എട്ട് ഡോളറിന് ഒരു പൈൻറ്
ദി ററർനിഷ്ഡ് ഡോർ എന്ന തന്റെ പുസ്തകത്തിൽ ജോൺ ക്രൂഡ്സൺ, നിയമാനുസരണവും നിയമവിരുദ്ധവുമായി ഐക്യനാടുകളിലേക്ക്, പ്രത്യേകിച്ച് മെക്സിക്കോയിൽ നിന്ന്, ഒഴുകുന്ന കുടിയേററക്കാരുടെ തിരത്തള്ളലിനെ സംബന്ധിച്ച് പരിശോധിക്കുന്നു. അതിൽ അദ്ദേഹം യു. എസ്സ്. രക്തബാങ്കുകളിലേക്ക് പോകുന്ന രക്തത്തിൽ കുറെ ഭാഗത്തിന്റെ ഉറവിടത്തിലേക്കും വെളിച്ചം വീശുന്നു.
യു. എസ്. അതിർത്തി കാവൽ സേന, ടെക്സാസിലെ എൽ പാസൊയിലെ ചില നിയമവിരുദ്ധ കുടിയേററക്കാരെ അവരുടെ രക്തംമുഖേന പിടികൂടുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നു: “ആദ്യമായി ‘സിററി പട്രോളി’നുവേണ്ടി നിർത്തുന്നത് പാലങ്ങളിൽനിന്ന് അൽപ്പം അകലെ സ്ഥിതിചെയ്യുന്ന ഒരു നിണനീർകേന്ദ്രത്തിലാണ്. അത് മെക്സിക്കൻ അതിർത്തി കടക്കുന്നവരിൽ നിന്ന് [മെക്സിക്കോയിലെ] ജ്വാറെസിലെ ഒരു മുഴു ദിവസത്തെ കൂലിക്ക് തുല്യമായ 8 ഡോളറിന് ഒരു പൈൻറ് എന്ന നിരക്കിൽ രക്തം വാങ്ങുകയും അനന്തരം ആശുപത്രികൾക്കും ഗവേഷണശാലകൾക്കും 20 ഡോളറിന് വിൽക്കുകയും ചെയ്യുന്ന ദക്ഷിണ എൽപാസൊയിലെ ഒൻപത് കേന്ദ്രങ്ങളിലൊന്നാണ്. ഈ കേന്ദ്രങ്ങൾ, അവയുടെ ജനാലകളിൽ, ഒരു നിരന്തര ദാതാവിന് മാസത്തിൽ 81 ഡോളർ വീതം സമ്പാദിക്കാൻ കഴിയുമെന്ന് പരസ്യം ചെയ്യുന്നു, ജ്വാറെസിൽ രക്തബാങ്കുകൾ തങ്ങളുടെ ഏക വരുമാനമാർഗ്ഗമായിരിക്കുന്നത് കുറച്ചുപേർക്കൊന്നുമല്ല.
“വില്യംസ് [ഒരു അതിർത്തി സേനാ ഉദ്യോഗസ്ഥൻ] വർഷങ്ങളായി ജ്വാറെസിൽ നിന്ന് ഈ കേന്ദ്രങ്ങളിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം തങ്ങളുടെ രക്തം വിൽക്കുന്നതിന് വരുന്ന ദാതാക്കളെ കൂടെക്കൂടെ കണ്ടുവരുന്നു.” അതുകൊണ്ട് രക്തബാങ്കുകളിൽ എത്തുന്ന രക്തത്തിന്റെ ഗുണമേൻമ ഏതൊരുവനും ഊഹിക്കാം.
ദൈവത്തിന്റെ വീക്ഷണത്തിൽ രക്തത്തിന്റെ പവിത്രതയെ ആദരിക്കുന്ന ക്രിസ്ത്യാനികൾക്ക് രക്തത്തിന്റെ ഈ വ്യാപാരം അസ്വീകാര്യമാണ്. ആദിമ ക്രിസ്തീയ സഭയിലെ നേതാക്കൻമാർ ഇപ്രകാരം എഴുതി: “രക്തത്തിൽ നിന്ന് . . . ഒഴിഞ്ഞിരിക്കുക എന്ന ഈ അവശ്യ സംഗതിയല്ലാതെ അധികമായ ഭാരം നിങ്ങളുടെമേൽ ചുമത്തേണ്ടതില്ല എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കു തന്നെയും ബോദ്ധ്യമായിരിക്കുന്നു. നിങ്ങൾ ശ്രദ്ധാപൂർവം ഈ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞിരുന്നാൽ നിങ്ങൾ അഭിവൃദ്ധിപ്രാപിക്കും. നിങ്ങൾക്ക് നല്ല ആരോഗ്യം ആശംസിക്കുന്നു!”—പ്രവൃത്തികൾ 15:28, 29. (g88 1/22)