ബൈബിളിന്റെ വീക്ഷണം
ബൈബിളിന് ഏകാകികളെ സഹായിക്കാൻ കഴിയുമോ?
തന്റെ ഭാര്യ ഒരു നഴ്സിംഗ് ഹോമിൽ ആയിരുന്നതിനാൽ ആ വൃദ്ധന്റെ ജീവിതം ഏകാന്തമായിരുന്നു. ആഴ്ചകൾക്കു ശേഷം, അദ്ദേഹം ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തീരുമാനിച്ചു. അദ്ദേഹം ഒരു തോക്ക് കൈക്കലാക്കിയത് അതുകൊണ്ടാണ് . . .
ഏകാന്തത “ഇരുപതാം നൂറ്റാണ്ടിന്റെ രോഗം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രായമായവരെ മാത്രമല്ല ബാധിക്കുന്നത്, എന്നാൽ യുവാക്കളിൽ മയക്കുമരുന്ന് ദുരുപയോഗത്തിനും മദ്യാസക്തിക്കും ആത്മഹത്യക്കും പോലും അതിടയാക്കുന്നു.
അതെ, ഏകാന്തത ആധുനിക നാളിലെ ഒരു പ്ലേഗ് ആണ്. ഏകാന്തതയുടെ ശൂന്യത നികത്തുന്നതിനുള്ള ശ്രമങ്ങൾ മിക്കപ്പോഴും വ്യർത്ഥമാണെന്ന് തെളിയുന്നു. ചിലർ തങ്ങൾക്കുചുറ്റും “സ്നേഹിതൻമാർ” ഉണ്ടായിരിക്കുന്നതിന് ശ്രമിക്കുന്നു—അത്തരം ബന്ധങ്ങൾ മിക്കപ്പോഴും ആഴമില്ലാത്തതും അസംതൃപ്തവുമെന്ന് കണ്ടെത്താൻ മാത്രം. മറ്റുള്ളവർ വിവാഹത്തിലേക്ക് എടുത്തു ചാടുന്നു. ജനസമ്മതിയാർജ്ജിച്ച മന:ശാസ്ത്രജ്ഞയായ ഡോ. ജോയ്സ് ബ്രദേഴ്സ് ഇപ്രകാരം നിരീക്ഷിച്ചു: “വിവാഹത്തിലേക്ക് എടുത്തു ചാടുന്നത് [ഏകാന്തതക്കുള്ള] പരിഹാരമല്ല. നിങ്ങൾക്ക് ഏതെങ്കിലും ബന്ധം ആസ്വദിക്കാൻ കഴിയുന്നതിനു മുമ്പ്, നിങ്ങൾ നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ സംബന്ധിച്ച് കൂടുതൽ ഉൾക്കാഴ്ചയുള്ളവരാകേണ്ടതുണ്ട്.”
ശരിയായ വീക്ഷണം
എന്നിരുന്നാലും ബൈബിൾ ഏകാന്തതക്ക് ഒരു പ്രായോഗിക വീക്ഷണം പ്രദാനം ചെയ്യുന്നു. ഏകാന്തത വേദനാജനകമായിരിക്കാൻ കഴിയുമെന്ന് അംഗീകരിക്കുന്നു, എങ്കിലും ഏകാന്തമായിരിക്കുന്നത് എപ്പോഴും ഒരു ചീത്ത സംഗതിയല്ല. യേശുക്രിസ്തു ഏകാന്തതയുടെ ഹ്രസ്വ സമയങ്ങൾ ആസ്വദിച്ചിരുന്നു എന്ന് പറയപ്പെടുന്നു. (മത്തായി 14:13) നിസ്സഹായനായിത്തീരുകയൊ പിൻവലിയുകയൊ ചെയ്യുന്നതിനു പകരം അവൻ ആ അവസരങ്ങളെ ആവശ്യമായ വിശ്രമത്തിനും പ്രാർത്ഥനക്കുമായി ഉപയോഗിച്ചു.—മർക്കോസ് 6:31; ലൂക്കോസ് 9:18.
