ഭീകരപ്രവർത്തനം—അതിന്റെ പിമ്പിൽ എന്താണുള്ളത്, എന്തുകൊണ്ട്?
“ലണ്ടൻ, ഏപ്രിൽ 17—മുവാമർ എൽ-ഗദ്ദാഫിയുടെ ഭരണകൂടത്തിനെതിരായ ഒരു പ്രതിഷേധ സമയത്ത് ഒരു ജനക്കൂട്ടത്തിനുനേരേ ലിബിയൻ എംബസിയിൽനിന്ന് യന്ത്രത്തോക്കിലൂടെ വെടിയുണ്ടകൾ പായുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊല്ലുകയും 10 പേരെ മുറിവേൽപ്പിക്കുകയും ചെയ്തു.” ദ ന്യൂയോർക്ക് റ്റൈംസ്.
“അകത്ത് നിന്ന് തോക്കുധാരികൾ വ്യക്തമായി കാണത്തക്കവണ്ണം തുറന്ന ജനാലയിലൂടെ ഓട്ടോമാറ്റിക്ക് തോക്കുകളിൽനിന്ന് ഉണ്ടകൾ ഉതിർത്ത് പ്രകടനക്കാരിൽ വിള്ളലുണ്ടാക്കി . . . നിരായുധയായിരുന്ന വനിതാപോലീസിന്റെ പിൻപിൽ വെടിയേറ്റു. . . . ഈ കിരാത സംഭവത്തിനുശേഷം 10 ദിവസം കഴിഞ്ഞ് ബ്രിട്ടീഷ് ഗവൺമെൻറ് ഈ കൊലയാളികൾ അവരുടെ കൊലയായുധങ്ങളുമായി സുരക്ഷിതമായി രാജ്യത്തിനു വെളിയിൽ പോകാൻ ഏർപ്പാടു ചെയ്തു.”—ഭീകരപ്രവർത്തനം—പാശ്ചാത്യ ലോകത്തിന് എങ്ങനെ വിജയിക്കാം.
എംബസി ഉദ്യോഗസ്ഥൻമാരെന്നനിലയിൽ തോക്കുധാരികൾക്ക് നയതന്ത്രപരമായ പ്രതിരക്ഷ അനുവദിക്കപ്പെട്ടു.
ആളുകളും സംഘങ്ങളും ഭീകരപ്രവർത്തനത്തെ ആശ്രയിക്കുന്നതെന്തുകൊണ്ട്? മുഖ്യ ഇരകൾ ആരാണ്? ഭീകരപ്രവർത്തനം എന്തു നേടുന്നു?
ഒരു വീക്ഷണഗതി ഭീകരപ്രവർത്തനം വർഗ്ഗീയവും സാമൂഹികവും രാഷ്ട്രീയവുമായ വിവിധ അനീതികളെ സൂചിപ്പിക്കാൻ കഴിയുന്ന ഒരു ലക്ഷണമാണെന്നാണ്. കത്തോലിക്കാ പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ ജെയിംസ് റ്റി ബർച്ചായൽ ഇങ്ങനെ പ്രസ്താവിച്ചു: “ചില ഭീകരപ്രവർത്തനം നടത്തപ്പെടുന്നത് സ്വയംഭരണം ആവശ്യപ്പെടുന്ന വംശീയമോ മതപരമോ (സാധാരണയായി സാമ്പത്തികമോ) ആയ ന്യൂനപക്ഷത്താലാണ്: സ്പെയിനിലെ ബാസ്ക്കുകൾ; അൾസ്റ്ററിലെ കത്തോലിക്കർ, ഫിലിപ്പീൻസിലെ ഹക്കുകൾ . . . ഭൂരിപക്ഷ വിയോജിപ്പിനാൽ ഭീഷണിപ്പെടുത്തപ്പെടുന്ന ഗവൺമെൻറുകളാണ് ചിലതു നടത്തുന്നത് . . . ചിലത് ഭരണത്തെ നിയന്ത്രിക്കാൻ ആശിക്കുന്ന ഒരു ദേശീയ ന്യൂനപക്ഷത്തിന്റെ ഉദ്യമമാണ്.”
എന്നാൽ ന്യൂനപക്ഷ കൂട്ടങ്ങൾ മാത്രമാണോ ഭീകരപ്രവർത്തനത്തെ ആശ്രയിക്കുന്നത്? ബർച്ചായൽ തുടരുന്നു: “ചില ഭീകരപ്രവർത്തനം സഹകരണമില്ലാത്ത മറ്റൊരു രാഷ്ട്രത്തിലെ ഭരണകൂടത്തെ അവമതിക്കുന്നതിനും അസ്ഥിരീകരിക്കുന്നതിനും മറിച്ചിടുന്നതിനും ഉദ്ദേശിച്ച് ഗവൺമെൻറുകൾ നടത്തുന്നതാണ്.”—തിരിച്ചടി.
