ഒരു പുതിയ ലോകം—അത് എന്നെങ്കിലും വരുമോ?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്ന് ഏപ്രിൽ 13-ന് ഐക്യനാടുകളുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോർജ് ബുഷ് അലബാമയിലെ മോണ്ട്ഗമറയിൽ “ഒരു പുതിയ ലോകക്രമത്തിന്റെ സാധ്യത” എന്ന ശീർഷകത്തിൽ ഒരു പ്രസംഗം നടത്തി. ഉപസംഹാരമായി അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: “നമ്മുടെ മുമ്പിലുള്ള പുതിയ ലോകം . . . , അതു കണ്ടുപിടിത്തത്തിന്റെ ഒരു അത്ഭുത ലോകമാണ്.”
കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്ററ് ആധിപത്യങ്ങളുടെ പതനത്തോടെ “സമാധാനത്തിലും നീതിയിലും ജനാധിപത്യത്തിലും അടിസ്ഥാനമുള്ള ഒരു പുതിയ ലോകക്രമം പടിവാതിൽക്കലാണെന്നു തോന്നി” എന്ന് രണ്ടു മാസത്തിനുശേഷം ദ ബുള്ളററിൻ ഓഫ് ദി ആറേറാമിക് സൈൻറിസ്ററ്സ് പറഞ്ഞു.
1993-ലും ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള അത്തരം സംസാരം ഉണ്ടായിട്ടുണ്ട്. ന്യൂക്ലിയർ ആയുധങ്ങളുടെ വെട്ടിച്ചുരുക്കലുകൾക്കു പ്രതിജ്ഞ ചെയ്ത ഒരു ഉടമ്പടിയെക്കുറിച്ചു ജനുവരിയിൽ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. ആ പത്രം ഇങ്ങനെ പറഞ്ഞു: “പ്രസിഡൻറ് ബുഷിന്റെ കാച്ചിക്കുറുക്കിയ വാക്കുകളിൽ പറഞ്ഞാൽ അത് അമേരിക്കയെയും റഷ്യയെയും ‘പ്രത്യാശാനിർഭരമായ ഒരു പുതിയ ലോകത്തിന്റെ കവാടത്തിങ്കൽ’ ആക്കിവെക്കുന്നു.”
രണ്ടാഴ്ചയ്ക്കുശേഷം പുതിയ യു.എസ്. പ്രസിഡൻറ് ബിൽ ക്ലിൻറൺ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇപ്രകാരം ഉദ്ഘോഷിച്ചു: “ഇന്ന്, ഒരു പഴയ വ്യവസ്ഥിതി വഴിമാറുമ്പോൾ പുതിയ ലോകം കൂടുതൽ സ്വതന്ത്രമാകുകയാണ് പക്ഷേ, അതു സ്ഥിരത കുറഞ്ഞതാണ്.” “ഈ പുതിയ ലോകം ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തെ ഇപ്പോൾത്തന്നെ സമ്പന്നമാക്കിയിരിക്കുന്നു” എന്ന് അദ്ദേഹം അവകാശപ്പെടുകപോലും ചെയ്തു.
അതുകൊണ്ട്, വ്യത്യസ്തവും ഏറെ മെച്ചപ്പെട്ടതുമായ ഒരു പുതിയ ലോകത്തെക്കുറിച്ചു ധാരാളം സംസാരം നടന്നിരിക്കുന്നു. ഒരു കണക്കനുസരിച്ചു താരതമ്യേന ഹ്രസ്വമായ ഒരു കാലയളവിൽ “പുതിയ ലോകക്രമ”ത്തെക്കുറിച്ചു ജോർജ് ബുഷ് പരസ്യപ്രസ്താവനകളിൽ 42 പ്രാവശ്യം സംസാരിക്കുകയുണ്ടായി.
എന്നാൽ അത്തരം സംസാരം അസാധാരണമാണോ? അത്തരം സംസാരം ഇതിനു മുമ്പു കേട്ടിട്ടുണ്ടോ?