പാഠം എന്താണ്? നിങ്ങൾ നിങ്ങളേത്തന്നെ ഒറ്റപ്പെട്ടവനായി കണ്ടെത്തുന്നുവെങ്കിൽ, നിങ്ങൾക്ക് ഏകാന്തത തോന്നേണ്ടതില്ല! യഥാർത്ഥത്തിൽ, ഒറ്റയ്ക്കായിരിക്കുന്നു എന്ന നിങ്ങളുടെ വീക്ഷണം ശാരീരിക ഏകാന്തതയെന്ന വസ്തുതയേക്കാൾ അധികം നിങ്ങൾ എങ്ങനെ വിചാരിക്കുന്നു എന്ന ഘടകത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ സമയത്തെ എങ്ങനെ ഉപയോഗിക്കും? നിങ്ങൾ കേവലം സമയത്തെ കൊല്ലുമോ? എന്തുകൊണ്ട് അങ്ങനെയുള്ള സമയത്തെ നിങ്ങൾക്ക് ഉല്പാദനക്ഷമമായി ഉപയോഗിച്ചുകൂടാ? സംഗീതം ശ്രദ്ധിക്കൽ അല്ലെങ്കിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന വീട്ടുജോലികൾ മുതലായവ പോലെ മൂല്യവത്തായ അനേകം പ്രവർത്തനങ്ങൾ ഉണ്ട്. ദൈവവചനത്തിന്റെ വായന പ്രത്യേകാൽ പ്രയോജനകരമായിരിക്കാൻ കഴിയും. അത് “ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണ്, നമ്മുടെ ശ്രദ്ധ നമ്മിൽനിന്നുതന്നെ തിരിച്ചുവിടുന്നതിനും സാധിക്കും. (എബ്രായർ 4:12) ഉചിതമായി ഉപയോഗിക്കുന്നുവെങ്കിൽ, തനിച്ചിരിക്കുന്ന നിമിഷങ്ങൾക്ക്—ശാരീരികമായും വൈകാരികമായും ആത്മീയമായും—നിങ്ങളെ പുനഃസ്ഥിതീകരിക്കാൻ കഴിയും
മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ
എന്നിരുന്നാലും നിങ്ങൾക്ക് മറ്റുള്ളവരുമായുള്ള സമ്പർക്കം ആവശ്യമായിരിക്കയും ആഗ്രഹിക്കയും ചെയ്യുന്ന സമയങ്ങൾ ഉണ്ട്. മറ്റ് ആളുകളുമായി തൃപ്തികരമായ ബന്ധം നട്ടുവളർത്തുന്നതു സംബന്ധിച്ചും ബൈബിളിൽ ഉപദേശം ഉണ്ടെന്നുള്ളത് അതിശയമല്ല. ദൃഷ്ടാന്തത്തിന്, സദൃശവാക്യങ്ങൾ 18:24 ഇപ്രകാരം പറയുന്നു: “ഒരു സഹോദരനേക്കാൾ അടുപ്പമുള്ള ഒരു സ്നേഹിതൻ ഉണ്ട്.” അതുകൊണ്ട് ഏകാന്തത അകറ്റുന്നതിന് എപ്പോഴും ഒരു വലിയ സംഘം സ്നേഹിതൻമാർ ആവശ്യമില്ല. നിങ്ങൾക്ക് ചുരുക്കം ചില ഉറ്റ സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ കഴിയും.
എന്നാൽ ഏകാകികളായ ആളുകൾ സ്നേഹിതരെ ഉളവാക്കുന്നത് മിക്കപ്പോഴും പ്രയാസമാണെന്ന് കണ്ടെത്തുന്നു. എന്നാൽ ഒരു കനേഡിയൻ കുടുംബ ഉപദേശകൻ ഇപ്രകാരം നിരീക്ഷിക്കുന്നു: “ഏകാകികളായ ആളുകൾ, വിശേഷിച്ച് തങ്ങളുടെ 20-കളിലുള്ളവർ, വളരെ അധികം പ്രതീക്ഷിക്കുന്നു, എന്നാൽ ഒന്നും കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.” സമാനമായി ബൈബിൾ, ‘തന്നെത്താൻ ഒറ്റപ്പെടുത്തുന്നവൻ സ്വാർത്ഥത അന്വേഷിക്കുന്നു’ എന്ന് ചൂണ്ടിക്കാണിക്കുന്നു.—സദൃശവാക്യങ്ങൾ 18:1.
