അദ്ദേഹം തന്റെ മുൻഗണനകൾ മാറ്റിയതിന്റെ കാരണം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഒരു ഗംഭീരമായ ഗാനവർഷം പെട്ടെന്ന് വായുവിലാകെ പടർന്നു. അവസാനിക്കാത്തതായി തോന്നിയ സുവ്യക്തമായ ശ്രുതിമധുര സംഗീതങ്ങൾ ഉതിർന്നു. ഞാൻ സ്തബ്ധനായി നിന്നുപോയി. “അതൊരു വാനമ്പാടിയാണ്!” ജെറെമി മന്ത്രിച്ചു. ആ മഹത്തായ ശബ്ദത്തിന്റെ ഉറവിടം കണ്ടുപിടിക്കാനായി ഞങ്ങൾ ആ കുറ്റിക്കാടിനു ചുറ്റും പതുങ്ങി നടന്നു. അപ്പോഴാണ് കാഴ്ചക്ക് അത്ര വ്യക്തമല്ലാത്ത, ഇളം തവിട്ടുനിറമുള്ള ഒരു നാണംകുണുങ്ങി പക്ഷിയെ ഞങ്ങൾ ആ കുറുങ്കാട്ടിനുള്ളിൽ കണ്ടത്. “അതിനെ കണ്ടതു നന്നായി. അതിനെ കാണുന്നവർ വിരളമാണ്,” ഒടുവിൽ ഞങ്ങൾ അവിടം വിട്ടുപോകവേ ജെറെമി പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഏറ്റവും കിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന പക്ഷിസംരക്ഷണത്തിനു വേണ്ടിയുള്ള റോയൽ സൊസൈറ്റിയുടെ (ആർഎസ്പിബി) 2,000 ഏക്കർ വരുന്ന മിൻസ്മിർ പ്രകൃതി സംരക്ഷണകേന്ദ്രത്തിന്റെ വാർഡനായ ജെറെമിയോടൊപ്പം ആ ദിവസം ചെലവഴിക്കാനായി വന്നതായിരുന്നു ഞാൻ. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉത്തര സമുദ്രതീരത്തിന്റെ ഈ ഭാഗത്ത്, സാധ്യതയുള്ള ജർമൻ ആക്രമണത്തെ ചെറുക്കുന്നതിനായി വെള്ളപ്പൊക്കം വരുത്തി. അതിന്റെ ഫലമായി ഞാങ്ങണത്തടങ്ങൾ രൂപംകൊള്ളുകയും ചതുപ്പുപ്രദേശത്തു ജീവിക്കുന്ന പക്ഷികൾ വെള്ളംകയറിയ പുൽത്തകിടികളിൽ കൂട്ടമായി ചേക്കേറാൻ തുടങ്ങുകയും ചെയ്തു. 1947-ൽ നാലു ജോടി മറിക്കൊക്കൻ പക്ഷികൾ (avocets) കൂടുകെട്ടിയപ്പോൾ ആവേശം കുതിച്ചുയർന്നു. എന്തുകൊണ്ടെന്നാൽ ബ്രിട്ടനിൽ ഈ വർഗം നൂറിലേറെ വർഷമായി ഇല്ലായിരുന്നു.
ആർഎസ്പിബി ഉടൻതന്നെ ആ സ്ഥലം ഏറ്റെടുത്തു. ഇപ്പോൾ അത് അന്തർദേശീയ പ്രാധാന്യമുള്ള ഒരു സംരക്ഷണ പ്രദേശമാണ്. ഈറൽതടങ്ങൾ കൂടാതെ, കടൽവെള്ളവും ഉപ്പുവെള്ളവും ഉള്ള ലഗൂണുകൾ—ഏറ്റവും വലുതിനെ സ്ക്രേപ് എന്നു വിളിക്കുന്നു— ഉരുളൻകല്ല്, മണൽക്കുന്നുകൾ, ചതുപ്പുകൾ, പുൽപ്പരപ്പുകൾ, തരിശുഭൂമി, ഇലപൊഴിയും വനങ്ങൾ, നിത്യഹരിത വനങ്ങൾ എന്നിവയും പക്ഷികളുടെ സ്വാഭാവിക വാസസ്ഥാനങ്ങളിൽ പെടുന്നു. 330-ലധികം പക്ഷിവർഗങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ 100-ഓ അതിലധികമോ വർഗങ്ങൾ സംരക്ഷണകേന്ദ്രത്തിൽ വളരുന്നുണ്ട്. പക്ഷി ജീവിതത്തിന്റെ ഈ വൻ വൈവിധ്യത്തിനു മുഖ്യമായ കാരണം കിഴക്കൻ സമുദ്രതീരത്തൂടെയുള്ള ദേശാടന റൂട്ടുകളാണ്. എന്നാൽ വിദഗ്ധമായ നടത്തിപ്പിനും ഇതിൽ ഒരു പങ്കുണ്ട്.
“മിൻസ്മിർ അസാധാരണമായ വെല്ലുവിളി ഉയർത്തിയിരുന്നതിനാൽ ഞാൻ 1975-ലാണ് ഇവിടെ വന്നത്. മറിക്കൊക്കൻ പക്ഷി 1966 മുതൽ ആർഎസ്പിബി-യുടെ പ്രതീകവും ക്രമേണ അതിന്റെ മുഖമുദ്രയും ആയിത്തീർന്നു. വർഷംതോറും 80,000-ത്തോളം സന്ദർശകരെ സ്വാഗതം ചെയ്യുന്ന മിൻസ്മിറിനെ ഇപ്പോൾ പലരും കാണുന്നത് ആർഎസ്പിബി-യുടെ ഏറ്റവും വലിയ സംരക്ഷണകേന്ദ്രമായിട്ടാണ്” ജെറെമി എന്നോടു പറഞ്ഞു.
പ്രാരംഭ വെല്ലുവിളി
“എന്റെ താത്പര്യം തുടങ്ങിയത് സ്കൂളിൽ വച്ചാണ്,” ഞങ്ങൾ നടന്നുകൊണ്ടിരിക്കെ ജെറെമി തുടർന്നു. “ഞാൻ പക്ഷികൾക്കു വളയമിടാൻ പഠിച്ചതും ദേശാന്തരഗമനത്തെക്കുറിച്ചു മനസ്സിലാക്കിയതും അവിടെവച്ചാണ്. ’60-കളുടെ അവസാനമായപ്പോൾ, ഒരു ഹോബിയെന്ന നിലയിൽ ഞാൻ 12,000-ത്തിനും 20,000-ത്തിനും ഇടയ്ക്കു പക്ഷികൾക്കു വളയമിട്ടു. അങ്ങനെയിരിക്കെ, പക്ഷിശാസ്ത്രത്തിനു വേണ്ടിയുള്ള ബ്രിട്ടീഷ് ട്രസ്റ്റിലെ ക്രിസ് മീഡ് സഹാറയിലൂടെ പറക്കുന്ന ദേശാടനപ്പക്ഷികൾക്കു വളയമിടാനായി സ്പെയിനിലേക്കുള്ള ഒരു യാത്രയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. 20 മുതൽ 60 അടിവരെ നീളമുള്ള വളരെ നേർത്ത ഒരു കറുത്ത വലയാണ് ഉപയോഗിച്ചത്. അത് അയച്ചു തൂക്കിയിടുകയും പക്ഷികൾ കാണാത്ത വിധത്തിൽ ഒരു പശ്ചാത്തലമായി വൃക്ഷങ്ങളോടൊപ്പം ശ്രദ്ധാപൂർവം സ്ഥാപിക്കുകയും ചെയ്തു. പക്ഷികൾക്ക് ഹാനിയൊന്നും തട്ടുന്നില്ല. അവയെ വലയിൽനിന്നു നീക്കംചെയ്യുമ്പോൾ സാധാരണമായി മോണേൽ ലോഹം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ തിരിച്ചറിയിക്കൽ വളയം ഒരു കാലിനു ചുറ്റും ഘടിപ്പിക്കുന്നു.a പക്ഷികളെ വിടുന്നതും ഒരു കലയാണ്. നിങ്ങൾ ചിലപ്പോൾ ടെലിവിഷനിൽ കാണാറുള്ളതുപോലെ, പക്ഷിക്കു വളയമിടുന്ന ഒരാൾ ഒരിക്കലും പക്ഷികളെ വായുവിലേക്ക് എറിയുന്നില്ല. അയാൾ അതിനെ അവയ്ക്കിഷ്ടമുള്ളപ്പോൾ പറക്കാനായി വിടുന്നു. ഉദാഹരണത്തിന്, സ്വിഫ്റ്റുകൾ ഒരുവന്റെ കമ്പിളി വസ്ത്രത്തിൽ അള്ളിപ്പിടിച്ചുകിടക്കുകയും തയ്യാറായിക്കഴിഞ്ഞുമാത്രം പറന്നുപോകുകയും ചെയ്യുന്നു.
“എനിക്ക് ആറാഴ്ച അവധിയെടുക്കേണ്ടി വന്ന ആകർഷകമായ ഒരു അനുഭവമായിരുന്നു അത്—അതുമൂലം എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടു! അതിന്റെ ഫലമായി ഞാൻ എന്റെ ജീവിതവൃത്തി മാറ്റുകയും എനിക്കിഷ്ടപ്പെട്ട ജോലി ഏറ്റെടുക്കുകയും ചെയ്തു—വന്യജീവി സംരക്ഷണം, പ്രത്യേകിച്ചു പക്ഷികളുടെ സംരക്ഷണം. ആർഎസ്പിബി-യിൽ ചേരാൻ 1967-ൽ അവരെന്നെ ക്ഷണിച്ചപ്പോൾ ഞാൻ പുളകിതനായി.”
കളകൂജനങ്ങളുടെയും വിളികളുടെയും മൂല്യം
നിങ്ങൾ ഒരു പക്ഷിയെ എങ്ങനെയാണു തിരിച്ചറിയുന്നത്? കാഴ്ചയാലാണ് ചിലപ്പോൾ തിരിച്ചറിയുന്നത്, എന്നാൽ പക്ഷിയുടെ പാട്ടിന്റെയോ വിളിയുടെയോ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലാണ് കൂടുതൽ ആശ്രയയോഗ്യം. ഈ കാര്യത്തിലുള്ള ജെറെമിയുടെ വൈദഗ്ധ്യം പ്രസിദ്ധമാണ്. ജെറെമി “പക്ഷികളെ അവയുടെ ഗാനത്താൽ മാത്രം തിരിച്ചറിയുന്നില്ല, സംഗീതം ആലപിക്കുന്നതിനിടയിൽ അവ ശ്വാസംപിടിക്കുന്ന രീതിയിലൂടെ അദ്ദേഹത്തിന് അവയെ തിരിച്ചറിയാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്!” എന്ന് പ്രകൃതിശാസ്ത്രജ്ഞനായ ഡേവിഡ് റ്റോമ്ലിൻസൻ ആദരവോടെ എഴുതി.
“പക്ഷികൾ ആശയവിനിയമം നടത്തുന്നു. ഓരോ വിളിക്കും വ്യത്യസ്തമായ അർഥമാണുള്ളത്. ഉദാഹരണത്തിന്, ഇരപിടിയൻ അടുത്തുള്ളപ്പോൾ മറിക്കൊക്കൻ പക്ഷികൾ, ആൾകാട്ടിക്കുരുവികൾ, കടൽപ്പാത്തകൾ, ചെങ്കാലൻ പക്ഷികൾ ഇവയ്ക്കെല്ലാം അവയുടേതായ പ്രത്യേകം വിളികളുണ്ട്. എന്നാൽ എല്ലാ വിളികളും ഒരു കാര്യം തന്നെയാണ് അർഥമാക്കുന്നത്: ‘ഒരു കുറുക്കൻ സമീപത്തുണ്ട്!’ എനിക്ക് നല്ല ഉറക്കത്തിൽനിന്ന് ഉണർന്നെഴുന്നേൽക്കാനും ഏതു പക്ഷിവർഗമാണു വിളിക്കുന്നത് എന്നതിനെ ആധാരമാക്കി, കുറുക്കൻ എവിടെയാണെന്നു തത്ക്ഷണം അറിയാനും കഴിയും. എന്നാൽ കുറുക്കൻമാർക്കും നല്ല കേൾവിയുണ്ടെന്നുള്ള സംഗതി മറക്കരുത്. ഒരു വർഷം കടൽക്കാക്കകൾ വിജയകരമായി മുട്ടയിട്ടുപെരുകാത്തതെന്തുകൊണ്ടെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. എന്നാൽ മുട്ടവിരിയുന്നതിനു തൊട്ടുമുമ്പ് മുട്ടത്തോടുകൾക്കുള്ളിൽനിന്ന് പക്ഷിക്കുഞ്ഞുങ്ങൾ വിളിക്കുന്നത് കുറുക്കൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന സംഗതി കണ്ടെത്തി. അവൻ അവയെ കണ്ടുപിടിക്കുകയും ഉടൻതന്നെ അകത്താക്കുകയും ചെയ്തു!” ജെറെമി വിശദീകരിച്ചു.
പക്ഷി നിരീക്ഷണമെന്ന കല
ബ്രിട്ടനിലെ ഒരു നല്ല പക്ഷി നിരീക്ഷകന് ഒരു വർഷം 220 വ്യത്യസ്ത വർഗങ്ങളെ രേഖപ്പെടുത്താൻ കഴിയും. അപൂർവ പക്ഷികളുടെ കണ്ടെത്തലുകൾ രേഖപ്പെടുത്താനായി മത്സരിക്കുന്ന, ട്വിച്ചറുകൾ എന്നറിയപ്പെടുന്ന നിരീക്ഷണ കുതുകികൾക്ക് 320-ഓളം എണ്ണത്തെ തിരിച്ചറിയാൻ കഴിയും.b ഒരു പക്ഷിയെ കണ്ടെത്തിയതായ വാർത്ത കേട്ടാൽ സ്വന്തം കണ്ണാൽ കാണുന്നതിനായി അവർ ആ രാജ്യത്തേക്കു പോകും. ജെറെമി കൂടുതൽ തൃപ്തനായിരുന്നിട്ടുണ്ട്. “ഒരു അപൂർവ വർഗത്തെ കാണാൻ 16 കിലോമീറ്ററിലധികം ഞാൻ ഡ്രൈവു ചെയ്യില്ല,” അദ്ദേഹം സമ്മതിച്ചുപറഞ്ഞു. “വാസ്തവത്തിൽ നട്ട് ക്രാക്കർ, ഇളംമഞ്ഞ മാറുള്ള വാലാട്ടിപ്പക്ഷി, വലിയ ബസ്റ്റാർഡ്, ഈ മൂന്നെണ്ണത്തിനെ കാണാൻ മാത്രമേ ഞാൻ യാത്രചെയ്തിട്ടുള്ളൂ, അവയെല്ലാം 16 കിലോമീറ്ററിനുള്ളിലായിരുന്നു. എനിക്ക് 500 വർഗങ്ങളെ സാമാന്യം നന്നായി അറിയാമായിരുന്നെങ്കിലും എനിക്ക് തുച്ഛമായ അറിവേയുള്ളൂവെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾക്കറിയാമോ, ലോകമെമ്പാടുമായി ഏതാണ്ട് 9,000 പക്ഷിവർഗങ്ങളുണ്ട്!”
ഞങ്ങൾ ചതുപ്പിലേക്കു ബൈനോക്കുലറുകൾ ക്രമീകരിച്ചുകൊണ്ടിരിക്കേ ജെറെമി ആഗ്രഹത്തോടെ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതിലും സന്തുഷ്ടവും ഫലപ്രദവുമായ ഒരു ജീവിതത്തെക്കുറിച്ച് എനിക്കു സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല, പ്രത്യേകിച്ച് മിൻസ്മിറിലെ എന്റെ 16 വർഷം!” ഞാൻ അദ്ദേഹത്തെ നോക്കുകയും ലണ്ടൻ പത്രമായ ടൈംസിൽ അടുത്തയിടെ വന്ന ലേഖനത്തിന്റെ കാര്യം ഓർമിക്കുകയും ചെയ്തു. അത് ഇങ്ങനെ പ്രസ്താവിച്ചു: “മിൻസ്മിർ അദ്ദേഹത്തിന്റെ [ജെറെമിയുടെ] നേട്ടത്തിന്റെ പാരമ്യമായിരുന്നു, അദ്ദേഹത്തിന്റെ ജീവിതസാഫല്യം തന്നെ.” എന്നാൽ ജെറെമി മിൻസ്മിർ വിട്ടു പോകുകയായിരുന്നു. എന്തുകൊണ്ടാണ്?
വിത്തുകളും വളർച്ചയും
മറിക്കൊക്കൻ പക്ഷിയുടെ വിസ്മയജനകമായ ഇണചേരൽ പ്രദർശനം ഞങ്ങൾ നേരത്തെ ഒരു സമയത്തു കണ്ടിരുന്നു. “അതിന്റെ തികഞ്ഞ സൗന്ദര്യം ഏതെങ്കിലും തരത്തിലുള്ള പരിണാമപരമായ അതിജീവനമാണെന്ന് പറയാൻ കഴിയില്ല,” ജെറെമി ചൂണ്ടിക്കാട്ടുകയുണ്ടായി. “ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവോ എന്ന് ഏതാനും വർഷംമുമ്പ് എന്നോടൊരാൾ ചോദിച്ചപ്പോൾ ‘എനിക്കൊരു പിടിയുമില്ല—എങ്ങനെ കണ്ടെത്തണമെന്ന് എനിക്കറിയില്ല!’ എന്നു ഞാൻ സമ്മതിച്ചുപറഞ്ഞത് ഓർക്കുന്നു. ബൈബിൾ പരിശോധിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു. എനിക്ക് അതിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. അതു പരിശോധിക്കുന്നതുകൊണ്ട് എനിക്കു ദോഷമൊന്നുമില്ലെന്നും—ഒരുപക്ഷേ ഗുണമേയുണ്ടാകുകയുള്ളൂവെന്നും—ഞാൻ വിചാരിച്ചു. ഇപ്പോൾ, പഠിച്ച കാര്യങ്ങളുടെ ഫലമായി, ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരുന്നതിനുവേണ്ടി ഞാൻ മിൻസ്മിർ വിട്ടുപോകുകയാണ്.”
ജെറെമിയുടെ സഹോദരനായ മൈക്കിൾ പത്തുവർഷമായി ഒരു “പയനിയർ” ആയിരുന്നു, മുഴുസമയ സുവിശേഷകരെ വർണിക്കാൻ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന പദമാണത്. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ, തന്റെ സഹോദരനോടൊപ്പം പ്രവർത്തിക്കാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് ജെറെമി ഒരു രൂപരേഖ നൽകി. “ഞാൻ എടുത്ത തീരുമാനത്തെ എന്റെ സഹപ്രവർത്തകരെല്ലാവരും ആദരിക്കുന്നു. ആർഎസ്പിബി താത്പര്യവും ശ്രദ്ധയും പ്രകടമാക്കുന്നു. അവർ എനിക്ക് പൂർണ പിന്തുണ നൽകുകയും ദേശീയ ബഹുമതിക്കുള്ള അവാർഡിനുവേണ്ടി എന്നെ ശുപാർശചെയ്യുകയുംപോലും ചെയ്തിരിക്കുന്നു,” ജെറെമി വിശദീകരിച്ചു.
എങ്കിലും കുറെ വിമർശനം ഉണ്ടായിട്ടുള്ളതായി എനിക്കറിയാം.
സമനിലയുടെ ആവശ്യം
“മിക്കയാളുകളും പിന്തുണ നൽകുന്നവരായിരുന്നിട്ടുണ്ട്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, മറ്റു ചിലർക്ക് എന്റെ ഇവിടത്തെ ജോലി സംബന്ധിച്ച് ഒരു തെറ്റായ വീക്ഷണം ഉള്ളതായി കാണുന്നു. സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടും വന്യജീവികളെ സംരക്ഷിച്ചുകൊണ്ടും പ്രകൃതിയോട് അടുത്തായിരിക്കുന്നതാണ് ആത്മീയത കാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് അവർ വിചാരിക്കുന്നു. ഇത് പറുദീസയോട് നിങ്ങൾക്ക് അടുക്കാവുന്നത്ര അടുത്താണ്, അതുകൊണ്ട് എന്തിന് വിട്ടുപോകണം എന്ന് അവർ എന്നോടു പറയുന്നു,” ജെറെമി സമ്മതിച്ചു പറഞ്ഞു.
“ജോലിക്ക് ഒരു ആത്മീയ വശം ഉണ്ടെന്നുള്ളതു സ്പഷ്ടം. എന്നാൽ അത് ആത്മീയതയ്ക്കു തുല്യമാകുന്നില്ല. ആത്മീയത വ്യക്തിപരമായ ഒരു സ്വത്താണ്, ആ ഗുണം നട്ടുവളർത്താൻ സമയമെടുക്കും. ക്രിസ്തീയ സഭയുമായി ഇടപഴകുകയും അതിനുവേണ്ടി കരുതുകയും, കെട്ടുപണിചെയ്യുകയും കെട്ടുപണിചെയ്യപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യം അതിൽ ഉൾപ്പെടുന്നു. നമുക്കു ചെയ്യാൻ കഴിയുകയില്ലെന്നു യേശു പറഞ്ഞതു ചെയ്യാനാണു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ചിലപ്പോൾ എനിക്കു തോന്നിയിട്ടുണ്ട്, അതായത് രണ്ടു യജമാനന്മാരെ സേവിക്കൽ. ഏറ്റവും സുരക്ഷിതമായ ചുറ്റുപാട് ക്രിസ്തീയ സഭയുടെ നടുവിൽത്തന്നെയുണ്ടെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു, അതിൽ കടക്കാനുള്ള മാർഗം പയനിയറിങ് ചെയ്യുന്നതാണ്!”
സംരക്ഷണ മുൻഗണനകൾ
“എന്നെ തെറ്റിദ്ധരിക്കരുത്. ഒരു വാർഡൻ എന്ന നിലയിലുള്ള പരിചരണം ചിലപ്പോൾ വിഫലമാണെങ്കിൽപ്പോലും അത് ആകർഷകവും പ്രതിഫലദായകവുമായ ഒരു അനുഭവമാണ്. ഉദാഹരണത്തിന്, ഈ പരിസ്ഥിതിയിൽ പിസിബി-യും മെർക്കുറിയും മൂലമുള്ള മലിനീകരണം ഭീതിജനകമായ അളവുകളിലാണ്—ഈൽ മത്സ്യങ്ങളാണ് അവയ്ക്കിടയാക്കുന്നതെന്ന് ഞങ്ങൾക്കു സംശയമുണ്ടെങ്കിലും അതെന്തുകൊണ്ടാണെന്ന് വാസ്തവത്തിൽ ഞങ്ങൾക്കറിയില്ല.c എന്നാൽ സമനില വീണ്ടെടുക്കാൻ എനിക്കു ചെയ്യാൻ കഴിയുന്നതെന്തും വളരെ പരിമിതമാണ്. വിദഗ്ധ പരിസ്ഥിതിശാസ്ത്രജ്ഞൻ എന്നു പറയുന്ന ഒരാളില്ല. നമ്മുടെ കഴിവിന്റെ പരമാവധി മനസ്സിലാക്കിക്കൊണ്ടു നാമെല്ലാം തപ്പിത്തടയുകയാണ്. നമുക്കു മാർഗനിർദേശം ആവശ്യമുണ്ട്. നാമെങ്ങനെ ജീവിക്കണമെന്നും ഭൂമിയെയും അതിന്റെ സമൃദ്ധമായ ജീവി വൈവിധ്യത്തെയും പരിപാലിക്കണമെന്നും നമ്മുടെ സ്രഷ്ടാവിനു മാത്രമേ അറിയൂ.”
ജെറെമി തന്റെ വികാരങ്ങളെ ശാന്തമായി ഇങ്ങനെ സംക്ഷേപിച്ചു: “വന്യജീവികളെ സംരക്ഷിക്കാൻവേണ്ടിയല്ല ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചത്; അതു സ്വയം ചെയ്യാൻ അവൻ തികച്ചും പ്രാപ്തനാണ്. താനാഗ്രഹിക്കുന്നരീതിയിൽ വന്യജീവികൾ നമ്മാൽ എക്കാലത്തേക്കും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് തന്റെ രാജ്യത്തിലൂടെ അവൻ ഉറപ്പുവരുത്തും. സഹമനുഷ്യരെ സംരക്ഷിക്കാനുള്ള എന്റെ ഉത്തരവാദിത്വം നടപ്പിലാക്കണമെങ്കിൽ ഞാൻ ഇപ്പോൾ രാജ്യസുവാർത്താ പ്രസംഗത്തിനു മുൻഗണന കൊടുക്കേണ്ടതുണ്ട്.”
ഞാൻ അടുത്തകാലത്ത് ജെറെമിയെ വീണ്ടും കണ്ടുമുട്ടി. സംരക്ഷണകേന്ദ്രത്തിൽ ഞങ്ങളൊന്നിച്ച് ആ സന്തോഷകരമായ ദിവസം ചെലവഴിച്ചിട്ട് മൂന്നു വർഷമായിരുന്നു. ഇപ്പോൾ തന്റെ സഹോദരനോടൊപ്പം സന്തോഷകരമായി പയനിയറിങ് ചെയ്യുന്ന അദ്ദേഹം പ്രിയപ്പെട്ട മിൻസ്മിറിൽനിന്ന് എട്ടു കിലോമീറ്റർ അകലെയാണു താമസിക്കുന്നത്. എന്നാൽ അദ്ദേഹം ജോലി നിർത്തിയതെന്തുകൊണ്ടെന്ന് തങ്ങൾക്ക് ഇപ്പോഴും മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ചിലയാളുകൾ പറയുന്നതായി അദ്ദേഹം എന്നോടു പറഞ്ഞു. നിങ്ങൾക്കോ? ജെറെമിയെ സംബന്ധിച്ചിടത്തോളം അത് മുൻഗണനകളുടെ ഒരു സംഗതി മാത്രമായിരുന്നു.
[അടിക്കുറിപ്പുകൾ]
a പിസിബി, പോളിക്ലോറിനേറ്റഡ് ബൈഫിനൈൽ എന്നു പറയുന്ന ഒരു വ്യവസായ വിസർജ്യമാണ്.
b നിക്കലിന്റെയും ചെമ്പിന്റെയും നല്ല വലിവുറപ്പുള്ളതും ദ്രവിക്കാത്തതുമായ ലോഹസങ്കരമാണ് മോണേൽ ലോഹം.
c ഐക്യനാടുകളിൽ ട്വിച്ചറുകൾ, പട്ടികപ്പെടുത്തുന്നവർ എന്ന് മെച്ചമായി അറിയപ്പെടുന്നു.
[17-ാം പേജിലെ ചതുരം/ചിത്രം]
ആനന്ദ നിർവൃതി
വാനമ്പാടിയുടെ പാട്ട് കേൾക്കാൻ കഴിയുമെങ്കിലും 10-ൽ ഒരാൾക്കു മാത്രമേ അതിനെ കാണാൻ കഴിയൂ. എന്നാൽ ആ ഗാനം ഒരിക്കൽ കേട്ടാൽ പിന്നെയൊരിക്കലും മറക്കില്ല. “അത് നിർമലമായ സംഗീതമാണ്, തികഞ്ഞതും പൂർണവുമായ ഒന്ന്” എന്ന് സൈമൺ ജെങ്കിൻസ് ലണ്ടനിലെ ടൈംസിൽ എഴുതി. ഈ പക്ഷി മിക്കപ്പോഴും തുടർച്ചയായിട്ടാണു പാടുന്നത്—ഒരെണ്ണം അഞ്ചു മണിക്കൂറും 25 മിനിറ്റും നേരം പാടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ പാട്ടിനെ അതിവിശിഷ്ടമാക്കുന്നതെന്താണ്? വാനമ്പാടിയുടെ സ്വനപേടകത്തിന് ഒരേ സമയത്തു നാലു വ്യത്യസ്ത സ്വരങ്ങളും സംഗീതപരമായി തികവുള്ള തന്ത്രികളും ഉത്പാദിപ്പിക്കാൻ കഴിയും. കൊക്ക് അടഞ്ഞിരിക്കുമ്പോഴോ പക്ഷിക്കുഞ്ഞിനുള്ള ആഹാരം വായിൽ നിറഞ്ഞിരിക്കുമ്പോഴോ അതിന് ഇതു ചെയ്യാൻ കഴിയും. അത് ഇത്രയധികം കുതൂഹലമായി പാടുന്നതെന്തിനാണ്? തികഞ്ഞ ആനന്ദത്തിനുവേണ്ടിയാണെന്ന് ചില നിരീക്ഷകർ പറയുന്നു. “വാനമ്പാടിയുടെ സ്വനപേടകത്തെക്കാൾ വിസ്മയകരമായ ഒരു സൃഷ്ടി ഈ പ്രകൃതിയിലുണ്ടോ?” എന്നു ചോദിച്ചുകൊണ്ട് ജെങ്കിൻസ് അവസാനിപ്പിക്കുന്നു.
[കടപ്പാട്]
Roger Wilmshurst/RSPB
[15-ാം പേജിലെ ചിത്രം]
സ്ക്രേപ്
[കടപ്പാട്]
Courtesy Geoff Welch
[16-ാം പേജിലെ ചിത്രം]
കറുത്ത തലയുള്ള കടൽപ്പാത്ത
[കടപ്പാട്]
Courtesy Hilary & Geoff Welch
[16-ാം പേജിലെ ചിത്രം]
മറിക്കൊക്കൻ പക്ഷി
[18-ാം പേജിലെ ചിത്രം]
സാൻഡ്വിച്ച് കടൽക്കാക്ക
[18-ാം പേജിലെ ചിത്രം]
ചെങ്കാലൻ പക്ഷി