ഐഡിറ്ററോഡ്—സുസ്ഥാപിതമായിത്തീരാൻ പത്തു ശതകങ്ങൾ
അലാസ്കയിലെ ഉണരുക! ലേഖകൻ
താഴെ, പട്ടണത്തിലെ പ്രധാന തെരുവിലേക്കു നമ്മൾ തലനീട്ടി നോക്കുന്നു. പരസ്യങ്ങൾക്കു വേണ്ടി ചിത്രങ്ങളെടുക്കാനുള്ള ക്യാമറകൾ, മറ്റു സജ്ജീകരണങ്ങൾ എന്നിവയുമായി അവിടെ ഒരു ജനക്കൂട്ടമുണ്ട്. നമ്മുടെ കണ്ണുകൾ തെരുവിന്റെ അങ്ങേയറ്റത്തേക്കു നീളുന്നു. അലാസ്കയിലെ നോമിലുള്ള ഫിനിഷ് ലൈനിൽ “ഐഡിറ്ററോഡ്—മഹാ മത്സരയോട്ട”ത്തിലെ ജേതാവിനെ ഒരു നോക്കു കാണുവാൻ നാം കാത്തിരിക്കുന്നു.
ഏകദേശം 1,800 കിലോമീറ്റർ ദൂരമുള്ള, ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ സ്ലെഡ് നായ ഓട്ടമത്സരം സാധാരണമായി പത്തു ദിവസത്തിലധികം നീണ്ടുനിന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒൻപതു ദിവസവും ഏതാനും മണിക്കൂറുകളും എന്നായിരുന്നു സമയം പട്ടികപ്പെടുത്തിയിരുന്നത്. പ്രാരംഭചടങ്ങുകൾ നടക്കുന്ന ആദ്യത്തെ 24 മണിക്കൂറുകൾ, ഈ വർഷം ഔദ്യോഗിക സമയത്തിൽ കണക്കാക്കുകയില്ലാത്തതുകൊണ്ടു രണ്ടു വർഷത്തെയും സമയങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. മറ്റു മത്സരങ്ങളിലെ പരിചയസമ്പന്നരായ ആളുകൾ ഉൾപ്പെടെ ഡസൻ കണക്കിനു മഷർമാർ ഇതിൽ ചേർന്നു.
വാസയോഗ്യമല്ലാത്ത ഒരു പ്രദേശത്ത്, അധികനേരവും തനിച്ച്, ഏതാണ്ടു പത്തു ദിവസങ്ങൾ കഴിയുന്നതിനെപ്പറ്റി ചിന്തിച്ചു നോക്കൂ. നോമിലെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാരത്തിനിടക്ക് ചുരങ്ങളും മഞ്ഞു മൂടിയ മലയിടുക്കുകളും തുന്ദ്രകളും മഞ്ഞുറഞ്ഞ നദിയിൽ കൂടെയുള്ള വിശാലമായ ഹൈവേയും മഞ്ഞുറഞ്ഞു ദുർഘടം പിടിച്ച കടലും താണ്ടണം. പൂജ്യത്തെക്കാൾ താഴ്ന്ന ഊഷ്മാവു സഹിക്കുകയും വേണം.
ഈ ധൈര്യപ്രകടനത്താലും മനുഷ്യരും നായ്ക്കളും തമ്മിലുള്ള സഹകരണത്താലും ഉണ്ടാകുന്ന ആവേശം നാം ശ്രദ്ധിക്കുന്നു. ‘ഇതെല്ലാം ആരംഭിച്ചതെവിടെയാണ്?’ എന്ന് അതിശയിക്കുകയും ചെയ്യുന്നു.
നായ മഷിങ്ങിന്റെ പൈതൃകം
“മഷിങ്ങ്,” “മഷർ” എന്നീ വാക്കുകൾ എവിടെ നിന്നാണ് ഉത്ഭവിച്ചത്? ഈ പദങ്ങൾ ഉത്ഭവിച്ചത് കാനഡയുടെ വടക്കു പടിഞ്ഞാറു ഭാഗത്തു കുടിയേറ്റം നടന്നു കൊണ്ടിരുന്നപ്പോഴാണ്. ഫ്രഞ്ച്-കനേഡിയൻ നായവണ്ടി ഡ്രൈവർമാർ “മാ-ർ-ർ-ച്ച്!” എന്നു നീട്ടി വിളിച്ചു പറഞ്ഞപ്പോൾ കാനഡയിലെ ഇംഗ്ലീഷ് കുടിയേറ്റക്കാർക്ക് അതു “മഷ്!” എന്നാണു തോന്നിയത്. അന്നു മുതൽ നായവണ്ടി ഡ്രൈവർ മഷർ എന്നറിയപ്പെടാൻ തുടങ്ങി.