അതുകൊണ്ട് നിങ്ങൾ ഏകാന്തതയുടെ പ്രയാസം അനുഭവിക്കുന്നെങ്കിൽ, നിങ്ങൾ മറ്റുള്ളവരിൽ കൂടുതൽ താൽപ്പര്യം പ്രകടമാക്കേണ്ട ആവശ്യം ഉണ്ടായിരുന്നേക്കാം. സാദ്ധ്യതയുള്ള പുതിയ സ്നേഹിതരെ കണ്ടുമുട്ടുമ്പോൾ, നിങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് പരിഗണന കൊടുക്കുന്നുവോ, അതോ നിങ്ങളുടെ സംഭാഷണം നിങ്ങളിലേക്കു തന്നെ തിരിച്ചു വിടുന്നുവോ? ഏകാന്തതയുടെ വലയം ഭേദിക്കുന്നതിന് ഒരുവൻ ഒരു ദാതാവായിരിക്കണം.
ഫിലിപ്യർ 2:4-ൽ അപ്പോസ്തലനായ പൗലോസ്, ‘നമ്മുടെ സ്വന്തം കാര്യങ്ങളിലുള്ള വ്യക്തിപരമായ താൽപ്പര്യത്തിൽ മാത്രമല്ല, എന്നാൽ മറ്റുള്ളവരിലുള്ള വ്യക്തിപരമായ താൽപ്പര്യത്തിലും ദൃഷ്ടിവെക്കാൻ’ നമ്മെ പ്രേരിപ്പിക്കുന്നു. ആ ഉപദേശത്തിന് ഏകാന്തതയെ സുഖപ്പെടുത്താൻ എങ്ങനെ കഴിയും? മൂല ബൈബിൾ ഭാഷയിൽ “ദൃഷ്ടിവെക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ക്രിയ, ഒരു ‘മാനസിക പരിഗണന’ കാണിക്കുന്നതിനെ അല്ലെങ്കിൽ പ്രവർത്തിക്കുന്നതിനുള്ള ഏറ്റം അനുയോജ്യമായ സമയം തിട്ടപ്പെടുത്തുന്നതിന് ‘അവലോകനം ചെയ്യുന്നതിനെ’ അർത്ഥമാക്കുന്നു. അതുകൊണ്ട് ചുറ്റും നോക്കിക്കൊണ്ട് സഹായം ആവശ്യമുള്ളതാര്, ഒരു സ്നേഹിതനാവശ്യമുള്ളതാര് എന്ന് കണ്ടുപിടിക്കുക. ഒരിക്കൽ നിങ്ങൾ അങ്ങനെയുള്ള ഒരാളെ കണ്ടുപിടിച്ചുകഴിഞ്ഞാൽ—പ്രവർത്തിക്കുക! അനേകം ആളുകളും തങ്ങൾക്കുവേണ്ടി മാത്രമാണ് അന്വേഷിക്കുന്നത്; മറ്റുള്ള എല്ലാവരും അവസാനം വരുന്നു, വരുന്നെങ്കിൽ തന്നെ. ബൈബിൾ അതിനു വിപരീതമായത് ശുപാർശ ചെയ്യുന്നു: ആദ്യം മറ്റുള്ളവർക്കുവേണ്ടി അന്വേഷിക്കുക.
അതുകൊണ്ട്, സ്നേഹിതരെ ലഭിക്കുന്നതിന് നിങ്ങൾ ആദ്യം ഒരു സ്നേഹിതനായി വർത്തിക്കണം! ബൈബിൾ ഇപ്രകാരം പറയുന്നു: “കൊടുത്തുകൊണ്ടിരിക്കുക, ആളുകൾ നിങ്ങൾക്കും നൽകും.” (ലൂക്കോസ് 6:38) കൂടാതെ, “വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.”—പ്രവൃത്തികൾ 20:35.
