സംഗീതനാടകശാലയിലെ ഒരു സായാഹ്നം
ഇററലിയിലെ ഉണരുക! ലേഖകൻ
പരിപാടിക്ക് തയ്യാറെടുക്കുകയായിരുന്ന വാദ്യവൃന്ദങ്ങളുടെ സ്വതവേയുള്ള ആ ശബ്ദ കോലാഹലം നിലയ്ക്കുന്നു. ലൈററുകൾ മങ്ങുന്നു. സംഗീത നായകൻ വേദിയിലേക്കു ചുവടുകൾ വയ്ക്കുന്നു. ഒരു ഹ്രസ്വമായ കയ്യടിയോടെ സദസ്സ് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സദസ്സിനെ വണങ്ങുന്നു. പിന്നെ, പരിപൂർണമായും ശാന്തമായ ഒരു ചുററുപാടിൽ അദ്ദേഹം കരങ്ങളുയർത്തി അധികാരം ദ്യോതിപ്പിക്കുന്ന ഒരു ആംഗ്യത്തോടെ അരങ്ങേററത്തിന്റെ ആരംഭ സ്വരങ്ങളിലേക്കു വാദ്യമേളക്കാരെ നയിക്കുന്നു. ഇതുപോലൊരു ആവേശഭരിതമായ നിമിഷം, ഒരു സംഗീതനാടകത്തിന്റെ (opera) തുടക്കം നിങ്ങൾ എപ്പോഴെങ്കിലും ആസ്വദിച്ചിട്ടുണ്ടോ? നിങ്ങൾക്ക് അതിന് ആഗ്രഹമുണ്ടോ? കൃത്യമായി പറഞ്ഞാൽ സംഗീതനാടകം എന്നു പറയുന്നത് എന്താണ്, അതിന്റെ ഉത്ഭവസ്ഥാനങ്ങൾ ഏതെല്ലാമാണ്?
ഒരു നാടകത്തിന്റെയോ (ഓപ്പറ സീരിയ) സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്ന ഹാസ്യപ്രധാനമായ നാടകത്തിന്റെയോ (ഓപ്പറ ബൂഫാ) തിയേററർ പ്രകടനമാണ് സംഗീതനാടകം. അതിന് ഒന്നോ അതിലധികമോ ഭാഗങ്ങൾ അഥവാ അങ്കങ്ങൾ ഉണ്ടായിരിക്കും. കഥാപാത്രങ്ങൾ തങ്ങളുടെ ഭാഗങ്ങൾ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. നാടകപാഠം അഥവാ ലിബ്രെറേറാ, (ഒരു എഴുത്തുകാരന്റെയോ കവിയുടെയോ രചന); ഒരു സംഗീതരചയിതാവ് രചിച്ച സംഗീതം; പാട്ട്; നൃത്തം; പ്രകൃതിദൃശ്യം; വസ്ത്രാലങ്കാരം എന്നിങ്ങനെ സംഗീതനാടകത്തിനു പല ഘടകങ്ങളുണ്ട്. സംഗീതമേളം സംഗീതനാടകങ്ങൾക്കു സമാനമാണെങ്കിലും കുറേക്കൂടെ ലഘുരൂപത്തിലുള്ളതാണ്. വെസ്ററ് സൈഡ് സ്റേറാറി അല്ലെങ്കിൽ ഒക്ക്ലഹോമ പോലുള്ള ഫിലിമുകൾ നിങ്ങൾ ഒരുപക്ഷേ കണ്ടിരിക്കും. അവയിൽ, പലപ്പോഴും അഭിനേതാക്കൾ സംസാരിക്കുന്നതിനു പകരം പാടുകയാണ് ചെയ്യുന്നത്.
