ഘാനയിലെ “ആചാരാനുസൃത വിവാഹം”
ഘാനയിലെ ഉണരുക! ലേഖകൻ
വിവാഹം—ഓരോ വർഷവും ലോകമൊട്ടാകെ ലക്ഷങ്ങൾ ഈ ബന്ധത്തിൽ പ്രവേശിക്കുന്നു. സാധാരണമായി തങ്ങൾ ജീവിക്കുന്നയിടങ്ങളിലെ വൈവാഹിക ആചാരമനുസരിച്ചാണ് അവർ അതു ചെയ്യുന്നത്.
ഘാനയിലെ ഏറ്റവും സർവസാധാരണമായ രീതിയിലുള്ള വിവാഹങ്ങൾ ആചാരാനുസൃത വിവാഹം എന്നു വിളിക്കപ്പെടുന്നവയാണ്. ഇതിൽ വധുവിന്റെ കുടുംബത്തിനു വരന്റെ കുടുംബത്തിന്റെ വകയായി പുരുഷധനം കൊടുക്കുന്നത് ഉൾപ്പെടുന്നു. ആചാരാനുസൃത വിവാഹം മിക്ക ആഫ്രിക്കൻ പ്രദേശങ്ങളിലും അതുപോലെതന്നെ ഹോങ്കോംഗ്, പാപ്പുവ ന്യൂ ഗിനി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലുമുള്ള ആളുകളുടെ ഇടയിലും, വടക്കുകിഴക്കൻ കൊളംബിയയിലെയും വടക്കുപടിഞ്ഞാറൻ വെനെസ്വേലയിലെയും ഗ്വാക്കീറോ ഇന്ത്യക്കാരുടെ ഇടയിലുമൊക്കെ പ്രചാരത്തിലിരിക്കുന്നു.
പുരുഷധനം കൊടുക്കുന്നതു ബൈബിൾ കാലങ്ങളിലെ ഒരു രീതിയായിരുന്നു. (ഉല്പത്തി 34:11, 12; 1 ശമൂവേൽ 18:25) പുരാതനകാലങ്ങളിലും ഇന്നും പുരുഷധനത്തെ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് അവളുടെ സേവനങ്ങളുടെ നഷ്ടത്തിനും വിവാഹം വരെയുള്ള അവളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമായി ചെലവഴിച്ച സമയം, ഊർജം, പണം തുടങ്ങിയവയ്ക്കും ഉള്ള ഒരു നഷ്ടപരിഹാരമായി ഗണിക്കുന്നു.
മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വം
ഘാനയുടെ മുൻകാലചരിത്രത്തിൽ യുവജനങ്ങളുടെ ഇടയിൽ ഡേറ്റിങ്ങോ കോർട്ടിങ്ങോ പ്രചാരത്തിലുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ തങ്ങളുടെ മക്കൾക്കുവേണ്ടി മാതാപിതാക്കൾതന്നെ സമുദായത്തിലെ വിവാഹപ്രായമായ യുവാക്കളെയും യുവതികളെയുംപറ്റി ശ്രമംചെലുത്തി വിവരങ്ങൾ ശേഖരിച്ചശേഷം വിവാഹങ്ങൾ നടത്തിയിരുന്നു. ഘാനയിലെ ചില മാതാപിതാക്കൾ ഇപ്പോഴും അങ്ങനെ ചെയ്തുവരുന്നു.
ചെറുക്കന്റെ മാതാപിതാക്കൾ പെൺകുട്ടിയുടെ വ്യക്തിത്വം, അവളുടെയും അവളുടെ കുടുംബത്തിന്റെയും സൽപ്പേര്, കുടുംബത്തിൽ തുടർച്ചയായി കാണപ്പെടുന്ന പാരമ്പര്യ രോഗങ്ങൾ, യഹോവയുടെ സാക്ഷികളുടെ കാര്യത്തിലാണെങ്കിൽ അവളുടെ ആത്മീയത തുടങ്ങിയ ഘടകങ്ങളാണു പരിഗണിക്കുന്നത്. തൃപ്തിപ്പെട്ടാൽ മാതാപിതാക്കൾ ഔപചാരികമായി പെൺകുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു വിവാഹമാലോചിക്കുന്നു.