മറ്റു ഭാഷ്യകാരൻമാരുടെ അഭിപ്രായപ്രകാരം, നിരീക്ഷകന്റെ രാഷ്ട്രീയ ചായ്വുകളെ ആശ്രയിച്ചു ഭീകരപ്രവർത്തനത്തിന്റെ പിമ്പിലെ ആന്തരങ്ങളെ വ്യത്യസ്തമായി വ്യാഖ്യാനിക്കാൻ കഴിയും. അനീതി ചെയ്യപ്പെടുകയും ആളുകൾക്ക് നിയമപരമായ പരിഹാരം ലഭിക്കാതെയുമിരിക്കുമ്പോൾ അവരുടെ ഏകപരിഹാരമാർഗ്ഗം ഭീകരപ്രവർത്തനമായിത്തീരുന്നുവെന്നു ചിലർ വാദിക്കുന്നു. എതിർ പ്രത്യയ ശാസ്ത്രത്താൽ പ്രചോദിപ്പിക്കപ്പെടുന്നതും നയിക്കപ്പെടുന്നതുമായി പാശ്ചാത്യജനാധിപത്യങ്ങൾക്കെതിരായ ഒരു നയതന്ത്രമാണ് ചിലർ ഭീകരപ്രവർത്തനത്തിൽ ദർശിക്കുന്നത്. നമുക്ക് ഈ സങ്കീർണ്ണപ്രശ്നം സംബന്ധിച്ച ചില വസ്തുതകളും അഭിപ്രായങ്ങളും പരിശോധിക്കാം.
വടക്കൻ അയർലണ്ടിൽ ഭീകരപ്രവർത്തനം എന്തുകൊണ്ട്?
വടക്കൻ അയർലണ്ട്—വിഭജിത പ്രവിശ്യ എന്ന പുസ്തകത്തിന്റെ എഴുത്തുകാർ പറയുന്നതനുസരിച്ച് ബ്രിട്ടീഷ് പ്രോട്ടസ്റ്റൻറുകാർ-അനേകരും സ്ക്കോട്ട്ലണ്ടിൽനിന്ന്—350 വർഷം മുമ്പ് ഐറിഷ്കത്തോലിക്കാ മണ്ണിൽ പറിച്ചുനടപ്പെട്ടവരാണ്. അത് സംസ്ക്കാരങ്ങളുടെ ഒരു കലാപം സൃഷ്ടിക്കുകയും പിന്നീട് ജോലിക്കുവേണ്ടിയുള്ള ഒരു മത്സരത്തിലേക്കു നയിക്കുകയും ചെയ്തു. ആ പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “വടക്കൻ അയർലണ്ടിലെ പ്രോട്ടസ്റ്റൻറുകാർ ഏറിയ പങ്കും 1607-ൽ തുടങ്ങിയതും അൾസ്റ്ററിലെ ‘നടുതല’ എന്നറിയപ്പെട്ടതുമായ ഒരു പ്രക്രിയയിൽ 17-ാം നൂറ്റാണ്ടിൽ വന്നെത്തിയവരാണ്. ഇത് ഒടുവിൽ മുഴു അയർലണ്ട് ദ്വീപിലും ഉറച്ച ഇംഗ്ലീഷ് ഭരണം സ്ഥാപിച്ചു.” ഈ ഇംഗ്ലീഷ് ഭരണം നൂറ്റാണ്ടുകളിലെ പിണക്കത്തിന്റെയും അക്രമത്തിന്റെയും അടിസ്ഥാനമായിരിക്കുന്നു.
കത്തോലിക്ക് ഐറിഷ് ഫ്രീ സ്റ്റേറ്റ് (അയർ) 1921-ൽ രൂപവൽക്കരിക്കപ്പെട്ടു. മുഖ്യമായും പ്രോട്ടസ്റ്റൻറായിരുന്ന വടക്കുപടിഞ്ഞാറെ ആറു കൗണ്ടികൾ ഒരു വ്യത്യസ്ത സംസ്ഥാനമായി വിടപ്പെടുകയും വടക്കൻ അയർലണ്ട് ആയിത്തീരുകയും ചെയ്തു. ഐറിഷ് ദേശീയ വീക്ഷണഗതിയിൽ ഈ പ്രവൃത്തി അയർലണ്ടിനെ വെട്ടിമുറിക്കുകയായിരുന്നു. അന്നുമുതൽ നിയമവിരുദ്ധ ഐ ആർ എ (ഐറിഷ് റിപ്പബ്ലിക്കൻ ആർമി) അയർലണ്ടിനെ പുനഃസംയോജിപ്പിക്കാനുള്ള പോരാട്ടം തുടർന്നിരിക്കുന്നു—പ്രോട്ടസ്റ്റൻറുകാർ അതിനെ ശക്തമായി എതിർക്കുകയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ ഡബ്ലിനിലെ ‘കത്തോലിക്കാ പാപ്പാധിപത്യ’മെന്നു തങ്ങൾ മനസ്സിലാക്കുന്നതിൻ കീഴിൽ വരാൻ വിസമ്മതിക്കുന്നു.