സംഗീതനാടകങ്ങൾ നാനാവിധങ്ങളിലുണ്ട്: വൂൾഫ്ഗാങ്ങ്, അമാഡേവുസ്, മൊസാർട്ട്, ജോയാക്കീനോ, റൊസ്സിനി തുടങ്ങിയവ അത്ഭുതകരമെന്നു വർണിക്കപ്പെട്ടിരിക്കുന്നവയാണ്. ജൂസെപ്പാ വെർഡിയുടേത്, ഓജസ്സുററതും ഹൃദയസ്പർശിയും; റിക്കാർട്ട് വാഗ്നറുടേത്, സങ്കീർണവും സാവധാനമുള്ളതും ഉഗ്രവും; ഷോർഷ് ബിസെററിന്റേത്, നിറപ്പകിട്ടുള്ളതും ജീവസ്സുററതും; ജാക്കോമോ പൂച്ചീനിയുടേത് ഭാവപ്രധാനം.
സംഗീതവും ഗാനവും ഉത്ഭവിച്ചത് ഏറെക്കുറെ മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെയാണ്. (ഉല്പത്തി 4:21; 31:27) മനുഷ്യവർഗത്തിന്റെ അസ്തിത്വത്തിലുടനീളം അസംഖ്യം സംഗീതോപകരണങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 11-ാം നൂററാണ്ടോടുകൂടി സംഗീതരചനാരീതി അവലംബിക്കപ്പെട്ടു. 16-ാം നൂററാണ്ടിന്റെ ഒടുവിൽ ഇററലിയിലെ ഫ്ളോറൻസിലായിരുന്നു സംഗീതനാടകത്തിന്റെ ഉത്ഭവം എന്ന് പ്രമാണഗ്രന്ഥങ്ങൾ പറയുന്നു. ഈ രചനാരൂപത്തിന്റെ (ഓപ്പറ, ലിബ്രെറേറാ, സോപ്രാനോ, റെറനർ) വിവിധ വശങ്ങൾ വർണിക്കാനായി മററു പല ഭാഷകളും അസംഖ്യം ഇററാലിയൻ പദങ്ങളാണ് ഉപയോഗിക്കുന്നത്. ഇതു സംഗീതനാടകത്തിന്റെ ഉത്ഭവസ്ഥാനങ്ങൾക്കു സാക്ഷ്യം നൽകുന്നു. സംഗീതനാടകം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചതോടെ അത് അനേകം മാററങ്ങൾക്കു വിധേയമായി. ഇന്നു സംഗീതനാടകശാലകൾ ലോകമൊട്ടുക്കു കാണാൻ കഴിയും.
ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനു മിലാനിൽ താമസിക്കുന്ന ആന്റോണെല്ലോയും സ്വിററ്സർലണ്ടിൽ നിന്നു സന്ദർശനത്തിനു വന്നിരിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് മാക്സും തമ്മിലുള്ള സംഭാഷണം നമുക്കു ശ്രദ്ധിക്കാം. ആന്റോണെല്ലോയും മാക്സും മിലാനിലെ ഏററവും പേരുകേട്ട സംഗീതനാടകശാലകളിലൊന്നായ ലാ സ്കാലായിൽ അസാധാരണവും ഉത്സാഹഭരിതവുമായ ഒരു സായാഹ്നം ചെലവഴിക്കുകയാണ്.
സംഗീതനാടകശാലയിൽ
മാക്സ്: ലാ സ്കാലായുടെ ഉദ്ഘാടനം നടന്നത് 1778-ൽ ആണെന്നും രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബു വീണു തകർന്നതിനു ശേഷം അത് 1946-ൽ പുനർനിർമിച്ച് വീണ്ടും ഉദ്ഘാടനം ചെയ്തെന്നും താങ്കൾ എനിക്കു നൽകിയ ഗൈഡ്പുസ്തകത്തിൽനിന്നു ഞാൻ വായിച്ചു. അതിൽ 2,000-ത്തിലധികം പേർക്ക് ഇരിക്കാമെന്നും ആ പുസ്തകം പറയുന്നു.