അടുത്തതായി, പെണ്ണിന്റെ അമ്മയപ്പന്മാർ ചെറുക്കന്റെയും അയാളുടെ കുടുംബത്തിന്റെയും ചുറ്റുപാടുകൾ അന്വേഷിക്കുന്നു. മുകളിൽപ്പറഞ്ഞ ഘടകങ്ങൾക്കു പുറമേ, അവർ ഒരു ഭാര്യയെ പോറ്റിപ്പുലർത്താനുള്ള ചെറുക്കന്റെ പ്രാപ്തിയും പരിഗണിക്കുന്നു—അയാൾ ജോലിയുള്ളവനോ ഇല്ലാത്തവനോ? പെണ്ണിന്റെ മാതാപിതാക്കൾക്ക് തൃപ്തിതോന്നിയാൽ, അവർ ചെറുക്കന്റെ മാതാപിതാക്കളെ അറിയിക്കുകയായി. പിന്നീട്, ചെറുക്കന്റെയും പെണ്ണിന്റെയും സമ്മതം ലഭിച്ചതിനുശേഷം മാതാപിതാക്കൾ ഒത്തൊരുമിച്ചു വിവാഹത്തിന്റെ വിശദാംശങ്ങൾ പര്യാലോചിക്കുന്നു.
എന്തുകൊണ്ടാണ് പ്രായപൂർത്തിയായ മക്കൾക്കു വിവാഹ ഇണകളെ കണ്ടുപിടിക്കാനുള്ള ചുമതല ഇപ്പോഴും ചില മാതാപിതാക്കൾ ഏറ്റെടുക്കുന്നത്? മാതാപിതാക്കൾ വിവാഹം ഏർപ്പാടു ചെയ്ത ഇന്ത്യയിലെ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ഗൗരവാവഹമായ ഒരു തീരുമാനം എടുക്കാൻ ഒരു യുവവ്യക്തിക്ക് എങ്ങനെ യോഗ്യതയുണ്ടായിരിക്കാനാണ്? പ്രായവും അനുഭവപരിചയവുംകൊണ്ട് ഏറ്റവും ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പ് ഏതാണെന്നു തീരുമാനിക്കാൻ യോഗ്യത നേടിയവരുടെ അഭിപ്രായത്തിന് അതു വിടുന്നതാണ് വളരെ മെച്ചമായിരിക്കുന്നത്.” അവളുടെ അഭിപ്രായം വളരെയധികം ആഫ്രിക്കക്കാരുടെയും വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.
എന്നിരുന്നാലും, ഘാനയിലും കാലം മാറിവരുന്നു. ഡേറ്റിങ്ങും കോർട്ടിങ്ങും ജനപ്രീതിയാർജിച്ചുവരുന്നു. കോർട്ടിങ്ങിന്റെ ഉചിതമായ ഒരു ഘട്ടത്തിൽ, ചെറുക്കനും പെണ്ണും മാതാപിതാക്കളെ തങ്ങളുടെ ഉദ്ദേശ്യങ്ങൾ അറിയിക്കുന്നു. അവരുടെ മാതാപിതാക്കൾ പരസ്പരം ബന്ധപ്പെടുകയും, അതൊരു നല്ല ജോഡിയാണെന്ന് അവർക്കു ബോധ്യമാവുകയും ചെയ്തശേഷം കുടുംബങ്ങൾ, ഘാനയിലെ വ്യത്യസ്ത ഭാഷകളിൽ സാധാരണമായി വാതിലിൽ അതായത് വിവാഹ വാതിലിൽ മുട്ടൽ എന്നറിയപ്പെടുന്ന ഔപചാരിക ചടങ്ങുകൾ തുടങ്ങുകയായി.
വാതിലിൽമുട്ടൽ ചടങ്ങ്
ചെറുക്കന്റെയും പെണ്ണിന്റെയും മാതാപിതാക്കൾ തങ്ങളുടെ കുടുംബാംഗങ്ങളെ തീയതിയും കൂടിവരവിന്റെ ഉദ്ദേശ്യവും അറിയിക്കുന്നു. “കുടുംബാംഗങ്ങൾ” എന്ന പദം ചെറുക്കന്റെയും പെണ്ണിന്റെയും അച്ഛനമ്മമാരുടെ സഹോദരീസഹോദരന്മാരും അവരുടെ മക്കളും വല്ല്യമ്മവല്ല്യപ്പന്മാരും എല്ലാം ഉൾപ്പെടുന്ന വിസ്തൃതമായ ആഫ്രിക്കൻ കുടുംബത്തെയാണ് അർഥമാക്കുന്നത്. നിശ്ചിത ദിവസം രണ്ടുകുടുംബങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചടങ്ങിനുവേണ്ടി ഒരുമിച്ചുകൂടുന്നു. വരൻ സന്നിഹിതനായിരിക്കണമെന്നു നിർബന്ധമില്ല. അത്തരമൊരു വാതിലിൽമുട്ടൽ ചടങ്ങിൽ സംഭവിച്ച സംഗതികളുടെ ഒരു ഹ്രസ്വ വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്.
പെണ്ണിന്റെ പ്രതിനിധി (പെപ്ര): [വരന്റെ പ്രതിനിധികളോടു സംസാരിക്കുന്നു] നിങ്ങളുടെ ആഗമനോദ്ദേശ്യം ഞങ്ങൾക്കറിയാം. എങ്കിലും ആചാരമനുസരിച്ചു ഞങ്ങൾ ചോദിക്കുന്നു. നിങ്ങൾ എന്തിന് ഇവിടെ വന്നു?
ചെറുക്കന്റെ പ്രതിനിധി (ചെപ്ര): ഞങ്ങളുടെ മകൻ ക്വെസീ നിങ്ങളുടെ വീടിനടുത്തുകൂടി കടന്നുപോയപ്പോൾ ഒരു മനോഹരമായ പുഷ്പം കണ്ടു. അവനതു പറിക്കാൻ നിങ്ങളുടെ അനുവാദം വേണം.
പെപ്ര: [അജ്ഞത നടിച്ചുകൊണ്ട്] ഈ വീട്ടിൽ പുഷ്പമൊന്നുമില്ല. നിങ്ങൾക്കുതന്നെ അത് ഉറപ്പുവരുത്താം.
ചെപ്ര: ഞങ്ങളുടെ മകനു തെറ്റിയിട്ടില്ല. ഈ വീട്ടിൽ വളരെ ഭംഗിയുള്ള ഒരു പുഷ്പം ഉണ്ടെന്നു ഞങ്ങൾ ഉറപ്പിച്ചുപറയുന്നു; പുഷ്പത്തിന്റെ പേർ ആഫി എന്നാണ്.
പെപ്ര: അങ്ങനെയെങ്കിൽ അതൊരു മനുഷ്യപുഷ്പമാണ്. അതെ, ആഫി ഇവിടെത്തന്നെയാണു താമസിക്കുന്നത്.
ചെപ്ര: ഞങ്ങൾക്കു വാതിലിൽ മുട്ടുകയും ക്വെസീക്കുവേണ്ടി ആഫിയുടെ കൈ വിവാഹത്തിനായി ചോദിക്കുകയും വേണ്ടിയിരുന്നു.
ചെറുക്കൻ വീട്ടുകാർ ഇപ്പോൾ പല തരം പാനീയങ്ങളും അൽപ്പം പണവും ഉൾപ്പെടെ ചില സാധനങ്ങൾ സമ്മാനിക്കുന്നു. ഓരോ ഗോത്രങ്ങൾക്കനുസരിച്ച്, സമ്മാനിക്കുന്ന വസ്തുക്കൾക്കും അളവുകൾക്കും വ്യത്യാസമുണ്ട്. പാശ്ചാത്യരീതിയിലുള്ള വിവാഹനിശ്ചയത്തോട് ഏറെക്കുറെ തുല്യമാണ് ഈ ചടങ്ങ്. ചില അവസരങ്ങളിൽ ഒരു വിവാഹനിശ്ചയ മോതിരം പോലും നൽകുന്നു.
വധുവിന്റെ പ്രതിനിധി ഇപ്പോൾ കാഴ്ചക്കാരുടെ എല്ലാവരുടെയും മുമ്പിൽ വെച്ച് അവളോടു കൊണ്ടുവന്നിരിക്കുന്ന വസ്തുക്കൾ സ്വീകരിക്കണമോ എന്നു ചോദിക്കുന്നു. അവളുടെ ഉവ്വ് എന്ന മറുപടി, വിവാഹം ചെയ്യാനുള്ള അവളുടെ സമ്മതത്തിന് എല്ലാവരെയും ദൃക്സാക്ഷികളാക്കുന്നു. വിവാഹാഘോഷം നടത്തുന്നതിന് ഇരുകുടുംബങ്ങൾക്കും സൗകര്യപ്രദമായ ഒരു തീയതി നിശ്ചയിക്കുന്നു. ലഘുഭക്ഷണത്തോടെ ചടങ്ങുകൾ അവസാനിക്കുന്നു.
വിവാഹച്ചടങ്ങ്
വധുവിന്റെ വീട്ടിലോ തിരഞ്ഞെടുത്ത ഒരു പ്രതിനിധിയുടെ വീട്ടിലോ പുരുഷധനം കൊടുക്കുന്നതിനു കൂടിവരുന്നവരുടെ എണ്ണം, വാതിലിൽമുട്ടൽ ചടങ്ങിനു വരുന്നവരുടേതിനെക്കാൾ പൊതുവേ കൂടുതലായിരിക്കും. ഈ പുരുഷധനം കൊടുക്കൽ ചടങ്ങ് വിവാഹമായി അംഗീകരിക്കപ്പെടുന്നു. ഇപ്പോൾ സുഹൃത്തുക്കൾകൂടി ഹാജരായതു നിമിത്തമാണ് അത്.
അന്തരീക്ഷം ആഹ്ലാദകരമാണ്. വധുവിനു വേണ്ടി കൊണ്ടുവന്നിരിക്കുന്നതെന്താണെന്നു കാണാൻ അവിവാഹിതരായ യുവാക്കളും യുവതികളും ആകാംക്ഷയുള്ളവരാണ്. എന്നാൽ പുരുഷധനമായി തന്ന വസ്തുക്കൾ പൂർണമല്ല എന്നു വധുവിന്റെ കുടുംബം പരാതിപ്പെടുമ്പോൾ സന്തോഷകരമായ അന്തരീക്ഷം പിരിമുറുക്കമുള്ളതായിത്തീരുന്നു. വധുവിന്റെ വീട്ടുകാർ വഴങ്ങുന്നില്ല എന്നു കാണുമ്പോൾ കാണികളിൽ ചിലർ ആകാംക്ഷ നിമിത്തം ശ്വാസമടക്കിപ്പിടിക്കുന്നു. വരന്റെ വക്താവ് നയപരമായി വാദിച്ച് വധുവിന്റെ കുടുംബത്തിന്റെ സഹാനുഭൂതി നേടുന്നു. വധുവിന്റെ കുടുംബം മനസ്സലിവു കാണിക്കുന്നതോടെ രംഗം അയവുള്ളതാകുന്നു. അന്തരീക്ഷം വീണ്ടും മാറുന്നു. ഇപ്പോൾ ഒരു ഉല്ലാസപ്രതീതിയാണ്. ലഘുഭക്ഷണങ്ങൾ വിളമ്പുന്നു.
വിവാഹച്ചടങ്ങിന്റെ തുടക്കമെന്നനിലയിൽ, വധുവിന്റെ വക്താവ് കൂട്ടത്തോട് ശാന്തരാകാൻ ആവശ്യപ്പെടുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം വരന്റെ പ്രതിനിധികളോട് അവരുടെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ചു ചോദിക്കുന്നു. വരന്റെ വക്താവ്, വാതിലിൽ ഇപ്പോൾത്തന്നെ മുട്ടിക്കഴിഞ്ഞിരിക്കുന്നുവെന്നും അകത്തു പ്രവേശിക്കാനുള്ള അനുവാദം ലഭിച്ചുകഴിഞ്ഞുവെന്നും കൂട്ടത്തെ ഓർമിപ്പിച്ചുകൊണ്ടു തങ്ങൾ വന്നതിന്റെ കാരണം പ്രസ്താവിക്കുന്നു.
വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് അനുമതി കൊടുക്കുന്ന ആളും ചെറുക്കന്റെ തുണക്കാരനും ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളെ ഇരു കുടുംബങ്ങളുടെയും വക്താക്കൾ കൂട്ടത്തിനു പരിചയപ്പെടുത്തുന്നു. ചടങ്ങുകൾ പുരോഗമിക്കുന്നു.
പെപ്ര: [വരന്റെ പ്രതിനിധികളോടു സംസാരിക്കുന്നു] ഞങ്ങൾ ചോദിച്ച വിവാഹ വസ്തുക്കൾ ദയവായി കൊണ്ടുവരുക.
വധുവിന്റെ വക്താവ് പുരുഷധനമായി പറഞ്ഞ വസ്തുക്കൾ എല്ലാമുണ്ടോ എന്ന് എല്ലാവർക്കും പരിശോധിച്ചു നോക്കത്തക്കവിധം യഥാക്രമം എണ്ണിപ്പറയുന്നു. വധുവിന്റെ കുടുംബം തങ്ങളുടെ ആവശ്യങ്ങൾ വല്ലാതെ കൂട്ടിപ്പറയുന്നുവെന്നു വരന്റെ വക്താക്കൾക്കു തോന്നുന്നുവെങ്കിൽ അവർ വിവാഹദിവസത്തിനു മുമ്പുതന്നെ സ്വകാര്യമായി പ്രശ്നം പരിഹരിക്കുന്നു. എന്നിരുന്നാലും, ചില വധുക്കളുടെ കുടുംബങ്ങൾ ശാഠ്യക്കാരാണെന്നു തെളിഞ്ഞാൽ, കൂടുതലാകുന്നു എന്നു തോന്നുന്ന ഏതുതരത്തിലുള്ള ആവശ്യപ്പെടലുകളും വാദിച്ചു കുറയ്ക്കാൻ തയ്യാറായിത്തന്നെയാണു വരന്റെ കുടുംബം ചടങ്ങിൽ സംബന്ധിക്കുന്നത്. ഒരുവൻ എവിടെ ജീവിച്ചാലും അടിസ്ഥാന പുരുഷധനം—അതു കൂടുതലോ കുറവോ ആകട്ടെ—മുഴുവനായും കൊടുത്തിരിക്കണം.
ചില കുടുംബങ്ങൾ പാനീയങ്ങൾ, വസ്ത്രങ്ങൾ, നെക്ക്ലേസുകൾ, കമ്മലുകൾ തുടങ്ങിയവയും സ്ത്രീകളുപയോഗിക്കുന്ന മറ്റു വസ്തുക്കളും വേണമെന്നു നിബന്ധനവെക്കുന്നു. വടക്കൻ ഘാനയിൽ ഉപ്പ്, കോലാ കായ്കൾ, ഗിനിക്കോഴികൾ, ചെമ്മരിയാടുകൾ തുടങ്ങിയവയും ചിലപ്പോൾ കന്നുകാലികൾപോലും പുരുഷധനത്തിൽ ഉൾപ്പെട്ടേക്കാം. ഒരു നിശ്ചിത സംഖ്യ പണവും പുരുഷധനത്തിന്റെ അവശ്യഘടകമാണ്.
ഒത്തുതീർപ്പ് പുരോഗമിക്കുമ്പോൾ വധു സന്നിഹിതയല്ലെങ്കിലും കാര്യാദികൾ വീക്ഷിച്ചുകൊണ്ട് അടുത്തുതന്നെയുണ്ടാകും. വരന്റെ സാന്നിധ്യം നിർബന്ധമല്ല. അങ്ങനെ ദൂരെയുള്ള ഒരുവനു തനിക്കുവേണ്ടി ഒരു വിവാഹം നടത്തുന്നതിനു തന്റെ മാതാപിതാക്കളെ ചുമതലപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും ഇവിടെ വിവരിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ വരനും സന്നിഹിതനാണ്. ഇപ്പോൾ ആവശ്യമുന്നയിക്കുന്നതിനുള്ള ഊഴം അയാളുടെ കുടുംബത്തിന്റേതാണ്.
ചെപ്ര: ഞങ്ങളോടാവശ്യപ്പെട്ടതെല്ലാം ഞങ്ങൾ നിറവേറ്റിക്കഴിഞ്ഞു, പക്ഷേ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ മരുമകളെ കണ്ടില്ല.
വിവാഹ ചടങ്ങുകളിൽ ഗൗരവാവഹമായ കാര്യങ്ങൾ മാത്രമല്ല ഉൾപ്പെടുന്നത്; അത് അൽപ്പം തമാശ ആസ്വദിക്കാനുള്ള സമയം കൂടിയാണ്. വധുവിനെ കാണണമെന്ന ചെറുക്കന്റെ കുടുംബത്തിന്റെ ആവശ്യത്തിനു പെണ്ണിന്റെ കുടുംബം ഇപ്പോൾ പ്രത്യുത്തരം നൽകുന്നു.
പെപ്ര: വധു ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്നു ഞങ്ങൾ ആശിക്കുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, അവൾ വിദേശത്തേക്കു പോയിരിക്കുന്നു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അങ്ങോട്ടൊരു യാത്ര നടത്തി അവളെ തിരികെ കൊണ്ടുവരാനുള്ള പാസ്പോർട്ടോ വിസയോ ഒന്നുമില്ലതാനും.
അതിന്റെ അർഥമെന്താണെന്ന് എല്ലാവർക്കും അറിയാം. ഉടനെതന്നെ വരന്റെ കുടുംബം ഒരു തുക കൊടുക്കുന്നു—വരന്റെ പ്രാപ്തിക്കനുസരിച്ച് എത്ര വേണമെങ്കിലുമാകാം അത്. അതാ, തത്ക്ഷണം സാങ്കൽപ്പിക പാസ്പോർട്ടും വിസയും തയ്യാർ! വധു തന്റെ യാത്ര കഴിഞ്ഞു മടങ്ങിയെത്തുകയും ചെയ്തിരിക്കുന്നു!
തമാശ കൂട്ടാൻ, ചില ഗോത്രങ്ങൾ വധുവായി ആൾമാറാട്ടം നടത്തുന്നതിനു അവളുടെ ചില സുഹൃത്തുക്കളെ ഏർപ്പാടു ചെയ്യുന്നു. വലിയ കരഘോഷത്തിന്മധ്യേ യഥാർഥ വധു വരുന്നതുവരെ ഓരോ ആൾമാറാട്ടക്കാരെയും മുഴുകൂട്ടവും പൂർണമായും തിരസ്കരിക്കുന്നു. അപ്പോൾ അവളുടെ വക്താവ്, പുരുഷധനമായി കൊണ്ടുവന്ന വസ്തുക്കൾ കാണുന്നതിനായി അവളെ ക്ഷണിക്കുന്നു. വരൻ കൊണ്ടുവന്ന വസ്തുക്കൾ സ്വീകരിക്കണമോ എന്ന് അവളോടു ചോദിക്കുന്നു. ഉത്തരത്തിനുവേണ്ടി എല്ലാവരും നിശബ്ദരായി കാത്തിരിക്കുന്നു. ചില പെൺകുട്ടികൾ സങ്കോചമുള്ളവരായിരിക്കും, മറ്റുചിലർ നിർഭയരായിരിക്കും. പക്ഷേ ഉത്തരം അഭേദമന്യേ ഉവ്വ് എന്നായിരിക്കും. തുടർന്ന് ഇടിമുഴക്കംപോലുള്ള ഒരു കരഘോഷം കേൾക്കാം.
വരൻ സന്നിഹിതനാണെങ്കിൽ വധുവിന്റെ കുടുംബം അവനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു. അവന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും അവനുവേണ്ടി ആൾമാറാട്ടം നടത്തുകയാണെങ്കിൽ തമാശ ഇടതടവില്ലാതെ തുടരുന്നു. പ്രധാനപ്പെട്ട ഒരാളുടെ ഭാവത്തോടെ അവന്റെ സുഹൃത്ത് എഴുന്നേൽക്കുന്നു, പക്ഷേ തത്ക്ഷണം ആളുകൾ അവനെ കൂവിയിരുത്തുന്നു.
വധുവിന്റെ മാതാപിതാക്കൾ തങ്ങളുടെ മരുമകനെ കാണണമെന്നാവശ്യപ്പെടുന്നു. ഇപ്പോൾ യഥാർഥ വരൻ സുസ്മേരവദനനായി എഴുന്നേറ്റുനിൽക്കുന്നു. വധുവിന്റെ കുടുംബം അവളെ ഭർത്താവിനോടു ചേരാൻ അനുവദിക്കുന്നു. പുരുഷധനത്തിന്റെ നിബന്ധനയുടെ ഭാഗമായി ഒരു മോതിരവുമുണ്ടെങ്കിൽ അവൻ അവളുടെ വിരലിൽ ഒരു മോതിരം അണിയിക്കുന്നു. മോതിരമിടൽ പാശ്ചാത്യദേശത്തുനിന്നുവന്ന ഒരു ആചാരമാണ്. അവളും പകരം ഒരു മോതിരം അവന്റെ വിരലിൽ അണിയിക്കുന്നു. ആശംസകളും സന്തോഷവുംകൊണ്ട് അന്തരീക്ഷം നിറയുന്നു. സൗകര്യത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി ചിലർ ഇപ്പോൾ വാതിലിൽമുട്ടൽ ചടങ്ങും വിവാഹവും ഒരേ ദിവസംതന്നെ നടത്താറുണ്ട്.
അടുത്തതായി ഇരു കുടുംബങ്ങളിലെയും അനുഭവപരിചയമുള്ള അംഗങ്ങളും മറ്റുള്ളവരും, മരണം വേർപിരിക്കുന്നതുവരെ തങ്ങളുടെ വിവാഹം വിജയകരമാക്കാൻ ആവശ്യമായ ബുദ്ധ്യുപദേശങ്ങൾ നവദമ്പതികൾക്കു നൽകുന്നു. ആ ദിവസം ആഹ്ലാദകരമായ വിധം പര്യവസാനിപ്പിക്കുന്നതിനായി ലഘുഭക്ഷണങ്ങൾ വിളമ്പുന്നു.
വിവാഹാഘോഷം കഴിഞ്ഞിരിക്കുന്നു! ഘാനയിൽ, ആ ദിവസംമുതൽ സമൂഹം ദമ്പതികളെ നിയമാനുസൃതം വിവാഹിതരായതായി കണക്കാക്കുന്നു. എന്തെങ്കിലും കാരണവശാൽ പെണ്ണിന്റെ കുടുംബത്തിലെ ഏതെങ്കിലും പ്രധാന അംഗങ്ങൾക്കു ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിൽ വിവാഹചടങ്ങുകൾ കഴിഞ്ഞു എന്നറിയിക്കാനായി അന്നു വിളമ്പിയ പാനീയങ്ങളിൽ ചിലത് അവർക്കയച്ചുകൊടുക്കുന്നു. വധൂവരന്മാർ യഹോവയുടെ സാക്ഷികളാണെങ്കിൽ, ചില കേസുകളിൽ സാക്ഷികൾ അതിനുശേഷം ഒരു ബൈബിളധിഷ്ഠിത പ്രസംഗം നടത്താൻ ക്രമീകരിക്കുന്നു. അതിനു ശേഷം ചെറിയ ലഘുഭക്ഷണവും ഉണ്ടായിരിക്കും.
ഘാനയിൽ ചില ദമ്പതിമാർ നിയമാനുസൃത വിവാഹം അല്ലെങ്കിൽ സർക്കാർ ചട്ടമനുസരിച്ചുള്ള വിവാഹം എന്നു വിളിക്കപ്പെടുന്ന പാശ്ചാത്യ രീതിയിലുള്ള വിവാഹങ്ങളും നടത്തുന്നു. ദമ്പതികൾക്ക് നിയമപ്രകാരം ആവശ്യമായ പ്രായമുണ്ടെങ്കിൽ മാതാപിതാക്കളുടെ അംഗീകാരത്തോടെയോ അല്ലാതെയോ ഈ ഉടമ്പടി ചെയ്യാവുന്നതാണ്. ആചാരാനുസൃത വിവാഹങ്ങളിൽ മാതാപിതാക്കളുടെ അംഗീകാരം നിർബന്ധമാണ്.
നിയമപ്രകാരമുള്ള വിവാഹങ്ങളിൽ ദമ്പതികൾ വിവാഹ പ്രതിജ്ഞകൾ നടത്തുന്നു. എന്നാൽ ആചാരാനുസൃത വിവാഹങ്ങളിൽ പ്രതിജ്ഞകളില്ല. ആചാരാനുസൃതം നടത്തപ്പെടുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു, യഹോവയുടെ സാക്ഷികൾ അതനുസരിക്കുന്നു. (റോമർ 13:1) പിന്നീട് ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകപ്പെടുന്നു.
പുരാതനകാലം മുതൽതന്നെ ഇപ്പോൾ ഘാനയെന്നു വിളിക്കപ്പെടുന്ന ഗോൾഡ് കോസ്റ്റ് ബ്രിട്ടീഷ് കോളനിയാകുന്നതുവരെ ആ രാജ്യത്തു പ്രചാരത്തിലിരുന്ന ഒരേയൊരു വിവാഹരീതി ആചാരാനുസൃത വിവാഹമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ ഇവിടെയുള്ള തങ്ങളുടെ പൗരന്മാർക്കുവേണ്ടി പാശ്ചാത്യ രീതിയിലുള്ള വിവാഹരീതി കൊണ്ടുവന്നു. ഇന്നാട്ടുകാരെയും ഇത്തരം വിവാഹ ഉടമ്പടികളിൽ ഏർപ്പെടുന്നതിന് അനുവദിച്ചിരുന്നു. അനേകവർഷങ്ങളായി പാശ്ചാത്യരീതിയിലുള്ള വിവാഹങ്ങളും ആചാരാനുസൃത വിവാഹങ്ങളും ഒരുപോലെ പ്രചാരത്തിലിരിക്കുന്നു. ഘാനയിൽ രണ്ടും നിയമപരമായി അംഗീകരിക്കപ്പെട്ടതായിരിക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾക്കു സ്വീകാര്യമാണ്. ഏതു രീതിയിൽ വേണമെന്ന തീരുമാനം വ്യക്തികൾക്കു വിട്ടുകൊടുത്തിരിക്കുന്നു.
ചില ആഫ്രിക്കൻ രാജ്യങ്ങളിൽ, ദമ്പതികൾ നിയമപരമായി വിവാഹിതരാണെന്ന് അംഗീകരിക്കപ്പെടണമെങ്കിൽ ആചാരാനുസൃത വിവാഹങ്ങൾ ആദ്യമേ രജിസ്റ്റർ ചെയ്തിരിക്കണം. എന്നുവരികിലും, ഘാനയിൽ മുകളിൽ വിവരിച്ചതുപോലുള്ള ആചാരാനുസൃത വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാതെതന്നെ നിയമപരമായി അംഗീകാരമുള്ളതാണ്. ആചാരാനുസൃത വിവാഹചടങ്ങുകൾ അവസാനിച്ചുകഴിയുമ്പോൾ തന്നെ ദമ്പതികൾ നിയമാനുസൃതം വിവാഹിതരായതായി കണക്കാക്കുന്നു. ആചാരാനുസൃത വിവാഹങ്ങൾ പിന്നീട് എപ്പോഴെങ്കിലും രേഖയുണ്ടായിരിക്കുന്നതിനു വേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്നു.
വിവാഹം തീർച്ചയായും മനുഷ്യവർഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ സ്നേഹപൂർവമുള്ള സമ്മാനമാണ്. ദൈവദൂതന്മാർക്കുപോലും കൊടുക്കാഞ്ഞ അനുപമമായ സമ്മാനമാണത്. (ലൂക്കൊസ് 20:34-36) അതിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിനായി കാത്തുസൂക്ഷിക്കത്തക്കവിധം അമൂല്യമായ ഒരു ബന്ധമാണ് അത്.
[23-ാം പേജിലെ ചിത്രം]
മോതിരം കൈമാറുന്നു