വിവാഹമോചനത്തിൻമേലുള്ള നിരോധനം നിലനിർത്താൻ അയർലണ്ടിൽ നടത്തിയ അടുത്ത കാലത്തെ വോട്ടിനെ സംബന്ധിച്ച ന്യൂയോർക്ക് റ്റൈംസിലെ പ്രസ്താവനകളിൽ പ്രോട്ടസ്റ്റൻറ് വീക്ഷണത്തെ സംക്ഷേപിക്കാവുന്നതാണ്, അത് 3-ന് 2 വ്യത്യാസത്തിൽ പിന്താങ്ങപ്പെട്ടു. റിപ്പബ്ലിക്കുമായി ഏതെങ്കിലും ബന്ധമുണ്ടായിരിക്കുന്നതിനെ എതിർക്കുന്ന വടക്കൻ അയർലണ്ടിലെ രാജ്യതന്ത്രജ്ഞൻമാർ, ഐറിഷ് റിപ്പബ്ലിക്കിൻമേൽ റോമൻ കത്തോലിക്കാ സഭയ്ക്കുള്ള ‘മാരകമായ പിടി’യുടെ ഒരു നടപടിയെന്നനിലയിൽ ആദ്യമായി വോട്ടിനെ അപലപിച്ചവരിൽ ഉൾപ്പെടുന്നു.”
ഐ ആർ എ ഇപ്പോൾ രണ്ടു കക്ഷികളായി പിരിഞ്ഞിരിക്കുകയാണ്—ഒഫീഷ്യൽസും പ്രൊവിഷണൽസും (പ്രോവോസ്). ചരിത്ര പ്രൊഫസ്സറായ തോമസ് ഈ ഹാച്ചി പറയുന്നതനുസരിച്ച്, ഐ ആർ എ ഒഫീഷ്യൽസ് മുപ്പത്തിരണ്ടു കൗണ്ടികളും ഉൾപ്പെടുന്ന ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണ്. . . . പ്രോവോസ് അയർലണ്ടിന് ഒരു ഫെഡറൽ പരിഹാരവും ഒരു ഫെഡറൽ ഭരണഘടനയും വേണമെന്നു വാദിക്കുന്നു.” (ദ റാഷണലൈസേഷൻ ഓഫ് റ്റെറ്റസം) ഒടുവിൽ പറഞ്ഞ കൂട്ടർ എത്ര ഗൗരവമായി തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചു വിചാരിക്കുന്നുവെന്ന് ചിത്രീകരിച്ച ഒരു സംഭവം 1984-ൽ നടന്നു. അന്ന് പ്രോവോസ് ഒരു ബ്രൈറ്റൻ ഹോട്ടലിൽ ഒരു റ്റൈംബോംബു വെച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും അവരുടെ മന്ത്രിസഭാംഗങ്ങളും കൊല്ലപ്പെടാതെ കഷ്ഠിച്ചു രക്ഷപ്പെട്ടു.
മതപരവും രാഷ്ട്രീയവും വംശീയവുമായ ഘടകങ്ങളുണ്ടെങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു: ഭീകരപ്രവർത്തനത്തിനു പിന്നിൽ എന്തെങ്കിലും ആഴമേറിയ ആന്തരങ്ങളുണ്ടോ? വൻശക്തികൾ എത്രത്തോളം ഉൾപ്പെട്ടിരിക്കുന്നു?
ഭീകരപ്രവർത്തനത്തിന്റെ പിമ്പിലെ ആന്തരങ്ങൾ
മിക്ക അറബി ഭീകരപ്രവർത്തന സംഘങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് 1948-ൽ യിസ്രായേൽ രാഷ്ട്രം രൂപവൽക്കരിക്കപ്പെട്ടപ്പോൾ തങ്ങളുടെ സ്വദേശമായ പലസ്തീൻ നഷ്ടപ്പെട്ട പലസ്തീനിയൻ അഭയാർത്ഥികളുടെ ദുരവസ്ഥയിലേക്കു വിരൽചൂണ്ടിക്കൊണ്ടാണ്. ദശാബ്ദങ്ങളിൽ വികാരങ്ങൾ കൊടുമ്പിരികൊണ്ടിരുന്നതുകൊണ്ട് ഇപ്പോൾ അറബി ഭീകരരുടെ ലക്ഷ്യം വേറിട്ട ഒരു സ്വദേശം സ്ഥാപിക്കുക മാത്രമല്ല, പിന്നെയോ യഹൂദൻമാരെ സംബന്ധിച്ച് വിനാശകമായി ഇസ്രായേലിന്റെ നിർമ്മൂലനാശമാണ്. ഇത് എങ്ങനെ അറിയാം?