ആന്റോണെല്ലോ: അത് ശരിയാണ്. നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, 17 മുതൽ 19 വരെയുള്ള നൂററാണ്ടുകളിൽ പണിയപ്പെട്ട മിക്ക സംഗീതനാടകശാലകളുടെയും കാര്യത്തിലെന്നപോലെ പൗരാണികമായ കുതിരലാട മാതൃകയിലുള്ള പണിയാണ് ലാ സ്കാലായും അവലംബിച്ചിരിക്കുന്നത്. ഇരിക്കാൻ ചുററിലുമായി ആറു തട്ടുകളിലായാണ് ഇരിപ്പറകളുള്ളത്. വാദ്യമേളക്കാർ ഇരിക്കുന്നതു സ്റേറജിന്റെ മുന്നിലാണ്. ലാ സ്കാലാ ലോകത്തിലെ സംഗീതനാടകശാലകളിൽ വെച്ച് ഏററവും പുരാതനമോ ഏററവും വലിയതോ ഒന്നുമല്ല. അനേകം സംഗീതനാടകങ്ങളും അരങ്ങേറിയിട്ടുള്ളത് ഇവിടെയാണെന്നും വിഖ്യാതരായ അനേകം സംഗീതനായകൻമാരും പാട്ടുകാരും ഇവിടെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നുമുള്ള വസ്തുതയാണ് ഇതിന്റെ പ്രശസ്തിക്കു കാരണം. കുറിപ്പുകളുടെ സഹായമില്ലാതെ സംഗീതം നയിക്കാൻ കഴിവുണ്ടായിരുന്ന വിഖ്യാതനായ നായകൻ ആർട്ടുറോ റെറാസ്കാനിനി ഇവരിൽപ്പെടുന്നു. ലാ സ്കാലായുടെ ശബ്ദവ്യവസ്ഥ കുററമററതാണെന്നു പറയപ്പെട്ടിരിക്കുന്നു. അതാണ് ഒരു സംഗീതനാടകശാലയ്ക്ക് ഉണ്ടായിരിക്കേണ്ട അവശ്യഘടകം. അവിടെ മൈക്കുകളോ ഉച്ചഭാഷിണികളോ മുഖേന സംഗീതത്തെയോ സ്വരത്തെയോ ഉച്ചത്തിൽ കേൾപ്പിക്കുന്നില്ല.
മാക്സ്: സംഗീതനാടകത്തിലെ പാട്ടുകാരെക്കുറിച്ച് കുറച്ചു കാര്യങ്ങൾ താങ്കൾക്ക് എന്നോടു പറഞ്ഞു തരാമോ?
ആന്റോണെല്ലോ: ആറു തരത്തിലുള്ള ശബ്ദങ്ങളുണ്ട്. ബാസ്സ്, ബാരിട്ടോൺ, റെറനർ എന്നിങ്ങനെ മൂന്ന് പുരുഷശബ്ദങ്ങളും കൺട്രാൽറേറാ, മെസോ-സോപ്രാനോ, സോപ്രാനോ എന്നിങ്ങനെ അതിനു സമാനമായ മൂന്നു സ്ത്രീശബ്ദങ്ങളും. ഓരോ ഗ്രൂപ്പിലും ബാസ്സും കൺട്രാൽറേറായും ഏററവും ഗാംഭീര്യമുള്ള സ്വരങ്ങളായിരിക്കുമ്പോൾ റെറനറും സോപ്രാനോയും ഏററവും ഉയർന്ന സ്വരങ്ങളാണ്. ബാരിട്ടോണും മെസോ-സോപ്രാനോയും മധ്യമ സ്വരങ്ങളാണ്.
