ബാഹ്യാകാരത്താൽ കബളിപ്പിക്കപ്പെടരുത്
ഞങ്ങൾ ഒരു സുഹൃത്തിന്റെ, വനത്തിനുള്ളിലെ സുഖപ്രദമായ വീട്ടിൽ താമസിക്കുകയായിരുന്നു. അവളുടെ അപ്പാർട്ടുമെൻറിന്റെ താഴത്തെ നില ഭാഗികമായി ഭൂമിക്കടിയിലായിരുന്നു, അവിടെയാണു ഞങ്ങൾ ഉറങ്ങിയത്. അതുകൊണ്ട്, ഉള്ളിലായിരിക്കുമ്പോൾ ജനാലകൾ കണ്ണിന്റെ അത്രയും പൊക്കത്തിലായിരുന്നു, പുറത്താണെങ്കിൽ തറയുടെ അതേ നിരപ്പിലും. ആദ്യത്തെ പ്രഭാതത്തിൽ, ഏതാണ്ട് ആറു മണിയായപ്പോൾ അപ്പാർട്ടുമെൻറിന്റെ പല ഭാഗങ്ങളിൽനിന്നു വരുന്നതായി തോന്നിയ ഒരു ഇരട്ട മുട്ടൽ ശബ്ദം ഞാൻ കേട്ടു. എന്താണെന്നറിയാൻ ആകാംക്ഷ തോന്നിയ ഞാൻ ആ ശബ്ദം വരുന്നത് റഫ്രിജറേറ്ററിൽനിന്നോ ഹീറ്ററിൽനിന്നോ ആണോയെന്നറിയാൻ അടുക്കളയിലെല്ലാം തേടി. അവിടെനിന്നൊന്നുമായിരുന്നില്ല അത്. ആശയക്കുഴപ്പത്തിലായ ഞാൻ, കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുകൂടുന്ന മുറിയിൽനിന്ന് ആ ശബ്ദം പെട്ടെന്നു വീണ്ടും കേട്ടു. ഞാൻ ശബ്ദമുണ്ടാക്കാതെ അവിടേക്കു നടന്നു. എന്നെ അതിശയിപ്പിക്കുമാറ്, കടും ചെമപ്പു നിറത്തിലുള്ള ഒരു പക്ഷി, ഒരു കാർഡിനൽ, ജനൽപ്പാളിയെ ആക്രമിക്കുന്നു! അതു വീടിനുചുറ്റും ജനാലതോറും വളരെ വേഗം നീങ്ങി—കിടക്കമുറി, കുളിമുറി, ടിവി മുറി എന്നിവിടങ്ങളിലെല്ലാം—തറയ്ക്കൊപ്പം ജനാല ഉണ്ടായിരുന്ന എല്ലായിടത്തുംതന്നെ അതു പോയി. എനിക്ക് ഒന്നും പിടികിട്ടിയില്ല.
നിശബ്ദമായി ജനാലയോടു കുറച്ചുകൂടി അടുത്തു നിന്നപ്പോൾ എനിക്കു കാര്യം കുറച്ചൊക്കെ പിടി കിട്ടി—ഏതാനും ഇഞ്ചുകൾ അകലെ വെളിയിലായി ഒരു പെൺകാർഡിനൽ ഉണ്ടായിരുന്നു. അതു സ്വസ്ഥമായി വിത്തുകൾ കൊത്തിപ്പെറുക്കുകയായിരുന്നു. എന്നാൽ ആൺപക്ഷി ജനാലയെ ആക്രമിച്ചത് എന്തിനായിരുന്നു? പ്രത്യക്ഷത്തിൽ, സ്വന്തം പ്രതിബിംബത്തെ ഒരു എതിരാളി കാർഡിനലായി തെറ്റിദ്ധരിച്ച ആ കാർഡിനൽപക്ഷി അതിനെ വിരട്ടിയോടിക്കാൻ ശ്രമിക്കുകയായിരുന്നു! ബാഹ്യാകാരത്താൽ അതു കബളിപ്പിക്കപ്പെട്ടു.
ആ പക്ഷിയുടെ വിചിത്രമായ പെരുമാറ്റത്തിനുള്ള പ്രചോദനം അതായിരുന്നുവെന്നു ഞാൻ പിന്നീടു സ്ഥിരീകരിച്ചു. ദ കാർഡിനൽ എന്ന പുസ്തകത്തിൽ ജൂൺ ഓസ്ബോൺ ഇങ്ങനെ പ്രസ്താവിക്കുന്നു: “തന്റെ ഭൂപ്രദേശം സ്വവർഗത്തിൽപ്പെട്ട അതിക്രമികളായ ആൺപക്ഷികളിൽനിന്നും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ആവശ്യമായിരിക്കുന്നതെന്തും അതു ചെയ്യുന്നു. . . . ഈ അതിക്രമികളെ [അവൻ] ഓടിച്ചകറ്റുക മാത്രമല്ല, വാഹനത്തിന്റെ ചക്രത്തിലുള്ള ലോഹത്തകിടിലോ കാറിന്റെ കണ്ണാടിയിലോ പിക്ചർ വിൻഡോയിലോ തെന്നിച്ചുനീക്കാവുന്ന ഗ്ലാസ്സ് വാതിലുകളിലോ കാണുന്ന സ്വന്തം പ്രതിബിംബത്തെ അവൻ ആക്രമിക്കുന്നതായി . . . അറിവായിട്ടുണ്ട്.” എന്നിട്ട്, നാം അംഗീകരിക്കുന്ന ഒരു അഭിപ്രായം അവർ കൂട്ടിച്ചേർക്കുന്നു: “വീട്ടുടമയുടെ പ്രശാന്തമായ ജീവിതത്തിന് അതു വിഘ്നം വരുത്തിയേക്കാം.” ദിവസവും നന്നേ രാവിലെ ഞങ്ങൾ അതു മനസ്സിലാക്കി.
ആൺപക്ഷിയുടെ അനിയന്ത്രിതമായ ഈ സ്വഭാവം നിർത്താൻ എന്തു ചെയ്യാനാകും? എഴുത്തുകാരിയായ ഓസ്ബോൺ ഇങ്ങനെ നിർദേശിക്കുന്നു: “സ്വസ്ഥതയും പ്രശാന്തതയും നിലനിർത്താൻ തിളങ്ങുന്ന പ്രതലങ്ങൾ ചിലപ്പോൾ മൂടിവെക്കേണ്ടത് അനിവാര്യമായിത്തീരുന്നു . . . , മാത്രമല്ല, ഏറെക്കുറെ ആത്മഹത്യാപരമായ ഈ ആക്രമണത്തിൽ പക്ഷിക്കുതന്നെ ഹാനി വരുത്താതിരിക്കാനും ഇത് സഹായിക്കും.”—സംഭാവന ചെയ്യപ്പെട്ടത്.