമിനു ധാരാളം മൃഗങ്ങളും വെള്ളിയും സ്വർണവും ഉണ്ടായിരുന്നു.+ 3 നെഗെബിൽനിന്ന് ബഥേലിലേക്കുള്ള യാത്രയിൽ അബ്രാം പല സ്ഥലങ്ങളിൽ മാറ്റിമാറ്റി കൂടാരം അടിച്ചു; അങ്ങനെ ബഥേലിനും ഹായിക്കും+ ഇടയിൽ പണ്ട് കൂടാരം അടിച്ച സ്ഥലത്ത് അബ്രാം എത്തിച്ചേർന്നു. 4 അവിടെയായിരുന്നു അബ്രാം മുമ്പ് യാഗപീഠം പണിതത്. ആ സ്ഥലത്ത് അബ്രാം യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.
5 അബ്രാമിനോടൊപ്പം യാത്ര ചെയ്തിരുന്ന ലോത്തിനും, ആടുകളും കന്നുകാലികളും കൂടാരങ്ങളും ഉണ്ടായിരുന്നു. 6 അവരുടെ വസ്തുവകകൾ വർധിച്ചുപെരുകിയതുകൊണ്ട് അവർക്ക് ആ ദേശത്ത് സ്ഥലം പോരായിരുന്നു. അങ്ങനെ അവർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നു. 7 അതുകൊണ്ട്, അബ്രാമിന്റെ ഇടയന്മാരും ലോത്തിന്റെ ഇടയന്മാരും തമ്മിൽ വഴക്ക് ഉണ്ടായി. (അക്കാലത്ത് കനാന്യരും പെരിസ്യരും ആണ് ദേശത്ത് താമസിച്ചിരുന്നത്.)+ 8 അപ്പോൾ അബ്രാം ലോത്തിനോടു+ പറഞ്ഞു: “ഞാനും നീയും തമ്മിലും എന്റെ ഇടയന്മാരും നിന്റെ ഇടയന്മാരും തമ്മിലും വഴക്ക് ഉണ്ടാകരുതേ. നമ്മൾ സഹോദരന്മാരല്ലേ? 9 ഇതാ, ഈ ദേശം മുഴുവൻ നിന്റെ മുന്നിലുണ്ട്. എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം. ഇനി, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടും.” 10 ലോത്ത് നോക്കിയപ്പോൾ യോർദാൻ പ്രദേശം+ നല്ല നീരൊഴുക്കുള്ളതാണെന്നു കണ്ടു. (യഹോവ സൊദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പ്) അതു സോവർ+ വരെ യഹോവയുടെ തോട്ടംപോലെയും+ ഈജിപ്ത് ദേശംപോലെയും ആയിരുന്നു. 11 അതുകൊണ്ട്, ലോത്ത് യോർദാൻ പ്രദേശം തിരഞ്ഞെടുത്ത് കിഴക്കോട്ടു പോയി. അങ്ങനെ അവർ തമ്മിൽ പിരിഞ്ഞു. 12 അബ്രാം കനാൻ ദേശത്ത് താമസിച്ചു. ലോത്താകട്ടെ, യോർദാൻ പ്രദേശത്തുള്ള നഗരങ്ങൾക്കിടയിൽ താമസിച്ചു.+ ഒടുവിൽ ലോത്ത് സൊദോമിന് അടുത്ത് കൂടാരം അടിച്ചു. 13 സൊദോമിലുള്ളവർ ദുഷ്ടരും യഹോവയുടെ മുമ്പാകെ കൊടുംപാപികളും ആയിരുന്നു.+
14 ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോടു പറഞ്ഞു: “ദയവായി നീ നിൽക്കുന്നിടത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15 നീ കാണുന്ന ഈ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള അവകാശമായി തരും.+ 16 ഞാൻ നിന്റെ സന്തതിയെ* ഭൂമിയിലെ പൊടിപോലെ വർധിപ്പിക്കും. ആർക്കെങ്കിലും ഭൂമിയിലെ പൊടി എണ്ണാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും* എണ്ണാൻ കഴിയും!+ 17 എഴുന്നേറ്റ്, ദേശത്തിനു നെടുകെയും കുറുകെയും സഞ്ചരിക്കുക. നിനക്കാണു ഞാൻ ഇതു തരാൻപോകുന്നത്.” 18 അബ്രാം പിന്നെയും കൂടാരങ്ങളിൽ താമസിച്ചു. പിന്നീട് അബ്രാം ഹെബ്രോനിൽ+ മമ്രേയിലെ+ വലിയ മരങ്ങൾക്കിടയിൽ ചെന്ന് താമസിച്ചു. അവിടെ യഹോവയ്ക്ക് ഒരു യാഗപീഠവും പണിതു.+
14 പിന്നീട് ശിനാർരാജാവായ+ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക്, ഏലാംരാജാവായ+ കെദൊർലായോമെർ,+ ഗോയീംരാജാവായ തീദാൽ 2 എന്നിവർ സൊദോംരാജാവായ+ ബേര, ഗൊമോറരാജാവായ+ ബിർശ, ആദ്മരാജാവായ ശിനാബ്, സെബോയിംരാജാവായ+ ശെമേബെർ, ബേലയിലെ (അതായത് സോവരിലെ) രാജാവ് എന്നിവർക്കെതിരെ യുദ്ധത്തിനു വന്നു. 3 ഇവരുടെയെല്ലാം സൈന്യം സിദ്ദീം താഴ്വരയിൽ+ ഒരുമിച്ചുകൂടി. അവിടം ഇപ്പോൾ ഉപ്പുകടലാണ്.*+
4 അവർ 12 വർഷം കെദൊർലായോമെരിനെ സേവിച്ചിരുന്നു. എന്നാൽ 13-ാം വർഷം അവർ അദ്ദേഹത്തെ എതിർത്തു. 5 അതിനാൽ 14-ാം വർഷം കെദൊർലായോമെരും കൂടെയുള്ള മറ്റു രാജാക്കന്മാരും വന്ന് രഫായീമ്യരെ അസ്തെരോത്ത്-കർന്നയീമിൽവെച്ചും സൂസിമ്യരെ ഹാമിൽവെച്ചും ഏമിമ്യരെ+ ശാവേ-കിര്യത്തയീമിൽവെച്ചും 6 ഹോര്യരെ+ അവരുടെ സേയീർമല+ മുതൽ വിജനഭൂമിയുടെ* അതിർത്തിയിലുള്ള ഏൽ-പാരാൻ വരെയും തോൽപ്പിച്ചു. 7 അതിനു ശേഷം അവർ തിരിഞ്ഞ് ഏൻ-മിശ്പാത്തിൽ, അതായത് കാദേശിൽ,+ വന്ന് അമാലേക്യരുടെയും+ ഹസസോൻ-താമാറിൽ+ താമസിക്കുന്ന അമോര്യരുടെയും+ പ്രദേശം മുഴുവൻ പിടിച്ചടക്കി.
8 അപ്പോൾ സൊദോമിലെ രാജാവ് യുദ്ധത്തിനു പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഗൊമോറയിലെ രാജാവും ആദ്മയിലെ രാജാവും സെബോയിമിലെ രാജാവും ബേലയിലെ (സോവരിലെ) രാജാവും സിദ്ദീം താഴ്വരയിൽ അണിനിരന്ന് 9 ഏലാംരാജാവായ കെദൊർലായോമെർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക്+ എന്നിവരോടു യുദ്ധം ചെയ്തു—നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരെ. 10 സിദ്ദീം താഴ്വരയിൽ എല്ലായിടത്തും ടാറുള്ള കുഴികളുണ്ടായിരുന്നു. സൊദോമിലെയും ഗൊമോറയിലെയും രാജാക്കന്മാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അവയിൽ വീണു. ശേഷിച്ചവർ മലനാട്ടിലേക്ക് ഓടിപ്പോയി. 11 യുദ്ധത്തിൽ ജയിച്ചവർ സൊദോമിലെയും ഗൊമോറയിലെയും എല്ലാ വസ്തുവകകളും ഭക്ഷണസാധനങ്ങളും എടുത്തുകൊണ്ടുപോയി.+ 12 പോകുംവഴി അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി. സൊദോമിൽ+ താമസിച്ചിരുന്ന ലോത്തിന്റെ വസ്തുവകകളും അവർ കൊണ്ടുപോയി.
13 അതിനു ശേഷം, രക്ഷപ്പെട്ട ഒരാൾ വന്ന് എബ്രായനായ അബ്രാമിനെ വിവരം അറിയിച്ചു. അബ്രാം അപ്പോൾ അമോര്യനായ മമ്രേയുടെ+ വലിയ മരങ്ങൾക്കിടയിലാണു താമസിച്ചിരുന്നത്.* മമ്രേയും മമ്രേയുടെ സഹോദരന്മാരായ എശ്ക്കോലും ആനേരും+ അബ്രാമുമായി സഖ്യതയിലായിരുന്നു. 14 ബന്ധുവിനെ*+ പിടിച്ചുകൊണ്ടുപോയി എന്നു വിവരം കിട്ടിയപ്പോൾ, തന്റെ വീട്ടിൽ ജനിച്ചവരും നല്ല പരിശീലനം സിദ്ധിച്ചവരും ആയ 318 ദാസന്മാരെ കൂട്ടി അബ്രാം അവരെ ദാൻ+ വരെ പിന്തുടർന്നു. 15 രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളായി തിരിച്ചു. അങ്ങനെ അബ്രാമും ദാസന്മാരും കൂടി അവരെ ആക്രമിച്ച് തോൽപ്പിച്ചു. ദമസ്കൊസിനു വടക്കുള്ള ഹോബ വരെ അബ്രാം അവരെ പിന്തുടർന്നു. 16 അബ്രാം എല്ലാ വസ്തുവകകളും തിരിച്ചുപിടിച്ചു. കൂടാതെ, ബന്ധുവായ ലോത്തിനെയും അതുപോലെ, സ്ത്രീകളെയും മറ്റു ജനങ്ങളെയും മോചിപ്പിച്ചു. ലോത്തിന്റെ വസ്തുവകകളും അബ്രാം തിരിച്ചുപിടിച്ചു.
17 അബ്രാം കെദൊർലായോമെരിനെയും അയാളോടൊപ്പമുണ്ടായിരുന്ന മറ്റു രാജാക്കന്മാരെയും തോൽപ്പിച്ച് മടങ്ങിവരുമ്പോൾ ശാവേ താഴ്വരയിൽവെച്ച്, അതായത് രാജതാഴ്വരയിൽവെച്ച്,+ സൊദോംരാജാവ് അബ്രാമിനെ സ്വീകരിക്കാൻ പുറപ്പെട്ടു. 18 അപ്പോൾ ശാലേംരാജാവായ+ മൽക്കീസേദെക്ക്+ അപ്പവും വീഞ്ഞും കൊണ്ടുവന്നു. മൽക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.+
19 മൽക്കീസേദെക്ക് അബ്രാമിനെ അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു:
“ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,
അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ.
20 നിന്നെ ദ്രോഹിക്കുന്നവരെ നിന്റെ കൈകളിൽ ഏൽപ്പിച്ച
അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ!”
അബ്രാം മൽക്കീസേദെക്കിന് എല്ലാത്തിന്റെയും പത്തിലൊന്നു കൊടുത്തു.+
21 അതിനു ശേഷം സൊദോംരാജാവ് അബ്രാമിനോട്, “ആളുകളെ എനിക്കു തരുക, എന്നാൽ വസ്തുവകകൾ അങ്ങ് എടുത്തുകൊള്ളൂ” എന്നു പറഞ്ഞു. 22 പക്ഷേ അബ്രാം സൊദോംരാജാവിനോടു പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും അത്യുന്നതദൈവവും ആയ യഹോവയുടെ നാമത്തിൽ ഞാൻ കൈ ഉയർത്തി ആണയിടുന്നു: 23 ‘ഞാൻ അബ്രാമിനെ സമ്പന്നനാക്കി’ എന്ന് അങ്ങ് പറയാതിരിക്കേണ്ടതിന് അങ്ങയുടെ യാതൊന്നും—ഒരു നൂലാകട്ടെ, ഒരു ചെരിപ്പിന്റെ വാറാകട്ടെ—ഞാൻ എടുക്കില്ല. 24 എന്റെകൂടെയുള്ള യുവാക്കൾ കുറച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. അത് ഒഴികെ മറ്റൊന്നും എനിക്കു വേണ്ടാ. എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ+ എന്നിവർ അവരുടെ ഓഹരി എടുത്തുകൊള്ളട്ടെ.”
15 ഇതിനു ശേഷം ഒരു ദിവ്യദർശനത്തിലൂടെ യഹോവ അബ്രാമിനോടു പറഞ്ഞു: “അബ്രാമേ, പേടിക്കേണ്ടാ.+ ഞാൻ നിനക്ക് ഒരു പരിചയാണ്.+ നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.”+ 2 അപ്പോൾ അബ്രാം പറഞ്ഞു: “പരമാധികാരിയായ യഹോവേ, എനിക്കു മക്കളില്ലല്ലോ. ദമസ്കൊസുകാരനായ എലീയേസെരാണ്+ എന്റെ അനന്തരാവകാശി. അങ്ങനെയിരിക്കെ അങ്ങ് എനിക്ക് എന്തു പ്രതിഫലമാണു തരാൻപോകുന്നത്?” 3 അബ്രാം തുടർന്നു: “അങ്ങ് എനിക്കു സന്തതിയെ*+ തന്നിട്ടില്ല. എന്റെ വീട്ടിലെ ഒരു ദാസനാണ്* ഇപ്പോൾ എന്റെ അനന്തരാവകാശി.” 4 എന്നാൽ യഹോവയുടെ മറുപടി ഇതായിരുന്നു: “ഇല്ല, എലീയേസെർ നിന്റെ അനന്തരാവകാശിയാകില്ല. നിന്റെ സ്വന്തം മകൻതന്നെ* നിന്റെ അനന്തരാവകാശിയാകും.”+
5 അബ്രാമിനെ പുറത്ത് കൊണ്ടുവന്നിട്ട് ദൈവം പറഞ്ഞു: “ആകാശത്തിലേക്ക് ഒന്നു നോക്കൂ! നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക.” പിന്നെ ദൈവം അബ്രാമിനോടു പറഞ്ഞു: “നിന്റെ സന്തതിയും* ഇതുപോലെയാകും.”+ 6 അബ്രാം യഹോവയിൽ വിശ്വസിച്ചു.+ അതുകൊണ്ട് ദൈവം അബ്രാമിനെ നീതിമാനായി കണക്കാക്കി.+ 7 പിന്നെ ദൈവം പറഞ്ഞു: “ഈ ദേശം നിനക്ക് അവകാശമായി തരാൻവേണ്ടി, കൽദയരുടെ ഊർ എന്ന പട്ടണത്തിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയാണു ഞാൻ.”+ 8 അപ്പോൾ അബ്രാം ചോദിച്ചു: “പരമാധികാരിയായ യഹോവേ, ഞാൻ ഇത് അവകാശമാക്കുമെന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും?” 9 അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആൺചെമ്മരിയാടിനെയും ഒരു ചെങ്ങാലിപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എനിക്കുവേണ്ടി കൊണ്ടുവരുക.” 10 അങ്ങനെ അബ്രാം അവയെ കൊണ്ടുവന്ന് ഓരോന്നിനെയും രണ്ടായി പിളർന്ന് നേർക്കുനേരെ വെച്ചു; എന്നാൽ പക്ഷികളെ പിളർന്നില്ല. 11 അവയുടെ മാംസം തിന്നാൻ ഇരപിടിയൻ പക്ഷികൾ പറന്നിറങ്ങി. എന്നാൽ അബ്രാം അവയെ ആട്ടിപ്പായിച്ചുകൊണ്ടിരുന്നു.
12 സൂര്യൻ അസ്തമിക്കാറായപ്പോൾ അബ്രാം നല്ല ഉറക്കത്തിലായി; ഭയാനകമായ കൂരിരുൾ അബ്രാമിനെ മൂടി. 13 അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “ഇത് അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി* അവരുടേതല്ലാത്ത ദേശത്ത് പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.+ 14 എന്നാൽ അവർ സേവിക്കുന്ന ആ ജനതയെ ഞാൻ വിധിക്കും.+ പിന്നെ അവർക്കിടയിൽനിന്ന് അവർ ധാരാളം വസ്തുവകകളുമായി പുറപ്പെട്ടുപോരും.+ 15 നീയോ, സമാധാനത്തോടെ നിന്റെ പൂർവികരോടു ചേരും; തികഞ്ഞ വാർധക്യത്തിൽ മരിച്ച് അടക്കപ്പെടും.+ 16 അവരുടെ നാലാം തലമുറ ഇവിടേക്കു മടങ്ങിവരും.+ കാരണം അമോര്യരുടെ പാപം ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ല.”+
17 സൂര്യാസ്തമയശേഷം കൂരിരുൾ വ്യാപിച്ചപ്പോൾ, പുകയുന്ന ഒരു തീച്ചൂള ദൃശ്യമായി. ജ്വലിക്കുന്ന ഒരു പന്തം ആ മാംസക്കഷണങ്ങൾക്കിടയിലൂടെ കടന്നുപോയി. 18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+ 19 അതായത് കേന്യർ,+ കെനിസ്യർ, കദ്മോന്യർ, 20 ഹിത്യർ,+ പെരിസ്യർ,+ രഫായീമ്യർ,+ 21 അമോര്യർ, കനാന്യർ, ഗിർഗശ്യർ, യബൂസ്യർ+ എന്നിവരുടെ ദേശം.”
16 അബ്രാമിന്റെ ഭാര്യ സാറായിക്കു മക്കളുണ്ടായിരുന്നില്ല.+ സാറായിക്കു ഹാഗാർ+ എന്നു പേരുള്ള ഈജിപ്തുകാരിയായ ഒരു ദാസിയുണ്ടായിരുന്നു. 2 സാറായി അബ്രാമിനോടു പറഞ്ഞു: “ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകുന്നത് യഹോവ തടഞ്ഞിരിക്കുന്നതിനാൽ എന്റെ ദാസിയുടെ അടുത്ത് ചെന്ന് അവളുമായി ബന്ധപ്പെട്ടാലും. അവളിലൂടെ എനിക്കു മക്കൾ ജനിച്ചേക്കും.”+ അബ്രാം സാറായി പറഞ്ഞതു കേട്ടു. 3 അബ്രാമിന്റെ ഭാര്യ സാറായി ഈജിപ്തുകാരിയായ ദാസി ഹാഗാരിനെ അബ്രാമിനു ഭാര്യയായി കൊടുത്തത് അവർ കനാൻ ദേശത്ത് താമസംതുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴായിരുന്നു. 4 അബ്രാം ഹാഗാരുമായി ബന്ധപ്പെട്ടു, അവൾ ഗർഭിണിയായി. താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഹാഗാർ യജമാനത്തിയെ നിന്ദിക്കാൻതുടങ്ങി.
5 അപ്പോൾ സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ഈ ദുഃഖത്തിനു കാരണക്കാരൻ അങ്ങാണ്. ഞാനാണ് എന്റെ ദാസിയെ അങ്ങയ്ക്കു തന്നത്.* എന്നാൽ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾമുതൽ അവൾ എന്നെ നിന്ദിക്കാൻതുടങ്ങിയിരിക്കുന്നു. നമുക്ക് ഇരുവർക്കും മധ്യേ യഹോവ വിധിക്കട്ടെ.” 6 അപ്പോൾ അബ്രാം സാറായിയോടു പറഞ്ഞു: “ഇതാ, നിന്റെ ദാസി നിന്റെ കൈയിലിരിക്കുന്നു. നിനക്കു ശരിയെന്നു തോന്നുന്നത് അവളോടു ചെയ്തുകൊള്ളുക.” അങ്ങനെ, സാറായി ഹാഗാരിനെ അപമാനിച്ച് അസഹ്യപ്പെടുത്താൻതുടങ്ങി. അപ്പോൾ ഹാഗാർ സാറായിയെ വിട്ട് ഓടിപ്പോയി.
7 പിന്നീട് യഹോവയുടെ ദൂതൻ വിജനഭൂമിയിലെ ഒരു നീരുറവയ്ക്കരികെ ഹാഗാരിനെ കണ്ടു; ശൂരിലേക്കുള്ള+ വഴിയുടെ അടുത്താണ് അത്. 8 ദൂതൻ ഹാഗാരിനോട്, “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെനിന്ന് വരുന്നു, എവിടേക്കു പോകുന്നു” എന്നു ചോദിച്ചു. “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുത്തുനിന്ന് ഓടിപ്പോന്നതാണ്” എന്നു ഹാഗാർ മറുപടി പറഞ്ഞു. 9 അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി, താഴ്മയോടെ അവൾക്കു കീഴ്പെട്ടിരിക്കുക.” 10 യഹോവയുടെ ദൂതൻ ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ സന്തതിയെ എണ്ണാനാകാത്ത വിധം അസംഖ്യമായി വർധിപ്പിക്കും.”+ 11 കൂടാതെ, യഹോവയുടെ ദൂതൻ പറഞ്ഞു: “നീ ഗർഭിണിയാണല്ലോ. നീ ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവനു യിശ്മായേൽ* എന്നു പേരിടണം. കാരണം യഹോവ നിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് കേട്ടിരിക്കുന്നു. 12 അവൻ കാട്ടുകഴുതയെപ്പോലുള്ള* ഒരുവനായിത്തീരും. അവന്റെ കൈ എല്ലാവർക്കും എതിരായിരിക്കും; എല്ലാവരുടെയും കൈ അവനും എതിരായിരിക്കും. അവന്റെ എല്ലാ സഹോദരന്മാർക്കും എതിരായി അവൻ താമസിക്കും.”
13 അപ്പോൾ ഹാഗാർ, “എന്നെ കാണുന്നവനെ ഞാൻ ഇവിടെ കണ്ടോ” എന്നു സ്വയം ചോദിച്ചു. അതിനാൽ, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന യഹോവയെ, “അങ്ങ് എല്ലാം കാണുന്ന ദൈവം”*+ എന്നു വിളിച്ചു. 14 അങ്ങനെയാണ് ആ കിണറിനു ബേർ-ലഹയീ-രോയി* എന്ന പേര് വന്നത്. (കാദേശിനും ബേരെദിനും ഇടയിലാണ് അത്.) 15 പിന്നീട് ഹാഗാർ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഹാഗാരിൽ ഉണ്ടായ മകന് അബ്രാം യിശ്മായേൽ+ എന്നു പേരിട്ടു. 16 ഹാഗാർ യിശ്മായേലിനെ പ്രസവിക്കുമ്പോൾ അബ്രാമിന് 86 വയസ്സായിരുന്നു.
17 അബ്രാമിന് 99 വയസ്സുള്ളപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്. നീ എന്റെ മുമ്പാകെ നേരോടെ നടന്ന് നിഷ്കളങ്കനാണെന്നു* തെളിയിക്കുക. 2 ഞാനും നീയും തമ്മിലുള്ള എന്റെ ഉടമ്പടി+ ഞാൻ ഉറപ്പിക്കുകയും നിന്നെ വളരെയധികം വർധിപ്പിക്കുകയും ചെയ്യും.”+
3 അപ്പോൾ അബ്രാം കമിഴ്ന്നുവീണ് നമസ്കരിച്ചു. ദൈവം അബ്രാമിനോട് ഇങ്ങനെയും പറഞ്ഞു: 4 “ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ.+ ഉറപ്പായും നീ അനേകം ജനതകൾക്കു പിതാവായിത്തീരും.+ 5 നിന്റെ പേര് ഇനി അബ്രാം* എന്നല്ല, അബ്രാഹാം* എന്നാകും. കാരണം ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കും. 6 നിന്നെ സന്താനസമൃദ്ധിയുള്ളവനാക്കി വളരെയധികം വർധിപ്പിക്കും. നിന്നിൽനിന്ന് ജനതകൾ രൂപംകൊള്ളും; രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും.+
7 “നിന്റെയും നിന്റെ സന്തതിയുടെയും* ദൈവമായിരിക്കുമെന്ന ഉടമ്പടി ഞാൻ പാലിക്കും. ഇതു നിന്നോടും+ തലമുറകളോളം നിന്റെ സന്തതിയോടും* ഉള്ള എന്റെ ശാശ്വതമായ ഉടമ്പടിയായിരിക്കും. 8 നീ പരദേശിയായി+ താമസിക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള ഒരു അവകാശമായി നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും.”+
9 ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നീ എന്റെ ഉടമ്പടി പാലിക്കണം; നിന്റെ സന്തതിയും* തലമുറതലമുറയോളം എന്റെ ഉടമ്പടി പാലിക്കണം. 10 ഞാനും നിങ്ങളും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാണ്: നിങ്ങൾക്കിടയിലുള്ള ആണുങ്ങളെല്ലാം പരിച്ഛേദനയേൽക്കണം.*+ നിങ്ങളും നിങ്ങളുടെ സന്തതികളും* ഈ ഉടമ്പടി പാലിക്കണം. 11 നിങ്ങൾ നിങ്ങളുടെ അഗ്രചർമം മുറിച്ചുകളയണം. അതു ഞാനും നിങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും.+ 12 നിങ്ങൾക്കിടയിൽ എട്ടു ദിവസം പ്രായമായ ആൺകുട്ടികളെല്ലാം പരിച്ഛേദനയേൽക്കണം.+ നിങ്ങളുടെ വീട്ടിൽ ജനിച്ചവരായാലും അന്യദേശക്കാരിൽനിന്ന് വിലയ്ക്കു വാങ്ങിയ, നിന്റെ സന്തതി* അല്ലാത്തവരായാലും തലമുറതോറും ഇതു ചെയ്യണം. 13 നിന്റെ വീട്ടിൽ ജനിച്ചവരായാലും നീ വിലയ്ക്കു വാങ്ങിയവരായാലും ആണുങ്ങളൊക്കെയും പരിച്ഛേദനയേൽക്കണം.+ നിങ്ങളുടെ ശരീരത്തിലുള്ള ഈ അടയാളം എന്റെ ഉടമ്പടിയുടെ തെളിവായിരിക്കും. 14 ആരെങ്കിലും പരിച്ഛേദനയേൽക്കുന്നില്ലെങ്കിൽ അവനെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.* അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നല്ലോ.”
15 പിന്നെ ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ ഭാര്യ സാറായിയെ+ നീ ഇനി സാറായി* എന്നു വിളിക്കരുത്. കാരണം അവളുടെ പേര് സാറ* എന്നാകും. 16 അവളെ ഞാൻ അനുഗ്രഹിക്കുകയും അവളിലൂടെ നിനക്ക് ഒരു മകനെ തരുകയും ചെയ്യും.+ ഞാൻ അവളെ അനുഗ്രഹിക്കും; അവൾ അനേകം ജനതകൾക്കും രാജാക്കന്മാർക്കും മാതാവായിത്തീരും.” 17 അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണ് നമസ്കരിച്ചു. അബ്രാഹാം ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു:+ “100 വയസ്സുള്ള ഒരാൾക്കു കുട്ടി ഉണ്ടാകുമോ? 90 വയസ്സുള്ള സാറ പ്രസവിക്കുമോ?”+
18 അബ്രാഹാം സത്യദൈവത്തോട്, “യിശ്മായേൽ+ അങ്ങയുടെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു. 19 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ ഭാര്യ സാറതന്നെ നിനക്ക് ഒരു മകനെ പ്രസവിക്കും. നീ അവനു യിസ്ഹാക്ക്*+ എന്നു പേരിടണം. ഞാൻ എന്റെ ഉടമ്പടി അവനുമായി ഉറപ്പിക്കും. അത് അവനു ശേഷം അവന്റെ സന്തതിയോടുള്ള* നിത്യമായ ഉടമ്പടിയായിരിക്കും.+ 20 യിശ്മായേലിനെക്കുറിച്ചുള്ള നിന്റെ അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിച്ച് സന്താനസമൃദ്ധിയുള്ളവനാക്കി വളരെയധികം വർധിപ്പിക്കും. അവന് 12 തലവന്മാർ ജനിക്കും; അവനെ ഞാൻ ഒരു മഹാജനതയാക്കും.+ 21 എന്നാൽ എന്റെ ഉടമ്പടി ഞാൻ ഉറപ്പിക്കുന്നത് അടുത്ത വർഷം ഇതേ സമയത്ത്+ സാറ നിനക്കു പ്രസവിക്കുന്ന യിസ്ഹാക്കിനോടായിരിക്കും.”+
22 അബ്രാഹാമിനോടു സംസാരിച്ചുതീർന്നശേഷം ദൈവം അബ്രാഹാമിനെ വിട്ട് ഉയർന്നു. 23 ദൈവം പറഞ്ഞതുപോലെ, അന്നേ ദിവസംതന്നെ അബ്രാഹാം വീട്ടിലുള്ള ആണുങ്ങളെയെല്ലാം—മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച എല്ലാ പുരുഷന്മാരെയും താൻ വിലയ്ക്കു വാങ്ങിയ എല്ലാവരെയും—പരിച്ഛേദന ചെയ്തു.+ 24 പരിച്ഛേദനയേറ്റപ്പോൾ അബ്രാഹാമിന് 99 വയസ്സായിരുന്നു,+ 25 അബ്രാഹാമിന്റെ മകനായ യിശ്മായേലിന് 13 വയസ്സും.+ 26 അബ്രാഹാം പരിച്ഛേദനയേറ്റ അന്നുതന്നെയാണു മകനായ യിശ്മായേലും പരിച്ഛേദനയേറ്റത്. 27 അബ്രാഹാമിന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാം—അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും—അബ്രാഹാമിനോടൊപ്പം പരിച്ഛേദനയേറ്റു.
18 പിന്നീട് ഒരു ദിവസം നട്ടുച്ചനേരത്ത് അബ്രാഹാം മമ്രേയിലെ+ വലിയ മരങ്ങൾക്കിടയിൽ കൂടാരവാതിൽക്കൽ ഇരിക്കുമ്പോൾ യഹോവ+ പ്രത്യക്ഷപ്പെട്ടു. 2 അബ്രാഹാം നോക്കിയപ്പോൾ കുറച്ച് അകലെ മൂന്നു പുരുഷന്മാർ നിൽക്കുന്നതു കണ്ടു.+ അവരെ സ്വീകരിക്കാൻ അബ്രാഹാം കൂടാരവാതിൽക്കൽനിന്ന് അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. നിലംവരെ കുമ്പിട്ടശേഷം 3 അബ്രാഹാം പറഞ്ഞു: “യഹോവേ, അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ഈ ദാസനെ കടന്നുപോകരുതേ. 4 കുറച്ച് വെള്ളം കൊണ്ടുവന്ന് നിങ്ങളുടെ കാൽ കഴുകാൻ+ അനുവദിച്ചാലും. പിന്നെ നിങ്ങൾക്ക് ഈ മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുകയുമാകാം. 5 നിങ്ങൾ ഈ ദാസന്റെ അടുത്ത് വന്നിരിക്കുന്നല്ലോ. ഇപ്പോൾ, ക്ഷീണം അകറ്റാനായി* ഞാൻ ഒരു കഷണം അപ്പം കൊണ്ടുവരട്ടേ? അതിനു ശേഷം നിങ്ങൾക്കു യാത്ര തുടരാം.” അപ്പോൾ അവർ പറഞ്ഞു: “ശരി, നീ പറഞ്ഞതുപോലെയാകട്ടെ.”
6 അങ്ങനെ അബ്രാഹാം തിടുക്കത്തിൽ കൂടാരത്തിലേക്കു ചെന്ന് സാറയോട്, “പെട്ടെന്നാകട്ടെ! മൂന്നു പാത്രം* നേർത്ത ധാന്യപ്പൊടി കുഴച്ച് അപ്പം ഉണ്ടാക്കൂ” എന്നു പറഞ്ഞു. 7 പിന്നെ അബ്രാഹാം കന്നുകാലിക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് നല്ലൊരു കാളക്കിടാവിനെ പിടിച്ച് പരിചാരകനു കൊടുത്തു. അദ്ദേഹം അതു തിടുക്കത്തിൽ പാകം ചെയ്തു. 8 അതിനു ശേഷം അബ്രാഹാം വെണ്ണയും പാലും പാകം ചെയ്ത മാംസവും കൊണ്ടുവന്ന് അവരുടെ മുമ്പിൽ വിളമ്പി. അവർ ഭക്ഷണം കഴിക്കുമ്പോൾ അബ്രാഹാം അവർക്കരികെ മരച്ചുവട്ടിൽ നിന്നു.+
9 അവർ അബ്രാഹാമിനോട്, “നിന്റെ ഭാര്യ സാറ+ എവിടെ” എന്നു ചോദിച്ചു. “ഇവിടെ കൂടാരത്തിലുണ്ട്” എന്ന് അബ്രാഹാം പറഞ്ഞു. 10 അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “അടുത്ത വർഷം ഇതേ സമയത്ത് ഞാൻ നിങ്ങളുടെ അടുത്ത് തിരിച്ചുവരും. സാറയ്ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.”+ ഇതെല്ലാം കേട്ടുകൊണ്ട് അബ്രാഹാമിന്റെ ഭാര്യ സാറ കൂടാരവാതിൽക്കൽ ആ പുരുഷന്റെ പുറകിലായി നിൽക്കുന്നുണ്ടായിരുന്നു. 11 അബ്രാഹാമിനും സാറയ്ക്കും ഒരുപാടു പ്രായമായിരുന്നു;+ സാറയ്ക്കു മക്കൾ ഉണ്ടാകാനുള്ള പ്രായം കഴിഞ്ഞുപോയിരുന്നു.*+ 12 അതിനാൽ ഉള്ളിൽ ചിരിച്ചുകൊണ്ട് സാറ ഇങ്ങനെ സ്വയം പറഞ്ഞു: “എനിക്കു നല്ല പ്രായമായി, എന്റെ യജമാനനും വയസ്സായി. എനിക്ക് ഇനി ആ ആനന്ദം ഉണ്ടാകുമെന്നോ!”+ 13 അപ്പോൾ യഹോവ അബ്രാഹാമിനോടു ചോദിച്ചു: “‘വയസ്സായ എനിക്കു കുട്ടിയുണ്ടാകുമോ’ എന്നു പറഞ്ഞ് സാറ ചിരിച്ചത് എന്തിനാണ്? 14 യഹോവയ്ക്ക് അസാധ്യമായ എന്തെങ്കിലുമുണ്ടോ?+ ഞാൻ പറഞ്ഞതുപോലെ അടുത്ത വർഷം ഇതേ സമയത്ത് ഞാൻ നിങ്ങളുടെ അടുത്ത് തിരിച്ചുവരും; സാറയ്ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.” 15 എന്നാൽ പേടിച്ചുപോയതുകൊണ്ട് സാറ അതു നിഷേധിച്ചു. “ഞാൻ ചിരിച്ചില്ല” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം, “അല്ല, ചിരിച്ചു” എന്നു പറഞ്ഞു.
16 പിന്നെ ആ പുരുഷന്മാർ പോകാനായി എഴുന്നേറ്റു; അബ്രാഹാം അവരോടൊപ്പം കുറച്ച് ദൂരം നടന്നുചെന്ന് അവരെ യാത്രയയച്ചു. അവർ സൊദോമിലേക്കു നോക്കി.+ 17 അപ്പോൾ യഹോവ പറഞ്ഞു: “ഞാൻ ചെയ്യാൻപോകുന്ന കാര്യം അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ?+ 18 കാരണം അബ്രാഹാം ശ്രേഷ്ഠവും പ്രബലവും ആയ ഒരു ജനതയാകും. അവനിലൂടെ ഭൂമിയിലുള്ള ജനതകളെല്ലാം അനുഗ്രഹം നേടും.*+ 19 നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കാൻ അവൻ പുത്രന്മാരോടും വീട്ടിലുള്ളവരോടും കല്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്.+ കാരണം എനിക്ക് അവനെ നന്നായി അറിയാം. അതുകൊണ്ടുതന്നെ, യഹോവ എന്ന ഞാൻ അബ്രാഹാമിനെക്കുറിച്ചുള്ള എന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കും.”
20 പിന്നെ യഹോവ പറഞ്ഞു: “സൊദോമിനും ഗൊമോറയ്ക്കും എതിരെയുള്ള മുറവിളി ഉച്ചത്തിലായിരിക്കുന്നു.+ അവരുടെ പാപം വളരെ വലുതാണ്.+ 21 എന്റെ അടുത്ത് എത്തിയ മുറവിളിപോലെയാണോ അവർ പ്രവർത്തിക്കുന്നതെന്ന് അറിയാൻ ഞാൻ ഇറങ്ങിച്ചെല്ലും. അങ്ങനെയല്ലെങ്കിൽ എനിക്ക് അത് അറിയാൻ കഴിയുമല്ലോ.”+
22 പിന്നെ ആ പുരുഷന്മാർ* അവിടെനിന്ന് സൊദോമിലേക്കു പോയി. യഹോവ+ അബ്രാഹാമിന്റെകൂടെ നിന്നു. 23 അപ്പോൾ അബ്രാഹാം അടുത്ത് ചെന്ന് ദൈവത്തോടു ചോദിച്ചു: “ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെയും അങ്ങ് നശിപ്പിച്ചുകളയുമോ?+ 24 ആ നഗരത്തിൽ 50 നീതിമാന്മാരുണ്ടെന്നിരിക്കട്ടെ. അങ്ങ് അതിലെ ജനങ്ങളെയെല്ലാം നശിപ്പിക്കുമോ? അവിടത്തെ 50 നീതിമാന്മാരെപ്രതി അങ്ങ് ആ സ്ഥലത്തോടു ക്ഷമിക്കില്ലേ? 25 നീതിമാന്മാരെ ദുഷ്ടന്മാരുടെകൂടെ നശിപ്പിച്ചുകൊണ്ട് ഈ വിധത്തിൽ പ്രവർത്തിക്കാൻ അങ്ങയ്ക്കു കഴിയില്ലല്ലോ! അങ്ങനെ ചെയ്താൽ, നീതിമാന്റെയും ദുഷ്ടന്റെയും അവസ്ഥ ഒന്നുതന്നെയായിപ്പോകും.+ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് അങ്ങയ്ക്കു ചിന്തിക്കാൻപോലും കഴിയില്ല.+ സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”+ 26 അപ്പോൾ യഹോവ പറഞ്ഞു: “സൊദോം നഗരത്തിൽ 50 നീതിമാന്മാരെ കണ്ടാൽ അവരെപ്രതി ഞാൻ ആ പ്രദേശത്തോടു മുഴുവൻ ക്ഷമിക്കും.” 27 എന്നാൽ അബ്രാഹാം വീണ്ടും പറഞ്ഞു: “വെറും പൊടിയും ചാരവും ആയ ഞാൻ ഇതാ, യഹോവയോടു സംസാരിക്കാൻ തുനിഞ്ഞിരിക്കുന്നു. 28 അവിടെ 50 നീതിമാന്മാരിൽ അഞ്ചു പേർ കുറവാണെങ്കിലോ? ആ അഞ്ചു പേരുടെ കുറവ് കാരണം അങ്ങ് നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?” അപ്പോൾ ദൈവം പറഞ്ഞു: “45 പേരുണ്ടെങ്കിൽ ഞാൻ അവിടം നശിപ്പിക്കില്ല.”+
29 എന്നാൽ പിന്നെയും അബ്രാഹാം ദൈവത്തോടു സംസാരിച്ചു. അബ്രാഹാം ചോദിച്ചു: “അവിടെ 40 പേരേ ഉള്ളൂ എങ്കിലോ?” ദൈവം പറഞ്ഞു: “ആ 40 പേരെ ഓർത്ത് ഞാൻ അങ്ങനെ ചെയ്യില്ല.” 30 അബ്രാഹാം തുടർന്നു: “യഹോവേ, കോപിക്കരുതേ.+ ഇനിയും സംസാരിക്കാൻ എന്നെ അനുവദിക്കേണമേ. അവിടെ 30 പേരേ ഉള്ളൂ എങ്കിലോ?” ദൈവം പറഞ്ഞു: “അവിടെ 30 പേരെ കണ്ടെത്തുന്നെങ്കിൽ ഞാൻ അതു ചെയ്യില്ല.” 31 എന്നാൽ അബ്രാഹാം പിന്നെയും പറഞ്ഞു: “ഇതാ, ഞാൻ യഹോവയോടു സംസാരിക്കാൻ ധൈര്യം കാണിച്ചിരിക്കുന്നു. അവിടെ 20 പേരേ ഉള്ളൂ എങ്കിലോ?” ദൈവം മറുപടി പറഞ്ഞു: “ആ 20 പേരെ ഓർത്ത് ഞാൻ അവിടം നശിപ്പിക്കില്ല.” 32 ഒടുവിൽ അബ്രാഹാം: “യഹോവേ, കോപിക്കരുതേ. ഒരിക്കൽക്കൂടി സംസാരിക്കാൻ എന്നെ അനുവദിക്കേണമേ. അവിടെ പത്തു പേർ മാത്രമാണുള്ളത് എങ്കിലോ?” ദൈവം പറഞ്ഞു: “ആ പത്തു പേരെ ഓർത്ത് ഞാൻ അതു നശിപ്പിക്കില്ല.” 33 അബ്രാഹാമിനോടു സംസാരിച്ചുതീർന്നശേഷം യഹോവ അവിടം വിട്ട് പോയി;+ അബ്രാഹാം തന്റെ സ്ഥലത്തേക്കു മടങ്ങി.
19 വൈകുന്നേരമായപ്പോൾ ആ രണ്ടു ദൈവദൂതന്മാരും സൊദോമിൽ എത്തി. ലോത്ത് അപ്പോൾ സൊദോമിന്റെ കവാടത്തിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ലോത്ത് എഴുന്നേറ്റുചെന്ന് അവരെ സ്വീകരിച്ചു, മുഖം നിലത്ത് മുട്ടുംവിധം കുമ്പിട്ട് അവരെ നമസ്കരിച്ചു.+ 2 എന്നിട്ട് ലോത്ത് പറഞ്ഞു: “യജമാനന്മാരേ, ഈ ദാസന്റെ വീട്ടിലേക്കു വന്ന് രാത്രിതങ്ങിയാലും. അവിടെ നിങ്ങളുടെ കാൽ കഴുകുകയും ചെയ്യാം. അതിരാവിലെ എഴുന്നേറ്റ് നിങ്ങൾക്കു യാത്ര തുടരാമല്ലോ.” അപ്പോൾ അവർ, “വേണ്ടാ, രാത്രി ഞങ്ങൾ വഴിയോരത്ത്* കഴിഞ്ഞുകൊള്ളാം” എന്നു പറഞ്ഞു. 3 എന്നാൽ കുറെ നിർബന്ധിച്ചപ്പോൾ അവർ ലോത്തിനോടൊപ്പം ലോത്തിന്റെ വീട്ടിലേക്കു പോയി. ലോത്ത് അവർക്ക് ഒരു വിരുന്ന് ഒരുക്കി; അവർക്കുവേണ്ടി പുളിപ്പില്ലാത്ത* അപ്പം ചുട്ടു. അവർ അതു കഴിച്ചു.
4 അവർ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് സൊദോം നഗരത്തിലെ പുരുഷന്മാരെല്ലാം—ബാലന്മാർമുതൽ വൃദ്ധന്മാർവരെ എല്ലാവരും—കൂട്ടത്തോടെ വന്ന് വീടു വളഞ്ഞു. 5 അവർ ലോത്തിനോട് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “നിന്റെ വീട്ടിൽ രാത്രിതങ്ങാൻ വന്ന പുരുഷന്മാർ എവിടെ? അവരെ പുറത്ത് കൊണ്ടുവരൂ. ഞങ്ങൾക്ക് അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണം; അവരെ വിട്ടുതരൂ.”+
6 അപ്പോൾ ലോത്ത് പുറത്ത് ഇറങ്ങി വാതിൽ അടച്ചശേഷം അവരുടെ അടുത്ത് ചെന്ന് 7 പറഞ്ഞു: “എന്റെ സഹോദരന്മാരേ, വഷളത്തം കാണിക്കരുതേ! 8 കന്യകമാരായ രണ്ടു പെൺമക്കൾ എനിക്കുണ്ട്. അവരെ ഞാൻ നിങ്ങളുടെ അടുത്ത് കൊണ്ടുവരാം; നിങ്ങൾക്ക് ഇഷ്ടമുള്ളത് അവരോടു ചെയ്തുകൊള്ളൂ. ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുതേ. അവർ എന്റെ കൂരയ്ക്കു കീഴിൽ* അഭയം തേടിയവരാണല്ലോ.”+ 9 അപ്പോൾ അവർ ആക്രോശിച്ചുകൊണ്ട്, “മാറി നിൽക്ക്! ഇവിടെ ഒറ്റയ്ക്കു വന്നുതാമസിക്കുന്ന, വെറുമൊരു പരദേശിയായ ഇവൻ നമ്മളെ വിധിക്കാൻ മുതിരുന്നു! ഇപ്പോൾ, അവരോടു ചെയ്യുന്നതിനെക്കാൾ മോശമായി ഞങ്ങൾ നിന്നോടു പെരുമാറും” എന്നു പറഞ്ഞു. അവർ ലോത്തിനെ തിക്കിഞെരുക്കി വാതിൽ തകർക്കാൻ അടുത്തു. 10 അപ്പോൾ ആ ദൂതന്മാർ കൈ നീട്ടി ലോത്തിനെ വീട്ടിനുള്ളിലേക്കു വലിച്ചുകയറ്റി വാതിൽ അടച്ചു. 11 വീട്ടുവാതിൽക്കലുണ്ടായിരുന്ന ആളുകൾക്കു മുഴുവൻ, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവർക്കും, അവർ അന്ധത പിടിപ്പിച്ചു. അങ്ങനെ ജനം വാതിൽ തപ്പിനടന്ന് വലഞ്ഞു.
12 ദൈവദൂതന്മാർ ലോത്തിനോട്: “നിങ്ങൾക്ക് ഇവിടെ മറ്റാരെങ്കിലുമുണ്ടോ? മരുമക്കളെയും ആൺമക്കളെയും പെൺമക്കളെയും ഈ നഗരത്തിൽ നിനക്കുള്ള എല്ലാവരെയും കൂട്ടി ഇവിടെനിന്ന് പുറത്ത് കടക്കുക! 13 ഞങ്ങൾ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്. ഇവർക്കെതിരെയുള്ള മുറവിളി യഹോവയുടെ മുമ്പാകെ+ എത്തിയതിനാൽ* ഈ നഗരത്തെ നശിപ്പിക്കാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുകയാണ്.” 14 അപ്പോൾ ലോത്ത് ചെന്ന് തന്റെ പെൺമക്കളെ വിവാഹം കഴിക്കാനിരുന്ന മരുമക്കളോടു സംസാരിച്ചു. “പെട്ടെന്ന് ഇവിടെനിന്ന് പുറത്ത് കടക്കുക; യഹോവ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്” എന്നു ലോത്ത് അവരോടു പറഞ്ഞു. പലവട്ടം പറഞ്ഞെങ്കിലും ലോത്ത് തമാശ പറയുകയാണെന്ന് അവർ കരുതി.+
15 എന്നാൽ വെട്ടം വീണുതുടങ്ങിയപ്പോൾ ദൈവദൂതന്മാർ ധൃതികൂട്ടി; അവർ ലോത്തിനോടു പറഞ്ഞു: “വേഗമാകട്ടെ, ഭാര്യയെയും നിന്നോടൊപ്പമുള്ള രണ്ടു പെൺമക്കളെയും കൂട്ടി ഇവിടെനിന്ന് പോകുക. അല്ലെങ്കിൽ ഈ നഗരത്തിന്റെ ദുഷ്ചെയ്തികൾ കാരണം നിങ്ങളും നശിക്കും.”+ 16 പക്ഷേ ലോത്ത് മടിച്ചുനിന്നു. എന്നാൽ യഹോവ കരുണ കാണിച്ചതിനാൽ+ ആ പുരുഷന്മാർ ലോത്തിനെയും ഭാര്യയെയും ലോത്തിന്റെ രണ്ടു പെൺമക്കളെയും കൈക്കു പിടിച്ച് നഗരത്തിനു വെളിയിൽ കൊണ്ടുവന്നു.+ 17 അവരെ അതിർത്തിയിൽ എത്തിച്ച ഉടനെ ദൂതന്മാരിൽ ഒരാൾ പറഞ്ഞു: “ജീവനുംകൊണ്ട് രക്ഷപ്പെട്ടോ! തിരിഞ്ഞുനോക്കുകയോ+ ഈ പ്രദേശത്തെങ്ങും+ നിൽക്കുകയോ അരുത്! നിങ്ങൾ നശിക്കാതിരിക്കാൻ മലകളിലേക്ക് ഓടിപ്പോകുക!”
18 അപ്പോൾ ലോത്ത് അവരോടു പറഞ്ഞു: “അരുത് യഹോവേ, എന്നെ അങ്ങോട്ട് അയയ്ക്കരുതേ! 19 എനിക്ക് അങ്ങയുടെ പ്രീതി ലഭിച്ചിരിക്കുന്നല്ലോ. എന്നെ ജീവനോടെ രക്ഷിച്ചുകൊണ്ട്+ അങ്ങ് എന്നോടു മഹാദയയും* കാണിച്ചിരിക്കുന്നു. പക്ഷേ മലനാട്ടിലേക്ക് ഓടിപ്പോകാൻ എനിക്കു സാധിക്കില്ല. എന്തെങ്കിലും അപകടം വന്ന് ഞാൻ മരിച്ചുപോകുമോ എന്ന് എനിക്കു ഭയം തോന്നുന്നു.+ 20 ഇതാ, ഈ പട്ടണം അടുത്താണ്. അവിടേക്ക് എനിക്ക് ഓടിപ്പോകാൻ കഴിയും; അതു ചെറിയ സ്ഥലമാണല്ലോ. ഞാൻ അങ്ങോട്ട് ഓടിപ്പൊയ്ക്കൊള്ളട്ടേ? അതൊരു ചെറിയ സ്ഥലമല്ലേ? അങ്ങനെ എനിക്ക് രക്ഷപ്പെടാനാകും.” 21 അപ്പോൾ ദൂതൻ പറഞ്ഞു: “ശരി, ഇക്കാര്യത്തിലും ഞാൻ പരിഗണന കാണിക്കും;+ നീ പറഞ്ഞ പട്ടണം ഞാൻ നശിപ്പിക്കില്ല.+ 22 വേഗം അവിടേക്കു രക്ഷപ്പെടുക; നീ അവിടെ എത്തുംവരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”+ അതുകൊണ്ട് ലോത്ത് ആ പട്ടണത്തിനു സോവർ*+ എന്നു പേരിട്ടു.
23 ലോത്ത് സോവരിലെത്തിയപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24 അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്നുതന്നെ, സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും* വർഷിച്ചു.+ 25 അങ്ങനെ, ദൈവം ആ നഗരങ്ങൾ നശിപ്പിച്ചു; അവിടെയുള്ള ജനങ്ങളും സസ്യങ്ങളും സഹിതം ആ പ്രദേശം മുഴുവൻ കത്തിച്ച് ചാമ്പലാക്കി.+ 26 ലോത്തിന്റെ ഭാര്യ ലോത്തിന്റെ പിന്നാലെയുണ്ടായിരുന്നു. എന്നാൽ പുറകോട്ടു തിരിഞ്ഞുനോക്കിയ അവൾ ഉപ്പുതൂണായിത്തീർന്നു.+
27 അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ മുമ്പാകെ നിന്നിരുന്ന സ്ഥലത്ത്+ ചെന്ന് 28 താഴേക്ക്, സൊദോമിലേക്കും ഗൊമോറയിലേക്കും ആ പ്രദേശത്തെ മറ്റു നഗരങ്ങളിലേക്കും, നോക്കി. അപ്പോൾ അബ്രാഹാം ഭയങ്കരമായൊരു കാഴ്ച കണ്ടു. അതാ, ചൂളയിൽനിന്നെന്നപോലെ ആ പ്രദേശത്തുനിന്ന് കനത്ത പുക ഉയരുന്നു!+ 29 ലോത്ത് താമസിച്ചിരുന്ന പ്രദേശത്തെ നഗരങ്ങൾ നശിപ്പിച്ചപ്പോൾ ലോത്തിനെ രക്ഷിച്ചുകൊണ്ട്+ ദൈവം ഇങ്ങനെ അബ്രാഹാമിനെ ഓർത്തു.