മദ്ധ്യപൂർവ്വപ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ഷിയൈറ്റ് സംഘമായ ഹിസ്ബല്ലായുടെ (“ദൈവത്തിന്റെ പാർട്ടി”) തുറന്ന കത്തിൽനിന്നു എടുക്കപ്പെട്ടതാണ് ചുവടെ ചേർക്കുന്ന ഉദ്ധരണി:
“ഞങ്ങളുടെ പുത്രൻമാർ, താഴെ പറയുന്ന ലക്ഷ്യങ്ങൾ നേടുന്നതുവരെ ഈ ശത്രുക്കൾക്കെതിരെ [യിസ്രായേൽ, ഐക്യനാടുകൾ, ഫ്രാൻസ്, (ലബനീസ്) ഫലാൻജ്] സദാ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘട്ടനാവസ്ഥയിലാണ്:
“യിസ്രായേലിന്റെ ആസ്തിക്യത്തിൽനിന്നുള്ള അന്തിമ തുടച്ചുനീക്കലിന്റെയും പവിത്രമായ യെരൂശലേമിനെ, കൈയടക്കലിന്റെ അള്ളിപ്പിടുത്തത്തിൽനിന്ന് വിമോചിപ്പിക്കുന്നതിന്റെയും മുന്നോടിയായി യിസ്രായേലിന്റെ ലബനോനിൽനിന്നുള്ള അന്തിമ വിട്ടുപോക്ക്.”—ഹൈഡ്രാ ഓഫ് കാർനിജ്
മറിച്ച്, അനേകം ഭീകരപ്രവർത്തനങ്ങൾ ഇറാനിലെ ആയത്തുള്ളാ ഖുമേനിയുടെയും അയാളുടെ തത്വശാസ്ത്രത്തിന്റെയും സ്വാധീനത്തിൽ “രക്തസാക്ഷികൾ” നടത്തുന്നതാണ്, പാവന ക്രോധം എന്ന പുസ്തകത്തിൽനിന്ന് അത് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു: “ഇസ്ലാമിനെ പരാജയപ്പെടുത്താൻ കഴികയില്ലെന്ന് ലോകത്തിലെ ഗവൺമെൻറുകൾ അറിയണം. ലോകത്തിലെ സകല രാജ്യങ്ങളിലും ഇസ്ലാം വിജയശ്രീലാളിതമാകും. ഇസ്ലാമും ഖുറാനിലെ ഉപദേശങ്ങളും സർവ്വലോകത്തിലും പ്രാബല്യത്തിൽ വരും.”
ഈ കാഴ്ചപ്പാട് അയാളുടെ അടുത്ത നിഗമനത്തിലേക്കു നയിക്കുന്നു: “യഥാർത്ഥത്തിൽ, അപ്പോൾ, അഴിമതി നിറഞ്ഞ ഭരണ സമ്പ്രദായങ്ങളെ നശിപ്പിക്കുകയും . . . വഞ്ചകവും ദുഷിച്ചതും മർദ്ദകവും കുറ്റകരവുമായ ഭരണകൂടങ്ങളെ മറിച്ചിടുകയുമല്ലാതെ നമുക്കു ഗത്യന്തരമില്ല. ഇത് സകല മുസ്ലീങ്ങളും നിറവേറ്റേണ്ട കർത്തവ്യമാണ്.”
മറ്റു ഭീകരപ്രവർത്തകരുടെ പിന്നിലെ പ്രേരകശക്തി വിപ്ലവ സോഷ്യലിസവും മുതലാളിത്വത്തിന്റെ മറിച്ചിടീലുമാണ്. ആത്യന്തികായുധം—ഭീകരപ്രവർത്തകരും ലോകക്രമവും എന്ന തന്റെ പുസ്തകത്തിൽ എഴുത്തുകാരനായ ജാൻ ഷ്റീബർ ഇങ്ങനെ പ്രസ്താവിക്കുന്നു: “പൊതുവെ, ചൂഷണം ചെയ്യാനുള്ള പ്രാപ്തി, മുതലാളിത്തത്തിനു തുല്യമായും, ജനാധിപത്യത്താൽ മയപ്പെടുത്തപ്പെട്ടതായാലും അല്ലെങ്കിലും മുതലാളിത്തം ഫാഷിസത്തിനു തുല്യമായും കരുതപ്പെടുന്നു.” ഭീകരപ്രവർത്തനത്തിന്റെ ഒരു ജാപ്പനീസ് പിന്തുണക്കാരൻ പ്രസ്താവിച്ചതുപോലെ” ഞങ്ങൾ ഒരിക്കലും ഈ ലോകത്തിൽ അംഗീകരിക്കുകയില്ലാത്ത വസ്തുത, മുതലാളിത്തത്തിലൂടെ ആളുകൾ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതാണ്. സമരം ചെയ്യാനുള്ള ഞങ്ങളുടെ സന്നദ്ധതയുടെ പ്രേരകഘടകം ഇതാണ്.”
എന്നിരുന്നാലും, മറ്റുള്ളവർ ഭീകരപ്രവർത്തകരെ ഒരു വ്യത്യസ്ത വെളിച്ചത്തിൽ കാണുന്നു. ഇസ്രയേലി അംബാസിഡറായ ബഞ്ചമിൻ നെതന്യാഹൂ ഇങ്ങനെ എഴുതുന്നു: “ഭീകരപ്രവർത്തനം എന്തിന്റെയെങ്കിലും ഓട്ടോമാറ്റിക്ക് ഫലമല്ല. അത് ഒരു തെരഞ്ഞെടുപ്പാണ്, ഒരു ദുഷിച്ച തെരഞ്ഞെടുപ്പ്.” അദ്ദേഹം ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “ഭീകരപ്രവർത്തനത്തിന്റെ മൂലകാരണം അവശതകളിലല്ല സ്ഥിതി ചെയ്യുന്നത്, പിന്നെയോ അനിയന്ത്രിതമായ അക്രമപ്രവണതയിലാണ്. പ്രത്യയ ശാസ്ത്രപരവും മതപരവുമായ ചില ലക്ഷ്യങ്ങൾ സകല ധാർമ്മിക വിലക്കുകളെയും തള്ളിക്കളയുന്നതിനെ നീതീകരിക്കുന്നു, യഥാർത്ഥത്തിൽ അതാവശ്യമാക്കിത്തീർക്കുന്നു എന്നു തറപ്പിച്ചുപറയുന്ന ഒരു ലോക വീക്ഷണത്തിൽ ഇതു കണ്ടെത്താവുന്നതാണ്.” ഭീകരപ്രവർത്തനം—പാശ്ചാത്യലോകത്തിന് എങ്ങനെ വിജയിക്കാം.