വാസ്തവത്തിൽ ഒട്ടും പുതുമയുള്ളതല്ല
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞയുടനെ 1919 മേയിൽ അമേരിക്കയിലെ ക്രിസ്തുസഭകളുടെ ഫെഡറൽ കൗൺസിൽ ഒഹായോവിലെ ക്ലീവ്ലൻഡിൽ ഒരു യോഗം നടത്തി. ആ യോഗത്തിൽവച്ച് ‘മെച്ചപ്പെട്ട ഒരു പുതിയ ലോകത്തിന്റെ സാധ്യത’ പ്രഖ്യാപിക്കപ്പെട്ടു. “സഹവാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും തത്ത്വത്തിനു മത്സരത്തിന്റെ തത്ത്വം വഴിമാറിക്കൊടുത്ത ഒരു പുതിയ ലോകമായിരിക്കും അത്. ഭിന്നതയുടെ തത്ത്വം മാറി ഐക്യത്തിന്റെ തത്ത്വം സ്ഥാപിക്കപ്പെട്ട ഒരു പുതിയ ലോകമായിരിക്കും അത്. . . . തിൻമക്കെതിരെയുള്ള പോരാട്ടം ഒഴികെ സകല ശത്രുതകളെയും സാഹോദര്യവും സ്നേഹബന്ധവും നീക്കം ചെയ്ത ഒരു പുതിയ ലോകമായിരിക്കും അത്.”
ഈ പുതിയ ലോകം വരുമെന്നു സഭകൾ എങ്ങനെയാണു വിശ്വസിച്ചത്? ബൈബിളിൽ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ രാജ്യഗവൺമെൻറ് മുഖാന്തരമോ? അല്ല. അത്തരമൊരു പുതിയ ലോകം ആനയിക്കാൻ അവർ ഒരു രാഷ്ട്രീയ സംഘടനയിലേക്കാണു നോക്കിയത്. “ഇന്നു നാം സർവരാജ്യസഖ്യം എന്നു വിളിക്കുന്നത്, ലോകത്തിലെ നമ്മുടെ മുഴു ക്രിസ്തീയ വിശ്വാസത്തിന്റെയും പരിശ്രമത്തിന്റെയും അനിവാര്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു പരിണിതഫലമാണ്” എന്ന് ഒരു സഭാനേതാവ് പറഞ്ഞു. ആ കാലഘട്ടത്തിലെ സഭാനേതാക്കൻമാർ സർവരാജ്യസഖ്യത്തെ “ദൈവരാജ്യത്തിന്റെ ഭൂമിയിലെ രാഷ്ട്രീയ പ്രകടന”മായി പ്രതിഷ്ഠിക്കുകപോലും ചെയ്തു.
മറുവശത്ത്, ജർമനിയിലെ അഡോൾഫ് ഹിററ്ലർ എന്ന ശക്തനായ നേതാവ് സർവരാജ്യസഖ്യത്തെ എതിർക്കുകയും 1930-കളിൽ ജർമനിയുടെ മൂന്നാം റെയ്ക്ക് [1933-1945-ലെ നാസിഭരണം] സ്ഥാപിക്കുകയും ചെയ്തു. ഈ റെയ്ക്ക് ഒരായിരം വർഷത്തേക്കു നിലനിൽക്കുമെന്നും ദൈവരാജ്യത്തിനു മാത്രം കൈവരിക്കാൻ കഴിയുമെന്നു ബൈബിൾ പറയുന്നത് അതു നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. “ഞാൻ ചെറുപ്പക്കാരിൽ തുടങ്ങുകയാണ്, അവരെക്കൊണ്ട് ഒരു പുതിയ ലോകം ഉണ്ടാക്കാൻ എനിക്കു കഴിയും,” ഹിററ്ലർ പറഞ്ഞു.
നാസികളുടെ ശക്തി പ്രകടിപ്പിച്ചു കാണിക്കാൻ ഹിററ്ലർ ന്യൂറംബർഗിൽ ഒരു കൂററൻ സ്റേറഡിയം പണികഴിപ്പിച്ചു. ഏകദേശം 1,000 അടി [300 മീററർ] നീളമുള്ള ഒരു പ്ലാററ്ഫോമിൽ 144 ഭീമൻ തൂണുകൾ നിർമിച്ചതു ശ്രദ്ധേയമാണ്. എന്തിന് 144 തൂണുകൾ? ‘കുഞ്ഞാടാ’യ യേശുക്രിസ്തുവിനോടു കൂടെ ഭരണം നടത്താനിരിക്കുന്ന 1,44,000 പേരെക്കുറിച്ചു ബൈബിൾ പറയുന്നു, അവരുടെ ഭരണം ആയിരം വർഷത്തേക്കായിരിക്കുമെന്നും അതു പറയുന്നു. (വെളിപ്പാടു 14:1; 20:4, 6) സ്പഷ്ടമായും, ന്യൂറംബർഗ് സ്റേറഡിയത്തിൽ നിർമിക്കപ്പെട്ട തൂണുകളുടെ എണ്ണം 144 ആയതു കേവലം യാദൃശ്ചികമായിട്ടല്ല, കാരണം നാസി ഉദ്യോഗസ്ഥൻമാർ ബൈബിൾ ഭാഷയും പ്രതീകാത്മക പ്രയോഗവും ഉപയോഗിച്ചതായി ശക്തമായ തെളിവുണ്ട്.