30 സോവരിൽ+ താമസിക്കാൻ ഭയമായിരുന്നതുകൊണ്ട് ലോത്ത് രണ്ടു പെൺമക്കളെയും കൂട്ടി സോവരിൽനിന്ന് മലനാട്ടിലേക്കു പോയി അവിടെ താമസംതുടങ്ങി.+ ലോത്ത് പെൺമക്കളോടൊപ്പം ഒരു ഗുഹയിൽ താമസിച്ചു. 31 പിന്നീട് മൂത്ത മകൾ ഇളയവളോടു പറഞ്ഞു: “നമ്മുടെ അപ്പനു വയസ്സായി. ഭൂമിയിലെങ്ങുമുള്ള നടപ്പനുസരിച്ച് നമ്മളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ഈ ദേശത്ത് പുരുഷന്മാർ ആരുമില്ല. 32 വരൂ, നമുക്ക് അപ്പനെ വീഞ്ഞു കുടിപ്പിച്ചിട്ട് അപ്പനോടൊപ്പം കിടക്കാം. അങ്ങനെ അപ്പന്റെ കുടുംബപരമ്പര നിലനിറുത്താം.”
33 അങ്ങനെ അവർ അന്നു രാത്രി അപ്പനു കുറെ വീഞ്ഞു കൊടുത്തു. പിന്നെ മൂത്ത മകൾ അകത്ത് ചെന്ന് അപ്പനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പക്ഷേ അവൾ വന്ന് കിടന്നതോ എഴുന്നേറ്റ് പോയതോ ലോത്ത് അറിഞ്ഞില്ല. 34 പിറ്റെ ദിവസം മൂത്തവൾ ഇളയവളോടു പറഞ്ഞു: “കഴിഞ്ഞ രാത്രി ഞാൻ അപ്പനോടൊപ്പം കിടന്നു. ഇന്നു രാത്രിയും നമുക്ക് അപ്പനു വീഞ്ഞു കൊടുക്കാം. നീ ഇന്ന് അകത്ത് ചെന്ന് അപ്പനോടൊപ്പം കിടക്കണം. അങ്ങനെ നമുക്ക് അപ്പന്റെ കുടുംബപരമ്പര നിലനിറുത്താം.” 35 ആ രാത്രിയും അവർ അപ്പനു വീണ്ടുംവീണ്ടും വീഞ്ഞു കൊടുത്തു. പിന്നെ ഇളയവൾ ചെന്ന് ലോത്തുമായി ബന്ധപ്പെട്ടു. അവൾ വന്ന് കിടന്നതോ എഴുന്നേറ്റ് പോയതോ ലോത്ത് അറിഞ്ഞില്ല. 36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+ 38 ഇളയവളും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവൾ അവനു ബൻ-അമ്മി എന്നു പേരിട്ടു. അവനാണ് ഇന്നുള്ള അമ്മോന്യരുടെ പൂർവികൻ.+
20 പിന്നെ അബ്രാഹാം കൂടാരം അവിടെനിന്ന്+ നെഗെബ് ദേശത്തേക്കു മാറ്റി, കാദേശിനും+ ശൂരിനും+ ഇടയിൽ താമസംതുടങ്ങി. ഗരാരിൽ+ താമസിക്കുമ്പോൾ* 2 അബ്രാഹാം പിന്നെയും ഭാര്യ സാറയെക്കുറിച്ച്, “ഇത് എന്റെ പെങ്ങളാണ്”+ എന്നു പറഞ്ഞു. അതിനാൽ ഗരാരിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി.+ 3 പിന്നീട് ദൈവം രാത്രി ഒരു സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുത്ത് വന്ന് പറഞ്ഞു: “നീ കൂട്ടിക്കൊണ്ടുവന്ന സ്ത്രീ കാരണം+ നീ ഇതാ മരിക്കാൻപോകുന്നു; അവൾ വിവാഹിതയും മറ്റൊരാളുടെ അവകാശവും ആണ്.”+ 4 എന്നാൽ അബീമേലെക്ക് അതുവരെ അവളുടെ അടുത്ത് ചെന്നിട്ടില്ലായിരുന്നു.* അതിനാൽ അബീമേലെക്ക് പറഞ്ഞു: “യഹോവേ, നിരപരാധികളായ* ഒരു ജനതയെ അങ്ങ് കൊന്നുകളയുമോ? 5 ‘ഇത് എന്റെ പെങ്ങളാണ്’ എന്ന് അബ്രാഹാമും ‘ഇത് എന്റെ ആങ്ങളയാണ്’ എന്നു സാറയും പറഞ്ഞല്ലോ. ശുദ്ധമായ ഹൃദയത്തോടെയും നിർമലമായ കരങ്ങളോടെയും ആണ് ഞാൻ ഇതു ചെയ്തത്.” 6 അപ്പോൾ സത്യദൈവം സ്വപ്നത്തിൽ അബീമേലെക്കിനോടു പറഞ്ഞു: “ശുദ്ധമായ ഹൃദയത്തോടെയാണു നീ ഇതു ചെയ്തതെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് എനിക്ക് എതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞത്, അവളെ തൊടാൻ നിന്നെ അനുവദിക്കാതിരുന്നത്. 7 നീ അവന്റെ ഭാര്യയെ തിരികെ കൊടുക്കുക; കാരണം അവൻ ഒരു പ്രവാചകനാണ്.+ അവൻ നിനക്കുവേണ്ടി അപേക്ഷിക്കുകയും+ നീ ജീവിച്ചിരിക്കുകയും ചെയ്യും. എന്നാൽ നീ അവളെ തിരികെ കൊടുക്കുന്നില്ലെങ്കിൽ നീയും നിനക്കുള്ള എല്ലാവരും മരിക്കും എന്ന് അറിഞ്ഞുകൊള്ളുക.”
8 അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് ദാസന്മാരെയെല്ലാം വിളിച്ചുകൂട്ടി ഇക്കാര്യങ്ങളെല്ലാം അറിയിച്ചു; അവർ ആകെ ഭയന്നുപോയി. 9 പിന്നെ അബീമേലെക്ക് അബ്രാഹാമിനെ വിളിച്ചുവരുത്തിയിട്ട് പറഞ്ഞു: “താങ്കൾ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? എന്റെയും എന്റെ രാജ്യത്തിന്റെയും മേൽ ഇത്ര വലിയൊരു പാപം വരുത്തിവെക്കാൻ ഞാൻ താങ്കളോട് എന്തു തെറ്റാണു ചെയ്തത്? താങ്കൾ എന്നോട് ഈ ചെയ്തത് ഒട്ടും ശരിയായില്ല.” 10 തുടർന്ന് അബീമേലെക്ക് ചോദിച്ചു: “എന്ത് ഉദ്ദേശ്യത്തിലാണു താങ്കൾ ഇതു ചെയ്തത്?”+ 11 അപ്പോൾ അബ്രാഹാം പറഞ്ഞു: “‘ഇതു ദൈവഭയമില്ലാത്ത നാടാണ്, എന്റെ ഭാര്യ കാരണം ഇവർ എന്നെ കൊല്ലും’+ എന്നു വിചാരിച്ചതുകൊണ്ടാണു ഞാൻ ഇങ്ങനെ ചെയ്തത്. 12 മാത്രമല്ല, അവൾ യഥാർഥത്തിൽ എന്റെ പെങ്ങളാണ്, എന്റെ അപ്പന്റെ മകൾ. എന്നാൽ എന്റെ അമ്മയുടെ മകളല്ല. അവളെ ഞാൻ വിവാഹം കഴിച്ചു.+ 13 എന്റെ അപ്പന്റെ വീടു വിട്ട്+ യാത്ര ചെയ്യാൻ ദൈവം എന്നോട് ആവശ്യപ്പെട്ടപ്പോൾ, ‘നമ്മൾ എവിടെപ്പോയാലും നീ എന്നോട് അചഞ്ചലമായ സ്നേഹം കാണിക്കുകയും “ഇത് എന്റെ ആങ്ങളയാണ്”+ എന്നു പറയുകയും വേണം’ എന്നു ഞാൻ സാറയോടു പറഞ്ഞു.”
14 പിന്നെ അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു. അബ്രാഹാമിന്റെ ഭാര്യ സാറയെയും അബീമേലെക്ക് മടക്കിക്കൊടുത്തു. 15 തുടർന്ന് അബീമേലെക്ക് പറഞ്ഞു: “ഇതാ, എന്റെ ദേശം മുഴുവൻ താങ്കളുടെ മുന്നിലിരിക്കുന്നു, ഇഷ്ടമുള്ളിടത്ത് താമസിക്കാം.” 16 സാറയോട് അബീമേലെക്ക് പറഞ്ഞു: “ഇതാ, ഞാൻ നിന്റെ ആങ്ങളയ്ക്ക് 1,000 വെള്ളിക്കാശു കൊടുക്കുന്നു.+ നിന്റെ കൂടെയുള്ളവർക്കും മറ്റെല്ലാവർക്കും മുമ്പാകെ, നീ നിഷ്കളങ്കയാണ് എന്നതിന്റെ അടയാളമായിരിക്കും ഇത്.* നിന്റെ മേലുള്ള നിന്ദ നീങ്ങിയിരിക്കുന്നു.” 17 പിന്നെ അബ്രാഹാം സത്യദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചു. അങ്ങനെ അബീമേലെക്കിനെയും ഭാര്യയെയും ദാസിമാരെയും ദൈവം സുഖപ്പെടുത്തി; അവർക്കു മക്കൾ ഉണ്ടായിത്തുടങ്ങി. 18 അബ്രാഹാമിന്റെ ഭാര്യ സാറ നിമിത്തം യഹോവ അബീമേലെക്കിന്റെ വീട്ടിലുള്ള എല്ലാ സ്ത്രീകളുടെയും ഗർഭം അടച്ചിരുന്നു.+
21 പറഞ്ഞിരുന്നതുപോലെതന്നെ യഹോവ സാറയെ ഓർത്തു. വാഗ്ദാനം ചെയ്തിരുന്നത് യഹോവ സാറയ്ക്കു നിറവേറ്റിക്കൊടുത്തു.+ 2 സാറ ഗർഭിണിയായി.+ ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർധക്യത്തിൽ, ദൈവം പറഞ്ഞ സമയത്ത്, സാറ അബ്രാഹാമിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ 3 സാറ പ്രസവിച്ച കുഞ്ഞിന് അബ്രാഹാം യിസ്ഹാക്ക് എന്നു പേരിട്ടു.+ 4 ദൈവം കല്പിച്ചിരുന്നതുപോലെ, യിസ്ഹാക്കിന് എട്ടു ദിവസം പ്രായമുള്ളപ്പോൾ അബ്രാഹാം അവന്റെ അഗ്രചർമം പരിച്ഛേദന* ചെയ്തു.+ 5 യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിന് 100 വയസ്സായിരുന്നു. 6 സാറ ഇങ്ങനെ പറഞ്ഞു: “ഞാൻ ചിരിക്കാൻ ദൈവം ഇടയാക്കിയിരിക്കുന്നു. ഇതെക്കുറിച്ച് കേൾക്കുന്നവരൊക്കെയും എന്നോടൊപ്പം ചിരിക്കും.”* 7 അവൾ ഇങ്ങനെയും പറഞ്ഞു: “‘സാറ കുട്ടികളെ മുലയൂട്ടും’ എന്ന് അബ്രാഹാമിനോടു പറയാൻ ആർക്കു കഴിയുമായിരുന്നു? എന്നാൽ ഇതാ, അബ്രാഹാമിന്റെ വാർധക്യത്തിൽ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.”
8 കുട്ടി വലുതായി, മുലകുടി നിറുത്തി. യിസ്ഹാക്കിന്റെ മുലകുടി നിറുത്തിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്ന് ഒരുക്കി. 9 എന്നാൽ ഈജിപ്തുകാരിയായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ,+ തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതു+ സാറ കാണുന്നുണ്ടായിരുന്നു. 10 അതുകൊണ്ട് സാറ അബ്രാഹാമിനോടു പറഞ്ഞു: “ഈ ദാസിയെയും ഇവളുടെ മകനെയും ഇവിടെനിന്ന് ഇറക്കിവിട്. എന്റെ മകനായ യിസ്ഹാക്കിനോടൊപ്പം ഇവളുടെ മകൻ അവകാശിയാകരുത്.”+ 11 പക്ഷേ തന്റെ മകനെക്കുറിച്ച് സാറ പറഞ്ഞത് അബ്രാഹാമിന് ഒട്ടും ഇഷ്ടമായില്ല.+ 12 എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ ദാസിയെയും മകനെയും കുറിച്ച് സാറ പറയുന്ന കാര്യത്തിൽ ഇഷ്ടക്കേടു തോന്നരുത്. സാറ പറയുന്നതു കേൾക്കുക; കാരണം നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും.+ 13 എന്നാൽ, ദാസിയുടെ മകനെയും+ ഞാൻ അനുഗ്രഹിക്കും. അവനിൽനിന്ന് ഞാൻ ഒരു ജനതയെ ഉളവാക്കും;+ അവനും നിന്റെ സന്തതിയാണല്ലോ.”*
14 അങ്ങനെ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും തോൽക്കുടത്തിൽ വെള്ളവും എടുത്ത് ഹാഗാരിന്റെ തോളിൽ വെച്ചിട്ട് ഹാഗാരിനെ മകനോടൊപ്പം പറഞ്ഞയച്ചു.+ ഹാഗാർ പുറപ്പെട്ട് ബേർ-ശേബയ്ക്കടുത്തുള്ള+ മരുപ്രദേശത്ത്* അലഞ്ഞുനടന്നു. 15 ഒടുവിൽ തോൽക്കുടത്തിലെ വെള്ളം തീർന്നപ്പോൾ ഹാഗാർ കുട്ടിയെ ഒരു കുറ്റിച്ചെടിയുടെ കീഴിൽ ഉപേക്ഷിച്ചു. 16 പിന്നെ ഹാഗാർ, “എന്റെ മകൻ മരിക്കുന്നത് എനിക്കു കാണേണ്ടാ” എന്നു പറഞ്ഞ് ഏകദേശം ഒരു അമ്പേറുദൂരം ചെന്ന് അവിടെ ഇരുന്നു. അങ്ങനെ അൽപ്പം ദൂരേക്കു മാറി ഇരുന്ന ഹാഗാർ ഉറക്കെ കരയാൻതുടങ്ങി.
17 അപ്പോൾ ദൈവം കുട്ടിയുടെ ശബ്ദം ശ്രദ്ധിച്ചു.+ സ്വർഗത്തിൽനിന്ന് ദൈവദൂതൻ ഹാഗാരിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു:+ “ഹാഗാരേ, നിനക്ക് എന്തു പറ്റി? പേടിക്കേണ്ടാ, നിന്റെ മകന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. 18 നീ ചെന്ന് മകനെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കുക. കാരണം ഞാൻ അവനെ ഒരു മഹാജനതയാക്കും.”+ 19 പിന്നെ ദൈവം ഹാഗാരിന്റെ കണ്ണു തുറന്നു. ഹാഗാർ വെള്ളമുള്ള ഒരു കിണർ കണ്ടു. ഒരു തോൽക്കുടത്തിൽ വെള്ളം നിറച്ച് ഹാഗാർ മകനു കുടിക്കാൻ കൊടുത്തു. 20 കുട്ടി+ വളർന്നുവരവെ ദൈവം കൂടെയുണ്ടായിരുന്നു. അവൻ വിജനഭൂമിയിൽ താമസിച്ച് ഒരു വില്ലാളിയായിത്തീർന്നു. 21 അവൻ പാരാൻ എന്ന വിജനഭൂമിയിൽ+ താമസമാക്കി. അവന്റെ അമ്മ ഈജിപ്ത് ദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്ന് കൊടുത്തു.
22 അക്കാലത്ത് അബീമേലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫീക്കോലും അബ്രാഹാമിന്റെ അടുത്ത് വന്ന് പറഞ്ഞു: “താങ്കൾ ചെയ്യുന്ന എല്ലാത്തിലും ദൈവം താങ്കളോടൊപ്പമുണ്ട്.+ 23 അതിനാൽ എന്നോടും എന്റെ സന്തതികളോടും എന്റെ വംശജരോടും വഞ്ചന കാണിക്കില്ല എന്നും ഞാൻ താങ്കളോടു കാണിച്ചതുപോലുള്ള അചഞ്ചലമായ സ്നേഹം എന്നോടും താങ്കൾ താമസിക്കുന്ന ഈ ദേശത്തോടും കാണിക്കും എന്നും ഇപ്പോൾ ഇവിടെവെച്ച് എന്നോടു ദൈവമുമ്പാകെ സത്യം ചെയ്യണം.”+ 24 അപ്പോൾ അബ്രാഹാം പറഞ്ഞു: “ഞാൻ സത്യം ചെയ്യുന്നു.”
25 എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയ തന്റെ കിണറിനെക്കുറിച്ച് അബ്രാഹാം അബീമേലെക്കിനോടു പരാതിപ്പെട്ടു.+ 26 അപ്പോൾ അബീമേലെക്ക് പറഞ്ഞു: “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിയില്ല. താങ്കൾ എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമില്ല. ഇന്നുവരെ ഞാൻ ഇതെക്കുറിച്ച് കേട്ടിട്ടുമില്ല.” 27 പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുകളെയും കന്നുകാലികളെയും കൊടുത്തു. അവർ ഇരുവരും ഒരു ഉടമ്പടി ചെയ്തു. 28 അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ മാറ്റിനിറുത്തി. 29 അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്, “എന്തിനാണ് ഈ ഏഴ് ആട്ടിൻകുട്ടികളെ ഇങ്ങനെ ഇവിടെ മാറ്റിനിറുത്തിയിരിക്കുന്നത്” എന്നു ചോദിച്ചു. 30 അബ്രാഹാം പറഞ്ഞു: “ഈ കിണർ കുഴിച്ചതു ഞാനാണ് എന്നതിനു തെളിവായി ഈ ഏഴ് ആട്ടിൻകുട്ടികളെ അങ്ങ് സ്വീകരിക്കണം.” 31 അവിടെവെച്ച് അവർ ഇരുവരും ആണയിട്ടതുകൊണ്ട് അബ്രാഹാം ആ സ്ഥലത്തെ ബേർ-ശേബ*+ എന്നു വിളിച്ചു. 32 അങ്ങനെ അവർ ബേർ-ശേബയിൽവെച്ച് ഉടമ്പടി ചെയ്തു.+ പിന്നെ അബീമേലെക്കും സൈന്യാധിപനായ ഫീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ+ ദേശത്തേക്കു മടങ്ങിപ്പോയി. 33 അതിനു ശേഷം അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുല മരം നട്ടു; അവിടെ നിത്യദൈവമായ+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ 34 അബ്രാഹാം കുറെ കാലം* ഫെലിസ്ത്യരുടെ ദേശത്തുതന്നെ താമസിച്ചു.*+
22 അതിനു ശേഷം സത്യദൈവം അബ്രാഹാമിനെ പരീക്ഷിച്ചു.+ “അബ്രാഹാമേ!” എന്നു ദൈവം വിളിച്ചപ്പോൾ, “ഞാൻ ഇതാ!” എന്ന് അബ്രാഹാം വിളികേട്ടു. 2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്ഹാക്കിനെ,+ കൂട്ടിക്കൊണ്ട് മോരിയ+ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.”
3 അങ്ങനെ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടു പേരെയും മകനായ യിസ്ഹാക്കിനെയും കൂട്ടി, ദഹനയാഗത്തിനുള്ള വിറകും കീറിയെടുത്ത്, സത്യദൈവം പറഞ്ഞ സ്ഥലത്തേക്കു യാത്രയായി. 4 മൂന്നാം ദിവസം അബ്രാഹാം നോക്കിയപ്പോൾ അങ്ങു ദൂരെ ആ സ്ഥലം കണ്ടു. 5 അപ്പോൾ അബ്രാഹാം ദാസന്മാരോടു പറഞ്ഞു: “നിങ്ങൾ കഴുതയുമായി ഇവിടെ നിൽക്ക്; ഞാനും മകനും അവിടെ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിവരാം.”
6 പിന്നെ അബ്രാഹാം ദഹനയാഗത്തിനുള്ള വിറക് എടുത്ത് യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു. അബ്രാഹാം തീയും കത്തിയും* കൈയിലെടുത്തു. ഇരുവരും ഒന്നിച്ച് യാത്രയായി. 7 യിസ്ഹാക്ക് അബ്രാഹാമിനെ വിളിച്ചു: “അപ്പാ!” അബ്രാഹാം വിളികേട്ടു: “എന്താ മോനേ?” അപ്പോൾ യിസ്ഹാക്ക് ചോദിച്ചു: “തീയും വിറകും നമ്മുടെ കൈയിലുണ്ട്. പക്ഷേ, ദഹനയാഗത്തിനുള്ള ആട് എവിടെ?” 8 അബ്രാഹാം പറഞ്ഞു: “ദഹനയാഗത്തിനുള്ള ആടിനെ ദൈവം തരും,+ മോനേ.” അങ്ങനെ അവർ ഒരുമിച്ച് യാത്ര തുടർന്നു.
9 ഒടുവിൽ സത്യദൈവം പറഞ്ഞ സ്ഥലത്ത് അവർ എത്തിച്ചേർന്നു. അബ്രാഹാം അവിടെ ഒരു യാഗപീഠം പണിത് അതിന്മേൽ വിറകു നിരത്തി. എന്നിട്ട് യിസ്ഹാക്കിന്റെ കൈയും കാലും കെട്ടി യാഗപീഠത്തിൽ വിറകിനു മീതെ കിടത്തി.+ 10 അബ്രാഹാം കൈ നീട്ടി തന്റെ മകനെ കൊല്ലാൻ കത്തി* എടുത്തു.+ 11 എന്നാൽ യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന്, “അബ്രാഹാമേ! അബ്രാഹാമേ!” എന്നു വിളിച്ചു. “അടിയൻ ഇതാ” എന്ന് അബ്രാഹാം വിളി കേട്ടു. 12 അപ്പോൾ ദൈവം പറഞ്ഞു: “മകന്റെ മേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ ഒരേ ഒരു മകനെ+ എനിക്കു തരാൻ മടിക്കാഞ്ഞതിനാൽ നീ ദൈവഭയമുള്ളവനാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.” 13 അബ്രാഹാം തല ഉയർത്തി നോക്കിയപ്പോൾ കുറച്ച് അകലെയായി ഒരു ആൺചെമ്മരിയാടു കുറ്റിക്കാട്ടിൽ കൊമ്പ് ഉടക്കിക്കിടക്കുന്നതു കണ്ടു. അബ്രാഹാം ചെന്ന് അതിനെ പിടിച്ച് മകനു പകരം ദഹനയാഗമായി അർപ്പിച്ചു. 14 അബ്രാഹാം ആ സ്ഥലത്തിന് യഹോവ-യിരെ* എന്നു പേരിട്ടു. അതുകൊണ്ടാണ്, “യഹോവയുടെ പർവതത്തിൽ അതു നൽകപ്പെടും”+ എന്ന് ഇന്നും പറഞ്ഞുവരുന്നത്.
15 യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് രണ്ടാമതും അബ്രാഹാമിനെ വിളിച്ച് 16 ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്തതുകൊണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെക്കൊണ്ടുതന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+ 17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+ 18 നീ എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ*+ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.’”+
19 പിന്നെ അബ്രാഹാം ദാസന്മാരുടെ അടുത്ത് മടങ്ങിച്ചെന്നു. അവർ ഒന്നിച്ച് ബേർ-ശേബയിലേക്കു+ മടങ്ങി. അബ്രാഹാം ബേർ-ശേബയിൽത്തന്നെ താമസിച്ചു.
20 അതിനു ശേഷം അബ്രാഹാമിന് ഇങ്ങനെ വിവരം ലഭിച്ചു: “ഇതാ, മിൽക്ക നിന്റെ സഹോദരൻ നാഹോരിന്+ ആൺകുട്ടികളെ പ്രസവിച്ചിരിക്കുന്നു. 21 മൂത്ത മകൻ ഊസ്, അവന്റെ സഹോദരൻ ബൂസ്, അരാമിന്റെ അപ്പനായ കെമൂവേൽ, 22 കേശെദ്, ഹസൊ, പിൽദാശ്, യിദലാഫ്, ബഥൂവേൽ+ എന്നിവരാണ് അവർ.” 23 ബഥൂവേലിനു പിന്നീടു റിബെക്ക+ ജനിച്ചു. ഈ എട്ടു പേരെയാണ് അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു ഭാര്യ മിൽക്ക പ്രസവിച്ചത്. 24 നാഹോരിന്റെ ഉപപത്നിയായ* രയൂമയും ആൺകുട്ടികളെ പ്രസവിച്ചു. തേബഹ്, ഗഹാം, തഹശ്, മാഖ എന്നിവരാണ് അവർ.
23 സാറ 127 വർഷം ജീവിച്ചു. അതായിരുന്നു സാറയുടെ ആയുഷ്കാലം.+ 2 സാറ കനാൻ+ ദേശത്തെ കിര്യത്ത്-അർബയിൽവെച്ച്,+ അതായത് ഹെബ്രോനിൽവെച്ച്,+ മരിച്ചു. അബ്രാഹാം സാറയെക്കുറിച്ച് ദുഃഖിച്ച് കരഞ്ഞു. 3 പിന്നെ അബ്രാഹാം ഭാര്യയുടെ ശരീരത്തിന് അടുത്തുനിന്ന് എഴുന്നേറ്റ് ഹേത്തിന്റെ+ പുത്രന്മാരുടെ അടുത്ത് ചെന്ന് പറഞ്ഞു: 4 “ഞാൻ നിങ്ങൾക്കിടയിൽ ഒരു പരദേശിയും കുടിയേറിപ്പാർക്കുന്നവനും+ ആണ്. ഒരു ശ്മശാനത്തിനുള്ള സ്ഥലം നിങ്ങൾക്കിടയിൽ എനിക്കു തരുക. ഞാൻ എന്റെ ഭാര്യയെ അടക്കം ചെയ്യട്ടെ.” 5 അപ്പോൾ ഹേത്തിന്റെ പുത്രന്മാർ അബ്രാഹാമിനോടു പറഞ്ഞു: 6 “യജമാനനേ, ഞങ്ങൾ പറയുന്നതു കേട്ടാലും. അങ്ങ് ഞങ്ങൾക്കിടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്.*+ ഞങ്ങളുടെ ഏറ്റവും നല്ല ശ്മശാനത്തിൽത്തന്നെ അങ്ങയുടെ ഭാര്യയെ അടക്കം ചെയ്തുകൊള്ളൂ. ഞങ്ങളിൽ ആരും അങ്ങയ്ക്കു സ്ഥലം തരാതിരിക്കില്ല.”
7 അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശത്തെ ആളുകളെ—ഹേത്തിന്റെ+ പുത്രന്മാരെ—വണങ്ങി, 8 അവരോടു പറഞ്ഞു: “എന്റെ ഭാര്യയെ അടക്കം ചെയ്യാൻ നിങ്ങൾ എന്നെ അനുവദിക്കുമെങ്കിൽ ഞാൻ പറയുന്നതു കേട്ടാലും. സോഹരിന്റെ മകനായ എഫ്രോനോട് 9 അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മക്പേല ഗുഹ എനിക്കു വിൽക്കാൻ അപേക്ഷിക്കണം. അദ്ദേഹത്തിന്റെ സ്ഥലത്തിന്റെ അതിരിലാണ് അത്. എഫ്രോൻ അതു നിങ്ങളുടെ സാന്നിധ്യത്തിൽ അതിന്റെ മുഴുവൻ വിലയ്ക്കു തുല്യമായ വെള്ളി വാങ്ങി എനിക്കു വിൽക്കട്ടെ.+ അപ്പോൾ ശ്മശാനമായി ഉപയോഗിക്കാൻ എനിക്ക് ഒരു സ്ഥലമുണ്ടാകും.”+
10 എഫ്രോൻ അപ്പോൾ ഹേത്തിന്റെ പുത്രന്മാരുടെ ഇടയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഹേത്തിന്റെ പുത്രന്മാരും നഗരകവാടത്തിൽ+ വന്ന എല്ലാവരും കേൾക്കെ ഹിത്യനായ എഫ്രോൻ അബ്രാഹാമിനോടു പറഞ്ഞു: 11 “അങ്ങനെയല്ല എന്റെ യജമാനനേ! ഞാൻ പറയുന്നതു കേട്ടാലും. ആ സ്ഥലവും അതിലുള്ള ഗുഹയും ഞാൻ അങ്ങയ്ക്കു തരുന്നു. എന്റെ ജനത്തിന്റെ പുത്രന്മാരുടെ സാന്നിധ്യത്തിൽത്തന്നെ ഞാൻ അതു തരുന്നു. അങ്ങയുടെ ഭാര്യയെ അടക്കിക്കൊള്ളുക.” 12 അപ്പോൾ അബ്രാഹാം ആ ദേശത്തെ ജനങ്ങളെ വണങ്ങിയിട്ട് 13 അവർ കേൾക്കെ എഫ്രോനോടു പറഞ്ഞു: “ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കൂ! ആ സ്ഥലത്തിന്റെ മുഴുവൻ വിലയും ഞാൻ തരും. അങ്ങ് അത് എന്റെ കൈയിൽനിന്ന് സ്വീകരിക്കണം. അപ്പോൾ എനിക്ക് എന്റെ ഭാര്യയെ അവിടെ അടക്കാനാകും.”
14 അപ്പോൾ എഫ്രോൻ അബ്രാഹാമിനോടു പറഞ്ഞു: 15 “യജമാനനേ, ഞാൻ പറയുന്നതു കേട്ടാലും. ഈ സ്ഥലത്തിന് 400 ശേക്കെൽ* വെള്ളി വിലയുണ്ട്. എന്നാൽ താങ്കൾക്കും എനിക്കും ഇടയിൽ അത് എന്തുണ്ട്? അങ്ങയുടെ ഭാര്യയെ അടക്കിക്കൊള്ളുക.” 16 അബ്രാഹാം എഫ്രോൻ പറഞ്ഞതു സമ്മതിച്ചു. ഹേത്തിന്റെ പുത്രന്മാർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ 400 ശേക്കെൽ* വെള്ളി, വ്യാപാരികൾക്കിടയിൽ നിലവിലിരുന്ന തൂക്കമനുസരിച്ച് അബ്രാഹാം എഫ്രോനു തൂക്കിക്കൊടുത്തു.+ 17 അങ്ങനെ, മമ്രേക്കടുത്ത് മക്പേലയിൽ എഫ്രോനുള്ള സ്ഥലം—സ്ഥലവും അതിലെ ഗുഹയും സ്ഥലത്തിന്റെ അതിരുകൾക്കുള്ളിലെ എല്ലാ മരങ്ങളും— 18 ഹേത്തിന്റെ പുത്രന്മാരുടെയും നഗരകവാടത്തിൽ വന്ന എല്ലാവരുടെയും സാന്നിധ്യത്തിൽ, അബ്രാഹാം വിലയ്ക്കു വാങ്ങിയ വസ്തുവായി ഉറപ്പിക്കപ്പെട്ടു. 19 അതിനു ശേഷം അബ്രാഹാം ഭാര്യ സാറയെ കനാൻ ദേശത്തെ മമ്രേയിലെ, അതായത് ഹെബ്രോനിലെ, മക്പേല എന്ന സ്ഥലത്തെ ഗുഹയിൽ അടക്കം ചെയ്തു. 20 അങ്ങനെ ഹേത്തിന്റെ പുത്രന്മാർ ആ സ്ഥലവും അതിലെ ഗുഹയും ശ്മശാനത്തിനുള്ള സ്ഥലമായി+ അബ്രാഹാമിനു കൈമാറി.
24 അബ്രാഹാം വയസ്സുചെന്ന് വൃദ്ധനായി. യഹോവ അബ്രാഹാമിനെ എല്ലാത്തിലും അനുഗ്രഹിച്ചിരുന്നു.+ 2 തനിക്കുള്ളതു മുഴുവൻ നോക്കിനടത്തിയിരുന്ന, വീട്ടിലെ ഏറ്റവും പ്രായം കൂടിയ ദാസനോട്+ അബ്രാഹാം പറഞ്ഞു: “ദയവായി നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വെക്കുക. 3 എനിക്കു ചുറ്റും താമസിക്കുന്ന ഈ കനാന്യരുടെ പെൺമക്കളിൽനിന്ന് നീ എന്റെ മകന് ഒരു പെൺകുട്ടിയെ കണ്ടെത്താതെ+ 4 എന്റെ ദേശത്ത് എന്റെ ബന്ധുക്കളുടെ+ അടുത്ത് ചെന്ന് എന്റെ മകനായ യിസ്ഹാക്കിന് ഒരു പെൺകുട്ടിയെ കണ്ടെത്തുമെന്നു സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കും.”
5 എന്നാൽ ആ ദാസൻ അബ്രാഹാമിനോടു പറഞ്ഞു: “എന്നോടൊപ്പം ഈ ദേശത്തേക്കു വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ? യജമാനൻ വിട്ടുപോന്ന ദേശത്തേക്കു ഞാൻ അങ്ങയുടെ മകനെ തിരികെ കൊണ്ടുപോകണോ?”+ 6 അപ്പോൾ അബ്രാഹാം ദാസനോടു പറഞ്ഞു: “എന്റെ മകനെ നീ അങ്ങോട്ടു കൊണ്ടുപോകരുത്!+ 7 എന്റെ പിതൃഭവനത്തിൽനിന്നും എന്റെ ബന്ധുക്കളുടെ ദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടുവന്ന്+ എന്നോടു സംസാരിച്ച ദൈവം, ‘ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടുക്കും’ എന്ന് എന്നോടു സത്യം ചെയ്ത+ സ്വർഗാധിസ്വർഗങ്ങളുടെ ദൈവമായ യഹോവ, നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്ക്കും.+ അവിടെനിന്ന്+ എന്റെ മകന് ഒരു പെൺകുട്ടിയെ കണ്ടെത്താൻ നിനക്കു കഴിയുമെന്ന് ഉറപ്പാണ്. 8 എന്നാൽ നിന്നോടൊപ്പം വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിൽ ഈ ആണയിൽനിന്ന് നീ സ്വതന്ത്രനായിരിക്കും. പക്ഷേ എന്റെ മകനെ നീ ഒരിക്കലും അങ്ങോട്ടു കൊണ്ടുപോകരുത്.” 9 അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയുടെ കീഴിൽ കൈ വെച്ച് സത്യം ചെയ്തു.+
10 അങ്ങനെ ആ ദാസൻ യജമാനന്റെ ഒട്ടകങ്ങളിൽ പത്തെണ്ണവുമായി യാത്ര തുടങ്ങി. യജമാനന്റെ പക്കൽനിന്നുള്ള എല്ലാ തരം വിശേഷവസ്തുക്കളും അയാൾ കൂടെക്കരുതി. അയാൾ മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ നഗരത്തിലേക്കു യാത്രയായി. 11 അങ്ങനെ അയാൾ ആ നഗരത്തിനു പുറത്തുള്ള ഒരു നീരുറവിന് അടുത്ത് എത്തി. ഒട്ടകങ്ങൾക്കു വിശ്രമിക്കാനായി അവിടെ കുറച്ച് സമയം ചെലവഴിച്ചു. നേരം സന്ധ്യയാകാറായിരുന്നു. നഗരത്തിൽനിന്ന് സ്ത്രീകൾ വെള്ളം കോരാൻ വരുന്ന സമയമായിരുന്നു അത്. 12 അപ്പോൾ അയാൾ പറഞ്ഞു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമേ, യഹോവേ, ഇന്നേ ദിവസം കാര്യങ്ങളെല്ലാം സഫലമായിത്തീരാൻ ഇടയാക്കി എന്റെ യജമാനനായ അബ്രാഹാമിനോട് അചഞ്ചലമായ സ്നേഹം കാണിക്കേണമേ. 13 ഞാൻ ഇതാ, ഒരു നീരുറവിന് അടുത്ത് നിൽക്കുന്നു. നഗരത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്നുണ്ട്. 14 ഞാൻ ഒരു യുവതിയോട്, ‘നിന്റെ കൈയിലെ കുടം താഴ്ത്തി, എനിക്ക് കുറച്ച് വെള്ളം കുടിക്കാൻ തരുക’ എന്നു പറയുമ്പോൾ, ‘കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടുക്കാം’ എന്നു പറയുന്നവളായിരിക്കട്ടെ അങ്ങയുടെ ദാസനായ യിസ്ഹാക്കിനുവേണ്ടി അങ്ങ് തിരഞ്ഞെടുത്തവൾ. അങ്ങ് എന്റെ യജമാനനോട് അചഞ്ചലമായ സ്നേഹം കാണിച്ചിരിക്കുന്നെന്ന് ഇങ്ങനെ ചെയ്തുകൊണ്ട് എന്നെ അറിയിക്കേണമേ.”
15 അയാൾ പറഞ്ഞുതീരുംമുമ്പ്, അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു+ മിൽക്കയിൽ+ ജനിച്ച മകനായ ബഥൂവേലിന്റെ മകൾ റിബെക്ക+ കുടവും തോളിലേറ്റി നഗരത്തിൽനിന്ന് വന്നു. 16 ആ പെൺകുട്ടി അതിസുന്ദരിയും കന്യകയും ആയിരുന്നു; ഒരു പുരുഷനും അവളോടൊപ്പം കിടന്നിട്ടില്ലായിരുന്നു. അവൾ നീരുറവയിൽ ഇറങ്ങി കുടത്തിൽ വെള്ളം നിറച്ച് കയറിവന്നു. 17 അപ്പോൾ ആ ദാസൻ ഓടിച്ചെന്ന് അവളോട്, “കുടത്തിൽനിന്ന് എനിക്കു കുറച്ച് വെള്ളം കുടിക്കാൻ തരുമോ” എന്നു ചോദിച്ചു. 18 “യജമാനനേ, കുടിച്ചാലും” എന്നു പറഞ്ഞ് പെട്ടെന്നുതന്നെ തോളിൽനിന്ന് കുടം കൈയിലിറക്കി അവൾ അയാൾക്കു കുടിക്കാൻ കൊടുത്തു. 19 അയാൾക്കു വെള്ളം കൊടുത്തുകഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വേണ്ടുവോളം വെള്ളം കോരിക്കൊടുക്കാം.” 20 പെട്ടെന്നുതന്നെ അവൾ കുടത്തിലെ വെള്ളം മുഴുവനും തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാനായി വീണ്ടുംവീണ്ടും നീരുറവിലേക്ക് ഓടിയിറങ്ങി. എല്ലാ ഒട്ടകങ്ങളും കുടിച്ചുകഴിയുന്നതുവരെ അവൾ വെള്ളം കോരിക്കൊടുത്തുകൊണ്ടിരുന്നു. 21 യഹോവ യാത്ര സഫലമാക്കിയോ എന്ന് അറിയാൻ ആ പുരുഷൻ ഒന്നും മിണ്ടാതെ ആശ്ചര്യത്തോടെ അവൾ ചെയ്യുന്നതു നോക്കിനിന്നു.
22 ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ ആ ദാസൻ അവൾക്കുവേണ്ടി അര ശേക്കെൽ* തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തു ശേക്കെൽ* തൂക്കമുള്ള സ്വർണത്തിന്റെ രണ്ടു കൈവളയും പുറത്ത് എടുത്തിട്ട് 23 അവളോടു ചോദിച്ചു: “പറയൂ, നീ ആരുടെ മകളാണ്? ഞങ്ങൾക്കു രാത്രിതങ്ങാൻ നിന്റെ അപ്പന്റെ വീട്ടിൽ സ്ഥലമുണ്ടോ?” 24 അപ്പോൾ റിബെക്ക പറഞ്ഞു: “നാഹോരിനു മിൽക്ക+ പ്രസവിച്ച മകനായ ബഥൂവേലിന്റെ മകളാണു ഞാൻ.”+ 25 റിബെക്ക തുടർന്നു: “ഞങ്ങളുടെ പക്കൽ വയ്ക്കോലും ഇഷ്ടംപോലെ തീറ്റിയും ഉണ്ട്; രാത്രിതങ്ങാൻ സ്ഥലവുമുണ്ട്.” 26 അപ്പോൾ ആ ദാസൻ യഹോവയുടെ മുമ്പാകെ കുമ്പിട്ട്, മുട്ടുകുത്തി നമസ്കരിച്ചുകൊണ്ട് പറഞ്ഞു: 27 “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. കാരണം എന്റെ യജമാനനോടുള്ള അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും ദൈവം വിട്ടുകളഞ്ഞില്ല. എന്റെ യജമാനന്റെ സഹോദരങ്ങളുടെ ഭവനത്തിലേക്ക് യഹോവ എന്നെ നയിച്ചല്ലോ.”
28 യുവതി ഓടിച്ചെന്ന് ഇക്കാര്യങ്ങൾ അമ്മയുടെ വീട്ടിലുള്ളവരെ അറിയിച്ചു. 29 റിബെക്കയ്ക്കു ലാബാൻ+ എന്നൊരു ആങ്ങളയുണ്ടായിരുന്നു. നഗരത്തിനു പുറത്ത് നീരുറവിന് അരികെ നിൽക്കുന്ന ആ പുരുഷന്റെ അടുത്തേക്കു ലാബാൻ ഓടിച്ചെന്നു. 30 “ആ പുരുഷൻ ഇതെല്ലാമാണ് എന്നോടു പറഞ്ഞത്” എന്നു പറഞ്ഞ് റിബെക്ക മൂക്കുത്തിയും കൈവളകളും കാണിച്ചപ്പോൾ ലാബാൻ ആ പുരുഷനെ കാണാൻ ആഗ്രഹിച്ച് അവിടേക്കു ചെന്നു. അയാൾ അപ്പോഴും ഒട്ടകങ്ങളുടെ അടുത്ത് നീരുറവിന് അരികെ നിൽക്കുകയായിരുന്നു. 31 അപ്പോൾ ലാബാൻ പറഞ്ഞു: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. ഇവിടെ പുറത്ത് നിൽക്കുന്നത് എന്തിനാണ്? ഞാൻ വീട് ഒരുക്കിയിരിക്കുന്നു, ഒട്ടകങ്ങൾക്കുള്ള സ്ഥലവും തയ്യാറാണ്.” 32 അപ്പോൾ ആ പുരുഷൻ വീട്ടിലേക്കു വന്നു. അയാൾ* ഒട്ടകങ്ങളുടെ കോപ്പ് അഴിച്ച് അവയ്ക്കു വയ്ക്കോലും തീറ്റിയും കൊടുത്തു. ആ പുരുഷന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാൽ കഴുകാൻ വെള്ളവും കൊടുത്തു. 33 എന്നാൽ മുന്നിൽ ഭക്ഷണം കൊണ്ടുചെന്ന് വെച്ചപ്പോൾ, “എനിക്കു പറയാനുള്ളതു പറയാതെ ഞാൻ ഭക്ഷണം കഴിക്കില്ല” എന്ന് അയാൾ പറഞ്ഞു. അപ്പോൾ ലാബാൻ, “പറഞ്ഞുകൊള്ളൂ!” എന്നു പറഞ്ഞു.
34 അയാൾ പറഞ്ഞു: “ഞാൻ അബ്രാഹാമിന്റെ ദാസനാണ്.+ 35 യഹോവ എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു; ആടുമാടുകൾ, വെള്ളി, സ്വർണം, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെല്ലാം നൽകി ദൈവം എന്റെ യജമാനനെ സമ്പന്നനാക്കുകയും ചെയ്തിരിക്കുന്നു.+ 36 മാത്രമല്ല, എന്റെ യജമാനന്റെ ഭാര്യ സാറ വാർധക്യത്തിൽ യജമാനന് ഒരു മകനെ പ്രസവിച്ചു.+ യജമാനനുള്ളതെല്ലാം യജമാനൻ അവനു കൊടുക്കും.+ 37 ഇപ്പോൾ എന്റെ യജമാനൻ ഇങ്ങനെ പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു: ‘ഞാൻ താമസിക്കുന്ന കനാന്യരുടെ ഈ ദേശത്തുനിന്ന് അവരുടെ പെൺമക്കളിൽ ഒരാളെ എന്റെ മകനുവേണ്ടി തിരഞ്ഞെടുക്കാതെ+ 38 എന്റെ പിതൃഭവനത്തിൽ ചെന്ന് എന്റെ കുടുംബത്തിൽനിന്ന്+ നീ അവന് ഒരു പെൺകുട്ടിയെ കണ്ടെത്തണം.’+ 39 എന്നാൽ ഞാൻ എന്റെ യജമാനനോട്, ‘എന്നോടൊപ്പം വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ’ എന്നു ചോദിച്ചു.+ 40 അപ്പോൾ യജമാനൻ പറഞ്ഞു: ‘ഞാൻ യഹോവയുടെ മുമ്പാകെ അനുസരണയോടെ നടന്നിരിക്കുന്നു.+ ദൈവം നിന്നോടൊപ്പം തന്റെ ദൂതനെ അയയ്ക്കുകയും+ നിന്റെ യാത്ര ഉറപ്പായും സഫലമാക്കുകയും ചെയ്യും. നീ എന്റെ മകന് എന്റെ കുടുംബത്തിൽനിന്ന്, എന്റെ പിതൃഭവനത്തിൽനിന്ന്,+ ഒരു പെൺകുട്ടിയെ കണ്ടെത്തണം. 41 നീ എന്റെ കുടുംബത്തിൽ ചെല്ലുമ്പോൾ അവർ പെൺകുട്ടിയെ നിന്റെകൂടെ അയയ്ക്കുന്നില്ലെങ്കിൽ എന്നോടു ചെയ്ത ആണയിൽനിന്ന് നീ ഒഴിവുള്ളവനായിരിക്കും. നിന്റെ ആണയിൽനിന്ന് അങ്ങനെ നീ സ്വതന്ത്രനാകും.’+
42 “ഇന്നു നീരുറവിന് അടുത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമേ, യഹോവേ, അങ്ങ് എന്റെ യാത്ര സഫലമാക്കുമെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഇടയാക്കേണമേ: 43 ഞാൻ ഇവിടെ നീരുറവിന് അടുത്ത് നിൽക്കുന്നു; നഗരത്തിൽനിന്ന് വെള്ളം കോരാൻ വരുന്ന ഒരു യുവതിയോട്,+ “നിന്റെ കുടത്തിൽനിന്ന് എനിക്കു കുടിക്കാൻ കുറച്ച് വെള്ളം തരാമോ” എന്നു ചോദിക്കുമ്പോൾ, 44 “കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിക്കൊടുക്കാം” എന്നു പറയുന്നവളായിരിക്കട്ടെ എന്റെ യജമാനന്റെ മകനുവേണ്ടി യഹോവ തിരഞ്ഞെടുത്തവൾ.’+
45 “ഞാൻ മനസ്സിൽ പറഞ്ഞുതീരുംമുമ്പ്, കുടവും തോളിലേറ്റി റിബെക്ക നഗരത്തിനു പുറത്തേക്കു വന്നു. റിബെക്ക നീരുറവിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരാൻതുടങ്ങി. അപ്പോൾ ഞാൻ റിബെക്കയോട്, ‘എനിക്കു കുടിക്കാൻ കുറച്ച് വെള്ളം തരുമോ’ എന്നു ചോദിച്ചു.+ 46 റിബെക്ക പെട്ടെന്നു തോളിൽനിന്ന് കുടം ഇറക്കിയിട്ട്, ‘കുടിച്ചാലും,+ യജമാനന്റെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടുക്കാം’ എന്നു പറഞ്ഞു. ഞാൻ വെള്ളം കുടിച്ചു. റിബെക്ക ഒട്ടകങ്ങൾക്കും വെള്ളം കൊടുത്തു. 47 അതിനു ശേഷം ഞാൻ, ‘നീ ആരുടെ മകളാണ്’ എന്നു ചോദിച്ചപ്പോൾ, ‘നാഹോരിനു മിൽക്ക പ്രസവിച്ച മകനായ ബഥൂവേലിന്റെ മകളാണു ഞാൻ’ എന്നു റിബെക്ക പറഞ്ഞു. അങ്ങനെ, ഞാൻ റിബെക്കയുടെ മൂക്കിൽ മൂക്കുത്തിയും കൈകളിൽ വളകളും അണിയിച്ചു.+ 48 പിന്നെ ഞാൻ യഹോവയുടെ മുമ്പാകെ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു. എന്റെ യജമാനന്റെ മകനുവേണ്ടി അദ്ദേഹത്തിന്റെ സഹോദരന്റെ മകളെ എടുക്കേണ്ടതിന് എന്നെ ശരിയായ വഴിയിൽ നയിച്ച, എന്റെ യജമാനന്റെ ദൈവമായ യഹോവയെ സ്തുതിച്ചു.+ 49 ഇപ്പോൾ, എന്റെ യജമാനനോട് അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും കാണിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ എന്നു പറയുക. മറിച്ചാണെങ്കിൽ അതും എന്നോടു പറയുക. അപ്പോൾ എനിക്ക് ഇടത്തോട്ടോ വലത്തോട്ടോ തിരിയാമല്ലോ.”+
50 അപ്പോൾ ലാബാനും ബഥൂവേലും പറഞ്ഞു: “ഇത് യഹോവയിൽനിന്നാണ്. അതുകൊണ്ട്, ‘ഉവ്വ്’ എന്നോ ‘ഇല്ല’ എന്നോ പറയാൻ* ഞങ്ങൾക്കാവില്ല. 51 ഇതാ റിബെക്ക! അവളെ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളുക. യഹോവ പറഞ്ഞതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ.” 52 ഈ വാക്കുകൾ കേട്ടപ്പോൾ അബ്രാഹാമിന്റെ ദാസൻ യഹോവയുടെ മുമ്പാകെ കുമ്പിട്ട് നമസ്കരിച്ചു. 53 പിന്നെ ആ ദാസൻ വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ഒന്നൊന്നായി പുറത്ത് എടുത്ത് റിബെക്കയ്ക്കു കൊടുത്തു. റിബെക്കയുടെ ആങ്ങളയ്ക്കും അമ്മയ്ക്കും അയാൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. 54 അതിനു ശേഷം അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചു. രാത്രി അവർ അവിടെ തങ്ങി.
രാവിലെ എഴുന്നേറ്റപ്പോൾ അയാൾ പറഞ്ഞു: “എന്നെ എന്റെ യജമാനന്റെ അടുത്തേക്ക് അയച്ചാലും.” 55 അപ്പോൾ റിബെക്കയുടെ ആങ്ങളയും അമ്മയും, “പത്തു ദിവസമെങ്കിലും അവൾ ഞങ്ങളോടൊപ്പം നിൽക്കട്ടെ; അതിനു ശേഷം കൊണ്ടുപൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. 56 പക്ഷേ അയാൾ അവരോടു പറഞ്ഞു: “യഹോവ എന്റെ യാത്ര സഫലമാക്കിയതുകൊണ്ട് എന്നെ വൈകിക്കരുതേ, എന്നെ പറഞ്ഞയച്ചാലും. ഞാൻ എന്റെ യജമാനന്റെ അടുത്തേക്കു പോകട്ടെ.” 57 അപ്പോൾ അവർ പറഞ്ഞു: “നമുക്ക് അവളെ വിളിച്ച് അവളോടു ചോദിക്കാം.” 58 അങ്ങനെ അവർ റിബെക്കയെ വിളിച്ച്, “നീ ഇദ്ദേഹത്തോടൊപ്പം പോകുന്നോ” എന്നു ചോദിച്ചു. അതിനു റിബെക്ക, “പോകാൻ ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.