ഒരു നല്ല സംഗീതനാടക ഗായകനായിത്തീരുന്നതിന് ഒന്നാമതായി നല്ല സ്വരം ഉണ്ടായിരിക്കണം. പിന്നെ ഒരു പ്രത്യേക സ്കൂളിൽ വർഷങ്ങളോളം പഠിക്കണം. തന്റെ സ്വരവിശേഷങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധം സംബന്ധിച്ചു വിദ്യാർഥിയെ പഠിപ്പിക്കുന്ന അത്തരം പഠനം കൂടാതെ ആർക്കും ഒരു സംഗീതനാടക ഗായകൻ ആകാൻ കഴിയില്ല. ഉടൻതന്നെ നിങ്ങൾ ഒററയ്ക്കു പാടുന്നവരെ (soloists) കാണുന്നു. ചിലപ്പോൾ അവർ, പ്രേമത്തിലായിരിക്കുന്ന മാതൃകാ യുവതീയുവാക്കൻമാരുടെ ഭാഗങ്ങൾ അഭിനയിക്കുമെങ്കിലും അവരിൽ വളരെ കുറച്ചു പേരൊഴിച്ച് ബാക്കിയെല്ലാവരും തന്നെ പക്വതയുള്ള, നല്ല അരോഗദൃഢഗാത്രരായ ആളുകളാണ്. അതെന്തുകൊണ്ടാണെന്നു താങ്കൾക്ക് അറിയാമോ?
മാക്സ്: ഇല്ല, അതറിയാൻ എനിക്ക് ആഗ്രഹം തോന്നുന്നു.
ആന്റോണെല്ലോ: എന്തുകൊണ്ടെന്നാൽ അവർ തങ്ങളുടെ തൊഴിലിന്റെ ഉന്നതസോപാനം അലങ്കരിക്കുന്നത് പക്വതയിലെത്തുമ്പോഴാണ്. സംഗീതനാടകം പാടുന്നതിനു കരുത്തുററ ഒരു ശരീരഘടനയും ആവശ്യമുണ്ട്. ശക്തവും ഉയർന്നതുമായ സ്വരങ്ങൾ ദീർഘനേരത്തേക്ക് ആവർത്തിച്ചാവർത്തിച്ചു പാടുന്നത് എളുപ്പമുള്ള സംഗതിയല്ല. 1950-കളിൽ ലാ സ്കാലായിൽ ഇടയ്ക്കിടയ്ക്കു വന്നു പാടിയിരുന്ന പ്രസിദ്ധ സോപ്രാനോ ആയിരുന്ന മേരിയ കല്ലസ് മെലിയാൻവേണ്ടി കടുത്ത പഥ്യം നോക്കിയപ്പോൾ പാട്ടുപാടുന്നതിനുള്ള അവരുടെ പ്രാപ്തി കുറയാൻ തുടങ്ങി. അതുകൊണ്ട് മാക്സ്, ഒററയ്ക്കു പാടുന്നവരുടെ ബാഹ്യാകാരത്തിലേക്ക് ശ്രദ്ധ പോകുന്നതിനു പകരം നിങ്ങൾ അവരുടെ ശബ്ദമാണ് വിലമതിക്കേണ്ടത്. അതാ! സംഗീതനായകൻ കടന്നുവരുന്നു. ഓപ്പറാ ഗ്ലാസ്സ് വെച്ചുകൊള്ളൂ. അപ്പോൾ ഗായകരെയും പ്രദർശനം മൊത്തത്തിലും മെച്ചമായി കാണാൻ കഴിയും. എന്നാൽ ഒരു നിർദേശം: സംഗീതനാടകത്തിന്റെ പരമാവധി പ്രയോജനം അനുഭവിക്കാൻ നാം ആദ്യത്തെ അങ്കം കണ്ടപ്പോൾ ചെയ്തതുപോലെ സംഗീതത്തിലും പാട്ടിലും തന്നെ ശ്രദ്ധ പതിപ്പിക്കുക.
അണിയറയിൽ എന്താണ് സംഭവിക്കുന്നത്?
മാക്സ്: എന്തൊരു നീണ്ട കയ്യടി! പാട്ടുകാരുടെ സ്വരം ശരിക്കും ഇമ്പകരം തന്നെ. ഇനിയിപ്പോൾ എത്രനേരം ഇടവേളയുണ്ട്?
