ബൈബിളിന്റെ വീക്ഷണം
സ്വർഗത്തിൽ പോകുന്നതാർ?
ഒരു ഭീകരന്റെ ബോംബ്, പറക്കുന്ന ഒരു വിമാനത്തെ തരിപ്പണമാക്കുന്നു. യാത്രക്കാരെല്ലാം കൊല്ലപ്പെടുന്നു. പ്രിയപ്പെട്ടവരെ ഇപ്പോൾ സ്വർഗത്തിലേക്ക് എടുത്തിരിക്കുകയാണെന്ന് ഇരകളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുന്നു, അകാലവും ക്രൂരവുമായ മരണത്തിന് ഒരു പരിഹാരമെന്നപോലെ.
പ്രസിദ്ധനായ ഒരു സംഗീതജ്ഞൻ മരിക്കുമ്പോൾ അദ്ദേഹം ‘സ്വർഗത്തിൽ ദൂതൻമാരോടൊപ്പം കാഹളമൂതുന്നതായി’ പറയപ്പെടുന്നു.
രോഗവും പട്ടിണിയും അപകടങ്ങളും കുഞ്ഞുങ്ങളുടെ മുഴു ജീവിതവും കവർന്നെടുക്കുന്നു. പുരോഹിതൻമാർ പറയുന്നതോ, അവർ ഇപ്പോൾ സ്വർഗീയ പരമാനന്ദം ആസ്വദിക്കുകയാണെന്ന്, ഒരുപക്ഷേ മാലാഖമാരായിപ്പോലും കഴിയുകയാണെന്ന്!
സ്വർഗീയ സമാധാനത്തിൽ തന്റെയടുത്തേക്ക് എല്ലാവരെയും എടുത്തുകൊണ്ടാണോ ദൈവം യുവാക്കളും പ്രായമായവരും അനുഭവിച്ച അനീതിക്കു പരിഹാരം കാണുന്നത്? മനുഷ്യവർഗത്തിലെ നല്ലവരും ശ്ലാഘ്യരുമായ എല്ലാവരെയും സംരക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ മാർഗം മാത്രമാണോ സ്വർഗീയ പ്രവേശനം? ബൈബിളിന്റെ വീക്ഷണം എന്താണ്?
സ്വർഗത്തിലില്ലാത്തവർ
ബൈബിളിന്റെ പ്രസ്താവന വ്യക്തമാണ്: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ?” (1 കൊരിന്ത്യർ 6:9) എന്നിരുന്നാലും, സ്വർഗം അവകാശമാക്കുകയില്ലാത്ത അനേകം നീതിമാൻമാരെക്കുറിച്ചും അനീതിക്കിരയായവരെക്കുറിച്ചും ബൈബിൾ സംസാരിക്കുന്നു.
ഉടൻതന്നെ രക്തസാക്ഷിയാകുമായിരുന്ന സ്നാപക യോഹന്നാനെക്കുറിച്ച് യേശുതന്നെ ഇപ്രകാരം പറഞ്ഞു: “സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേററിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏററവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 11:11) കുട്ടിയായിരുന്ന യേശുവിനെ നശിപ്പിക്കാനുള്ള ശ്രമത്തിൽ ബേത്ലഹേമിലും അതിന്റെ ജില്ലകളിലുമുള്ള രണ്ടും അതിനു താഴെയും വയസ്സുണ്ടായിരുന്ന എല്ലാ ആൺകുട്ടികളെയും ദുഷ്ട രാജാവായ ഹെരോദ് നിർദയം കൊലചെയ്തു. (മത്തായി 2:16) എന്നിട്ടും യേശു പറഞ്ഞു: “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ [യേശു] ഒരു മനുഷ്യനും [സ്ത്രീയും കുട്ടിയും] സ്വർഗ്ഗത്തിലേക്കു കയറിപ്പോയിട്ടില്ല.” (യോഹന്നാൻ 3:13, NW) അനീതിയുടെ ഈ ഇരകൾ സ്വർഗത്തിലുള്ളതായി യേശു പറയാഞ്ഞതെന്തുകൊണ്ടാണ്?
