ലോകത്തെ വീക്ഷിക്കൽ
വായുവിൽ വിഷം
ആരോഗ്യം സംബന്ധിച്ച ജർമ്മൻ ഫെഡറൽ ഓഫീസ് 3,000 ഭവനങ്ങൾ പരിശോധിക്കുകയും “ഞെട്ടിക്കുന്ന” ഒരു നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. “ഇരിപ്പു മുറിയിലും കുളിമുറിയിലും അടുക്കളയിലുമെല്ലാം—വായുവിൽ വിഷമുണ്ട്!” എന്ന് ജർമ്മൻ ദിനപ്പത്രമായ ഹാംബർഗർ അബെൻഡ്ബ്ലാററ് റിപ്പോർട്ട് ചെയ്യുന്നു. ഉപദ്രവകരമായ വസ്തുക്കൾ പൊടിയിലും പെയിൻറിലും ഭിത്തിയിൽ പതിക്കുന്ന കടലാസ്സിലും റേഡിയേറററുകളിലും തറയിലും വിരിപ്പുകളിലും ശുചീകരണ വസ്തുക്കളിലും സ്പ്രേകളിലും തടിപ്പാളികൾ കൂട്ടി ഒട്ടിച്ചുണ്ടാക്കുന്ന വീട്ടുപകരണങ്ങളിലും ഒളിഞ്ഞിരിക്കുന്നു. വീട്ടിൽ നല്ല വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്താനും ഉപദ്രവകരമായ നിർമ്മാണ വസ്തുക്കൾ ഒഴിവാക്കാനും ‘മുന്നറിയിപ്പിനുള്ള ഉപകരണമെന്ന’ നിലയിൽ നിങ്ങളുടെ മൂക്കിനോട് പ്രതികരിക്കാനും വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.—‘മൂക്കിൽ എപ്പോഴും കുത്തൽ അനുഭവപ്പെടുന്നെങ്കിൽ ജാഗ്രതപാലിക്കുക!’
മയക്കുമരുന്നുകൾ: ശിശുക്കൾ, കൗമാരപ്രായക്കാർ, കുററകൃത്യവും
“തകരാറു സംഭവിച്ച ശിശുക്കളുടെ ഒരു മഹാവ്യാധി” ഉണ്ടായേക്കാം എന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു, അവരിൽ ചിലരുടെ അമ്മമാർ ഗർഭിണികളായിരുന്നപ്പോൾ ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും കൊക്കെയിൻ ഉപയോഗിച്ചതിനാൽ അവർ ആയുഷ്ക്കാലം മുഴുവൻ ക്ഷതമനുഭവിച്ചേക്കാം” എന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഏററം മോശമായ ഫലം ഉണ്ടാകുന്നത് ഗർഭധാരണത്തിനുശേഷം ആദ്യത്തെ മൂന്നു മാസത്തിൽ, മിക്കപ്പോഴും താൻ ഗർഭിണിയാണെന്ന് ഒരു അമ്മ തിരിച്ചറിയും മുൻപ് മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴാണ്. ഒററ കൊക്കെയിൻ പ്രഹരം പോലും ഭ്രൂണത്തിന് നിലനിൽക്കുന്ന തകരാറ് വരുത്തിയേക്കാം, എന്തുകൊണ്ടന്നാൽ ഈ മയക്കുമരുന്നിന്റെ ഒരു ഉപോല്പന്നമായ നോർകൊക്കെയിൻ അമ്നിയോററിക് ദ്രാവകത്തിൽ തുടരുകയും വളർന്നുകൊണ്ടിരിക്കുന്ന ശിശുവിനെ ആവർത്തിച്ച് പ്രഹരിക്കുകയും ചെയ്യുന്നു. “അതിന്റെ ഫലങ്ങളിൽ മുരടിച്ച വളർച്ച, വഴങ്ങാത്ത കൈകാലുകൾ, നിയന്ത്രണാതീതമായ കോപപ്രകൃതം, ശ്വാസം നിലച്ചുപോകാനും അതുവഴി പെട്ടെന്ന് മരിക്കാനുമുള്ള സാദ്ധ്യത, ചിലപ്പോൾ ലൈംഗികവും മൂത്ര സംബന്ധവുമായ അവയവങ്ങളിൽ വൈകല്യം, ചെറുകുടൽ ഇല്ലാതിരിക്കുക, ഹൃദ്രോഗം എന്നിവ ആകാമെന്ന് ടൈംസ് പറയുന്നു. ഐക്യനാടുകളിലെ 36 ആശുപത്രികളിൽ നടത്തിയ ഒരു കണക്കെടുപ്പ് 11 ശതമാനം ഗർഭിണികൾ തങ്ങളുടെ അജാത ശിശുക്കളെ നിയമവിരുദ്ധ മയക്കുമരുന്നുകൾക്ക് വിധേയരാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത.
●കൗമാരപ്രായക്കാർ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവർ പ്രായമാകുമ്പോൾ നേരിട്ട് ഒരു പററം പ്രശ്നങ്ങളിലേക്ക് നയിക്കുന്നു എന്ന് കാലിഫോർണിയ യൂണിവേഴ്സിററിയിലെ രണ്ടു മനശ്ശാസ്ത്ര പ്രൊഫസർമാർ എട്ടുവർഷമായി നടത്തിയ ഒരു സമഗ്രപഠനം സ്ഥിരീകരിച്ചിരിക്കുന്നു. “മയക്കുമരുന്നു ദുരുപയോഗിക്കുന്ന ചെറുപ്പക്കാർ വേഗം വിവാഹമോചനം നടത്തുന്നു, ജോലിയിൽ സ്ഥിരതയില്ലാത്തതിൽ നിന്ന് കൂടുതൽ കഷ്ടം അനുഭവിക്കുന്നു, കൂടുതൽ ഗൗരവമായ കുററകൃത്യങ്ങൾ ചെയ്യുന്നു, മാത്രവുമല്ല സാധാരണയായി അവർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും ബന്ധങ്ങളിലും കൂടുതൽ അസന്തുഷ്ടരാണ്” എന്ന് ഈ പഠനത്തിന്റെ സഹഗ്രന്ഥകാരനായ മൈക്കിൾ ന്യൂകോമ്പ് പറയുന്നു. മയക്കുമരുന്നു പരീക്ഷിച്ചു നോക്കുന്ന യുവാക്കളിൽ ആര് അതു പതിവായി ഉപയോഗിക്കാനിടയാകും എന്നു പറയാൻ മാർഗ്ഗമൊന്നുമില്ലെങ്കിലും “മദ്യം ഉപയോഗിക്കുന്നതിന്റെ ഒരു കുടുംബ ചരിത്രവും മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള അടുപ്പത്തിന്റെ അഭാവവും മുന്നറിയിപ്പ് നൽകുന്ന അടയാളങ്ങളായിരിക്കാം” എന്ന് യു. എസ്സ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടു മാസിക കുറിക്കൊള്ളുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പെരുമാററം അടുത്തു ശ്രദ്ധിക്കുകയും തങ്ങൾ തന്നെ മദ്യവും മയക്കുമരുന്നുകളും ദുരുപയോഗം ചെയ്യാതിരുന്നുകൊണ്ട് അവർക്ക് സ്ഥിരതയുള്ള ഒരു സന്ദേശം നൽകുകയും വേണം.
●“ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലവസാനിച്ച കഴിഞ്ഞ 12 വർഷങ്ങളിൽ മയക്കുമരുന്നുപയോഗവും കുററകൃത്യവുമായുള്ള ബന്ധം കുത്തനെ ഉയർന്നിരിക്കുന്നു” എന്ന് യു.എസ്സ്. നീതിന്യായ വകുപ്പിന്റെ നീതിന്യായ കണക്കുകളുടെ ബ്യൂറോ പുറപ്പെടുവിച്ച ഒരു റിപ്പോർട്ടിനെപ്പററി അഭിപ്രായം പറഞ്ഞുകൊണ്ട് ദി ന്യൂയോർക്ക് ടൈംസ് പറയുന്നു. “ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ രാജ്യത്താകെ സ്റേറററ് ജയിലുകളിലുള്ള അന്തേവാസികളിൽ ഏകദേശം 35 ശതമാനം ജയിലിലക്കപ്പെടുന്നതിലേക്ക് നയിച്ച കുററകൃത്യം ചെയ്തപ്പോൾ ഒരു നിയമവിരുദ്ധ മയക്കുമരുന്നിന്റെ സ്വാധീനത്തിൻ കീഴിലായിരുന്നു.” പന്ത്രണ്ട് വർഷം മുൻപ് മയക്കുമരുന്നു സ്വാധീനത്തിൽ കുററകൃത്യം ചെയ്തവർ 25 ശതമാനമായിരുന്നു. ശക്തമായ മയക്കുമരുന്നുകൾ പതിവായി ദുരുപയോഗിച്ചവരിൽ 60 ശതമാനം അവരുടെ ആദ്യത്തെ അറസ്ററു വരെ അങ്ങനെ ചെയ്തിരുന്നില്ല എന്നും ആ സർവ്വേ കണ്ടെത്തി. കൂടാതെ അന്തേവാസികളിൽ 13 ശതമാനം പേർ മുഖ്യമായും അവരുടെ മയക്കുമരുന്ന് ആസക്തിയുടെ പേരിലാണ് കവർച്ചയും കൊള്ളയും മോഷണവും നടത്തിയത്. അത്തരം കുററകൃത്യങ്ങൾക്ക് ജയിലലടയ്ക്കപ്പെട്ടവരിൽ 50 ശതമാനം പേർ ഒരു നിയമവിരുദ്ധ മയക്കുമരുന്ന് ദിവസേന ഉപയോഗിച്ചിരുന്നു.
‘യഹോവയ്ക്കുള്ളത്’
യെരുശലേമിലെ യിസ്രായേൽ മ്യൂസിയത്തിൽ ഒരു പുതിയ കാഴ്ച വസ്തുവുണ്ട്: ശലോമോന്റെ ആലയത്തിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന, ഒരു പെരുവിരലിന്റെ വലിപ്പമുള്ളതും ദന്ത നിർമ്മിതവുമായ ഒരു മാതളപ്പഴം. “ഈ വാരത്തിൽ യെരുശലേമിൽ കണ്ടെത്തപ്പെട്ട ഈ അവശിഷ്ടമാണ് യിസ്രായേല്യരുടെ മഹത്തായ ആലയത്തിന്റെ അവശേഷിച്ചിരിക്കുന്ന ഏക സാക്ഷ്യം,” എന്ന് കഴിഞ്ഞ ആഗസ്ററിൽ മ്യൂസിയം അവകാശപ്പെട്ടു. ക്രീം വർണ്ണത്തിലുള്ള മാതളപ്പഴത്തിൽ പുരാതന എബ്രായയിൽ ഈ വാക്കുകൾ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു: “യഹോവയുടെ ആലയം വക, പുരോഹിതൻമാർക്ക് വിശുദ്ധം.”
കഠിനാദ്ധ്വാനികളായ സ്വിററ്സർലണ്ടുകാർ
അയൽരാജ്യങ്ങളിലെ ആളുകൾ പെൻഷൻ പ്രായം താഴ്ത്താനും ജോലി സമയം കുറവു ചെയ്യാനും ശ്രമിക്കുമ്പോൾ സ്വിററ്സർലണ്ടുകാർ കഠിനാദ്ധ്വാനികൾ എന്നുള്ള തങ്ങളുടെ സൽപ്പേര് നിലനിർത്തിയിരിക്കുന്നു. എങ്ങനെ? അടുത്തകാലത്തു നടന്ന ഒരു ദേശീയ അഭിപ്രായ വോട്ടെടുപ്പിൽ പുരുഷൻമാരുടെ പെൻഷൻ പ്രായം 65-ൽ നിന്ന് 62 ആയും സ്ത്രീകളുടേത് 62-ൽ നിന്ന് 60 ആയും കുറയ്ക്കുന്നതിനെതിരായി അവർ വോട്ടു ചെയ്തു. അതിനു മുൻപ് നടന്ന ഒരു വോട്ടെടുപ്പിൽ ഒരു വാരത്തെ ജോലി സമയം 40 മണിക്കൂറായി കുറയ്ക്കുന്നതിനെതിരെ വോട്ടുചെയ്യുകയും അഞ്ചാമത് ഒരാഴ്ചത്തെ ശബളത്തോടുകൂടിയ അവധിക്കാലം വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.