59 അങ്ങനെ അവർ അവരുടെ സഹോദരിയായ റിബെക്കയെയും+ റിബെക്കയുടെ വളർത്തമ്മയെയും*+ അബ്രാഹാമിന്റെ ദാസനെയും അയാളുടെ ആളുകളെയും യാത്രയാക്കി. 60 അവർ റിബെക്കയെ അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സഹോദരീ, നീ ലക്ഷോപലക്ഷങ്ങൾക്ക് അമ്മയായിത്തീരട്ടെ. നിന്റെ മക്കൾ* അവരെ വെറുക്കുന്നവരുടെ നഗരകവാടങ്ങൾ* കൈവശമാക്കട്ടെ.”+ 61 പിന്നെ റിബെക്കയും പരിചാരികമാരും ഒട്ടകപ്പുറത്ത് കയറി ആ പുരുഷനെ അനുഗമിച്ചു. അങ്ങനെ ആ ദാസൻ റിബെക്കയെയും കൂട്ടി യാത്രയായി.
62 യിസ്ഹാക്ക് നെഗെബ്+ ദേശത്താണു താമസിച്ചിരുന്നത്. ഒരു ദിവസം യിസ്ഹാക്ക് ബേർ-ലഹയീ-രോയിയുടെ+ ദിശയിൽനിന്ന് വരുകയായിരുന്നു. 63 ഇരുട്ടു പരക്കാറായ സമയം. ധ്യാനിക്കാനായി+ യിസ്ഹാക്ക് വെളിമ്പ്രദേശത്തുകൂടെ നടക്കുകയായിരുന്നു. യിസ്ഹാക്ക് നോക്കിയപ്പോൾ അതാ, ഒട്ടകങ്ങൾ വരുന്നു! 64 യിസ്ഹാക്കിനെ കണ്ട ഉടൻ റിബെക്ക ഒട്ടകപ്പുറത്തുനിന്ന് താഴെ ഇറങ്ങി. 65 റിബെക്ക ആ ദാസനോട്, “നമ്മളെ സ്വീകരിക്കാൻ വെളിമ്പ്രദേശത്തുകൂടി നടന്നുവരുന്ന അയാൾ ആരാണ്” എന്നു ചോദിച്ചു. അതിനു ദാസൻ, “അത് എന്റെ യജമാനനാണ്” എന്നു പറഞ്ഞു. അപ്പോൾ റിബെക്ക ഒരു മൂടുപടം എടുത്ത് അണിഞ്ഞു. 66 താൻ ചെയ്തതെല്ലാം ദാസൻ യിസ്ഹാക്കിനോടു പറഞ്ഞു. 67 പിന്നെ യിസ്ഹാക്ക് റിബെക്കയെ തന്റെ അമ്മ സാറയുടെ കൂടാരത്തിലേക്കു+ കൊണ്ടുപോയി. അങ്ങനെ യിസ്ഹാക്ക് റിബെക്കയെ ഭാര്യയായി സ്വീകരിച്ചു. യിസ്ഹാക്കിനു റിബെക്കയെ ഇഷ്ടമായി.+ അങ്ങനെ, അമ്മയുടെ വേർപാടിൽ ദുഃഖിച്ചിരുന്ന+ യിസ്ഹാക്കിന് ആശ്വാസം ലഭിച്ചു.
25 അബ്രാഹാം വീണ്ടും ഒരു വിവാഹം കഴിച്ചു. ആ സ്ത്രീയുടെ പേര് കെതൂറ എന്നായിരുന്നു. 2 കെതൂറ അബ്രാഹാമിനു സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്+ എന്നിവരെ പ്രസവിച്ചു.
3 യൊക്ശാനു പിന്നീടു ശേബ, ദേദാൻ എന്നിവർ ജനിച്ചു.
ദേദാന്റെ ആൺമക്കൾ: അശ്ശൂരീം, ലത്തൂശീം, ലയുമ്മീം.
4 മിദ്യാന്റെ ആൺമക്കൾ: ഏഫ, ഏഫെർ, ഹാനോക്ക്, അബീദ, എൽദ.
ഇവരെല്ലാമാണു കെതൂറയുടെ ആൺമക്കൾ.
5 പിന്നീട് അബ്രാഹാം തനിക്കുള്ളതു മുഴുവൻ യിസ്ഹാക്കിനു കൊടുത്തു.+ 6 ഉപപത്നിമാരുടെ* ആൺമക്കൾക്കോ അബ്രാഹാം സമ്മാനങ്ങൾ കൊടുത്തു. അതിനു ശേഷം, അബ്രാഹാം ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരെ കിഴക്കോട്ട്, തന്റെ മകൻ യിസ്ഹാക്കിന്റെ അടുത്തുനിന്ന് ദൂരെ കിഴക്കൻ ദേശത്തേക്ക്,+ അയച്ചു. 7 അബ്രാഹാം 175 വർഷം ജീവിച്ചിരുന്നു. 8 പിന്നെ അബ്രാഹാം അന്ത്യശ്വാസം വലിച്ചു. നല്ല വാർധക്യത്തിൽ, സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ, അബ്രാഹാം മരിച്ച് തന്റെ ജനത്തോടു ചേർന്നു.* 9 മക്കളായ യിസ്ഹാക്കും യിശ്മായേലും അബ്രാഹാമിനെ മമ്രേക്കരികെയുള്ള ഗുഹയിൽ, ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ സ്ഥലത്തുള്ള മക്പേല ഗുഹയിൽ, അടക്കം ചെയ്തു.+ 10 ഹേത്തിന്റെ പുത്രന്മാരിൽനിന്ന് അബ്രാഹാം വിലയ്ക്കു വാങ്ങിയ ആ സ്ഥലത്ത് ഭാര്യയായ സാറയുടെ അടുത്ത് അബ്രാഹാമിനെ അടക്കം ചെയ്തു.+ 11 അബ്രാഹാമിന്റെ മരണശേഷവും അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചുകൊണ്ടിരുന്നു.+ യിസ്ഹാക്ക് ബേർ-ലഹയീ-രോയിക്കടുത്താണു താമസിച്ചിരുന്നത്.+
12 സാറയുടെ ഈജിപ്തുകാരിയായ ദാസി ഹാഗാർ+ അബ്രാഹാമിനു പ്രസവിച്ച മകൻ യിശ്മായേലിന്റെ+ ചരിത്രം:
13 യിശ്മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്ശാം,+ 14 മിശ്മ, ദൂമ, മസ്സ, 15 ഹദദ്, തേമ, യതൂർ, നാഫീശ്, കേദെമ. 16 വാസസ്ഥലങ്ങളും പാളയങ്ങളും* അനുസരിച്ച് യിശ്മായേലിന്റെ ആൺമക്കളുടെ പേരുകൾ ഇവയാണ്. കുലമനുസരിച്ച് 12 തലവന്മാർ.+ 17 യിശ്മായേൽ ആകെ 137 വർഷം ജീവിച്ചു. പിന്നെ അന്ത്യശ്വാസം വലിച്ചു. യിശ്മായേൽ മരിച്ച് തന്റെ ജനത്തോടു ചേർന്നു.* 18 അവർ ഈജിപ്തിന് അരികെ ശൂരിന്+ അടുത്തുള്ള ഹവീല+ മുതൽ അസീറിയ വരെയുള്ള പ്രദേശത്ത് താമസമാക്കി. അവർ അവരുടെ സഹോദരന്മാരുടെയെല്ലാം അടുത്ത് താമസിച്ചു.*+
19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ ചരിത്രം:+
അബ്രാഹാമിനു യിസ്ഹാക്ക് ജനിച്ചു. 20 പദ്ദൻ-അരാമിലെ അരാമ്യനായ ബഥൂവേലിന്റെ മകളും+ അരാമ്യനായ ലാബാന്റെ പെങ്ങളും ആയ റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസ്ഹാക്കിന് 40 വയസ്സായിരുന്നു. 21 റിബെക്കയ്ക്കു മക്കൾ ഉണ്ടാകാത്തതിനാൽ യിസ്ഹാക്ക് റിബെക്കയ്ക്കുവേണ്ടി യഹോവയോട് ഇടവിടാതെ അപേക്ഷിച്ചുകൊണ്ടിരുന്നു. അവസാനം, യഹോവ യിസ്ഹാക്കിന്റെ അപേക്ഷ കേട്ടു. റിബെക്ക ഗർഭിണിയായി. 22 റിബെക്കയുടെ വയറ്റിൽ കിടന്ന് കുഞ്ഞുങ്ങൾ പരസ്പരം തിക്കിഞെരുക്കാൻതുടങ്ങി.+ അപ്പോൾ റിബെക്ക, “ഇതാണ് എന്റെ അവസ്ഥയെങ്കിൽ ഞാൻ എന്തിനു ജീവിക്കണം!” എന്നു പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് റിബെക്ക യഹോവയോടു ചോദിച്ചു. 23 യഹോവ പറഞ്ഞു: “രണ്ടു ജനതകളാണു നിന്റെ വയറ്റിലുള്ളത്.+ രണ്ടു ജനതകൾ നിന്നിൽനിന്ന് പിറവിയെടുക്കും.+ ഒരു ജനത മറ്റേ ജനതയെക്കാൾ ശക്തരായിരിക്കും.+ മൂത്തവൻ ഇളയവനെ സേവിക്കും.”+
24 അങ്ങനെ, പ്രസവസമയമായി. റിബെക്കയുടെ വയറ്റിൽ ഇരട്ടകളായിരുന്നു! 25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു. 26 തുടർന്ന്, അവന്റെ സഹോദരൻ പുറത്ത് വന്നു. അവൻ ഏശാവിന്റെ ഉപ്പൂറ്റിയിൽ മുറുകെ പിടിച്ചിരുന്നു.+ അതിനാൽ യിസ്ഹാക്ക് അവനു യാക്കോബ്*+ എന്നു പേരിട്ടു. റിബെക്ക അവരെ പ്രസവിക്കുമ്പോൾ യിസ്ഹാക്കിന് 60 വയസ്സായിരുന്നു.
27 കുട്ടികൾ വളർന്നു. ഏശാവ് സമർഥനായ ഒരു വേട്ടക്കാരനായിത്തീർന്നു.+ വേട്ടയാടി നടക്കാനായിരുന്നു ഏശാവിന് ഇഷ്ടം. എന്നാൽ യാക്കോബ് ശാന്തസ്വഭാവമുള്ളവനായിരുന്നു.* യാക്കോബ് കൂടാരങ്ങളിൽ താമസിച്ചു.+ 28 ഏശാവ് വേട്ടയിറച്ചി കൊണ്ടുവന്ന് കൊടുക്കാറുണ്ടായിരുന്നതുകൊണ്ട് യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു. പക്ഷേ റിബെക്ക യാക്കോബിനെ സ്നേഹിച്ചു.+ 29 ഒരിക്കൽ ഏശാവ് ക്ഷീണിച്ച് അവശനായി വയലിൽനിന്ന് വരുമ്പോൾ യാക്കോബ് ഒരുതരം സൂപ്പ് ഉണ്ടാക്കുകയായിരുന്നു. 30 അപ്പോൾ ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഈ ചുവന്ന സൂപ്പ്* കുറച്ച്* എനിക്കു തരൂ. വേഗമാകട്ടെ, ഞാൻ ആകെ തളർന്നിരിക്കുകയാണ്.” അങ്ങനെയാണ് ഏശാവിന് ഏദോം*+ എന്ന പേര് കിട്ടിയത്. 31 യാക്കോബ് പറഞ്ഞു: “ആദ്യം, മൂത്ത മകൻ എന്ന അവകാശം എനിക്കു വിൽക്കുക.”+ 32 അതിന് ഏശാവ്: “ഞാൻ വിശന്ന് ചാകാറായി! ഈ ജന്മാവകാശംകൊണ്ട് എനിക്ക് എന്തു പ്രയോജനം?” 33 അപ്പോൾ യാക്കോബ്, “ആദ്യം എന്നോടു സത്യം ചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ ഏശാവ് യാക്കോബിനോടു സത്യം ചെയ്ത് മൂത്ത മകൻ എന്ന അവകാശം വിറ്റു.+ 34 പിന്നെ യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള സൂപ്പും കൊടുത്തു. ഏശാവ് അതു കഴിച്ചശേഷം എഴുന്നേറ്റ് അവിടെനിന്ന് പോയി. ഏശാവ് തന്റെ ജന്മാവകാശത്തിന് ഒരു വിലയും കല്പിച്ചില്ല.
26 അബ്രാഹാമിന്റെ കാലത്ത് ഉണ്ടായ ആദ്യത്തെ ക്ഷാമത്തിനു+ ശേഷം ദേശത്ത് മറ്റൊരു ക്ഷാമം ഉണ്ടായി. അതുകൊണ്ട് യിസ്ഹാക്ക് ഗരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുത്തേക്കു പോയി. 2 അപ്പോൾ യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഈജിപ്തിലേക്കു പോകരുത്. ഞാൻ കാണിച്ചുതരുന്ന ദേശത്ത് താമസിക്കുക. 3 ഈ ദേശത്ത് ഒരു പരദേശിയായി കഴിയുക.+ ഞാൻ നിന്റെകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും. കാരണം നിനക്കും നിന്റെ സന്തതിക്കും* ആണ് ഞാൻ ഈ ദേശം മുഴുവൻ തരാൻപോകുന്നത്.+ നിന്റെ അപ്പനായ അബ്രാഹാമിനോടു ഞാൻ ആണയിട്ട് സത്യം ചെയ്ത എന്റെ ഈ വാക്കുകൾ ഞാൻ നിറവേറ്റും:+ 4 ‘ഞാൻ നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഈ ദേശം മുഴുവൻ അവർക്കു കൊടുക്കുകയും ചെയ്യും;+ നിന്റെ സന്തതിയിലൂടെ* ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹം നേടും.’+ 5 കാരണം, അബ്രാഹാം എന്റെ വാക്കു കേൾക്കുകയും എന്റെ നിബന്ധനകളും കല്പനകളും ചട്ടങ്ങളും നിയമങ്ങളും* എല്ലായ്പോഴും പാലിക്കുകയും ചെയ്തു.”+ 6 അങ്ങനെ യിസ്ഹാക്ക് ഗരാരിൽത്തന്നെ കഴിഞ്ഞു.+
7 ആ സ്ഥലത്തെ ആളുകൾ ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം, “ഇത് എന്റെ പെങ്ങളാണ്”+ എന്നു യിസ്ഹാക്ക് പറഞ്ഞു. “റിബെക്ക നിമിത്തം ദേശത്തെ പുരുഷന്മാർ എന്നെ കൊന്നുകളഞ്ഞേക്കാം” എന്നു പറഞ്ഞ്, “ഇത് എന്റെ ഭാര്യയാണ്” എന്നു പറയാൻ യിസ്ഹാക്കിനു ഭയം തോന്നി. കാരണം റിബെക്ക വളരെ സുന്ദരിയായിരുന്നു.+ 8 കുറച്ച് നാൾ കഴിഞ്ഞ് ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് ഭാര്യ റിബെക്കയെ ആലിംഗനം ചെയ്യുന്നതു*+ കണ്ടു. 9 ഉടനെ അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “അവൾ താങ്കളുടെ ഭാര്യയാണ്, തീർച്ച! എന്തിനാണ് ‘ഇത് എന്റെ പെങ്ങളാണ്’ എന്നു താങ്കൾ പറഞ്ഞത്?” അപ്പോൾ യിസ്ഹാക്ക് പറഞ്ഞു: “അവൾ കാരണം ആരെങ്കിലും എന്നെ കൊന്നാലോ എന്നു പേടിച്ചാണു ഞാൻ അങ്ങനെ പറഞ്ഞത്.”+ 10 പക്ഷേ അബീമേലെക്ക് പറഞ്ഞു: “താങ്കൾ ഞങ്ങളോട് ഈ ചെയ്തത് എന്താണ്?+ എന്റെ ജനത്തിൽ ആരെങ്കിലും താങ്കളുടെ ഭാര്യയോടൊപ്പം കിടന്നിരുന്നെങ്കിലോ? താങ്കൾ ഞങ്ങളുടെ മേൽ കുറ്റം വരുത്തിവെക്കുമായിരുന്നില്ലേ?”+ 11 പിന്നെ അബീമേലെക്ക്, “ഇദ്ദേഹത്തെയോ ഭാര്യയെയോ തൊടുന്നത് ആരായാലും അയാളെ കൊന്നുകളയും” എന്നു ജനങ്ങളോടെല്ലാം കല്പിച്ചു.
12 പിന്നീട് യിസ്ഹാക്ക് ആ ദേശത്ത് വിത്തു വിതച്ചു. യഹോവയുടെ അനുഗ്രഹത്താൽ+ ആ വർഷം നൂറുമേനി വിളഞ്ഞു. 13 അങ്ങനെ യിസ്ഹാക്ക് സമ്പന്നനായി. സമ്പത്തു വർധിച്ചുവർധിച്ച് യിസ്ഹാക്ക് വലിയ പണക്കാരനായിത്തീർന്നു. 14 നിരവധി ആടുമാടുകളെയും വലിയൊരു കൂട്ടം ദാസീദാസന്മാരെയും+ യിസ്ഹാക്ക് സമ്പാദിച്ചു. ഫെലിസ്ത്യർക്ക് അദ്ദേഹത്തോട് അസൂയ തോന്നിത്തുടങ്ങി.
15 അങ്ങനെ, യിസ്ഹാക്കിന്റെ അപ്പനായ അബ്രാഹാമിന്റെ കാലത്ത് അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം+ ഫെലിസ്ത്യർ മണ്ണിട്ട് മൂടി. 16 പിന്നെ അബീമേലെക്ക് യിസ്ഹാക്കിനോടു പറഞ്ഞു: “ഞങ്ങളുടെ അടുത്തുനിന്ന് പോകൂ; താങ്കൾ വളർന്ന് ഞങ്ങളെക്കാളെല്ലാം വളരെ ശക്തനായിരിക്കുന്നു.” 17 അതുകൊണ്ട് യിസ്ഹാക്ക് അവിടം വിട്ട് ഗരാർ+ താഴ്വരയിൽ* കൂടാരം അടിച്ച് അവിടെ താമസംതുടങ്ങി. 18 അപ്പനായ അബ്രാഹാമിന്റെ കാലത്ത് അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ചതും അബ്രാഹാമിന്റെ മരണശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതും ആയ കിണറുകൾ+ യിസ്ഹാക്ക് വീണ്ടും കുഴിച്ചു. അപ്പൻ കൊടുത്തിരുന്ന പേരുകൾതന്നെ അവയ്ക്കു കൊടുത്തു.+
19 യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ* കുഴിച്ചപ്പോൾ ശുദ്ധജലമുള്ള ഒരു കിണർ കണ്ടെത്തി. 20 അപ്പോൾ ഗരാരിലെ ഇടയന്മാർ വന്ന്, “ഈ വെള്ളം ഞങ്ങളുടേതാണ്” എന്നു പറഞ്ഞ് യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു. അവർ വഴക്കിട്ടതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശക്ക്* എന്നു പേരിട്ടു. 21 അവർ മറ്റൊരു കിണർ കുഴിച്ചുതുടങ്ങിയപ്പോൾ അതിനുവേണ്ടിയും അവർ വഴക്കിട്ടു. അതിനാൽ യിസ്ഹാക്ക് അതിനു സിത്ന* എന്നു പേരിട്ടു. 22 പിന്നെ അവിടെനിന്ന് ദൂരെ പോയി മറ്റൊരു കിണർ കുഴിച്ചു. എന്നാൽ, അതിനുവേണ്ടി അവർ വഴക്കുകൂടിയില്ല. അതുകൊണ്ട്, അതിനു രഹോബോത്ത്* എന്നു പേരിട്ടു. യിസ്ഹാക്ക് പറഞ്ഞു: “കാരണം, യഹോവ നമുക്ക് ഈ ദേശത്ത് വേണ്ടത്ര ഇടം നൽകുകയും നമ്മളെ വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.”+
23 പിന്നെ യിസ്ഹാക്ക് അവിടെനിന്ന് ബേർ-ശേബയിലേക്കു+ പോയി. 24 ആ രാത്രി യഹോവ പ്രത്യക്ഷനായി യിസ്ഹാക്കിനോടു പറഞ്ഞു: “ഞാൻ നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവമാണ്.+ പേടിക്കേണ്ടാ,+ ഞാൻ നിന്റെകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ച് നിന്റെ സന്തതിയെ* അനേകമായി വർധിപ്പിക്കും.”+ 25 അങ്ങനെ യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ അവിടെ യിസ്ഹാക്ക് കൂടാരം അടിച്ചു.+ യിസ്ഹാക്കിന്റെ ദാസന്മാർ അവിടെയും ഒരു കിണർ കുഴിച്ചു.
26 പിന്നീട് അബീമേലെക്ക് ഗരാരിൽനിന്ന്, തന്റെ ഉപദേഷ്ടാവായ അഹൂസത്തിനോടും സൈന്യാധിപനായ ഫീക്കോലിനോടും+ ഒപ്പം യിസ്ഹാക്കിന്റെ അടുത്ത് വന്നു. 27 അപ്പോൾ യിസ്ഹാക്ക് അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് എന്റെ അടുത്ത് വന്നിരിക്കുന്നത്, നിങ്ങൾ എന്നെ വെറുത്ത് നിങ്ങളുടെ അടുത്തുനിന്ന് ഓടിച്ചുവിട്ടതല്ലേ?” 28 അപ്പോൾ അവർ പറഞ്ഞു: “യഹോവ താങ്കളുടെകൂടെയുണ്ടെന്നു ഞങ്ങൾക്കു വ്യക്തമായി.+ അതുകൊണ്ട് ഞങ്ങൾ പറഞ്ഞു: ‘ഇരുകൂട്ടർക്കും ആണയിട്ട് ഒരു ഉടമ്പടി ചെയ്യാം,+ ഒരു സമാധാനബന്ധം സ്ഥാപിക്കാം. 29 നമ്മൾ നല്ലതു മാത്രം ചെയ്ത് സമാധാനത്തോടെയാണല്ലോ യിസ്ഹാക്കിനെ പറഞ്ഞയച്ചത്. നമ്മൾ ദ്രോഹമൊന്നും ചെയ്യാതിരുന്നതുപോലെ നമ്മളോടും ദ്രോഹമൊന്നും ചെയ്യാതിരിക്കാൻ നമുക്കു യിസ്ഹാക്കുമായി ഒരു ഉടമ്പടി ചെയ്യാം. യിസ്ഹാക്ക് യഹോവയുടെ അനുഗ്രഹം ലഭിച്ചവനാണ്.’” 30 പിന്നെ യിസ്ഹാക്ക് അവർക്ക് ഒരു വിരുന്ന് ഒരുക്കി. അവർ ഭക്ഷണം കഴിച്ചു. 31 പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവർ പരസ്പരം ആണയിട്ട് സത്യം ചെയ്തു.+ അതിനു ശേഷം യിസ്ഹാക്ക് അവരെ പറഞ്ഞയച്ചു; അവർ സമാധാനത്തിൽ അവിടെനിന്ന് പോയി.
32 ആ ദിവസംതന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്ന് അവർ കുഴിച്ച കിണറിനെക്കുറിച്ച്,+ “ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. 33 അതിനാൽ യിസ്ഹാക്ക് അതിനു ശിബ എന്നു പേരിട്ടു. അതുകൊണ്ടാണ് ആ നഗരത്തെ ഇന്നുവരെയും ബേർ-ശേബ+ എന്നു വിളിക്കുന്നത്.
34 ഏശാവിന് 40 വയസ്സായപ്പോൾ ഏശാവ് ഹിത്യനായ ബയേരിയുടെ മകൾ യഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും വിവാഹം കഴിച്ചു.+ 35 യിസ്ഹാക്കിനും റിബെക്കയ്ക്കും അവർ വലിയ മനോവേദനയ്ക്കു കാരണമായിത്തീർന്നു.+
27 യിസ്ഹാക്ക് വൃദ്ധനായി. കാഴ്ച തീരെ മങ്ങി. ഒരു ദിവസം യിസ്ഹാക്ക് മൂത്ത മകനായ ഏശാവിനെ അടുത്ത് വിളിച്ച്+ പറഞ്ഞു: “എന്റെ മോനേ.” അപ്പോൾ ഏശാവ്, “ഞാൻ ഇതാ” എന്നു വിളി കേട്ടു. 2 അപ്പോൾ യിസ്ഹാക്ക് പറഞ്ഞു: “എനിക്ക് ഒരുപാടു പ്രായമായി. ഞാൻ ഇനി എത്ര കാലം ജീവിച്ചിരിക്കുമെന്ന് എനിക്ക് അറിയില്ല. 3 നീ ഇപ്പോൾ നിന്റെ ആയുധമായ വില്ലും ആവനാഴിയും എടുത്ത് കാട്ടിൽ ചെന്ന് എനിക്കുവേണ്ടി കുറച്ച് മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുക.+ 4 എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ രുചികരമായി പാകം ചെയ്ത് എന്റെ അടുത്ത് കൊണ്ടുവരൂ. മരിക്കുന്നതിനു മുമ്പ് അതു കഴിച്ച് ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ.”
5 പക്ഷേ യിസ്ഹാക്ക് ഏശാവിനോടു സംസാരിക്കുന്നതു റിബെക്ക കേൾക്കുന്നുണ്ടായിരുന്നു. മൃഗത്തെ വേട്ടയാടിക്കൊണ്ടുവരാൻ ഏശാവ് കാട്ടിലേക്കു പോയപ്പോൾ+ 6 റിബെക്ക തന്റെ മകൻ യാക്കോബിനോടു പറഞ്ഞു:+ “നിന്റെ അപ്പൻ നിന്റെ ചേട്ടൻ ഏശാവിനോട്, 7 ‘എനിക്കുവേണ്ടി കുറച്ച് വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായി ഭക്ഷണം ഉണ്ടാക്കുക; മരിക്കുന്നതിനു മുമ്പ് ഞാൻ അതു കഴിച്ച് യഹോവയുടെ മുമ്പാകെ നിന്നെ അനുഗ്രഹിക്കട്ടെ’+ എന്നു പറയുന്നതു ഞാൻ കേട്ടു. 8 അതുകൊണ്ട് മോനേ, ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് അതുപോലെ ചെയ്യുക.+ 9 നീ പോയി ആട്ടിൻപറ്റത്തിൽനിന്ന് നല്ല രണ്ട് ആട്ടിൻകുട്ടികളെ പിടിച്ചുകൊണ്ടുവരുക. ഞാൻ അവയെ നിന്റെ അപ്പന് ഇഷ്ടപ്പെട്ട രീതിയിൽ രുചികരമായി പാകം ചെയ്യാം. 10 നീ അതുമായി അപ്പന്റെ അടുത്ത് ചെല്ലണം. മരിക്കുന്നതിനു മുമ്പ് അപ്പൻ അതു കഴിച്ച് നിന്നെ അനുഗ്രഹിക്കട്ടെ.”
11 പക്ഷേ യാക്കോബ് അമ്മയായ റിബെക്കയോടു പറഞ്ഞു: “എന്റെ സഹോദരൻ ഏശാവ് ദേഹം മുഴുവൻ രോമമുള്ളവനാണ്.+ പക്ഷേ ഞാൻ അങ്ങനെയല്ല. 12 അപ്പൻ എന്നെ തൊട്ടുനോക്കിയാലോ?+ ഞാൻ അപ്പനെ കളിയാക്കാൻ ശ്രമിക്കുകയാണെന്നു മനസ്സിലായാൽ അനുഗ്രഹമല്ല, ശാപമായിരിക്കും എനിക്കു കിട്ടാൻപോകുന്നത്.” 13 അപ്പോൾ അമ്മ അവനോടു പറഞ്ഞു: “മോനേ, നിനക്കുള്ള ശാപം എന്റെ മേൽ വന്നുകൊള്ളട്ടെ. ഞാൻ പറയുന്നതുപോലെ ചെയ്യുക.+ നീ പോയി ആടുകളെ പിടിച്ചുകൊണ്ടുവരൂ.” 14 അങ്ങനെ യാക്കോബ് ചെന്ന് അവയെ പിടിച്ച് അമ്മയുടെ അടുത്ത് കൊണ്ടുവന്നു. യിസ്ഹാക്കിന് ഇഷ്ടപ്പെട്ട രീതിയിൽ റിബെക്ക രുചികരമായി ഭക്ഷണം തയ്യാറാക്കി. 15 അതിനു ശേഷം റിബെക്ക ചെന്ന് മൂത്ത മകൻ ഏശാവിന്റെ മേത്തരമായ വസ്ത്രം എടുത്ത് ഇളയ മകൻ യാക്കോബിനെ+ ധരിപ്പിച്ചു. 16 റിബെക്ക യാക്കോബിന്റെ കൈയും കഴുത്തിലെ രോമമില്ലാത്ത ഭാഗവും ആ ആട്ടിൻകുട്ടികളുടെ തോലുകൊണ്ട് പൊതിഞ്ഞു.+ 17 പിന്നെ, താൻ പാകം ചെയ്ത രുചികരമായ അപ്പവും ഇറച്ചിയും യാക്കോബിന്റെ കൈയിൽ ഏൽപ്പിച്ചു.+
18 അങ്ങനെ യാക്കോബ് അപ്പന്റെ അടുത്ത് ചെന്ന് “എന്റെ അപ്പാ” എന്നു വിളിച്ചു. അതിന് യിസ്ഹാക്ക്, “കയറിവരൂ മോനേ! നീ ആരാണ്” എന്നു ചോദിച്ചു. 19 യാക്കോബ് അപ്പനോടു പറഞ്ഞു: “ഞാൻ മൂത്ത മകൻ+ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്തു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചി കഴിച്ച് എന്നെ അനുഗ്രഹിച്ചാലും.”+ 20 അപ്പോൾ യിസ്ഹാക്ക്, “മോനേ, നിനക്ക് എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഇതു കിട്ടിയത്” എന്നു ചോദിച്ചു. അതിന് യാക്കോബ്, “അപ്പന്റെ ദൈവമായ യഹോവ അതിനെ എന്റെ മുന്നിൽ കൊണ്ടുവന്ന് തന്നു” എന്നു പറഞ്ഞു. 21 അപ്പോൾ യിസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മോനേ, നീ എന്റെ മകൻ ഏശാവുതന്നെയാണോ എന്ന് അറിയാൻ ഞാൻ നിന്നെ തൊട്ടുനോക്കട്ടെ;+ എന്റെ അടുത്തേക്കു വരൂ.” 22 യാക്കോബ് യിസ്ഹാക്കിന്റെ അടുത്ത് ചെന്നു. തൊട്ടുനോക്കിയശേഷം യിസ്ഹാക്ക് പറഞ്ഞു: “ശബ്ദം യാക്കോബിന്റേതാണ്, പക്ഷേ കൈകൾ ഏശാവിന്റേതും.”+ 23 ഏശാവിന്റേതുപോലെ യാക്കോബിന്റെ കൈകളിൽ നിറയെ രോമമുണ്ടായിരുന്നതിനാൽ യിസ്ഹാക്ക് യാക്കോബിനെ തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.+
24 അതിനു ശേഷം യിസ്ഹാക്ക് ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയാണോ?” “അതെ” എന്നു യാക്കോബ് പറഞ്ഞു. 25 അപ്പോൾ യിസ്ഹാക്ക് പറഞ്ഞു: “മോനേ, എനിക്കു കഴിക്കാൻ ആ വേട്ടയിറച്ചിയിൽ കുറച്ച് കൊണ്ടുവരൂ. അതു കഴിച്ച് ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ.” യാക്കോബ് അത് അടുത്ത് കൊണ്ടുചെന്നു, യിസ്ഹാക്ക് കഴിച്ചു. യാക്കോബ് കൊണ്ടുവന്ന വീഞ്ഞും യിസ്ഹാക്ക് കുടിച്ചു. 26 പിന്നെ യിസ്ഹാക്ക്, “മോനേ, അടുത്ത് വന്ന് എനിക്ക് ഉമ്മ തരൂ”+ എന്നു പറഞ്ഞു. 27 അങ്ങനെ യാക്കോബ് അടുത്ത് ചെന്ന് യിസ്ഹാക്കിനെ ചുംബിച്ചു. യാക്കോബ് ഇട്ടിരുന്ന വസ്ത്രത്തിന്റെ ഗന്ധം+ യിസ്ഹാക്ക് മണത്തു. അപ്പോൾ യിസ്ഹാക്ക് യാക്കോബിനെ ഇങ്ങനെ അനുഗ്രഹിച്ചു:
“ഇതാ, എന്റെ മകന്റെ ഗന്ധം യഹോവ അനുഗ്രഹിച്ചിരിക്കുന്ന നിലത്തിന്റെ ഗന്ധംപോലെ. 28 സത്യദൈവം ആകാശത്തിലെ മഞ്ഞും+ ഭൂമിയിലെ ഫലപുഷ്ടിയുള്ള മണ്ണും+ ധാന്യസമൃദ്ധിയും പുതുവീഞ്ഞും+ നിനക്കു നൽകട്ടെ. 29 ജനങ്ങൾ നിന്നെ സേവിക്കട്ടെ, ജനതകൾ നിന്നെ നമസ്കരിക്കട്ടെ. നീ നിന്റെ സഹോദരന്മാരുടെ യജമാനനാകട്ടെ. നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.+ നിന്നെ ശപിക്കുന്ന എല്ലാവരും ശപിക്കപ്പെടട്ടെ, നിന്നെ അനുഗ്രഹിക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ.”+
30 യിസ്ഹാക്ക് അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് യിസ്ഹാക്കിന്റെ അടുത്തുനിന്ന് പോയി. അധികം വൈകാതെ, യാക്കോബിന്റെ സഹോദരനായ ഏശാവ് വേട്ട കഴിഞ്ഞ് തിരിച്ചെത്തി.+ 31 ഏശാവും രുചികരമായി ഭക്ഷണം തയ്യാറാക്കി അപ്പന്റെ അടുത്ത് കൊണ്ടുചെന്നു. അപ്പനോട്, “അപ്പൻ എഴുന്നേറ്റ് ഈ മകന്റെ വേട്ടയിറച്ചി കഴിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു പറഞ്ഞു. 32 അപ്പോൾ യിസ്ഹാക്ക് ഏശാവിനോട്, “നീ ആരാണ്” എന്നു ചോദിച്ചു. “ഞാൻ മൂത്ത മകൻ ഏശാവാണ്+ അപ്പാ” എന്ന് ഏശാവ് പറഞ്ഞു. 33 അതു കേട്ടപ്പോൾ യിസ്ഹാക്ക് ഭയങ്കരമായി വിറയ്ക്കാൻതുടങ്ങി. യിസ്ഹാക്ക് പറഞ്ഞു: “അപ്പോൾ, ആരാണു വേട്ടയാടി എനിക്ക് ഇറച്ചി കൊണ്ടുവന്ന് തന്നത്! നീ വരുന്നതിനു മുമ്പേ ഞാൻ അതു തിന്ന് അവനെ അനുഗ്രഹിച്ചുപോയല്ലോ—അവന് അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും!”
34 അപ്പന്റെ വാക്കുകൾ കേട്ട് ഏശാവ് ഉറക്കെ കരയാൻതുടങ്ങി. ഏശാവ് വളരെ ദുഃഖത്തോടെ അപ്പനോട്, “അപ്പാ, എന്നെ, എന്നെയുംകൂടി അനുഗ്രഹിക്കണേ” എന്നു പറഞ്ഞു.+ 35 പക്ഷേ യിസ്ഹാക്ക് പറഞ്ഞു: “നിന്റെ അനിയൻ തന്ത്രപൂർവം വന്ന് നിനക്കുള്ള അനുഗ്രഹം തട്ടിയെടുത്തു.” 36 അപ്പോൾ ഏശാവ് പറഞ്ഞു: “വെറുതേയാണോ അവനു യാക്കോബ്* എന്നു പേരിട്ടിരിക്കുന്നത്; ഈ രണ്ടു പ്രാവശ്യവും അവൻ എന്റെ സ്ഥാനം തട്ടിയെടുത്തില്ലേ?+ എന്റെ ജന്മാവകാശം അവൻ കൈക്കലാക്കി.+ ഇപ്പോൾ ഇതാ, എനിക്കുള്ള അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു!”+ തുടർന്ന് ഏശാവ്, “എനിക്കുവേണ്ടി ഒരു അനുഗ്രഹവും ബാക്കി വെച്ചിട്ടില്ലേ അപ്പാ” എന്നു ചോദിച്ചു. 37 യിസ്ഹാക്ക് ഏശാവിനോടു പറഞ്ഞു: “ഞാൻ അവനെ നിന്റെ യജമാനനാക്കി.+ അവന്റെ സഹോദരന്മാരെയെല്ലാം ഞാൻ അവനു ദാസന്മാരായി കൊടുക്കുകയും ചെയ്തു. അവനു ഞാൻ ധാന്യവും പുതുവീഞ്ഞും നൽകി.+ എന്റെ മോനേ, ഇനി നിനക്കു തരാൻ എന്റെ പക്കൽ എന്താണുള്ളത്?”
38 അപ്പോൾ ഏശാവ് അപ്പനോട്, “അപ്പാ, അപ്പന്റെ പക്കൽ ഒരു അനുഗ്രഹം മാത്രമേ ഉള്ളോ? അപ്പാ, എന്നെ, എന്നെയുംകൂടി അനുഗ്രഹിക്കണേ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.+ 39 അപ്പോൾ യിസ്ഹാക്ക് അവനോടു പറഞ്ഞു:
“ഫലപുഷ്ടിയുള്ള മണ്ണിൽനിന്ന് അകലെയായിരിക്കും നിന്റെ താമസം. മീതെ ആകാശത്തുനിന്നുള്ള മഞ്ഞിൽനിന്ന് ദൂരെ മാറി നീ താമസിക്കും.+ 40 നീ നിന്റെ വാളുകൊണ്ട് ജീവിക്കും;+ നീ നിന്റെ സഹോദരനെ സേവിക്കും.+ എന്നാൽ, നിന്റെ അസ്വസ്ഥത വർധിക്കുമ്പോൾ നിന്റെ കഴുത്തിലുള്ള അവന്റെ നുകം നീ തകർത്തെറിയും.”+
41 എന്നാൽ യാക്കോബിന് അപ്പൻ നൽകിയ അനുഗ്രഹം കാരണം ഏശാവ് യാക്കോബിനോടു വൈരാഗ്യം വെച്ചുകൊണ്ടിരുന്നു.+ ഏശാവ് ഇങ്ങനെ മനസ്സിൽ പറഞ്ഞു: “എന്റെ അപ്പനെ ഓർത്ത് വിലപിക്കേണ്ട കാലം അടുത്തുവരുന്നു.+ അതു കഴിഞ്ഞ് ഞാൻ എന്റെ അനിയനായ യാക്കോബിനെ കൊല്ലും.” 42 മൂത്ത മകനായ ഏശാവിന്റെ വാക്കുകൾ റിബെക്കയുടെ ചെവിയിലെത്തി. അപ്പോൾത്തന്നെ റിബെക്ക ആളയച്ച് ഇളയ മകൻ യാക്കോബിനെ വരുത്തിയിട്ട് പറഞ്ഞു: “ഇതാ, നിന്റെ ചേട്ടൻ ഏശാവ് നിന്നെ കൊന്ന് പ്രതികാരം ചെയ്യാൻ പദ്ധതിയിടുന്നു.* 43 അതുകൊണ്ട് മോനേ, ഞാൻ പറയുന്നതുപോലെ ചെയ്യൂ. നീ എഴുന്നേറ്റ് ഹാരാനിലുള്ള എന്റെ ആങ്ങള ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക.+ 44 നിന്റെ ചേട്ടന്റെ ദേഷ്യമൊന്നു ശമിക്കുന്നതുവരെ കുറച്ച് കാലം നീ ലാബാന്റെകൂടെ താമസിക്കണം. 45 നിന്റെ ചേട്ടനു നിന്നോടുള്ള ദേഷ്യം അടങ്ങുകയും നീ അവനോടു ചെയ്തത് അവൻ മറക്കുകയും ചെയ്യുമ്പോൾ ഞാൻ ആളയച്ച് നിന്നെ വരുത്തിക്കൊള്ളാം. ഒരേ ദിവസംതന്നെ നിങ്ങൾ രണ്ടു പേരെയും എനിക്കു നഷ്ടമാകരുതല്ലോ.”
46 പിന്നെ റിബെക്ക യിസ്ഹാക്കിനോട് ഇങ്ങനെ പറയാൻതുടങ്ങി: “ഹേത്തിന്റെ പുത്രിമാർ കാരണം എനിക്കു ജീവിതം മടുത്തു.+ ഹേത്തിന്റെ മക്കളിൽനിന്ന്, ഈ ദേശക്കാരായ ഇവരെപ്പോലുള്ള ഒരുത്തിയെ യാക്കോബും വിവാഹം കഴിച്ചാൽ,+ പിന്നെ ഞാൻ എന്തിനു ജീവിക്കണം?”
28 അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ച് ഇങ്ങനെ കല്പിച്ചു: “നീ കനാന്യപുത്രിമാരെ വിവാഹം കഴിക്കരുത്.+ 2 പകരം പദ്ദൻ-അരാമിൽ, നിന്റെ അമ്മയുടെ അപ്പനായ ബഥൂവേലിന്റെ വീട്ടിൽ ചെന്ന് നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ പെൺമക്കളിൽ+ ഒരാളെ വിവാഹം കഴിക്കണം. 3 സർവശക്തനായ ദൈവം നിന്നെ അനുഗ്രഹിച്ച് നിന്നെ സന്താനസമൃദ്ധിയുള്ളവനാക്കി വർധിപ്പിക്കും; നീ ജനതകളുടെ ഒരു സഭയായിത്തീരും.+ 4 അബ്രാഹാമിനോടു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ+ ദൈവം നിനക്കും നിന്റെ സന്തതിക്കും* തരും. അങ്ങനെ നീ പരദേശിയായി താമസിക്കുന്ന ദേശം, ദൈവം അബ്രാഹാമിനു നൽകിയ ഈ ദേശം,+ നീ അവകാശമാക്കും.”
5 അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. യാക്കോബ് പദ്ദൻ-അരാമിൽ അരാമ്യനായ ബഥൂവേലിന്റെ മകൻ ലാബാന്റെ+ അടുത്തേക്ക്, അതായത് യാക്കോബിന്റെയും ഏശാവിന്റെയും അമ്മ റിബെക്കയുടെ ആങ്ങളയുടെ+ അടുത്തേക്ക്, യാത്രയായി.
6 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ച് പദ്ദൻ-അരാമിലേക്കു പറഞ്ഞയച്ചെന്നും അവിടെനിന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർദേശിച്ചെന്നും ഏശാവ് കേട്ടു. മാത്രമല്ല, യാക്കോബിനെ അനുഗ്രഹിച്ചപ്പോൾ, “കനാന്യപുത്രിമാരെ വിവാഹം കഴിക്കരുത്” എന്നു കല്പിച്ചതും,+ 7 മാതാപിതാക്കൾ പറഞ്ഞത് അനുസരിച്ച് യാക്കോബ് പദ്ദൻ-അരാമിലേക്കു പോയതും+ ഏശാവ് അറിഞ്ഞു. 8 കനാന്യപുത്രിമാരെ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമല്ലെന്ന്+ അപ്പോൾ ഏശാവിനു മനസ്സിലായി. 9 അതുകൊണ്ട് ഏശാവ് യിശ്മായേല്യരുടെ അടുത്ത് ചെന്ന്, തന്റെ മറ്റു ഭാര്യമാർക്കു പുറമേ, അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകൾ മഹലത്തിനെയും വിവാഹം കഴിച്ചു. നെബായോത്തിന്റെ പെങ്ങളാണു മഹലത്ത്.+
10 യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ട് ഹാരാനിലേക്കു പോയി.+ 11 യാത്രയ്ക്കിടെ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചിരുന്നതുകൊണ്ട് അവിടെ രാത്രികഴിയാനുള്ള ഒരുക്കങ്ങൾ നടത്തി. യാക്കോബ് ഒരു കല്ല് എടുത്ത് അതിൽ തല വെച്ച് അവിടെ കിടന്നു.+ 12 അപ്പോൾ ഒരു സ്വപ്നം കണ്ടു. അതാ, ഭൂമിയിൽനിന്ന് പണിതുയർത്തിയിരിക്കുന്ന ഒരു ഗോവണി! അതിന്റെ അറ്റം സ്വർഗത്തോളം എത്തിയിരുന്നു. അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു!+ 13 അതിനു മുകളിൽ ദൈവമായ യഹോവയുണ്ടായിരുന്നു. ദൈവം ഇങ്ങനെ പറഞ്ഞു:
“നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും ആയ യഹോവയാണു ഞാൻ.+ ഈ ദേശവും നീ കിടക്കുന്ന ഈ സ്ഥലവും ഞാൻ നിനക്കും നിന്റെ സന്തതിക്കും* നൽകും.+ 14 നിന്റെ സന്തതി* ഉറപ്പായും ഭൂമിയിലെ പൊടിപോലെ അസംഖ്യമാകും;+ നിന്റെ മക്കൾ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നീയും നിന്റെ സന്തതിയും* മുഖാന്തരം ഭൂമിയിലെ കുടുംബങ്ങളെല്ലാം അനുഗ്രഹം നേടും.*+ 15 ഞാൻ നിന്നോടുകൂടെയുണ്ട്. നീ എവിടെ പോയാലും ഞാൻ നിന്നെ സംരക്ഷിച്ച് ഈ ദേശത്തേക്കു മടക്കിവരുത്തും.+ വാഗ്ദാനം ചെയ്തതു നിവർത്തിക്കുന്നതുവരെ ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.”+
16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു. “സത്യമായും യഹോവ ഈ സ്ഥലത്തുണ്ട്; എന്നാൽ ഞാൻ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു. 17 ഭയന്നുപോയ യാക്കോബ് ഇങ്ങനെയും പറഞ്ഞു: “എത്ര ഭയാനകമാണ് ഈ സ്ഥലം! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല.+ ഇതു സ്വർഗത്തിന്റെ കവാടംതന്നെ!”+ 18 യാക്കോബ് അതിരാവിലെ എഴുന്നേറ്റ് താൻ തല വെച്ച് ഉറങ്ങിയ കല്ല് എടുത്ത് തൂണായി നാട്ടി, അതിനു മുകളിൽ എണ്ണ ഒഴിച്ചു.+ 19 യാക്കോബ് ആ സ്ഥലത്തിനു ബഥേൽ* എന്നു പേരിട്ടു. അതിനു മുമ്പ് ആ നഗരത്തിന്റെ പേര് ലുസ് എന്നായിരുന്നു.+
20 യാക്കോബ് ഒരു നേർച്ച നേർന്ന് ഇങ്ങനെ പറഞ്ഞു: “ദൈവം ഇനിയും എന്നോടൊപ്പം ഇരുന്ന് എന്റെ യാത്രയിൽ എന്നെ സംരക്ഷിക്കുകയും കഴിക്കാൻ അപ്പവും ധരിക്കാൻ വസ്ത്രവും തരുകയും, 21 അങ്ങനെ ഞാൻ എന്റെ അപ്പന്റെ വീട്ടിൽ സമാധാനത്തോടെ തിരിച്ചെത്തുകയും ചെയ്താൽ യഹോവ എന്റെ ദൈവമാണെന്നതിന് അതു തെളിവായിരിക്കും. 22 ഞാൻ തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ഒരു ഭവനമാകും.+ എനിക്കു തരുന്ന എല്ലാത്തിന്റെയും പത്തിലൊന്നു ഞാൻ മുടങ്ങാതെ അങ്ങയ്ക്കു തരും.”
29 അതിനു ശേഷം യാക്കോബ് യാത്ര ചെയ്ത് കിഴക്കുള്ളവരുടെ ദേശത്ത് എത്തി. 2 അവിടെ മേച്ചിൽപ്പുറത്ത് ഒരു കിണർ കണ്ടു. അതിന് അടുത്ത് മൂന്നു കൂട്ടങ്ങളായി ആടുകൾ കിടക്കുന്നുണ്ടായിരുന്നു. ആ കിണറിൽനിന്നാണ് അവർ അവയ്ക്കു വെള്ളം കൊടുത്തിരുന്നത്. കിണറിന്റെ വായ് വലിയൊരു കല്ലുകൊണ്ട് മൂടിയിരുന്നു. 3 ആട്ടിൻപറ്റങ്ങളെല്ലാം വന്നുകഴിഞ്ഞാൽ അവർ കിണറിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റി ആടുകൾക്കു വെള്ളം കൊടുക്കും. അതിനു ശേഷം അവർ ആ കല്ല് തിരികെ കിണറിന്റെ വായ്ക്കൽ വെക്കുമായിരുന്നു.
4 യാക്കോബ് അവരോട്, “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നുള്ളവരാണ്” എന്നു ചോദിച്ചു. “ഞങ്ങൾ ഹാരാനിൽനിന്നുള്ളവരാണ്”+ എന്ന് അവർ മറുപടി പറഞ്ഞു. 5 “നിങ്ങൾക്കു നാഹോരിന്റെ+ കൊച്ചുമകനായ ലാബാനെ+ അറിയാമോ” എന്നു യാക്കോബ് ചോദിച്ചു. “ഞങ്ങൾക്ക് അറിയാം” എന്ന് അവർ പറഞ്ഞു. 6 “ലാബാൻ സുഖമായിരിക്കുന്നോ” എന്നു യാക്കോബ് അവരോടു ചോദിച്ചു. അവർ പറഞ്ഞു: “സുഖമായിരിക്കുന്നു. ലാബാന്റെ മകൾ റാഹേൽ+ അതാ, ആടുകളുമായി വരുന്നു!” 7 യാക്കോബ് പറഞ്ഞു: “ഉച്ചയായതല്ലേ ഉള്ളൂ, ആട്ടിൻപറ്റങ്ങളെ കൂട്ടിച്ചേർക്കാൻ സമയമായിട്ടില്ലല്ലോ. ആടുകൾക്കു വെള്ളം കൊടുത്തിട്ട് അവയെ കൊണ്ടുപോയി മേയ്ച്ചുകൊള്ളൂ.” 8 അപ്പോൾ അവർ പറഞ്ഞു: “എല്ലാ കൂട്ടങ്ങളും വന്നശേഷമേ കിണറിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടുക്കാനാകൂ. അതുവരെ ഞങ്ങൾക്ക് അതിന് അനുവാദമില്ല.”
9 യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാഹേൽ അപ്പന്റെ ആടുകളുമായി വന്നു. ഒരു ഇടയസ്ത്രീയായിരുന്നു റാഹേൽ. 10 ലാബാന്റെ മകൾ റാഹേൽ ആടുകളുമായി വരുന്നതു കണ്ട ഉടനെ യാക്കോബ് ഓടിച്ചെന്ന് കിണറിന്റെ വായ്ക്കലുണ്ടായിരുന്ന കല്ല് ഉരുട്ടിമാറ്റി ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. 11 പിന്നെ യാക്കോബ് റാഹേലിനെ ചുംബിച്ച് പൊട്ടിക്കരഞ്ഞു. 12 താൻ റാഹേലിന്റെ അപ്പന്റെ ബന്ധുവാണെന്നും* റിബെക്കയുടെ മകനാണെന്നും റാഹേലിനോടു പറഞ്ഞു. അതു കേട്ടപ്പോൾ റാഹേൽ ഓടിച്ചെന്ന് അപ്പനെ വിവരം അറിയിച്ചു.
