“ഏറ്റവും വലിയ കലാകാരനെ തേടി”
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റഞ്ച് നവംബർ 8 ഉണരുക!യുടെ ശീർഷകമായിരുന്നു അത്. പ്രസ്തുത വിഷയം ലോകത്തെമ്പാടുമുള്ള അനുവാചകരിൽനിന്ന് ഒരു അനുകൂല പ്രതികരണം നേടിയെടുത്തു.
കാമറൂണിലെ ഡൗളായിൽനിന്ന് ആമാൻ എഴുതി: “ആ ലേഖനങ്ങൾ എന്റെ മേൽ നല്ല പ്രഭാവം ചെലുത്തി. കാരണം ഞാൻ കലയെ, വിശേഷിച്ച് നല്ല വർണചിത്രങ്ങളെ സ്നേഹിക്കുന്നു. വാൻ ഗോഹിനെയും റെംമ്പ്രാൻറ്റിനെയും ഡാവിൻഞ്ചിയെയുംകാൾ മഹാനായ ഒരു കലാകാരൻ ഉണ്ടെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു—അത് യഹോവയാം ദൈവം അല്ലാതെ മറ്റാരുമല്ല.”
ഫ്രെഞ്ച് വെസ്റ്റിൻഡീസിലെ സാൻബർറ്റലമിയിൽനിന്നുള്ള ഫ്രെഡറിക് പറഞ്ഞു: “ഞാൻ അതു നാലു തവണ വായിച്ചു, നമ്മുടെ സ്രഷ്ടാവു നമുക്കു തന്ന മനോഹരമായ വസ്തുക്കളെ പ്രതി ഞാൻ ഓരോ തവണയും കൃതജ്ഞത നിറഞ്ഞവനായിരുന്നു.”
ഇറ്റലിയിൽനിന്ന് ആസ്സുൻറാ എഴുതി: “അത് എന്നിൽ ചിത്രം വരയ്ക്കാനുള്ള ആഗ്രഹമുണർത്തി. ദൈവത്തിന്റെ പുതിയ ലോകത്തിനുവേണ്ടിയുള്ള എന്റെ അഭിലാഷത്തെ അത് അഗാധമാക്കി.” “നാം മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോൾ കലാസൃഷ്ടികൾ കാണുന്നതിനു പണം മുടക്കേണ്ടതുണ്ട്, എന്നാൽ പ്രകൃതിദത്തമായ സമസ്ത സൗന്ദര്യത്തിന്റെയും സ്രഷ്ടാവ് നമുക്ക് അത് എല്ലാ ദിവസവും സൗജന്യമായി തരുന്നു”വെന്ന് ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ഇറേന പറഞ്ഞു. ബ്രസീലിൽനിന്ന് എലിൻ എഴുതി: “യഹോവയുടെ വ്യക്തിത്വത്തെ വിലമതിക്കാൻ നമ്മെ സഹായിക്കുന്ന ലേഖനങ്ങൾ നമുക്കു പലപ്പോഴും ലഭിക്കുന്നുണ്ടെങ്കിലും, ഇവ എന്റെ ഹൃദയത്തെ സ്പർശിച്ചു. യഹോവയുടെ സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പിനെ വർധിപ്പിക്കുന്ന, സൃഷ്ടിയെ സംബന്ധിച്ചുള്ള ഒട്ടേറെ വിശദാംശങ്ങൾ അവ നൽകി.”
യു.എസ്.എ.-യിലുള്ള വിസ്ക്കോൺസിനിലെ ശൈത്യകാല തണുപ്പിൽനിന്ന് ആൻ എഴുതി: “സൃഷ്ടിയിലെ മനോഹാരിത വിലമതിക്കാൻ അത് എന്നെ വാസ്തവമായും സഹായിച്ചു. ശൈത്യകാലത്ത് അതു കണ്ടെത്താൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്. പ്രസ്തുത ലേഖനം വായിച്ച അതേ ദിവസംതന്നെ ഞാൻ പുറത്തുപോയി ഒരു മരക്കൊമ്പിലെ തുഷാരവും മഞ്ഞുപൊതിഞ്ഞ ഒരു ഇലയും മഞ്ഞിൽ മൃഗങ്ങൾ നടന്ന അടയാളവും ശ്രദ്ധിച്ചു. ‘ഏറ്റവും വലിയ കലാകാര’നെ നമുക്ക് എങ്ങനെ വിലമതിക്കാനാവുമെന്നതു സംബന്ധിച്ച ഓർമിപ്പിക്കലിനു വീണ്ടും നന്ദി.”
ഈ മാസിക ക്രമമായി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ സമീപത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിൽ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.