സമ്മർദ്ദം അനുഭവിക്കുന്ന യുവജനങ്ങൾ
കഴിഞ്ഞ പത്തു വർഷത്തിലേറേയായി ജപ്പാനിൽ അൾസർ ബാധിക്കുന്ന കുട്ടികളുടെ എണ്ണം പെരുകി വരുന്നു. മൈനിച്ചി ഷിംബുൺ എന്ന വർത്തമാന പത്രം പറയുന്നപ്രകാരം ഈ വർദ്ധനവ് പത്തു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് വിശേഷാൽ കാണപ്പെടുന്നത്. അതിന്റെ കാരണം? കാനങ്കാവ ശിശു മെഡിക്കൽ സെൻററിന്റെ ഡയറക്ടർ അക്കിയോററ്സുനോഡ പറയുന്നത് മിക്കവരിലും അൾസർ ഉണ്ടാകുന്നത് സമ്മർദ്ദം മൂലമാണ് എന്നാണ്. ആയിരത്തി ഇരുനൂറ് ചൈനീസ് അക്ഷരങ്ങൾ മനപ്പാഠമാക്കാൻ നിർബ്ബന്ധിക്കപ്പെട്ടപ്പോൾ ഒരു നാലു വയസ്സുകാരന് അൾസർ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പിയാനോ പഠനവും പ്രത്യേക ട്യൂഷൻ ക്ലാസ്സുകളും അവസാനിപ്പിച്ചപ്പോൾ ഒരു അഞ്ചു വയസ്സുകാരി പെൺകുട്ടിയുടെ വയററിലെ അൾസർ ഭേദമായി. പാഠ്യേതര പ്രവർത്തനങ്ങളും കുടുംബ പ്രശ്നങ്ങളും “സ്കൂളിലെ പീഡനവും” സാദ്ധ്യതയുള്ള കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും ചില കേസുകൾ വിശദീകരിക്കാനാവാത്തതായി തുടരുന്നു എന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. (g88 12/8)
ആംഗ്ലിക്കൻ സഭ ബഹുഭാര്യാത്വം അനുവദിക്കുന്നു
എഴുപതു ദശലക്ഷം അംഗങ്ങളുള്ള ആംഗ്ലിക്കൻ സഭ ക്രിസ്തീയ ജീവിതത്തിന്റെ മാതൃകയെന്ന നിലയിൽ ഏകഭാര്യാത്വം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഓഗസ്ററിൽ അതു ഒന്നിലധികം ഭാര്യമാരുള്ളവരെ സഭയിൽ സ്നാപനം കഴിപ്പിക്കുന്നതിനെതിരെയുള്ള നൂറുകൊല്ലം പഴക്കമുള്ള നിരോധനം നീക്കി. നിരോധനം നീക്കിക്കൊണ്ടുള്ള പ്രമേയം ഇംഗ്ലണ്ടിലെ കാൻറർബറിയിൽ നടന്ന മൂന്നാഴ്ച ദീർഘിച്ച കോൺഫെറൻസിലാണ് പാസ്സാക്കിയത്. കഴിഞ്ഞകാലങ്ങളിൽ ഒന്നിലധികം ഭാര്യമാരുള്ളവർ ആംഗ്ലിക്കൻ സഭയിൽ സ്നാപനമേററ അംഗമായിത്തീരുന്നതിന് ഒന്നൊഴികെയുള്ള ഭാര്യമാരെ ഉപേക്ഷിക്കണമായിരുന്നു. ഇപ്പോൾ ബഹുഭാര്യാത്വം നിലവിലുള്ള സമൂഹങ്ങളിൽ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടായിരിക്കുകയും സഭയുടെ അംഗീകാരമുള്ള അംഗമായിരിക്കുകയും ചെയ്യാം എന്നാണ് ആ സഭയുടെ നിലപാട്. എന്നാൽ ദൈവത്തിന്റെ വചനമനുസരിച്ച് അത് ഇപ്പോഴും വ്യഭിചാരമാണ്.—എഫേസ്യർ 5:31; 1 തിമൊഥെയോസ് 3:2.