ദൈവരാജ്യത്തിനു മാത്രം നിറവേററാൻ കഴിയുന്നതെന്നു ബൈബിൾ പറയുന്ന കാര്യങ്ങൾ നിവർത്തിക്കാനുള്ള മനുഷ്യശ്രമങ്ങളുടെ ഫലമെന്തായിരുന്നു?
മനുഷ്യശ്രമങ്ങളുടെ പരാജയം
സമാധാനത്തിന്റെ ഒരു പുതിയ ലോകം ആനയിക്കാൻ സർവരാജ്യസഖ്യം പരാജയപ്പെട്ടുവെന്നു ചരിത്രം വാചാലമായ സാക്ഷ്യം വഹിക്കുന്നു. രാഷ്ട്രങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ആ സംഘടന നിലംപൊത്തി. മാത്രമല്ല, കേവലം 12 വർഷത്തിനുശേഷം മൂന്നാം റെയ്ക്ക് ഛിന്നഭിന്നമായി. അത് ഒരു സമ്പൂർണ പരാജയം, മാനുഷകുടുംബത്തിന് ഒരു അപമാനം ആയിരുന്നു.
സമാധാനപൂർണമായ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള മനുഷ്യശ്രമങ്ങൾ സർവത്ര പരാജയമായിരുന്നു. “ഏതു കാലത്തും നിലവിലിരുന്നിട്ടുള്ള ഏതു സംസ്കാരവും ഒടുവിൽ തകർന്നു വീണിട്ടുണ്ട്,” മുൻ യു.എസ്. സ്റേറററ് സെക്രട്ടറി ഹെൻട്രി കിസ്സിങർ പ്രസ്താവിച്ചു. “പരാജയമടഞ്ഞ ശ്രമങ്ങളുടെ, സഫലമാകാതെ പോയ അഭിലാഷങ്ങളുടെ ഒരു കഥയാണു ചരിത്രം.”
അപ്പോൾ, ലോകനേതാക്കൻമാർ അടുത്ത കാലത്തു കൊട്ടിഘോഷിച്ചിട്ടുള്ള പുതിയ ലോകക്രമത്തെ സംബന്ധിച്ചെന്ത്? വംശീയ കലാപങ്ങളുടെ പൊട്ടിപ്പുറപ്പെടൽ പുതിയ ലോകത്തെക്കുറിച്ചുള്ള അത്തരം ആശയത്തെത്തന്നെ ഇളിഭ്യമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ മാർച്ച് 6-ന് പംക്തിയെഴുത്തുകാരനായ വില്യം ഫാഫ് ഇങ്ങനെ പരിഹസിച്ചു: “പുതിയ ലോകക്രമം വന്നെത്തിയിരിക്കുന്നു. പടയേററത്തെയും കടന്നാക്രമണത്തെയും വംശീയ നിർമാർജനത്തെയും സ്വീകാര്യമായ അന്തർദേശീയ നടത്തയെന്നോണം വാഴ്ത്തുന്ന അത് ശരിക്കും പ്രവർത്തിക്കുന്നുണ്ട്, തികച്ചും പുതിയതുമാണ്.”
കമ്യൂണിസത്തിന്റെ പതനത്തെത്തുടർന്ന് ഉണ്ടായിട്ടുള്ള ഭയങ്കരമായ വിദ്വേഷവും അക്രമങ്ങളും നടുക്കമുളവാക്കുന്നവയാണ്. ജനുവരിയിൽ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പു ജോർജ് ബുഷ് പോലും ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “കാലക്രമേണ, പുതിയ ലോകം പഴയതിനെപ്പോലെതന്നെ പേടിപ്പെടുത്തുന്നതായിത്തീർന്നേക്കാം.”