“ഞാൻ ഒറ്റക്കല്ല”
എന്നിരുന്നാലും, മാനുഷ ബന്ധങ്ങൾക്ക് നമ്മുടെ എല്ലാ ആവശ്യങ്ങളെയും പൂർണ്ണമായി തൃപ്തിപ്പെടുത്താൻ സാദ്ധ്യമല്ല. ഇതിനു കാരണം മനുഷ്യൻ തന്റെ സ്രഷ്ടാവിനോട് അടുപ്പമുള്ളവനായിരിക്കുന്നതിനുള്ള ഒരു ആവശ്യത്തോടെയായിരുന്നു സൃഷ്ടിക്കപ്പെട്ടത്. (മത്തായി 5:3 താരതമ്യപ്പെടുത്തുക.) മാനുഷ സൗഹൃദം പരാജയപ്പെടുമ്പോൾ പോലും ദൈവത്തോടുള്ള സൗഹൃദം സുരക്ഷിതമെന്ന് തെളിയാൻ കഴിയും. യേശുക്രിസ്തു ഒരിക്കൽ തന്റെ ശിഷ്യൻമാരോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ! നിങ്ങൾ ഓരോരുത്തൻ തന്റെ സ്വന്തം ഭവനത്തിലേക്ക് ചിതറിക്കപ്പെടുകയും നിങ്ങൾ എന്നെ ഏകനായി വിടുകയും ചെയ്യുന്നതിനുള്ള മണിക്കൂർ വരുന്നു, തീർച്ചയായും അത് വന്നുകഴിഞ്ഞിരിക്കുന്നു.” എത്ര നിരാശാജനകം! എന്നാൽ യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്നിരുന്നാലും ഞാൻ ഏകനല്ല, എന്തുകൊണ്ടെന്നാൽ പിതാവ് എന്നോടുകൂടെയുണ്ട്.”—യോഹന്നാൻ 16:32.
അപ്രകാരം ദൈവത്തോടുള്ള ഒരു സഖിത്വം ഏകാകിത്വത്തിനുള്ള ഏറ്റവും നല്ല ചികിത്സയാണ്. അതുകൊണ്ട് അവനെ അറിയുന്നതിന് സമയമെടുക്കുക. ബൈബിളിന്റെ ഒരു പഠനം ആരംഭിച്ചുകൊണ്ട് “യഹോവ നല്ലവനെന്ന് രുചിച്ചറിയുക.” (സങ്കീർത്തനം 34:8; യോഹന്നാൻ 17:3) എന്നാൽ നിങ്ങൾ ഒറ്റക്ക് അപ്രകാരം ചെയ്യേണ്ടതില്ല.
ദൈവം “തന്റെ നാമത്തിനുവേണ്ടി ഒരു ജനത്തെ” എടുത്തിരിക്കുന്നു. (പ്രവൃത്തികൾ 15:14) മുപ്പതുലക്ഷത്തിലധികമാളുകൾ യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ ആ നാമം അഭിമാനപൂർവം വഹിക്കുന്നു. ഈ ദൈവത്തെക്കുറിച്ചു പഠിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ അവർക്കു സന്തോഷമുണ്ട്. തുടക്കത്തിൽ പറഞ്ഞ ഏകാന്തനായ വൃദ്ധമനുഷ്യനെ ഓർക്കുക. അയാൾക്ക് സ്വയം കൊല്ലാൻ കഴിയുന്നതിനു മുമ്പ് യഹോവയുടെ സാക്ഷികൾ അയാളെ സന്ദർശിച്ചു. അയാളെക്കുറിച്ചു കരുതുന്ന ജീവനുള്ള ഒരു ദൈവമുണ്ടെന്ന് വിലമതിക്കാൻ അവർ അയാളെ സഹായിച്ചു. (1 പത്രോസ് 5:7) അയാൾ ഒരു ബൈബിൾപഠനം തുടങ്ങിയതോടെ നിരാശ സന്തോഷത്തിനു വഴിമാറിക്കൊടുത്തു.
രസാവഹമായി, സത്യക്രിസ്ത്യാനികളോടുള്ള സഹവാസവും പുതിയ സ്നേഹിതരെ ഉളവാക്കുന്നതിനുള്ള അവസരങ്ങൾ തുറന്നുതരുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ പൊതു ദൈവസ്നേഹത്തിൽ അധിഷ്ഠിതമായിരിക്കുന്നതിനാൽ അവ നിലനിൽക്കുന്ന, സഹിച്ചുനിൽക്കുന്ന ബന്ധങ്ങളായിരിക്കേണ്ടതാണ്. അതുകൊണ്ട് യഹോവയുടെ ജനത്തെ അന്വേഷിച്ചുകണ്ടെത്തുക. അവരുടെയും ദൈവവചനത്തിന്റെയും സഹായത്താൽ നിങ്ങൾക്ക് ഏകാന്തതയുടെ കഠോര വേദന നീക്കംചെയ്യാൻ പഠിക്കാൻകഴിയും.—മത്തായി 12:48-50; യോഹന്നാൻ 15:14. (g87 11/8)