എന്നാൽ നമ്മുടെ ആധുനിക സമുദായം പെട്ടെന്ന് ഭീകരപ്രവർത്തനത്തിന്റെ ഇരയായിത്തീർന്നതെങ്ങനെ?
ആഘാത വിധേയമായ ഒരു സമുദായം
ഭീകരപ്രവർത്തനത്തെ സംബന്ധിച്ച ഒരു യു. എസ്. വിദഗ്ദ്ധനായ നീൽ ലിവിംഗ്സ്റ്റൺ ഇങ്ങനെ എഴുതുന്നു: “നമ്മുടെ ലോകം പൂർവ്വാധികം നാഗരികവും സങ്കീർണ്ണവും ആയതോടെ നാമും, തത്തുല്യമായി, ഭൂരിപക്ഷത്തിന്റെ ജീവിതത്തെ താറുമാറാക്കുന്നതിന് അഥവാ അവരുടെമേൽ തങ്ങളുടെ ഇഷ്ടത്തെ അടിച്ചേൽപ്പിക്കുന്നതിന് തുനിഞ്ഞിറങ്ങുന്ന ചെറിയ സംഘങ്ങളുടെ, ഒറ്റപ്പെട്ട വ്യക്തികളുടെപോലും, ദുരുദ്ദേശ്യങ്ങൾക്ക് പൂർവ്വാധികം വിധേയരായിത്തീർന്നിരിക്കുന്നു.” നമ്മുടെ സമുദായം ഭീകരപ്രവർത്തനത്തിന് വളരെ വിധേയമായിരിക്കുന്നതെന്തുകൊണ്ട്? “നമ്മുടെ ദുർബ്ബലമായ, ജലത്തിന്റെയും ഊർജ്ജത്തിന്റെയും, ഗതാഗതത്തിന്റെയും, ആശയവിനിമയത്തിന്റെയും ശുചീകരണത്തിന്റെയും ജീവധാരകൾ എല്ലാംതന്നെ ദുഷിച്ച ഭീകരരുടെ അഥവാ വിദ്ധ്വംസക പ്രവർത്തകരുടെ കാരുണ്യത്തിലാണ്.”—ഹൈഡ്രാ ഓഫ് കാർനിജ്.
നമ്മുടെ ജീവസന്ധാരണ വ്യവസ്ഥിതിയുടെ ദൗർബ്ബല്യം നിമിത്തം ഒരു ഭീകര പ്രവർത്തകന് പുരാതനകാലങ്ങളിലെ ഒരു സൈന്യത്തിന്റെ ശക്തി പ്രയോഗിക്കാൻ കഴിയും. ലിവിംഗ്സ്റ്റൺ കൂട്ടിച്ചേർക്കുന്നു: “സാങ്കേതിക ശാസ്ത്ര പുരോഗതികളാൽ ഒരൊറ്റ മനുഷ്യന് മുമ്പ് എന്നത്തേതിലുമധികം സംഹാരവിദ്യ സ്വായത്തമാക്കാൻ കഴിയും. സാങ്കേതിക വിദ്യായുഗത്തിലെ ഒരു വ്യക്തി, ശക്തിയിൽ മുഖ്യയുദ്ധായുധങ്ങൾ വാളും വില്ലും കുന്തവുമായിരുന്ന [യുഗത്തിലെ] ഒരു സൈന്യത്തോടു തുല്യമാണ്. ഇത് ഭീകരപ്രവർത്തകർ സമകാലികലോകത്തിന് ഇത്ര ഭീഷണിയായിരിക്കുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്.”
ആധുനിക സമുദായത്തിലെ ആഘാതവിധേയമായ മറ്റൊരു സംഗതി വാർത്താസംഭവങ്ങളുടെ സത്വര പ്രത്യാഘാതമാണ്. റ്റെലിവിഷൻ ഭീകര പ്രവർത്തനത്തിന്റെ ശക്തിയെ പെരുക്കുന്നു. ഭീകരപ്രവർത്തകൻ തന്റെ ആദർശലക്ഷ്യത്തിന് അന്താരാഷ്ട്ര പ്രസിദ്ധി ആഗ്രഹിക്കുന്നു—മാദ്ധ്യമത്തിന്റെ സഹായത്തോടെ, അയാൾക്ക് അതു ലഭിക്കുന്നു!
ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ് ഒരു വാർത്ത ലോകത്തിനു ചുറ്റും സഞ്ചരിക്കുന്നതിന് ദിവസങ്ങൾ എടുത്തിരുന്നു. ഇപ്പോൾ വാർത്തകൾ ക്ഷണനേരം കൊണ്ടു സഞ്ചരിക്കുന്നു. ചില കേസുകളിൽ ഭീകരപ്രവർത്തകൻ തന്റെ ഭാഗം അഭിനയിക്കുന്നത് റ്റി. വി. യിൽ യഥാർത്ഥമായി അയാൾക്കുതന്നെ കാണാൻ കഴിയുന്നു. മിക്കപ്പോഴും ഭീകരപ്രവർത്തകൻ കരുനീക്കുന്നതിൽ തുടരുമ്പോൾ മറുപക്ഷം എന്താണു ചെയ്യുന്നതെന്ന് അയാൾക്കറിയാം. “പൊതുജനശ്രദ്ധ പിടിച്ചെടുക്കാനുള്ള നീക്കം” “ഏറ്റം സ്ഥിരമായി വിജയപ്രദമായിരിക്കുന്ന ഭീകര പ്രവർത്തനതന്ത്ര”മായിരുന്നിട്ടുണ്ടെന്നുപോലും ജാൻ ഷ്റീബർ പറയുന്നു.
എന്നാൽ ഭീകരപ്രവർത്തനം തുടർച്ചയായി വർദ്ധിക്കുന്നതിന് മറ്റേതെങ്കിലും കാരണങ്ങളുണ്ടോ?
ഭീകരപ്രവർത്തനവും രണ്ടു വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും
ഭാവിയിലേക്ക് യാതൊരു പ്രത്യാശയും നൽകാത്തവിധം ഭീകരപ്രവർത്തനം സംബന്ധിച്ച് രണ്ട് ആലോചനക്കാർ ഇങ്ങനെ എഴുതുന്നു: “ഭീകരപ്രവർത്തനം അപ്രത്യക്ഷപ്പെടുകയില്ല. അതിനു തങ്ങളുടെ രാഷ്ട്രീയകരുത്തിനെ അതിയായി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ചെറുതും ദുർബ്ബലവുമായ രാഷ്ട്രങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. വിഭവ ദുർഭിക്ഷതയാൽ ബാധിക്കപ്പെട്ടിരിക്കുന്ന ആ രാഷ്ട്രങ്ങൾ രാഷ്ട്രീയവും സൈനീകവുമായ ഒരു ആയുധമെന്നനിലയിൽ ഭീകരപ്രവർത്തനത്തെ ഉപേക്ഷിക്കാനിടയില്ല.” അതേസമയം, ചില വൻശക്തികൾ ഭീകരപ്രവർത്തനത്തിലൂടെ പകരയുദ്ധം നടത്തുന്നതിന്റെ പ്രയോജനങ്ങൾ കാണുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർക്കുന്നു. “മറ്റുരൂപങ്ങളിലുള്ള യുദ്ധത്തോടു ബന്ധപ്പെട്ട അപകടം കൂടാതെ തങ്ങളുടെ ദേശീയ ലക്ഷ്യങ്ങൾ നേടാൻ ഭീകരപ്രവർത്തകരായ പകരക്കാർക്ക് തങ്ങളെ സഹായിക്കാൻ കഴിയുമെന്ന് വലിപ്പമേറിയ, ശക്തിയേറിയ, രാഷ്ട്രങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു.”—തിരിച്ചടി.
തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് ഭീകരപ്രവർത്തനത്തിന് സഹായിക്കാൻ കഴിയുമെന്ന് ശക്തിയേറിയ രാഷ്ട്രങ്ങൾ കണ്ടുപിടിച്ചിരിക്കുന്നുവെങ്കിൽ ഇത് ലോകഭീകരപ്രവർത്തനത്തിൽ കുറെ അല്ലെങ്കിൽ ഒരു വലിയഭാഗത്തിന് കാരണമായിരിക്കാൻ കഴിയുമോ? ജാൻഷ്റീബർ എഴുതുന്നു: “മദ്ധ്യഎഴുപതുകളിലെ വെളിപ്പെടുത്തലുകൾ നിഷ്പക്ഷനിരീക്ഷകർ തെളിവില്ലാതെ ദീർഘനാളായി അറിഞ്ഞിരുന്നതിനെ സ്ഥിരീകരിച്ചിരിക്കുന്നു, ലോകത്തിലെ രണ്ടു പ്രമുഖ പ്രത്യയശാസ്ത്രങ്ങൾ തങ്ങളുടെ ശത്രുക്കളെ കുഴയ്ക്കുന്നതിനും പരമോന്നത പദം നേടാനും അല്ലെങ്കിൽ നിലനിർത്താനുംവേണ്ടി ശരിയോ തെറ്റോ ആയ സകല മാർഗ്ഗങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്ന് അല്ലെങ്കിൽ ഉപയോഗിക്കുന്നതിൽ തുടരാനിടയുണ്ടെന്നു തന്നെ.”
