“മതത്തിന് നമ്മുടെ വലിയ ധാർമ്മികാധഃപതനത്തിൽ പങ്കുള്ളതായി സൂചിപ്പിക്കപ്പെടുന്നു”
ബാരൻക്വിലാ, കൊളംബിയായിലെ എൽഹെറാൾഡോയിലെ ഈ തലവാചകം അതിൽത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ അത് പറഞ്ഞ ആൾ നിമിത്തം അതിന് കൂടുതൽ പ്രാധാന്യം കൈവന്നു—റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിററിയിലെ ദൈവശാസ്ത്രഡോക്ടറായ കാത്തലിക്ക് ജസ്വിററ് പുരോഹിതൻ ആൽബർട്ട് മുനേറാ. അദ്ദേഹം കൊളംബിയായിലെ ധാർമ്മികാധഃപതനത്തെക്കുറിച്ച് പറയുകയായിരുന്നു.
അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “കൊളംബിയായിൽ മുഴുവൻ കത്തോലിക്കരാണ്. നമ്മുടെ വലിയ ധാർമ്മികാധഃപതനത്തിൽ മതത്തിന് പങ്കുണ്ടെന്ന് പറയപ്പെടുന്നു. ഒരു ദൈവശാസ്ത്രജ്ഞനെന്ന നിലയിൽ ഒരുവൻ തന്നോടുതന്നെ ചോദിക്കുന്നു: ഒരു [ജന] സമൂഹത്തിന്റെ ധാർമ്മികത നിലനിർത്താൻ അല്ലെങ്കിൽ ഒരു യോഗ്യമായ വിധത്തിൽ ഒരു യുഗമാററത്തെ അഭിമുഖീകരിക്കാൻ, സമുദായത്തിന്റെ മുഴുഘടനയും തകർന്നുപോകാതെ ഒരു മുൻസാഹചര്യത്തിൽനിന്ന് പുതിയ ഒന്നിലേക്ക് മാറാൻ, അനുവദിക്കുന്നതിന് വേണ്ടത്ര മൂലതത്വങ്ങൾ ഇല്ലെന്നു തോന്നുമ്പോൾ നമ്മുടെ കത്തോലിക്കാമതത്തിന്റെ സ്ഥിതി എന്താണ്?
മയക്കുമരുന്നുകള്ളക്കടത്ത്, രാഷ്ട്രീയകൊലപാതകങ്ങൾ, സായുധ അക്രമം, എന്നിവ ഉൾപ്പെടെയുള്ള രാഷ്ട്രീയവും ധാർമ്മികവുമായ അധഃപതനത്തിന്റെ തെളിവ് സവിസ്തരം പ്രതിപാദിച്ചശേഷം അദ്ദേഹം ചോദിച്ചു: “ആരാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്? ഇസ്ലാം മതത്തിൽപെട്ടവരോ ബുദ്ധമതത്തിൽപെട്ടവരോ . . . അതോ ഒരു മതത്തിലും പെടാത്തവരോ? അതോ അത് ഭക്തിപൂർവം തിരുവത്താഴത്തിൽ പങ്കുപററിക്കൊണ്ടും തങ്ങളുടെ ജോലിയിൽ അഭിവൃദ്ധിപ്പെടാൻ തങ്ങളെ സഹായിക്കുന്നതിന് നമ്മുടെ കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ടും മതചടങ്ങുകളിൽ ഉൾപ്പെടുന്നതായി നിങ്ങൾ കാണുന്ന ആളുകളാണോ?”
തീർച്ചയായും, യേശുവും ശിഷ്യൻമാരും സത്യക്രിസ്ത്യാനിത്വത്തിന്റെ തെളിവായി ഊന്നിപ്പറഞ്ഞത് ക്രിസ്തീയ നടത്തയെയാണ്, കർമ്മങ്ങളിലുള്ള പങ്കുപററലിനെയല്ല. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് അന്യോന്യമുള്ള ഈ സ്നേഹത്താൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് എല്ലാവരും അറിയും.”(യോഹന്നാൻ 13:35, ദി ജറൂസലം ബൈബിൾ) കത്തോലിക്കൻ തന്റെ സഹജീവിയെ കൊല്ലുകയോ ദ്വേഷിക്കുകയോ കവർച്ചചെയ്യുകയോ ബലാൽസംഗംചെയ്യുകയോ നുണപറയുകയോ മോഷ്ടിക്കുകയോ മയക്കുമരുന്നുവ്യാപാരം നടത്തുകയോ ചെയ്യുമ്പോൾ അത് സ്നേഹമാണോ? അങ്ങനെയുള്ള കടുത്ത ദുർമ്മാർഗ്ഗ ഘടകങ്ങളെ നീക്കി നിർമ്മലരായി നിർത്താൻ സഭ നടപടി സ്വീകരിക്കാത്തപ്പോൾ അത് സ്നേഹമാണോ? യഥാർത്ഥത്തിൽ, സമ്പന്നരായ കുററവാളികൾ മിക്കപ്പോഴും ഗംഭീര ശവസംസ്ക്കാരങ്ങളാലും മററു ചടങ്ങുകളാലും ബഹുമാനിക്കപ്പെടുന്നു.
ഇതിൽനിന്നു വ്യത്യസ്തമായി, ആദിമക്രിസ്തീയസഭ ഗുരുതരമായ കുററകൃത്യം സംബന്ധിച്ചു കുററക്കാരായ അനുതാപമില്ലാത്ത പാപികൾക്ക് ശിക്ഷണം കൊടുത്തിരുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഒരു ദുർമ്മാർഗ്ഗജീവിതം നയിക്കുകയോ ഒരു അന്യായപ്പലിശക്കാരനായിരിക്കുകയോ വിഗ്രഹാരാധിയോ ഒരു ഏഷണിക്കാരനോ ഒരു മദ്യപനോ ആയിരിക്കുകയോ ചെയ്യുന്ന അല്ലെങ്കിൽ വഞ്ചകനായിരിക്കുന്ന ഒരു സഹോദരക്രിസ്ത്യാനിയുമായി നിങ്ങൾ സഹവസിക്കരുതെന്നാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ അങ്ങനെയുള്ള ആളുകളുമായി ഒരു ഭക്ഷണംകഴിക്കുകപോലുമരുത്.” എന്നിരുന്നാലും നിരീശ്വരരാഷ്ട്രീയമോ പാഷണ്ഡോപദേശമോ നിമിത്തമല്ലാതെ സഭാഭ്രഷ്ടാക്കുന്നതിനെക്കുറിച്ച് ഒരുവൻ അപൂർവമായേ കേൾക്കുന്നുള്ള.—1 കൊരിന്ത്യർ 5:9-11; 6:9-11,JB.
ബൈബിൾ വിദ്യാഭ്യാസത്തിനും ക്രിസ്തീയപുതുവ്യക്തിത്വത്തിനും തക്ക ശ്രദ്ധകൊടുക്കുന്നതിനുപകരം കത്തോലിക്കാസഭ നൂററാണ്ടുകളിൽ കൊന്ത ഉപയോഗിച്ചു പ്രാർത്ഥിക്കുന്നതിലും കുറുബാനക്ക് ഹാജരാകുന്നതിലും ഒരു പുരോഹിതനോട് കുമ്പസാരിക്കുന്നതിലും തൃപ്തിപ്പെട്ടിരിക്കുകയാണ്. (എഫേസ്യർ 4:17-24) ഇന്നത്തെ അന്തിമഫലം തത്ഫലമായുള്ള ധാർമ്മികാധഃപതനവും കുറഞ്ഞുവരുന്ന സഭാപിന്തുണയുമാണ്. കൊളംബിയായിലെ കത്തോലിക്കാസഭയുടെ അവസ്ഥയെക്കുറിച്ച് ജസ്വിററ് മുനേറാ അഭിപ്രായപ്പെട്ടു: “അതുപോലുള്ള ഒരു മതമുള്ളപ്പോൾ പ്രസ്പഷ്ടമായി നമുക്ക് നമ്മുടെ ജീവിതസാഹചര്യങ്ങളോട് പ്രതിവർത്തിക്കാൻ കഴികയില്ല. നമ്മുടെ ക്രിസ്ത്യാനിത്വം ഇത്ര തകർന്നിരിക്കുന്നതായി തോന്നുന്നതിന്റെ മൗലികകാരണങ്ങളിലൊന്ന് അതാണ് . . . [കത്തോലിക്കർ] ഏതെങ്കിലും വിധത്തിൽ ഇന്ന് ക്രിസ്ത്യാനികളാണെന്ന് തോന്നുന്നില്ലെന്നുതന്നെ.”