ആധുനിക കാലത്തെ സ്ലെഡ് നായോട്ട മത്സരം താരതമ്യേന പുതിയ നേരമ്പോക്കാണെന്നിരിക്കേ, സ്ലെഡ് നായ്ക്കളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് ആയിരം വർഷങ്ങളെങ്കിലുമായി. ആദ്യമൊക്കെ, സ്ലെഡുകളെയും നായ്ക്കളെയും ഉപയോഗിച്ചിരുന്നത് മഞ്ഞു മൂടി പാഴായിക്കിടക്കുന്ന ഭൂമിയുടെ വടക്കൻ മേഖലകളിൽ കൂടി ചരക്കുകൾ കൊണ്ടുപോകുന്നതിനായിരുന്നു. നായ്ക്കൾ സ്ലെഡ് വലിക്കുന്നതിനെ പറ്റിയുള്ള ആദ്യരേഖ കാണപ്പെടുന്നത് പത്താം ശതകത്തിലെ അറബി സാഹിത്യത്തിലാണ്. സൈബീരിയയിലെ പ്രാകൃതവർഗക്കാരായ ചുക്ചികളാണ് ആദ്യമായി വിവിധ ഉപയോഗങ്ങൾക്ക് നായയെയും സ്ലെഡിനെയും ആശ്രയിക്കാൻ തുടങ്ങിയതെന്നു ചില പ്രാമാണികർ വിചാരിക്കുന്നു.
സ്വർണത്തിന്റെ കണ്ടുപിടിത്തമായിരുന്നു യഥാർഥ ഐഡിറ്ററോഡ് പാതയുടെ വികസനത്തിനു വഴിയൊരുക്കിയത്. 1908-ൽ ഒത്താപസ്കാൻ ഇൻഡ്യാക്കാർ കലമാൻ വേട്ട നടത്തിക്കൊണ്ടിരുന്ന ഒരു പ്രദേശത്ത് സ്വർണം കണ്ടെത്തി. അവർ ആ സ്ഥലത്തെ “വിദൂരസ്ഥലം” എന്നർഥമുള്ള ഹെയ്ഡിറ്ററോഡ് എന്നു വിളിച്ചു. പിന്നീട് ആ പേര് ഐഡിറ്ററോഡ് എന്ന് ഇംഗ്ലീഷീകരിച്ചു. അതിന്റെ ഫലമായി ഐഡിറ്ററോഡ് എന്ന പട്ടണത്തിൽ കൂടി നോമിലേക്കു പോകുന്ന 1,800 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പാത വികാസം പ്രാപിച്ചു. കാലക്രമേണ അത് ഐഡിറ്ററോഡ് പാത എന്നറിയപ്പെടാൻ തുടങ്ങി.
അലാസ്കയിലെയും കാനഡയിലെയും സ്വർണം തേടിയുള്ള പാച്ചലിനിടക്ക് സാധനസാമഗ്രികൾ, തപാൽ, സ്വർണം എന്നിവ വിശാലമായ നിർജനപ്രദേശങ്ങളിലൂടെ കടത്തിക്കൊണ്ടു പോയിരുന്നത് ഈ ശ്വാനവണ്ടികളായിരുന്നു. 1911-ന്റെ അവസാനത്തിൽ നാലു നായ സംഘങ്ങൾ ചേർന്ന് ഒറ്റ പ്രാവശ്യം 1,200 കിലോഗ്രാം സ്വർണം കടത്തിക്കൊണ്ട് ഐഡിറ്ററോഡ് പാതയിലൂടെ 1912 ജനുവരി 10-ന് അലാസ്കയിലെ കിനിക്കിലെത്തിച്ചേർന്നെന്ന് ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു.
ആധുനിക നായോട്ട മത്സരം പിറക്കുന്നു
സ്വർണം തേടിയുള്ള പാച്ചലിന്റെ യുഗത്തിൽ, പ്രവർത്തനനിരതമായ അനേകം നായ സംഘങ്ങളുണ്ടായിരുന്നതുകൊണ്ട് ശ്വാനപാലകർ—നായ്ക്കളെ കൈകാര്യം ചെയ്തിരുന്നവരെ അങ്ങനെ വിളിച്ചിരുന്നു—തങ്ങളുടെ തലവൻ നായയോ ടീമോ ഒക്കെയായിരിക്കാം ഏറ്റവും ശക്തമായതും വേഗതയേറിയതും പ്രസരിപ്പുള്ളതും എന്നു കരുതുക സാധാരണമായിരുന്നു. തത്ഫലമായി, കൂടെക്കൂടെ മത്സരങ്ങൾ ഉണ്ടാകുമായിരുന്നു. അങ്ങനെ ഓൾ അലാസ്കാ ഓട്ടപ്പന്തയം എന്ന ആദ്യത്തെ സംഘടിത ശ്വാനവണ്ടി മത്സരം 1908-ൽ നോമിൽവെച്ചു നടത്തപ്പെട്ടു. ആധുനിക സ്ലെഡ് നായോട്ടത്തിന്റെ മുന്നോടിയായിരുന്ന ഇത് ആ മഷർമാരെ മറ്റൊരു ഓട്ടമത്സരത്തിന് ഒരുക്കി—ഒരു സുവർണസമ്മാനം നേടാനല്ല, മറിച്ച് ജീവൻ രക്ഷിക്കാൻ.