പ്രത്യയശാസ്ത്രങ്ങളുടെ ഈ സംഘട്ടനം സോവ്യറ്റ് നേതാവായ ഗോർബച്ചേവിന്റെ ഒരു പ്രസംഗത്തിൽ വ്യക്തമാണ്. അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “സാമ്രാജ്യത്വവാദികൾ രണ്ടു സാമൂഹ്യ വ്യവസ്ഥിതികൾ തമ്മിലുള്ള ചരിത്രപരമായ സംവാദത്തിന് സൈനിക മാർഗ്ഗത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ സാധാരണനിലയിലുള്ള സഹകരണത്തിലേക്ക് അന്താരാഷ്ട്രബന്ധങ്ങളെ തിരിച്ചുവിടാൻ കഴികയുള്ളുവെന്ന് പളുങ്കുപോലെ വ്യക്തമായിരിക്കേണ്ടതാണ്.”—സമാധാനത്തിനുള്ള ഒരു കാലം.
മറ്റുള്ളവരും ഈ രണ്ടു വൻശക്തികൾ തമ്മിലുള്ള അന്താരാഷ്ട്ര “ചതുരംഗക്കളി” തിരിച്ചറിയുന്നുണ്ട്. ദൃഷ്ടാന്തമായി, പാവന ക്രോധം എന്ന തന്റെ പുസ്തകത്തിൽ റോബിൻ റ്റൈറ് എഴുതുന്നു: “ഐക്യനാടുകൾ ഫലത്തിൽ തദ്ദേശശക്തികളെ അവഗണിച്ചുകൊണ്ട് മുഖ്യമായി സോവ്യറ്റ് യൂണിയനുമായുള്ള മത്സരത്തിനായുള്ള ഒരു പ്രദേശമായി മദ്ധ്യപൂർവ്വദേശത്തെ വീക്ഷിച്ചിരിക്കുന്നുവെന്ന് മുസ്ലീം സമരക്കാരും വിചാരിക്കുന്നു. ഒരു ഇരുധ്രുവലോകത്തിൽ യു. എസ്സിന് മുന്നേറിവരുന്ന മൂന്നാം ലോകത്തിന്റെ അംഗീകാരത്തിനുവേണ്ടിയുള്ള വിഫലമായ ആഹ്വാനങ്ങളോട് സംവേദനമുണ്ടായിരുന്നിട്ടില്ല.” പ്രത്യക്ഷത്തിൽ ചില ചെറിയ രാഷ്ട്രങ്ങൾതന്നെ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളിൽ കരുക്കളായി ഉപയോഗിക്കപ്പെടുന്നതായി അവ കണ്ടെത്തുന്നു.
ഭീകരപ്രവർത്തനത്തെ ഏറെയും മുതലാളിത്ത വ്യവസ്ഥിതിയെ അസ്ഥിരീകരിക്കുന്നതിന് ഉപയോഗിക്കപ്പെടുന്ന മറ്റൊരായുധമെന്നപോലെയാണ് പാശ്ചാത്യ വിദഗ്ദ്ധർ വീക്ഷിക്കുന്നത്. ഭീകരപ്രതിപ്രവർത്തനം സംബന്ധിച്ച ഒരു യു. എസ്. വിദഗ്ദ്ധനായ അംബാസിഡർ റോബർട്ട് ബി. ഓക്ലേ ഇങ്ങനെ പ്രസ്താവിച്ചു: “എതിർക്കപ്പെടാത്തപക്ഷം, ഐക്യനാടുകളും അതിന്റെ സഖ്യകക്ഷികളും തങ്ങളുടെ ദേശീയ പരസ്പര താത്പര്യങ്ങളെ നിലനിർത്താനും സംരക്ഷിക്കാനും അഭിവൃദ്ധിപ്പെടുത്താനും ആശ്രയിക്കാനിടയായിരിക്കുന്ന, രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ വ്യവസ്ഥിതിക്കു ഭീകരപ്രവർത്തനത്തിന്റെ ഉയർച്ച തുരങ്കംവയ്ക്കും . . . ഭാവി വർഷങ്ങളിൽ നാം തുടർച്ചയായ സാർവ്വദേശീയ ഭീകരപ്രവർത്തനത്തിൽനിന്നുള്ള ഗൗരവമായ ഭീഷണിയെ ചെറുക്കാൻ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. . . . ഒരുപിടി നിർദ്ദയ ഗവൺമെൻറുകളാണ് അവയെ പിന്താങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതും.”
യു. എസ്സ്. അംബാസിഡർ റോബർട്ട് എം. സേയർ തന്റെ അഭിപ്രായം കൂടുതൽ ഋജുവായി പ്രസ്താവിച്ചു: “ഭീകര പ്രവർത്തനം രാഷ്ട്രീയമായി പ്രേരിതവും ആസൂത്രിതവും സംഘടിതവുമാണ്. . . . അതിലധികവും നടത്തുന്നത് മാർക്സിസ്റ്റ് ലെനിനിസ്റ്റ് വിശ്വാസമുള്ള സംസ്ഥാനങ്ങളും സംഘങ്ങളുമാണ്. സോവ്യറ്റ് യൂണിയനും അതിന്റെ കിഴക്കൻ ചേരിയിലെ പങ്കാളികളും അവർക്ക് പിന്തുണയും പ്രോത്സാഹനവും കൊടുക്കുന്നു.”—ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റ ബുള്ളറ്റിൻ.