തീർച്ചയായും, ഇപ്പോഴത്തെ ധാർമ്മികത്തകർച്ച സകല മതങ്ങളിലെയും ആളുകൾക്കു ബാധകമാകുന്നു. ഒരു പള്ളിസ്നാപനവും വിവാഹവും ശവസംസ്ക്കാരവും പ്രതീക്ഷിക്കുന്ന അനേകർ ആപേക്ഷികമായി രക്ഷപെട്ടുകൊണ്ട് നുണപറയുന്നതിലും മോഷ്ടിക്കുന്നതിലും പരസംഗംചെയ്യുന്നതിലും വഞ്ചിക്കുന്നതിലും തുടരുന്നു. ശിക്ഷവിധിക്കപ്പെട്ട അനേകം കുററവാളികൾപോലും ചില മതബന്ധങ്ങൾ അവകാശപ്പെടുന്നു—കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും യഹൂദരും എന്നും മററും. എന്നിരുന്നാലും, അവരുടെ മതം അവരിൽ ഒരു പുതിയ വ്യക്തിത്വം ഉളവാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവരുടെ പ്രവൃത്തികൾ പ്രകടമാക്കുന്നു. അതിന്റെ കുററം കുററവാളിയിൽതന്നെയും, അയാളുടെ ചിന്തയെയും നടത്തയെയും സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ട മതത്തിലും സ്ഥിതിചെയ്തേക്കാം. അളവ് ഗുണത്തെക്കാൾ ഉപരിയായിരിക്കുന്നിടത്ത് മതവും വില ഒടുക്കുന്നു.
അത് “അന്ത്യനാളുകളെ”സംബന്ധിച്ച് പൗലോസ് പ്രവചിച്ചതുപോലെയാണ്: “അവർ മതത്തിന്റെ ബാഹ്യരൂപം കാത്തുസൂക്ഷിക്കും, എന്നാൽ അതിന്റെ ആന്തരികശക്തി ത്യജിച്ചിരിക്കും. അതുപോലെയുള്ള ആളുകളുമായി യാതൊരു ഇടപാടും പാടില്ല.”—2 തിമൊഥെയോസ് 3:1-5, JB.
പ്രളയത്തിനുശേഷമുള്ള മതം
പത്തൊൻപതാം നൂററാണ്ടിൽ സഹകരിച്ചു പ്രവർത്തിച്ച ഫ്രഞ്ച് എഴുത്തുകാരായിരുന്ന എഡ്മണ്ടും ജ്യൂൾസ്ഡി കോൺകോർട്ടും ഇങ്ങനെ എഴുതി: “ഒരു ദൈവം ഉണ്ടെങ്കിൽ നിരീശ്വരത്വം മതത്തെക്കാൾ കുറഞ്ഞ ഒരു നിന്ദയെന്ന നിലയിൽ അവനെ കണ്ടെത്തും.” സത്യമായി, വ്യാജമതം മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിന് ഒരു നിന്ദയാണ്. എന്നിരുന്നാലും, ക്രി.മു. 2370ൽ വ്യാജമതത്തെ നശിപ്പിച്ചുകൊണ്ട് താൻ എന്നേക്കും നിന്ദിക്കപ്പെടുകയില്ലെന്ന് സ്രഷ്ടാവ് തെളിയിച്ചു.
വ്യാജമതം വീണ്ടും പ്രത്യക്ഷപ്പെട്ടെങ്കിലും ഈ മൗലികസത്യത്തിന് മാററംവന്നിട്ടില്ല. യഥാർത്ഥത്തിൽ, പ്രളയത്തിനുശേഷം അത് മുഴുഭൂമിയെയും ഉൾക്കൊള്ളാൻതക്കവണ്ണം നൂററാണ്ടുകളിലൂടെ വ്യാപിച്ച് സ്പർശനീയരൂപങ്ങൾ കൈക്കൊള്ളാനിരിക്കുകയായിരുന്നു. നിങ്ങളെയും സ്പർശിക്കാൻ അത് എത്തും! എങ്ങനെയെന്ന് ഞങ്ങളുടെ അടുത്ത ലക്കത്തിൽ “ഒരു നായാട്ടുകാരനും ഒരു ഗോപുരവും നിങ്ങളും!” എന്ന ഞങ്ങളുടെ ലേഖനം വിശദീകരിക്കും. (g89 1/8)
[9-ാം പേജിലെ ചിത്രം]
മതത്തിന് മിക്കപ്പോഴും തൊലിയുടെ ആഴമേയുള്ളു. അത് വർഗ്ഗീയവിദ്വേഷത്തെയോ കുററകൃത്യത്തെയോ ദുർമ്മാർഗ്ഗത്തെയോ തടയുന്നില്ല