യേശു വഴി തുറന്നു
യേശു തന്നെത്തന്നെ “വഴിയും സത്യവും ജീവനും” എന്നു വിളിച്ചു. “നിദ്രകൊണ്ടവരിൽ ആദ്യഫല”മെന്ന് അപ്പോസ്തലനായ പൗലോസ് യേശുവിനെ പരാമർശിച്ചു. (യോഹന്നാൻ 14:6; 1 കൊരിന്ത്യർ 15:20) അതിന്റെ ഫലമായി, ആർക്കും സ്വർഗത്തിൽ അവനു മുമ്പായി പോകാൻ കഴിയുമായിരുന്നില്ല. എന്നാൽ പുനരുത്ഥാനശേഷം ഏതാണ്ട് 40 ദിവസം കഴിഞ്ഞ് യേശു സ്വർഗാരോഹണം ചെയ്തപ്പോൾ അതിനോടകം മരിച്ചുപോയിരുന്ന യോഗ്യതയുള്ള വിശ്വസ്തരായ മനുഷ്യർ അവന്റെ പിന്നാലെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടോ? ഏതാണ്ട് പത്തു ദിവസങ്ങൾക്കുശേഷം അപ്പോസ്തലനായ പത്രോസ് ദാവീദ് രാജാവിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “അവൻ മരിച്ചു അടക്കപ്പെട്ടു . . . അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. . . . ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ.”—പ്രവൃത്തികൾ 2:29, 34.
അതുകൊണ്ട്, ഒരുവൻ അനുഭവിക്കുന്ന അനീതികൾക്കു നഷ്ടപരിഹാരമായോ വ്യക്തികളുടെ വിശ്വസ്തതയ്ക്കു കേവലം പ്രതിഫലമായോ അല്ല ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുന്നത്, അതിലധികം ഉൾപ്പെടുന്നു. അത് സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്ന ഭരണസംഘത്തിന്റെ രൂപീകരണത്തിന് ഇടയാക്കുന്നു. ക്രിസ്തുവിന്റെ മാർഗനിർദേശത്തിൻ കീഴിലുള്ള, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട, മനുഷ്യ പ്രതിനിധികളുടെ ഒരു സംഖ്യ ഉൾപ്പെട്ടതാണ് ഈ ഭരണസംഘം.—റോമർ 8:15-17; വെളിപ്പാടു 14:1-3.
ഒരു സ്വർഗീയ രാജ്യം
യേശു ഈ ഭരണാധിപത്യത്തെ അഥവാ ഗവൺമെൻറിനെ “സ്വർഗ്ഗരാജ്യം” അഥവാ “ദൈവരാ”ജ്യം എന്നു പരാമർശിച്ചു. (മത്തായി 5:3, 20; ലൂക്കൊസ് 7:28) ഈ ഭരണസംഘത്തിൽ വൻ മനുഷ്യവർഗ സമൂഹങ്ങളെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് യേശു അതിനെ ഒരു “ചെറിയ ആട്ടിൻകൂ”ട്ടം (little flock) ആയി പരാമർശിച്ചു. (ലൂക്കൊസ് 12:32) മൂലഭാഷയിൽ ബൈബിളിന്റെ ഈ ഭാഗത്തുപയോഗിച്ചിരിക്കുന്ന “ചെറിയ” (മൈക്രൊസ്) എന്ന പദം വലിയ (മെഗാസ്) എന്ന പദത്തിന്റെ വിപരീതമാണ്. ലൂക്കൊസ് 12:32-ലെ അതിന്റെ പ്രയോഗം അളവിനെ അഥവാ കുറഞ്ഞ എണ്ണത്തെ പരാമർശിക്കുന്നു. അതുകൊണ്ട്, “സ്വർഗ്ഗരാജ്യ”ത്തിലെ അംഗത്വം ഒരു അനിശ്ചിത എണ്ണം ആളുകൾക്കുള്ളതല്ല. ഉദാഹരണത്തിന്: ഒരു ഗ്ലാസ്സിൽ കുറച്ചു (a little) വെള്ളം പകരാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ അത് നിറഞ്ഞുകവിയാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കും. അതുപോലെ “ചെറിയ ആട്ടിൻകൂട്ട”ത്തിലും ആളുകൾ നിറഞ്ഞുകവിയില്ല. ക്രിസ്തുവിനോടു കൂടെ ഭരിക്കാൻ ദൈവരാജ്യത്തിൽ ഒരു നിശ്ചിത (“ചെറിയ”) എണ്ണം സഹഭരണാധികാരികളുണ്ട്.
ഈ ഭരണാധികാരികളുടെ കൃത്യ എണ്ണം അപ്പോസ്തലനായ യോഹന്നാനു വെളിപ്പെടുത്തപ്പെട്ടു. അത് 1,44,000 ആണ്. (വെളിപ്പാടു 14:1, 4) ‘ദൈവത്തിന്നു രാജ്യവും പുരോഹിതൻമാരും ആകേണ്ടതിന്നു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവ’രാണെന്നും രാജാക്കൻമാരായി സ്വർഗത്തിൽനിന്ന് ഭൂമിയുടെമേൽ വാഴേണ്ടവരാണെന്നും വെളിപ്പാടിന്റെ ആദ്യഭാഗത്ത് ഇവരെക്കുറിച്ചുതന്നെ പറഞ്ഞിട്ടുണ്ട്. (വെളിപ്പാടു 5:9, 10) യേശുക്രിസ്തുവിനോടുള്ള സഹകരണത്തിൽ പ്രവർത്തിക്കുന്ന ഈ ഭരണസംഘം അവൻ തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ച രാജ്യമാണ്. അത് ഈ ഭൂമിയിലെ ദുർഭരണത്തിന്റെ കുററിപറിക്കുകയും അങ്ങനെ മനുഷ്യഭവനമായ ഭൂമിക്കു നീതിയും സമാധാനവും അതിലെ നിവാസികൾക്കു നിത്യചൈതന്യവും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഏജൻസി കൂടെയാണ്.—സങ്കീർത്തനം 37:29; മത്തായി 6:9, 10.
തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ ഒരു സംഘം
രാജ്യം നീക്കംചെയ്യുന്ന മനുഷ്യ ഭരണങ്ങൾ അഴിമതി നിറഞ്ഞതാകയാൽ സ്വർഗീയ ഗവൺമെൻറിൽ ഉൾപ്പെടുന്നവർ ദൈവത്താൽ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യം നമുക്കു കാണാൻ കഴിയുന്നില്ലേ? മനുഷ്യവർഗത്തിന്റെ ഇന്നത്തെ അവസ്ഥയെ മോശമായ കാലാവസ്ഥയിൽ കേടുവന്ന ഒരു ജററുവിമാനത്തിൽ യാത്രചെയ്യുന്ന നൂറുകണക്കിനു യാത്രക്കാരുടെ അവസ്ഥയോട് ഉപമിക്കാവുന്നതാണ്. നിർണായകമായ അത്തരമൊരു സാഹചര്യത്തിൽ ചെറുപ്പക്കാരും അനുഭവപരിചയമില്ലാത്തവരുമായ ഒരു വൈമാനിക സംഘമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഒരിക്കലുമില്ല! കർശനമായ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കപ്പെട്ട ജോലിക്കാരുടെ ഒരു സംഘത്തെയാണ് ആ സാഹചര്യത്തിലാവശ്യം.
ക്രിസ്തുയേശുവിനോടുകൂടെ സ്വർഗത്തിൽ സേവിക്കുന്നവരെക്കുറിച്ച് “ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു” എന്നറിയുന്നതിൽ നമുക്ക് ആശ്വസിക്കാം. (1 കൊരിന്ത്യർ 12:18) രാജ്യത്തിൽ സ്ഥാനം ലഭിക്കുന്നതിനുവേണ്ടിയുള്ള വ്യക്തിപരമായ ആഗ്രഹമോ മോഹമോ അല്ല നിർണായക ഘടകം. (മത്തായി 20:20-23) യോഗ്യതയില്ലാത്തവരുടെ പ്രവേശനം തടയാനായി ദൈവം വിശ്വാസത്തിന്റെയും നടത്തയുടെയും പ്രത്യേക നിലവാരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. (യോഹന്നാൻ 6:44; എഫെസ്യർ 5:5) ക്രിസ്തുവിന്റെ സഹഭരണാധികാരികൾ ആത്മീയ മനഃസ്ഥിതിയും സൗമ്യതയും നീതിസ്നേഹവും കരുണയും ഹൃദയശുദ്ധിയും സമാധാനപ്രിയവും ഉള്ളവർ ആണെന്നു തെളിയിക്കേണ്ടതാണെന്ന് യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ പ്രാരംഭവാക്കുകൾ പ്രകടമാക്കുന്നു.—മത്തായി 5:3-9; ഇതു കൂടെ കാണുക: വെളിപ്പാടു 2:10.
സന്തോഷകരമെന്നു പറയട്ടെ, ഭരണാധികാരികളുടെ ഈ സ്വർഗീയ പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യവർഗത്തിന്റെ വൻ ഭൂരിപക്ഷം ആശാരഹിതരല്ല. അവർ മനോഹരമായ ഭൂമിയെ അവകാശമാക്കുകയും ദിവ്യ ഭരണത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുകയും ചെയ്യും. ദൈവരാജ്യം അതിന്റെ മുഴു അർഥത്തിലും ‘വരുന്നതു’ കാണാൻ അതിജീവിക്കുന്നവരോടൊപ്പം ജീവിക്കാൻ ദീർഘനാൾ മുമ്പ് അനീതിക്കിരയായി മരിച്ചവരും ജീവനിലേക്കു തിരികെവരും. അവർക്കായി ഈ വാഗ്ദാനം പാലിക്കപ്പെടും: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കൻമാർ അതിൽ ശേഷിച്ചിരിക്കും.”—മത്തായി 6:9, 10; സദൃശവാക്യങ്ങൾ 2:21; പ്രവൃത്തികൾ 24:15.