ആന്റോണെല്ലോ: ഏതാണ്ട് 20 മിനിററ്. എന്നാൽ ഇടവേളസമയത്ത് യവനികക്കു പിന്നിൽ എന്താണു നടക്കുന്നതെന്നു താങ്കൾക്കറിയാമോ?
മാക്സ്: ഒരു പിടിയുമില്ല.
ആന്റോണെല്ലോ: വലിയ തിരക്കുപിടിച്ച പരിപാടികളാണ്! ഒരു സ്റേറജ് മാനേജരുടെ മാർഗനിർദേശത്തിൻ കീഴിൽ വിദഗ്ധരായ സ്റേറജ് സഹായികളും മെഷീൻ ഓപ്പറേററർമാരും ഇലക്ട്രീഷ്യൻമാരും ആശാരിമാരും മററു ജോലിക്കാരും ഒരേ സമയത്തുതന്നെ സ്റേറജ് അലങ്കാരം മാററുകയും പുതിയ പ്രകൃതിദൃശ്യങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇന്ന് സംഗീതനാടകശാലകൾ, പ്രകൃതിദൃശ്യങ്ങൾ അതിവേഗം മാററിവയ്ക്കാനുള്ള ആധുനിക സാങ്കേതികവിദ്യകൊണ്ട് സജ്ജീകൃതമാണ്. പ്രകടനം നടക്കുമ്പോൾ പോലും ചിലപ്പോൾ ഇതു സാധ്യമാണ്. സ്റേറജിന്റെ ഭാഗങ്ങൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനു ഹൈഡ്രോളിക് വേദികളും മെക്കാനിക്ക് ലിഫ്ററുകളും മററു യന്ത്രങ്ങളും ഉപയോഗിച്ചുവരുന്നു. സംഗീതനാടകശാലകളെല്ലാം ഓരോരോ സൂത്രവേലകൾക്കുവേണ്ടി അഥവാ ഓരോരോ വിസ്മയകരമായ ദൃശ്യങ്ങൾക്കുവേണ്ടി സജ്ജീകരണം ചെയ്യപ്പെട്ടിട്ടുള്ളവയാണ്. അതായത്, കൃത്രിമമായി മേഘങ്ങളോ മൂടൽമഞ്ഞോ ഉളവാക്കുന്നതിനു നീരാവി പുറപ്പെടുവിക്കുന്നതിനും, പുകയുണ്ടെന്നു തോന്നിക്കുന്നതിനും, മഴയുടെയോ കാററിന്റെയോ ഇരമ്പലും മിന്നൽപ്പിണരിന്റെ ശബ്ദവും കേൾപ്പിക്കുന്നതിനും ഒക്കെ പററിയ സജ്ജീകരണമുണ്ട്. വ്യത്യസ്ത തീവ്രതയിലുള്ള ഒരു കൂട്ടം സ്റേറജ് ലൈററുകൾ പ്രകൃതിദൃശ്യ ഫലങ്ങളും വർണ പ്രകാശവീചികളും ഉളവാക്കുന്നു. അവ വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നു.
മാക്സ്: നാം ഇവിടെയിരുന്ന് സംഗീതനാടകം കാണുകയും കേൾക്കുകയും ചെയ്യുന്നു. എന്നാൽ പ്രകടന സമയത്ത് സ്റേറജിന്റെ പിന്നിൽ എന്താണ് സംഭവിക്കുന്നത്?
ആന്റോണെല്ലോ: അതു രസകരമായ ഒരു സംഗതിയാണ്, മാക്സ്. നാം സുഖമായിരുന്ന് പ്രകടനം ആസ്വദിക്കുമ്പോൾ സ്റേറജിന്റെ പിന്നിലും വശങ്ങളിലും ഒരു സംഘടിത സമൂഹം പണിയെടുക്കുന്നു. പാട്ടുകാരനോ നൃത്തഗായകസംഘമോ നർത്തകരോ ശരിയായ സമയത്തു നീങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കുക? സ്റേറജിന്റെ പിന്നിൽ സ്റേറജ് മാനേജരുടെ സഹായിയോ സഹായികളോ കുറിപ്പിൽ നോക്കി വാദ്യമേളക്കാർ എവിടെവരെയായെന്നു തിട്ടപ്പെടുത്തി ശരിയായ സമയത്ത് സ്റേറജിലേക്കു പോകാൻ പാട്ടുകാർക്കു സൂചന കൊടുക്കുന്നു. ഗായകസംഘനായകൻ ഗായകസംഘത്തിന്റെ കാര്യത്തിലും അതു തന്നെ ചെയ്യുന്നു.
