ആത്മമണ്ഡലത്തിൽ ജീവിക്കുന്നതാർ?
ലോകം മതവിശ്വാസങ്ങളുടെയും വിശ്വാസസംഹിതകളുടെയും ഒരു “കേളീരംഗ”മായിത്തീർന്നിരിക്കുന്നു. ആഫ്രിക്കയിൽ മാത്രം ആയിരക്കണക്കിനു മതവിഭാഗങ്ങൾ ഉണ്ട്. ആത്മമണ്ഡലത്തിൽ എന്തു നടക്കുന്നുവെന്നതു സംബന്ധിച്ച് ഓരോന്നിനും സ്വന്തം അഭിപ്രായങ്ങളാണുള്ളത്. എന്നാൽ വ്യക്തവും സത്യസന്ധവുമായ ഒരു കാഴ്ചപ്പാടു ലഭിക്കുന്നതിനു നാം ബൈബിളിലേക്കു നോക്കേണ്ടതുണ്ട്. ആത്മമണ്ഡലത്തിൽ ജീവിക്കുന്ന നല്ലവരും മോശക്കാരുമായ ആത്മാക്കളെ അതു തിരിച്ചറിയിക്കുന്നു. സഹായത്തിനും സംരക്ഷണത്തിനുമായി നമുക്കു വിജയപ്രദമായി അപേക്ഷിക്കാവുന്നത് ആരോടാണെന്നും അതു പ്രകടമാക്കുന്നു.
യഹോവ, സർവശക്തനാം ദൈവം
പൂർവികരുടെയും ദേവന്മാരുടെയും മേൽ അധ്യക്ഷത വഹിക്കുന്നതു സർവശക്തനായ ഒരു ദൈവമാണെന്ന് ആഫ്രിക്കയിലെ പരമ്പരാഗതമതം പഠിപ്പിക്കുന്നു. ആഫ്രിക്കൻ പുരാണം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “എല്ലാവരുമല്ലെങ്കിലും മിക്ക ആഫ്രിക്കക്കാരും പരമോന്നതനായ ഒരുവനിൽ, എല്ലാറ്റിന്റെയും സ്രഷ്ടാവായവനിൽ വിശ്വസിക്കുന്നുവെന്നതിൽ സംശയമില്ല.” ആഫ്രിക്കൻ മതം ആഫ്രിക്കൻ പാണ്ഡിത്യത്തിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “പ്രപഞ്ചത്തിന്മേൽ പരിപൂർണ നിയന്ത്രണമുള്ളവൻ ദൈവമായതിനാൽ, മറ്റെല്ലാ വ്യക്തികളും സമസ്ത ശക്തിയും അവൻ മുഖാന്തരം നിലനിൽക്കുന്നു. പരിപൂർണ അധികാരവും ശക്തിയും അവനിൽ നിക്ഷിപ്തമായിരിക്കുന്നു.”
ആത്മമണ്ഡലത്തിൽ പരമോന്നതനായി വാഴുന്ന ഒരുവനുണ്ടെന്നുള്ളതിനോടു ബൈബിൾ യോജിക്കുന്നു. അത് അവനെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: “ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.”—ആവർത്തനപുസ്തകം 10:17.
പരമോന്നതനായി പരിഗണിക്കപ്പെടുന്നവന് ആഫ്രിക്കയിലുടനീളം നൂറുകണക്കിനു നാമങ്ങളും സ്ഥാനപ്പേരുകളും നൽകിയിരിക്കുന്നു. എന്നാൽ, ദിവ്യനാമം സംബന്ധിച്ചു ദൈവവചനം എന്തു പറയുന്നു? സങ്കീർത്തനക്കാരൻ എഴുതി: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” (സങ്കീർത്തനം 83:18) ചില ബൈബിൾ വിവർത്തകർ ഈ നാമത്തിന്റെ സ്ഥാനത്ത് “ദൈവം” അല്ലെങ്കിൽ “കർത്താവ്” എന്നതുപോലുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചിരിക്കുന്നുവെങ്കിലും, ബൈബിൾ രേഖയിൽ ഈ പവിത്ര നാമം 7,000-ത്തിലധികം പ്രാവശ്യം കാണാം.
യഹോവ സർവശക്തനായിരിക്കുന്നതിനാൽ അവനു നമ്മെ സഹായിക്കാനാവും. “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെവിടാ”ത്തവൻ എന്ന് അവൻ തന്നെക്കുറിച്ചുതന്നെ വർണിക്കുന്നു.—പുറപ്പാടു 34:6, 7; 1 ശമൂവേൽ 2:6, 7.
