യുവജനങ്ങൾ ചോദിക്കുന്നു...
ചൂതാട്ടം യഥാർത്ഥത്തിൽ വളരെ ചീത്തയാണോ?
പന്ത്രണ്ടു വയസ്സുകാരൻ ആൻഡ്രുവും പത്തു വയസ്സുകാരൻ ജൂലിയനും ഒടുവിൽ തങ്ങളുടെ മാതാപിതാക്കളുടെ ദൃഷ്ടിവലയങ്ങൾക്കു പുറത്തുകടന്നു. അവരുടെ കുടുംബം ഒരു ബോട്ടുയാത്ര നടത്തുകയായിരുന്നു. ഈ ആൺകുട്ടികൾ ബോട്ടിലുള്ള വിവിധതരം ചൂതാട്ടയന്ത്രങ്ങളിൽ ആകൃഷ്ടരായി. ഇവരുടെ ആകാംക്ഷ കണ്ടിട്ട് ഒരു കളിക്കാരൻ അവർക്കോരോരുത്തർക്കും സ്വയമായി യന്ത്രങ്ങൾ പരീക്ഷിച്ചുനോക്കുന്നതിനായി ഓരോ നാണയം വീതം നൽകി. പ്രശ്നം എന്തായിരുന്നുവെന്നോ? അവരുടെ മാതാപിതാക്കൾ ഈ യന്ത്രങ്ങൾക്കടുത്തു പോകുന്നതിൽനിന്ന് അവരെ വിലക്കിയിരുന്നു.
എന്നാലും ആൻഡ്രുവും ജൂലിയനും അപകട സാദ്ധ്യതയെ നേരിടുവാൻതന്നെ ഉറച്ചു. അവരുടെ മാതാപിതാക്കളുടെ മുന്നറിയിപ്പുകൾ ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കെ, അവർ ചൂതാട്ടയന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു—അവരുടെ പണം ഇരട്ടിയാവുകയും ചെയ്തു! അപ്പോൾ അവർ വീണ്ടും കളിച്ചു. ഇത്തവണ വിജയിച്ചപ്പോൾ പുറത്തേക്കു പ്രവഹിച്ച പണം അവരെ വിസ്മയഭരിതരാക്കി! ‘ഇത് എങ്ങനെയാണ് വളരെ അപകടകരമായിരിക്കുന്നത്?’ അവർ ചിന്തിച്ചു. ‘പണം ഉണ്ടാക്കുവാൻ എത്ര എളുപ്പം! ചൂതാട്ടം യഥാർത്ഥത്തിൽ വളരെ ചീത്തയാണോ?’
ചൂതാട്ടം സാധാരണമായിരിക്കുന്ന ദേശങ്ങളിലെ അനേകം യുവജനങ്ങളെപ്പോലെ ആൻഡ്രുവും ജൂലിയനും അതിൽ അൽപംപോലും ദോഷം കണ്ടില്ല. ഈ കാര്യത്തിൽ ചില മുതിർന്നവർ കാട്ടിയിരിക്കുന്ന ദൃഷ്ടാന്തം നിങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതു മനസ്സിലാക്കാൻ എളുപ്പമാണ്. അനേകരും ചൂതാട്ടം നടത്തുന്നുവെന്നു മാത്രമല്ല, അവരുടെ ഈ സ്വഭാവത്തെ ന്യായീകരിക്കുവാനായി ശരിയെന്നു തോന്നിപ്പിക്കുന്ന ന്യായങ്ങൾ നിരത്താറുമുണ്ട്. ഉദാഹരണത്തിന്, ഭാഗ്യക്കുറികളിൽനിന്ന് നല്ലകാര്യങ്ങളെ സഹായിക്കുന്നതിനു കിട്ടുന്ന തുകകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ചൂതാട്ടം യഥാർത്ഥത്തിൽ വളരെ നൻമ ചെയ്യുന്നു എന്ന് അവർ പറയും. (എന്നാൽ ഇതിന് ഒരു മയക്കുമരുന്നു രാജാവിൽനിന്നും ധർമ്മസ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന സംഭാവനകൾ മയക്കുമരുന്നു വ്യാപാരത്തെ ന്യായീകരിക്കുന്നു എന്നു പറയുന്നതിൽകൂടിയ അർത്ഥമില്ല!) എന്നിരുന്നാലും ചൂതാട്ടം ജീവിതത്തിൽ ഒരളവിൽ സ്വാഗതാർഹമായ ആവേശം കൂട്ടുന്ന നിരുപദ്രവകരമായ തമാശയും വിനോദവുമാണെന്നു മററുചിലർ അവകാശപ്പെടുന്നു.