പ്രത്യാശക്കുള്ള അടിസ്ഥാനം?
ഇപ്പോഴത്തെ സ്ഥിതിവിശേഷം ആശയററതാണെന്ന് ഇതിനർഥമുണ്ടോ? പുതിയ ലോകം കേവലം മനഃപൂർവമായ ഒരു സ്വപ്നമാണോ? ഒരു പുതിയ ലോകം സൃഷ്ടിക്കാൻ മനുഷ്യർക്കു കഴിഞ്ഞിട്ടില്ലെന്നുള്ളതു വ്യക്തമാണ്. എന്നാൽ അപ്രകാരം ചെയ്യാനുള്ള സ്രഷ്ടാവിന്റെ വാഗ്ദത്തം സംബന്ധിച്ചെന്ത്? “നാം അവിടുത്തെ [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും ഉണ്ട്” എന്നു ബൈബിൾ പറയുന്നു.—2 പത്രോസ് 3:13, NW.
ദൈവം വാഗ്ദത്തം ചെയ്യുന്ന പുതിയ ആകാശങ്ങൾ ഭൂമിമേലുള്ള ഒരു പുതിയ ഭരണാധിപത്യമാണ്. യേശു ആളുകളെ പ്രാർഥിക്കാൻ പഠിപ്പിച്ച ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറായ ദൈവരാജ്യമാണ് ഈ പുതിയ ഭരണാധിപത്യം. (മത്തായി 6:9, 10) ആ സ്വർഗീയ ഗവൺമെൻറ് യേശുവും 1,44,000 സഹഭരണാധികാരികളും അടങ്ങിയതായിരിക്കും. പുതിയ ഭൂമി ആളുകളുടെ ഒരു പുതിയ സമൂഹമായിരിക്കും. അതേ, ദൈവത്തിന്റെ ഭരണാധിപത്യത്തെ വിശ്വസ്തമായി പിന്താങ്ങിക്കൊണ്ടു മഹത്ത്വമാർന്ന ഒരു പുതിയ ലോകത്തിൽ അവർ ജീവിക്കും.
ദൈവരാജ്യഗവൺമെൻറ് വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകത്തിൻമേൽ ഭരണം നടത്തും. അതുകൊണ്ട് ഈ പുതിയ ലോകം മനുഷ്യൻ നിർമിക്കുന്നതായിരിക്കില്ല. “ദൈവത്തിന്റെ രാജ്യം മനുഷ്യർ ഏറെറടുത്തു നടത്തുന്ന ഒരു പ്രവർത്തനത്തെയോ അവർ പടുത്തുയർത്തുന്ന ഒരു മണ്ഡലത്തെയോ ഒരിക്കലും അർഥമാക്കുന്നില്ല” എന്ന് ഒരു ബൈബിൾ വിശ്വവിജ്ഞാനകോശം വിശദീകരിക്കുന്നു. “ഈ രാജ്യം ഒരു ദിവ്യ നടപടിയാണ്, മമനുഷ്യന്റെ നേട്ടമോ സമർപ്പിത ക്രിസ്ത്യാനികളുടെ നേട്ടം പോലുമോ ആയിരിക്കുന്നില്ല.”—ദ സോണ്ടർവാൻ പിക്ച്ചോറിയൽ എൻസൈക്ലോപീഡിയ ഓഫ് ദ ബൈബിൾ.
ദൈവരാജ്യത്തിൻ കീഴിലുള്ള പുതിയ ലോകം വരുമെന്നു തീർച്ചയാണ്. അതിന്റെ വരവു സംബന്ധിച്ച വാഗ്ദത്തത്തിൽ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയും, എന്തെന്നാൽ ആ വാഗ്ദത്തം നടത്തിയിരിക്കുന്നതു “ഭോഷ്കു പറയാൻ കഴിയാത്ത ദൈവ”മാണ്. (തീത്തൊസ് 1:2, NW) ദൈവത്തിന്റെ പുതിയ ലോകം ഏതുതരം ലോകമായിരിക്കുമെന്നു ദയവായി പരിചിന്തിക്കുക. (g93 10/22)
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo