ലൂയി പാസ്ചർ അദ്ദേഹത്തിന്റെ പരിശ്രമം വെളിപ്പെടുത്തിയത്
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ജീവൻ സ്വതഃജനനം വഴി ഉണ്ടാകുമോ? 19-ാം നൂറ്റാണ്ടിൽ, ചില ശാസ്ത്രകാരന്മാർ അങ്ങനെ വിശ്വസിച്ചിരുന്നു. ജീവന്, ഒരു സ്രഷ്ടാവിന്റെ ഇടപെടൽ കൂടാതെതന്നെ അചേതനവസ്തുക്കളിൽനിന്നു തനിയെ ഉത്ഭവിക്കാൻ കഴിയുമെന്ന് അവർ കരുതി.
എന്നാൽ, 1864 ഏപ്രിലിലെ ഒരു വസന്തകാല സായാഹ്നത്തിൽ പാരീസിലെ സൊർബോൺ സർവകലാശാലയിലെ യോഗമണ്ഡപത്തിൽ ഹാജരായിരുന്ന സദസ്സ് വ്യത്യസ്തമായ ഒന്നാണു കേട്ടത്. ശാസ്ത്രജ്ഞന്മാരുടെ ഒരു സമിതിയുടെ മുമ്പാകെ നടത്തിയ വിദഗ്ധമായ അവതരണത്തിലൂടെ സ്വതഃജനനസിദ്ധാന്തത്തിന്റെ വാദമുഖങ്ങളൊന്നൊന്നായി ലൂയി പാസ്ചർ വിജയകരമായി ഖണ്ഡിച്ചു.
ഈ പ്രഭാഷണവും പിന്നീടു നടത്തിയ കണ്ടുപിടിത്തങ്ങളും അദ്ദേഹത്തെ “ലോകത്തിലെ ഏറ്റവും മഹാന്മാരായ ശാസ്ത്രജ്ഞന്മാരിൽ ഒരാൾ” ആക്കിത്തീർത്തു എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് ഈ മനുഷ്യൻ തന്റെ കാലത്തെ ആളുകളിൽ അത്തരമൊരു ധാരണ ഉളവാക്കിയത്, എങ്ങനെയാണ് അദ്ദേഹം ലോകപ്രശസ്തനായത്? അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽനിന്നു നമുക്കെങ്ങനെയാണു പ്രയോജനമനുഭവിക്കാൻ കഴിയുക?
ആദ്യകാല ഗവേഷണങ്ങൾ
1822-ൽ, കിഴക്കൻ ഫ്രാൻസിലെ ഡോൾ എന്ന ചെറു പട്ടണത്തിലാണു ലൂയി പാസ്ചർ ജനിച്ചത്. തോൽപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവിന് തന്റെ മകനെക്കുറിച്ചു ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. യഥാർഥ കലാവാസനയുണ്ടായിരുന്ന ലൂയിക്കു കലയോട് ചായ്വുണ്ടായിരുന്നിട്ടും, അദ്ദേഹം ശാസ്ത്രപഠനം തിരഞ്ഞെടുത്തു. അദ്ദേഹം 25-ാം വയസ്സിൽ ശാസ്ത്രത്തിൽ ഒരു ഡോക്ടറേറ്റു നേടി.
വീഞ്ഞിൻ വീപ്പകളിലെ ഊറലുകളിൽ കാണപ്പെട്ട ഒരു സംയുക്തമായിരുന്ന ടാർട്ടാറിക് അമ്ലം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണം. ആ ഗവേഷണത്തിന്റെ ഫലങ്ങൾ ഏതാനും വർഷങ്ങൾക്കു ശേഷം മറ്റു ചില ഗവേഷകർ ഉപയോഗപ്പെടുത്തി, അങ്ങനെ ആധുനിക കാർബണിക രസതന്ത്രത്തിന് അടിസ്ഥാനമിടപ്പെട്ടു. പിന്നീട്, പാസ്ചർ കിണ്വന ഘടകങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്കു തിരിഞ്ഞു.
പാസ്ചറുടെ ഗവേഷണങ്ങൾക്കു മുമ്പുതന്നെ, യീസ്റ്റ് പോലുള്ള കിണ്വന ഘടകങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാൽ, അവ കിണ്വനത്തിന്റെ ഫലങ്ങളാണെന്നു കരുതപ്പെട്ടിരുന്നു. എന്നിരുന്നാലും, പാസ്ചർ ഈ കിണ്വന ഘടകങ്ങൾ കിണ്വനത്തിന്റെ ഫലങ്ങളല്ല, പകരം അതിന്റെ കാരണങ്ങളാണെന്നു തെളിയിച്ചു. ഓരോ തരം കിണ്വന ഘടകവും വ്യത്യസ്ത രീതിയിലുള്ള കിണ്വനമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പ്രകടമാക്കി. ഇതേപ്പറ്റി 1857-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇന്നു “സൂക്ഷ്മാണുശാസ്ത്രത്തിന്റെ ജനന സർട്ടിഫിക്കറ്റ്” ആയി വീക്ഷിക്കപ്പെടുന്നു.
ആ ഘട്ടം മുതൽ അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കണ്ടുപിടിത്തങ്ങളും ത്വരിതഗതിയിലായി. അദ്ദേഹത്തിന്റെ ഖ്യാതി നിമിത്തം ഓർലിയൻസിലെ വിന്നാഗിരി ഉത്പാദകർ അവരുടെ നിരവധി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുകിട്ടുന്നതിന് അദ്ദേഹത്തെ സന്ദർശിച്ചു. വീഞ്ഞിനെ വിന്നാഗിരിയാക്കി മാറ്റുന്ന, ഇപ്പോൾ സൂക്ഷ്മാണു എന്നറിയപ്പെടുന്ന ഘടകം, ദ്രാവകോപരിതലത്തിൽ സ്ഥിതിചെയ്തിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. തന്റെ ഗവേഷണത്തിന്റെ ഒടുവിൽ പട്ടണത്തിലെ വിന്നാഗിരി ഉത്പാദകരുടെയും കുലീനന്മാരുടെയും മുമ്പാകെ അദ്ദേഹം തന്റെ പ്രഖ്യാതമായ “വീഞ്ഞു വിന്നാഗിരി സംബന്ധിച്ച പാഠം” അവതരിപ്പിച്ചു.
പാസ്ചറീകരണം
കിണ്വനത്തെക്കുറിച്ചുള്ള പാസ്ചറുടെ ഗവേഷണങ്ങൾ ഭക്ഷ്യ വ്യവസായത്തിലെ മലിനീകരണത്തിന്റെ പ്രശ്നങ്ങളിൽ ഭൂരിഭാഗവും സൂക്ഷ്മാണുക്കൾ നിമിത്തമാണ് ഉണ്ടാകുന്നതെന്ന നിഗമനത്തിലെത്താൻ അദ്ദേഹത്തെ സഹായിച്ചു. വായുവിലും നന്നായി കഴുകാത്ത പാത്രങ്ങളിലും സൂക്ഷ്മാണുക്കൾ ഉണ്ടായിരുന്നു. ബാക്ടീരിയ നിമിത്തം ഭക്ഷ്യോത്പന്നങ്ങൾ കേടായിപ്പോകുന്നതു ശുചിത്വം മെച്ചമാക്കുന്നതിലൂടെ തടയാമെന്നും ഏതാനും മിനിറ്റു സമയത്തേക്ക് 50 സെൽഷ്യസിനും 60 സെൽഷ്യസിനും ഇടയിലുള്ള താപനില നിലനിർത്തുക വഴി ദ്രാവകങ്ങൾ കേടാകുന്നതു തടയാൻ സാധിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വീഞ്ഞിന്റെ ക്രമാതീതമായ കിണ്വനം തടയുന്നതിനുവേണ്ടിയാണ് ഈ ഉപാധി ആദ്യം ഉപയോഗത്തിൽ കൊണ്ടുവന്നത്. അങ്ങനെ രുചിക്കോ സൗരഭ്യത്തിനോ വലിയ മാറ്റം വരാതെതന്നെ പ്രധാന സൂക്ഷ്മാണുക്കളെ നശിപ്പിച്ചു.
പാസ്ചറുടെ ഉടമസ്ഥാവകാശത്തിലുള്ള പാസ്ചറീകരണം എന്നു വിളിക്കപ്പെടുന്ന ഈ പ്രക്രിയ ഭക്ഷ്യവ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ഇന്നത്തെക്കാലത്ത്, വീഞ്ഞുത്പാദനത്തിൽ ഈ സമ്പ്രദായം മേലിൽ ഉപയോഗിക്കുന്നില്ലെങ്കിലും പാൽ, പഴച്ചാർ തുടങ്ങിയ എണ്ണമറ്റ ഉത്പന്നങ്ങൾക്ക് അത് ഇപ്പോഴും അനുയോജ്യമാണ്. എന്നുവരികിലും, കുറേക്കൂടി ഉയർന്ന താപനിലയിൽ നടത്തപ്പെടുന്ന അണുനശീകരണം പോലുള്ള മറ്റു രീതികളും അവലംബിക്കാവുന്നതാണ്.
പാസ്ചറുടെ ഗവേഷണത്തിൽനിന്നും പ്രയോജനം നേടിയ മറ്റൊരു വലിയ വ്യവസായമാണ് മദ്യവാറ്റു വ്യവസായം. അക്കാലത്ത്, ഫ്രഞ്ചുകാർ ഉത്പാദന സംബന്ധമായ നിരവധി പ്രശ്നങ്ങളും ജർമൻകാരിൽനിന്നുള്ള കടുത്ത മത്സരവും അഭിമുഖീകരിക്കുകയായിരുന്നു. പ്രശ്നങ്ങൾ കൂലങ്കഷമായി പരിശോധിച്ച പാസ്ചർ മദ്യവാറ്റുകാർക്കു ധാരാളം നിർദേശങ്ങൾ നൽകി. വാറ്റുകാർ ഉണ്ടാക്കുന്ന മദ്യത്തിന്റെ ശുദ്ധിക്കും അതുപോലെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിന്റെ പൊതു ശുചിത്വത്തിനും ശ്രദ്ധ കൊടുക്കണമെന്ന് അവരോട് അദ്ദേഹം നിർദ്ദേശിച്ചു. വിജയം വളരെപ്പെട്ടെന്നായിരുന്നു. അതിൽപ്പിന്നെ അദ്ദേഹത്തിനു വളരെയേറെ ഉടമസ്ഥാവകാശങ്ങൾ ലഭിച്ചു.
ജീവൻ ജീവനിൽനിന്ന് ഉത്ഭവിക്കുന്നു
ജീർണിക്കുന്ന വസ്തുക്കളിൽ പ്രാണികൾ, പുഴുക്കൾ, മറ്റു ജീവികൾ തുടങ്ങിയവ കാണപ്പെടുന്നതിനെ വിശദീകരിക്കാനായി പുരാതനകാലം മുതൽക്കേ അങ്ങേയറ്റം വിചിത്രങ്ങളായ പല ആശയങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നു. ഉദാഹരണമായി, 17-ാം നൂറ്റാണ്ടിൽ ഒരു ബെൽജിയൻ രസതന്ത്രജ്ഞൻ, ഗോതമ്പു നിറച്ച ഒരു ഭരണിയിൽ വൃത്തികെട്ട ഒരു ബ്ലൗസ് തിരുകിക്കയറ്റി ചുണ്ടെലികൾ പ്രത്യക്ഷപ്പെടാനിടയാക്കി എന്നു വീമ്പിളക്കി!
പാസ്ചറുടെ കാലത്ത് ശാസ്ത്രസമുദായത്തിൽ സംവാദം കൊടുമ്പിരികൊണ്ടു. സ്വതഃജനനവാദക്കാരെ എതിർക്കുക എന്നതു യഥാർഥത്തിൽ ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ കിണ്വനത്തെക്കുറിച്ചു നടത്തിയ ഗവേഷണത്തിൽനിന്നും താൻ പഠിച്ച കാര്യങ്ങൾ നിമിത്തം പാസ്ചറിനു നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് സ്വതഃജനനം എന്ന ആശയത്തിന് എന്നെന്നേക്കുമായി തിരശ്ശീലയിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
ഹംസഗളാകാര കഴുത്തുള്ള കുപ്പികൾ ഉപയോഗിച്ചുള്ള പരീക്ഷണം അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പരീക്ഷണങ്ങളിൽ ഒന്നാണ്. ഒരു തുറന്ന കുപ്പിയിൽ പുറത്തുവച്ചിരിക്കുന്ന ദ്രവരൂപത്തിലുള്ള ഒരു പോഷകദ്രവ്യം രോഗാണുക്കൾ നിമിത്തം വളരെവേഗം ചീത്തയാകുന്നു. എന്നാൽ, അഗ്രഭാഗം ഹംസഗളാകാര കഴുത്തുള്ള ഒരു കുപ്പിയിൽ സൂക്ഷിക്കുമ്പോൾ അതേ ദ്രവരൂപത്തിലുള്ള പോഷകദ്രവ്യം ചീത്തയാകുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
പാസ്ചറുടെ വിശദീകരണം ലളിതമായിരുന്നു: ഹംസഗളത്തിലൂടെ കടന്നുപോകുമ്പോൾ, വായുവിലുള്ള ബാക്ടീരിയകൾ ഗ്ലാസിന്റെ പ്രതലത്തിൽ അടിയുന്നു. തന്നിമിത്തം ദ്രാവകത്തിങ്കലേക്കെത്തുമ്പോഴേക്കും വായു അണുവിമുക്തമായിരിക്കും. തുറന്നിരിക്കുന്ന ഒരു കുപ്പിയിലെ അണുക്കൾ ദ്രവരൂപത്തിലുള്ള പോഷകദ്രവ്യത്തിൽനിന്നും താനേ ഉണ്ടാകുന്നതല്ല, പകരം വായുവിലൂടെ പകരുന്നവയാണ്.
സൂക്ഷ്മാണുക്കളെ വഹിക്കുന്നതിൽ വായുവിനുള്ള സുപ്രധാന പങ്കു തെളിയിക്കുന്നതിനായി പാസ്ചർ ഫ്രഞ്ച് ആൽപ്സിലെ കൂറ്റൻ ഹിമപാളിയായ മെർ ഡെ ഗ്ളെയ്സിലേക്കു പോയി. ഭദ്രമായടച്ച തന്റെ കുപ്പികൾ 1,800 മീറ്റർ ഉയരത്തിൽവെച്ച് അദ്ദേഹം വായുവിൽ തുറന്നുവെച്ചു. 20 കുപ്പികളിൽ ഒന്നിലേതു മാത്രമേ ചീത്തയായിപ്പോയുള്ളൂ. പിന്നീട് അദ്ദേഹം ജുറാ പർവതങ്ങളുടെ അടിവാരത്തിൽ പോയി അതേ പരീക്ഷണം ആവർത്തിച്ചു. താഴ്ന്ന ഈ സ്ഥലത്തുവെച്ച് എട്ടു കുപ്പികളിലുള്ളവ ചീത്തയായിപ്പോയി. ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ ശുദ്ധമായ വായു ഉള്ളതിനാൽ ചീത്തയായിപ്പോകുന്നതിന്റെ അപകടസാധ്യത കുറവാണെന്ന് അങ്ങനെ അദ്ദേഹം തെളിയിച്ചു.
അത്തരം പരീക്ഷണങ്ങളിലൂടെ, മുന്നമേ നിലനിന്നിരുന്ന ജീവനിൽനിന്നേ വീണ്ടും ജീവൻ ഉണ്ടാവൂ എന്ന് അദ്ദേഹം ബോധ്യം വരുത്തുംവിധം പ്രകടമാക്കി. അതൊരിക്കലും സ്വതഃജനനത്താൽ, അതായത്, സ്വയമായി അസ്തിത്വത്തിൽ വരുന്നില്ല.
പകർച്ചവ്യാധിക്കെതിരെയുള്ള പോരാട്ടം
കിണ്വനപ്രക്രിയയ്ക്ക് സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ആവശ്യമായതിനാൽ സാംക്രമികരോഗങ്ങളുടെ കാര്യത്തിലും അതു സത്യമായിരിക്കണമെന്നു പാസ്ചർ വാദിച്ചു. ദക്ഷിണ ഫ്രാൻസിലെ പട്ടുത്പാദകരുടെ ഗുരുതര സാമ്പത്തിക പ്രശ്നമായിരുന്ന പട്ടുനൂൽപ്പുഴുക്കളുടെ രോഗത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ അതു സത്യമെന്നു തെളിയിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ രണ്ടുതരം രോഗങ്ങളുടെ കാരണങ്ങൾ കണ്ടെത്തിയ അദ്ദേഹം ആരോഗ്യമുള്ള പട്ടുനൂൽപ്പുഴുക്കളെ തിരഞ്ഞെടുക്കുന്നതിനു കർശനമായ രീതികൾ നിർദേശിച്ചു. ഇതു സാംക്രമികരോഗങ്ങൾ തടയുമായിരുന്നു.
കോഴിവസന്തയെപ്പറ്റി പഠനം നടത്തുന്നതിനിടയിൽ, ഏതാനും മാസം മാത്രം പ്രായമുള്ള, പ്രത്യേക പരിതസ്ഥിതിയിൽ വളർത്തിയെടുത്ത രോഗാണുക്കൾ കോഴികൾക്കു രോഗം വരുത്തുകയല്ല, മറിച്ച് രോഗത്തിൽനിന്ന് അവയെ സംരക്ഷിക്കുകയാണു ചെയ്തതെന്ന് അദ്ദേഹം കണ്ടെത്തി. ഫലത്തിൽ, ശക്തി കുറഞ്ഞതോ ദുർബലീകരിച്ചതോ ആയ തരം രോഗാണുക്കളെക്കൊണ്ട് അവയിൽ രോഗപ്രതിരോധശക്തി ഉണ്ടാക്കിയെടുക്കാനാവുമെന്ന് അദ്ദേഹം കണ്ടെത്തി.
പ്രതിരോധകുത്തിവെപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ വ്യക്തിയല്ലായിരുന്നു പാസ്ചർ. ഇംഗ്ലീഷുകാരനായ എഡ്വേർഡ് ജെന്നർ അദ്ദേഹത്തിനുമുമ്പ് ഇതുപയോഗിച്ചിരുന്നു. എന്നാൽ, ഒരു രോഗകാരിയോടു സാമ്യമുള്ള മറ്റൊരു സൂക്ഷ്മാണുവിനെ ഉപയോഗിക്കുന്നതിനു പകരം ശക്തി കുറഞ്ഞ യഥാർഥ രോഗകാരികളെ ആദ്യമായി ഉപയോഗിച്ചതു പാസ്ചറായിരുന്നു. കന്നുകാലി, ആട് തുടങ്ങിയ ഉഷ്ണരക്തജീവികൾക്കുണ്ടാകുന്ന ഒരു പകർച്ചവ്യാധിയായ അന്ത്രാക്സിനെതിരെയുള്ള പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിലും അദ്ദേഹം വിജയം കണ്ടെത്തി.
ഇതേത്തുടർന്ന്, അദ്ദേഹം പേപ്പട്ടിവിഷബാധയ്ക്കെതിരെയുള്ള തന്റെ അവസാനത്തേതും ഏറ്റവും പ്രസിദ്ധിയാർജിച്ചതുമായ യുദ്ധത്തിനിറങ്ങിത്തിരിച്ചു. അദ്ദേഹം തിരിച്ചറിഞ്ഞില്ലെങ്കിലും, പേപ്പട്ടിവിഷബാധയെ നേരിട്ടപ്പോൾ പാസ്ചർ ഇടപെട്ടത് ബാക്ടീരിയയുടേതിൽനിന്നും വളരെ വ്യത്യസ്തമായ ഒരു ലോകവുമായായിരുന്നു. അദ്ദേഹം അപ്പോൾ വൈറസ്സുകളുമായായിരുന്നു ഇടപെട്ടത്. സൂക്ഷ്മദർശിനിയിലൂടെ അദ്ദേഹത്തിനു കാണാനാവാഞ്ഞ ഒരു ലോകമായിരുന്നു അവയുടേത്.
1885 ജൂലൈ 6-ാം തീയതി, ഒരമ്മ തന്റെ ഒമ്പതു വയസ്സുകാരനായ മകനെ പാസ്ചറുടെ ഗവേഷണശാലയിലെത്തിച്ചു. കുട്ടിക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ട് അധികസമയമായിരുന്നില്ല. അമ്മയുടെ ദയനീയമായ യാചനകൾ കണ്ടിട്ടും പാസ്ചർ കുട്ടിയെ സഹായിക്കാൻ മടിച്ചു. അദ്ദേഹം ഒരു ഡോക്ടർ അല്ലായിരുന്നതിനാൽ നിയമവിരുദ്ധമായി മരുന്നു പ്രയോഗിച്ചതിനു കുറ്റം ചുമത്തപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹം അതുവരെ തന്റെ ചികിത്സാരീതി മനുഷ്യരിൽ പ്രയോഗിച്ചുനോക്കിയിട്ടില്ലായിരുന്നു. എങ്കിലും, അദ്ദേഹം തന്റെ കൂട്ടുപ്രവർത്തകനായിരുന്ന ഡോ. ഗ്രാൻചായോട് ആ ബാലനു പ്രതിരോധകുത്തിവെപ്പു നടത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം അതിൽ വിജയിച്ചു. ഒരു വർഷത്തിനുള്ളിൽ, ചികിത്സ ലഭിച്ച 350 പേരിൽ ഒരാൾ മാത്രമേ—വളരെ വൈകി കൊണ്ടുവന്നതിനാൽ—രക്ഷപ്പെടാതെയിരുന്നുള്ളൂ.
ഇതിനിടയ്ക്കു പാസ്ചർ ആശുപത്രികളുടെ ശുചിത്വത്തിലേക്കും ശ്രദ്ധ തിരിച്ചു. പ്രസവപ്പനി പാരീസിലെ പ്രസവാശുപത്രിയിൽ ഓരോ വർഷവും നിരവധി സ്ത്രീകളുടെ മരണത്തിനിടയാക്കിയിരുന്നു. പഴുപ്പുണ്ടാകാതിരിക്കാനുള്ള ചില പ്രായോഗികരീതികൾ മാത്രമല്ല കർശനമായ ശുചിത്വം, പ്രത്യേകിച്ചും കൈകൾക്ക്, ഉണ്ടായിരിക്കണമെന്നും പാസ്ചർ നിർദ്ദേശിച്ചു. ഇംഗ്ലീഷുകാരനായ ജോസഫ് ലിസ്റ്റർ എന്ന ശസ്ത്രക്രിയാവിദഗ്ധന്റെയും മറ്റുചിലരുടെയും അന്വേഷണങ്ങൾ പാസ്ചറുടെ നിഗമനങ്ങളുടെ കൃത്യത തെളിയിച്ചു.