13 പെങ്ങളുടെ മകനായ യാക്കോബിനെക്കുറിച്ച് കേട്ട ഉടൻ യാക്കോബിനെ സ്വീകരിക്കാൻ ലാബാൻ+ ഓടിച്ചെന്നു. യാക്കോബിനെ കെട്ടിപ്പിടിച്ച് ചുംബിച്ചിട്ട് വീട്ടിലേക്കു കൊണ്ടുവന്നു. സംഭവിച്ചതെല്ലാം യാക്കോബ് വിവരിച്ചു. 14 അപ്പോൾ ലാബാൻ പറഞ്ഞു: “നീ എന്റെ അസ്ഥിയും മാംസവും* ആണ്.” അങ്ങനെ ഒരു മാസം മുഴുവൻ യാക്കോബ് അവിടെ താമസിച്ചു.
15 പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “എന്റെ ബന്ധുവാണെന്നു*+ കരുതി നീ വെറുതേ എന്നെ സേവിക്കേണ്ടതുണ്ടോ? പറയൂ, നിനക്ക് എന്തു പ്രതിഫലം വേണം?”+ 16 ലാബാനു രണ്ടു പെൺമക്കളുണ്ടായിരുന്നു: മൂത്തവൾ ലേയ, ഇളയവൾ റാഹേൽ.+ 17 ലേയയുടെ കണ്ണുകൾക്കു തിളക്കം കുറവായിരുന്നു. എന്നാൽ റാഹേൽ നല്ല സൗന്ദര്യവും ആകാരഭംഗിയും ഉള്ളവളായിരുന്നു. 18 യാക്കോബിനു റാഹേലിനോടു പ്രേമം തോന്നി. അതുകൊണ്ട് ലാബാനോടു പറഞ്ഞു: “ഇളയ മകൾ റാഹേലിനുവേണ്ടി ഏഴു വർഷം സേവിക്കാൻ ഞാൻ തയ്യാറാണ്.”+ 19 അപ്പോൾ ലാബാൻ പറഞ്ഞു: “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതു നിനക്കു തരുന്നതാണ്. എന്നോടൊപ്പം താമസിക്കുക.” 20 അങ്ങനെ റാഹേലിനുവേണ്ടി യാക്കോബ് ഏഴു വർഷം ലാബാനെ സേവിച്ചു.+ എന്നാൽ, റാഹേലിനോടുള്ള സ്നേഹം കാരണം അത് ഏതാനും ദിവസങ്ങൾപോലെയേ യാക്കോബിനു തോന്നിയുള്ളൂ.
21 പിന്നെ യാക്കോബ് ലാബാനോടു പറഞ്ഞു: “ഞാൻ പറഞ്ഞ കാലം തികഞ്ഞിരിക്കുന്നു; ഇനി എനിക്ക് എന്റെ ഭാര്യയെ തരുക, ഞാൻ അവളോടൊപ്പം കിടക്കട്ടെ.” 22 അപ്പോൾ ലാബാൻ ആ സ്ഥലത്തെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. 23 പക്ഷേ രാത്രിയായപ്പോൾ ലാബാൻ മകളായ ലേയയെയാണു യാക്കോബിന്റെ അടുത്ത് കൊണ്ടുചെന്നത്. യാക്കോബ് ലേയയുമായി ബന്ധപ്പെട്ടു. 24 തന്റെ ദാസിയായ സില്പയെ ലാബാൻ ലേയയ്ക്കു ദാസിയായി കൊടുക്കുകയും ചെയ്തു.+ 25 ഭാര്യയായി ലഭിച്ചതു ലേയയെയാണെന്നു നേരം വെളുത്തപ്പോൾ യാക്കോബ് തിരിച്ചറിഞ്ഞു. യാക്കോബ് ലാബാനോടു ചോദിച്ചു: “എന്താണ് എന്നോട് ഈ ചെയ്തത്? റാഹേലിനുവേണ്ടിയല്ലേ ഞാൻ സേവിച്ചത്? എന്തിന് എന്നോട് ഈ ചതി ചെയ്തു?”+ 26 ലാബാൻ പറഞ്ഞു: “മൂത്തവൾ നിൽക്കെ ഇളയവളെ കൊടുക്കുന്ന പതിവ് ഞങ്ങളുടെ ഇടയിലില്ല. 27 ഇവളുടെ ഈ ഒരു ആഴ്ച ഇവളോടൊപ്പം ആഘോഷിക്കുക. അതിനു ശേഷം മറ്റവളെയും നിനക്കു തരാം. പക്ഷേ അതിനു പകരമായി ഏഴു വർഷംകൂടെ നീ എന്നെ സേവിക്കണം.”+ 28 അങ്ങനെ യാക്കോബ് ആ ആഴ്ച ലേയയോടൊപ്പം ചെലവഴിച്ചു. അതിനു ശേഷം ലാബാൻ മകൾ റാഹേലിനെ യാക്കോബിനു ഭാര്യയായി കൊടുത്തു. 29 ലാബാൻ തന്റെ ദാസി ബിൽഹയെ+ റാഹേലിനു ദാസിയായി കൊടുക്കുകയും ചെയ്തു.+
30 അങ്ങനെ യാക്കോബ് റാഹേലുമായും ബന്ധപ്പെട്ടു. റാഹേലിനെ യാക്കോബ് ലേയയെക്കാൾ അധികം സ്നേഹിച്ചു. ഏഴു വർഷംകൂടെ യാക്കോബ് ലാബാനെ സേവിച്ചു.+ 31 ലേയയ്ക്കു സ്നേഹം ലഭിക്കുന്നില്ലെന്നു* കണ്ടപ്പോൾ യഹോവ ലേയയ്ക്കു കുട്ടികൾ ഉണ്ടാകാനുള്ള പ്രാപ്തി നൽകി.*+ എന്നാൽ റാഹേലിനു കുട്ടികൾ ഉണ്ടായില്ല.+ 32 ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “യഹോവ എന്റെ വേദന കണ്ടിരിക്കുന്നു;+ ഇനി എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവനു രൂബേൻ*+ എന്നു പേരിട്ടു. 33 ലേയ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “എനിക്കു സ്നേഹം ലഭിക്കാത്തതുകൊണ്ട് യഹോവ എന്റെ അപേക്ഷ കേട്ട് ഇവനെയും എനിക്കു തന്നിരിക്കുന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു. 34 ലേയ പിന്നെയും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ ലേയ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ മൂന്ന് ആൺകുട്ടികളെ പ്രസവിച്ചല്ലോ!” അതുകൊണ്ട് അവനു ലേവി*+ എന്നു പേരിട്ടു. 35 ഒരിക്കൽക്കൂടി ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “ഞാൻ ഇപ്പോൾ യഹോവയെ സ്തുതിക്കും.” അങ്ങനെ അവന് യഹൂദ*+ എന്നു പേരിട്ടു. അതിനു ശേഷം ലേയയ്ക്കു പ്രസവം നിന്നു.
30 താൻ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ലെന്നു കണ്ടപ്പോൾ റാഹേലിനു ലേയയോട് അസൂയ തോന്നി. റാഹേൽ യാക്കോബിനോടു പറഞ്ഞു: “എനിക്കു മക്കളെ തരൂ, അല്ലെങ്കിൽ ഞാൻ മരിച്ചുപോകും.” 2 അപ്പോൾ യാക്കോബ് വളരെ കോപിച്ച് റാഹേലിനോട്, “നിനക്കു മക്കൾ ഉണ്ടാകുന്നതു തടഞ്ഞ* ദൈവത്തിന്റെ സ്ഥാനത്താണോ ഞാൻ” എന്നു ചോദിച്ചു. 3 അപ്പോൾ റാഹേൽ പറഞ്ഞു: “ഇതാ, എന്റെ ദാസി ബിൽഹ.+ അവളുമായി ബന്ധപ്പെടുക. അവൾ എനിക്കുവേണ്ടി കുട്ടികളെ പ്രസവിക്കട്ടെ.* അങ്ങനെ അവളിലൂടെ എനിക്കും കുട്ടികൾ ഉണ്ടാകും.” 4 അങ്ങനെ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് ബിൽഹയുമായി ബന്ധപ്പെട്ടു.+ 5 ബിൽഹ ഗർഭിണിയായി യാക്കോബിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 6 അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എനിക്കു ന്യായാധിപനായി എന്റെ ശബ്ദം കേട്ടു. അതുകൊണ്ട് എനിക്ക് ഒരു മകനെ തന്നു.” അങ്ങനെ, അവനു ദാൻ*+ എന്നു പേരിട്ടു. 7 റാഹേലിന്റെ ദാസി ബിൽഹ വീണ്ടും ഗർഭിണിയായി യാക്കോബിനു രണ്ടാമത് ഒരു ആൺകുഞ്ഞിനെക്കൂടി പ്രസവിച്ചു. 8 അപ്പോൾ റാഹേൽ പറഞ്ഞു: “സഹോദരിയുമായി ശക്തമായ മല്പിടിത്തം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതുകൊണ്ട് അവനു നഫ്താലി*+ എന്നു പേരിട്ടു.
9 തനിക്കു കുട്ടികൾ ഉണ്ടാകില്ലെന്നു കണ്ടപ്പോൾ ലേയ തന്റെ ദാസി സില്പയെ യാക്കോബിനു ഭാര്യയായി കൊടുത്തു.+ 10 പിന്നീട്, ലേയയുടെ ദാസി സില്പ യാക്കോബിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 11 അപ്പോൾ ലേയ, “എന്തൊരു സൗഭാഗ്യം!” എന്നു പറഞ്ഞ് അവനു ഗാദ്*+ എന്നു പേരിട്ടു. 12 അതിനു ശേഷം ലേയയുടെ ദാസി സില്പ യാക്കോബിനു രണ്ടാമത് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 13 അപ്പോൾ ലേയ പറഞ്ഞു: “ഞാൻ എത്ര സന്തോഷവതിയാണ്! സ്ത്രീകൾ എന്നെ ഉറപ്പായും ഭാഗ്യവതിയെന്നു വിളിക്കും.”+ അതിനാൽ ലേയ അവന് ആശേർ*+ എന്നു പേരിട്ടു.
14 ഒരിക്കൽ ഗോതമ്പുകൊയ്ത്തിന്റെ കാലത്ത് രൂബേൻ+ വയലിലൂടെ നടക്കുമ്പോൾ ദൂദായിപ്പഴങ്ങൾ കണ്ടു. അവൻ അതു കൊണ്ടുവന്ന് അമ്മയായ ലേയയ്ക്കു കൊടുത്തു. അപ്പോൾ റാഹേൽ ലേയയോട്, “ദയവുചെയ്ത് നിന്റെ മകന്റെ ദൂദായിപ്പഴങ്ങളിൽ കുറച്ച് എനിക്കു തരുക” എന്നു പറഞ്ഞു. 15 അപ്പോൾ ലേയ ചോദിച്ചു: “എന്റെ ഭർത്താവിനെ കൈക്കലാക്കിയതു പോരേ?+ നിനക്ക് ഇനി എന്റെ മകന്റെ ദൂദായിപ്പഴങ്ങൾകൂടി വേണോ?” അപ്പോൾ റാഹേൽ പറഞ്ഞു: “ശരി, നിന്റെ മകന്റെ ദൂദായിപ്പഴങ്ങൾക്കു പകരം ഇന്നു രാത്രി യാക്കോബ് നിന്നോടൊപ്പം കിടക്കും.”
16 യാക്കോബ് വൈകുന്നേരം മേച്ചിൽപ്പുറത്തുനിന്ന് വരുമ്പോൾ ലേയ ചെന്ന് യാക്കോബിനോടു പറഞ്ഞു: “അങ്ങ് ഇന്ന് എന്നോടൊപ്പമാണു കിടക്കേണ്ടത്. എന്റെ മകന്റെ ദൂദായിപ്പഴങ്ങൾ കൊടുത്ത് ഞാൻ അങ്ങയെ കൂലിക്കെടുത്തിരിക്കുന്നു.” അങ്ങനെ അന്നു രാത്രി യാക്കോബ് ലേയയോടൊപ്പം കിടന്നു. 17 ദൈവം ലേയയുടെ പ്രാർഥന കേട്ട് ഉത്തരം കൊടുത്തു. അങ്ങനെ ലേയ ഗർഭിണിയായി യാക്കോബിന് അഞ്ചാമത് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 18 അപ്പോൾ ലേയ, “എന്റെ ദാസിയെ ഞാൻ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ട് ദൈവം എനിക്കു പ്രതിഫലം* തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിനാൽ അവനു യിസ്സാഖാർ*+ എന്നു പേരിട്ടു. 19 ലേയ ഒരിക്കൽക്കൂടി ഗർഭിണിയായി യാക്കോബിന് ആറാമത് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ 20 അപ്പോൾ ലേയ പറഞ്ഞു: “ദൈവം എന്നെ, അതെ എന്നെ, അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ ഭർത്താവ് എന്നെ സഹിച്ചുകൊള്ളും.+ ഞാൻ ആറു പുത്രന്മാരെ പ്രസവിച്ചല്ലോ.”+ അതുകൊണ്ട് അവനു സെബുലൂൻ*+ എന്നു പേരിട്ടു. 21 അതിനു ശേഷം ലേയ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അവൾക്കു ദീന+ എന്നു പേരിട്ടു.
22 ഒടുവിൽ ദൈവം റാഹേലിനെ ഓർത്തു. റാഹേലിന്റെ പ്രാർഥന കേട്ട ദൈവം റാഹേലിന്റെ ഗർഭം തുറന്ന് റാഹേലിന് ഉത്തരം കൊടുത്തു.+ 23 റാഹേൽ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എന്റെ നിന്ദ നീക്കിയിരിക്കുന്നു!”+ 24 അങ്ങനെ റാഹേൽ, “യഹോവ എനിക്ക് ഒരു മകനെക്കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞ് അവനു യോസേഫ്*+ എന്നു പേരിട്ടു.
25 റാഹേൽ യോസേഫിനെ പ്രസവിച്ച ഉടനെ യാക്കോബ് ലാബാനോടു പറഞ്ഞു: “ഞാൻ എന്റെ നാട്ടിലേക്കു പോകുന്നു, എന്നെ എന്റെ ദേശത്തേക്കു പറഞ്ഞയച്ചാലും.+ 26 ഞാൻ അങ്ങയെ സേവിച്ചത് എങ്ങനെയാണെന്നു നന്നായി അറിയാമല്ലോ. ഇനി എനിക്ക് എന്റെ ഭാര്യമാരെയും കുട്ടികളെയും തരുക. അവർക്കുവേണ്ടിയാണല്ലോ ഞാൻ ഇതുവരെ അങ്ങയെ സേവിച്ചത്.”+ 27 അപ്പോൾ ലാബാൻ പറഞ്ഞു: “ദയവുചെയ്ത് എന്നെ വിട്ട് പോകരുതേ. നിന്നെപ്രതിയാണ് യഹോവ എന്നെ അനുഗ്രഹിക്കുന്നതെന്നു ശകുനം നോക്കി* ഞാൻ മനസ്സിലാക്കി.” 28 ലാബാൻ ഇങ്ങനെയും പറഞ്ഞു: “നിന്റെ കൂലി എത്രയാണെന്നു പറയുക. അതു ഞാൻ നിനക്കു തരാം.”+ 29 അപ്പോൾ യാക്കോബ് പറഞ്ഞു: “ഞാൻ എങ്ങനെയാണ് അങ്ങയെ സേവിച്ചതെന്നും അങ്ങയുടെ ആടുകളെ എത്ര നന്നായിട്ടാണു പരിപാലിച്ചതെന്നും അറിയാമല്ലോ.+ 30 ഞാൻ വരുന്നതിനു മുമ്പ് കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞാൻ വന്നശേഷം ആടുകൾ പെരുകുകയും യഹോവ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്തു. ഇനി, എന്റെ കുടുംബത്തിനുവേണ്ടി ഞാൻ എന്തെങ്കിലും കരുതുന്നത് എപ്പോഴാണ്?”+
31 അപ്പോൾ ലാബാൻ, “ഞാൻ നിനക്ക് എന്തു തരണം” എന്നു ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്ക് ഒന്നും തരേണ്ടതില്ല! ഈ ഒരു കാര്യം മാത്രം എനിക്കുവേണ്ടി ചെയ്യുന്നെങ്കിൽ ഞാൻ ഇനിയും അങ്ങയുടെ ആട്ടിൻപറ്റത്തെ മേയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊള്ളാം.+ 32 ആട്ടിൻപറ്റങ്ങളുടെ ഇടയിലൂടെ ഞാൻ ഇന്നു കടന്നുപോകും. അങ്ങ് അതിൽനിന്ന്, പുള്ളിയും പാണ്ടും ഉള്ള എല്ലാ ചെമ്മരിയാടുകളെയും ഇരുണ്ട തവിട്ടു നിറമുള്ള ചെമ്മരിയാട്ടിൻകുട്ടികളിൽ ആണിനെയൊക്കെയും പാണ്ടും പുള്ളിയും ഉള്ള എല്ലാ പെൺകോലാടുകളെയും വേർതിരിക്കണം. ഇനി ഇങ്ങനെയുള്ളവയെല്ലാം എന്റെ കൂലിയായിരിക്കും.+ 33 എന്നെങ്കിലും അങ്ങ് എന്റെ കൂലി പരിശോധിക്കാൻ വരുമ്പോൾ എന്റെ നീതിപ്രവൃത്തികൾ* എനിക്കുവേണ്ടി സംസാരിക്കും. പുള്ളിയും പാണ്ടും ഇല്ലാത്ത പെൺകോലാടുകളോ ഇരുണ്ട തവിട്ടു നിറമല്ലാത്ത ആൺചെമ്മരിയാട്ടിൻകുട്ടികളോ എന്റെ പക്കലുണ്ടെങ്കിൽ അതിനെ മോഷ്ടിച്ചതായി കണക്കാക്കാം.”
34 അതിനു ലാബാൻ പറഞ്ഞു: “അതു കൊള്ളാം! നീ പറഞ്ഞതുപോലെയാകട്ടെ.”+ 35 അന്നുതന്നെ ലാബാൻ വരയും പാണ്ടും ഉള്ള ആൺകോലാടുകളെയും, പുള്ളിയും പാണ്ടും ഉള്ള എല്ലാ പെൺകോലാടുകളെയും, അൽപ്പമെങ്കിലും വെള്ള നിറമുള്ള എല്ലാത്തിനെയും, ചെമ്മരിയാട്ടിൻകുട്ടികളിൽ ഇരുണ്ട തവിട്ടു നിറമുള്ള ആണിനെയൊക്കെയും വേർതിരിച്ച് തന്റെ ആൺമക്കളെ ഏൽപ്പിച്ചു. 36 അതിനു ശേഷം ലാബാൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു. ലാബാന്റെ ആട്ടിൻപറ്റങ്ങളിൽ ശേഷിച്ചവയെ യാക്കോബ് മേയ്ച്ചു.
37 പിന്നെ യാക്കോബ് സ്റ്റൊറാക്സ്, ബദാം, ചിനാർ എന്നീ വൃക്ഷങ്ങളുടെ പച്ചക്കൊമ്പുകൾ മുറിച്ചെടുത്ത് തടിയിൽ അങ്ങിങ്ങായി വെള്ള കാണുംവിധം തൊലിയുരിഞ്ഞു. 38 അങ്ങനെ തൊലി കളഞ്ഞ് എടുത്ത കൊമ്പുകൾ ആട്ടിൻപറ്റങ്ങൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയ്ക്കു മുന്നിലുള്ള തൊട്ടികളിൽ, അതായത് അവയ്ക്കു വെള്ളം ഒഴിച്ചുകൊടുക്കുന്ന പാത്തികളിൽ, വെച്ചു. ആടുകൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയുടെ മുന്നിൽവെച്ച് ഇണചേരാനാണു യാക്കോബ് അവ അവിടെ വെച്ചത്.
39 അങ്ങനെ, ആട്ടിൻപറ്റങ്ങൾ മരക്കൊമ്പുകളുടെ മുന്നിൽവെച്ച് ഇണചേരുകയും വരയും പുള്ളിയും പാണ്ടും ഉള്ള കുട്ടികൾ ഉണ്ടാകുകയും ചെയ്തു. 40 പിന്നെ യാക്കോബ് ചെമ്മരിയാട്ടിൻകുട്ടികളിൽ ആണിനെയൊക്കെയും വേർതിരിച്ചിട്ട് ആട്ടിൻപറ്റത്തെ ലാബാന്റെ ആട്ടിൻപറ്റത്തിൽ വരയുള്ളതിനും ഇരുണ്ട തവിട്ടു നിറമുള്ള എല്ലാത്തിനും അഭിമുഖമായി നിറുത്തി. പിന്നീട് യാക്കോബ് തന്റെ ആട്ടിൻപറ്റത്തെ വേർതിരിച്ച് മാറ്റിനിറുത്തി; അവയെ ലാബാന്റെ ആടുകളുമായി ചേർത്തില്ല. 41 ആരോഗ്യമുള്ള മൃഗങ്ങൾ ഇണചേരുമ്പോഴെല്ലാം അവ മരക്കൊമ്പുകൾ കണ്ട് ഇണചേരാനായി യാക്കോബ് കൊമ്പുകൾ ആട്ടിൻപറ്റത്തിന്റെ മുന്നിൽ പാത്തികളിൽ വെക്കും. 42 എന്നാൽ ആരോഗ്യമില്ലാത്ത മൃഗങ്ങളുടെ മുന്നിൽ അവ വെക്കുമായിരുന്നില്ല. അങ്ങനെ ആരോഗ്യമില്ലാത്തവയെല്ലാം ലാബാനും ആരോഗ്യമുള്ളവ യാക്കോബിനും വന്നുചേർന്നു.+
43 യാക്കോബ് വളർന്ന് വലിയ ധനികനായിത്തീർന്നു. അനേകം ആട്ടിൻപറ്റങ്ങളെയും ദാസീദാസന്മാരെയും ഒട്ടകങ്ങളെയും കഴുതകളെയും സമ്പാദിച്ചു.+
31 കുറച്ച് കാലത്തിനു ശേഷം ലാബാന്റെ ആൺമക്കൾ ഇങ്ങനെ പറയുന്നതു യാക്കോബ് കേട്ടു: “യാക്കോബ് നമ്മുടെ അപ്പന്റെ സ്വത്തെല്ലാം തട്ടിയെടുത്തു. നമ്മുടെ അപ്പന്റെ സ്വത്തിൽനിന്നാണു യാക്കോബ് ഈ സമ്പത്തെല്ലാം ഉണ്ടാക്കിയത്.”+ 2 തന്നോടുള്ള ലാബാന്റെ മനോഭാവവും മാറിയെന്നു+ ലാബാന്റെ മുഖഭാവത്തിൽനിന്ന് യാക്കോബ് മനസ്സിലാക്കി. 3 ഒടുവിൽ യഹോവ യാക്കോബിനോടു പറഞ്ഞു: “നിന്റെ പൂർവികരുടെയും ബന്ധുക്കളുടെയും ദേശത്തേക്കു തിരിച്ചുപോകുക.+ ഞാൻ ഇനിയും നിന്നോടൊപ്പമുണ്ടായിരിക്കും.” 4 പിന്നീട് യാക്കോബ് റാഹേലിനെയും ലേയയെയും മേച്ചിൽപ്പുറത്തേക്ക്, തന്റെ ആട്ടിൻപറ്റത്തിന്റെ അടുത്തേക്ക്, വിളിപ്പിച്ച് 5 അവരോടു പറഞ്ഞു:
“എന്നോടുള്ള നിങ്ങളുടെ അപ്പന്റെ മനോഭാവം മാറിയതായി ഞാൻ ശ്രദ്ധിച്ചു.+ എന്നാൽ എന്റെ അപ്പന്റെ ദൈവം ഇന്നുവരെ എന്നോടൊപ്പമുണ്ടായിരുന്നു.+ 6 എന്റെ ശക്തി മുഴുവൻ ഉപയോഗിച്ചാണു ഞാൻ നിങ്ങളുടെ അപ്പനെ സേവിച്ചതെന്ന+ കാര്യം നിങ്ങൾക്കു നന്നായി അറിയാമല്ലോ. 7 എന്നാൽ നിങ്ങളുടെ അപ്പൻ എന്നെ പറ്റിക്കുകയും പത്തു തവണ എന്റെ കൂലി മാറ്റുകയും ചെയ്തു. പക്ഷേ എന്നെ ദ്രോഹിക്കാൻ ദൈവം അനുവദിച്ചില്ല. 8 ‘പുള്ളിയുള്ളവയായിരിക്കും നിന്റെ കൂലി’ എന്നു നിങ്ങളുടെ അപ്പൻ പറഞ്ഞപ്പോൾ ആട്ടിൻപറ്റം മുഴുവൻ പുള്ളിയുള്ളവയെ പ്രസവിച്ചു. ‘വരയുള്ളവയായിരിക്കും നിന്റെ കൂലി’ എന്ന് എന്നോടു പറഞ്ഞപ്പോൾ ആട്ടിൻപറ്റം മുഴുവൻ വരയുള്ളവയെ പ്രസവിച്ചു.+ 9 അങ്ങനെ, ദൈവം നിങ്ങളുടെ അപ്പന്റെ ആടുകളെ എനിക്കു തന്നുകൊണ്ടിരുന്നു. 10 ഒരിക്കൽ, ആടുകൾ ഇണചേരുന്ന കാലത്ത് ഞാൻ നോക്കിയപ്പോൾ, പെണ്ണാടുകളുമായി ഇണചേരുന്ന ആൺകോലാടുകൾ വരയും പുള്ളിയും മറുകും+ ഉള്ളവയാണെന്നു ഞാൻ ഒരു സ്വപ്നത്തിൽ കണ്ടു. 11 അപ്പോൾ സത്യദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ, ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഞാൻ ഇതാ’ എന്നു ഞാൻ വിളി കേട്ടു. 12 ദൂതൻ എന്നോടു പറഞ്ഞു: ‘ദയവായി നീ തല ഉയർത്തി നോക്കുക. പെണ്ണാടുകളുമായി ഇണചേരുന്ന കോലാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്. ലാബാൻ നിന്നോടു ചെയ്യുന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു.+ 13 നീ തൂണിനെ അഭിഷേകം ചെയ്ത് എനിക്കു നേർച്ച നേർന്ന+ സ്ഥലമായ ബഥേലിലെ+ സത്യദൈവമാണു ഞാൻ. എഴുന്നേറ്റ്, ഈ ദേശം വിട്ട് നിന്റെ ജന്മദേശത്തേക്കു+ മടങ്ങിപ്പോകുക.’”
14 അപ്പോൾ റാഹേലും ലേയയും പറഞ്ഞു: “ഞങ്ങൾക്ക് ഇനി ഞങ്ങളുടെ അപ്പന്റെ വീട്ടിൽ ഓഹരിയോ അവകാശമോ ഉണ്ടോ? 15 ഞങ്ങളെ അന്യദേശക്കാരെപ്പോലെയല്ലേ അപ്പൻ കാണുന്നത്? അപ്പൻ ഞങ്ങളെ വിറ്റു, ഞങ്ങൾക്കു തന്ന പണവും അപ്പൻ ഉപയോഗിക്കുന്നു!+ 16 വാസ്തവത്തിൽ ദൈവം ഞങ്ങളുടെ അപ്പന്റെ അടുത്തുനിന്ന് എടുത്തുമാറ്റിയ സമ്പത്തെല്ലാം ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും ആണ്.+ ദൈവം അങ്ങയോടു പറഞ്ഞതുപോലെയെല്ലാം ചെയ്തുകൊള്ളൂ.”+
17 അപ്പോൾ യാക്കോബ് കുട്ടികളെയും ഭാര്യമാരെയും ഒട്ടകപ്പുറത്ത് കയറ്റി.+ 18 പിന്നെ യാക്കോബ് താൻ സ്വരുക്കൂട്ടിയ എല്ലാ വസ്തുവകകളുമായി+ അപ്പനായ യിസ്ഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ആടുമാടുകളെയും പദ്ദൻ-അരാമിൽവെച്ച് സമ്പാദിച്ച എല്ലാ മൃഗങ്ങളെയും തെളിച്ചുകൊണ്ട് യാക്കോബ് കനാൻ ദേശത്തേക്കു പോന്നു.+
19 ലാബാൻ അപ്പോൾ ആടുകളുടെ രോമം കത്രിക്കാൻ പോയിരിക്കുകയായിരുന്നു. ആ സമയത്ത്, റാഹേൽ അപ്പന്റെ കുലദൈവപ്രതിമകൾ*+ മോഷ്ടിച്ചെടുത്തു.+ 20 താൻ പോകുന്ന കാര്യം അരാമ്യനായ ലാബാനോടു പറയാതെ യാക്കോബ് തന്ത്രപൂർവം ലാബാന്റെ അടുത്തുനിന്ന് ഓടിപ്പോന്നു. 21 അങ്ങനെ യാക്കോബ് തനിക്കുള്ളതെല്ലാമായി നദി*+ കടന്ന് ഓടിപ്പോയി. പിന്നെ യാക്കോബ് ഗിലെയാദിലെ+ മലനാടു ലക്ഷ്യമാക്കി നീങ്ങി. 22 മൂന്നാം ദിവസമാണു യാക്കോബ് ഓടിപ്പോയ വിവരം ലാബാൻ അറിയുന്നത്. 23 അപ്പോൾ ലാബാൻ ബന്ധുക്കളെയും കൂട്ടി യാക്കോബിനെ പിന്തുടർന്നു; ഏഴാം ദിവസം ഗിലെയാദിലെ മലനാട്ടിൽവെച്ച് യാക്കോബിനൊപ്പം എത്തി. 24 എന്നാൽ രാത്രി ഒരു സ്വപ്നത്തിൽ ദൈവം അരാമ്യനായ+ ലാബാനു പ്രത്യക്ഷപ്പെട്ട്,+ “ഗുണമായാലും ദോഷമായാലും നീ സൂക്ഷിച്ച് വേണം യാക്കോബിനോടു സംസാരിക്കാൻ” എന്നു പറഞ്ഞു.+
25 ലാബാനും ബന്ധുക്കളും ഗിലെയാദിലെ മലനാട്ടിലെത്തി അവിടെ കൂടാരം അടിച്ചു. യാക്കോബും ആ മലയിലാണു കൂടാരം അടിച്ചിരുന്നത്. പിന്നെ ലാബാൻ യാക്കോബിന്റെ അടുത്ത് ചെന്ന് 26 ചോദിച്ചു: “നീ എന്താണ് ഈ ചെയ്തത്? എന്തിനാണു നീ തന്ത്രപൂർവം ഓടിപ്പോകുന്നത്? വാളുകൊണ്ട് പിടിച്ച ബന്ദികളെപ്പോലെ എന്റെ പെൺമക്കളെ കൊണ്ടുപോകുന്നത് എന്തിനാണ്? 27 എന്തുകൊണ്ടാണു നീ എന്നെ അറിയിക്കാതെ രഹസ്യത്തിൽ, തന്ത്രപൂർവം ഓടിപ്പോന്നത്? എന്നെ അറിയിച്ചിരുന്നെങ്കിൽ തപ്പോടും കിന്നരത്തോടും കൂടെ പാട്ടു പാടി ആഹ്ലാദത്തോടെ നിന്നെ യാത്രയയയ്ക്കുമായിരുന്നല്ലോ. 28 പക്ഷേ എന്റെ പെൺമക്കൾക്കും പേരക്കുട്ടികൾക്കും* ഉമ്മ കൊടുക്കാനുള്ള അവസരം നീ എനിക്കു തന്നില്ല. വിഡ്ഢിത്തമാണു നീ കാണിച്ചത്. 29 നിന്നെ ദ്രോഹിക്കാൻ എനിക്കു കഴിയാഞ്ഞിട്ടല്ല, എന്നാൽ ഇന്നലെ രാത്രി നിന്റെ അപ്പന്റെ ദൈവം എന്നോട്, ‘ഗുണമായാലും ദോഷമായാലും നീ സൂക്ഷിച്ച് വേണം യാക്കോബിനോടു സംസാരിക്കാൻ’+ എന്നു പറഞ്ഞു. 30 നിന്റെ അപ്പന്റെ വീട്ടിലേക്കു മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹം കാരണമാണു നീ പോന്നതെങ്കിൽ, പിന്നെ എന്തിനാണു നീ എന്റെ ദൈവങ്ങളെ മോഷ്ടിച്ചത്?”+
31 യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങയെ പേടിച്ചിട്ടാണു ഞാൻ അങ്ങനെ ചെയ്തത്. അങ്ങ് അങ്ങയുടെ പെൺമക്കളെ ബലമായി പിടിച്ചുവെക്കുമെന്നു ഞാൻ കരുതി. 32 എന്നാൽ ആരുടെയെങ്കിലും കൈവശം അങ്ങയുടെ ദൈവങ്ങളെ കണ്ടാൽ അയാൾ ജീവനോടിരിക്കരുത്. നമ്മുടെ ബന്ധുക്കൾ കാൺകെ എനിക്കുള്ളതെല്ലാം പരിശോധിച്ച് അങ്ങയുടേത് എന്തെങ്കിലും കാണുന്നെങ്കിൽ എടുത്തുകൊള്ളുക.” റാഹേൽ അവ മോഷ്ടിച്ച കാര്യം യാക്കോബ് അറിഞ്ഞിരുന്നില്ല. 33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലേക്കും ലേയയുടെ കൂടാരത്തിലേക്കും രണ്ടു ദാസിമാരുടെ+ കൂടാരത്തിലേക്കും ചെന്നു. എന്നാൽ അവ കണ്ടെത്താനായില്ല. പിന്നെ ലാബാൻ ലേയയുടെ കൂടാരത്തിൽനിന്ന് പുറത്ത് വന്ന് റാഹേലിന്റെ കൂടാരത്തിൽ കയറി. 34 റാഹേൽ ആ പ്രതിമകൾ ഒട്ടകക്കോപ്പിൽ സ്ത്രീകളുടെ സഞ്ചിയിലിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. അതിനാൽ കൂടാരം മുഴുവൻ പരതിയിട്ടും അവ കണ്ടുകിട്ടിയില്ല. 35 അപ്പോൾ റാഹേൽ അപ്പനോടു പറഞ്ഞു: “എന്റെ യജമാനൻ കോപിക്കരുതേ. എനിക്കു മാസമുറയുടെ സമയമായതിനാൽ അപ്പന്റെ മുന്നിൽ എഴുന്നേൽക്കാൻ കഴിയില്ല.”+ അതുകൊണ്ട് ലാബാൻ എത്ര തിരഞ്ഞിട്ടും പ്രതിമകൾ കണ്ടെത്താനായില്ല.+
36 അപ്പോൾ ലാബാനെ കുറ്റപ്പെടുത്തിക്കൊണ്ട് യാക്കോബ് ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു: “എന്താണു ഞാൻ ചെയ്ത കുറ്റം? ഞാൻ എന്തു പാപം ചെയ്തിട്ടാണ് ഇത്ര തിടുക്കത്തിൽ എന്റെ പുറകേ വന്നത്? 37 എന്റെ വസ്തുവകകളെല്ലാം അങ്ങ് പരിശോധിച്ചു. അങ്ങയുടെ വീട്ടിലുള്ള എന്തെങ്കിലും ഇവിടെനിന്ന് കിട്ടിയോ? എങ്കിൽ അതു നമ്മുടെ ബന്ധുക്കളുടെ മുന്നിൽ വെക്ക്. അവർ നമ്മളെ വിധിക്കട്ടെ. 38 ഇക്കഴിഞ്ഞ 20 വർഷം ഞാൻ അങ്ങയോടൊപ്പമുണ്ടായിരുന്നു. ഒരിക്കൽപ്പോലും അങ്ങയുടെ ചെമ്മരിയാടുകളുടെയോ കോലാടുകളുടെയോ ഗർഭം അലസിയിട്ടില്ല.+ ഞാൻ ഒരിക്കലും അങ്ങയുടെ ആട്ടിൻപറ്റത്തിലെ മുട്ടനാടുകളെ പിടിച്ച് തിന്നിട്ടില്ല. 39 വന്യമൃഗങ്ങൾ+ കടിച്ചുകീറിയ ഒന്നിനെയും ഞാൻ അങ്ങയുടെ അടുത്ത് കൊണ്ടുവന്നിട്ടില്ല; ഞാൻതന്നെ അതിന്റെ നഷ്ടം സഹിച്ചു. പകലാകട്ടെ രാത്രിയാകട്ടെ ഒരു മൃഗം മോഷണം പോയാൽ അതിന്റെ നഷ്ടപരിഹാരം എന്നോടു ചോദിക്കില്ലായിരുന്നോ? 40 പകൽ ചൂടും രാത്രി തണുപ്പും എന്നെ കാർന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളിൽനിന്ന് ഓടിയകന്നു.+ 41 അങ്ങനെ 20 വർഷം ഞാൻ അങ്ങയുടെ വീട്ടിൽ കഴിഞ്ഞു. അങ്ങയുടെ രണ്ടു പെൺമക്കൾക്കുവേണ്ടി 14 വർഷവും ആട്ടിൻപറ്റത്തിനുവേണ്ടി 6 വർഷവും ഞാൻ സേവിച്ചു. പത്തു തവണ എന്റെ കൂലി മാറ്റി.+ 42 എന്റെ അപ്പന്റെ ദൈവം,+ അതായത് അബ്രാഹാമിന്റെ ദൈവം, യിസ്ഹാക്ക് ഭയഭക്തിയോടെ വീക്ഷിക്കുന്ന ദൈവം,*+ എന്നോടൊപ്പമില്ലായിരുന്നെങ്കിൽ എന്നെ ഇന്ന് അങ്ങ് വെറുങ്കൈയോടെ പറഞ്ഞയയ്ക്കില്ലായിരുന്നോ? ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അധ്വാനവും കണ്ടിരിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രി ദൈവം അങ്ങയെ ശാസിച്ചത്.”+
43 അപ്പോൾ ലാബാൻ യാക്കോബിനോടു പറഞ്ഞു: “പെൺമക്കൾ എന്റെ പെൺമക്കളും കുട്ടികൾ എന്റെ കുട്ടികളും ആട്ടിൻപറ്റം എന്റെ ആട്ടിൻപറ്റവും ആണ്. നീ ഈ കാണുന്നതെല്ലാം എന്റെയും എന്റെ പെൺമക്കളുടെയും ആണ്. ഇവർക്കും ഇവർ പ്രസവിച്ച മക്കൾക്കും എതിരെ ഇന്നു ഞാൻ എന്തെങ്കിലും ചെയ്യുമോ? 44 വരുക, നമുക്കു രണ്ടു പേർക്കും ഒരു ഉടമ്പടി ചെയ്യാം. അതു നമുക്കിടയിൽ ഒരു സാക്ഷിയായിരിക്കും.” 45 അങ്ങനെ യാക്കോബ് ഒരു കല്ല് എടുത്ത് തൂണായി നാട്ടി.+ 46 പിന്നെ യാക്കോബ് ബന്ധുക്കളോട്, “കല്ലുകൾ എടുക്കുക” എന്നു പറഞ്ഞു. അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമായി കൂട്ടി. തുടർന്ന് അവർ ആ കൂമ്പാരത്തിൽവെച്ച് ഭക്ഷണം കഴിച്ചു. 47 അന്നുമുതൽ ലാബാൻ അതിനെ യഗർ-സാഹദൂഥ* എന്നു വിളിച്ചു. എന്നാൽ യാക്കോബ് അതിനെ ഗലേദ്* എന്നു വിളിച്ചു.
48 അപ്പോൾ ലാബാൻ, “ഈ കൽക്കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ടാണ് യാക്കോബ് അതിനു ഗലേദ്+ എന്നും 49 കാവൽഗോപുരം എന്നും പേരിട്ടത്. കാരണം ലാബാൻ പറഞ്ഞു: “ഞാനും നീയും പരസ്പരം അകന്നിരിക്കുമ്പോൾ യഹോവ നിനക്കും എനിക്കും മധ്യേ കാവൽ നിൽക്കട്ടെ. 50 നീ എന്റെ പെൺമക്കളെ ഉപദ്രവിക്കുകയോ മറ്റു സ്ത്രീകളെ വിവാഹം കഴിക്കുകയോ ചെയ്താൽ, മനുഷ്യർ ആരും കാണുന്നില്ലെങ്കിലും, ദൈവം നിനക്കും എനിക്കും മധ്യേ സാക്ഷിയാണെന്ന കാര്യം നീ ഓർക്കണം.” 51 ലാബാൻ ഇങ്ങനെയും പറഞ്ഞു: “ഇതാ, എനിക്കും നിനക്കും മധ്യേ ഞാൻ ഉയർത്തിയ കൽക്കൂമ്പാരവും തൂണും! 52 നിന്നെ ദ്രോഹിക്കാൻ ഈ കൽക്കൂമ്പാരം കടന്ന് ഞാനും, എന്നെ ദ്രോഹിക്കാൻ ഈ കൽക്കൂമ്പാരവും തൂണും കടന്ന് നീയും വരില്ല എന്നതിന് ഈ കൽക്കൂമ്പാരവും തൂണും സാക്ഷിയാണ്.+ 53 അബ്രാഹാമിന്റെ ദൈവവും+ നാഹോരിന്റെ ദൈവവും, അതായത് അവരുടെ അപ്പന്റെ ദൈവം, നമുക്കു മധ്യേ ന്യായം വിധിക്കട്ടെ.” അപ്പോൾ യാക്കോബ് അപ്പനായ യിസ്ഹാക്ക് ഭയഭക്തിയോടെ വീക്ഷിക്കുന്ന ദൈവത്തിന്റെ+ നാമത്തിൽ* സത്യം ചെയ്തു.
54 പിന്നെ യാക്കോബ് ആ മലയിൽ ഒരു ബലി അർപ്പിച്ചശേഷം ബന്ധുക്കളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അവർ ഭക്ഷണം കഴിച്ച് ആ മലയിൽ രാത്രിതങ്ങി. 55 ലാബാൻ അതിരാവിലെ എഴുന്നേറ്റ് പെൺമക്കൾക്കും പേരക്കുട്ടികൾക്കും*+ ഉമ്മ കൊടുത്ത് അവരെ അനുഗ്രഹിച്ചു.+ പിന്നെ ലാബാൻ അവരെ വിട്ട് വീട്ടിലേക്കു തിരിച്ചുപോയി.+
32 പിന്നീട് യാത്ര തുടർന്ന യാക്കോബിനു ദൈവദൂതന്മാർ പ്രത്യക്ഷരായി. 2 അവരെ കണ്ട ഉടനെ, “ഇതു ദൈവത്തിന്റെ പാളയമാണ്” എന്നു പറഞ്ഞ് യാക്കോബ് ആ സ്ഥലത്തിനു മഹനയീം* എന്നു പേരിട്ടു.
3 പിന്നെ തന്റെ ചേട്ടനായ ഏശാവിന്റെ അടുത്തേക്ക്, അതായത് ഏദോമിന്റെ+ പ്രദേശമായ സേയീർ+ ദേശത്തേക്ക്, യാക്കോബ് തനിക്കു മുമ്പായി സന്ദേശവാഹകരെ അയച്ചു. 4 അവരോടു കല്പിച്ചു: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ ദാസനായ യാക്കോബ് പറയുന്നു, “ഇക്കാലമത്രയും ഞാൻ ലാബാനോടൊപ്പം താമസിക്കുകയായിരുന്നു.*+ 5 ഞാൻ കാളകളെയും കഴുതകളെയും ആടുകളെയും ദാസീദാസന്മാരെയും സമ്പാദിച്ചു.+ ഇക്കാര്യം എന്റെ യജമാനനെ അറിയിക്കാനും അങ്ങയ്ക്ക് എന്നോടു കരുണ തോന്നാനും വേണ്ടിയാണു ഞാൻ ഈ സന്ദേശം അയയ്ക്കുന്നത്.”’”
6 ദൂതന്മാർ മടങ്ങിയെത്തി യാക്കോബിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ ചേട്ടനായ ഏശാവിനെ കണ്ടു. ഏശാവ് അങ്ങയെ കാണാൻ വരുന്നുണ്ട്. 400 പുരുഷന്മാരും കൂടെയുണ്ട്.”+ 7 അതു കേട്ടപ്പോൾ യാക്കോബ് ആകെ ഭയന്നുപോയി, വല്ലാതെ പേടിച്ചുവിറച്ചു.+ അതുകൊണ്ട് തന്നോടൊപ്പമുള്ള ആളുകളെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി തിരിച്ചു. 8 “ഏശാവ് ഒരു കൂട്ടത്തെ ആക്രമിച്ചാൽ മറ്റേ കൂട്ടത്തിനു രക്ഷപ്പെടാമല്ലോ!” എന്നു പറഞ്ഞു.
9 അതിനു ശേഷം യാക്കോബ് പറഞ്ഞു: “എന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവമേ, എന്റെ അപ്പനായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക, ഞാൻ നിനക്കു നന്മ ചെയ്യും’ എന്ന് എന്നോടു കല്പിച്ച ദൈവമേ,+ 10 അങ്ങയുടെ ഈ ദാസനോട് ഇതുവരെ കാണിച്ച അചഞ്ചലമായ സ്നേഹത്തിനും വിശ്വസ്തതയ്ക്കും+ അടിയൻ യോഗ്യനല്ല. കാരണം ഈ യോർദാൻ കടക്കുമ്പോൾ എന്റെ വടി മാത്രമേ എന്റെ കൈയിലുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ വർധിച്ച് രണ്ടു കൂട്ടമായിരിക്കുന്നു!+ 11 എന്റെ ചേട്ടനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമെന്നു ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നു.+ ഏശാവ് വന്ന് എന്നെയും കുട്ടികളെയും അവരുടെ അമ്മമാരെയും ആക്രമിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.+ 12 ‘ഞാൻ നിനക്ക് ഉറപ്പായും നന്മ ചെയ്യുകയും നിന്റെ സന്തതിയെ* കടലിലെ മണൽത്തരികൾപോലെ എണ്ണിയാൽ തീരാത്തത്ര വർധിപ്പിക്കുകയും ചെയ്യും’+ എന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ.”
13 അന്നു രാത്രി യാക്കോബ് അവിടെ താമസിച്ചു. പിന്നെ ചേട്ടനായ ഏശാവിനു സമ്മാനിക്കാൻ മൃഗങ്ങളിൽ ചിലതിനെ വേർതിരിച്ചു.+ 14 200 പെൺകോലാടുകളെയും 20 ആൺകോലാടുകളെയും 200 പെൺചെമ്മരിയാടുകളെയും 20 ആൺചെമ്മരിയാടുകളെയും 15 30 ഒട്ടകങ്ങളെയും അവയുടെ കുഞ്ഞുങ്ങളെയും 40 പശുക്കളെയും 10 കാളകളെയും 20 പെൺകഴുതകളെയും വളർച്ചയെത്തിയ 10 ആൺകഴുതകളെയും+ ഏശാവിനു കൊടുത്തയച്ചു.
16 ഒന്നിനു പുറകേ ഒന്നായി ഓരോ കൂട്ടത്തെയും ദാസന്മാരുടെ കൈയിൽ ഏൽപ്പിച്ചിട്ട് യാക്കോബ് പറഞ്ഞു: “എനിക്കു മുമ്പേ നിങ്ങൾ അപ്പുറം കടക്കുക. ഓരോ കൂട്ടവും അടുത്ത കൂട്ടത്തിൽനിന്ന് കുറച്ച് അകലം പാലിച്ച് വേണം പോകാൻ.” 17 പിന്നെ ഒന്നാമനോടു കല്പിച്ചു: “എന്റെ ചേട്ടനായ ഏശാവ് നിന്നെ കാണുമ്പോൾ, ‘നീ ആരുടെ ദാസൻ, എവിടെ പോകുന്നു, നിന്റെ മുന്നിലുള്ള ഇവയെല്ലാം ആരുടേതാണ്’ എന്നെല്ലാം ചോദിച്ചാൽ 18 നീ ഇങ്ങനെ പറയണം: ‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റേതാണ്. യജമാനനായ ഏശാവിന് യാക്കോബ് അയച്ചിരിക്കുന്ന സമ്മാനമാണ് ഇവ.+ ഇതാ, യാക്കോബും പിന്നാലെ വരുന്നുണ്ട്.’” 19 രണ്ടാമനോടും മൂന്നാമനോടും ഓരോ കൂട്ടത്തോടും ഒപ്പം പോകുന്ന എല്ലാവരോടും യാക്കോബ് കല്പിച്ചു: “ഏശാവിനെ കാണുമ്പോൾ നിങ്ങളും ഇങ്ങനെതന്നെ പറയണം. 20 കൂടാതെ, ‘അങ്ങയുടെ ദാസനായ യാക്കോബ് പിന്നാലെയുണ്ട്’ എന്നും പറയണം.” കാരണം യാക്കോബ് തന്നോടുതന്നെ പറഞ്ഞു: ‘എനിക്കു മുമ്പായി സമ്മാനം കൊടുത്തയച്ച്+ ഏശാവിനെ ശാന്തനാക്കാൻ കഴിഞ്ഞാൽ, പിന്നീടു നേരിൽ കാണുമ്പോൾ ഏശാവ് എന്നെ ദയയോടെ സ്വീകരിച്ചേക്കും.’ 21 അങ്ങനെ സമ്മാനങ്ങൾ യാക്കോബിനു മുമ്പായി അപ്പുറം കടന്നു. എന്നാൽ യാക്കോബ് അന്നു രാത്രി കൂടാരത്തിൽ കഴിഞ്ഞു.
22 യാക്കോബ് രാത്രിയിൽ തന്റെ രണ്ടു ഭാര്യമാരെയും+ രണ്ടു ദാസിമാരെയും+ 11 ആൺമക്കളെയും കൂട്ടി ആഴം കുറഞ്ഞ ഭാഗത്തുകൂടി യബ്ബോക്ക്+ നദി കുറുകെ കടന്നു. 23 അങ്ങനെ അവരെയെല്ലാം നദിക്ക്* അക്കര കടത്തി. തനിക്കുണ്ടായിരുന്നതെല്ലാം യാക്കോബ് അക്കരെ എത്തിച്ചു.
24 ഒടുവിൽ യാക്കോബ് മാത്രം ശേഷിച്ചു. അപ്പോൾ ഒരു പുരുഷൻ വന്ന് നേരം പുലരുന്നതുവരെ യാക്കോബുമായി മല്ലുപിടിച്ചു.+ 25 ജയിക്കാൻ കഴിയുന്നില്ലെന്നു കണ്ടപ്പോൾ അയാൾ യാക്കോബിന്റെ ഇടുപ്പെല്ലിൽ തൊട്ടു. അങ്ങനെ അയാളുമായുള്ള മല്പിടിത്തത്തിൽ യാക്കോബിന്റെ ഇടുപ്പ് ഉളുക്കിപ്പോയി.+ 26 പിന്നെ അയാൾ, “നേരം പുലരുന്നു, എന്നെ വിടൂ” എന്നു പറഞ്ഞു. “എന്നെ അനുഗ്രഹിക്കാതെ ഞാൻ വിടില്ല” എന്നു യാക്കോബ് പറഞ്ഞു.+ 27 “നിന്റെ പേര് എന്താണ്” എന്ന് അയാൾ ചോദിച്ചപ്പോൾ, “യാക്കോബ്” എന്നു പറഞ്ഞു. 28 അയാൾ പറഞ്ഞു: “ഇനി നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ* എന്നായിരിക്കും.+ കാരണം നീ ദൈവത്തോടും മനുഷ്യനോടും പൊരുതി ജയിച്ചിരിക്കുന്നു.”+ 29 യാക്കോബ് അയാളോട്, “ദയവായി അങ്ങയുടെ പേര് എന്താണെന്നു പറയുക” എന്നു പറഞ്ഞു. എന്നാൽ അയാൾ, “നീ എന്റെ പേര് അന്വേഷിക്കുന്നത് എന്തിന്”+ എന്നു ചോദിച്ചു. അതിനു ശേഷം അയാൾ അവിടെവെച്ച് യാക്കോബിനെ അനുഗ്രഹിച്ചു. 30 അതിനാൽ യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ*+ എന്നു പേരിട്ടു. കാരണം യാക്കോബ് പറഞ്ഞു: “ദൈവത്തെ മുഖാമുഖം കണ്ടെങ്കിലും ഞാൻ ജീവനോടിരിക്കുന്നു.”+
31 യാക്കോബ് പെനുവേൽ* വിട്ട് പോകുമ്പോഴേക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ഇടുപ്പ് ഉളുക്കിയതുകൊണ്ട്+ മുടന്തിയാണു നടന്നത്. 32 യാക്കോബിന്റെ ഇടുപ്പിൽ തുടഞരമ്പിന്* അടുത്തായി അയാൾ തൊട്ടതുകൊണ്ട് ഇന്നുവരെയും ഇസ്രായേൽമക്കൾ ഇടുപ്പിലെ തുടഞരമ്പു കഴിക്കാറില്ല.