ദൂതന്മാർ, ദൈവത്തിന്റെ ശക്തരായ ശുശ്രൂഷകർ
യഹോവ മനുഷ്യരെ സൃഷ്ടിക്കുന്നതിനു ദീർഘനാൾ മുമ്പ്, ഭൂമിയെത്തന്നെ നിർമിക്കുന്നതിനു മുമ്പ്, സ്വർഗത്തിൽ ആത്മവ്യക്തികളെ സൃഷ്ടിച്ചു. ദൈവം “ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ . . . , ദൈവപുത്രന്മാരെല്ലാം [ദൂതന്മാർ] സന്തോഷിച്ചാർ”ത്തുവെന്നു ബൈബിൾ പറയുന്നു. (ഇയ്യോബ് 38:4-7) കോടിക്കണക്കിനു ദൂതന്മാരുണ്ട്. സ്വർഗീയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു ദർശനത്തെ സംബന്ധിച്ച് യഹോവയുടെ ദാസനായ ദാനീയേൽ എഴുതി. ആ ദർശനത്തിൽ, “ആയിരമായിരം പേർ അവന്നു [ദൈവത്തിനു] ശുശ്രൂഷചെ”യ്യുന്നതായും “പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ” നിൽക്കുന്നതായും ദാനീയേൽ കണ്ടു.—ദാനീയേൽ 7:10.
യഹോവ സൃഷ്ടിച്ച ആദ്യത്തെ ആത്മവ്യക്തി യേശുക്രിസ്തു എന്ന് അറിയപ്പെടാനിടയായവനായിരുന്നു. (യോഹന്നാൻ 17:5; കൊലൊസ്സ്യർ 1:15) ഭൂമിയിൽ ഒരു മനുഷ്യനായി ജീവിക്കുന്നതിനു മുമ്പ്, ശക്തനായ ഒരു ആത്മജീവിയെന്നനിലയിൽ യേശു സ്വർഗത്തിൽ ജീവിച്ചിരുന്നു. മനുഷ്യനായി മരിച്ചശേഷം, യേശു സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്തു. ശക്തനായ ഒരു ആത്മജീവിയെന്നനിലയിലുള്ള ജീവിതം അവൻ അവിടെ പുനരാരംഭിച്ചു.—പ്രവൃത്തികൾ 2:32, 33.
സ്വർഗത്തിൽ യേശുവിനു വലിയ അധികാരമുണ്ട്. മീഖായേൽ എന്നും അറിയപ്പെടുന്ന യേശുവിനെ യൂദാ 9-ൽ, ‘പ്രധാനദൂതൻ’ എന്നു വിളിച്ചിരിക്കുന്നു, അവൻ മുഖ്യദൂതൻ അല്ലെങ്കിൽ പ്രമുഖദൂതൻ ആണെന്ന് അത് അർഥമാക്കുന്നു. (1 തെസ്സലൊനീക്യർ 4:16) ഭൂമിയുടെമേലും അവന് അധികാരമുണ്ട്. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു” യഹോവ “അവന്നു ആധിപത്യവും മഹത്വവും രാജത്വവും” നൽകിയിരിക്കുന്നു. (ദാനീയേൽ 7:13, 14) വലിയ അധികാരമുണ്ടായിരുന്നിട്ടും യേശു തന്റെ പിതാവായ യഹോവയ്ക്കു കീഴ്പെട്ടിരിക്കുന്നു.—1 കൊരിന്ത്യർ 11:3.
വിശ്വസ്ത ദൂതന്മാർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യവേതന്നെ ദൈവത്തിന്റെ ഭൂമിയിലെ ദാസൻമാർക്കും ശുശ്രൂഷ ചെയ്യുന്നു. അപ്പോസ്തലനായ പൗലൊസ് എഴുതി: “അവർ [ദൂതന്മാർ] ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?” (എബ്രായർ 1:14) ആളുകൾ യഹോവയെക്കുറിച്ചുള്ള സത്യം പഠിക്കുന്നതിൽ അവർ വിശേഷാൽ താത്പര്യമുള്ളവരാണ്. അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ ഒരു “ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു . . . കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ . . . എന്ന് അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.”—വെളിപ്പാടു 14:6, 7.