ഏതായാലും മററു നാടുകളിൽ എന്നതുപോലെ ബ്രിട്ടനിലും അയർലണ്ടിലും ആയിരക്കണക്കിനു ചെറുപ്പക്കാർ ചൂതാട്ടക്കാരായിത്തീർന്നിരിക്കുന്നു. അൽപശ്രമംകൊണ്ട് അധികം പണമുണ്ടാക്കാനുള്ള സാദ്ധ്യത നിങ്ങൾക്കും വളരെ ആകർഷകമായി തോന്നിയേക്കാം.
ചൂതാട്ടം—മറഞ്ഞിരിക്കുന്ന അപകടങ്ങൾ
എന്നിരുന്നാലും ചൂതാട്ടം വളരെ യഥാർത്ഥമായ ചില അപകടങ്ങൾ യുവജനങ്ങൾക്കു നേരെ ഉയർത്തുന്നു. “ചൂതാട്ട ആസക്തരെ”ക്കുറിച്ചും “നിരുപദ്രവകരമായ ഒരു വിനോദം ഒരു വ്യക്തിയെ ഒരു വിചിത്ര ജീവിയാക്കിത്തീർക്കാൻ കഴിവുള്ള ഒരു ശക്തമായ ഉൾപ്രേരണയായി വളരുമ്പോൾ ചൂതാട്ടത്തിനു കൈവരുത്താൻ കഴിയുന്ന ഭയാനതകളെ”ക്കുറിച്ചും റിപ്പോർട്ടുകൾ പറയുന്നു. (ഒരു ബ്രിട്ടീഷ് ടെലിവിഷൻ ഡോക്കുമെൻററിയായ) ദി ബുസ്സ് അനുസരിച്ച് കുട്ടികൾക്കിടയിലെ ചൂതാട്ടം “സ്കൂൾക്ലാസ്സുകൾ ഉപേക്ഷിക്കുന്നതിലേക്കും അക്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയവയിലേക്കും ആസക്തിയോടുകൂടിയ ചൂതാട്ടത്തിലേക്കും വ്യഭിചാരത്തിലേക്കും അങ്ങേയററത്തെ കേസ്സുകളിൽ ആത്മഹത്യയിലേക്കും അല്ലെങ്കിൽ ആത്മഹത്യാശ്രമങ്ങളിലേക്കും നയിച്ചേക്കാം.” ചൂതാട്ടത്തിന് അത്യാപത്തുകളിലേക്കു നയിക്കാൻ ഇത്തരം ശക്തിയുണ്ടെന്ന വസ്തുത അനേകം ജീവിതാനുഭവങ്ങളാൽ തെളിയിക്കപ്പെടുന്നു.
“ഞാൻ ഏതാണ്ടു 11 വയസ്സുള്ളപ്പോൾ ചൂതാട്ടം തുടങ്ങി,” അഡ്രിയൻ പറയുന്നു. “എന്റെ പിതൃസഹോദരനുമായും എന്റെ ഒരു അകന്ന സഹോദരനോടൊത്തും ഞാൻ ഗ്രേഹൗണ്ട്നായ്ക്കളുടെ മത്സരഓട്ടങ്ങൾക്കുപോയി. തുടക്കത്തിൽ ഞാൻ വളരെ ഭാഗ്യവാനായിരുന്നു. മിക്കവാറും വിജയിക്കുകയും ചെയ്തു.” ഇതിന് അഡ്രിയന്റെമേലുള്ള ഫലം എന്തായിരുന്നു? “പണം ലഭിക്കുവാനായി എന്റെ ഡാഡിയോട് ഒരു കഥ—നുണക്കഥ—ഉണ്ടാക്കിപറയുവാൻ എനിക്ക് ഒരു മടിയുമില്ലായിരുന്നു,” അവൻ വിശദീകരിക്കുന്നു. “ഞാൻ കൗമാരപ്രായം കടക്കുന്നതിനു മുമ്പ് എന്റെ ഡാഡിയുടെ കടയിലെ പണപ്പെട്ടിയിൽനിന്ന് ചൂതാട്ടത്തിനായി പണം മോഷ്ടിക്കുന്നതിന് എനിക്കു ഒരു മനസ്സാക്ഷിക്കുത്തുമില്ലായിരുന്നു.”
മറെറാരു ദൂഷ്യഫലത്തിലേക്കും അഡ്രിയൻ ശ്രദ്ധതിരിക്കുന്നു. “നിങ്ങൾക്ക് എളുപ്പം ഒരു അലസനായിത്തീരാൻ സാധിക്കും,” അവൻ വിശദീകരിക്കുന്നു “എന്തുകൊണ്ടെന്നാൽ വിശ്വസ്തമായ പ്രയത്നത്തിലൂടെ നിങ്ങൾ നേടുന്ന പണം ചൂതാട്ടത്തിൽ ജയിച്ചുനേടാമെന്നു നിങ്ങൾ വിചാരിക്കുന്ന പണത്തോടു താരതമ്യം ചെയ്യുമ്പോൾ തുച്ഛമെന്നു തോന്നിയേക്കാം.”—സദൃശവാക്യങ്ങൾ 13:4, സഭാപ്രസംഗി 2:24 ഇവ താരതമ്യം ചെയ്യുക.
റോബർട്ട് (യഥാർത്ഥ നാമമല്ല) 12-ാം വയസ്സിൽ ചൂതാട്ടം തുടങ്ങി. മറെറാരുതരം അപകടത്തിലേക്ക് അവൻ വിരൽ ചൂണ്ടുന്നു. “നിങ്ങൾ ഒരു വലിയ അന്ധവിശ്വാസിയായിത്തീരുവാൻ ഇടയുണ്ട്.” അവൻ വിശദീകരിക്കുന്നു: “എന്റെ പിതാവിനു ഞങ്ങളുടെ കടയിൽ ചൂതാട്ട യന്ത്രങ്ങളുണ്ടായിരുന്നു. അവ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് എനിക്കു കൃത്യമായി അറിയാമായിരുന്നു. എന്നാലും ഫലത്തെ സ്വാധീനിക്കുവാൻ ശ്രമിച്ചുകൊണ്ട് അന്ധവിശ്വാസപരമായി ചില കാര്യങ്ങൾ ഞാൻ ചെയ്തു. സ്വിച്ച് ഒരു പ്രത്യേക വിധത്തിൽ തള്ളുക, ജയിച്ചുകിട്ടുന്ന പണം പാത്രത്തിൽതന്നെ കുറച്ചുനേരം ഇട്ടേക്കുക തുടങ്ങിയവയായിരുന്നു അത്. ചില ആളുകൾ യഥാർത്ഥത്തിൽ യന്ത്രങ്ങളോടു സംസാരിച്ചു.” അതെ, അനേകം ചൂതാട്ടക്കാരും അറിയാതെ ഭാഗ്യദേവന്റെ അന്ധവിശ്വാസികളായ ആരാധകരായിത്തീരുന്നു—ദൈവത്താൽ കുററം വിധിക്കപ്പെടുന്ന ഒരു പ്രവൃത്തി.—യെശയ്യാവ് 65:11.