33 യാക്കോബ് നോക്കിയപ്പോൾ ഏശാവ് 400 ആളുകളുമായി+ വരുന്നതു കണ്ടു. അപ്പോൾ യാക്കോബ് കുട്ടികളെയെല്ലാം ലേയയുടെയും റാഹേലിന്റെയും രണ്ടു ദാസിമാരുടെയും+ അടുത്തായി നിറുത്തി. 2 ഏറ്റവും മുന്നിൽ ദാസിമാരെയും അവരുടെ കുട്ടികളെയും,+ പിന്നിലായി ലേയയെയും അവളുടെ കുട്ടികളെയും,+ അതിനു പിന്നിൽ റാഹേലിനെയും+ യോസേഫിനെയും നിറുത്തി. 3 പിന്നെ അവർക്കു മുമ്പേ നടന്ന് തന്റെ ചേട്ടന്റെ അടുത്ത് എത്തുംവരെ യാക്കോബ് ഏഴു പ്രാവശ്യം നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു.
4 അപ്പോൾ ഏശാവ് ഓടിച്ചെന്ന് യാക്കോബിനെ സ്വീകരിച്ചു, യാക്കോബിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞു. 5 സ്ത്രീകളെയും കുട്ടികളെയും കണ്ടപ്പോൾ ഏശാവ് ചോദിച്ചു: “നിന്നോടൊപ്പമുള്ള ഇവർ ആരാണ്?” അതിന് യാക്കോബ്, “അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞ് നൽകിയ കുട്ടികളാണ്+ ഇവർ” എന്നു പറഞ്ഞു. 6 അപ്പോൾ ദാസിമാർ അവരുടെ കുട്ടികളോടൊപ്പം വന്ന് ഏശാവിന്റെ മുന്നിൽ കുമ്പിട്ട് നമസ്കരിച്ചു. 7 പിന്നെ ലേയയും കുട്ടികളും വന്ന് നമസ്കരിച്ചു. തുടർന്ന്, യോസേഫും റാഹേലും വന്ന് ഏശാവിനെ നമസ്കരിച്ചു.+
8 അപ്പോൾ ഏശാവ്, “ഞാൻ കണ്ട ആ ആളുകളെയെല്ലാം നീ അയച്ചത് എന്തിനാണ്”+ എന്നു ചോദിച്ചു. “എന്റെ യജമാനന്റെ പ്രീതി നേടുന്നതിന്” എന്നു യാക്കോബ് പറഞ്ഞു.+ 9 അപ്പോൾ ഏശാവ് പറഞ്ഞു: “സഹോദരാ, എനിക്ക് ഒരുപാടു വസ്തുവകകളുണ്ട്.+ നിന്റേതു നീതന്നെ വെച്ചുകൊള്ളൂ.” 10 എന്നാൽ യാക്കോബ് പറഞ്ഞു: “ദയവുചെയ്ത് അങ്ങനെ പറയരുതേ. എന്നോടു പ്രീതി തോന്നുന്നെങ്കിൽ എന്റെ സമ്മാനം സ്വീകരിക്കണം. കാരണം അങ്ങയുടെ മുഖം കാണാൻവേണ്ടിയാണു ഞാൻ അതു കൊണ്ടുവന്നത്. അങ്ങ് എന്നെ സന്തോഷത്തോടെ സ്വീകരിച്ചതുകൊണ്ട് ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണു ഞാൻ അങ്ങയുടെ മുഖം കാണുന്നത്.+ 11 ദൈവം എന്നോടു പ്രീതി കാണിച്ചിരിക്കുന്നു; ആവശ്യമുള്ളതെല്ലാം എനിക്കുണ്ട്.+ അതിനാൽ ഈ സമ്മാനം*+ സ്വീകരിച്ചാലും.” യാക്കോബ് കുറെ നിർബന്ധിച്ചപ്പോൾ ഏശാവ് അതു സ്വീകരിച്ചു.
12 പിന്നെ ഏശാവ് പറഞ്ഞു: “വരൂ, നമുക്കു പുറപ്പെടാം. ഞാൻ നിനക്കു മുമ്പായി പോകാം.” 13 എന്നാൽ യാക്കോബ് പറഞ്ഞു: “മക്കൾ നന്നേ ചെറുപ്പമാണെന്നും+ പാലൂട്ടുന്ന ആടുകളും കന്നുകാലികളും കൂട്ടത്തിലുണ്ടെന്നും യജമാനന് അറിയാമല്ലോ. ഒരു ദിവസം മുഴുവൻ വേഗത്തിൽ തെളിച്ചാൽ ആട്ടിൻപറ്റമെല്ലാം ചത്തുപോകും. 14 അതുകൊണ്ട് യജമാനൻ അങ്ങയുടെ ഈ ദാസനു മുമ്പേ പുറപ്പെട്ടാലും. കുട്ടികളുടെയും മൃഗങ്ങളുടെയും പ്രാപ്തിയനുസരിച്ച് ഞാൻ സാവധാനം യാത്ര ചെയ്ത് സേയീരിൽ എന്റെ യജമാനന്റെ അടുത്ത് എത്തിക്കൊള്ളാം.”+ 15 അപ്പോൾ ഏശാവ്, “ഞാൻ എന്റെ ആളുകളിൽ ചിലരെ നിന്റെ അടുത്ത് നിറുത്തട്ടേ” എന്നു ചോദിച്ചു. അപ്പോൾ യാക്കോബ് പറഞ്ഞു: “എന്തിന്? എനിക്ക് യജമാനന്റെ പ്രീതിയുണ്ടായിരുന്നാൽ മാത്രം മതി.” 16 അതുകൊണ്ട് അന്നുതന്നെ ഏശാവ് സേയീരിലേക്കു തിരിച്ചുപോയി.
17 യാക്കോബ് സുക്കോത്തിലേക്കു+ യാത്ര ചെയ്തു. അവിടെ യാക്കോബ് ഒരു വീടു പണിതു, മൃഗങ്ങൾക്കു തൊഴുത്തുകൾ ഉണ്ടാക്കുകയും ചെയ്തു. അതുകൊണ്ടാണ് ആ സ്ഥലത്തിനു യാക്കോബ് സുക്കോത്ത്* എന്നു പേരിട്ടത്.
18 പദ്ദൻ-അരാമിൽനിന്ന്+ പുറപ്പെട്ട യാക്കോബ് കനാൻ+ ദേശത്തുള്ള ശെഖേം+ എന്ന നഗരത്തിൽ സുരക്ഷിതനായി എത്തിച്ചേർന്നു. അവിടെ നഗരത്തിന് അടുത്ത് കൂടാരം അടിച്ചു. 19 തുടർന്ന്, കൂടാരം അടിച്ചിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഹാമോരിന്റെ പുത്രന്മാരിൽനിന്ന് (അവരിലൊരുവനാണു ശെഖേം.) 100 കാശിനു വാങ്ങി.*+ 20 യാക്കോബ് അവിടെ ഒരു യാഗപീഠം പണിത് അതിനെ ദൈവം, ഇസ്രായേലിന്റെ ദൈവം,+ എന്നു വിളിച്ചു.
34 യാക്കോബിനു ലേയയിൽ ഉണ്ടായ മകൾ ദീന+ പുറത്ത് പോയി ആ ദേശത്തെ യുവതികളോടൊപ്പം+ പതിവായി സമയം ചെലവഴിക്കുമായിരുന്നു.* 2 ദേശത്തിലെ ഒരു തലവനായ ഹാമോർ എന്ന ഹിവ്യന്റെ+ മകൻ ശെഖേം ദീനയെ ശ്രദ്ധിച്ചു. ശെഖേം ദീനയെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. 3 യാക്കോബിന്റെ മകളായ ദീനയോടു ശെഖേമിനു കടുത്ത പ്രേമം തോന്നി. ശെഖേം ദീനയെ പ്രണയിക്കാൻതുടങ്ങി. ദീനയുടെ മനം കവരുംവിധം ശെഖേം ഹൃദ്യമായി* സംസാരിച്ചു. 4 ഒടുവിൽ ശെഖേം അപ്പനായ ഹാമോരിനോട്,+ “ഈ യുവതിയെ എനിക്കു ഭാര്യയായി കിട്ടണം” എന്നു പറഞ്ഞു.
5 മകളെ ശെഖേം കളങ്കപ്പെടുത്തിയെന്നു യാക്കോബ് അറിഞ്ഞ സമയത്ത് യാക്കോബിന്റെ ആൺമക്കൾ വീട്ടിലില്ലായിരുന്നു; അവർ അപ്പന്റെ മൃഗങ്ങളെ മേയ്ക്കാൻ പോയിരിക്കുകയായിരുന്നു. അതുകൊണ്ട്, അവർ മടങ്ങിവരുന്നതുവരെ യാക്കോബ് മൗനം പാലിച്ചു. 6 പിന്നീട്, ശെഖേമിന്റെ അപ്പനായ ഹാമോർ യാക്കോബിനോടു സംസാരിക്കാൻ വന്നു. 7 സംഭവിച്ചതിനെക്കുറിച്ച് കേട്ട ഉടനെ യാക്കോബിന്റെ ആൺമക്കൾ മേച്ചിൽപ്പുറത്തുനിന്ന് മടങ്ങിയെത്തി. ശെഖേം യാക്കോബിന്റെ മകളുമായി ബന്ധപ്പെടുകയും അരുതാത്തതു ചെയ്ത്+ ഇസ്രായേലിനെ അപമാനിക്കുകയും ചെയ്തതിൽ അവർക്കു ദേഷ്യവും അമർഷവും തോന്നി.+
8 ഹാമോർ അവരോടു പറഞ്ഞു: “എന്റെ മകൻ ശെഖേമിനു നിങ്ങളുടെ മകളെ വളരെ ഇഷ്ടമാണ്. ദയവുചെയ്ത് അവളെ അവനു വിവാഹം ചെയ്തുകൊടുത്ത് 9 ഞങ്ങളുമായി ബന്ധം സ്ഥാപിക്കുക.* നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരുകയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു സ്വീകരിക്കുകയും ചെയ്യാം.+ 10 നിങ്ങൾക്കു ഞങ്ങളോടൊപ്പം താമസിക്കാം. ഈ ദേശത്ത് നിങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരിക്കും. ഇവിടെ വ്യാപാരം ചെയ്ത് താമസമുറപ്പിച്ചുകൊള്ളൂ.” 11 പിന്നെ ശെഖേം ദീനയുടെ അപ്പനോടും ആങ്ങളമാരോടും പറഞ്ഞു: “ദയവുചെയ്ത് എന്നോടു കരുണ കാണിക്കണം; ചോദിക്കുന്നത് എന്തും ഞാൻ തരാം. 12 എത്ര വലിയ തുകയും സമ്മാനവും നിങ്ങൾക്ക് എന്നോടു വധുവിലയായി ആവശ്യപ്പെടാം.+ നിങ്ങൾ ചോദിക്കുന്നത് എന്തും തരാൻ ഞാൻ തയ്യാറാണ്. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽ മാത്രം മതി.”
13 തങ്ങളുടെ പെങ്ങളായ ദീനയെ ശെഖേം കളങ്കപ്പെടുത്തിയതിനാൽ യാക്കോബിന്റെ ആൺമക്കൾ ശെഖേമിനോടും ശെഖേമിന്റെ അപ്പനായ ഹാമോരിനോടും തന്ത്രപൂർവം സംസാരിച്ചു. 14 അവർ അവരോടു പറഞ്ഞു: “ഇങ്ങനെയൊരു കാര്യം ചെയ്യാൻ ഒരിക്കലും ഞങ്ങൾക്കു പറ്റില്ല. പരിച്ഛേദനയേൽക്കാത്ത*+ ഒരു പുരുഷനു ഞങ്ങളുടെ പെങ്ങളെ കൊടുക്കുന്നതു ഞങ്ങൾക്ക് അപമാനമാണ്. 15 എന്നാൽ ഈ വ്യവസ്ഥ അംഗീകരിച്ചാൽ ഞങ്ങൾ ഇക്കാര്യം സമ്മതിക്കാം: നിങ്ങൾ ഞങ്ങളെപ്പോലെയാകുകയും നിങ്ങൾക്കിടയിലെ ആണുങ്ങളൊക്കെയും പരിച്ഛേദനയേൽക്കുകയും വേണം.+ 16 അങ്ങനെ ചെയ്താൽ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരുകയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ സ്വീകരിക്കുകയും ഞങ്ങൾ നിങ്ങളോടൊപ്പം താമസിക്കുകയും ചെയ്യാം. അങ്ങനെ നമുക്ക് ഒരു ജനമായിത്തീരാം. 17 എന്നാൽ ഞങ്ങൾ പറയുന്നതു കേൾക്കാനോ പരിച്ഛേദനയേൽക്കാനോ നിങ്ങൾ ഒരുക്കമല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ മകളെ കൂട്ടിക്കൊണ്ടുപോകും.”
18 അവരുടെ വാക്കുകൾ ഹാമോരിനും+ മകനായ ശെഖേമിനും+ ബോധിച്ചു. 19 ആ യുവാവിനു യാക്കോബിന്റെ മകളോടു കടുത്ത പ്രേമമായിരുന്നതിനാൽ അവർ ആവശ്യപ്പെട്ടതു+ ചെയ്യാൻ ഒട്ടും താമസിച്ചില്ല. ശെഖേം തന്റെ അപ്പന്റെ ഭവനത്തിലെ ഏറ്റവും ആദരണീയനായിരുന്നു.
20 അങ്ങനെ ഹാമോരും മകനായ ശെഖേമും നഗരകവാടത്തിൽ ചെന്ന് അവരുടെ നഗരത്തിലെ പുരുഷന്മാരോടു+ സംസാരിച്ചു. അവർ പറഞ്ഞു: 21 “ഈ മനുഷ്യർ നമ്മളോടു സമാധാനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു. അവർ ഈ ദേശത്ത് താമസിച്ച് ഇവിടെ വ്യാപാരം ചെയ്യട്ടെ. ഈ ദേശം അവർക്കുംകൂടെ താമസിക്കാവുന്നത്ര വലുതാണല്ലോ. അവരുടെ പെൺമക്കളെ നമുക്കു ഭാര്യമാരാക്കാം, നമ്മുടെ പെൺമക്കളെ അവർക്കു കൊടുക്കുകയും ചെയ്യാം.+ 22 എന്നാൽ അവർ നമ്മളോടൊപ്പം താമസിച്ച് അവരും നമ്മളും ഒരു ജനമായിത്തീരണമെങ്കിൽ നമ്മൾ ഒരു വ്യവസ്ഥ പാലിക്കണം: അവർ പരിച്ഛേദനയേറ്റിരിക്കുന്നതുപോലെ നമുക്കിടയിലെ ആണുങ്ങളെല്ലാം പരിച്ഛേദനയേൽക്കണം.+ 23 അപ്പോൾ അവരുടെ വസ്തുവകകളും സമ്പത്തും എല്ലാ മൃഗങ്ങളും നമ്മുടേതായിത്തീരും. അതുകൊണ്ട്, അവർ നമ്മളോടൊപ്പം താമസിക്കേണ്ടതിനു നമുക്ക് അവർ പറയുന്നതു സമ്മതിക്കാം.” 24 ഹാമോരും മകനായ ശെഖേമും പറഞ്ഞതു നഗരകവാടത്തിൽ കൂടിവന്നവരെല്ലാം അനുസരിച്ചു. നഗരകവാടത്തിൽ കൂടിവന്ന ആണുങ്ങളെല്ലാം പരിച്ഛേദനയേറ്റു.
25 എന്നാൽ മൂന്നാം ദിവസം, അവർ വേദനയോടിരിക്കുമ്പോൾ, യാക്കോബിന്റെ രണ്ട് ആൺമക്കൾ, ദീനയുടെ ആങ്ങളമാരായ ശിമെയോനും ലേവിയും,+ വാൾ എടുത്ത് ആ നഗരത്തിലേക്കു ചെന്ന് അവിടെയുള്ള ആണുങ്ങളെയെല്ലാം കൊന്നു.+ തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. 26 അവർ ഹാമോരിനെയും മകനായ ശെഖേമിനെയും വാളുകൊണ്ട് വെട്ടിക്കൊന്ന് ദീനയെ ശെഖേമിന്റെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. 27 തങ്ങളുടെ പെങ്ങളെ അവർ കളങ്കപ്പെടുത്തിയതിനാൽ,+ യാക്കോബിന്റെ മറ്റ് ആൺമക്കൾ കൊല്ലപ്പെട്ട പുരുഷന്മാരുടെ ഇടയിലേക്കു ചെന്ന് ആ നഗരം കൊള്ളയടിച്ചു. 28 അവർ അവരുടെ ആട്ടിൻപറ്റങ്ങൾ, കന്നുകാലികൾ, കഴുതകൾ തുടങ്ങി നഗരത്തിന് അകത്തും പുറത്തും കണ്ടതെല്ലാം എടുത്തുകൊണ്ടുപോയി. 29 അവർ അവരുടെ വസ്തുവകകളൊക്കെ എടുത്തു. അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും എല്ലാം പിടിച്ചുകൊണ്ടുപോയി. വീടുകളിലുള്ളതു മുഴുവൻ അവർ കൊള്ളയടിച്ചു.
30 അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും+ പറഞ്ഞു: “ഈ ദേശക്കാരായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച് വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നു.* എനിക്ക് ആൾബലം കുറവാണ്. അവർ സംഘം ചേർന്ന് എന്നെ ആക്രമിച്ച് എന്നെയും എന്റെ കുടുംബത്തെയും പൂർണമായി നശിപ്പിക്കുമെന്ന് ഉറപ്പാണ്.” 31 അപ്പോൾ അവർ, “ഒരു വേശ്യയോടെന്നപോലെ ആർക്കും ഞങ്ങളുടെ പെങ്ങളോടു പെരുമാറാം എന്നാണോ” എന്നു ചോദിച്ചു.
35 അതിനു ശേഷം ദൈവം യാക്കോബിനോടു പറഞ്ഞു: “എഴുന്നേറ്റ് ബഥേലിലേക്കു+ ചെന്ന് അവിടെ താമസിക്കുക. നിന്റെ ചേട്ടനായ ഏശാവിന്റെ അടുത്തുനിന്ന് ഓടിപ്പോന്നപ്പോൾ+ നിനക്കു പ്രത്യക്ഷനായ സത്യദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുക.”
2 അപ്പോൾ യാക്കോബ് വീട്ടിലുള്ളവരോടും കൂടെയുള്ള എല്ലാവരോടും പറഞ്ഞു: “നിങ്ങൾക്കിടയിലെ അന്യദൈവങ്ങളെയെല്ലാം നീക്കിക്കളഞ്ഞിട്ട്+ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്ത്രം മാറുക. 3 നമുക്കു ബഥേലിലേക്കു പോകാം. എന്റെ കഷ്ടകാലങ്ങളിലെല്ലാം എനിക്ക് ഉത്തരം തരുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം*+ എന്നോടുകൂടെ ഇരിക്കുകയും ചെയ്ത സത്യദൈവത്തിന് അവിടെ ഞാൻ ഒരു യാഗപീഠം പണിയും.” 4 അങ്ങനെ അവർ അവരുടെ കൈയിലുണ്ടായിരുന്ന എല്ലാ അന്യദേവവിഗ്രഹങ്ങളും ചെവിയിലണിഞ്ഞിരുന്ന കമ്മലുകളും യാക്കോബിനു കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിന് അടുത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.*
5 പിന്നെ അവർ യാത്ര ആരംഭിച്ചു. ദൈവത്തെക്കുറിച്ചുള്ള ഉഗ്രഭയം ചുറ്റുമുള്ള നഗരങ്ങളെ പിടികൂടിയിരുന്നതിനാൽ അവർ യാക്കോബിന്റെ മക്കളെ പിന്തുടർന്നില്ല. 6 ഒടുവിൽ യാക്കോബും കൂടെയുള്ള എല്ലാവരും കനാൻ ദേശത്തെ ലുസിൽ,+ അതായത് ബഥേലിൽ, എത്തിച്ചേർന്നു. 7 യാക്കോബ് അവിടെ ഒരു യാഗപീഠം പണിത് ആ സ്ഥലത്തെ ഏൽ-ബഥേൽ* എന്നു വിളിച്ചു. കാരണം സ്വന്തം ചേട്ടന്റെ അടുത്തുനിന്ന് ഓടിപ്പോയ സമയത്ത്+ അവിടെവെച്ചാണു യാക്കോബിനു സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത്. 8 പിന്നീട് റിബെക്കയുടെ വളർത്തമ്മയായ ദബോര+ മരിച്ചു. ബഥേലിന്റെ അടിവാരത്തുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ദബോരയെ അടക്കം ചെയ്തു. അതുകൊണ്ട്, യാക്കോബ് അതിന് അല്ലോൻ-ബാഖൂത്ത്* എന്നു പേരിട്ടു.
9 യാക്കോബ് പദ്ദൻ-അരാമിൽനിന്ന് മടങ്ങിവരുമ്പോൾ ദൈവം ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെട്ട് യാക്കോബിനെ അനുഗ്രഹിച്ചു. 10 ദൈവം പറഞ്ഞു: “നിന്റെ പേര് യാക്കോബ് എന്നാണല്ലോ.+ എന്നാൽ ഇനിമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും.”+ അങ്ങനെ ദൈവം യാക്കോബിനെ ഇസ്രായേൽ എന്നു വിളിച്ചുതുടങ്ങി. 11 ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്.+ നീ സന്താനസമൃദ്ധിയുള്ളവനായി പെരുകുക! ജനതകളും ജനതകളുടെ ഒരു സഭയും നിന്നിൽനിന്ന് പുറപ്പെടും.+ രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും.*+ 12 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും* കൊടുക്കും.”+ 13 പിന്നെ, യാക്കോബിനോടു സംസാരിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്ന് ദൈവം പോയി.
14 ദൈവം തന്നോടു സംസാരിച്ച ആ സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നാട്ടി. അതിനു മേൽ പാനീയയാഗം ചൊരിഞ്ഞു; എണ്ണയും പകർന്നു.+ 15 ദൈവം സംസാരിച്ച ആ സ്ഥലത്തെ യാക്കോബ് ബഥേൽ എന്നുതന്നെ വിളിച്ചു.+
16 പിന്നെ അവർ ബഥേലിൽനിന്ന് യാത്ര തിരിച്ചു. അവർ എഫ്രാത്തയിൽ എത്തുന്നതിനു വളരെ മുമ്പുതന്നെ റാഹേൽ പ്രസവിച്ചു. പക്ഷേ പ്രസവസമയത്ത് റാഹേലിന് അസാധാരണമായ വേദന അനുഭവപ്പെട്ടു. 17 പ്രസവിക്കാൻ വളരെ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ വയറ്റാട്ടി പറഞ്ഞു: “പേടിക്കേണ്ടാ, നിനക്ക് ഈ മകനെയും ലഭിക്കും.”+ 18 പ്രാണൻ പോകുന്ന സമയത്ത് (കാരണം റാഹേൽ മരിക്കുകയായിരുന്നു.) റാഹേൽ കുഞ്ഞിനു ബനോനി* എന്നു പേരിട്ടു. എന്നാൽ അവന്റെ അപ്പൻ അവനെ ബന്യാമീൻ*+ എന്നു വിളിച്ചു. 19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്തു. 20 യാക്കോബ് റാഹേലിന്റെ ശവകുടീരത്തിനു മുകളിൽ ഒരു തൂൺ നാട്ടി. ആ തൂണാണു റാഹേലിന്റെ ശവകുടീരത്തിന്റെ തൂൺ എന്ന പേരിൽ ഇന്നും നിൽക്കുന്നത്.
21 അതിനു ശേഷം ഇസ്രായേൽ പുറപ്പെട്ട് ഏദെർ ഗോപുരത്തിന് അപ്പുറം കുറെ മാറി കൂടാരം അടിച്ചു. 22 ഇസ്രായേൽ ആ ദേശത്ത് താമസിക്കുമ്പോൾ ഒരിക്കൽ രൂബേൻ ചെന്ന് അപ്പന്റെ ഉപപത്നിയായ* ബിൽഹയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇക്കാര്യം ഇസ്രായേൽ അറിഞ്ഞു.+
യാക്കോബിന് 12 ആൺമക്കളായിരുന്നു. 23 ലേയയിൽ ഉണ്ടായ ആൺമക്കൾ: മൂത്ത മകൻ രൂബേൻ,+ പിന്നെ ശിമെയോൻ, ലേവി, യഹൂദ, യിസ്സാഖാർ, സെബുലൂൻ. 24 റാഹേലിൽ ഉണ്ടായ ആൺമക്കൾ: യോസേഫ്, ബന്യാമീൻ. 25 റാഹേലിന്റെ ദാസി ബിൽഹയിൽ ഉണ്ടായ ആൺമക്കൾ: ദാൻ, നഫ്താലി. 26 ലേയയുടെ ദാസി സില്പയിൽ ഉണ്ടായ ആൺമക്കൾ: ഗാദ്, ആശേർ. ഇവരെല്ലാമാണു പദ്ദൻ-അരാമിൽവെച്ച് യാക്കോബിന് ഉണ്ടായ ആൺമക്കൾ.
27 ഒടുവിൽ യാക്കോബ് അപ്പൻ താമസിച്ചിരുന്ന സ്ഥലത്ത്, അതായത് ഹെബ്രോൻ എന്ന് അറിയപ്പെടുന്ന കിര്യത്ത്-അർബയിലെ മമ്രേയിൽ,+ എത്തി. അവിടെയാണ് അബ്രാഹാമും യിസ്ഹാക്കും പരദേശികളായി താമസിച്ചിരുന്നത്.+ 28 യിസ്ഹാക്ക് 180 വർഷം ജീവിച്ചു.+ 29 പിന്നെ അന്ത്യശ്വാസം വലിച്ചു. സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ* യിസ്ഹാക്ക് മരിച്ച് തന്റെ ജനത്തോടു ചേർന്നു.* മക്കളായ ഏശാവും യാക്കോബും ചേർന്ന് യിസ്ഹാക്കിനെ അടക്കം ചെയ്തു.+
36 ഏശാവിന്റെ, അതായത് ഏദോമിന്റെ,+ ചരിത്രവിവരണം:
2 ഏശാവ് കനാന്യപുത്രിമാരെ വിവാഹം കഴിച്ചു. ഹിത്യനായ ഏലോന്റെ മകൾ+ ആദ,+ അനയുടെ മകളും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളും ആയ ഒഹൊലീബാമ,+ 3 യിശ്മായേലിന്റെ മകളും നെബായോത്തിന്റെ+ പെങ്ങളും ആയ ബാസമത്ത്+ എന്നിവരായിരുന്നു അവർ.
4 ആദ ഏശാവിന് എലീഫസിനെ പ്രസവിച്ചു; ബാസമത്ത് രയൂവേലിനെയും.
5 ഒഹൊലീബാമ യയൂശ്, യലാം, കോരഹ്+ എന്നിവരെ പ്രസവിച്ചു.
ഇവരാണു കനാൻ ദേശത്തുവെച്ച് ഏശാവിനു ജനിച്ച ആൺമക്കൾ. 6 പിന്നെ ഏശാവ് ഭാര്യമാരെയും മക്കളെയും വീട്ടിലുള്ള എല്ലാവരെയും കൂട്ടി മറ്റൊരു ദേശത്തേക്കു പോയി; കന്നുകാലികളും മറ്റെല്ലാ മൃഗങ്ങളും സഹിതം കനാൻ ദേശത്തുവെച്ച് സമ്പാദിച്ച മുഴുവൻ സമ്പത്തുമായി+ അനിയനായ യാക്കോബിന്റെ അടുത്തുനിന്ന് കുറച്ച് അകലെ പോയി താമസിച്ചു.+ 7 ഒരുമിച്ച് താമസിക്കാൻ കഴിയാത്ത വിധം അവരുടെ വസ്തുവകകൾ പെരുകിയിരുന്നു. അവർക്ക് ഒരുപാടു മൃഗങ്ങളുണ്ടായിരുന്നതു കാരണം അവർ താമസിക്കുന്ന* ദേശത്തിന് അവരെ വഹിക്കാൻ കഴിയാതെയായി. 8 അതുകൊണ്ട് ഏശാവ് സേയീർമലനാട്ടിൽ താമസമാക്കി.+ ഏശാവ് ഏദോം എന്നും അറിയപ്പെട്ടിരുന്നു.+
9 സേയീർമലനാട്ടിലുള്ള ഏദോമിന്റെ പിതാവായ ഏശാവിന്റെ ചരിത്രം ഇതാണ്.+
10 ഏശാവിന്റെ ആൺമക്കളുടെ പേരുകൾ: ഏശാവിന്റെ ഭാര്യ ആദയുടെ മകൻ എലീഫസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ മകൻ രയൂവേൽ.+
11 തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ് എന്നിവരാണ് എലീഫസിന്റെ ആൺമക്കൾ.+ 12 ഏശാവിന്റെ മകനായ എലീഫസ് തിമ്നയെ ഉപപത്നിയായി* സ്വീകരിച്ചു. തിമ്ന എലീഫസിന് അമാലേക്കിനെ+ പ്രസവിച്ചു. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ആദയുടെ പൗത്രന്മാർ.
13 നഹത്ത്, സേരഹ്, ശമ്മ, മിസ്സ എന്നിവരാണു രയൂവേലിന്റെ ആൺമക്കൾ. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ+ പൗത്രന്മാർ.
14 അനയുടെ മകളും സിബെയോന്റെ കൊച്ചുമകളും ഏശാവിന്റെ ഭാര്യയും ആയ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച ആൺമക്കൾ: യയൂശ്, യലാം, കോരഹ്.
15 ഏശാവിന്റെ ആൺമക്കളിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ*+ ഇവരായിരുന്നു: ഏശാവിന്റെ മൂത്ത മകനായ എലീഫസിന്റെ ആൺമക്കളായ തേമാൻ പ്രഭു, ഓമാർ പ്രഭു, സെഫൊ പ്രഭു, കെനസ് പ്രഭു,+ 16 കോരഹ് പ്രഭു, ഗഥാം പ്രഭു, അമാലേക്ക് പ്രഭു. എലീഫസിൽനിന്ന് ഉത്ഭവിച്ച ഏദോം ദേശത്തെ പ്രഭുക്കന്മാർ ഇവരായിരുന്നു.+ ഇവർ ആദയുടെ പൗത്രന്മാരാണ്.
17 നഹത്ത് പ്രഭു, സേരഹ് പ്രഭു, ശമ്മ പ്രഭു, മിസ്സ പ്രഭു എന്നിവരാണ് ഏശാവിന്റെ മകനായ രയൂവേലിന്റെ ആൺമക്കൾ. രയൂവേലിൽനിന്ന് ഉത്ഭവിച്ച ഏദോം ദേശത്തെ+ പ്രഭുക്കന്മാർ ഇവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പൗത്രന്മാരാണ്.
18 ഒടുവിൽ, ഏശാവിന്റെ ഭാര്യ ഒഹൊലീബാമയുടെ ആൺമക്കൾ: യയൂശ് പ്രഭു, യലാം പ്രഭു, കോരഹ് പ്രഭു. ഇവരാണ് അനയുടെ മകളും ഏശാവിന്റെ ഭാര്യയും ആയ ഒഹൊലീബാമയിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.
19 ഇവരാണ് ഏശാവിന്റെ, അതായത് ഏദോമിന്റെ,+ ആൺമക്കളും അവരുടെ പ്രഭുക്കന്മാരും.
20 ആ ദേശത്ത് താമസിക്കുന്നവർ, അതായത് ഹോര്യനായ സേയീരിന്റെ+ ആൺമക്കൾ, ഇവരാണ്: ലോതാൻ, ശോബാൽ, സിബെയോൻ, അന,+ 21 ദീശോൻ, ഏസെർ, ദീശാൻ.+ ഇവരാണ് ഏദോം ദേശത്തുള്ള ഹോര്യരുടെ, അതായത് സേയീരിന്റെ വംശജരുടെ, പ്രഭുക്കന്മാർ.
22 ഹോരിയും ഹേമാമും ആണ് ലോതാന്റെ ആൺമക്കൾ. ലോതാന്റെ പെങ്ങളാണു തിമ്ന.+
23 അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫൊ, ഓനാം എന്നിവരാണു ശോബാലിന്റെ ആൺമക്കൾ.
24 അയ്യയും അനയും ആണ് സിബെയോന്റെ+ ആൺമക്കൾ. ഈ അനയാണ് അപ്പനായ സിബെയോന്റെ കഴുതകളെ തീറ്റുമ്പോൾ വിജനഭൂമിയിൽ ചൂടുറവകൾ കണ്ടെത്തിയത്.
25 അനയുടെ മക്കൾ: ദീശോനും അനയുടെ മകളായ ഒഹൊലീബാമയും.
26 ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ+ എന്നിവരാണു ദീശോന്റെ ആൺമക്കൾ.
27 ബിൽഹാൻ, സാവാൻ, അക്കാൻ എന്നിവരാണ് ഏസെരിന്റെ ആൺമക്കൾ.
28 ഊസും അരാനും+ ആണ് ദീശാന്റെ ആൺമക്കൾ.
29 ഹോര്യപ്രഭുക്കന്മാർ ഇവരാണ്: ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെയോൻ പ്രഭു, അന പ്രഭു, 30 ദീശോൻ പ്രഭു, ഏസെർ പ്രഭു, ദീശാൻ പ്രഭു.+ ഇവരാണു സേയീർ ദേശത്തെ ഹോര്യപ്രഭുക്കന്മാർ.
31 ഇസ്രായേല്യരുടെ* ഇടയിൽ രാജഭരണം ആരംഭിക്കുന്നതിനു മുമ്പ്+ ഏദോം ദേശം വാണിരുന്ന രാജാക്കന്മാർ+ ഇവരാണ്: 32 ബയോരിന്റെ മകൻ ബേല ഏദോമിൽ വാഴ്ച നടത്തി. ബേലയുടെ നഗരത്തിന്റെ പേര് ദിൻഹാബ എന്നായിരുന്നു. 33 ബേലയുടെ മരണശേഷം ബൊസ്രയിൽനിന്നുള്ള സേരഹിന്റെ മകൻ യോബാബ് അധികാരമേറ്റു. 34 യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം അധികാരമേറ്റു. 35 ഹൂശാമിന്റെ മരണശേഷം ബദദിന്റെ മകൻ ഹദദ് അധികാരമേറ്റു. ഹദദാണു മിദ്യാന്യരെ+ മോവാബ് ദേശത്തുവെച്ച് തോൽപ്പിച്ചത്. ഹദദിന്റെ നഗരത്തിന്റെ പേര് അവീത്ത് എന്നായിരുന്നു. 36 ഹദദിന്റെ മരണശേഷം മസ്രേക്കയിൽനിന്നുള്ള സമ്ല അധികാരമേറ്റു. 37 സമ്ലയുടെ മരണശേഷം നദീതീരത്തെ രഹോബോത്തിൽനിന്നുള്ള ശാവൂൽ അധികാരമേറ്റു. 38 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അധികാരമേറ്റു. 39 അക്ബോരിന്റെ മകൻ ബാൽഹാനാന്റെ മരണശേഷം ഹദർ അധികാരമേറ്റു. ഹദരിന്റെ നഗരത്തിന്റെ പേര് പാവു എന്നായിരുന്നു; ഭാര്യയുടെ പേര് മെഹേതബേൽ. മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു മെഹേതബേൽ.
40 കുടുംബങ്ങളും സ്ഥലങ്ങളും അനുസരിച്ച്, ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ: തിമ്ന പ്രഭു, അൽവ പ്രഭു, യഥേത്ത് പ്രഭു,+ 41 ഒഹൊലീബാമ പ്രഭു, ഏലെ പ്രഭു, പീനോൻ പ്രഭു, 42 കെനസ് പ്രഭു, തേമാൻ പ്രഭു, മിബ്സാർ പ്രഭു, 43 മഗ്ദീയേൽ പ്രഭു, ഈരാം പ്രഭു. ഇവരാണ് ഇവർ അവകാശമാക്കിയിരുന്ന ദേശത്ത് ഇവരുടെ ഭരണപ്രദേശമനുസരിച്ചുള്ള+ ഏദോമ്യപ്രഭുക്കന്മാർ. ഇതാണ് ഏശാവ്, ഏദോമിന്റെ+ പിതാവ്.
37 അപ്പനായ യിസ്ഹാക്ക് പരദേശിയായി+ താമസിച്ചിരുന്ന കനാൻ ദേശത്തുതന്നെ യാക്കോബ് തുടർന്നും താമസിച്ചു.
2 യാക്കോബിന്റെ ചരിത്രം:
യോസേഫിന്+ 17 വയസ്സുള്ളപ്പോൾ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും ആൺമക്കളോടൊപ്പം+ യോസേഫ് ആടുകളെ മേയ്ക്കാൻ+ പോയി. അവരുടെ ദുഷ്ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയ യോസേഫ് അക്കാര്യം അപ്പനെ അറിയിച്ചു. 3 തനിക്കു വാർധക്യത്തിൽ ഉണ്ടായ മകനായതുകൊണ്ട് ഇസ്രായേൽ മറ്റു മക്കളെക്കാൾ+ അധികം യോസേഫിനെ സ്നേഹിച്ചു. ഇസ്രായേൽ വിശേഷപ്പെട്ട ഒരു നീളൻ കുപ്പായം* ഉണ്ടാക്കി യോസേഫിനു കൊടുത്തു. 4 അപ്പനു തങ്ങളെക്കാൾ ഇഷ്ടം യോസേഫിനോടാണെന്നു കണ്ടപ്പോൾ യോസേഫിന്റെ ചേട്ടന്മാർ യോസേഫിനെ വെറുത്തുതുടങ്ങി. യോസേഫിനോടു സമാധാനത്തോടെ സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല.
5 പിന്നീട് ഒരിക്കൽ, യോസേഫ് ഒരു സ്വപ്നം കണ്ടു. അതെക്കുറിച്ച് യോസേഫ് തന്റെ ചേട്ടന്മാരോടു പറഞ്ഞപ്പോൾ+ അവർക്കു യോസേഫിനോടു കൂടുതൽ വെറുപ്പു തോന്നി. 6 യോസേഫ് അവരോടു പറഞ്ഞു: “ഞാൻ കണ്ട സ്വപ്നമൊന്നു കേൾക്കൂ. 7 നമ്മൾ വയലിന്റെ നടുവിൽവെച്ച് കറ്റ കെട്ടുകയായിരുന്നു. അപ്പോൾ എന്റെ കറ്റ എഴുന്നേറ്റ് നിവർന്ന് നിന്നു. നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ കുമ്പിട്ട് നമസ്കരിച്ചു.”+ 8 അപ്പോൾ അവർ യോസേഫിനോട്, “നീ നിന്നെത്തന്നെ രാജാവാക്കി ഞങ്ങളെ ഭരിക്കുമെന്നാണോ”+ എന്നു ചോദിച്ചു. യോസേഫിന്റെ സ്വപ്നങ്ങളും യോസേഫ് പറഞ്ഞ കാര്യങ്ങളും കാരണം അവർക്കു യോസേഫിനോടുള്ള വെറുപ്പു കൂടി.
9 പിന്നീട് യോസേഫ് മറ്റൊരു സ്വപ്നം കണ്ടു. യോസേഫ് അതും അവരോടു വിവരിച്ചു: “ഞാൻ വേറെയൊരു സ്വപ്നം കണ്ടു. ഇത്തവണ, സൂര്യനും ചന്ദ്രനും 11 നക്ഷത്രങ്ങളും എന്റെ മുന്നിൽ കുമ്പിടുന്നതാണു ഞാൻ കണ്ടത്.”+ 10 യോസേഫ് അത് അപ്പനോടും ചേട്ടന്മാരോടും വിവരിച്ചപ്പോൾ അപ്പൻ യോസേഫിനെ ശകാരിച്ചുകൊണ്ട് പറഞ്ഞു: “എന്താണു നിന്റെ ഈ സ്വപ്നത്തിന്റെ അർഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്റെ മുന്നിൽ വന്ന് നിന്നെ കുമ്പിട്ട് നമസ്കരിക്കുമെന്നാണോ?” 11 യോസേഫിന്റെ ചേട്ടന്മാർക്കു യോസേഫിനോടുള്ള അസൂയ വർധിച്ചു.+ എന്നാൽ അപ്പൻ യോസേഫിന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു.
12 ഒരിക്കൽ യോസേഫിന്റെ ചേട്ടന്മാർ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്ക്കാൻ ശെഖേമിന്+ അടുത്തേക്കു പോയി. 13 കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “നിന്റെ ചേട്ടന്മാർ ശെഖേമിന് അടുത്ത് ആടുകളെ മേയ്ക്കുകയല്ലേ? വരൂ, ഞാൻ നിന്നെ അവരുടെ അടുത്തേക്ക് അയയ്ക്കട്ടെ.” യോസേഫ് അപ്പനോട്, “ഞാൻ പോകാം” എന്നു പറഞ്ഞു. 14 അപ്പോൾ ഇസ്രായേൽ പറഞ്ഞു: “നീ ചെന്ന് നിന്റെ ചേട്ടന്മാർ സുഖമായിരിക്കുന്നോ എന്ന് അന്വേഷിക്കുക; ആടുകൾ എങ്ങനെയുണ്ടെന്നും നോക്കണം. എന്നിട്ട്, മടങ്ങിവന്ന് എന്നെ വിവരം അറിയിക്കുക.” അങ്ങനെ ഇസ്രായേൽ യോസേഫിനെ ഹെബ്രോൻ+ താഴ്വരയിൽനിന്ന് യാത്രയാക്കി. യോസേഫ് ശെഖേമിലേക്കു പോയി. 15 പിന്നീട്, യോസേഫ് ഒരു വയലിലൂടെ ചുറ്റിനടക്കുന്നതു കണ്ട് ഒരു മനുഷ്യൻ, “നീ എന്താണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു. 16 യോസേഫ് പറഞ്ഞു: “ഞാൻ എന്റെ ചേട്ടന്മാരെ അന്വേഷിക്കുകയാണ്. അവർ എവിടെയാണ് ആടുകളെ മേയ്ക്കുന്നതെന്നു പറയാമോ?” 17 ആ മനുഷ്യൻ പറഞ്ഞു: “അവർ ഇവിടെനിന്ന് പോയി. ‘നമുക്കു ദോഥാനിലേക്കു പോകാം’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു.” അങ്ങനെ യോസേഫ് തന്റെ ചേട്ടന്മാരെ തേടിച്ചെന്ന് ദോഥാനിൽ അവരെ കണ്ടെത്തി.
18 യോസേഫ് വരുന്നതു ദൂരെനിന്നുതന്നെ അവർ കണ്ടു. യോസേഫ് അടുത്ത് എത്തുന്നതിനു മുമ്പ് അവർ കൂടിയാലോചിച്ച് യോസേഫിനെ കൊല്ലാൻ പദ്ധതിയിട്ടു. 19 അവർ തമ്മിൽത്തമ്മിൽ പറഞ്ഞു: “ദേ, നോക്ക്, സ്വപ്നക്കാരൻ+ വരുന്നുണ്ട്. 20 നമുക്ക് അവനെ കൊന്ന് ഇവിടെയുള്ള ഒരു കുഴിയിൽ ഇട്ടിട്ട് ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞെന്നു പറയാം. അവന്റെ സ്വപ്നങ്ങളൊക്കെ എന്താകുമെന്നു കാണാമല്ലോ!” 21 ഇതു കേട്ട രൂബേൻ,+ യോസേഫിനെ അവരുടെ കൈയിൽനിന്ന് രക്ഷിക്കാൻവേണ്ടി ഇങ്ങനെ പറഞ്ഞു: “നമ്മൾ അവന്റെ ജീവനെടുക്കാൻ പാടില്ല.”+ 22 രൂബേൻ പിന്നെ ഇങ്ങനെ പറഞ്ഞു: “രക്തം ചൊരിയരുത്.+ നമുക്ക് അവനെ വിജനഭൂമിയിലെ ഈ കുഴിയിൽ ഇടാം. അവന്റെ മേൽ കൈവയ്ക്കരുത്.”+ യോസേഫിനെ അവരുടെ കൈയിൽനിന്ന് രക്ഷിച്ച് അപ്പന്റെ അടുത്ത് എത്തിക്കുക എന്നതായിരുന്നു രൂബേന്റെ ഉദ്ദേശ്യം.
23 യോസേഫ് അടുത്ത് എത്തിയ ഉടനെ അവർ യോസേഫ് ഇട്ടിരുന്ന വിശേഷപ്പെട്ട ആ നീളൻ കുപ്പായം+ ഊരിയെടുത്തു. 24 പിന്നെ യോസേഫിനെ പിടിച്ച് ഒരു കുഴിയിൽ തള്ളി. ആ സമയത്ത് അതിൽ വെള്ളമുണ്ടായിരുന്നില്ല.
25 പിന്നെ അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവർ നോക്കിയപ്പോൾ ഗിലെയാദിൽനിന്ന് യിശ്മായേല്യരുടെ+ ഒരു കച്ചവടസംഘം വരുന്നതു കണ്ടു. സുഗന്ധപ്പശ, സുഗന്ധക്കറ, മരപ്പട്ട+ എന്നിവ ഒട്ടകങ്ങളുടെ പുറത്ത് കയറ്റി ഈജിപ്തിലേക്കു പോകുകയായിരുന്നു അവർ. 26 അപ്പോൾ യഹൂദ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ അനിയനെ കൊന്ന് അവന്റെ രക്തം മറച്ചുവെച്ചിട്ട്+ നമുക്ക് എന്തു പ്രയോജനം? 27 വരൂ, നമുക്ക് അവനെ യിശ്മായേല്യർക്കു വിൽക്കാം;+ അവന്റെ മേൽ കൈവയ്ക്കേണ്ടാ. ഒന്നുമല്ലെങ്കിലും അവൻ നമ്മുടെ അനിയനല്ലേ, നമ്മുടെതന്നെ രക്തം!”* അവർ യഹൂദയുടെ വാക്കു കേട്ടു. 28 മിദ്യാന്യവ്യാപാരികൾ+ അതുവഴി കടന്നുപോയപ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്ന് വലിച്ചുകയറ്റി, 20 വെള്ളിക്കാശിനു യിശ്മായേല്യർക്കു വിറ്റു.+ അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി.
29 പിന്നീട്, രൂബേൻ വന്ന് നോക്കിയപ്പോൾ യോസേഫ് കുഴിയിലില്ലെന്നു കണ്ടിട്ട് വസ്ത്രം കീറി, 30 മറ്റു സഹോദരന്മാരുടെ അടുത്ത് ചെന്ന് പരിഭ്രമത്തോടെ പറഞ്ഞു: “കുട്ടിയെ കാണാനില്ല! ഞാൻ, ഞാൻ ഇനി എന്തു ചെയ്യും?”
31 അവർ ഒരു മുട്ടനാടിനെ കൊന്ന് അതിന്റെ രക്തത്തിൽ യോസേഫിന്റെ കുപ്പായം മുക്കി. 32 പിന്നെ അവർ ആ കുപ്പായം അപ്പനു കൊടുത്തയച്ചിട്ട് ഇങ്ങനെ അറിയിച്ചു: “ഇതു ഞങ്ങൾക്കു കിട്ടിയതാണ്. ഇതു മകന്റെ കുപ്പായമാണോ+ എന്നു നോക്കാമോ?” 33 യാക്കോബ് അതു നോക്കിയിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു: “ഇത് എന്റെ മോന്റെ കുപ്പായംതന്നെയാണ്! ഏതെങ്കിലും ക്രൂരമൃഗം അവനെ കൊന്ന് തിന്നുകാണും! അതു യോസേഫിനെ പിച്ചിച്ചീന്തിയിട്ടുണ്ടാകും, ഉറപ്പ്!” 34 പിന്നെ യാക്കോബ് വസ്ത്രം കീറി, അരയിൽ വിലാപവസ്ത്രം ഉടുത്ത് കുറെ ദിവസം മകനെ ഓർത്ത് കരഞ്ഞു. 35 ആൺമക്കളും പെൺമക്കളും എല്ലാം യാക്കോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആശ്വാസം സ്വീകരിക്കാൻ മനസ്സില്ലാതെ യാക്കോബ് പറഞ്ഞു: “എന്റെ മകനെ ഓർത്ത് കരഞ്ഞുകൊണ്ട് ഞാൻ ശവക്കുഴിയിൽ*+ ഇറങ്ങും.” അങ്ങനെ യോസേഫിന്റെ അപ്പൻ അവനെ ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു.
36 എന്നാൽ, മിദ്യാന്യർ യോസേഫിനെ ഈജിപ്തിൽ ഫറവോന്റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥന്, കാവൽക്കാരുടെ മേധാവിയായ+ പോത്തിഫറിന്, വിറ്റു.+
38 അക്കാലത്ത് യഹൂദ തന്റെ സഹോദരന്മാരെ വിട്ടുപിരിഞ്ഞ് ഹീര എന്ന ഒരു അദുല്ലാമ്യന്റെ അടുത്ത് കൂടാരം അടിച്ചു. 2 അവിടെ ശൂവ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ട് യഹൂദ അവളെ വിവാഹം കഴിച്ചു.+ യഹൂദ അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. 3 അങ്ങനെ അവൾ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. യഹൂദ അവന് ഏർ+ എന്നു പേരിട്ടു. 4 അവൾ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവന് ഓനാൻ എന്നു പേരിട്ടു. 5 അവൾ പിന്നെയും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു ശേല എന്നു പേരിട്ടു. അവൾ അവനെ പ്രസവിക്കുമ്പോൾ യഹൂദ അക്കസീബിലായിരുന്നു.+
6 കുറെ കാലത്തിനു ശേഷം യഹൂദ മൂത്ത മകനായ ഏരിന് ഒരു ഭാര്യയെ കണ്ടെത്തി. താമാർ+ എന്നായിരുന്നു അവളുടെ പേര്. 7 യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോവയ്ക്ക് ഇഷ്ടമില്ലായിരുന്നതിനാൽ യഹോവ ഏരിനെ കൊന്നുകളഞ്ഞു. 8 അപ്പോൾ യഹൂദ മകനായ ഓനാനോടു പറഞ്ഞു: “നിന്റെ ചേട്ടന്റെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കുക. അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ചേട്ടനുവേണ്ടി മക്കളെ ജനിപ്പിക്കുക.”+ 9 എന്നാൽ ആ കുട്ടിയെ തന്റേതായി കണക്കാക്കില്ലെന്ന് ഓനാന് അറിയാമായിരുന്നു.+ അതുകൊണ്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്ത് വീഴ്ത്തിക്കളഞ്ഞു.+ 10 ഓനാൻ ചെയ്തത് യഹോവയ്ക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ദൈവം ഓനാനെയും കൊന്നുകളഞ്ഞു.+ 11 അപ്പോൾ മരുമകളായ താമാറിനോട് യഹൂദ, “എന്റെ മകൻ ശേല വളർന്നുവലുതാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽ വിധവയായി താമസിക്കുക” എന്നു പറഞ്ഞു. ‘അവനും അവന്റെ സഹോദരന്മാരെപ്പോലെ മരിച്ചുപോയേക്കാം’+ എന്ന് യഹൂദ മനസ്സിൽ പറഞ്ഞു. അങ്ങനെ താമാർ ചെന്ന് സ്വന്തം അപ്പന്റെ വീട്ടിൽ താമസിച്ചു.