ഭയപ്പെടുത്തി ബോധം വരുത്തുന്നു
മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്ററു ചെയ്യപ്പെട്ട കൗമാരപ്രായക്കാർക്ക് കാലിഫോർണിയായിലെ ന്യായാധിപൻമാർ “യാഥാർത്ഥ്യം ഔഷധമായി” നൽകുന്നു എന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യമായി കുററം ചെയ്തവരുടെമേൽ പിഴ ചുമത്തുകയും അവനെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യുന്നതു കൂടാതെ മോർച്ചറി സന്ദർശിക്കുക എന്ന ശിക്ഷയും അവർക്കു വിധിക്കുന്നു. ടൈംസ് പറയുന്നപ്രകാരം, ഈ വിധി “യുവകുററവാളികളെ ഭയപ്പെടുത്താനെന്നതിലുപരി മനുഷ്യജീവൻ എത്ര ദുർബലമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താനാണെന്ന് ന്യായാധിപൻമാർ പറയുന്നു. കാരണമോ? ഒരു പ്രാമാണികൻ വിശദീകരിക്കുന്നപ്രകാരം: “കൗമാരപ്രായക്കാർ കരുതുന്നത് അവർക്ക് ഒരു കുഴപ്പവും സംഭവിക്കുകയില്ല എന്നാണ്,” അതുകൊണ്ട് ഒരു “ഔഷധമെന്നനിലയിൽ അവർക്ക് യാഥാർത്ഥ്യം കാട്ടിക്കൊടുക്കേണ്ടതുണ്ട്.” സാക്രമെന്റോയിൽ ഈ ശിക്ഷ ലഭിച്ച 400 യുവജനങ്ങളിൽ 6 പേർ മാത്രമേ വീണ്ടും അറസ്ററു ചെയ്യപ്പെട്ടുള്ളു എന്ന് ഒരു കാലിഫോർണിയൻ ന്യായാധിപൻ റിപ്പോർട്ടു ചെയ്യുന്നു. സാധാരണയായി 30 മുതൽ 50 ശതമാനം വരെയാണ് വീണ്ടും അറസ്ററ് ചെയ്യപ്പെടുന്നത് എന്ന് മറെറാരു ന്യായാധിപൻ കുറിക്കൊണ്ടു. ഈ പരിപാടിയുടെ വിജയം മററു സ്റേറററുകളിലും ഇതുപോലുള്ള ശിക്ഷ നൽകാൻ പ്രചോദനമായിത്തീർന്നിരിക്കുന്നു.
പുകവലിക്കാരായ സ്ത്രീകൾക്കുള്ള അപകടം
പുകവലിക്കാരായ സ്ത്രീകൾക്ക് പുരുഷൻമാരിൽ കൂടുതൽ സാധാരണമായി കാണുന്ന ഹൃദ്രോഗം വരാൻ പുകവലിക്കാരല്ലാത്ത സ്ത്രീകളേക്കാൾ കൂടുതൽ സാദ്ധ്യതയുള്ളതെന്തുകൊണ്ടാണ്? ഒരു കാരണം പുകവലി സ്ത്രീകളിൽ ഹോർമോൺ മാററങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരിക്കാം എന്ന് കാലിഫോർണിയ യൂണിവേഴ്സിററിയിലെ സാൻഡിയോഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ ഒരു പഠനം നിർദ്ദേശിക്കുന്നു. ആർത്തവം നിലച്ചശേഷം പുകവലിക്കുന്ന സ്ത്രീകൾക്ക് അവരുടെ രക്തത്തിൽ പുകവലിക്കാത്ത സ്ത്രീകളെക്കാൾ രണ്ടു പുരുഷ ഹോർമോണുകൾ കൂടുതലുണ്ടെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ഗവേഷകർ റിപ്പോർട്ടു ചെയ്തു. “പുകവലി നിറുത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ കണ്ടുപിടുത്തം കൂടുതലായ തെളിവുകൾ നൽകിയേക്കാം,” ആ പഠനത്തിന്റെ മുഖ്യ ഗ്രന്ഥകാരനായ ഭിഷഗ്വരൻ കേ-ററി കോ പറഞ്ഞു. (g88 12/22)