വരികൾ പറഞ്ഞുകൊടുക്കുന്ന ആൾ സദസ്സിന്റെ കാഴ്ചയിൽ പെടാതെ സ്റേറജിന്റെ മധ്യഭാഗത്തുള്ള ആ അറയിൽ ഒളിച്ചിരിപ്പുണ്ട്. അവനോ അവളോ ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷനിലൂടെ വാദ്യവൃന്ദനായകന്റെ ചലനങ്ങൾ നിരീക്ഷിക്കുകയും ഒററയ്ക്കു പാടുന്നവർ ചൊല്ലേണ്ടതിന് അല്പം മുമ്പായി കൃതിയിൽനിന്ന് (libretto) വരികൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. പാട്ടുകാരൻ ഒരു വരിയെങ്ങാനും മറന്നുപോയാലോ.
അവസാനമായി, ഡയറക്ടർ ദൃശ്യമാററങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. അദ്ദേഹം സ്റേറജിലേക്കുള്ള അഭിനേതാക്കളുടെ കൂട്ടത്തോടെയുള്ള വരവിനെ നിയന്ത്രിക്കുകയും വർണപ്രകാശ രശ്മികൾ കൃത്യമായ സമയത്ത് സ്റേറജിന്റെ കൃത്യമായ ഭാഗങ്ങളിലേക്കു തിരിച്ചുവിടാൻ തക്കവണ്ണം ഇലക്ട്രീഷ്യൻമാരുടെ പ്രവർത്തനം ശ്രദ്ധിക്കുകയും ചെയ്യുന്നു. പ്രകൃതിദൃശ്യം ഒരുക്കൽ എളുപ്പമാക്കുന്നതിനും ഒരു സമയത്ത് ഒന്നിലധികം പ്രദർശനങ്ങൾ നടത്തുന്നതിനുമായി മററു സംഗീതനാടകശാലകളിലേതുപോലെ കറങ്ങുകയും ഉയരുകയും ചെയ്യുന്ന രണ്ടു സ്റേറജുകൾ ലാ സ്കാലായിൽ സജ്ജീകരിക്കാനുള്ള പ്ലാനുണ്ട്.
മാക്സ്: ഇക്കണ്ട ആളുകളും വേലകളുമെല്ലാം ഒരു സംഗീതനാടകം അവതരിപ്പിക്കാനോ! എനിക്കു വിസ്മയം തോന്നുന്നു!
ആന്റോണെല്ലോ: അതെ, അതെ! വലിയ സംഗീതനാടകശാലകളിൽ എല്ലായ്പോഴും ഒരു സ്ഥിരം വാദ്യവൃന്ദവും ഗായകഗണവും നൃത്തസംഘവും അതുപോലെതന്നെ നൂറുകണക്കിനു കലാകാരൻമാരും ഉണ്ടായിരിക്കും. കൂടാതെ പ്രകൃതിദൃശ്യം രചിക്കുന്നതിലും ചായമിടുന്നതിലും ഉൾപ്പെട്ട എല്ലാ ശിൽപ്പികളെയും തയ്യൽക്കാരെയും ചെരുപ്പുകുത്തികളെയും ആശാരിമാരെയും മേക്കപ്പു ചെയ്യുന്ന കലാകാരൻമാരെയും ഇലക്ട്രീഷ്യൻമാരെയും ഒന്നോ അതിലധികമോ വരുന്ന പ്രകൃതിദൃശ്യ ചിത്രകാരൻമാരെയുംകൂടി കൂട്ടുമ്പോൾ മററനേകർ കൂടെയുണ്ട്. ഇവരെക്കൂടാതെ, സംരക്ഷണത്തിനും ഭരണനിർവഹണത്തിനും മററു സേവനങ്ങൾക്കുമായി ജോലിക്കാർ പിന്നെയും വേണം.