12 കുറച്ച് കാലത്തിനു ശേഷം യഹൂദയുടെ ഭാര്യ—ശൂവയുടെ+ മകൾ—മരിച്ചു. വിലാപകാലം പൂർത്തിയാക്കിയശേഷം യഹൂദ അദുല്ലാമ്യനായ+ സുഹൃത്ത് ഹീരയോടൊപ്പം തിമ്നയിൽ+ തന്റെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി. 13 അപ്പോൾ, “നിന്റെ അമ്മായിയപ്പൻ ഇതാ, ആടുകളുടെ രോമം കത്രിക്കാൻ തിമ്നയിലേക്കു പോകുന്നു” എന്നു താമാർ കേട്ടു. 14 ശേല വളർന്നുവലുതായിട്ടും താമാറിനെ ശേലയ്ക്കു ഭാര്യയായി കൊടുത്തിരുന്നില്ല.+ അതിനാൽ താമാർ വിധവമാർ ധരിക്കുന്ന വസ്ത്രം മാറ്റി ശിരോവസ്ത്രം ഇട്ട് ഒരു പുതപ്പ് പുതച്ച് തിമ്നയ്ക്കുള്ള വഴിയരികിൽ, എനയീമിന്റെ പ്രവേശനകവാടത്തിൽ ഇരുന്നു.
15 താമാർ മുഖം മറച്ചിരുന്നതുകൊണ്ട് യഹൂദ അവളെ തിരിച്ചറിഞ്ഞില്ല. അതൊരു വേശ്യയാണെന്ന് യഹൂദ കരുതി. 16 അതുകൊണ്ട് യഹൂദ വഴിയരികിൽ, താമാറിന്റെ അടുത്ത് ചെന്ന്, “ഞാൻ നിന്നോടുകൂടെ കിടക്കട്ടേ” എന്നു ചോദിച്ചു. അതു മരുമകളാണെന്ന+ കാര്യം യഹൂദയ്ക്കു മനസ്സിലായില്ല. “എന്നോടൊപ്പം കിടക്കാൻ സമ്മതിച്ചാൽ എനിക്ക് എന്തു തരും” എന്നു താമാർ ചോദിച്ചു. 17 അതിനു മറുപടിയായി, “ഞാൻ എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു കോലാട്ടിൻകുട്ടിയെ കൊടുത്തയയ്ക്കാം” എന്ന് യഹൂദ പറഞ്ഞു. എന്നാൽ താമാർ, “അതിനെ കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് ഈടായി എന്തെങ്കിലും തരാമോ” എന്നു ചോദിച്ചു. 18 “എന്ത് ഈടാണു വേണ്ടത്” എന്ന് യഹൂദ ചോദിച്ചപ്പോൾ “ആ മുദ്രമോതിരവും+ ചരടും വടിയും” എന്നു താമാർ പറഞ്ഞു. അതെല്ലാം കൊടുത്തിട്ട് യഹൂദ താമാറുമായി ബന്ധപ്പെട്ടു. അങ്ങനെ താമാർ ഗർഭിണിയായി. 19 പിന്നെ താമാർ അവിടെനിന്ന് എഴുന്നേറ്റ് പോയി പുതപ്പു മാറ്റി വിധവമാർ ധരിക്കുന്ന വസ്ത്രം ധരിച്ചു.
20 ആ സ്ത്രീയുടെ കൈയിൽനിന്ന് പണയവസ്തുക്കൾ തിരികെ വാങ്ങാൻ യഹൂദ അദുല്ലാമ്യനായ+ ഒരു സുഹൃത്തിന്റെ കൈയിൽ കോലാട്ടിൻകുട്ടിയെ കൊടുത്തയച്ചു. എന്നാൽ അയാൾക്കു താമാറിനെ കണ്ടെത്താനായില്ല. 21 അപ്പോൾ അയാൾ താമാറിന്റെ നാട്ടുകാരായ ചില പുരുഷന്മാരോട്, “എനയീമിലെ വഴിയരികിലുണ്ടായിരുന്ന ആ ക്ഷേത്രവേശ്യ എവിടെ” എന്നു ചോദിച്ചു. “ഈ പ്രദേശത്ത് ഇന്നേവരെ ഒരു ക്ഷേത്രവേശ്യ ഉണ്ടായിരുന്നിട്ടില്ല” എന്ന് അവർ പറഞ്ഞു. 22 ഒടുവിൽ അയാൾ മടങ്ങിവന്ന് യഹൂദയോടു പറഞ്ഞു: “എനിക്ക് അവളെ കണ്ടെത്താനായില്ല. മാത്രമല്ല, ‘ഈ പ്രദേശത്ത് ഇന്നേവരെ ഒരു ക്ഷേത്രവേശ്യ ഉണ്ടായിരുന്നിട്ടില്ല’ എന്ന് അവിടത്തെ പുരുഷന്മാർ പറയുകയും ചെയ്തു.” 23 അപ്പോൾ യഹൂദ പറഞ്ഞു: “അതെല്ലാം അവൾ എടുത്തുകൊള്ളട്ടെ. നമ്മൾ ഇനിയും അവളെ അന്വേഷിച്ചുകൊണ്ടിരുന്നാൽ നമുക്കുതന്നെ അപമാനം വരുത്തിവെക്കും. ഏതായാലും ഞാൻ ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; നീ അവളെ കണ്ടെത്തിയതുമില്ല.”
24 ഏതാണ്ടു മൂന്നു മാസത്തിനു ശേഷം യഹൂദയ്ക്ക് ഇങ്ങനെ വിവരം കിട്ടി: “നിന്റെ മരുമകൾ താമാർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; അങ്ങനെ അവൾ ഗർഭിണിയുമായി.” അപ്പോൾ യഹൂദ, “അവളെ പുറത്ത് കൊണ്ടുവന്ന് ചുട്ടുകൊല്ലുക”+ എന്നു പറഞ്ഞു. 25 താമാറിനെ പുറത്ത് കൊണ്ടുവന്ന സമയത്ത് താമാർ അമ്മായിയപ്പനെ ഇങ്ങനെയൊരു സന്ദേശം അറിയിച്ചു: “ഈ വസ്തുക്കളുടെ ഉടമസ്ഥനാലാണു ഞാൻ ഗർഭിണിയായത്.” താമാർ ഇങ്ങനെയും പറഞ്ഞു: “ഈ മുദ്രമോതിരവും ചരടും വടിയും+ ആരുടേതാണെന്നു പരിശോധിച്ചാലും.” 26 അവ പരിശോധിച്ചുനോക്കിയിട്ട് യഹൂദ പറഞ്ഞു: “അവൾ എന്നെക്കാൾ നീതിയുള്ളവൾ! ഞാൻ അവളെ എന്റെ മകൻ ശേലയ്ക്കു കൊടുത്തില്ലല്ലോ.”+ പിന്നീട് യഹൂദ താമാറുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല.
27 താമാറിനു പ്രസവസമയമായി; വയറ്റിൽ ഇരട്ടകളായിരുന്നു. 28 പ്രസവസമയത്ത് അതിൽ ഒരു കുഞ്ഞ് കൈ പുറത്തേക്ക് ഇട്ടു. ഉടനെ, “ഇവനാണ് ആദ്യം പുറത്ത് വന്നത്” എന്നു പറഞ്ഞുകൊണ്ട് വയറ്റാട്ടി ഒരു കടുഞ്ചുവപ്പുനൂലെടുത്ത് അവന്റെ കൈയിൽ കെട്ടി. 29 എന്നാൽ അവൻ കൈ അകത്തേക്കു വലിച്ച ഉടനെ അവന്റെ സഹോദരൻ പുറത്ത് വന്നു. അപ്പോൾ വയറ്റാട്ടി അത്ഭുതത്തോടെ, “നീ നിനക്കുവേണ്ടി എന്തൊരു പിളർപ്പാണ് ഉണ്ടാക്കിയത്!” എന്നു പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്*+ എന്നു പേരിട്ടു. 30 പിന്നെ അവന്റെ സഹോദരൻ, കൈയിൽ കടുഞ്ചുവപ്പുനൂൽ കെട്ടിയിരുന്നവൻ, പുറത്ത് വന്നു. അവനു സേരഹ്+ എന്നു പേരിട്ടു.
39 യിശ്മായേല്യർ+ യോസേഫിനെ ഈജിപ്തിലേക്കു+ കൊണ്ടുവന്നു. അവിടെവെച്ച്, ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനും കാവൽക്കാരുടെ മേധാവിയും ആയ പോത്തിഫർ+ എന്ന ഈജിപ്തുകാരൻ യോസേഫിനെ അവരുടെ കൈയിൽനിന്ന് വാങ്ങി. 2 യഹോവ കൂടെയുണ്ടായിരുന്നതിനാൽ+ യോസേഫ് ചെയ്തതെല്ലാം സഫലമായിത്തീർന്നു. അങ്ങനെ യോസേഫിന് ഈജിപ്തുകാരനായ തന്റെ യജമാനന്റെ വീടിന്റെ ചുമതല ലഭിച്ചു. 3 യഹോവ യോസേഫിന്റെകൂടെയുണ്ടെന്നും യോസേഫ് ചെയ്യുന്നതെല്ലാം യഹോവ സഫലമാക്കുന്നെന്നും യജമാനൻ കണ്ടു.
4 ദിവസങ്ങൾ കഴിയുംതോറും യോസേഫിനെ പോത്തിഫറിനു കൂടുതൽക്കൂടുതൽ ഇഷ്ടമായി. യോസേഫ് യജമാനന്റെ വിശ്വസ്തപരിചാരകനായിത്തീർന്നു. പോത്തിഫർ യോസേഫിനെ വീട്ടിലെ കാര്യസ്ഥനായി നിയമിക്കുകയും തനിക്കുള്ളതെല്ലാം ഭരമേൽപ്പിക്കുകയും ചെയ്തു. 5 യോസേഫിനെ കാര്യസ്ഥനായി നിയമിച്ച് തനിക്കുള്ളതെല്ലാം ഭരമേൽപ്പിച്ചതുമുതൽ യഹോവ യോസേഫിനെപ്രതി ആ ഈജിപ്തുകാരനെ അനുഗ്രഹിച്ചു. അയാളുടെ വീട്ടിലും വയലിലും ഉള്ള എല്ലാത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.+ 6 ഒടുവിൽ അയാൾ തനിക്കുള്ളതെല്ലാം യോസേഫിനെ ഏൽപ്പിച്ചു. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അയാൾക്കു ചിന്തിക്കേണ്ടിവന്നില്ല. യോസേഫ് വളർന്ന് സുമുഖനും സുന്ദരനും ആയിത്തീർന്നു.
7 അങ്ങനെയിരിക്കെ, യജമാനന്റെ ഭാര്യ യോസേഫിനെ നോട്ടമിട്ടു. “എന്നോടുകൂടെ കിടക്കുക” എന്ന് ആ സ്ത്രീ യോസേഫിനോടു പറഞ്ഞു. 8 എന്നാൽ അതിനു സമ്മതിക്കാതെ യോസേഫ് യജമാനന്റെ ഭാര്യയോടു പറഞ്ഞു: “ഞാൻ ഇവിടെയുള്ളതുകൊണ്ട് ഈ വീട്ടിലെ കാര്യങ്ങളെക്കുറിച്ചൊന്നും യജമാനനു ചിന്തിക്കേണ്ടതില്ലെന്ന് അറിയാമല്ലോ. യജമാനൻ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു. 9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല. നിങ്ങൾ യജമാനന്റെ ഭാര്യയായതിനാൽ നിങ്ങളെയല്ലാതെ മറ്റൊന്നും എനിക്കു വിലക്കിയിട്ടുമില്ല. ആ സ്ഥിതിക്ക്, ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?”+
10 ആ സ്ത്രീ എല്ലാ ദിവസവും യോസേഫിനോട് ഇതുതന്നെ പറയുമായിരുന്നു. എന്നാൽ, അവളോടൊപ്പം കിടക്കാനോ അവളോടൊപ്പമായിരിക്കാനോ യോസേഫ് ഒരിക്കലും സമ്മതിച്ചില്ല. 11 ഒരു ദിവസം ജോലി ചെയ്യാൻ യോസേഫ് വീടിന് അകത്ത് ചെന്നപ്പോൾ മറ്റു ദാസന്മാർ ആരും അവിടെയുണ്ടായിരുന്നില്ല. 12 അപ്പോൾ അവൾ യോസേഫിന്റെ വസ്ത്രത്തിൽ കടന്നുപിടിച്ച്, “എന്റെകൂടെ കിടക്കുക!” എന്നു പറഞ്ഞു. എന്നാൽ യോസേഫ് തന്റെ വസ്ത്രം അവളുടെ കൈയിൽ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി. 13 യോസേഫ് വസ്ത്രം തന്റെ കൈയിൽ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ 14 ആ സ്ത്രീ അലറിക്കരഞ്ഞ് ദാസന്മാരെ വിളിച്ച് അവരോടു പറഞ്ഞു: “നമ്മുടെ മാനം കെടുത്താനായി അയാൾ ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു! അവൻ എന്നോടൊപ്പം കിടക്കാൻ എന്റെ അടുത്ത് വന്നു. ഞാൻ അലറിക്കരഞ്ഞപ്പോൾ 15 എന്റെ നിലവിളി കേട്ട് അവൻ ഉടുതുണി ഉപേക്ഷിച്ച് പുറത്തേക്ക് ഓടിക്കളഞ്ഞു.” 16 യജമാനൻ വീട്ടിൽ വരുന്നതുവരെ അവൾ ആ വസ്ത്രം അവളുടെ അടുത്ത് വെച്ചുകൊണ്ടിരുന്നു.
17 അവൾ അയാളോടും അങ്ങനെതന്നെ പറഞ്ഞു: “നിങ്ങൾ ഇവിടെ കൊണ്ടുവന്ന ആ എബ്രായദാസൻ എന്റെ അടുത്ത് വന്ന് എന്നെ അപമാനിക്കാൻ ശ്രമിച്ചു. 18 പക്ഷേ ഞാൻ നിലവിളിച്ചപ്പോൾ അവൻ അവന്റെ വസ്ത്രം ഉപേക്ഷിച്ചിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.” 19 “ഇങ്ങനെയെല്ലാം നിങ്ങളുടെ ദാസൻ എന്നോടു ചെയ്തു” എന്നു ഭാര്യ പറഞ്ഞതു കേട്ട ഉടനെ യജമാനന്റെ കോപം ആളിക്കത്തി. 20 അങ്ങനെ അയാൾ യോസേഫിനെ പിടിച്ച്, രാജാവ് തടവുകാരെ സൂക്ഷിച്ചിരുന്ന തടവറയിൽ ഏൽപ്പിച്ചു. യോസേഫ് അവിടെ കഴിഞ്ഞു.+
21 എന്നാൽ യഹോവ യോസേഫിനോടുകൂടിരുന്ന് യോസേഫിനോട് അചഞ്ചലമായ സ്നേഹം കാണിച്ചു. തടവറയുടെ മേലധികാരിക്കു യോസേഫിനോട് ഇഷ്ടം തോന്നാൻ ദൈവം ഇടവരുത്തി.+ 22 അതുകൊണ്ട്, മേലധികാരി അവിടെയുള്ള എല്ലാ തടവുകാരുടെയും ചുമതല യോസേഫിനെ ഏൽപ്പിച്ചു; യോസേഫിന്റെ നിർദേശപ്രകാരമാണ് അവർ എല്ലാം ചെയ്തിരുന്നത്.+ 23 യോസേഫിന്റെ ചുമതലയിലുള്ള ഒന്നിനെക്കുറിച്ചും തടവറയുടെ മേലധികാരിക്ക് അന്വേഷിക്കേണ്ടിവന്നില്ല. കാരണം യഹോവ യോസേഫിന്റെകൂടെയുണ്ടായിരുന്നു. യോസേഫ് ചെയ്തതെല്ലാം യഹോവ സഫലമാക്കി.+
40 അങ്ങനെയിരിക്കെ, ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകരുടെ പ്രമാണിയും+ അപ്പക്കാരുടെ പ്രമാണിയും അവരുടെ യജമാനനായ രാജാവിനോടു പാപം ചെയ്തു. 2 അതുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥന്മാരോടും—പാനപാത്രവാഹകരുടെ പ്രമാണിയോടും അപ്പക്കാരുടെ പ്രമാണിയോടും+—ഫറവോൻ കോപിച്ചു. 3 അവരെ കാവൽക്കാരുടെ മേധാവിയുടെ+ വീട്ടിലെ ജയിലിൽ, യോസേഫ് തടവുകാരനായി കഴിഞ്ഞിരുന്ന അതേ സ്ഥലത്ത്,+ ഏൽപ്പിച്ചു. 4 അപ്പോൾ കാവൽക്കാരുടെ മേധാവി അവരെ പരിചരിക്കാനായി യോസേഫിനെ അവരുടെകൂടെ നിയമിച്ചു.+ അവർ കുറച്ച് കാലം* ആ ജയിലിൽ കഴിഞ്ഞു.
5 തടവറയിലായിരുന്ന അവർ ഇരുവരും—ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും—ഒരു രാത്രിതന്നെ ഓരോ സ്വപ്നം കണ്ടു. ഓരോന്നിനും അതിന്റേതായ വ്യാഖ്യാനമുണ്ടായിരുന്നു. 6 പിറ്റേന്നു രാവിലെ യോസേഫ് അകത്ത് വന്ന് നോക്കിയപ്പോൾ അവർ വിഷമിച്ചിരിക്കുന്നതു കണ്ടു. 7 അപ്പോൾ യോസേഫ് തന്നോടൊപ്പം യജമാനന്റെ ഭവനത്തിൽ തടവിലായിരുന്ന ഫറവോന്റെ ഉദ്യോഗസ്ഥരോട്, “എന്താണ് ഇന്നു നിങ്ങളുടെ മുഖം വാടിയിരിക്കുന്നത്” എന്നു ചോദിച്ചു. 8 അവർ പറഞ്ഞു: “ഞങ്ങൾ രണ്ടും ഓരോ സ്വപ്നം കണ്ടു. പക്ഷേ അവ വ്യാഖ്യാനിച്ചുതരാൻ ഇവിടെ ആരുമില്ല.” യോസേഫ് അവരോടു പറഞ്ഞു: “സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?+ ദയവായി അത് എന്നോടു പറയുക.”
9 അങ്ങനെ പാനപാത്രവാഹകരുടെ പ്രമാണി തന്റെ സ്വപ്നം യോസേഫിനോടു വിവരിച്ചു. അയാൾ പറഞ്ഞു: “സ്വപ്നത്തിൽ ഞാൻ ഒരു മുന്തിരിവള്ളി കണ്ടു. 10 ആ മുന്തിരിവള്ളിയിൽ മൂന്നു ചെറുചില്ലകളുണ്ടായിരുന്നു. അവയിൽ മുള പൊട്ടുകയും അതു പൂവിടുകയും അതിൽ മുന്തിരിക്കുലകൾ പഴുത്ത് പാകമാകുകയും ചെയ്തു. 11 എന്റെ കൈകളിൽ ഫറവോന്റെ പാനപാത്രമുണ്ടായിരുന്നു. ഞാൻ മുന്തിരിപ്പഴങ്ങൾ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ചു. അതിനു ശേഷം ഞാൻ പാനപാത്രം ഫറവോന്റെ കൈയിൽ കൊടുത്തു.” 12 അപ്പോൾ യോസേഫ് അയാളോടു പറഞ്ഞു: “സ്വപ്നത്തിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു ചില്ല മൂന്നു ദിവസം. 13 മൂന്നു ദിവസത്തിനകം ഫറവോൻ താങ്കളെ മോചിപ്പിച്ച്* ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കും.+ ഫറവോന്റെ പാനപാത്രവാഹകനായിരുന്ന കാലത്ത് ചെയ്തിരുന്നതുപോലെ താങ്കൾ പാനപാത്രം ഫറവോന്റെ കൈയിൽ കൊടുക്കും.+ 14 എന്നാൽ, കാര്യങ്ങളെല്ലാം ശരിയായിക്കഴിയുമ്പോൾ താങ്കൾ എന്നെ ഓർക്കണം. ദയവുചെയ്ത് എന്നോട് അചഞ്ചലമായ സ്നേഹം കാണിച്ച് എന്റെ കാര്യം ഫറവോനോട് ഉണർത്തിക്കുകയും എന്നെ ഇവിടെനിന്ന് മോചിപ്പിക്കുകയും വേണം. 15 വാസ്തവത്തിൽ എന്നെ എബ്രായരുടെ ദേശത്തുനിന്ന് തട്ടിക്കൊണ്ടുപോന്നതാണ്.+ അവർ എന്നെ ഈ തടവറയിൽ* ഇടാൻ ഒരു കാരണവുമില്ല; ഇവിടെയും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.”+
16 യോസേഫിന്റെ വ്യാഖ്യാനം നല്ലതെന്നു കണ്ടപ്പോൾ അപ്പക്കാരുടെ പ്രമാണിയും യോസേഫിനോടു പറഞ്ഞു: “ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയിൽ മൂന്നു കൊട്ട വെളുത്ത അപ്പമുണ്ടായിരുന്നു. 17 മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാ തരം പലഹാരങ്ങളുമുണ്ടായിരുന്നു. എന്റെ തലയിലെ ആ കൊട്ടയിൽനിന്ന് പക്ഷികൾ അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.” 18 അപ്പോൾ യോസേഫ് പറഞ്ഞു: “സ്വപ്നത്തിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കൊട്ട മൂന്നു ദിവസം. 19 മൂന്നു ദിവസത്തിനകം ഫറവോൻ താങ്കളുടെ തല വെട്ടി താങ്കളെ സ്തംഭത്തിൽ തൂക്കും; പക്ഷികൾ താങ്കളുടെ മാംസം തിന്നും.”+
20 മൂന്നാം ദിവസം ഫറവോന്റെ ജന്മദിനമായിരുന്നു.+ അന്നു ഫറവോൻ തന്റെ എല്ലാ ദാസർക്കുംവേണ്ടി ഒരു വിരുന്നു നടത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും പുറത്ത് കൊണ്ടുവന്ന് തന്റെ ദാസരുടെ മുമ്പാകെ നിറുത്തി. 21 ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെ തത്സ്ഥാനത്ത് തിരികെ നിയമിച്ചു; അയാൾ പഴയതുപോലെ ഫറവോനു പാനപാത്രം കൊടുത്തുതുടങ്ങി. 22 എന്നാൽ അപ്പക്കാരുടെ പ്രമാണിയെ ഫറവോൻ സ്തംഭത്തിൽ തൂക്കി. യോസേഫ് അവരോട് അർഥം വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.+ 23 എന്നാൽ പാനപാത്രവാഹകരുടെ പ്രമാണി യോസേഫിനെ ഓർത്തില്ല; അയാൾ യോസേഫിനെ മറന്നുപോയി.+
41 രണ്ടു വർഷം കഴിയാറായപ്പോൾ ഫറവോൻ ഒരു സ്വപ്നം കണ്ടു.+ സ്വപ്നത്തിൽ ഫറവോൻ നൈൽ നദിയുടെ തീരത്ത് നിൽക്കുകയായിരുന്നു. 2 അപ്പോൾ അതാ, കാണാൻ ഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവരുന്നു. അവ നദിക്കരയിൽ മേഞ്ഞുകൊണ്ടിരുന്നു.+ 3 അവയ്ക്കു പിന്നാലെ, മെലിഞ്ഞ് വിരൂപമായ ഏഴു പശുക്കൾകൂടി നൈൽ നദിയിൽനിന്ന് കയറിവന്നു. അവ നൈലിന്റെ തീരത്ത് നിന്നിരുന്ന കൊഴുത്ത പശുക്കളുടെ അരികിൽ വന്ന് നിന്നു. 4 മെലിഞ്ഞ് വിരൂപമായ പശുക്കൾ രൂപഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു.
5 ഫറവോൻ വീണ്ടും ഉറക്കമായി; രണ്ടാമതും ഒരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകൾ വിളഞ്ഞുവരുന്നു.+ 6 അവയ്ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, ശുഷ്കിച്ച ഏഴു കതിരുകൾ വളർന്നുവന്നു. 7 ശുഷ്കിച്ച ഏഴു കതിരുകൾ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉറക്കമുണർന്നു; അതൊരു സ്വപ്നമായിരുന്നെന്നു മനസ്സിലായി.
8 എന്നാൽ നേരം വെളുത്തപ്പോൾ ഫറവോന്റെ മനസ്സ് ആകെ അസ്വസ്ഥമായി. ഫറവോൻ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് സ്വപ്നങ്ങൾ അവരോടു വിവരിച്ചു. പക്ഷേ അവ വ്യാഖ്യാനിച്ചുകൊടുക്കാൻ ആർക്കും കഴിഞ്ഞില്ല.
9 അപ്പോൾ പാനപാത്രവാഹകരുടെ പ്രമാണി ഫറവോനോടു പറഞ്ഞു: “ഇന്നു ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറയട്ടെ! 10 അങ്ങ് ഒരിക്കൽ അങ്ങയുടെ ദാസന്മാരോടു കോപിച്ചു. അങ്ങ് ഞങ്ങളെ, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും, കാവൽക്കാരുടെ മേധാവിയുടെ ഭവനത്തിലുള്ള ജയിലിൽ ഏൽപ്പിച്ചു.+ 11 അവിടെവെച്ച് ഞങ്ങൾ രണ്ടും ഒരു രാത്രിതന്നെ ഓരോ സ്വപ്നം കണ്ടു. ഓരോന്നിനും അതിന്റേതായ വ്യാഖ്യാനമുണ്ടായിരുന്നു.+ 12 കാവൽക്കാരുടെ മേധാവിയുടെ ദാസനായ ഒരു എബ്രായയുവാവ്+ അവിടെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങൾ അവനോടു വിവരിച്ചപ്പോൾ+ ഓരോന്നിന്റെയും അർഥം അവൻ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നു. 13 അവൻ ഞങ്ങളോടു വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു. എന്നെ അങ്ങ് തിരികെ നിയമിച്ചു; അയാളെ തൂക്കിലേറ്റി.”+
14 അപ്പോൾ ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു.+ അവർ യോസേഫിനെ പെട്ടെന്നുതന്നെ തടവറയിൽനിന്ന്* കൊണ്ടുവന്നു.+ യോസേഫ് ക്ഷൗരം ചെയ്ത് വസ്ത്രം മാറി ഫറവോന്റെ സന്നിധിയിൽ ചെന്നു. 15 അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു. പക്ഷേ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. ഒരു സ്വപ്നം വിവരിച്ചുതന്നാൽ അതു വ്യാഖ്യാനിക്കാൻ നിനക്കു കഴിയുമെന്നു ഞാൻ കേട്ടിരിക്കുന്നു.”+ 16 അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞു: “ഞാൻ ആരുമല്ല! ദൈവം ഫറവോനെ ശുഭകരമായ ഒരു സന്ദേശം അറിയിക്കും.”+
17 ഫറവോൻ യോസേഫിനോടു പറഞ്ഞു: “സ്വപ്നത്തിൽ ഞാൻ അവിടെ നൈൽ നദിയുടെ തീരത്ത് നിൽക്കുകയായിരുന്നു. 18 അപ്പോൾ രൂപഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കൾ നൈൽ നദിയിൽനിന്ന് കയറിവന്നു. അവ നദിക്കരയിൽ മേഞ്ഞുകൊണ്ടിരുന്നു.+ 19 അവയ്ക്കു പിന്നാലെ, മെലിഞ്ഞ് ശോഷിച്ച് വിരൂപമായ ഏഴു പശുക്കൾകൂടി കയറിവന്നു. അത്രയും വിരൂപമായ പശുക്കളെ ഈജിപ്ത് ദേശത്ത് എവിടെയും ഞാൻ കണ്ടിട്ടില്ല. 20 മെലിഞ്ഞ് എല്ലും തോലും ആയ പശുക്കൾ കൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. 21 എന്നാൽ അവ ആ പശുക്കളെ തിന്നതായി ആർക്കും തോന്നുമായിരുന്നില്ല. കാരണം അവയുടെ രൂപം മുമ്പത്തെപ്പോലെതന്നെ മോശമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
22 “അതിനു ശേഷം ഞാൻ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകൾ വിളഞ്ഞുവരുന്നു.+ 23 അവയ്ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, ഉണങ്ങി ശുഷ്കിച്ച ഏഴു കതിരുകൾകൂടി വളർന്നുവന്നു. 24 ശുഷ്കിച്ച ഏഴു കതിരുകൾ മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതെക്കുറിച്ച് മന്ത്രവാദികളോടു+ പറഞ്ഞു. പക്ഷേ അർഥം വിവരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.”+
25 അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞു: “ഫറവോൻ കണ്ട സ്വപ്നങ്ങളുടെ അർഥം ഒന്നുതന്നെയാണ്. സത്യദൈവം താൻ ചെയ്യാൻപോകുന്നതു ഫറവോനെ അറിയിച്ചിരിക്കുന്നു.+ 26 ഏഴു നല്ല പശുക്കൾ ഏഴു വർഷങ്ങളാണ്. അതുപോലെ, ഏഴു നല്ല കതിരുകളും ഏഴു വർഷങ്ങളാണ്. സ്വപ്നങ്ങൾ രണ്ടും ഒന്നുതന്നെ. 27 അവയ്ക്കു പിന്നാലെ വന്ന, മെലിഞ്ഞ് എല്ലും തോലും ആയ ഏഴു പശുക്കൾ ഏഴു വർഷങ്ങൾ. കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, പതിരു നിറഞ്ഞ ഏഴു കതിരുകളും ക്ഷാമത്തിന്റെ ഏഴു വർഷങ്ങളാണ്. 28 ഞാൻ ഫറവോനോടു പറഞ്ഞതുപോലെ, സത്യദൈവം താൻ ചെയ്യാൻപോകുന്നതു ഫറവോനു കാണിച്ചുതന്നിരിക്കുന്നു.
29 “ഈജിപ്ത് ദേശത്ത് എല്ലായിടത്തും ഏഴു വർഷം വലിയ സമൃദ്ധി ഉണ്ടാകും. 30 എന്നാൽ അതിനു ശേഷം ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ ഉണ്ടാകും. ഈജിപ്ത് ദേശത്തെ സമൃദ്ധിയെല്ലാം മറന്നുപോകുംവിധം ക്ഷാമം ദേശത്തെ ശൂന്യമാക്കും.+ 31 ക്ഷാമം വളരെ രൂക്ഷമായിരിക്കും. അതിനാൽ, ദേശത്ത് മുമ്പുണ്ടായിരുന്ന സമൃദ്ധി ആരും ഓർക്കില്ല. 32 സ്വപ്നം രണ്ടു പ്രാവശ്യം കണ്ടതിന്റെ അർഥം, സത്യദൈവം ഇക്കാര്യം തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നെന്നും അതു വേഗത്തിൽ നടപ്പാക്കുമെന്നും ആണ്.
33 “അതുകൊണ്ട് ഫറവോൻ ഇപ്പോൾ വിവേകിയും ജ്ഞാനിയും ആയ ഒരാളെ കണ്ടെത്തി ഈജിപ്ത് ദേശത്തിന്റെ ചുമതല അയാളെ ഏൽപ്പിക്കണം. 34 ദേശത്ത് മേൽവിചാരകന്മാരെ നിയമിച്ച് വേണ്ട നടപടി കൈക്കൊള്ളണം. അങ്ങനെ അങ്ങ് സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ+ ഈജിപ്തിൽ ഉണ്ടാകുന്ന വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം. 35 ഈ വരുന്ന നല്ല വർഷങ്ങളിൽ അവർ ഭക്ഷ്യവസ്തുക്കളെല്ലാം ശേഖരിക്കട്ടെ. ശേഖരിക്കുന്ന ധാന്യമെല്ലാം അവർ നഗരങ്ങളിൽ ഫറവോന്റെ അധീനതയിൽ ഭക്ഷണത്തിനായി സംഭരിച്ച് സൂക്ഷിക്കണം.+ 36 ഈജിപ്ത് ദേശത്ത് ഉണ്ടാകാൻപോകുന്ന ക്ഷാമത്തിന്റെ ഏഴു വർഷങ്ങളിൽ ആ ഭക്ഷ്യവസ്തുക്കൾ ദേശത്ത് വിതരണം ചെയ്യണം. അങ്ങനെ ചെയ്താൽ ക്ഷാമംകൊണ്ട് ദേശം നശിക്കില്ല.”+
37 ഈ നിർദേശം ഫറവോനും ഫറവോന്റെ എല്ലാ ദാസന്മാർക്കും ബോധിച്ചു. 38 അതുകൊണ്ട് ഫറവോൻ ദാസന്മാരോടു പറഞ്ഞു: “ഇവനെപ്പോലെ ദൈവാത്മാവുള്ള മറ്റൊരാളെ കണ്ടെത്താൻ പറ്റുമോ!” 39 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ദൈവം നിന്നെ അറിയിച്ചതിനാൽ നിന്നെപ്പോലെ വിവേകിയും ജ്ഞാനിയും ആയ മറ്റാരുമില്ല. 40 നീ, നീതന്നെ എന്റെ ഭവനത്തിന്റെ ചുമതല വഹിക്കും. നീ പറയുന്നതായിരിക്കും എന്റെ ജനമെല്ലാം അനുസരിക്കുക.+ സിംഹാസനംകൊണ്ട് മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.” 41 ഫറവോൻ യോസേഫിനോട് ഇങ്ങനെയും പറഞ്ഞു: “ഞാൻ ഇതാ, ഈജിപ്ത് ദേശത്തിന്റെ ചുമതല നിന്നെ ഏൽപ്പിക്കുന്നു.”+ 42 അങ്ങനെ ഫറവോൻ കൈയിലെ മുദ്രമോതിരം ഊരി യോസേഫിന്റെ കൈയിലിട്ടു. യോസേഫിനെ മേന്മയേറിയ ലിനൻവസ്ത്രങ്ങൾ ധരിപ്പിച്ച് കഴുത്തിൽ സ്വർണാഭരണം അണിയിച്ചു. 43 യോസേഫിനെ രണ്ടാം രാജരഥത്തിൽ എഴുന്നള്ളിക്കുകയും ചെയ്തു. അവർ യോസേഫിന്റെ മുന്നിൽ പോയി, “അവ്രെക്ക്”* എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോൻ യോസേഫിനെ ഈജിപ്ത് ദേശത്തിന്റെ ചുമതല ഏൽപ്പിച്ചു.
44 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ ഫറവോനാണ്. എന്നാൽ നിന്റെ അനുമതിയില്ലാതെ ഈജിപ്ത് ദേശത്ത് ആരും ഒന്നും ചെയ്യില്ല.”*+ 45 അതിനു ശേഷം ഫറവോൻ യോസേഫിനു സാപ്നത്-പനേഹ് എന്നു പേര് നൽകി. ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്നത്തിനെ+ ഭാര്യയായി കൊടുക്കുകയും ചെയ്തു. അങ്ങനെ യോസേഫ് ഈജിപ്ത് ദേശത്തിനു മേൽനോട്ടം വഹിക്കാൻതുടങ്ങി.*+ 46 ഈജിപ്തിലെ രാജാവായ ഫറവോന്റെ മുന്നിൽ നിന്നപ്പോൾ* യോസേഫിനു 30 വയസ്സായിരുന്നു.+
പിന്നെ യോസേഫ് ഫറവോന്റെ മുന്നിൽനിന്ന് പോയി ഈജിപ്ത് ദേശത്ത് എല്ലായിടത്തും സഞ്ചരിച്ചു. 47 സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ ദേശത്ത് ധാരാളം* വിളവ് ഉണ്ടായി. 48 ആ വർഷങ്ങളിൽ യോസേഫ് ഈജിപ്ത് ദേശത്തെ ഭക്ഷ്യവസ്തുക്കളെല്ലാം ശേഖരിച്ച് നഗരങ്ങളിൽ സംഭരിച്ചു. നഗരങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളെല്ലാം യോസേഫ് അതതു നഗരങ്ങളിൽ സംഭരിച്ചുവെക്കുമായിരുന്നു. 49 കടലിലെ മണൽപോലെ അളക്കാൻ കഴിയാത്തത്ര ധാന്യം ശേഖരിച്ചുകൊണ്ടിരുന്നതുകൊണ്ട് ഒടുവിൽ അവർ അളക്കുന്നതു മതിയാക്കി; അത്രമാത്രം ധാന്യം സംഭരിച്ചു.
50 ക്ഷാമകാലം തുടങ്ങുന്നതിനു മുമ്പ് ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്നത്ത് യോസേഫിനു രണ്ട് ആൺമക്കളെ പ്രസവിച്ചു.+ 51 “എന്റെ ബുദ്ധിമുട്ടുകളും അപ്പന്റെ ഭവനവും മറക്കാൻ ദൈവം ഇടയാക്കി” എന്നു പറഞ്ഞ് യോസേഫ് മൂത്ത മകനു മനശ്ശെ*+ എന്നു പേരിട്ടു. 52 രണ്ടാമന് എഫ്രയീം*+ എന്നു പേരിട്ടു. കാരണം യോസേഫ് പറഞ്ഞു: “ഞാൻ യാതന അനുഭവിച്ച ദേശത്ത്+ ദൈവം എന്നെ സന്താനസമൃദ്ധിയുള്ളവനാക്കിയിരിക്കുന്നു.”
53 ഒടുവിൽ ഈജിപ്തിലെ സമൃദ്ധിയുടെ ഏഴു വർഷം+ അവസാനിക്കുകയും 54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴു വർഷം ആരംഭിക്കുകയും ചെയ്തു.+ എല്ലാ ദേശങ്ങളിലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജിപ്ത് ദേശത്ത് എല്ലായിടത്തും ഭക്ഷണമുണ്ടായിരുന്നു.*+ 55 പതിയെ, ഈജിപ്ത് ദേശവും ക്ഷാമത്തിന്റെ പിടിയിലായി. ക്ഷാമത്താൽ വലഞ്ഞ+ ജനങ്ങൾ ഭക്ഷണത്തിനുവേണ്ടി ഫറവോനോടു മുറവിളികൂട്ടി. അപ്പോൾ ഫറവോൻ ഈജിപ്തുകാരോടെല്ലാം പറഞ്ഞു: “യോസേഫിന്റെ അടുത്ത് ചെന്ന് യോസേഫ് പറയുന്നതുപോലെ ചെയ്യുക.”+ 56 ഭൂമിയിൽ എല്ലായിടത്തും ക്ഷാമം ഉണ്ടായി.+ ക്ഷാമം ഈജിപ്ത് ദേശത്തിന്മേൽ പിടി മുറുക്കിയപ്പോൾ യോസേഫ് അവർക്കിടയിലുള്ള ധാന്യപ്പുരകളെല്ലാം തുറന്ന് ഈജിപ്തുകാർക്കു ഭക്ഷ്യവസ്തുക്കൾ വിൽക്കാൻതുടങ്ങി.+ 57 ഭൂമിയിലെ ജനങ്ങളെല്ലാം യോസേഫിന്റെ അടുത്തുനിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ഈജിപ്തിലേക്കു വന്നു. കാരണം ഭൂമി മുഴുവനും ക്ഷാമത്തിന്റെ പിടിയിലമർന്നിരുന്നു.+
42 ഈജിപ്തിൽ ധാന്യമുണ്ടെന്നു+ വിവരം കിട്ടിയപ്പോൾ യാക്കോബ് ആൺമക്കളോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പരസ്പരം നോക്കിനിൽക്കുന്നത് എന്ത്?” 2 പിന്നെ യാക്കോബ് പറഞ്ഞു: “ഈജിപ്തിൽ ധാന്യമുണ്ടെന്നു ഞാൻ കേട്ടു. നമ്മൾ മരിക്കാതെ ജീവിച്ചിരിക്കാനായി അവിടെ ചെന്ന് കുറച്ച് ധാന്യം വാങ്ങിക്കൊണ്ടുവരൂ.”+ 3 അങ്ങനെ യോസേഫിന്റെ സഹോദരന്മാരിൽ+ പത്തു പേർ ധാന്യം വാങ്ങാൻ ഈജിപ്തിലേക്കു പോയി. 4 എന്നാൽ യോസേഫിന്റെ അനിയനായ ബന്യാമീനെ+ യാക്കോബ്, “അവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചേക്കും” എന്നു പറഞ്ഞ് അവരോടൊപ്പം അയച്ചില്ല.+
5 അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ളവരോടൊപ്പം ഇസ്രായേലിന്റെ ആൺമക്കളും വന്നു. കാരണം ക്ഷാമം കനാൻ ദേശത്തേക്കും വ്യാപിച്ചിരുന്നു.+ 6 യോസേഫായിരുന്നു ദേശത്തിന്റെ അധികാരി.+ യോസേഫാണു ഭൂമിയിലെ ജനങ്ങൾക്കെല്ലാം ധാന്യം വിറ്റിരുന്നത്.+ അങ്ങനെ യോസേഫിന്റെ ചേട്ടന്മാരും യോസേഫിന്റെ അടുത്ത് വന്ന് നിലംവരെ കുമ്പിട്ട് നമസ്കരിച്ചു.+ 7 അവരെ കണ്ടപ്പോൾത്തന്നെ യോസേഫ് അവരെ തിരിച്ചറിഞ്ഞു. പക്ഷേ താൻ ആരാണെന്ന കാര്യം യോസേഫ് അവരിൽനിന്ന് മറച്ചുവെച്ചു.+ യോസേഫ് അവരോടു പരുഷമായി സംസാരിച്ചു. “നിങ്ങൾ എവിടെനിന്നുള്ളവരാണ്” എന്നു യോസേഫ് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ആഹാരം വാങ്ങാൻ കനാൻ ദേശത്തുനിന്ന് വന്നവരാണു ഞങ്ങൾ.”+
8 അങ്ങനെ യോസേഫ് തന്റെ ചേട്ടന്മാരെ തിരിച്ചറിഞ്ഞു. പക്ഷേ അവർക്കു യോസേഫിനെ മനസ്സിലായില്ല. 9 പെട്ടെന്നുതന്നെ, അവരെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ+ യോസേഫിന്റെ ഓർമയിലേക്കു വന്നു. പിന്നെ അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്! ദേശത്തിന്റെ ദുർബലഭാഗങ്ങൾ* കണ്ടെത്താൻ വന്നവർ!” 10 അപ്പോൾ അവർ പറഞ്ഞു: “അല്ല യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങാൻ വന്നവരാണ്. 11 ഞങ്ങളെല്ലാം ഒരാളുടെ മക്കളാണ്. ഞങ്ങൾ നേരുള്ളവരാണ്. അങ്ങയുടെ ഈ ദാസന്മാർ ഒറ്റുനോക്കാൻ വന്നവരല്ല.” 12 പക്ഷേ യോസേഫ് പറഞ്ഞു: “അല്ല! നിങ്ങൾ ദേശത്തിന്റെ ദുർബലഭാഗങ്ങൾ കണ്ടെത്താൻ വന്നവർതന്നെയാണ്!” 13 അപ്പോൾ അവർ: “ഞങ്ങൾ 12 സഹോദരന്മാരാണ്.+ കനാൻ ദേശത്തുള്ള ഒരാളുടെ മക്കളാണു+ ഞങ്ങൾ. ഏറ്റവും ഇളയവൻ+ ഇപ്പോൾ അപ്പന്റെകൂടെയുണ്ട്. ഒരാൾ ജീവിച്ചിരിപ്പില്ല.”+
14 എന്നാൽ യോസേഫ് അവരോടു പറഞ്ഞു: “ഞാൻ പറഞ്ഞതാണു വാസ്തവം, ‘നിങ്ങൾ ചാരന്മാരാണ്,’ തീർച്ച! 15 ഞാൻ ഇങ്ങനെ നിങ്ങളെ പരീക്ഷിച്ചറിയും: ഫറവോനാണെ സത്യം, നിങ്ങളുടെ ഇളയ സഹോദരൻ ഇവിടെ വരാതെ നിങ്ങൾ ആരും ഇവിടംവിട്ട് പോകില്ല.+ 16 നിങ്ങളിൽ ഒരാളെ വിട്ട് അവനെ കൂട്ടിക്കൊണ്ടുവരുക. അതുവരെ നിങ്ങൾ തടവിലായിരിക്കും. അങ്ങനെ നിങ്ങൾ പറയുന്നതു സത്യമാണോ എന്നു ഞാൻ പരീക്ഷിച്ചറിയും. നിങ്ങൾ പറയുന്നതു സത്യമല്ലെങ്കിൽ ഫറവോനാണെ സത്യം, നിങ്ങൾ ചാരന്മാർതന്നെ.” 17 യോസേഫ് അവരെയെല്ലാം മൂന്നു ദിവസത്തേക്കു തടവിൽ വെച്ചു.
18 മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞു: “ഞാൻ ദൈവഭയമുള്ളവനാണ്. അതുകൊണ്ട്, ജീവനോടിരിക്കണമെങ്കിൽ ഞാൻ പറയുന്നതുപോലെ ചെയ്യുക. 19 നിങ്ങൾ നേരുള്ളവരാണെങ്കിൽ നിങ്ങളിൽ ഒരാൾ ഇവിടെ ഈ ജയിലിൽ തടവുകാരനായി കഴിയട്ടെ. ബാക്കിയുള്ളവർക്കു ധാന്യവുമായി മടങ്ങിച്ചെന്ന് നിങ്ങളുടെ വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാം.+ 20 അതിനു ശേഷം നിങ്ങൾ നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുത്ത് കൊണ്ടുവരണം. അപ്പോൾ നിങ്ങൾ പറഞ്ഞതു സത്യമാണെന്നു തെളിയും, നിങ്ങൾ മരിക്കില്ല.” അവർ യോസേഫ് പറഞ്ഞതുപോലെ ചെയ്തു.
21 അപ്പോൾ അവർ തമ്മിൽത്തമ്മിൽ പറഞ്ഞു: “നമ്മുടെ അനിയനോടു ചെയ്തതിന്റെ+ ശിക്ഷയാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്, ഉറപ്പ്! കരുണ കാണിക്കണേ എന്ന് അവൻ യാചിച്ചപ്പോൾ അവന്റെ സങ്കടം കണ്ടിട്ടും നമ്മൾ അതു കാര്യമാക്കിയില്ല. അതുകൊണ്ടാണ് നമുക്ക് ഈ ദുരിതം വന്നത്.” 22 അപ്പോൾ രൂബേൻ അവരോടു പറഞ്ഞു: “അവന് എതിരെ പാപം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?+ നിങ്ങൾ കേട്ടോ? ഇപ്പോൾ ഇതാ, അവന്റെ രക്തത്തിനു നമ്മൾ കണക്കു പറയേണ്ടിവന്നിരിക്കുന്നു.”+ 23 യോസേഫ് അവരോടു സംസാരിച്ചത് ഒരു പരിഭാഷകന്റെ സഹായത്തോടെയായിരുന്നു. അതിനാൽ അവരുടെ സംഭാഷണം യോസേഫിനു മനസ്സിലാകുന്നുണ്ടെന്ന് അവർ അറിഞ്ഞില്ല. 24 യോസേഫ് അവരുടെ അടുത്തുനിന്ന് മാറിപ്പോയി കരഞ്ഞു.+ പിന്നെ തിരികെ വന്ന് അവരോടു വീണ്ടും സംസാരിച്ചു. യോസേഫ് അവർക്കിടയിൽനിന്ന് ശിമെയോനെ+ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.+ 25 അതിനു ശേഷം അവരുടെ സഞ്ചികളിൽ ധാന്യം നിറയ്ക്കാൻ കല്പിച്ചു. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിൽ വെക്കാനും യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ആഹാരം കൊടുത്തുവിടാനും ഉത്തരവിട്ടു. അവർ ഇതൊക്കെ ചെയ്തുകൊടുത്തു.
26 അങ്ങനെ, അവർ ധാന്യം അവരുടെ കഴുതകളുടെ പുറത്ത് കയറ്റി അവിടെനിന്ന് പോയി. 27 വഴിയിൽ വിശ്രമസ്ഥലത്തുവെച്ച് അവരിൽ ഒരാൾ കഴുതയ്ക്കു തീറ്റി കൊടുക്കാൻ ചാക്ക് അഴിച്ചപ്പോൾ സഞ്ചിയുടെ വായ്ക്കൽ തന്റെ പണം വെച്ചിരിക്കുന്നതു കണ്ടു. 28 ഉടനെ അയാൾ സഹോദരന്മാരോടു പറഞ്ഞു: “എന്റെ പണം ഇതാ, ഈ സഞ്ചിയിൽ വെച്ചിരിക്കുന്നു!” അതു കേട്ടപ്പോൾ അവരുടെ ഹൃദയം തകർന്നുപോയി. പേടിച്ചുവിറച്ച അവർ പരസ്പരം പറഞ്ഞു: “ദൈവം എന്താണു നമ്മളോട് ഈ ചെയ്തിരിക്കുന്നത്?”
29 അവർ കനാൻ ദേശത്ത് അപ്പനായ യാക്കോബിന്റെ അടുത്ത് എത്തി സംഭവിച്ചതെല്ലാം വിവരിച്ചു. അവർ പറഞ്ഞു: 30 “ഞങ്ങൾ ആ ദേശം ഒറ്റുനോക്കാൻ ചെന്നവരാണെന്ന് ആരോപിച്ച് ആ ദേശത്തിന്റെ അധിപൻ ഞങ്ങളോടു പരുഷമായി സംസാരിച്ചു.+ 31 എന്നാൽ ഞങ്ങൾ അയാളോടു പറഞ്ഞു: ‘ഞങ്ങൾ നേരുള്ളവരാണ്, ചാരന്മാരല്ല.+ 32 ഞങ്ങൾ 12 സഹോദരന്മാരാണ്;+ ഒരു അപ്പന്റെ മക്കൾ. ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല.+ ഏറ്റവും ഇളയവൻ+ ഇപ്പോൾ കനാൻ ദേശത്ത് അപ്പന്റെകൂടെയുണ്ട്.’ 33 പക്ഷേ ആ ദേശത്തിന്റെ അധിപൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരുള്ളവരാണോ എന്നു ഞാൻ പരീക്ഷിച്ചറിയും. നിങ്ങളിൽ ഒരാൾ ഇവിടെ എന്നോടൊപ്പം നിൽക്കട്ടെ.+ ബാക്കിയുള്ളവർക്കു ധാന്യവുമായി പോയി നിങ്ങളുടെ വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാം.+ 34 അതിനു ശേഷം നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുത്ത് കൊണ്ടുവരണം. അങ്ങനെ ചെയ്താൽ നിങ്ങൾ ചാരന്മാരല്ല, നേരുള്ളവരാണെന്ന് എനിക്കു ബോധ്യമാകും. അപ്പോൾ ഞാൻ നിങ്ങളുടെ സഹോദരനെ വിട്ടുതരാം; നിങ്ങൾക്കു തുടർന്നും ദേശത്ത് വ്യാപാരം ചെയ്യാം.’”