വ്യാമോഹപരമായ ചൂതാട്ടം
ഗൂഢമായ മറെറാരു അപകടം ചൂതാട്ടം നടത്തുവാനുള്ള പ്രവണത ഫലത്തിൽ ഒരു ഒഴിയാബാധയായിത്തീരുന്നു എന്നുള്ളതാണ്. “പതിനാറു വയസ്സിൽ താഴെയുള്ള 2,000-ത്തിലധികം കുട്ടികൾ ഓരോ വർഷവും തങ്ങളുടെ മാതാപിതാക്കളാൽ ഗാംബേഴ്ള്സ് അനോനിമസ് (ചൂതാട്ട ആസക്തിയെ തരണം ചെയ്യാൻ സഹായിക്കുന്ന ഒരു സംഘടന) -ലേക്കു കൊണ്ടുപോകപ്പെടുന്നു. എന്നാൽ ചികിത്സക്കായി കൊണ്ടുപോകപ്പെടുന്നവരുടെ നിരക്ക് . . . ബ്രിട്ടനിൽ, മൊത്തമുള്ളതിന്റെ ഒരു ചെറിയ അംശം മാത്രമാണെന്നു വിചാരിക്കപ്പെടുന്നു.” (ദി ബുസ്സ്) അവർക്ക് എത്രമാത്രം ആസക്തരായിരിക്കാൻ കഴിയും? ഒരു റിപ്പോർട്ടു പറഞ്ഞു: “ഒരിക്കൽ കുരുക്കപ്പെട്ടു കഴിഞ്ഞാൽ അവർ ജയിച്ചാലും തോററാലും അവർക്ക് ചൂതാട്ടം നടത്തിയേ തീരൂ.”
ഓരോ ദിവസവും 90 പൗണ്ട് (420 രൂപ) ചൂതാട്ടം നടത്തിക്കളഞ്ഞിരുന്ന ഒരു സ്ത്രീയെ റോബർട്ട് ഓർമ്മിക്കുന്നു. ഒരു യുവ ചൂതാട്ടക്കാരൻ നാണയങ്ങൾ ഇട്ടുപ്രവർത്തിപ്പിക്കുന്ന ചൂതാട്ട യന്ത്രത്തോടുള്ള തന്റെ ആസക്തി ശമിപ്പിക്കുവാൻ പണം കിട്ടുന്നതിനു കിണഞ്ഞുശ്രമിച്ചു; അതിന് അയാൾ തന്റെ മാതാവിനെ കൊലചെയ്യാൻപോലും തുനിഞ്ഞു! വളരെ ചെറുപ്രായത്തിൽതന്നെ ചൂതാട്ടം തുടങ്ങിയ പാഡിക്കും സമാനമായി തന്റെ ചൂതാട്ടസ്വഭാവത്തെ നിയന്ത്രിക്കാൻ കഴിവില്ലായിരുന്നു. “ഞാൻ ഒരു ചൂതാട്ട കുടുംബത്തിലാണു വളർന്നത്,” അയാൾ ഓർമ്മിക്കുന്നു. “ഞാൻ എന്തിലും ഏതിലും ചൂതാട്ടം നടത്തുമായിരുന്നു. ഞാൻ വളരുകയും വിവാഹം കഴിക്കയും ചെയ്തപ്പോൾ ചൂതാട്ടം എന്റെ ഭാര്യയെയും കുട്ടികളെയും പട്ടിണിയിലാക്കി. അത് ഒടുവിൽ എന്നെ ആത്മഹത്യയുടെ വക്കിലേക്കു കൊണ്ടുവന്നു.”
ചൂതാട്ട യന്ത്രങ്ങളുടെ പ്രലോഭനം
ഏതുതരം ചൂതാട്ടത്തിനും അത്തരം ദാരുണമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും, എന്നാൽ ഇന്നത്തെ യുവജനങ്ങൾക്കുള്ള ഏററവും വലിയ അപകടങ്ങളിലൊന്ന് നാണയം ഇട്ടു പ്രവർത്തിപ്പിക്കുന്ന ചൂതാട്ടയന്ത്രമാണ്. ഇത് “യുവാക്കളായ ചൂതാട്ടക്കാരെ സംബന്ധിച്ചടത്തോളം ഇന്ന് ഏററവും വലിയ പ്രശ്നമെന്നു കരുതപ്പെടുന്നു” എന്ന് ജേർണൽ ഓഫ് ഗാംബ്ലിങ്ങ് ബിഹേവിയർ, സ്പ്രിങ്ങ് 1989 പറയുന്നു. ഏകായുധ കൊള്ളക്കാർ എന്ന് വിളിക്കപ്പെടുന്ന ഇത്തരം യന്ത്രങ്ങൾ “ഗൂഢവും പ്രലോഭിപ്പിക്കുന്നവയുമായ യന്ത്രങ്ങളാണ്” എന്ന് ദി ബുസ്സ് പറയുന്നു. “നിങ്ങൾ എത്ര കൂടുതൽ കളിക്കുന്നുവോ അത്രയധികം കളിക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടാകും.”
യഥാർത്ഥത്തിൽ നിങ്ങൾ ജയിക്കുന്നതിനേക്കാൾ അധികം തോൽക്കുമെന്ന് ഉറപ്പു നൽകുന്ന വിധം അന്തരങ്ങൾ നിറഞ്ഞ ഒരു കളി, അത് എത്രതന്നെ ആകർഷകമാണെങ്കിലും കളിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? നിങ്ങളുടെ വിജയ സാദ്ധ്യത യംഗ് പീപ്പിൾ നൗ ഇപ്രകാരം വിവരിച്ചു: “പരിചയഹീനനു യാതൊന്നിലും വിജയിക്കാനുള്ള അവസരം നൽകരുത് എന്നു പഴഞ്ചൊല്ലു പറയുന്നു. ചൂതാട്ട യന്ത്രങ്ങൾ അതു ചെയ്യുകയില്ല. . . . നിങ്ങൾ 10 പൗണ്ട് ഒരു യന്ത്രത്തിൽ ഇട്ടാൽ അത് ശരാശരി 7 പൗണ്ട് പിടിച്ചെടുക്കുകയും 3 പൗണ്ട് നിങ്ങൾക്കു തിരികെ തരികയും ചെയ്യും.”
യുവജനങ്ങളുടെമേൽ ചൂതാട്ടത്തിനുള്ള ഫലത്തെപ്പററി ഗവേഷണം നടത്തുന്ന മാർക്ക് ഗ്രിഫിത്സ് ഇപ്രകാരം അഭിപ്രായപ്പെടുന്നതിൽ അത്ഭുതമില്ല: “ചൂതാട്ട യന്ത്രത്തിൽനിന്നു പണം ഉണ്ടാക്കാനുള്ള ഒരേയൊരു മാർഗ്ഗം ഒരു യന്ത്രം സ്വന്തമാക്കുക എന്നതാണ്.” ഇത്ര ഫലശൂന്യമായ പ്രവർത്തനത്തിൽ ഉൾപ്പെടുന്നത് വിവേകപൂർവകമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
എന്നിരുന്നാലും, ഈ യന്ത്രങ്ങൾ, നിങ്ങൾ കൂടുതൽ കളിക്കുന്നതിനുവേണ്ടി നിങ്ങളെ കുരുക്കുന്നതിനായി ബുദ്ധിപൂർവം സംവിധാനം ചെയ്തിരിക്കുന്നവയാണ്. എങ്ങനെ? ജയിച്ച നിരമാത്രം കാണിക്കുന്നതിനു പകരം മൂന്നു നിര ചിഹ്നങ്ങൾ കാണിക്കുന്നതിനാൽ! യംഗ് പീപ്പിൾ നൗ വിശദീകരിക്കുന്നു: “സമ്മാനത്തുക ലഭിക്കുന്ന നിരയുടെ മുകളിലത്തേയും താഴത്തേയും നിരകൾ കാണിക്കുന്നത് കളിക്കാരിൽ അവർ ‘അൽപ്പത്തിനാണ് തോററത്’ എന്ന ഒരു മിഥ്യാബോധം ഉണർത്തുവാനും അങ്ങനെ ഒരു ശ്രമം കൂടി നടത്തുവാൻ അവരെ പ്രോത്സാഹിപ്പിക്കുവാനുമാണ്.” ജയത്തിനു വളരെ അടുത്തെത്തിയവയും രണ്ടു വിജയ ചിഹ്നങ്ങളും മൂന്നാമതൊരു പരാജയ ചിഹ്നവും “വിജയം വളരെ അടുത്തു” എന്നതിന്റെ അടയാളമായി മിക്കപ്പോഴും ചൂതാട്ടക്കാരൻ വീക്ഷിക്കുന്നു, അതിനാൽ വീണ്ടും ശ്രമിക്കുന്നതിന് അയാൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു—വീണ്ടും, വീണ്ടും, വീണ്ടും.