ബൈബിളധിഷ്ഠിത സംഗീതനാടകങ്ങൾ
മാക്സ്: ബൈബിളിൽനിന്ന് എടുത്തിട്ടുള്ള ഏതെങ്കിലും സംഗീതനാടകങ്ങളുണ്ടോ?
ആന്റോണെല്ലോ: ഉണ്ട്, അനേകമുണ്ട്. പുരാതന ജനങ്ങളുടെ ചരിത്രം, പുരാണം, മധ്യകാലഘട്ടത്തിലെ ഐതിഹ്യങ്ങൾ, വില്യം ഷേക്സ്പിയറിന്റെയും മററ് എഴുത്തുകാരുടെയും കൃതികൾ എന്നിങ്ങനെ വിഷയങ്ങളുടെ ഒരു വലിയ മേഖല തന്നെ സംഗീതനാടകത്തിനുണ്ട്. ഇററാലിയൻ രചയിതാവായ ജിയുസെപ്പി വെർഡിയുടെ “നെബുഖദ്നേസ്സർ” എന്ന രചനയുടെ ചുരുക്കപ്പേരായ നാബൂക്കോ എന്ന സംഗീതനാടകം യെരൂശലേമിൽ നിന്നു ബാബിലോനിലേക്ക അടിമകളായി കൊണ്ടുപോകപ്പെട്ട യഹൂദൻമാരെക്കുറിച്ചുള്ളതാണ്. മറെറാരു ഇററാലിയൻ രചയിതാവായ ജോയക്കിനോ റോസ്സിനി മോസെയുടെ (മോശ) ചരിത്രം സംഗീതരൂപത്തിലാക്കി. ഫ്രഞ്ച് സംഗീതജ്ഞനായ ഷാൾ-കമീൽ സാൻ-സാൻ, സാംസോൺ ഏററ് ഡലീല (ശിംശോനും ദലീലയും) രചിച്ചു. ഈ നാടകങ്ങളുടെ ഇതിവൃത്തം ബൈബിളിനോടു കൃത്യമായി പററിനിൽക്കുന്നില്ല. എന്നാൽ ഈ മൂന്നു സംഗീതനാടകങ്ങളും യഹോവയെന്ന ദൈവനാമം ഉപയോഗിക്കുന്നു.
മാക്സ്: വാസ്തവമോ? ഹാൻഡെലിന്റെയും ബക്കിന്റെയും കൃതികളിൽ ദൈവനാമം പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാൽ അതു ഗാനരൂപത്തിലുള്ള സംഗീതനാടകത്തിലും ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.
ആന്റോണെല്ലോ: നാബൂക്കോയുടെ അവസാനഭാഗത്ത് ഗായകഗണം ‘മഹാനായ യഹോവ’യെക്കുറിച്ചു പാടുകയും മഹാപുരോഹിതനായ സെഖര്യാവ് ദൈവനാമം പരാമർശിക്കുകയും ചെയ്യുന്നു. റോസ്സിനിയുടെ സംഗീതനാടകത്തിൽ മോശ ‘യഹോവ’യോടു പ്രാർഥിക്കുന്നു. അതേസമയം സാംസോൺ ഏററ് ഡലീലയിൽ ‘യഹോവ’ അഥവാ ‘ജെഹോവ’ എന്ന് അനേകം തവണ പരാമർശിക്കുന്നുണ്ട്.
മാക്സ്: വളരെ രസകരം തന്നെ.