ഭീകരപ്രവർത്തനവും ബൈബിൾ പ്രവചനവും
ഭീകരപ്രവർത്തനം ആയുധമാക്കിയിട്ടുള്ള രണ്ടു വൻശക്തികൾ തമ്മിലുള്ള സംഘട്ടനം ബൈബിളദ്ധ്യേതാക്കൾക്ക് പ്രത്യേക താൽപര്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്? ദാനിയേൽ എന്ന ബൈബിൾ പുസ്തകത്തിന്റെ 11-ാം അദ്ധ്യായത്തിൽ കാണപ്പെടുന്ന ഒരു സുപ്രധാന പ്രവചനം നിമിത്തംതന്നെ. ഈ പ്രവചനം രണ്ടു വൻശക്തികളായ “വടക്കേ ദേശത്തെ രാജാവും” “തെക്കെദേശത്തെ രാജാവും” തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പോരാട്ടത്തെ വർണ്ണിക്കുന്നു. “വടക്കെ ദേശത്തെ രാജാവ്” “തന്റെ പിതാക്കൻമാരുടെ ദൈവ”ത്തെ ത്യജിച്ചിരിക്കുന്ന നിരീശ്വരനായി തിരിച്ചറിയപ്പെടുന്നു. (ദാനിയേൽ 11:37) അവൻ തന്നെത്താൻ മഹിമപ്പെടുത്തുകയും കോട്ടകളുടെ ദൈവത്തിന് അഥവാ ആയുധീകരണത്തിന് മഹത്വം കൊടുക്കുകയും ചെയ്യുന്നു. അവൻ ബലവത്താക്കപ്പെട്ട കോട്ടകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുകയും തന്റെ ലോകസ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു. (ദാനിയേൽ 11:38, 39) തന്റെ എതിരാളി വികാസം പ്രാപിക്കുമ്പോൾ “തെക്കെ ദേശത്തെ രാജാവ്” വെറുതെ നിൽക്കുകയാണോ”
അശുഭ സൂചകമായ പ്രവചനം പ്രസ്താവിക്കുന്നു: “അന്ത്യകാലത്ത് തെക്കേദേശത്തെ രാജാവ് അവനുമായി ഒരു തള്ളിക്കയറ്റത്തിൽ ഏർപ്പെടും, അവനെതിരെ വടക്കേദേശത്തെ രാജാവ് രഥങ്ങളോടും കുതിരക്കാരോടും അനേകം കപ്പലുകളോടുംകൂടെ ആക്രമിക്കും; അവൻ തീർച്ചയായും ദേശങ്ങളിലേക്കു പ്രവേശിക്കുകയും കവിഞ്ഞൊഴുകുകയും കടന്നുപോകുകയും ചെയ്യുന്നു.” (ദാനിയേൽ 11:40) യുക്തിയാനുസൃതം, ഇപ്പോൾ ലോകാധിപത്യത്തിനുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിൽ രണ്ടു രാജാക്കൻമാരും ഭീകരപ്രവർത്തനത്തെ അതിന്റെ വിവിധ പ്രച്ഛന്നവേഷങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.a ദൈവം തന്റെ അർമ്മഗെദ്ദോൻ യുദ്ധത്തിൽ രണ്ടു പ്രമുഖ ലോകശക്തികളുടെയും മാത്സര്യത്തിന് അറുതി വരുത്തുന്നതുവരെ അവർ തമ്മിൽ മത്സരാത്മക സഹവർത്തിത്വമുണ്ടായിരിക്കുമെന്ന് ദാനിയേലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.—വെളിപ്പാട് 16:14-16.
ഈ ചോദ്യം അവശേഷിക്കുന്നു: മനുഷ്യനു തനിച്ച് ഭീകരപ്രവർത്തന ബാധക്ക് അറുതിവരുത്താൻ കഴിയുമോ? കഴിയുമെങ്കിൽ, എങ്ങനെ, എപ്പോൾ? കഴികയില്ലെങ്കിൽ, എന്തുകൊണ്ട്? നമ്മുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യും. (g87 1/8)
[അടിക്കുറിപ്പുകൾ]
a ഈ രാജാക്കൻമാരെ സംബന്ധിച്ച് കൂടുതലായ വിവരങ്ങൾക്ക് 1958-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക്, ഇൻക്. പ്രസിദ്ധപ്പെടുത്തിയ “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടേണമേ” എന്ന പുസ്തകത്തിന്റെ 11-ാം അദ്ധ്യായം കാണുക.
[7-ാം പേജിലെ ചിത്രം]
ഭീകരപ്രവർത്തനത്തിലധികത്തിന്റെയും പിമ്പിലെ ആന്തരങ്ങൾ അന്ത്യകാലത്തെ സംബന്ധിച്ച ദാനിയേലിന്റെ പ്രവചനത്തോടു ബന്ധപ്പെട്ടതാണ്
[കടപ്പാട്]
Pacemaker Press Int’l, Belfast
[8-ാം പേജിലെ ചിത്രം]
ആധുനിക ഭീകരപ്രവർത്തനം വാർത്താമാദ്ധ്യമത്തെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു
[കടപ്പാട്]
Reuters/Bettmann Newsphotos