എന്നാൽ ചൂതാട്ട വ്യവസായത്തിന്റെ സ്വഭാവ വിശേഷതയാണ് ഇത്. നിർമ്മാതാക്കൾ ചൂതാട്ട യന്ത്രങ്ങളും ചൂതാട്ട കളികളും സംവിധാനം ചെയ്യുന്നത് നിങ്ങൾക്കു നഷ്ടപ്പെട്ടു എന്നു തോന്നുന്നതിനു പകരം അൽപ്പത്തിനു പോയി എന്ന ഒരു മിഥ്യാബോധം നിങ്ങളിൽ ഉളവാക്കുന്ന വിധത്തിലാണ്! നിങ്ങൾ വിജയത്തിനു അടുത്തെത്തി! “ജയത്തോടു” വളരെ അടുത്തെത്തിയതിനാൽ ലഭിക്കുന്ന ആവേശം കളി തുടരാൻ നിങ്ങളെ പരുവപ്പെടുത്തുന്നു. മിന്നിപ്പൊലിയുന്ന വിളക്കുകളും മാസ്മരികമായ ശബ്ദഘോഷങ്ങളും ഇതോടു ചേരുമ്പോൾ കളിക്കാനായി നിങ്ങളെ വശീകരിക്കുവാൻ ഉപയോഗിക്കുന്ന ശക്തമായ മാനസ്സിക സമ്മർദ്ദങ്ങളെക്കുറിച്ചു നിങ്ങൾക്കു കുറെ ധാരണ ലഭിക്കുവാൻ തുടങ്ങുന്നു—വീണ്ടും കളിക്കാൻ—വീണ്ടും നഷ്ടപ്പെടാൻ.
ശരിയായ തീരുമാനം എടുക്കുക
ചൂതാട്ടത്തിന് അടിമയായിത്തീരുന്ന ഒരു ചൂതാട്ടക്കാരനാകാതിരിക്കാൻ ഏററവും നല്ല മാർഗ്ഗം ഒന്നാമതുതന്നെ ചൂതാട്ടത്തെ ഒഴിവാക്കുക എന്നാണ്. അതിനെ അതിന്റെ എല്ലാ രൂപങ്ങളിലും ഒഴിവാക്കുക, ഇതിൽ ചെറിയ തുകക്ക് പന്തയം വെക്കുന്നതും ഉൾപ്പെടുന്നു. ജീവിതകാലം മുഴുവൻ നിൽക്കുന്ന ചൂതാട്ട സ്വഭാവങ്ങളിൽ അനേകവും തുടങ്ങുന്നത് ചെറിയ നാണയങ്ങളിൽ തുടങ്ങുന്ന ചൂതുകളിയിൽ നിന്നാണ്. ചൂതു കളിക്കാനുള്ള അവസരം ലഭിക്കുന്നുവെങ്കിൽ, യേശുക്രിസ്തു മത്തായി 7:17-ൽ പറഞ്ഞ തത്വം പരിചിന്തിക്കുക: “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.”