സാത്താനും ഭൂതങ്ങളും, ദൈവത്തിന്റെയും മനുഷ്യന്റെയും ശത്രുക്കൾ
സങ്കടകരമെന്നു പറയട്ടെ, എല്ലാ ദൂതന്മാരും ദൈവത്തോടു വിശ്വസ്തരായിരുന്നിട്ടില്ല. ചിലർ അവനെതിരെ മത്സരിച്ച്, അവന്റെയും മനുഷ്യവർഗത്തിന്റെയും ശത്രുക്കളായിത്തീർന്നു. മുഖ്യ മത്സരി പിശാചായ സാത്താനാണ്.
സാത്താൻ സ്ഥിതിചെയ്യുന്നുവെന്നതിനെ ഇന്നു പലരും നിഷേധിക്കുന്നുവെങ്കിലും, ദുഷ്ടത നിലനിൽക്കുന്നുവെന്നതിനെ ആരും നിഷേധിക്കുന്നില്ല. ദുഷ്ടതയിൽ വിശ്വസിക്കുമ്പോൾത്തന്നെ, അതിനൊരു ഹേതു ഉണ്ടെന്നു വിശ്വസിക്കാതിരിക്കുന്നത് “ഒഴിഞ്ഞുമാറാനൊക്കാത്ത ഒരു പ്രശ്ന”ത്തിലേക്കു നയിക്കുന്നുവെന്ന് സാത്താന്റെ മരണം (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. “പ്രകടിപ്പിക്കാൻ, നമ്മുടെ സംസ്കാരം മേലാൽ പദാവലി നൽകാത്ത ഒന്നിനെ സംബന്ധിച്ചു നാം ബോധവാന്മാരാണ്.”
നേരേമറിച്ച്, ബൈബിളിന് ആ പദാവലിയുണ്ട്, ദുഷ്ടതയുടെ ഉറവിടത്തെക്കുറിച്ച് അതു വ്യക്തമായി വിശദീകരിക്കുകയും ചെയ്യുന്നു. യഹോവ സൃഷ്ടിച്ച ദൂതജീവികൾ എല്ലാവരും നീതിനിഷ്ഠരും നല്ലവരുമായിരുന്നു; അവൻ ദുഷ്ടദൂതന്മാരെ ആരെയും സൃഷ്ടിച്ചില്ലെന്ന് അതു വിശദീകരിക്കുന്നു. (ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 5:4) എന്നാൽ, മനുഷ്യരെപ്പോലെ, ദൂതന്മാർക്കും ശരിയോ തെറ്റോ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാപ്തി ലഭിച്ചിരുന്നു. പൂർണരായ ഈ ആത്മപുത്രന്മാരിൽ ഒരുവൻ യഹോവയ്ക്ക് അർഹതപ്പെട്ട ആരാധന തനിക്കു കരസ്ഥമാക്കണമെന്ന സ്വാർഥാഗ്രഹം വളർത്തിയെടുത്തു. അങ്ങനെ അവന് “എതിരാളി” എന്നർഥമുള്ള സാത്താൻ എന്ന പേരു ലഭിച്ചു. (യാക്കോബ് 1:14, 15 താരതമ്യം ചെയ്യുക.) ചില ആഫ്രിക്കൻ മതങ്ങൾ പഠിപ്പിക്കുന്നതുപോലെ സാത്താൻ കേവലമൊരു സൂത്രശാലിയല്ല; അവനു പതിവായി ബലിയർപ്പിക്കുന്നവരെ സംരക്ഷിക്കുന്ന ഒരു “അംഗരക്ഷക”നുമല്ല. അവൻ തീർത്തും ദുഷ്ടനും ദ്രോഹിയുമാണെന്നു ബൈബിൾ പ്രകടമാക്കുന്നു.
ദൈവത്തിനെതിരായ മത്സരത്തിൽ മറ്റു ദൂതന്മാർ സാത്താനോടു പക്ഷംചേർന്നു. ഈ ഭൂതദൂതന്മാരും ഭൂമിയിലെ ആളുകളുടെ ശത്രുക്കളാണ്. അവരും ദുഷ്ടരും ദ്രോഹബുദ്ധികളുമാണ്. കഴിഞ്ഞകാലത്ത്, അവർ ചില മനുഷ്യരെ ഊമരും അന്ധരുമാക്കി. (മത്തായി 9:32, 33; 12:22) കുട്ടികൾ ഉൾപ്പെടെ മറ്റുള്ളവർക്ക് അവർ രോഗത്താലോ മനോവൈകല്യത്താലോ യാതന വരുത്തി. (മത്തായി 17:15, 18; മർക്കൊസ് 5:2-5) വ്യക്തമായും, സാത്താനുമായോ ഭൂതങ്ങളുമായോ യാതൊരു ബന്ധവുമുണ്ടായിരിക്കാൻ ബോധമുള്ള ആരും ആഗ്രഹിക്കുകയില്ല.