35 അവർ ചാക്കിൽനിന്ന് ധാന്യം കുടഞ്ഞിടുമ്പോൾ ഓരോരുത്തരുടെയും ചാക്കിൽ അതാ, അവരവരുടെ പണക്കിഴി! അതു കണ്ടപ്പോൾ അവരും അവരുടെ അപ്പനും പേടിച്ചുപോയി. 36 അപ്പോൾ അവരുടെ അപ്പനായ യാക്കോബ് അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ വിരഹദുഃഖത്തിലാക്കുകയാണ്.+ യോസേഫ് പോയി,+ ശിമെയോനും പോയി.+ ഇപ്പോൾ ഇതാ, ബന്യാമീനെയും കൊണ്ടുപോകുന്നു. ഇതെല്ലാം എന്റെ മേലാണല്ലോ വരുന്നത്!” 37 എന്നാൽ രൂബേൻ അപ്പനോടു പറഞ്ഞു: “ഞാൻ അവനെ അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ എന്റെ രണ്ട് ആൺമക്കളെ അപ്പനു കൊന്നുകളയാം.+ അവനെ എന്നെ ഏൽപ്പിക്കുക. ഞാൻ ഉറപ്പായും അവനെ അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവരും.”+ 38 പക്ഷേ യാക്കോബ് പറഞ്ഞു: “എന്റെ മകനെ ഞാൻ നിങ്ങളോടൊപ്പം വിടില്ല. അവന്റെ ചേട്ടൻ മരിച്ചുപോയി; അവൻ മാത്രമേ ഇനി ബാക്കിയുള്ളൂ.+ യാത്രയ്ക്കിടയിൽ അവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചാൽ നിങ്ങൾ എന്റെ നരച്ച തല അതിദുഃഖത്തോടെ ശവക്കുഴിയിലേക്ക്*+ ഇറങ്ങാൻ ഇടയാക്കും.”+
43 ദേശത്ത് ക്ഷാമം രൂക്ഷമായിരുന്നു.+ 2 ഈജിപ്തിൽനിന്ന് കൊണ്ടുവന്ന ധാന്യമെല്ലാം+ തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു പറഞ്ഞു: “നിങ്ങൾ തിരിച്ചുചെന്ന് നമുക്കു കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുക.” 3 അപ്പോൾ യഹൂദ പറഞ്ഞു: “‘ഇനി നിങ്ങളുടെ സഹോദരൻ കൂടെയില്ലാതെ നിങ്ങൾ എന്നെ മുഖം കാണിക്കരുത്’ എന്ന് അദ്ദേഹം ഞങ്ങളോടു വ്യക്തമായി പറഞ്ഞതാണ്.+ 4 ഞങ്ങളുടെ അനിയനെ അപ്പൻ ഞങ്ങളോടൊപ്പം അയയ്ക്കുകയാണെങ്കിൽ ഞങ്ങൾ ചെന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരാം. 5 എന്നാൽ അവനെ അയയ്ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകില്ല. കാരണം, ‘ഇനി നിങ്ങളുടെ സഹോദരൻ കൂടെയില്ലാതെ നിങ്ങൾ എന്നെ മുഖം കാണിക്കരുത്’+ എന്ന് ആ മനുഷ്യൻ ഞങ്ങൾക്കു മുന്നറിയിപ്പു തന്നിട്ടുണ്ട്.” 6 അപ്പോൾ ഇസ്രായേൽ,+ “നിങ്ങൾക്കു മറ്റൊരു സഹോദരനുണ്ടെന്ന് ആ മനുഷ്യനോടു പറഞ്ഞ് എന്നെ ഇങ്ങനെ കുഴപ്പത്തിലാക്കിയത് എന്തിനാണ്” എന്നു ചോദിച്ചു. 7 അവർ പറഞ്ഞു: “അദ്ദേഹം നമ്മളെയും നമ്മുടെ ബന്ധുക്കളെയും കുറിച്ച് വിശദമായി തിരക്കി. ‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുണ്ടോ, നിങ്ങൾക്കു മറ്റൊരു സഹോദരൻകൂടിയുണ്ടോ’ എന്നെല്ലാം ഞങ്ങളോടു ചോദിച്ചു. അപ്പോൾ ഞങ്ങൾ ഇക്കാര്യങ്ങൾ മുഴുവൻ അദ്ദേഹത്തോടു പറഞ്ഞു.+ ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരണം’+ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞോ?”
8 ഒടുവിൽ യഹൂദ അപ്പനായ ഇസ്രായേലിനെ നിർബന്ധിച്ചു: “അപ്പനും ഞങ്ങളും നമ്മുടെ കുട്ടികളും+ മരിക്കാതെ ജീവിച്ചിരിക്കാനായി+ അവനെ എന്നോടൊപ്പം അയയ്ക്കുക;+ ഞങ്ങൾ പോകട്ടെ. 9 അവൻ സുരക്ഷിതനായിരിക്കുമെന്നു ഞാൻ ഉറപ്പു തരുന്നു.+ അവന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കും. അവനെ അപ്പന്റെ അടുത്ത് തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ എന്നും ഞാൻ അപ്പന്റെ മുമ്പാകെ കുറ്റക്കാരനായിരിക്കും. 10 നമ്മൾ ഇത്രയും കാലതാമസം വരുത്താതിരുന്നെങ്കിൽ ഇതിനോടകം രണ്ടു തവണ പോയി വരാമായിരുന്നു.”
11 അപ്പോൾ അവരുടെ അപ്പനായ ഇസ്രായേൽ പറഞ്ഞു: “അങ്ങനെയെങ്കിൽ ഇങ്ങനെ ചെയ്യുക. കുറച്ച് സുഗന്ധക്കറ,+ കുറച്ച് തേൻ, സുഗന്ധപ്പശ, മരപ്പട്ട,+ പിസ്റ്റാഷിയണ്ടി, ബദാം എന്നിങ്ങനെ ദേശത്തെ വിശേഷവസ്തുക്കൾ നിങ്ങളുടെ സഞ്ചിയിൽ എടുത്ത് അദ്ദേഹത്തിനു കാഴ്ചയായി+ കൊണ്ടുപോകുക. 12 ഇരട്ടി പണവും കരുതണം. മാത്രമല്ല, നിങ്ങളുടെ സഞ്ചിയുടെ വായ്ക്കൽ വെച്ചിരുന്ന പണവും+ തിരികെ കൊണ്ടുപോകുക. ചിലപ്പോൾ, അവർക്ക് അബദ്ധം പറ്റിയതായിരിക്കാം. 13 നിങ്ങളുടെ അനിയനെയും കൂട്ടി ആ മനുഷ്യന്റെ അടുത്ത് തിരികെ ചെല്ലുക. 14 അദ്ദേഹത്തിനു നിങ്ങളോട് അലിവ് തോന്നാനും അങ്ങനെ, നിങ്ങളുടെ മറ്റേ സഹോദരനെയും ബന്യാമീനെയും നിങ്ങൾക്കു വിട്ടുതരാനും സർവശക്തനായ ദൈവം ഇടവരുത്തട്ടെ. എന്നാൽ, ഞാൻ വിരഹദുഃഖം അനുഭവിക്കണം എന്നാണെങ്കിൽ അങ്ങനെയാകട്ടെ.”+
15 അങ്ങനെ അവർ കാഴ്ചയും ഇരട്ടി പണവും എടുത്ത് ബന്യാമീനെയും കൂട്ടി ഈജിപ്തിലേക്കു പോയി. അവർ ചെന്ന് വീണ്ടും യോസേഫിന്റെ മുമ്പാകെ നിന്നു.+ 16 ബന്യാമീനെ അവരോടൊപ്പം കണ്ട ഉടനെ യോസേഫ് വീട്ടിലെ കാര്യസ്ഥനോടു പറഞ്ഞു: “ഇവരെ എന്റെ വീട്ടിലേക്കു കൊണ്ടുപോകുക. മൃഗങ്ങളെ അറുത്ത് വിരുന്ന് ഒരുക്കുക. എന്നോടൊപ്പമായിരിക്കും ഇന്ന് ഉച്ചയ്ക്ക് ഇവർ ആഹാരം കഴിക്കുന്നത്.” 17 ആ മനുഷ്യൻ ഉടനെ യോസേഫ് പറഞ്ഞതുപോലെ ചെയ്തു.+ അയാൾ അവരെ യോസേഫിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 18 എന്നാൽ യോസേഫിന്റെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ അവർക്കു ഭയം തോന്നി. അവർ പറഞ്ഞു: “കഴിഞ്ഞ തവണ നമ്മുടെ സഞ്ചികളിൽ കണ്ട ആ പണം കാരണമാണു നമ്മളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. അവർ ഇപ്പോൾ നമ്മളെ പിടിച്ച് അടിമകളാക്കുകയും നമ്മുടെ കഴുതകളെ സ്വന്തമാക്കുകയും ചെയ്യും!”+
19 അങ്ങനെ അവർ യോസേഫിന്റെ വീട്ടിലെ കാര്യസ്ഥന്റെ അടുത്ത് ചെന്ന് വീട്ടുവാതിൽക്കൽവെച്ച് അയാളോടു സംസാരിച്ചു. 20 അവർ പറഞ്ഞു: “യജമാനനേ, ഒരു കാര്യം പറയട്ടേ? മുമ്പൊരിക്കൽ ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഞങ്ങൾ വന്നിരുന്നു.+ 21 തിരിച്ച് പോകുംവഴി വിശ്രമസ്ഥലത്ത് എത്തി ഞങ്ങൾ സഞ്ചി തുറന്നപ്പോൾ അതാ, ഓരോരുത്തരുടെയും പണം അവരവരുടെ സഞ്ചിയുടെ വായ്ക്കൽ ഇരിക്കുന്നു! ഞങ്ങൾ കൊടുത്ത പണം തൂക്കം ഒട്ടും കുറയാതെ അതിലുണ്ടായിരുന്നു.+ നേരിൽക്കണ്ട് തിരികെ ഏൽപ്പിക്കാനായി ഞങ്ങൾ അതു കൊണ്ടുവന്നിട്ടുണ്ട്. 22 ഭക്ഷണം വാങ്ങാൻ വേറെയും പണം ഞങ്ങളുടെ കൈയിലുണ്ട്. പക്ഷേ ഞങ്ങളുടെ ആ പണം ആരാണു സഞ്ചിയിൽ വെച്ചതെന്നു ഞങ്ങൾക്ക് അറിയില്ല.”+ 23 അപ്പോൾ അയാൾ പറഞ്ഞു: “കുഴപ്പമില്ല, നിങ്ങൾ പേടിക്കാതിരിക്കൂ! നിങ്ങളുടെയും നിങ്ങളുടെ അപ്പന്റെയും ദൈവമാണു സഞ്ചിയിൽ ആ നിധി വെച്ചത്. നിങ്ങളുടെ പണം എനിക്കു കിട്ടിയിരുന്നു.” അതിനു ശേഷം അയാൾ ശിമെയോനെ അവരുടെ അടുത്ത് പുറത്ത് കൊണ്ടുവന്നു.+
24 പിന്നെ അയാൾ അവരെ യോസേഫിന്റെ വീടിന് അകത്തേക്കു കൊണ്ടുപോയി അവർക്കു കാൽ കഴുകാൻ വെള്ളം കൊടുത്തു. അയാൾ അവരുടെ കഴുതകൾക്കു തീറ്റിയും കൊടുത്തു. 25 തങ്ങൾ ഭക്ഷണം കഴിക്കുന്നത് അവിടെവെച്ചായിരിക്കുമെന്നു കേട്ടതുകൊണ്ട്+ യോസേഫ് ഉച്ചയ്ക്കു വരുമ്പോൾ കൊടുക്കാനായി യോസേഫിന്റെ സഹോദരന്മാർ കാഴ്ച+ ഒരുക്കിവെച്ചു. 26 യോസേഫ് വീട്ടിലേക്കു കയറിയപ്പോൾ അവർ കാഴ്ചയുമായി യോസേഫിന്റെ അടുത്ത് ചെന്ന് സാഷ്ടാംഗം വീണ് നമസ്കരിച്ചു.+ 27 അപ്പോൾ യോസേഫ് അവരുടെ ക്ഷേമം അന്വേഷിച്ചു. അവരോടു ചോദിച്ചു: “നിങ്ങളുടെ പ്രായമായ അപ്പനെക്കുറിച്ച് നിങ്ങൾ പറഞ്ഞിരുന്നല്ലോ, അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടോ?”+ 28 അവർ പറഞ്ഞു: “അങ്ങയുടെ ദാസനായ ഞങ്ങളുടെ അപ്പനു സുഖംതന്നെ, അദ്ദേഹം ജീവനോടിരിക്കുന്നു.” പിന്നെ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.+
29 സ്വന്തം അമ്മയുടെ മകനെ, അനിയനായ ബന്യാമീനെ,+ കണ്ടപ്പോൾ യോസേഫ്, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദിച്ചു. പിന്നെ യോസേഫ്, “എന്റെ മകനേ, നിനക്കു ദൈവത്തിന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു. 30 സഹോദരനെ കണ്ടപ്പോൾ വികാരാധീനനായ യോസേഫ് കരയാൻ ഒരു സ്ഥലം തേടി തിടുക്കത്തിൽ അവിടെനിന്ന് പോയി, തനിച്ച് ഒരു മുറിയിൽ കയറി കരഞ്ഞു.+ 31 പിന്നെ മുഖം കഴുകി പുറത്ത് വന്നു. യോസേഫ് തന്റെ വികാരങ്ങൾ നിയന്ത്രിച്ചിട്ട്, “ഭക്ഷണം വിളമ്പൂ” എന്നു പറഞ്ഞു. 32 അവർ യോസേഫിനു തനിച്ചും യോസേഫിന്റെ സഹോദരന്മാരെ ഒരുമിച്ച് ഇരുത്തി അവർക്കു പ്രത്യേകമായും വിളമ്പി. യോസേഫിന്റെകൂടെയുണ്ടായിരുന്ന ഈജിപ്തുകാരും മാറിയിരുന്ന് ഭക്ഷണം കഴിച്ചു. കാരണം ഈജിപ്തുകാർ എബ്രായരോടൊപ്പം ഭക്ഷണം കഴിക്കില്ലായിരുന്നു; അത് ഈജിപ്തുകാർക്ക് അറപ്പായിരുന്നു.+
33 യോസേഫിന്റെ സഹോദരന്മാരെ മൂത്ത മകന്റെ അവകാശമനുസരിച്ച്,+ മൂത്തവൻമുതൽ ഏറ്റവും ഇളയവൻവരെ യോസേഫിന്റെ മുന്നിൽ ക്രമത്തിൽ ഇരുത്തി. അപ്പോൾ അവർ അത്ഭുതത്തോടെ പരസ്പരം നോക്കി. 34 യോസേഫ് തന്റെ മേശയിൽനിന്ന് അവരുടെ മേശയിലേക്കു ഭക്ഷണത്തിന്റെ പങ്കു കൊടുത്തയച്ചുകൊണ്ടിരുന്നു. മറ്റുള്ളവർക്കു കൊടുത്തതിന്റെ അഞ്ചിരട്ടി യോസേഫ് ബന്യാമീനു കൊടുത്തു.+ അങ്ങനെ തൃപ്തിയാകുന്നതുവരെ അവർ തിന്നുകയും കുടിക്കുകയും ചെയ്തു.
44 പിന്നെ യോസേഫ് വീട്ടിലെ കാര്യസ്ഥനോട് ഇങ്ങനെ കല്പിച്ചു: “അവർക്കു കൊണ്ടുപോകാൻ കഴിയുന്നത്ര ആഹാരം അവരുടെ സഞ്ചികളിൽ നിറയ്ക്കുക. സഞ്ചികളുടെ വായ്ക്കൽ അവരവരുടെ പണവും വെക്കുക.+ 2 എന്നാൽ ഏറ്റവും ഇളയവന്റെ സഞ്ചിയുടെ വായ്ക്കൽ ധാന്യത്തിനു തന്ന പണത്തോടൊപ്പം എന്റെ ആ വെള്ളിപ്പാനപാത്രവും വെക്കണം.” യോസേഫ് നിർദേശിച്ചതുപോലെ അവൻ ചെയ്തു.
3 പുലർച്ചെ വെളിച്ചം വീണപ്പോൾ അവർ കഴുതകളെയുംകൊണ്ട് യാത്രയായി. 4 അവർ നഗരത്തിൽനിന്ന് ഏറെ ദൂരം പിന്നിടുന്നതിനു മുമ്പ്, യോസേഫ് വീട്ടിലെ കാര്യസ്ഥനോട്: “വേഗമാകട്ടെ! അവരെ പിന്തുടർന്നുചെന്ന് അവർക്ക് ഒപ്പം എത്തുക. എന്നിട്ട് അവരോട് ഇങ്ങനെ പറയണം: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്? 5 ഇതിൽനിന്നല്ലേ എന്റെ യജമാനൻ കുടിക്കുന്നത്? ഇത് ഉപയോഗിച്ചല്ലേ യജമാനൻ കൃത്യമായി ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്തതു ദുഷ്ടതയാണ്.’”
6 അങ്ങനെ അയാൾ അവർക്കൊപ്പം എത്തി, ഈ വാക്കുകൾ അവരോടു പറഞ്ഞു. 7 എന്നാൽ അവർ അയാളോട്: “അങ്ങ് എന്താണ് ഈ പറയുന്നത്? ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല. 8 ഞങ്ങളുടെ സഞ്ചികളുടെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻ ദേശത്തുനിന്ന് കൊണ്ടുവന്ന് അങ്ങയ്ക്കു തിരികെ തരുകപോലും ചെയ്തില്ലേ?+ ആ സ്ഥിതിക്ക്, ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് പൊന്നോ വെള്ളിയോ മോഷ്ടിക്കുമോ? 9 അതു ഞങ്ങളുടെ ആരുടെയെങ്കിലും കൈവശം കണ്ടാൽ അവൻ മരിക്കണം. ശേഷമുള്ളവരെല്ലാം അങ്ങയ്ക്ക് അടിമകളാകുകയും ചെയ്തുകൊള്ളാം.” 10 അപ്പോൾ അയാൾ പറഞ്ഞു: “നിങ്ങൾ പറഞ്ഞതുപോലെയാകട്ടെ. അത് ആരുടെ കൈവശം കാണുന്നോ അയാൾ എന്റെ അടിമയാകും. എന്നാൽ ബാക്കിയുള്ളവർ നിരപരാധികളായിരിക്കും.” 11 പെട്ടെന്നുതന്നെ അവർ ഓരോരുത്തരും സഞ്ചികൾ താഴെ ഇറക്കിവെച്ചിട്ട് അവ തുറന്നു. 12 അയാൾ മൂത്തവൻമുതൽ ഇളയവൻവരെ എല്ലാവരുടെയും സഞ്ചികൾ പരിശോധിച്ചു. ഒടുവിൽ ബന്യാമീന്റെ സഞ്ചിയിൽനിന്ന് പാനപാത്രം കണ്ടെടുത്തു.+
13 അപ്പോൾ അവർ വസ്ത്രം കീറി. ഓരോരുത്തരും അവരുടെ ചുമടു വീണ്ടും കഴുതപ്പുറത്ത് കയറ്റി നഗരത്തിലേക്കു തിരികെ പോയി. 14 യഹൂദയും+ സഹോദരന്മാരും യോസേഫിന്റെ വീട്ടിലേക്കു ചെന്നപ്പോൾ യോസേഫ് അവിടെത്തന്നെയുണ്ടായിരുന്നു. അവർ യോസേഫിന്റെ മുമ്പാകെ വീണ് നമസ്കരിച്ചു.+ 15 യോസേഫ് അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്തത്? എന്നെപ്പോലുള്ള ഒരാൾക്കു കൃത്യമായി ലക്ഷണം നോക്കാൻ+ കഴിയുമെന്നു നിങ്ങൾക്ക് അറിയില്ലേ?” 16 അപ്പോൾ യഹൂദ പറഞ്ഞു: “ഞങ്ങൾ യജമാനനോട് എന്തു ബോധിപ്പിക്കും? ഞങ്ങൾക്ക് എന്തു പറയാൻ കഴിയും? നേരുള്ളവരാണു ഞങ്ങളെന്ന് എങ്ങനെയാണു തെളിയിക്കുക? സത്യദൈവം ഞങ്ങളുടെ തെറ്റ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു.+ ഇതാ, ഞങ്ങളും ആരുടെ കൈവശമാണോ പാനപാത്രം കണ്ടത് അവനും ഇപ്പോൾ യജമാനന്റെ അടിമകളാണ്.” 17 പക്ഷേ യോസേഫ് പറഞ്ഞു: “അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല! പാനപാത്രം കണ്ടത് ആരുടെ കൈയിലാണോ അവൻ എന്റെ അടിമയായാൽ മതി.+ ബാക്കിയുള്ളവർക്കു സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു മടങ്ങിപ്പോകാം.”
18 അപ്പോൾ യഹൂദ യോസേഫിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “യജമാനനോടു ഞാൻ യാചിക്കുകയാണ്. അങ്ങയുടെ മുമ്പാകെ ഒരു കാര്യം ഉണർത്തിക്കാൻ അടിയനെ അനുവദിക്കേണമേ. അടിയനോടു കോപിക്കരുതേ; അങ്ങ് ഞങ്ങൾക്കു ഫറവോനെപ്പോലെയാണല്ലോ.+ 19 ഞങ്ങളുടെ യജമാനനായ അങ്ങ് അടിയങ്ങളോട്, ‘നിങ്ങൾക്ക് അപ്പനോ മറ്റൊരു സഹോദരനോ ഉണ്ടോ’ എന്നു ചോദിച്ചു. 20 അപ്പോൾ ഞങ്ങൾ യജമാനനോടു പറഞ്ഞു: ‘ഞങ്ങൾക്കു വയസ്സായൊരു അപ്പനും അപ്പനു വാർധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്. അവനാണ് ഏറ്റവും ഇളയവൻ.+ അവന്റെ ചേട്ടൻ മരിച്ചുപോയി.+ അവന്റെ അമ്മയുടെ മക്കളിൽ അവൻ മാത്രമേ ബാക്കിയുള്ളൂ.+ അപ്പന് അവനെ വളരെ ഇഷ്ടമാണ്.’ 21 അപ്പോൾ അങ്ങ് അടിയങ്ങളോട്, ‘അവനെ എന്റെ അടുത്ത് കൊണ്ടുവരൂ, എനിക്ക് അവനെ കാണണം’+ എന്നു പറഞ്ഞു. 22 എന്നാൽ ഞങ്ങൾ യജമാനനോട്, ‘അവന് അപ്പനെ വിട്ടുപിരിയാൻ കഴിയില്ല, അവൻ വിട്ടുപിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’+ എന്ന് ഉണർത്തിച്ചു. 23 അപ്പോൾ അങ്ങ്, ‘നിങ്ങളുടെ ഇളയ സഹോദരൻ കൂടെയില്ലാതെ നിങ്ങൾ ഇനി എന്നെ മുഖം കാണിക്കരുത്’+ എന്നു പറഞ്ഞു.
24 “അങ്ങനെ ഞങ്ങൾ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പന്റെ അടുത്ത് ചെന്ന് യജമാനന്റെ വാക്കുകൾ അറിയിച്ചു. 25 പിന്നീട് ഞങ്ങളുടെ അപ്പൻ ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്ന് കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുക’+ എന്നു പറഞ്ഞു. 26 എന്നാൽ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾക്കു പോകാനാകില്ല. ഇളയ സഹോദരൻ ഞങ്ങളോടൊപ്പം വരുകയാണെങ്കിൽ ഞങ്ങൾ പോകാം. അവൻ കൂടെയില്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തെ മുഖം കാണിക്കാനാകില്ല.’+ 27 അപ്പോൾ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പൻ ഞങ്ങളോടു പറഞ്ഞു: ‘എന്റെ ഭാര്യ എനിക്കു രണ്ട് ആൺമക്കളെ പ്രസവിച്ചെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. 28 എന്നാൽ അവരിൽ ഒരാൾ എന്നെ വിട്ട് പോയി. അപ്പോൾ ഞാൻ, “അവനെ ഒരു വന്യമൃഗം പിച്ചിച്ചീന്തിയിട്ടുണ്ടാകും”+ എന്നു പറഞ്ഞു. പിന്നെ ഞാൻ അവനെ കണ്ടിട്ടുമില്ല. 29 ഇവനെയും എന്റെ കൺമുന്നിൽനിന്ന് കൊണ്ടുപോയിട്ട് ഇവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചാൽ നിങ്ങൾ എന്റെ നരച്ച തല വേദനയോടെ ശവക്കുഴിയിൽ*+ ഇറങ്ങാൻ ഇടയാക്കും.’+
30 “ഞങ്ങളുടെ ഈ അനിയനെ അപ്പൻ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുന്നു. ഇപ്പോൾ ഇവനില്ലാതെ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പന്റെ അടുത്തേക്കു ഞാൻ മടങ്ങിച്ചെന്നാൽ, 31 ഇവൻ കൂടെയില്ലെന്നു കാണുന്ന നിമിഷംതന്നെ അപ്പൻ മരിച്ചുപോകും. അങ്ങനെ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പന്റെ നരച്ച തല അതിദുഃഖത്തോടെ ശവക്കുഴിയിൽ* ഇറങ്ങാൻ അടിയങ്ങൾ കാരണമാകും. 32 ‘അവനെ അപ്പന്റെ അടുത്ത് തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അപ്പനോടു കുറ്റക്കാരനായിരിക്കും’ എന്ന് അടിയൻ അപ്പന് ഉറപ്പു കൊടുത്തിട്ടുണ്ട്.+ 33 അതുകൊണ്ട് ഞങ്ങളുടെ ഈ അനിയനു പകരം എന്നെ യജമാനന്റെ അടിമയാക്കിയിട്ട് ഇവനെ ഇവന്റെ ചേട്ടന്മാരോടൊപ്പം പോകാൻ അനുവദിച്ചാലും. 34 അവൻ കൂടെയില്ലാതെ ഞാൻ എങ്ങനെ എന്റെ അപ്പന്റെ അടുത്ത് തിരിച്ചുചെല്ലും! അപ്പന് ഈ ആപത്തു വരുന്നതു കണ്ടുനിൽക്കാൻ എനിക്കു കഴിയില്ല!”
45 അതു കേട്ടപ്പോൾ യോസേഫിനു പരിചാരകരുടെ മുന്നിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി.+ യോസേഫ് ഇങ്ങനെ വിളിച്ചുപറഞ്ഞു: “എല്ലാവരും എന്റെ മുന്നിൽനിന്ന് പോകൂ!” താൻ യോസേഫാണെന്നു സഹോദരന്മാർക്കു വെളിപ്പെടുത്തിയ+ സമയത്ത് മറ്റാരും അടുത്തുണ്ടായിരുന്നില്ല.
2 യോസേഫ് പൊട്ടിക്കരഞ്ഞു. ഈജിപ്തുകാരും ഫറവോന്റെ വീട്ടിലുള്ളവരും അതു കേട്ടു. 3 ഒടുവിൽ യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാൻ യോസേഫാണ്. എന്റെ അപ്പൻ ഇപ്പോഴും ജീവനോടെയുണ്ടോ?” മറുപടിയൊന്നും പറയാൻ സഹോദരന്മാർക്കു കഴിഞ്ഞില്ല; അവർ ആകെ അമ്പരന്നുപോയിരുന്നു. 4 അപ്പോൾ യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “എന്റെ അടുത്തേക്കു വരൂ!” അവർ യോസേഫിന്റെ അടുത്തേക്കു ചെന്നു.
യോസേഫ് പറഞ്ഞു: “നിങ്ങൾ ഈജിപ്തിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ.+ 5 എന്നെ ഇവിടേക്കു വിറ്റത് ഓർത്ത് നിങ്ങൾ വിഷമിക്കുകയോ പരസ്പരം പഴിചാരുകയോ വേണ്ടാ. കാരണം നിങ്ങളുടെ ജീവരക്ഷയ്ക്കുവേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാണ്.+ 6 ദേശത്ത് ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ.+ ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ബാക്കിയുണ്ട്. 7 അതിനാൽ ഭൂമിയിൽ* നിങ്ങൾക്കുവേണ്ടി ഒരു ശേഷിപ്പിനെ നിലനിറുത്താനും+ വലിയൊരു വിടുതലിലൂടെ നിങ്ങളുടെ ജീവൻ സംരക്ഷിക്കാനും വേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാണ്. 8 അതുകൊണ്ട്, നിങ്ങളല്ല സത്യദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ദൈവം എന്നെ ഫറവോന്റെ മുഖ്യോപദേഷ്ടാവും* ഫറവോന്റെ ഭവനത്തിനെല്ലാം യജമാനനും ഈജിപ്ത് ദേശത്തിനു മുഴുവൻ ഭരണാധികാരിയും ആയി നിയമിച്ചിരിക്കുന്നു.+
9 “നിങ്ങൾ എത്രയും വേഗം അപ്പന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറയണം: ‘അപ്പാ, അപ്പന്റെ മകൻ യോസേഫ് ഇങ്ങനെ പറയുന്നു: “ദൈവം എന്നെ ഈജിപ്ത് ദേശത്തിനു മുഴുവൻ യജമാനനായി നിയമിച്ചിരിക്കുന്നു.+ അപ്പൻ എന്റെ അടുത്തേക്കു വരണം;+ ഒട്ടും വൈകരുത്. 10 അപ്പനും അപ്പന്റെ മക്കളും കൊച്ചുമക്കളും ആടുമാടുകളോടൊപ്പം അപ്പനുള്ളതെല്ലാമായി വന്ന് എന്റെ അടുത്ത് ഗോശെൻ ദേശത്ത് താമസിക്കണം.+ 11 ക്ഷാമം അഞ്ചു വർഷംകൂടെ നീണ്ടുനിൽക്കും. അക്കാലത്ത് അപ്പനും അപ്പന്റെ വീട്ടിലുള്ളവരും അപ്പനുള്ള സകലവും ദാരിദ്ര്യത്തിലാകാതിരിക്കാൻ ഞാൻ അവിടെ അപ്പന് ആഹാരം എത്തിച്ചുതരാം.”’+ 12 ഞാൻതന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്റെ അനിയനായ ബന്യാമീനും സ്വന്തകണ്ണാലെ കാണുന്നല്ലോ.+ 13 അതുകൊണ്ട് ഈജിപ്തിൽ എനിക്കുള്ള പ്രതാപത്തെക്കുറിച്ചും നിങ്ങൾ കണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും എന്റെ അപ്പനെ അറിയിക്കണം. നിങ്ങൾ വേഗം ചെന്ന് എന്റെ അപ്പനെ കൂട്ടിക്കൊണ്ടുവരണം.”
14 പിന്നെ യോസേഫ് തന്റെ അനിയനായ ബന്യാമീനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ബന്യാമീനും യോസേഫിന്റെ തോളിൽ ചാഞ്ഞ് കരഞ്ഞു.+ 15 യോസേഫ് തന്റെ ചേട്ടന്മാരെയെല്ലാം ചുംബിച്ച് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നെ അവർ യോസേഫിനോടു സംസാരിച്ചു.
16 “യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു!” എന്ന വാർത്ത ഫറവോന്റെ അരമനയിലെത്തി. അതു കേട്ടപ്പോൾ ഫറവോനും ദാസന്മാർക്കും സന്തോഷമായി. 17 ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് ഇതു പറയണം: ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ മൃഗങ്ങളുടെ മേൽ ചുമടു കയറ്റി കനാൻ ദേശത്ത് ചെന്ന് 18 നിങ്ങളുടെ അപ്പനെയും നിങ്ങളുടെ വീട്ടിലുള്ളവരെയും കൂട്ടി എന്റെ അടുത്ത് വരുക. ഈജിപ്ത് ദേശത്തെ വിശിഷ്ടവസ്തുക്കൾ ഞാൻ നിങ്ങൾക്കു തരും. ദേശത്തിന്റെ ഫലഭൂയിഷ്ഠമായ ഭാഗത്തുനിന്ന് നിങ്ങൾ ഭക്ഷിക്കും.’*+ 19 അവരോട് ഇങ്ങനെ പറയാനും ഞാൻ കല്പിക്കുന്നു:+ ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഈജിപ്ത് ദേശത്തുനിന്ന് വണ്ടികൾ+ കൊണ്ടുപോകണം. അതിലൊന്നിൽ നിങ്ങൾ നിങ്ങളുടെ അപ്പനെയും കയറ്റിക്കൊണ്ടുവരണം.+ 20 നിങ്ങളുടെ വസ്തുവകകളെക്കുറിച്ച്+ ഓർത്ത് വിഷമിക്കേണ്ടാ. ഈജിപ്ത് ദേശത്തെ ഏറ്റവും നല്ലതു നിങ്ങൾക്കുള്ളതാണ്.’”
21 പറഞ്ഞതുപോലെതന്നെ ഇസ്രായേലിന്റെ ആൺമക്കൾ ചെയ്തു. ഫറവോന്റെ ആജ്ഞയനുസരിച്ച് യോസേഫ് അവർക്കു വണ്ടികൾ നൽകി; യാത്രയ്ക്കുവേണ്ട ആഹാരവും കൊടുത്തു. 22 അവർക്ക് ഓരോരുത്തർക്കും യോസേഫ് ഓരോ വസ്ത്രം കൊടുത്തു. ബന്യാമീന് 300 വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.+ 23 യോസേഫ് തന്റെ അപ്പനു പത്തു കഴുതകളുടെ പുറത്ത് ഈജിപ്തിലെ വിശേഷവസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്ത് യാത്രയ്ക്കുവേണ്ട ധാന്യവും അപ്പവും മറ്റ് ആഹാരസാധനങ്ങളും കൊടുത്തുവിട്ടു. 24 അങ്ങനെ യോസേഫ് സഹോദരന്മാരെ പറഞ്ഞയച്ചു; അവർ യാത്രയായി. എന്നാൽ പുറപ്പെടുമ്പോൾ യോസേഫ് അവരോട്, “വഴിയിൽവെച്ച് ശണ്ഠയിടരുത്”+ എന്നു പറഞ്ഞു.
25 അങ്ങനെ അവർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ട് കനാൻ ദേശത്ത് അപ്പനായ യാക്കോബിന്റെ അടുത്ത് എത്തി. 26 അവർ അപ്പനോടു പറഞ്ഞു: “യോസേഫ് ഇപ്പോഴും ജീവനോടെയുണ്ട്! ഈജിപ്ത് ദേശം മുഴുവൻ ഭരിക്കുന്നതു യോസേഫാണ്!”+ പക്ഷേ, യാക്കോബിന്റെ ഹൃദയം മരവിച്ചുപോയി; യാക്കോബ് അവരെ വിശ്വസിച്ചില്ല.+ 27 എന്നാൽ യോസേഫ് പറഞ്ഞ കാര്യങ്ങളെല്ലാം അവർ വിശദീകരിക്കുകയും തന്നെ കൊണ്ടുപോകാൻ യോസേഫ് അയച്ച വണ്ടികൾ കാണുകയും ചെയ്തപ്പോൾ യാക്കോബ് ചൈതന്യം വീണ്ടെടുത്തു. 28 ഇസ്രായേൽ വളരെ സന്തോഷത്തോടെ പറഞ്ഞു: “ഇത്രയും മതി! എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു! മരിക്കുന്നതിനു മുമ്പ് എനിക്ക് അവിടെ ചെന്ന് അവനെ കാണണം!”+
46 അങ്ങനെ, തനിക്കുള്ളതെല്ലാംകൊണ്ട്* ഇസ്രായേൽ പുറപ്പെട്ടു. ബേർ-ശേബയിൽ+ എത്തിയപ്പോൾ ഇസ്രായേൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ ദൈവത്തിനു+ ബലികൾ അർപ്പിച്ചു. 2 പിന്നീട്, രാത്രി ഒരു ദിവ്യദർശനത്തിൽ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. “യാക്കോബേ, യാക്കോബേ!” എന്നു വിളിച്ചപ്പോൾ, “ഞാൻ ഇതാ” എന്ന് ഇസ്രായേൽ വിളി കേട്ടു. 3 ദൈവം പറഞ്ഞു: “ഞാൻ സത്യദൈവമാണ്, നിന്റെ അപ്പന്റെ ദൈവം!+ ഈജിപ്തിലേക്കു പോകാൻ നീ പേടിക്കേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.+ 4 ഞാൻ, ഞാൻതന്നെ നിന്നോടൊപ്പം ഈജിപ്തിലേക്കു വരും. ഞാൻ അവിടെനിന്ന് നിന്നെ മടക്കിവരുത്തുകയും ചെയ്യും.+ നീ മരിക്കുമ്പോൾ യോസേഫ് നിന്റെ കണ്ണടയ്ക്കും.”+
5 അതിനു ശേഷം യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ടു. ഇസ്രായേലിന്റെ ആൺമക്കൾ അപ്പനായ യാക്കോബിനെയും തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും ഫറവോൻ അയച്ച വണ്ടികളിൽ കൊണ്ടുപോയി. 6 കനാൻ ദേശത്തുവെച്ച് സമ്പാദിച്ച ആടുമാടുകൾ, വസ്തുവകകൾ എന്നിവയെല്ലാം അവർ കൂടെ കൊണ്ടുപോയി. ഒടുവിൽ അവർ, അതായത് യാക്കോബും കൂടെയുണ്ടായിരുന്ന എല്ലാ മക്കളും പേരക്കുട്ടികളും, ഈജിപ്തിൽ എത്തി. 7 യാക്കോബ് സന്തതികളെയെല്ലാം, ആൺമക്കളെയും പെൺമക്കളെയും പേരക്കുട്ടികളെയും, തന്നോടൊപ്പം ഈജിപ്തിലേക്കു കൊണ്ടുവന്നു.
8 ഈജിപ്തിലേക്കു വന്ന ഇസ്രായേൽമക്കളുടെ, അതായത് യാക്കോബിന്റെ ആൺമക്കളുടെ,+ പേരുകൾ: യാക്കോബിന്റെ മൂത്ത മകൻ രൂബേൻ.+
9 രൂബേന്റെ ആൺമക്കൾ: ഹാനോക്ക്, പല്ലു, ഹെസ്രോൻ, കർമ്മി.+
10 ശിമെയോന്റെ+ ആൺമക്കൾ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.+
11 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാത്ത്, മെരാരി.+
12 യഹൂദയുടെ+ ആൺമക്കൾ: ഏർ, ഓനാൻ, ശേല,+ പേരെസ്,+ സേരഹ്.+ ഏരും ഓനാനും കനാൻ ദേശത്തുവെച്ച് മരിച്ചുപോയിരുന്നു.+
പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+
13 യിസ്സാഖാരിന്റെ ആൺമക്കൾ: തോല, പുവ്വ, യോബ്, ശിമ്രോൻ.+
14 സെബുലൂന്റെ+ ആൺമക്കൾ: സേരെദ്, ഏലോൻ, യഹ്ലെയേൽ.+
15 ഇവരാണു പദ്ദൻ-അരാമിൽവെച്ച് ലേയ യാക്കോബിനു പ്രസവിച്ച ആൺമക്കൾ. ദീന+ എന്നൊരു മകളെയും അവൾ പ്രസവിച്ചു. അങ്ങനെ ആകെ 33 മക്കൾ.
16 ഗാദിന്റെ+ ആൺമക്കൾ: സിഫ്യോൻ, ഹഗ്ഗി, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി.+
17 ആശേരിന്റെ+ ആൺമക്കൾ: ഇമ്ന, യിശ്വ, യിശ്വി, ബരീയ. അവരുടെ പെങ്ങളായിരുന്നു സേര.
ബരീയയുടെ ആൺമക്കൾ: ഹേബെർ, മൽക്കിയേൽ.+
18 ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ ലേയയ്ക്കു ദാസിയായി കൊടുത്ത സില്പയുടെ+ മക്കൾ. സില്പ ഇവരെ യാക്കോബിനു പ്രസവിച്ചു: ആകെ 16 പേർ.
19 യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ആൺമക്കൾ: യോസേഫ്,+ ബന്യാമീൻ.+
20 ഈജിപ്ത് ദേശത്തുവെച്ച് ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്നത്ത്+ യോസേഫിനു പ്രസവിച്ച ആൺമക്കൾ: മനശ്ശെ,+ എഫ്രയീം.+
21 ബന്യാമീന്റെ ആൺമക്കൾ:+ ബേല, ബേഖെർ, അസ്ബേൽ, ഗേര,+ നയമാൻ, ഏഹി, രോശ്, മുപ്പീം, ഹുപ്പീം,+ അർദ്.+
22 ഇവരെല്ലാമാണു യാക്കോബിനു റാഹേലിലുണ്ടായ മക്കൾ: ആകെ 14 പേർ.
24 നഫ്താലിയുടെ+ ആൺമക്കൾ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.+
25 ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ റാഹേലിനു ദാസിയായി കൊടുത്ത ബിൽഹയുടെ മക്കൾ. ഇവരെയെല്ലാം ബിൽഹ യാക്കോബിനു പ്രസവിച്ചു: ആകെ ഏഴു പേർ.
26 യാക്കോബിനോടൊപ്പം ഈജിപ്തിലേക്കു പോയ മക്കൾ ആകെ 66 പേരായിരുന്നു.+ ഇതിൽ യാക്കോബിന്റെ ആൺമക്കളുടെ ഭാര്യമാരെ കൂട്ടിയിട്ടില്ല. 27 ഈജിപ്തിൽവെച്ച് യോസേഫിനു ജനിച്ചതു രണ്ട് ആൺമക്കൾ. അങ്ങനെ, ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബത്തിൽ ആകെ 70 പേർ.+
28 താൻ ഗോശെനിലേക്കു വരുകയാണെന്നു യോസേഫിനെ അറിയിക്കാൻ യാക്കോബ് യഹൂദയെ ആദ്യം അയച്ചു.+ അവർ ഗോശെൻ ദേശത്ത്+ എത്തിയപ്പോൾ 29 യോസേഫ് രഥം ഒരുക്കി, അപ്പനെ കാണാൻ ഗോശെനിലേക്കു ചെന്നു. അപ്പനെ കണ്ട ഉടനെ യോസേഫ് അപ്പനെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു. 30 അപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “ഇനി ഞാൻ മരിച്ചാലും കുഴപ്പമില്ല! നിന്റെ മുഖം കാണാനും നീ ജീവനോടെയുണ്ടെന്ന് അറിയാനും കഴിഞ്ഞല്ലോ!”
31 യോസേഫ് സഹോദരന്മാരോടും അപ്പന്റെ വീട്ടിലുള്ളവരോടും പറഞ്ഞു: “ഞാൻ ചെന്ന് ഇക്കാര്യം ഫറവോനെ അറിയിക്കട്ടെ.+ ഞാൻ പറയും, ‘കനാൻ ദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ വീട്ടിലുള്ളവരും എന്റെ അടുത്ത് വന്നിരിക്കുന്നു.+ 32 അവർ ഇടയന്മാരാണ്,+ മൃഗങ്ങളെ വളർത്തുന്നവർ.+ ആടുകൾ, കന്നുകാലികൾ എന്നിങ്ങനെ അവർക്കുള്ളതെല്ലാമായാണ് അവർ വന്നിരിക്കുന്നത്.’+ 33 ഫറവോൻ നിങ്ങളെ വിളിച്ച്, ‘എന്താണു നിങ്ങളുടെ തൊഴിൽ’ എന്നു ചോദിക്കുമ്പോൾ 34 ‘ഞങ്ങളുടെ പൂർവികർ മൃഗങ്ങളെ വളർത്തുന്നവരായിരുന്നു;+ ചെറുപ്പംമുതൽ ഇന്നുവരെയും ഞങ്ങളും അതുതന്നെയാണു ചെയ്തുവരുന്നത്’ എന്നു പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ ദേശത്ത് താമസിക്കാനാകും.+ കാരണം ആടുകളെ മേയ്ക്കുന്നവരെയെല്ലാം ഈജിപ്തുകാർക്ക് അറപ്പാണ്.”+
47 അങ്ങനെ യോസേഫ് ഫറവോന്റെ അടുത്ത് ചെന്ന് ഇങ്ങനെ അറിയിച്ചു:+ “എന്റെ അപ്പനും എന്റെ സഹോദരന്മാരും കനാൻ ദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ആടുകൾ, കന്നുകാലികൾ എന്നിവ തുടങ്ങി തങ്ങൾക്കുള്ളതെല്ലാമായാണ് അവർ വന്നിരിക്കുന്നത്. അവർ ഇപ്പോൾ ഗോശെൻ ദേശത്തുണ്ട്.”+ 2 പിന്നെ അഞ്ചു സഹോദരന്മാരെ യോസേഫ് ഫറവോന്റെ സന്നിധിയിൽ+ കൊണ്ടുപോയി നിറുത്തി.
3 ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്, “എന്താണു നിങ്ങളുടെ തൊഴിൽ” എന്നു ചോദിച്ചു. അവർ ഫറവോനോടു പറഞ്ഞു: “അടിയങ്ങളും അടിയങ്ങളുടെ പൂർവികരും ആടുകളെ മേയ്ക്കുന്നവരാണ്.”+ 4 അവർ ഇങ്ങനെയും പറഞ്ഞു: “ഞങ്ങൾ ഈ ദേശത്ത് പരദേശികളായി+ താമസിക്കാൻ വന്നതാണ്. കനാൻ ദേശത്ത് ക്ഷാമം വളരെ രൂക്ഷമാണ്.+ അടിയങ്ങളുടെ ആടുകൾക്കു മേയാൻ അവിടെ പുൽമേടുകളില്ല. അതുകൊണ്ട് ഗോശെൻ ദേശത്ത് താമസിക്കാൻ+ ഞങ്ങളെ അനുവദിച്ചാലും.” 5 അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ അപ്പനും നിന്റെ സഹോദരന്മാരും നിന്റെ അടുത്ത് വന്നിരിക്കുകയാണല്ലോ. 6 ഈജിപ്ത് ദേശം ഇതാ, നിന്റെ കൈയിലിരിക്കുന്നു. ദേശത്തെ ഏറ്റവും നല്ല ഭാഗത്തുതന്നെ നിന്റെ അപ്പനെയും സഹോദരന്മാരെയും താമസിപ്പിക്കുക.+ അവർ ഗോശെൻ ദേശത്ത് താമസിക്കട്ടെ. അവരിൽ സമർഥരായ ആരെങ്കിലുമുണ്ടെങ്കിൽ എന്റെ മൃഗങ്ങളുടെ ചുമതല അവരെ ഏൽപ്പിക്കണം.”
7 പിന്നെ യോസേഫ് അപ്പനായ യാക്കോബിനെ അകത്ത് കൊണ്ടുവന്ന് ഫറവോന്റെ മുമ്പാകെ നിറുത്തി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. 8 ഫറവോൻ യാക്കോബിനോട്, “എത്ര വയസ്സായി” എന്നു ചോദിച്ചു. 9 യാക്കോബ് പറഞ്ഞു: “പരദേശിയായുള്ള എന്റെ പ്രയാണം* തുടങ്ങിയിട്ട് 130 വർഷമായി. എന്റെ ജീവിതകാലം ഹ്രസ്വവും കഷ്ടത നിറഞ്ഞതും ആയിരുന്നു.+ അത് എന്റെ പൂർവികരുടെ പ്രയാണകാലത്തോളം എത്തിയിട്ടില്ല.”+ 10 പിന്നെ യാക്കോബ് ഫറവോനെ അനുഗ്രഹിച്ചിട്ട് ഫറവോന്റെ സന്നിധിയിൽനിന്ന് പോയി.
11 അങ്ങനെ, യോസേഫ് അപ്പനെയും തന്റെ സഹോദരന്മാരെയും ഈജിപ്ത് ദേശത്ത് താമസിപ്പിച്ചു. ഫറവോൻ കല്പിച്ചതുപോലെ രമെസേസ്+ ദേശത്തിന്റെ ഏറ്റവും നല്ല ഭാഗത്ത് അവർക്ക് അവകാശം കൊടുത്തു. 12 മാത്രമല്ല, യോസേഫ് അപ്പനും സഹോദരന്മാർക്കും അപ്പന്റെ വീട്ടിലുള്ള എല്ലാവർക്കും അവരുടെ കുട്ടികളുടെ എണ്ണമനുസരിച്ച് ഭക്ഷണവും കൊടുത്തുപോന്നു.
13 ക്ഷാമം വളരെ രൂക്ഷമായിരുന്നതിനാൽ ദേശത്ത് ഒരിടത്തും ആഹാരമില്ലാതെയായി. ഈജിപ്ത് ദേശവും കനാൻ ദേശവും ക്ഷാമത്താൽ വലഞ്ഞു.+ 14 ഈജിപ്തിലെയും കനാനിലെയും ആളുകളിൽനിന്ന് പണം വാങ്ങി യോസേഫ് അവർക്കെല്ലാം ധാന്യം കൊടുത്തു.+ ആ പണമെല്ലാം യോസേഫ് ഫറവോന്റെ അരമനയിലേക്കു കൊണ്ടുവരുമായിരുന്നു. 15 അങ്ങനെ ഈജിപ്ത് ദേശത്തെയും കനാൻ ദേശത്തെയും പണമെല്ലാം തീർന്നു. അപ്പോൾ ഈജിപ്തുകാരെല്ലാം യോസേഫിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾക്കു ഭക്ഷണം തരൂ! ഞങ്ങളുടെ പണം മുഴുവൻ തീർന്നു! ഞങ്ങൾ അങ്ങയുടെ കൺമുന്നിൽ മരിച്ചുവീഴുന്നത് എന്തിന്?” 16 അപ്പോൾ യോസേഫ് പറഞ്ഞു: “നിങ്ങളുടെ പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ മൃഗങ്ങളെ എനിക്കു തരുക. അവയ്ക്കു പകരം ഞാൻ നിങ്ങൾക്ക് ആഹാരം തരാം.” 17 അങ്ങനെ അവർ അവരുടെ മൃഗങ്ങളെ യോസേഫിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ കുതിരകൾ, ആടുകൾ, കന്നുകാലികൾ, കഴുതകൾ എന്നിവയ്ക്കു പകരം യോസേഫ് അവർക്ക് ആഹാരം കൊടുത്തു. അങ്ങനെ അവരുടെ മൃഗങ്ങൾക്കു പകരം ഭക്ഷണം നൽകിക്കൊണ്ട് ആ വർഷം മുഴുവൻ യോസേഫ് അവരെ സംരക്ഷിച്ചു.
18 അങ്ങനെ ആ വർഷം അവസാനിച്ചു. അടുത്ത വർഷം അവർ വീണ്ടും യോസേഫിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾ യജമാനനോട് ഒന്നും ഒളിക്കുന്നില്ല. ഞങ്ങളുടെ പണവും ഞങ്ങളുടെ വളർത്തുമൃഗങ്ങളും ഞങ്ങൾ തന്നുകഴിഞ്ഞു. ഞങ്ങളുടെ ശരീരവും നിലവും അല്ലാതെ വേറെയൊന്നും ഞങ്ങളുടെ കൈയിലില്ല. 19 ഞങ്ങൾ മരിക്കുകയും ഞങ്ങളുടെ നിലം നശിക്കുകയും ചെയ്യുന്നത് എന്തിനാണ്? ഞങ്ങളെയും ഞങ്ങളുടെ നിലങ്ങളെയും വിലയ്ക്കു വാങ്ങിയിട്ട് ഞങ്ങൾക്ക് ആഹാരം തരുക. ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം; ഞങ്ങളുടെ നിലങ്ങളും ഫറവോൻ എടുത്തുകൊള്ളട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കാനും ഞങ്ങളുടെ നിലം ശൂന്യമായിക്കിടക്കാതിരിക്കാനും ഞങ്ങൾക്കു വിത്തു തരുക.” 20 അപ്പോൾ യോസേഫ് ഈജിപ്തുകാരുടെ നിലമെല്ലാം ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങി. ക്ഷാമം വളരെ രൂക്ഷമായിരുന്നതിനാൽ ഈജിപ്തുകാർക്കെല്ലാം നിലം വിൽക്കേണ്ടിവന്നു. അങ്ങനെ നിലങ്ങളെല്ലാം ഫറവോന്റേതായി.