ഇതേക്കുറിച്ചു ചിന്തിക്കുക: ജനങ്ങളുടെ ജീവിതത്തിൽ ചൂതാട്ടം യഥാർത്ഥത്തിൽ എന്തുളവാക്കുന്നു? ദൈവാത്മാവിന്റെ ഫലങ്ങളായ സന്തോഷം, സമാധാനം, ആത്മനിയന്ത്രണം തുടങ്ങിയവ വികസിപ്പിക്കാൻ ഒരുവനെ അതു സഹായിക്കുമോ? അതോ സ്പർദ്ധ, കോപാവേശം, അത്യാഗ്രഹം തുടങ്ങിയവയാണോ അത് ഉൽപാദിപ്പിക്കുന്നത്? (ഗലാത്യർ 5:19-23) ഓർമ്മിക്കുക, അത്യാഗ്രഹം ദൈവത്താൽ കുററം വിധിക്കപ്പെടുന്നതാണ്. കേവലം ഒരു അത്യാഗ്രഹ പ്രവൃത്തിക്ക് ദൈവദൃഷ്ടിയിൽ നിങ്ങളെ കുററക്കാരനാക്കാൻ കഴിയും. ചൂതാട്ടക്കാർ ക്രിസ്തീയ യുവജനങ്ങൾക്കു ചേരുന്ന സഹവാസം ആയിരിക്കുമോ എന്നു നിങ്ങളോടു തന്നെ ചോദിക്കുക. (1 കൊരിന്ത്യർ 15:33) “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് ഓർമ്മിക്കുക. (1 യോഹന്നാൻ 5:19) പിശാചായ സാത്താന്റെ ഉദ്ദേശ്യങ്ങൾക്കായല്ലേ സ്പഷ്ടമായി ചൂതാട്ടം പ്രവർത്തിക്കുന്നത്? അതിനാൽ അതിൽ അകപ്പെടുവാൻ എന്തിനു വശീകരിക്കപ്പെടണം?
അയർലണ്ടിന്റെ ദേശീയ ഭാഗ്യക്കുറി ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മണ്ടൻമാരുടെ മേലുള്ള നികുതി എന്ന പേർ അതിനു പെട്ടെന്നു ലഭിച്ചു! ഇതിൽ വിശദീകരണം അടങ്ങിയിരിക്കുന്നു! ഒരു വിഡ്ഢിയെന്നു കരുതപ്പെടാനും ചൂതാട്ടക്കാരന്റെ സ്വപ്നലോകത്തിലേക്കു വശീകരിക്കപ്പെട്ട് ആവശ്യമായിരിക്കുന്ന പണം കൊള്ളയടിക്കപ്പെടാനും ആരാണ് ആഗ്രഹിക്കുക? ഭാഗ്യവശാൽ, (ആരംഭത്തിൽ സൂചിപ്പിക്കപ്പെട്ട) ആൻഡ്രുവും ജൂലിയനും കാലക്രമത്തിൽ ചൂതാട്ടം വിഡ്ഢികളടെ ഒരു കളിയാണ് എന്നു കണ്ടെത്തി. അതിന്റെ അപകടങ്ങൾ അവർ വ്യക്തമായി കാണുകയും അതിനെ ഒഴിവാക്കുകയും ചെയ്യുന്നു. അവർ പറയുന്നു: “ഏതായാലും, നിങ്ങളുടെ പണം ചൂതാട്ടം നടത്തി കളയുന്നതിനേക്കാൾ വളരെ അധികം പ്രയോജനകരമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ട്.” (g91 11/8)
[26-ാം പേജിലെ ചിത്രം]
വളരെ ചെറിയ തുകക്കുള്ള ചൂതാട്ടത്തിനുപോലും ഒരുവനെ കുരുക്കാൻ കഴിയും