പൂർവികർ എവിടെ?
മരണം ജീവിതത്തിന്റെ അവസാനമല്ല, പിന്നെയോ ദേവന്മാരുടെയും പൂർവികരുടെയും അധീനതയിലുള്ള ആത്മമണ്ഡലത്തിലെ ജീവനിലേക്കുള്ള കേവലമൊരു കൂടുമാറ്റമോ കടന്നുപോകലോ ആണെന്ന് ആഫ്രിക്കയിലും മറ്റുള്ളിടങ്ങളിലുമുള്ള കോടിക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു. ആഫ്രിക്കൻ മതങ്ങളെ സംബന്ധിച്ചു കാര്യജ്ഞാനമുള്ള, പണ്ഡിതനായ ജോൺ മ്ബിറ്റി, “ജീവനുള്ള മരിച്ചവർ” എന്ന് അദ്ദേഹം വിളിക്കുന്ന പൂർവികരിലുള്ള വിശ്വാസത്തെക്കുറിച്ച് എഴുതുന്നു: “ആഫ്രിക്കക്കാർക്ക് ഏറ്റവുമധികം താത്പര്യമുള്ള ‘ആത്മാക്കളാ’ണ് അവർ . . . [ഭൂമിയിലെ] കുടുംബത്തിൽ എന്തു സംഭവിക്കുന്നുവെന്ന് അവർക്ക് അറിയാം, അതിൽ അവർക്കു താത്പര്യവുമുണ്ട്. . . . കുടുംബ കാര്യങ്ങൾ, പാരമ്പര്യങ്ങൾ, സദാചാരസംഹിത, പ്രവർത്തനങ്ങൾ എന്നിവയുടെ സംരക്ഷകരാണ് അവർ. ഈ കാര്യങ്ങളിലെ അപരാധങ്ങൾ ആത്യന്തികമായി, കുടുംബങ്ങളുടെയും സമുദായങ്ങളുടെയും അദൃശ്യ പൊലീസ് എന്ന സ്ഥാനത്തു പ്രവർത്തിക്കുന്ന പൂർവികർക്കെതിരായ അപരാധങ്ങളാണ്. എന്തെന്നാൽ അവർ ഇപ്പോഴും ‘ആളുകളാ’ണ്, അതുകൊണ്ട് മനുഷ്യർക്കും ദൈവത്തിനും ഇടയിലുള്ള മധ്യവർത്തികളുടെ ഏറ്റവും നല്ല ഗണം ഈ ജീവനുള്ള മരിച്ചവരാണ്: അവർക്ക് മനുഷ്യരുടെ ആവശ്യങ്ങൾ അറിയാം. അവർ ‘അടുത്തകാലത്ത്’ മനുഷ്യരോടൊപ്പം ഇവിടെയുണ്ടായിരുന്നു, അതേസമയം ദൈവവുമായി ആശയവിനിയമം ചെയ്യുന്നതിനുള്ള സരണികൾ അവർക്കു പൂർണമായും പ്രാപ്യമാണ്.”
എന്നാൽ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നത്? “ജീവനുള്ള മരിച്ചവർ” എന്നൊരു സംഗതി ഇല്ലെന്ന് അതു പ്രകടമാക്കുന്നു. ആളുകൾ ജീവനുള്ളവരോ മരിച്ചവരോ ആണ്—രണ്ടവസ്ഥയിലുംകൂടെ ആയിരിക്കാൻ സാധ്യമല്ല. മരിച്ചവർക്കു കേൾക്കാനോ കാണാനോ സംസാരിക്കാനോ ചിന്തിക്കാനോ കഴിയുകയില്ലെന്നു ദൈവവചനം പഠിപ്പിക്കുന്നു. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ നിയന്ത്രിക്കാവുന്ന ഒരു സ്ഥാനത്തല്ല. ബൈബിൾ പറയുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; . . . നീ ചെല്ലുന്ന പാതാളത്തിൽ [ശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 6, 10) “അവൻ [മനുഷ്യൻ] മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”—സങ്കീർത്തനം 146:4.