പ്രതിരോധമരുന്നുകളുടെ 1925-ലെ നോം യാത്ര
പ്രതിരോധമരുന്നുകളുടെ ചരിത്രപ്രസിദ്ധമായ നോം യാത്ര മരണത്തിനെതിരെയുള്ള ഒരു സ്ലെഡ് നായോട്ടമായിരുന്നു. 1925-ൽ നോമിൽ ഡിഫ്തീരിയ (തൊണ്ടമുള്ള്) പൊട്ടിപ്പുറപ്പെട്ടു. രോഗ വ്യാപനത്തിന്റെ ഭീഷണി മൂലം പ്രതിരോധമരുന്നുകൾ അടിയന്തിരമായി നോമിലെത്തേണ്ടതുണ്ടായിരുന്നു. 20 ശ്വാനപാലകരുടെയും അവരുടെ ടീമുകളുടെയും കൂടി ഒരു റിലേ സംഘടിപ്പിക്കപ്പെട്ടു. പൂജ്യത്തിലും താഴെ 46 ഡിഗ്രി സെൽഷ്യസ് ഊഷ്മാവു രേഖപ്പെടുത്തിയ നിനാനയിൽനിന്ന് ആദ്യ ടീം പുറപ്പെട്ടു, അങ്ങനെ പരസ്പരം 50 മുതൽ 80 വരെ കിലോമീറ്റർ അകലത്തിൽ കിടന്നിരുന്ന ഗ്രാമങ്ങൾക്കിടക്ക് ഒരു റിലേ ഓട്ടം ആരംഭിച്ചു. വർഷത്തിന്റെ ആ സമയത്ത് ആർട്ടിക് മേഖലയിലെ പകൽ കേവലം മൂന്നോ നാലോ മണിക്കൂറുകൾ മാത്രമായിരുന്നതു കൊണ്ട്, ഓട്ടത്തിന്റെ അധികഭാഗവും ഇരുട്ടത്തായിരുന്നു.
നോമിലേക്കുള്ള വഴിയുടെ 1,080 കിലോമീറ്ററുകളിലധികവും 5 1/3 ദിവസങ്ങൾക്കകം പിന്നിട്ടു; സാധാരണഗതിയിൽ ഈ യാത്രയ്ക്ക് 25 ദിവസങ്ങളെടുക്കും. കാറ്റിന്റെ തണുപ്പിക്കൽ പ്രഭാവം മൈനസ് 57 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ ഉള്ള ആഞ്ഞടിക്കുന്ന ഹിമവാതങ്ങളെ തരണം ചെയ്തുകൊണ്ട് മഷർമാർ സഞ്ചരിച്ചു. ഈ കൃത്യം വളരെ മഹത്തായ ഒന്നായിരുന്നതുകൊണ്ട് യു.എസ്. പ്രസിഡണ്ട് കാൽവിൻ കൂളിഡ്ജ് പങ്കെടുത്തവർക്കെല്ലാം ഓരോ മെഡലും പ്രശംസാപത്രവും നൽകി.
തലവൻ നായ്ക്കൾ
ഒരു ടീമിലെ നായക നായ വളരെ പ്രധാനപ്പെട്ടതാണ്. വളരെ കുറച്ചു നായ്ക്കളേ തലവൻമാരായി യോഗ്യത നേടാറുള്ളു. ഒരു ടീമിലുള്ള നായ്ക്കളുടെ എണ്ണമനുസരിച്ച് തലവൻ നായ മഷറുടെ 15 മുതൽ 20 വരെ മീറ്ററോ അതിലധികമോ മുമ്പിലായിരിക്കും. ഇരുണ്ടതോ മഞ്ഞു മൂടിയതോ ആയ സാഹചര്യങ്ങളിലോ വളവുകൾ തിരിയുമ്പോഴോ തലവൻ നായ മഷറുടെ കാഴ്ചയിൽനിന്നു പൂർണമായി മറഞ്ഞു പോകാം. അതുകൊണ്ടു തന്റെ യജമാനനെ ആശ്രയിക്കാതെ പാത മണത്തറിയുക, ഏറ്റവും സുരക്ഷിതമായ വഴി തിരഞ്ഞെടുക്കുക, പെട്ടെന്നാവശ്യമായി വരുന്ന മറ്റു തിരഞ്ഞെടുപ്പുകൾ നടത്തുക എന്നിവയെല്ലാം ഈ നായയെ ആശ്രയിച്ചാണിരിക്കുന്നത്.
കഴിഞ്ഞ വർഷം, അതിനു തൊട്ടു മുമ്പത്തെ വർഷം രണ്ടാമതായി ഓടിയെത്തിയ അലാസ്കയിൽ നിന്നുള്ള ഡീഡീ ജോൺറോ എന്ന മഷർക്ക് തന്റെ ഏറ്റവും വിശ്വസ്തനായ തലവൻ നായയെ ഉപേക്ഷിക്കേണ്ടതായി വന്നു. അത് അവളുടെ ടീമിന് ഒരു വലിയ അടിയായിരുന്നു. പത്തു പ്രാവശ്യം ഐഡിറ്ററോഡിൽ പങ്കെടുത്തിട്ടുള്ള ലേവൻ എന്ന മഷർക്ക് രണ്ടു വർഷം മുമ്പ്, തന്റെ പരിചയസമ്പന്നരല്ലാത്ത തലവൻ നായ്ക്കളോട് നിരന്തരം ഉറക്കെ ആജ്ഞാപിച്ചുകൊണ്ടിരുന്നതു കൊണ്ട് സ്വരമടച്ചു പോയതിനാൽ നോമിലെത്തുന്നതിന് 369 കിലോമീറ്റർ മുമ്പ് ഓട്ടം അവസാനിപ്പിക്കേണ്ടിവന്നു.
തലവൻ നായ്ക്കളെ പുകഴ്ത്തുന്നത് മഷർ തന്റെ ടീമിനെ നയിക്കാൻ ഒന്നും ചെയ്യുന്നില്ല എന്നു പറയാൻ വേണ്ടിയല്ല. നേരേമറിച്ച്, “ജീ” (വലത്ത്), “ഹോ” (ഇടത്ത്), “വോ” (നില്ക്കുക) തുടങ്ങിയ ആജ്ഞകൾ പുറപ്പെടുവിച്ചു കൊണ്ട് അദ്ദേഹം വളരെയധികം നിയന്ത്രിക്കുന്നു. അടുത്ത കാലത്തെ “മഷ്” ഫുട്ബോളിലെ ഒരു സാധാരണ പദമായ “ഹൈക്ക്” എന്നോ വെറും “ലെറ്റ്സ് ഗോ (പോകാം)” എന്നോ ആക്കി മാറ്റിയിരിക്കുന്നു. ഇവയോ സമാനമായ പ്രയോഗങ്ങളോ ടീമിനെ പ്രവർത്തനോൻമുഖമാക്കുകയും അതിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. അത്തരം ആജ്ഞകളും രസകരമായ ഒരുതരം ഹിമക്കൊളുത്തുകളും—ഇത് മഞ്ഞിനുള്ളിൽ തറച്ചു വച്ചിരിക്കുന്ന ഒരുതരം കടിഞ്ഞാണുകളാണ്—ചേർന്ന് അമിതാകാംക്ഷയുള്ള നായ്ക്കൾ സമയമാകുന്നതിനു മുമ്പ് ഓട്ടം തുടങ്ങുന്നതു തടഞ്ഞുകൊണ്ട് സാധാരണമായി ടീമിനെ നിയന്ത്രണത്തിൽ നിർത്തുന്നു.
ഇവിടെ “സാധാരണമായി” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് മിനെസൊറ്റയിൽനിന്നുള്ള മാർക്ക് നോർഡ്മൻ എന്ന മഷർ തലവൻ നായയുടെ ആശ്രയയോഗ്യത, ആജ്ഞകളോടുള്ള ടീമിന്റെ പ്രതികരണം എന്നിവയെ ചെറിയ തോതിൽ ചോദ്യം ചെയ്തേക്കാം എന്നുള്ളതുകൊണ്ടാണ്. അടുത്ത കാലത്തെ ഒരു മത്സരത്തിൽ, ഒരു ചെക്ക്പോയിൻറിലെത്തുന്നതിനു തൊട്ടു മുമ്പ്, കുരുങ്ങിക്കിടന്ന ചില ചരടുകൾ നേരെയാക്കാൻ വേണ്ടി അദ്ദേഹം തന്റെ ടീമിനെ ഒന്നു നിർത്തി. അദ്ദേഹം നേരെയാക്കിക്കൊണ്ടിരിക്കേ, നായ്ക്കൾ ചരടുകളെല്ലാം കൂടി ചുറ്റിപ്പിണച്ച്, കടിഞ്ഞാണിൽനിന്ന്, അതായത് നായ്ക്കളെ ഓരോന്നിനെയും കെട്ടിയിട്ടിരിക്കുന്ന സ്ലെഡിൽ നിന്നുള്ള ലോഹക്കമ്പിയിൽനിന്നു സ്വതന്ത്രരായി ഓടാൻ തുടങ്ങി. ടീം അകന്നു പോയപ്പോൾ മാർക്ക് കടിഞ്ഞാണിൽ പിടുത്തം കിട്ടാൻ വേണ്ടി പിന്നാലെ കുതിച്ചു, എന്നാൽ അവസാനത്തെ നായകളുടെ പിന്നിൽവെച്ചേ അതിൽ പിടുത്തം കിട്ടിയുള്ളൂ. (ഒരു വിജനസ്ഥലത്തു ടീമിനെ നഷ്ടപ്പെടുന്നതു വളരെ അപകടകരമാണ്.) അടുത്ത അര മണിക്കൂർ നേരത്തേക്ക് ടീം തന്നെ ഹിമപ്പരപ്പിൽ കൂടെയും നദി കര കവിഞ്ഞൊഴുകിയ വെള്ളത്തിൽ കൂടെയും വലിച്ചു കൊണ്ടുപോയപ്പോൾ അദ്ദേഹം ഒരു മഞ്ഞുകോരി പോലെയും വെള്ളത്തിൽ സ്കീയിങ് നടത്തുന്ന ഒരാളെപ്പോലെയും ആയിരുന്നു. തന്റെ ടീമിന്റെ പിന്നാലെ, മുഴുസമയവും നില്ക്കാനുള്ള ആജ്ഞകൾ വിളിച്ചു പറഞ്ഞുകൊണ്ടു മഞ്ഞിൽ കൂടി നിരങ്ങി നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഹിമവസ്ത്രം വെള്ളത്തിൽ കുതിർന്നു, താടികൾക്കടിയിൽ മഞ്ഞിൻ തരികൾ അടിഞ്ഞു കൂടി. അവസാനം നായ്ക്കൾ അനുസരിച്ചു, ഉപേക്ഷിക്കപ്പെട്ട സ്ലെഡ് വീണ്ടെടുക്കാൻ അദ്ദേഹം തിരിച്ചു നടന്നു. ആ നിമിഷത്തിൽ അദ്ദേഹത്തിനു തന്റെ നായക നായയുടെ അനുസരണക്കുറവിൽ നിരാശ തോന്നി!
എന്നാലും, തലവൻ നായ്ക്കളുടെ ആശ്രയയോഗ്യത തെളിയിക്കുന്ന സന്തോഷകരമായ ഫലങ്ങളടങ്ങുന്ന സാഹചര്യങ്ങളുമുണ്ട്. ഐഡിറ്ററോഡിനിടക്ക് ഉറക്കം പരിമിതമായ തോതിലേ ഉള്ളൂ. വഴി നേരെയുള്ളതും നിരപ്പുള്ളതും ആയിരിക്കുമ്പോൾ ടീമിനെ തലവൻ നായയുടെ മേൽനോട്ടത്തിൽ വിട്ടുകൊടുത്തിട്ട് മഷർ സ്ലെഡിനുള്ളിലിരുന്നു ചെറുതായൊന്നു മയങ്ങിയേക്കാവുന്ന അവസരങ്ങളുണ്ട്. ആ സമയമത്രയും നായ്ക്കൾ പ്രസരിപ്പോടെ തങ്ങളുടെ ലക്ഷ്യസ്ഥാനമായ നോമിലേക്കു യാത്ര തുടരുന്നു.
ചിലപ്പോൾ പാത നല്ലതാണെങ്കിൽ ഒരു ടീമിന് മണിക്കൂറിൽ 18 മുതൽ 19 കിലോമീറ്റർ വരെ വേഗത കുറച്ച് ഓടാനും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതകൂട്ടി ഓടാനും കഴിയും. ശരാശരി വേഗത അതിലും വളരെ കുറവാണെങ്കിലും അവയ്ക്ക് ഒരു ദിവസം 160 കിലോമീറ്റർ ഓടിത്തീർക്കാൻ കഴിയും. പ്രഗത്ഭരായ ഒരു ടീം മത്സരത്തിന്റെ പത്തു ദിവസങ്ങളിലും മണിക്കൂറിൽ ശരാശരി ഏഴു കിലോമീറ്റർ വീതം ഓടി.
അലാസ്കയിലെ സ്ലെഡ് നായ
സ്ലെഡ് നായ്ക്കളോടു മോശമായി പെരുമാറുന്നില്ലെങ്കിലും അവയെ മനുഷ്യർ ചൂഷണം ചെയ്യുകയാണെന്നു ചിലർ പറയുന്നു. മൃഗങ്ങളുടെ മേൽ മനുഷ്യർ ചെയ്തു കൂട്ടുന്ന ദ്രോഹങ്ങളെപ്പറ്റി ചിന്തിച്ചാൽ, ഈ ആകുലത ന്യായരഹിതമല്ല.
സ്ലെഡ് നായ്ക്കൾ തങ്ങളുടെ ജോലി നിർവഹിക്കാൻ വളരെ ആവേശഭരിതരായി കാണപ്പെടുന്നു. സ്റ്റാർട്ടിങ് ലൈൻ അവയുടെ കുരകളാൽനിറയുന്നതിൽനിന്ന് അതു മനസ്സിലാക്കാം. ഇങ്ങനെ ഓരോന്നും ഓട്ടം തുടങ്ങാനുള്ള അതിന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നു. പത്തംഗങ്ങളുള്ള ഒരു ടീം അവയെ വണ്ടിയോടു ചേർത്തു ബന്ധിച്ചിരുന്ന പൂട്ടിൽ ശക്തമായി വലിച്ചതു കൊണ്ട് അവയെ കെട്ടിയിട്ടിരുന്ന ട്രക്ക്—അതു പാർക്കിങ് ബ്രേക്കോടെ ഗിയറിലിട്ടിരുന്നിട്ടു പോലും—വലിച്ചു കൊണ്ടു പോയി! ഇത് ചില നായ്ക്കൾ പോകാൻ എത്ര തിടുക്കമുള്ളവയാണെന്നു കാണിക്കുന്നു.
മഷർമാർ തങ്ങളുടെ മൃഗങ്ങളുടെ ക്ഷേമത്തിൽ വളരെ തത്പരരാണ്. വിശ്രമത്തിനു വേണ്ടി നിർത്തുമ്പോൾ അധിക സമയവും അവയ്ക്ക് ആഹാരം ഉണ്ടാക്കുന്നതിനും മഞ്ഞു കിടക്കകളിൽ അവയെ പൊതിഞ്ഞു കിടത്തുന്നതിനു വൈക്കോൽ വിരിക്കുന്നതിനും കൂടാതെ അവയുടെ പാദങ്ങളെ സംരക്ഷിക്കുന്ന കൊച്ചു ബൂട്ടുകൾ പരിശോധിക്കുന്നതിനും പാദങ്ങളിൽ മുറിവു പറ്റിയിട്ടുണ്ടെങ്കിൽ അവ പരിചരിക്കുന്നതിനും വേണ്ടിയാണു ചെലവഴിക്കുന്നത്. മഷർമാർക്ക് ആറോ ഏഴോ മണിക്കൂർ നേരത്തെ വിശ്രമം ലഭിക്കത്തക്ക വിധം 24 മണിക്കൂറിനിടക്ക് ഒരു പ്രാവശ്യം വിശ്രമത്തിനായി നിർത്താൻ നിയമമുണ്ടെങ്കിലും ഐഡിറ്ററോഡിൽ മഷർമാരുടെ വിശ്രമം ഏതെങ്കിലും ഒരു സമയത്തുള്ള ഒന്നരയോ രണ്ടോ മണിക്കൂർ നേരത്തെ ഹ്രസ്വമായ ഇടവേളയിലൊതുങ്ങുന്നു. ഭാഗ്യവശാൽ നായ്ക്കൾക്കു മഷറെക്കാൾ കൂടുതൽ വിശ്രമം ലഭിക്കുന്നു.
നായ്ക്കൾ അവയുടെ തൂക്കത്തെക്കാൾ കൂടിയ ഭാരം വലിക്കരുതെന്നാണ് മഷറുടെ തത്ത്വം. മഷറെയും കൂടി ചേർത്ത് സാധാരണ വലിപ്പമുള്ള ഒരു ഐഡിറ്ററോഡ് സ്ലെഡിന്റെ തൂക്കം 140 മുതൽ 230 വരെ കിലോഗ്രാം ആണ്. ഒരു ഓട്ടപ്പന്തയക്കാരന് 15 നായ്ക്കളുള്ള ഒരു ടീം ഉണ്ടെങ്കിൽ ഓരോ നായയും 15 കിലോഗ്രാമോ അതിൽ കുറവോ ഭാരമേ വലിക്കേണ്ടതായി വരുന്നുള്ളു. ഇത് ഒരു നായയുടെ ശരാശരി തൂക്കമായ 25 കിലോഗ്രാമിനെക്കാൾ വളരെ കുറവാണ്. മാത്രവുവല്ല, അധികസമയവും മഷർ സ്ലെഡിലിരുന്ന് ഓടിക്കുന്നില്ല. മറിച്ച്, അയാൾ പിന്നാലെ ഓടിക്കൊണ്ടു തള്ളുകയും ഒരുപക്ഷേ ഒരു കയറ്റം കയറാനോ പരുപരുത്ത തറയിൽ കൂടി പോകാനോ സഹായിക്കുകയും ചെയ്യുന്നു.
മഷർമാർ തങ്ങളുടെ നായ്ക്കൾക്കു കൊടുക്കുന്ന ഈ പരിചരണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ഓട്ടമത്സരങ്ങൾ നായ്ക്കളിൽ ചിലതിനു ഹാനി വരുത്തുന്നു എന്നു പറയുന്ന ചിലരുണ്ട്. ചില നായ്ക്കൾക്ക് ഓട്ടം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും നിർദയം തള്ളുന്നതു നിമിത്തം ചിലതു ചത്തുപോവുക പോലും ചെയ്യുന്നുവെന്നും ഐക്യനാടുകളിലെ ഹ്യൂമേയ്ൻ സൊസൈറ്റി അവകാശപ്പെട്ടുവെന്ന് ദ ന്യൂയോർക്ക് ടൈംസിനുള്ള ഒരു കത്തു പറയുന്നു. ഇതിനുള്ള കാരണത്തിൽ അധികപങ്കും വഹിക്കുന്നത് ഏകീകൃത സ്പോൺസർമാർ നൽകുന്ന വലിയ പ്രതിഫലത്തുകയാണെന്നു പറയപ്പെടുന്നു.
നാലിനം നായ്ക്കൾ
ഗതിവേഗം നിലനിർത്താനും അതാസ്വദിക്കാനും കഴിയുന്നത് ഏതുതരം നായയ്ക്കാണ്? ഹിമവണ്ടി വലിക്കാൻ പരിശീലനം ലഭിച്ച ഏതു നായയ്ക്കും ഒരു സ്ലെഡ് നായ ആകാം. എന്നാൽ അലാസ്കയിൽ ഓട്ടമത്സരത്തിനുപയോഗിക്കുന്നത് സാധാരണമായി നാലു പ്രധാന ഇനങ്ങളിൽ ഏതെങ്കിലും ഒന്നിനെയാണ്. ലോർണാ കോപ്പിംഗർ സ്ലെഡ് നായ്ക്കളുടെ ലോകം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ പറയുന്നതനുസരിച്ച് അലാസ്കൻ മാലമ്യൂട്ട്, സൈബീരിയൻ ഹസ്കി, അലാസ്കൻ ഹസ്കി, ഗ്രാമീണ നായ അഥവാ ഇൻഡ്യൻ നായ എന്നിവയാണവ.
1) അലാസ്കൻ മാലമ്യൂട്ട് ആർട്ടിക് മേഖലയിൽ തന്നെയുള്ള ഒരു പ്രത്യേക ഇനമാണ്. റഷ്യൻ പര്യവേഷകർ അതിനെ ബെറിംഗ് കടലിടുക്കിന്റെ വടക്കുകിഴക്കുള്ള കോത്സിബു സൗണ്ട് എന്ന പ്രദേശത്തെ ആദിമനിവാസികളായ മാലമട്ട് അഥവാ മാലമ്യൂട്ട് എന്നറിയപ്പെട്ടിരുന്ന എസ്കിമോ വർഗക്കാരുടെ കൂടെയാണു കണ്ടെത്തിയത്. ഈ നായയ്ക്ക് നല്ല വലിപ്പമുള്ള ശരീരമാണുള്ളത്, വളരെ ശക്തനുമാണ്. സ്വർണം തേടിയുള്ള പരക്കംപാച്ചലിന്റെ കാലഘട്ടത്തിൽ ഇവ ഭാരമുള്ള ചരക്കുകൾ കൊണ്ടുപോകാൻ മികവുറ്റവയെന്നു തെളിഞ്ഞു. ഇത്ര വലിയ ശക്തി ഉള്ളതു കൊണ്ടും അതിന്റെ സഹനശക്തി നിമിത്തവും അതിന്റെ വേഗതക്കുറവു പരിഹരിക്കപ്പെടുന്നു.
2) പൊതുവേ ചൈതന്യമില്ലാത്ത നീലക്കണ്ണുകളോടു കൂടിയ സൈബീരിയൻ ഹസ്കിയും ഇതുപോലെ ഒരു വർഗമായി തിരിച്ചറിയിക്കപ്പെടുന്നു. അത് ചെറുതും ബുദ്ധിയുള്ളതും വേഗതയുള്ളതും വ്യതിരിക്തമായ പാണ്ടുകൾ ഉള്ളതുമാണ്. 1909-ൽ അതിനെ ആദ്യമായി അലാസ്കയിൽ കൊണ്ടുവന്നത് രണ്ടാമത്തെ ഓൾ അലാസ്കാ ഓട്ടപ്പന്തയത്തിൽ പത്ത് അലാസ്കൻ ഹസ്കികളടങ്ങുന്ന തന്റെ ടീമിനെ പങ്കെടുപ്പിച്ച റഷ്യാക്കാരനായ ഒരു രോമവസ്ത്രവ്യാപാരിയാണ്.
3) അലാസ്കൻ ഹസ്കി ഒരു വർഗമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും വ്യതിരിക്തമായ സ്വഭാവ സവിശേഷതകളുള്ള ഒന്നായി തിരിച്ചറിയിക്കപ്പെടുന്നു. വടക്കൻ മേഖലയിലെ നായ്ക്കളുടെ ഒരു സങ്കരയിനമാണത്. എസ്കിമോയ്ക്കുള്ള പ്രാദേശിക പദമായ ഹസ്കി അഥവാ ഹസ്കൈ എന്ന പദത്തിൽ നിന്നാണ് അതിന് ആ പേരു കിട്ടിയിട്ടുള്ളത്. ആ പദത്തിന്റെ അർഥം “പച്ചമാംസം ഭക്ഷിക്കുന്നവൻ” എന്നാണ്. വർഷങ്ങൾക്കു മുമ്പ് വടക്കൻ പ്രദേശങ്ങളിലെ മഷർമാർ തങ്ങളുടെ നായ്ക്കളെ തീറ്റിപ്പോറ്റാൻ അധികവും ഉണങ്ങിയ മത്സ്യങ്ങളെ ആശ്രയിച്ചിരുന്നതുകൊണ്ട് ഈ പേര് യോജിക്കാത്തതല്ല.
4) ഇന്ന് ഓട്ടമത്സരങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇൻഡ്യൻ അഥവാ ഗ്രാമീണ നായ പൊതുവേ ഇനം തിരിക്കപ്പെടാത്തതാണ്. അതു വളരുന്ന ഗ്രാമപ്രദേശങ്ങളിൽ ലഭ്യമായ ജീൻ ശേഖരത്തിൽ തിരഞ്ഞെടുത്തവയുടെ അനേക വർഷങ്ങളിലെ ശ്രദ്ധാപൂർവകമായ ഇണചേർക്കലിന്റെ ഉത്പന്നമാണത്. ഈ നായയ്ക്ക് ഏതാണ്ടു രണ്ടു മിനിറ്റു കൊണ്ട് ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. അതിന് ഒരു 30 കിലോമീറ്റർ ഓട്ടം മണിക്കൂറിൽ 27 കിലോമീറ്റർ എന്നതിനെക്കാൾ മെച്ചമായ വേഗതയിൽ ഓടിത്തീർക്കാൻ കഴിയും എന്നു മാത്രമല്ല, അടുത്ത ദിവസത്തെ ഓട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാൻ മാത്രം ഊർജം വീണ്ടും ഉണ്ടായിരിക്കുകയും ചെയ്യും. ചിലർക്ക് അത്ര ആകർഷകമായി തോന്നുകയില്ലെങ്കിലും ഉചിതമായ ഒരു സഞ്ചാര ക്രമമുള്ളതാണെങ്കിൽ മഷർമാർക്ക് ഈ നായ ആകർഷകമാണ്.
സമാപനം
ജേതാവ് ഓടിയെത്തുന്നത് ഐഡിറ്ററോഡിന്റെ സമാപനത്തെ കുറിക്കുകയില്ല. മത്സരം ഔദ്യോഗികമായി തീരുന്നതിനും അവസാനമായി ഫിനിഷിങ് ലൈൻ കടക്കുന്ന മഷർക്കു ചുവപ്പു റാന്തൽ അവാർഡു സമ്മാനിക്കുന്നതിനും മുമ്പ് പിന്നെയും എട്ടു പത്തു ദിവസങ്ങൾ കൂടി ഉണ്ടാകും. തീവണ്ടിയുടെ ഏറ്റവും പിന്നിലായോ ജോലിക്കാർക്കുള്ള കമ്പാർട്ടുമെൻറിലോ ഒരു ചുവപ്പുറാന്തൽ തൂങ്ങിക്കിടക്കുമായിരുന്ന റെയിൽ ഗതാഗതകാലത്തുനിന്നാണ് ചുവപ്പു റാന്തൽ അടയാളം സ്വീകരിച്ചിട്ടുള്ളത്.
ഐഡിറ്ററോഡിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മനുഷ്യരെയും നായ്ക്കളെയും 1,800 കിലോമീറ്ററിലേറെ ദൂരം അങ്ങേയറ്റം ദുർഘടമായ പ്രദേശങ്ങളിലൂടെ തീർത്തും അനുകൂലമല്ലാത്ത കാലാവസ്ഥയിൽ സഞ്ചരിക്കാൻ പ്രാപ്തരാക്കുന്ന, അവർക്കിടയിലെ സംഘടിത പ്രവർത്തനത്തിൽ നമുക്കു മതിപ്പു തോന്നുന്നു. എന്നിട്ടും, ചില ടീമുകൾ ഈ ദൗത്യം ഏതാണ്ട് പത്തര ദിവസങ്ങൾകൊണ്ടു പൂർത്തിയാക്കുന്നു. അത്തരമൊരു കൃത്യം നിർവഹിക്കാൻ അവർക്കു സാധിക്കത്തക്കവിധം സ്രഷ്ടാവ് മനുഷ്യരിലും മൃഗങ്ങളിലും വച്ചിരിക്കുന്ന ശാരീരികവും മാനസികവുമായ പ്രാപ്തികളാലും നമുക്കു മതിപ്പുണ്ടാകുന്നു.
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photos: © Jeff Schultz/ Alaska Stock Images