21 പിന്നെ യോസേഫ് ഈജിപ്ത് ദേശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള ജനങ്ങളെ നഗരങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.+ 22 എന്നാൽ പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വാങ്ങിയില്ല.+ കാരണം പുരോഹിതന്മാർക്കു ഫറവോൻ ആഹാരവിഹിതം നൽകുമായിരുന്നു. ഫറവോൻ നൽകിയ ആ ആഹാരവിഹിതംകൊണ്ട് ജീവിച്ചിരുന്നതിനാൽ അവർക്ക് അവരുടെ നിലം വിൽക്കേണ്ടിവന്നില്ല. 23 യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്, ഇതു കൊണ്ടുപോയി വിതച്ചുകൊള്ളുക! 24 എന്നാൽ വിളവെടുക്കുമ്പോൾ അഞ്ചിലൊന്നു നിങ്ങൾ ഫറവോനു കൊടുക്കണം.+ ബാക്കിയുള്ള നാലു ഭാഗം നിങ്ങൾക്ക് എടുക്കാം. വിതയ്ക്കാനുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ആഹാരമായും അത് ഉപയോഗിക്കാവുന്നതാണ്.” 25 അപ്പോൾ അവർ പറഞ്ഞു: “അങ്ങ് ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു.+ ഞങ്ങൾക്കു യജമാനന്റെ പ്രീതിയുണ്ടായാൽ മതി. ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം.”+ 26 അങ്ങനെ, അഞ്ചിലൊന്നു ഫറവോനുള്ളതായിരിക്കും എന്നൊരു കല്പന യോസേഫ് പുറപ്പെടുവിച്ചു. ആ നിയമം ഇന്നും ഈജിപ്ത് ദേശത്ത് പ്രാബല്യത്തിലുണ്ട്. പുരോഹിതന്മാരുടെ നിലം മാത്രമേ ഫറവോന്റേതാകാതിരുന്നുള്ളൂ.+
27 ഇസ്രായേൽ ഈജിപ്ത് ദേശത്തെ ഗോശെനിൽത്തന്നെ താമസിച്ചു.+ അവർ അവിടെ താമസമുറപ്പിച്ച് സന്താനസമൃദ്ധിയുള്ളവരായി പെരുകി.+ 28 യാക്കോബ് 17 വർഷം ഈജിപ്ത് ദേശത്ത് താമസിച്ചു. യാക്കോബിന്റെ ജീവിതകാലം ആകെ 147 വർഷമായിരുന്നു.+
29 മരണസമയം അടുത്തപ്പോൾ+ ഇസ്രായേൽ മകനായ യോസേഫിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വെച്ചിട്ട്, അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും കാണിക്കുമെന്ന് എന്നോടു സത്യം ചെയ്യുക. ദയവുചെയ്ത് എന്നെ ഈജിപ്തിൽ അടക്കം ചെയ്യരുത്.+ 30 ഞാൻ മരിക്കുമ്പോൾ* നീ എന്നെ ഈജിപ്തിൽനിന്ന് കൊണ്ടുപോയി എന്റെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്യണം.”+ അപ്പോൾ യോസേഫ് പറഞ്ഞു: “അപ്പൻ പറഞ്ഞതുപോലെ ഞാൻ ചെയ്യാം.” 31 “എന്നോടു സത്യം ചെയ്യുക” എന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ യോസേഫ് സത്യം ചെയ്തു.+ പിന്നെ ഇസ്രായേൽ തന്റെ കട്ടിലിന്റെ തലയ്ക്കൽ കുമ്പിട്ട് നമസ്കരിച്ചു.+
48 “അപ്പന്റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചിരിക്കുന്നു” എന്നു പിന്നീട് യോസേഫിനു വിവരം കിട്ടി. ഉടനെ യോസേഫ് രണ്ട് ആൺമക്കളെയും—അതായത് മനശ്ശെയെയും എഫ്രയീമിനെയും—കൂട്ടി യാക്കോബിന്റെ അടുത്തേക്കു പോയി.+ 2 “ഇതാ, യോസേഫ് കാണാൻ വന്നിരിക്കുന്നു” എന്നു യാക്കോബിനു വിവരം ലഭിച്ചു. അപ്പോൾ ഇസ്രായേൽ ശക്തി സംഭരിച്ച് കിടക്കയിൽ എഴുന്നേറ്റിരുന്നു. 3 യാക്കോബ് യോസേഫിനോടു പറഞ്ഞു:
“സർവശക്തനായ ദൈവം കനാൻ ദേശത്തെ ലുസിൽവെച്ച് എനിക്കു പ്രത്യക്ഷനായി, എന്നെ അനുഗ്രഹിച്ചു.+ 4 ദൈവം എന്നോടു പറഞ്ഞു: ‘ഇതാ, ഞാൻ നിന്നെ സന്താനസമൃദ്ധിയുള്ളവനായി വർധിപ്പിക്കുന്നു! നിന്നെ ഞാൻ ജനതകളുടെ ഒരു സഭയാക്കി മാറ്റുകയും+ നിനക്കു ശേഷം നിന്റെ സന്തതിക്ക്* ഈ ദേശം ദീർഘകാലത്തേക്ക് ഒരു അവകാശമായി കൊടുക്കുകയും ചെയ്യും.’+ 5 ഞാൻ ഈജിപ്തിൽ നിന്റെ അടുത്ത് വരുന്നതിനു മുമ്പ് ഇവിടെ ഈജിപ്ത് ദേശത്ത് നിനക്ക് ഉണ്ടായ രണ്ട് ആൺമക്കൾ ഇനിമുതൽ എന്റെ മക്കളായിരിക്കും.+ രൂബേനും ശിമെയോനും+ എന്നപോലെ എഫ്രയീമും മനശ്ശെയും എന്റേതായിരിക്കും. 6 എന്നാൽ അവർക്കു ശേഷം നിനക്കു പിറക്കുന്ന മക്കൾ നിന്റേതുതന്നെയായിരിക്കും. തങ്ങൾക്കു ലഭിക്കുന്ന അവകാശത്തിൽ അവർ അവരുടെ സഹോദരന്മാരുടെ പേരിൽ അറിയപ്പെടും.+ 7 ഞാൻ പണ്ട് പദ്ദനിൽനിന്ന് വരുമ്പോൾ റാഹേൽ കനാൻ ദേശത്ത് എന്റെ അരികിൽവെച്ച് മരിച്ചു.+ എഫ്രാത്തയിൽ+ എത്താൻ പിന്നെയും കുറെ ദൂരം പോകണമായിരുന്നു. അതുകൊണ്ട് ഞാൻ അവളെ എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിലേക്കുള്ള,+ വഴിക്കരികെ അടക്കം ചെയ്തു.”
8 യോസേഫിന്റെ മക്കളെ കണ്ടപ്പോൾ ഇസ്രായേൽ ചോദിച്ചു: “ഇവർ ആരാണ്?” 9 യോസേഫ് അപ്പനോട്, “ഈ സ്ഥലത്ത് ദൈവം എനിക്കു നൽകിയ ആൺമക്കളാണ് ഇവർ”+ എന്നു പറഞ്ഞു. അപ്പോൾ യാക്കോബ്, “അവരെ എന്റെ അടുത്ത് കൊണ്ടുവരൂ, ഞാൻ അവരെ അനുഗ്രഹിക്കട്ടെ”+ എന്നു പറഞ്ഞു. 10 പ്രായംചെന്നതിനാൽ ഇസ്രായേലിന്റെ കാഴ്ച തീരെ മങ്ങിയിരുന്നു, ഒന്നും കാണാനാകുമായിരുന്നില്ല. അങ്ങനെ യോസേഫ് അവരെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടുവന്നു. യാക്കോബ് അവരെ ചുംബിച്ച് മാറോടണച്ചു. 11 അപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “നിന്റെ മുഖം കാണാൻ കഴിയുമെന്നു ഞാൻ കരുതിയതല്ല.+ പക്ഷേ ഇപ്പോൾ ഇതാ, നിന്റെ സന്തതികളെക്കൂടി കാണാൻ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു.” 12 പിന്നെ യോസേഫ് അവരെ ഇസ്രായേലിന്റെ അരികെനിന്ന്* മാറ്റിയിട്ട് മുഖം നിലത്ത് മുട്ടുന്ന വിധം കുമ്പിട്ട് നമസ്കരിച്ചു.
13 യോസേഫ് അവരെ രണ്ടു പേരെയും, എഫ്രയീമിനെ+ വലതുകൈകൊണ്ട് ഇസ്രായേലിന്റെ ഇടതുവശത്തേക്കും മനശ്ശെയെ+ ഇടതുകൈകൊണ്ട് ഇസ്രായേലിന്റെ വലതുവശത്തേക്കും, ചേർത്തുനിറുത്തി. 14 എഫ്രയീം ഇളയവനായിരുന്നിട്ടും ഇസ്രായേൽ വലതുകൈ എഫ്രയീമിന്റെ തലയിലാണു വെച്ചത്. ഇസ്രായേൽ ഇടതുകൈ മനശ്ശെയുടെ തലയിൽ വെച്ചു. മനശ്ശെ മൂത്ത മകനായിരുന്നെങ്കിലും+ മനഃപൂർവം ഇസ്രായേൽ കൈകൾ ഇങ്ങനെ വെക്കുകയായിരുന്നു. 15 പിന്നെ യോസേഫിനെ അനുഗ്രഹിച്ചുകൊണ്ട് ഇസ്രായേൽ പറഞ്ഞു:+
“എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരുടെ മുമ്പാകെ നടന്നോ ആ സത്യദൈവം,+
ഞാൻ ജനിച്ച അന്നുമുതൽ ഇന്നോളം ഒരു ഇടയനെപ്പോലെ എന്നെ വഴിനയിച്ച സത്യദൈവം,+
16 എല്ലാ ആപത്തുകളിൽനിന്നും എന്നെ രക്ഷിച്ച ദൈവദൂതൻ,+ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ.+
ഇവർ എന്റെ നാമത്തിലും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും നാമത്തിലും അറിയപ്പെടട്ടെ,
ഇവർ ഭൂമിയിൽ അസംഖ്യമായി വർധിക്കട്ടെ.”+
17 അപ്പൻ വലതുകൈ എഫ്രയീമിന്റെ തലയിൽ വെച്ചതു യോസേഫിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് യോസേഫ് അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്ന് എടുത്ത് മനശ്ശെയുടെ തലയിലേക്കു മാറ്റാൻ ശ്രമിച്ചു. 18 യോസേഫ് അപ്പനോടു പറഞ്ഞു: “അപ്പാ, അങ്ങനെയല്ല. ഇവനാണു മൂത്ത മകൻ.+ വലതുകൈ ഇവന്റെ തലയിൽ വെച്ചാലും.” 19 എന്നാൽ അതിനു സമ്മതിക്കാതെ അപ്പൻ യോസേഫിനോടു പറഞ്ഞു: “എനിക്ക് അറിയാം മകനേ, എനിക്ക് അറിയാം. അവനും ഒരു ജനസമൂഹമാകും; അവനും മഹാനായിത്തീരും. പക്ഷേ അവന്റെ അനിയൻ അവനെക്കാൾ മഹാനാകും.+ അവന്റെ സന്തതി കുറെ ജനതകളുടെ എണ്ണത്തിനു തുല്യമാകും.”+ 20 അന്ന് ഇസ്രായേൽ അവരെ അനുഗ്രഹിച്ചുകൊണ്ട്+ ഇങ്ങനെ പറഞ്ഞു:
“അനുഗ്രഹിക്കുമ്പോൾ ഇസ്രായേല്യർ നിന്റെ പേര് ഉച്ചരിക്കട്ടെ,
‘ദൈവം നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെയാക്കട്ടെ’ എന്നു പറയട്ടെ.”
ഇങ്ങനെ, അവരെ അനുഗ്രഹിച്ചപ്പോൾ ഇസ്രായേൽ എപ്പോഴും എഫ്രയീമിനെ മനശ്ശെക്കു മുമ്പനാക്കി.
21 പിന്നെ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “ഞാൻ ഇതാ മരിക്കുന്നു.+ പക്ഷേ ദൈവം ഇനിയുള്ള കാലത്തും നിങ്ങളോടൊപ്പമിരിക്കും; നിങ്ങളുടെ പൂർവികരുടെ ദേശത്തേക്കു നിങ്ങളെ തിരികെ കൊണ്ടുപോകുകയും ചെയ്യും.+ 22 എന്റെ വാളും വില്ലും കൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ദേശം വിഭാഗിക്കുമ്പോൾ നിന്റെ സഹോദരന്മാർക്കു കൊടുക്കുന്നതിനെക്കാൾ ഒരു ഓഹരി* ഞാൻ നിനക്ക് അധികം തരുന്നു.”
49 യാക്കോബ് ആൺമക്കളെ വിളിച്ച് അവരോടു പറഞ്ഞു: “ഒരുമിച്ച് കൂടിവരുവിൻ; അവസാനനാളുകളിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ നിങ്ങളെ അറിയിക്കാം. 2 യാക്കോബിന്റെ മക്കളേ, കൂടിവന്ന് ഞാൻ പറയുന്നതു ശ്രദ്ധിക്കൂ! നിങ്ങളുടെ അപ്പനായ ഇസ്രായേലിന്റെ വാക്കുകൾക്കു ചെവി തരൂ.
3 “രൂബേനേ,+ നീ എന്റെ മൂത്ത മകൻ;+ എന്റെ വീര്യവും പൗരുഷത്തിന്റെ ആദ്യഫലവും നീതന്നെ. എന്റെ മഹത്ത്വത്തിന്റെ ശ്രേഷ്ഠതയും ശക്തിയുടെ ശ്രേഷ്ഠതയും നീയല്ലോ. 4 എന്നാൽ കുത്തിയൊഴുകി വരുന്ന വെള്ളംപോലെ വീണ്ടുവിചാരമില്ലാത്തവനേ, നീ ശ്രേഷ്ഠനാകില്ല. കാരണം നീ നിന്റെ അപ്പന്റെ കിടക്കയിൽ കയറി.+ അങ്ങനെ നീ എന്റെ കിടക്കയെ അശുദ്ധമാക്കി.* അതെ, അവൻ അതിൽ കയറിയല്ലോ!
5 “ശിമെയോനും ലേവിയും സഹോദരന്മാർ.+ അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ!+ 6 എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരുതേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരുകയുമരുതേ. അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു.+ ആനന്ദത്തിമിർപ്പിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി. 7 അവരുടെ കോപവും ഉഗ്രക്രോധവും ശപിക്കപ്പെട്ടതായിരിക്കട്ടെ. അവരുടെ കോപം ക്രൂരവും അവരുടെ ക്രോധം നിഷ്ഠുരവും അല്ലോ.+ ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.+
8 “എന്നാൽ യഹൂദേ,+ നിന്റെ സഹോദരന്മാർ നിന്നെ സ്തുതിക്കും.+ നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിലിരിക്കും.+ നിന്റെ അപ്പന്റെ മക്കൾ നിന്റെ മുന്നിൽ കുമ്പിടും.+ 9 യഹൂദ ഒരു സിംഹക്കുട്ടി!+ മകനേ, നിശ്ചയമായും നീ ഇരയെ ഭക്ഷിച്ച് തിരിച്ചുപോകും. അവൻ സിംഹമെന്നപോലെ പതുങ്ങിക്കിടക്കുകയും മൂരി നിവർത്തുകയും ചെയ്യുന്നു. അവൻ ഒരു സിംഹം—അവനെ എഴുന്നേൽപ്പിക്കാൻ ആരു ധൈര്യപ്പെടും! 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.+ 11 അവൻ അവന്റെ കഴുതയെ മുന്തിരിച്ചെടിയിലും അവന്റെ കഴുതയുടെ കുട്ടിയെ വിശിഷ്ടമായ മുന്തിരിവള്ളിയിലും കെട്ടും. അവൻ അവന്റെ അങ്കി വീഞ്ഞിലും വസ്ത്രം മുന്തിരിച്ചാറിലും അലക്കും. 12 അവന്റെ കണ്ണ് വീഞ്ഞുകൊണ്ട് കടുഞ്ചുവപ്പായിരിക്കുന്നു; അവന്റെ പല്ല് പാൽകൊണ്ട് വെളുത്തിരിക്കുന്നു.
13 “സെബുലൂൻ+ കടൽത്തീരത്ത് താമസിക്കും. കപ്പലുകൾ നങ്കൂരമിട്ട് കിടക്കുന്ന കടപ്പുറത്ത് അവൻ താമസമാക്കും.+ അവന്റെ അതിർത്തി സീദോനു നേരെയായിരിക്കും.+
14 “യിസ്സാഖാർ+ അസ്ഥിബലമുള്ള കഴുത. അവൻ രണ്ടു ചുമടിനു മധ്യേ കിടക്കുന്നു. 15 തന്റെ വിശ്രമസ്ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവൻ കാണും. ചുമടു വഹിക്കാനായി അവൻ തോൾ താഴ്ത്തും. അവൻ അടിമയെപ്പോലെ പണിയെടുക്കേണ്ടിവരും.
16 “ഇസ്രായേൽഗോത്രങ്ങളിലൊന്നായ ദാൻ+ തന്റെ ജനത്തെ വിധിക്കും.+ 17 ദാൻ വഴിയരികിലുള്ള ഒരു സർപ്പംപോലെയും പാതയോരത്ത് കിടക്കുന്ന കൊമ്പുള്ള അണലിപോലെയും ആകട്ടെ. അതു കുതിരകളുടെ കുതികാലിൽ കടിക്കുമ്പോൾ അതിന്മേൽ സവാരി ചെയ്യുന്നവൻ പുറകോട്ടു മലർന്ന് വീഴട്ടെ.+ 18 എന്നാൽ യഹോവേ, അങ്ങയിൽനിന്ന് വരുന്ന രക്ഷയ്ക്കായി ഞാൻ കാത്തിരിക്കും.
19 “ഗാദിനെ+ ഒരു കവർച്ചപ്പട ആക്രമിക്കും. അവനോ അവരുടെ പിൻപടയെ ആക്രമിക്കും.+
20 “ആശേരിനു+ സമൃദ്ധമായി ആഹാരം കിട്ടും. അവൻ രാജകീയഭോജനം പ്രദാനം ചെയ്യും.+
21 “നഫ്താലി+ അതിവേഗം ഓടുന്ന ഒരു മാൻപേട. അവൻ മധുരമായ വാക്കുകൾ പൊഴിക്കുന്നു.
22 “യോസേഫേ,+ നീ നീരുറവയ്ക്കരികെ തഴച്ചുവളരുന്ന ഫലവൃക്ഷത്തിന്റെ ഒരു ശാഖ. അതിന്റെ ശിഖരങ്ങൾ മതിലിനു പുറത്തേക്കു നീളുന്നു. 23 എന്നാൽ, വില്ലാളികൾ പകയോടെ അവനെ ആക്രമിച്ചുകൊണ്ടിരുന്നു. അവർ അവനു നേരെ അമ്പ് എയ്തു; അവനോടു വിദ്വേഷം വെച്ചുകൊണ്ടിരുന്നു.+ 24 എങ്കിലും അവന്റെ വില്ല് അചഞ്ചലമായി നിന്നു.+ അവന്റെ കരങ്ങൾ ശക്തിയും വേഗതയും ഉള്ളതായിരുന്നു.+ ഇതു യാക്കോബിൻവീരനായവന്റെ കരങ്ങളിൽനിന്ന്, ഇസ്രായേലിൻപാറയായ ഇടയനിൽനിന്ന്, ആണല്ലോ വന്നിരിക്കുന്നത്. 25 അവൻ* നിന്റെ അപ്പന്റെ ദൈവത്തിൽനിന്നുള്ളവൻ. അവൻ നിന്നെ സഹായിക്കും. അവൻ സർവശക്തനോടുകൂടെയല്ലോ. മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും കീഴെ ആഴത്തിന്റെ അനുഗ്രഹങ്ങളാലും സ്തനങ്ങളുടെയും ഗർഭാശയത്തിന്റെയും അനുഗ്രഹങ്ങളാലും അവൻ നിന്നെ ആശീർവദിക്കും.+ 26 നിന്റെ അപ്പന്റെ അനുഗ്രഹങ്ങൾ ശാശ്വതപർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും സുസ്ഥിരമായ കുന്നുകളുടെ അഭികാമ്യവസ്തുക്കളെക്കാളും ഏറെ ശ്രേഷ്ഠമായിരിക്കും.+ അവയെല്ലാം യോസേഫിന്റെ ശിരസ്സിൽ, തന്റെ സഹോദരന്മാരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവന്റെ നെറുകയിൽ, വസിക്കും.+
27 “ബന്യാമീൻ+ ഒരു ചെന്നായെപ്പോലെ കടിച്ചുകീറിക്കൊണ്ടിരിക്കും.+ രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകുന്നേരം അവൻ കൊള്ളമുതൽ പങ്കിടും.”+
28 ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ ഉത്ഭവിച്ചത് ഇവരിൽനിന്നാണ്. അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ അപ്പൻ പറഞ്ഞ വാക്കുകളാണ് ഇവ. അങ്ങനെ ഇസ്രായേൽ ഓരോരുത്തർക്കും ഉചിതമായ അനുഗ്രഹങ്ങൾ നൽകി.+
29 പിന്നെ ഇസ്രായേൽ അവർക്ക് ഈ നിർദേശം നൽകി: “ഞാൻ ഇതാ, എന്റെ ജനത്തോടു ചേരുന്നു.*+ ഹിത്യനായ എഫ്രോന്റെ സ്ഥലത്തുള്ള ഗുഹയിൽ എന്റെ പിതാക്കന്മാരോടൊപ്പം എന്നെ അടക്കം ചെയ്യണം,+ 30 അതായത് കനാൻ ദേശത്ത് മമ്രേക്കരികെയുള്ള മക്പേല നിലത്തെ ഗുഹയിൽ! ഹിത്യനായ എഫ്രോന്റെ കൈയിൽനിന്ന് ഒരു ശ്മശാനസ്ഥലമായി അബ്രാഹാം വിലയ്ക്കു വാങ്ങിയതാണ് ആ നിലം. 31 അവിടെയാണ് അവർ അബ്രാഹാമിനെയും ഭാര്യ സാറയെയും അടക്കിയത്.+ യിസ്ഹാക്കിനെയും ഭാര്യ റിബെക്കയെയും അടക്കിയതും അവിടെത്തന്നെ.+ ഞാൻ ലേയയെയും അവിടെ അടക്കം ചെയ്തു. 32 ആ നിലവും അതിലെ ഗുഹയും ഹേത്തിന്റെ പുത്രന്മാരുടെ കൈയിൽനിന്നാണു വാങ്ങിയത്.”+
33 ആൺമക്കൾക്ക് ഈ നിർദേശങ്ങളെല്ലാം കൊടുത്തശേഷം യാക്കോബ് കാലുകൾ കിടക്കയിലേക്കു കയറ്റിവെച്ച് അന്ത്യശ്വാസം വലിച്ചു; യാക്കോബ് തന്റെ ജനത്തോടു ചേർന്നു.+
50 അപ്പോൾ യോസേഫ് അപ്പന്റെ മേൽ വീണ് പൊട്ടിക്കരഞ്ഞ് അപ്പനെ ചുംബിച്ചു.+ 2 അതിനു ശേഷം യോസേഫ് തന്റെ ഭൃത്യന്മാരായ വൈദ്യന്മാരോട് അപ്പന്റെ മൃതദേഹം സുഗന്ധവർഗം+ ഇട്ട് സൂക്ഷിക്കാൻ കല്പിച്ചു. ആ വൈദ്യന്മാർ ഇസ്രായേലിന്റെ മൃതദേഹത്തിൽ സുഗന്ധവർഗം ഇട്ടു. 3 അവർ 40 ദിവസം എടുത്താണ് അതു ചെയ്തത്; സുഗന്ധവർഗം ഇടാൻ സാധാരണ അത്രയും ദിവസം ആവശ്യമായിരുന്നു. ഈജിപ്തുകാർ യാക്കോബിനുവേണ്ടി 70 ദിവസം വിലപിച്ചു.
4 യാക്കോബിനുവേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ കൊട്ടാരത്തിലുള്ളവരോടു* പറഞ്ഞു: “നിങ്ങൾക്ക് എന്നോടു ദയ തോന്നുന്നെങ്കിൽ ഫറവോനോട് ഇങ്ങനെ പറയണം. 5 ‘എന്റെ അപ്പൻ എന്നെക്കൊണ്ട് ഇങ്ങനെ സത്യം ചെയ്യിച്ചിരുന്നു:+ “ഇതാ, ഞാൻ മരിക്കാറായിരിക്കുന്നു;+ കനാൻ ദേശത്ത് ഞാൻ വെട്ടിയുണ്ടാക്കിയ എന്റെ ശ്മശാനസ്ഥലത്ത്+ നീ എന്നെ അടക്കണം.”+ അതുകൊണ്ട്, അവിടെ പോയി എന്റെ അപ്പനെ അടക്കം ചെയ്യാൻ എന്നെ അനുവദിച്ചാലും. അതിനു ശേഷം ഞാൻ മടങ്ങിയെത്തിക്കൊള്ളാം.’” 6 അപ്പോൾ ഫറവോൻ, “നീ സത്യം ചെയ്തതുപോലെതന്നെ പോയി നിന്റെ അപ്പനെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.+
7 അങ്ങനെ യോസേഫ് അപ്പനെ അടക്കാൻ പോയി. ഫറവോന്റെ ദാസന്മാരെല്ലാം—രാജസദസ്സിലെ മൂപ്പന്മാരും* ഈജിപ്ത് ദേശത്തിലെ എല്ലാ മൂപ്പന്മാരും+—യോസേഫിനെ അനുഗമിച്ചു. 8 കൂടാതെ, യോസേഫിന്റെ വീട്ടിലുള്ള എല്ലാവരും യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ അപ്പന്റെ വീട്ടിലുള്ളവരും കൂടെ പോയി.+ കുഞ്ഞുങ്ങളെയും ആടുമാടുകളെയും മാത്രമേ അവർ ഗോശെൻ ദേശത്തുനിന്ന് കൊണ്ടുപോകാതിരുന്നുള്ളൂ. 9 രഥങ്ങളും+ കുതിരക്കാരും യോസേഫിനെ അനുഗമിച്ചു. അങ്ങനെ, വലിയൊരു കൂട്ടം യോസേഫിനോടൊപ്പമുണ്ടായിരുന്നു. 10 യോർദാൻ പ്രദേശത്തുള്ള ആതാദിലെ മെതിക്കളത്തിൽ എത്തിയപ്പോൾ ദുഃഖാർത്തരായ അവർ അവിടെ വലിയൊരു വിലാപം നടത്തി. യോസേഫ് അപ്പനെ ഓർത്ത് ഏഴു ദിവസം വിലപിച്ചു. 11 ആതാദിലെ മെതിക്കളത്തിൽവെച്ചുള്ള അവരുടെ ആ വിലാപം കണ്ടപ്പോൾ തദ്ദേശവാസികളായ കനാന്യർ അത്ഭുതത്തോടെ, “ഇത് ഈജിപ്തുകാർക്കുവേണ്ടിയുള്ള വലിയ വിലാപമാണ്!” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാൻ പ്രദേശത്തുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രയീം* എന്നു പേര് വന്നു.
12 അങ്ങനെ, ഇസ്രായേൽ നിർദേശിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ ആൺമക്കൾ ചെയ്തു.+ 13 അവർ ഇസ്രായേലിനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, ഹിത്യനായ എഫ്രോനിൽനിന്ന് ശ്മശാനത്തിനായി അബ്രാഹാം മമ്രേക്കരികെ വാങ്ങിയ മക്പേല നിലത്തെ ഗുഹയിൽ അടക്കം ചെയ്തു.+ 14 അപ്പനെ അടക്കിയശേഷം യോസേഫ് സഹോദരന്മാരോടും ശവസംസ്കാരത്തിനു വന്ന മറ്റെല്ലാവരോടും ഒപ്പം ഈജിപ്തിലേക്കു മടങ്ങി.
15 അപ്പന്റെ മരണശേഷം യോസേഫിന്റെ സഹോദരന്മാർ പറഞ്ഞു: “യോസേഫ് ഇപ്പോഴും നമ്മളോടു വിദ്വേഷം വെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. നമ്മൾ അവനോടു ചെയ്ത ദ്രോഹങ്ങൾക്കെല്ലാം+ അവൻ പകരം വീട്ടും.” 16 അതുകൊണ്ട് അവർ യോസേഫിനെ ഇങ്ങനെ അറിയിച്ചു: “മരിക്കുന്നതിനു മുമ്പ് അപ്പൻ ഇങ്ങനെ കല്പിച്ചിരുന്നു: 17 ‘നിങ്ങൾ യോസേഫിനോട് ഇങ്ങനെ പറയണം: “നിന്റെ സഹോദരന്മാർ നിന്നോടു പാപവും ലംഘനവും ചെയ്ത് നിന്നെ ഒരുപാടു ദ്രോഹിച്ചു. പക്ഷേ നീ ദയവുചെയ്ത് അതെല്ലാം പൊറുക്കണം; ഞാൻ നിന്നോടു യാചിക്കുകയാണ്.”’ അതിനാൽ അപ്പൻ ആരാധിച്ചിരുന്ന ദൈവത്തിന്റെ ദാസന്മാരായ ഞങ്ങളുടെ ലംഘനം ദയവുചെയ്ത് ക്ഷമിക്കണം.” ഇതു കേട്ട യോസേഫ് കരഞ്ഞുപോയി. 18 പിന്നെ യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ മുമ്പാകെ വന്ന് നിലത്ത് വീണ് നമസ്കരിച്ചു.+ അവർ പറഞ്ഞു: “ഞങ്ങളെ അടിമകളായി കണക്കാക്കിയാൽ മതി.” 19 യോസേഫ് അവരോടു പറഞ്ഞു: “എന്തിനാണു നിങ്ങൾ ഭയപ്പെടുന്നത്, ഞാൻ എന്താ ദൈവത്തിന്റെ സ്ഥാനത്താണോ? 20 നിങ്ങൾ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമായിത്തീരാനും അനേകരുടെ ജീവരക്ഷയ്ക്കു കാരണമാകാനും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.+ 21 അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ടാ. ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും തുടർന്നും ആഹാരം തരും.”+ അങ്ങനെ യോസേഫ് അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുംവിധം അവരോടു സംസാരിക്കുകയും ചെയ്തു.
22 യോസേഫും പിതൃഭവനവും ഈജിപ്തിൽത്തന്നെ താമസിച്ചു. യോസേഫ് 110 വർഷം ജീവിച്ചിരുന്നു. 23 യോസേഫ് എഫ്രയീമിന്റെ ആൺമക്കളുടെ+ മൂന്നാം തലമുറയെയും മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളെയും+ കണ്ടു. അവർ യോസേഫിന്റെ മടിയിൽ വളർന്നു.* 24 കുറെ നാളുകൾക്കു ശേഷം യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാൻ മരിക്കാറായി. എന്നാൽ ദൈവം നിങ്ങളിലേക്കു ശ്രദ്ധ തിരിച്ച്+ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും.”+ 25 തുടർന്ന് ഇങ്ങനെ പറഞ്ഞ് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ട് സത്യം ചെയ്യിച്ചു: “ദൈവം ഉറപ്പായും നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും. അപ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഇവിടെനിന്ന് കൊണ്ടുപോകണം.”+ 26 അങ്ങനെ 110-ാം വയസ്സിൽ യോസേഫ് മരിച്ചു. അവർ യോസേഫിന്റെ ശവശരീരം സുഗന്ധവർഗം+ ഇട്ട് ഈജിപ്തിൽ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ചു.
അഥവാ “ദൈവത്തിന്റെ ആത്മാവ്.”
അതായത്, അന്തരീക്ഷം.
കടൽ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം ശുദ്ധജല-ലവണജല തടാകങ്ങളെയും കുറിക്കുന്നു.
അഥവാ “വെളിച്ചങ്ങൾ.”
അതായത്, മാറിമാറിവരുന്ന കാലങ്ങൾ.
അഥവാ “ദേഹികൾ.”
അഥവാ “ചരിക്കുന്ന ജീവികളും.” സാധ്യതയനുസരിച്ച്, ഉരഗങ്ങളും ഈ വാക്യത്തിലെ മറ്റു ഗണങ്ങളിൽപ്പെടാത്ത എല്ലാ ജീവിവർഗങ്ങളും ഉൾപ്പെടുന്നു.
എബ്രായയിൽ ഈ വാക്ക്, നിലത്തോടു ചേർന്ന് സഞ്ചരിക്കുന്ന ചെറിയ ജീവികളെയും ഉരഗങ്ങളെയും ഇഴജന്തുക്കളെയും പ്രാണികളെയും കുറിക്കുന്നു.
അക്ഷ. “അവയുടെ എല്ലാ സൈന്യവും.”
ദൈവത്തെ വേർതിരിച്ചുകാണിക്കുന്ന വ്യക്തിപരമായ പേരായ יהוה (യ്ഹ്വ്ഹ്) ആദ്യമായി കാണുന്നിടം. അനു. എ4 കാണുക.
അഥവാ “ദേഹിയായിത്തീർന്നു.” നെഫെഷ് എന്ന എബ്രായപദത്തിന്റെ അക്ഷരാർഥം “ശ്വസിക്കുന്ന ജീവി” എന്നാണ്. പദാവലിയിൽ “ദേഹി” കാണുക.
അഥവാ “നന്മതിന്മകളെക്കുറിച്ചുള്ള.”
അഥവാ “ടൈഗ്രിസ്.”
അഥവാ “ഭാര്യയുടെകൂടെയായിരിക്കും.”
അഥവാ “കുശാഗ്രബുദ്ധിയുള്ളതായിരുന്നു; കൗശലമുള്ളതായിരുന്നു.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തിനും.”
അർഥം: “ഭൂവാസി; മനുഷ്യവർഗം.”
അർഥം: “ജീവനുള്ളവൾ.”
അക്ഷ. “വീര്യം.”
അഥവാ “സ്ഥാപിച്ചു.”
അർഥം: “അഭയാർഥിയായിരിക്കുന്ന അവസ്ഥ.”
അർഥം: “നിയമിച്ചു; ആക്കിവെച്ചു.”
അക്ഷ. “വിത്തിനെ.”
അഥവാ “യഹോവയുടെ നാമം അനാദരവോടെ ഉപയോഗിക്കാൻതുടങ്ങി.”
അഥവാ “ആദാം; മനുഷ്യവർഗം.”
പദാവലി കാണുക.
സാധ്യതയനുസരിച്ച് അർഥം: “വിശ്രമം; ആശ്വാസം.”
ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
അഥവാ “അവൻ പ്രവർത്തിക്കുന്നതു ജഡപ്രകാരമാണ്.” പദാവലി കാണുക.
“വീഴിക്കുന്നവർ” എന്നായിരിക്കാം അർഥം. അതായത്, മറ്റുള്ളവർ വീഴാൻ ഇടയാക്കുന്നവർ. പദാവലി കാണുക.
അഥവാ “ദുഃഖിച്ചു.”
അഥവാ “ജഡത്തിന്റെയെല്ലാം.”
അക്ഷ. “പെട്ടി;” ഒരു വലിയ കപ്പൽ.
അഥവാ “കീൽ.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
എബ്രായയിൽ സോഹർ. സോഹർ എന്നതു വെളിച്ചത്തിനുള്ള ജനലല്ല, പകരം ഒരു മുഴം ചെരിവുള്ള ഒരു മേൽക്കൂരയാണെന്നും അഭിപ്രായമുണ്ട്.
മറ്റൊരു സാധ്യത “ഏഴു ജോടി വീതവും.”
മറ്റൊരു സാധ്യത “ഏഴു ജോടി വീതവും.”
അഥവാ “ജീവാത്മാവുള്ള.”
പദാവലി കാണുക.
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അക്ഷ. “മാംസവും.”
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അഥവാ “ഭൂമിയുടെ മേൽ വിപത്തു വരുത്തില്ല.”
അഥവാ “അധികാരത്തിൽ തന്നിരിക്കുന്നു.”
അഥവാ “ജീവനുള്ളതെല്ലാം.”
മറ്റൊരു സാധ്യത “ഇവ ചേർന്ന് മഹാനഗരമായിത്തീർന്നു.”
മറ്റൊരു സാധ്യത “യാഫെത്തിന്റെ മൂത്ത സഹോദരനും.”
അർഥം: “വിഭജനം.”
അഥവാ “ഭൂമിയിലെ ജനം.”
അർഥം: “കലക്കം.”
പദാവലി കാണുക.
അഥവാ “സമ്പാദിക്കും.”
അക്ഷ. “വിത്തിന്.”
അഥവാ “പരദേശിയായി താമസിക്കാൻവേണ്ടി.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിനെയും.”
അതായത്, ചാവുകടൽ.
പദാവലി കാണുക.
അഥവാ “മരങ്ങൾക്കിടയിൽ കൂടാരങ്ങളിലാണു താമസിച്ചിരുന്നത്.”
അക്ഷ. “സഹോദരനെ.”
അക്ഷ. “വിത്തിനെ.”
അക്ഷ. “പുത്രനാണ്.”
അക്ഷ. “നിന്റെ ഉള്ളിൽനിന്ന് പുറപ്പെടുന്നവൻതന്നെ.”
അക്ഷ. “വിത്തും.”
അക്ഷ. “വിത്ത്.”
അക്ഷ. “വിത്തിന്.”
അക്ഷ. “മാർവിടത്തിൽ തന്നത്.”
അർഥം: “ദൈവം കേൾക്കുന്നു.”
അഥവാ “ഒണജർ,” ഒരിനം കാട്ടുകഴുത. എന്നാൽ വരയൻ കുതിരയാണെന്നു ചിലർ കരുതുന്നു. സാധ്യതയനുസരിച്ച്, പരാശ്രയമില്ലാതെ ജീവിക്കുന്ന പ്രകൃതത്തെ കുറിക്കുന്നു.
അഥവാ “എന്നെ കാണുന്ന ദൈവം.” അല്ലെങ്കിൽ “തന്നെത്തന്നെ പ്രത്യക്ഷനാക്കുന്ന ദൈവം (വെളിപ്പെടുന്നവൻ).”
അർഥം: “എന്നെ കാണുന്ന ജീവനുള്ളവന്റെ കിണർ.”
അഥവാ “കുറ്റമറ്റവനാണെന്ന്.”
അർഥം: “പിതാവ് ഉന്നതനാണ്.”
അർഥം: “പുരുഷാരത്തിന്റെ പിതാവ്; അനേകർക്കു പിതാവ്.”
അക്ഷ. “വിത്തിന്റെയും.”
അക്ഷ. “വിത്തിനോടും.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തും.”
പദാവലി കാണുക.
അക്ഷ. “വിത്തും.”
അക്ഷ. “വിത്ത്.”
അഥവാ “കൊന്നുകളയണം.”
“കലഹിക്കുന്ന” എന്നായിരിക്കാം അർഥം.
അർഥം: “രാജകുമാരി.”
അർഥം: “ചിരി.”
അക്ഷ. “വിത്തിനോടുള്ള.”
അക്ഷ. “ഹൃദയത്തെ ബലപ്പെടുത്താനായി.”
അക്ഷ. “സെയാ അളവ്.” മൊത്തം, ഏകദേശം 10 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “സ്ത്രീകൾക്കുള്ള പതിവ് സാറയ്ക്കു നിന്നുപോയിരുന്നു.”
അഥവാ “നേടിയെടുക്കും.”
സാധ്യതയനുസരിച്ച്, അവരിൽ രണ്ടു പുരുഷന്മാർ.
അഥവാ “പൊതുചത്വരത്തിൽ.”
പദാവലി കാണുക.
അക്ഷ. “കൂരയുടെ നിഴലിൽ.”
അഥവാ “ഉച്ചത്തിലായിരിക്കുന്നതിനാൽ.”
അഥവാ “അചഞ്ചലമായ സ്നേഹവും.”
അർഥം: “ചെറുത്.”
അതായത്, സൾഫർ.
അഥവാ “പരദേശിയായി താമസിക്കുമ്പോൾ.”
അതായത്, അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലായിരുന്നു.
അഥവാ “നീതിമാന്മാരായ.”
അക്ഷ. “ഇതു നിന്റെകൂടെയുള്ളവരുടെയും മറ്റെല്ലാവരുടെയും കണ്ണുകളെ മറയ്ക്കാൻ നിനക്കുവേണ്ടിയുള്ളതായിരിക്കും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “എന്നെ നോക്കി ചിരിക്കും.”
അക്ഷ. “വിത്ത്.”
അക്ഷ. “വിത്താണല്ലോ.”
അഥവാ “വിജനഭൂമിയിൽ.” പദാവലിയിൽ “വിജനഭൂമി” കാണുക.
“ആണയുടെ കിണർ; ഏഴിന്റെ കിണർ” എന്നൊക്കെയായിരിക്കാം അർഥം.
അക്ഷ. “അനേകദിവസം.”
അഥവാ “പരദേശിയായി താമസിച്ചു.”
അഥവാ “അറവുകത്തിയും.”
അഥവാ “അറവുകത്തി.”
അർഥം: “യഹോവ നൽകും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്ത്.”
അഥവാ “നഗരങ്ങൾ.”
അക്ഷ. “വിത്തിലൂടെ.”
പദാവലി കാണുക.
മറ്റൊരു സാധ്യത “മഹാനായ ഒരു പ്രഭുവാണ്.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “വിത്തിന്.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
സാധ്യതയനുസരിച്ച്, ലാബാൻ.
അഥവാ “നിന്നോടു ഗുണമോ ദോഷമോ പറയാൻ.”
അതായത്, അവൾക്കു മുല കൊടുത്തിരുന്ന സ്ത്രീ; ഇപ്പോൾ അവളുടെ പരിചാരിക.
അക്ഷ. “വിത്ത്.”
അഥവാ “നഗരങ്ങൾ.”
പദാവലി കാണുക.
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “മതിലുകളുള്ള പാളയങ്ങളും.”
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
മറ്റൊരു സാധ്യത “സഹോദരന്മാരുമായി ശത്രുതയിൽ കഴിഞ്ഞു.”
അർഥം: “രോമാവൃതൻ.”
അർഥം: “കുതികാലിൽ കടന്നുപിടിക്കുന്നവൻ; സ്ഥാനം തട്ടിയെടുക്കുന്നവൻ.”
അഥവാ “കുറ്റമറ്റവനായിരുന്നു.”
അക്ഷ. “ചുവപ്പ്, ഇക്കാണുന്ന ചുവപ്പ്.”
അഥവാ “ഒരു ഇറക്ക്.”
അർഥം: “ചുവപ്പ്.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിലൂടെ.”
പദാവലി കാണുക.
അഥവാ “റിബെക്കയുമായി പ്രണയലീലകളിൽ ഏർപ്പെടുന്നത്.”
അഥവാ “നീർച്ചാലിൽ.”
അഥവാ “നീർച്ചാലിൽ.”
അർഥം: “ശണ്ഠ.”
അർഥം: “ആരോപണം.”
അർഥം: “വിശാലസ്ഥലം.”
അക്ഷ. “വിത്തിനെ.”
അർഥം: “കുതികാലിൽ കടന്നുപിടിക്കുന്നവൻ; സ്ഥാനം തട്ടിയെടുക്കുന്നവൻ.”
അഥവാ “നിന്നെ കൊല്ലാമെന്ന് ഓർത്ത് ആശ്വസിച്ചിരിക്കുകയാണ്.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്തിനും.”
അക്ഷ. “വിത്ത്.”
അക്ഷ. “വിത്തും.”
അഥവാ “നേടിയെടുക്കും.”
അർഥം: “ദൈവത്തിന്റെ ഭവനം.”
അക്ഷ. “സഹോദരനാണെന്നും.”
അഥവാ “രക്തബന്ധത്തിലുള്ളവൻ.”
അക്ഷ. “സഹോദരനാണെന്ന്.”
അക്ഷ. “ലേയ വെറുക്കപ്പെടുന്നെന്ന്.”
അക്ഷ. “അവളുടെ ഗർഭപാത്രം തുറന്നു.”
അർഥം: “ഇതാ, ഒരു മകൻ!”
അർഥം: “കേൾക്കുന്ന.”
അർഥം: “പറ്റിച്ചേരുക; ഒന്നിക്കുക.”
അർഥം: “സ്തുതിക്കപ്പെട്ട; സ്തുത്യം.”
അഥവാ “നിന്നിൽനിന്ന് ഗർഭഫലം തടഞ്ഞുവെച്ച.”
അക്ഷ. “അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ.”
അർഥം: “ന്യായാധിപൻ.”
അർഥം: “എന്റെ മല്പിടിത്തം.”
അർഥം: “സൗഭാഗ്യം.”
അർഥം: “സന്തോഷം; സന്തുഷ്ടി.”
അഥവാ “ഒരു കൂലിക്കാരന്റെ കൂലി.”
അർഥം: “അവൻ പ്രതിഫലമാണ്.”
അർഥം: “സഹനം.”
യോസിഫ്യ എന്നതിന്റെ മറ്റൊരു രൂപം. അർഥം: “യാഹ് ചേർക്കട്ടെ (വർധിപ്പിക്കട്ടെ).”
അഥവാ “തെളിവുകളിൽനിന്ന്.”
അഥവാ “സത്യസന്ധത.”
അഥവാ “കുടുംബദൈവങ്ങൾ; വിഗ്രഹങ്ങൾ.”
അതായത്, യൂഫ്രട്ടീസ്.
അക്ഷ. “ആൺമക്കൾക്കും.”
അക്ഷ. “യിസ്ഹാക്കിന്റെ ഭയം.”
ഒരു അരമായ പദപ്രയോഗം. അർഥം: “സാക്ഷ്യത്തിന്റെ കൂമ്പാരം.”
ഒരു എബ്രായ പദപ്രയോഗം. അർഥം: “സാക്ഷ്യത്തിന്റെ കൂമ്പാരം.”
അക്ഷ. “യിസ്ഹാക്കിന്റെ ഭയത്തെച്ചൊല്ലി.”
അക്ഷ. “ആൺമക്കൾക്കും.”
അർഥം: “രണ്ടു പാളയം.”
അഥവാ “പരദേശിയായി താമസിക്കുകയായിരുന്നു.”
അക്ഷ. “വിത്തിനെ.”
അഥവാ “നീർച്ചാലിന്.”
അർഥം: “ദൈവത്തോടു പോരാടുന്നവൻ (മടുത്തുപോകാത്തവൻ)” അഥവാ “ദൈവം പോരാടുന്നു.”
അർഥം: “ദൈവത്തിന്റെ മുഖം.”
അഥവാ “പെനീയേൽ.”
അക്ഷ. “തുടയിലെ സ്നായുവിന്.”
അക്ഷ. “അനുഗ്രഹം.”
അർഥം: “കൂടാരങ്ങൾ; സങ്കേതങ്ങൾ.”
മറ്റൊരു സാധ്യത “തുടർന്ന്, അദ്ദേഹം ഹാമോരിന്റെ പുത്രന്മാരുടെ (അവരിലൊരുവനാണു ശെഖേം.) സ്ഥലത്തിന്റെ ഒരു ഭാഗം 100 കാശിനു വാങ്ങി അവിടെ കൂടാരം അടിച്ചു.”
അഥവാ “യുവതികളെ കാണുമായിരുന്നു.”
അക്ഷ. “അവൻ അവളുടെ ഹൃദയത്തോട്.”
അഥവാ “മിശ്രവിവാഹം ചെയ്യുക.”
അക്ഷ. “അഗ്രചർമമുള്ള.” പദാവലിയിൽ “പരിച്ഛേദന” കാണുക.
അഥവാ “ഭ്രഷ്ടനാക്കിയിരിക്കുന്നു.”
അഥവാ “വഴിയിലെല്ലാം.”
അഥവാ “മറച്ചുവെച്ചു.”
അർഥം: “ബഥേലിലെ ദൈവം.”
അർഥം: “വിലാപത്തിന്റെ ഓക്ക് മരം.”
അക്ഷ. “നിന്റെ അരയിൽനിന്ന് പുറപ്പെടും.”
അക്ഷ. “വിത്തിനും.”
അർഥം: “എന്റെ ദുഃഖത്തിന്റെ പുത്രൻ.”
അർഥം: “വലതുകൈയായ പുത്രൻ.”
പദാവലി കാണുക.
അക്ഷ. “പ്രായംചെന്ന് നാളുകൾ നിറഞ്ഞവനായി.”
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “പരദേശികളായി താമസിക്കുന്ന.”
പദാവലി കാണുക.
അഥവാ “ഷെയ്ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
അക്ഷ. “ഇസ്രായേലിന്റെ പുത്രന്മാരുടെ.”
അഥവാ “മനോഹരമായ നീളൻ കുപ്പായം.”
അക്ഷ. “മാംസം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
പദാവലി കാണുക.
അർഥം: “മുറിവ്.” സാധ്യതയനുസരിച്ച്, ഗർഭാശയമുഖത്ത് ഉണ്ടായ മുറിവിനെ കുറിക്കുന്നു.
അക്ഷ. “കുറച്ച് ദിവസം.”
അക്ഷ. “നിന്റെ തല ഉയർത്തി.”
അക്ഷ. “കുഴിയിൽ.”
അക്ഷ. “കുഴിയിൽനിന്ന്.”
ആദരവും മഹത്ത്വവും നൽകാൻ ആഹ്വാനം ചെയ്യുന്ന പദപ്രയോഗമായിരിക്കാനാണു സാധ്യത.
അക്ഷ. “കൈയോ കാലോ ഉയർത്തില്ല.”
അതായത്, ഹീലിയോപൊലിസിലെ.
അഥവാ “ദേശത്ത് ഉടനീളം സഞ്ചരിച്ചു.”
അഥവാ “ഫറവോനെ സേവിക്കാൻ തുടങ്ങിയപ്പോൾ.”
അക്ഷ. “കൈ നിറയെ.”
അതായത്, ഹീലിയോപൊലിസിലെ.
അർഥം: “മറവി ഉണ്ടാക്കുന്നവൻ; മറക്കാൻ ഇടയാക്കുന്നവൻ.”
അർഥം: “ഇരട്ടി സമൃദ്ധി.”
അഥവാ “അപ്പമുണ്ടായിരുന്നു.”
അഥവാ “ദുർബലാവസ്ഥ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ദേശത്ത്.”
അക്ഷ. “പിതാവും.”
അഥവാ “ഉപജീവനം കഴിക്കും.”
അഥവാ “തനിക്കുള്ള എല്ലാവരുമായി.”
അതായത്, ഹീലിയോപൊലിസിലെ.
അക്ഷ. “ആൺമക്കളാണ്.”
അഥവാ “താത്കാലികവാസം.”
അക്ഷ. “എന്റെ പിതാക്കന്മാരോടൊപ്പം കിടക്കുമ്പോൾ.”
അക്ഷ. “വിത്തിന്.”
അക്ഷ. “കാൽമുട്ടുകളുടെ അരികെനിന്ന്.”
അഥവാ “ചെരിഞ്ഞ ഒരു പ്രദേശം.” അക്ഷ. “ഒരു ചുമൽ.”
അഥവാ “കിടക്കയോട് അനാദരവ് കാണിച്ചു.”
പദാവലി കാണുക.
അർഥം: “ഇത് ആരുടേതോ അവൻ; ഇത് ആർക്ക് അവകാശപ്പെട്ടതോ അവൻ.”
അതായത്, യോസേഫ്.
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “വീട്ടിലുള്ളവരോട്.”
പദാവലി കാണുക.
അർഥം: “ഈജിപ്തുകാരുടെ വിലാപം.”
അതായത്, അവരെ പുത്രന്മാരായി കണക്കാക്കി പ്രത്യേകമമത കാണിച്ചു.