പൊടിയിലേക്കു തിരികെച്ചേരുന്നു
ഇതു വിശ്വസിക്കുന്നതിനു നിങ്ങൾക്കു ബുദ്ധിമുട്ടാണെങ്കിൽ, ആദ്യമനുഷ്യനായ ആദാമിന് എന്തു സംഭവിച്ചെന്നു പരിചിന്തിക്കുക. യഹോവ “നിലത്തെ പൊടികൊണ്ടു” ആദാമിനെ നിർമിച്ചു. (ഉല്പത്തി 2:7) യഹോവയുടെ കൽപ്പനയോട് ആദാം അനുസരണക്കേടു കാണിച്ചപ്പോൾ, മരണമായിരുന്നു ശിക്ഷ. ദൈവം അവനോടു പറഞ്ഞു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; [നീ] അതിൽ തിരികെ[ചേരും]; . . . നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”— ഉല്പത്തി 3:19.
പൊടിയിൽനിന്ന് ദൈവം ആദാമിനെ സൃഷ്ടിക്കുന്നതിനുമുമ്പ്, ആദാം അസ്തിത്വത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവൻ ‘പൊടിയിലേക്കു തിരികെ ചേർന്ന’പ്പോൾ, പൊടിപോലെ, അവൻ വീണ്ടും ജീവനില്ലാത്തവനായിത്തീർന്നു. പൂർവികരുടെ ആത്മാക്കളുടെ മണ്ഡലത്തിലേക്ക് അവൻ കടന്നുപോയില്ല. അവൻ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോയില്ല. അവൻ മരിച്ചപ്പോൾ, അത് അവന്റെ അവസാനമായിരുന്നു.
മരണത്തിങ്കൽ മറ്റു മനുഷ്യർക്കും അതുതന്നെയാണോ സംഭവിക്കുന്നത്? തീർച്ചയായും. ബൈബിൾ പ്രസ്താവിക്കുന്നു: “എല്ലാം [മനുഷ്യരും മൃഗങ്ങളും] ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.” (സഭാപ്രസംഗി 3:20) മരിച്ച മനുഷ്യരെ ഒരു പറുദീസാ ഭൂമിയിലെ ജീവനിലേക്കു ദൈവം വിളിച്ചുണർത്തുമെന്നു ബൈബിൾ നിശ്ചയമായും പറയുന്നു. എന്നാൽ ആ സമയം ഇപ്പോഴും ഭാവിയിലാണ്. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) അതിനിടയിൽ, മരിച്ചവർക്കു നമ്മെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയാത്തതിനാൽ നാം അവരെ ഭയപ്പെടുകയോ അവർക്കു ബലിയർപ്പിക്കുകയോ ചെയ്യരുത്.
മരിച്ച പൂർവികരുടെ അവസ്ഥ സംബന്ധിച്ച് ആളുകളെ വഴിതെറ്റിക്കാനാണു സാത്താനും അവന്റെ ഭൂതങ്ങളും ആഗ്രഹിക്കുന്നത്. അതുകൊണ്ട്, മരണാനന്തരവും ആളുകൾ ജീവിക്കുന്നുവെന്നുള്ള ഭോഷ്ക് അവർ പ്രോത്സാഹിപ്പിക്കുന്നു. അവർ ഇതു ചെയ്യുന്ന ഒരു വിധം കെട്ടുകഥകളിലൂടെയാണ്. (1 തിമൊഥെയൊസ് 4:1) മരിച്ചവരുമായി ആശയവിനിയമം ചെയ്തെന്നു ചിന്തിക്കാൻ തക്കവണ്ണം, ദർശനങ്ങളെയും സ്വപ്നങ്ങളെയും ആത്മമധ്യവർത്തികളെയും ഉപയോഗിച്ചുകൊണ്ട് അവർ ആളുകളെ വഞ്ചിക്കുന്നു. എന്നാൽ സമ്പർക്കം പുലർത്തിയതു മരിച്ചവരുമായിട്ടല്ല. പകരം, മരിച്ച ആളുകളായി നടിക്കുന്ന ഭൂതങ്ങളുമായിട്ടാണ്. പ്രത്യക്ഷമായോ ഭാവികഥനവിദ്യ പോലുള്ള മാർഗങ്ങളിലൂടെ പരോക്ഷമായോ മരിച്ചവരോട് ആലോചനകഴിക്കുന്നതിനെ യഹോവ ശക്തമായി കുറ്റംവിധിക്കുന്നത് അതുകൊണ്ടാണ്.—ആവർത്തനപുസ്തകം 18:10-12.
[6-ാം പേജിലെ ചിത്രം]
ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ആത്മമധ്യവർത്തികളിലൂടെയും ഭൂതങ്ങൾ ആളുകളെ വഞ്ചിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
ആളുകളെ വഴിതെറ്റിക്കുന്നതിന് ഭൂതങ്ങൾ മരിച്ചവരായി നടിക്കുന്നു