ആന്റോണെല്ലോ: മററനേകം ബൈബിളധിഷ്ഠിത സംഗീതനാടകങ്ങൾ ഉണ്ട്. റിക്കാർട്ട് സ്ട്രോസ്സ് രചിച്ച സാലോമി; ആർനോൾട്ട് ഷോയിൻബെർക്ക് രചിച്ച മോസസ്സ് അൺഡ് ആരോൻ (മോശയും അഹരോനും); ഈൽഡേബ്രാൻഡോ പിസ്സെററി രചിച്ച ഡെബോരാ ഇ യായേൽ (ദെബോരയും യായേലും) എന്നിവ അവയിൽ പെടുന്നു. അതാ നോക്കൂ! അവസാനത്തെ അങ്കം തുടങ്ങാൻ പോകുകയാണ്.
മനം കവരുന്ന ഒരു സായാഹ്നം
ആന്റോണെല്ലോ: താങ്കൾക്ക് സംഗീതനാടകം ഇഷ്ടമായോ?
മാക്സ്: ഉവ്വ്. വിശേഷിച്ച്, താങ്കളുടെ നിർദേശപ്രകാരം സംഗീതനാടകപാഠം ഞാൻ നേരത്തെ തന്നെ വായിച്ചിരുന്നതുകൊണ്ട് എനിക്ക് ഇതിവൃത്തം മനസ്സിലാക്കാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിൽ അതു മനസ്സിലാക്കാൻ പ്രയാസമാകുമായിരുന്നു. താങ്കളുടെ നിർദേശത്തിനു നന്ദി.
ആന്റോണെല്ലോ: ചിലപ്പോൾ സംഗീതം സ്വരത്തെക്കാൾ ഉച്ചത്തിൽ ആകുന്നതിനാൽ ഒററയ്ക്കു പാടുന്നവരും ഗായകസംഘവും പാടുന്ന എല്ലാ വാക്കുകളും മനസ്സിലാക്കുക ഫലത്തിൽ സാധ്യമല്ല. ഉച്ചസ്വരങ്ങളിൽ പാടുന്ന വാക്കുകൾ ചിലപ്പോൾ തിരിച്ചറിയാൻ വിഷമമാണ്. ഇപ്പോൾ പല സംഗീതനാടകശാലകളിലും സദസ്സിന് ഇതിവൃത്തം മെച്ചമായി മനസ്സിലാക്കാൻ കഴിയത്തക്കവണ്ണം അവർ തർജമ ചെയ്ത ഉപതലക്കെട്ടുകളോ മേലെഴുത്തുകളോ പ്രദാനം ചെയ്യുന്നു.
മാക്സ്: ആന്റോണെല്ലോ, അത് അതിവിശിഷ്ടമായ ഒരു പ്രകടനം ആയിരുന്നു. സ്വരവും സംഗീതം രചിക്കാനും ആലപിക്കാനും വിലമതിക്കാനുമുള്ള പ്രാപ്തിയും മനുഷ്യനു സമ്മാനിച്ച സ്രഷ്ടാവിനെ നാം വിലമതിക്കാൻ മനോജ്ഞമായ സംഗീതവും ഗാനാലാപനവും യഥാർഥത്തിൽ ഇടയാക്കുന്നു. ആസ്വാദ്യവും പുളകപ്രദവുമായ ഒരു സായാഹ്നം ആസ്വദിക്കാൻ എന്നെ കൊണ്ടുപോയതിനു താങ്കൾക്കു നന്ദി.
[24-ാം പേജിലെ ചിത്രം]
ലാ സ്കാലാ ഓഡിറേറാറിയം
[കടപ്പാട്]
Lelli & Masotti/Teatro alla Scala
[25-ാം പേജിലെ ചിത്രം]
ഇററലിയിലെ മിലാനിലുള്ള ലാ സ്കാലാ
[കടപ്പാട്]
Lelli & Masotti/Teatro alla Scala
[26-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: “സാംസോൺ ഏററ് ഡലീല” എന്ന സംഗീതനാടകത്തിലെ ദൃശ്യം
[കടപ്പാട്]
Winnie Klotz