വിലയേറിയ സേവനം
1895-ൽ പാസ്ചർ അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സേവനം അമൂല്യമായിരുന്നു. അതിന്റെ വ്യത്യസ്ത വശങ്ങൾ നമുക്കിന്നും പ്രയോജനം ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ “മാനവരാശിയുടെ ഉപകാരി” എന്നു വിളിച്ചിരിക്കുന്നത്. പൊതുവേ അദ്ദേഹം ഉപജ്ഞാതാവെന്നറിയപ്പെടുന്ന വാക്സിനുകളോടും പ്രക്രിയകളോടും ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ഇപ്പോഴും ഉപയോഗിച്ചു പോരുന്നു.
പാസ്ചറുടെ ജീവിതകാലത്തുതന്നെ പാരീസിൽ പേപ്പട്ടിവിഷബാധയുടെ ചികിത്സയ്ക്കുവേണ്ടി ആരംഭിച്ച ഒരു സ്ഥാപനമായ ലൻസ്റ്റീറ്റ്യൂ പാസ്ചർ, ഇന്നു പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനത്തിനു പേരുകേട്ട ഒരു കേന്ദ്രമാണ്. വാക്സിനുകളോടും മറ്റു മരുന്നുകളോടും ബന്ധപ്പെട്ട സേവനത്തിനായി അതു പ്രത്യേകിച്ചും പ്രസിദ്ധമാണ്—1983-ൽ പ്രൊഫസർ ലൂക്ക് മൊൺടന്യായുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞ സംഘം ആദ്യമായി എയ്ഡ്സ് വൈറസ്സിനെ വേർതിരിച്ചെടുത്തപ്പോൾ മുതൽ അതിന്റെ ഖ്യാതി മുമ്പെന്നത്തെക്കാളും വർധിച്ചു.
പാസ്ചർ ഉൾപ്പെട്ടതും അദ്ദേഹം വിജയം പ്രാപിച്ചതുമായ ജീവന്റെ സ്വതഃജനനത്തെക്കുറിച്ചുള്ള സംവാദം, വെറുമൊരു ശാസ്ത്രീയ തർക്കമല്ലായിരുന്നു. ഏതാനും ശാസ്ത്രകാരന്മാർക്കോ ബുദ്ധിജീവികൾക്കോ തമ്മിൽ ചർച്ചചെയ്യാൻ താത്പര്യമുള്ള ഒരു വിഷയം എന്നതിനെക്കാൾ കവിഞ്ഞതായിരുന്നു അത്. അതിനു വളരെ വലിയ പ്രാധാന്യമുണ്ടായിരുന്നു—ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തെളിവ് അതിൽ അടങ്ങിയിരുന്നു.
ശാസ്ത്രം ഐച്ഛികവിഷയമായെടുത്ത ഒരു ഫ്രഞ്ച് ദാർശനികനായ ഫ്രാൻസ്വ ഡഗോന്യായുടെ നിരീക്ഷണപ്രകാരം പാസ്ചറുടെ “ഭൗതികവാദികളും നിരീശ്വരവാദികളുമായിരുന്ന പ്രതിയോഗികൾ, തന്മാത്രകൾക്കു വിഘടനം സംഭവിക്കുന്നതിന്റെ ഫലമായി ഏകകോശജീവി ഉണ്ടാകുമെന്നു തെളിയിക്കാൻ തങ്ങൾക്കു കഴിയുമെന്നു വിശ്വസിച്ചിരുന്നു. സ്രഷ്ടാവിന്റെ അസ്തിത്വം തള്ളിക്കളയുന്നതിന് ഇതവരെ അനുവദിക്കുമായിരുന്നു. എന്നിരുന്നാലും, പാസ്ചറെ സംബന്ധിച്ചിടത്തോളം, ജീവനില്ലായ്മയിൽ നിന്നു ജീവനിലേക്ക്, സാധ്യമായ യാതൊരു വഴിയും ഉണ്ടായിരുന്നില്ല.”
ഇന്നോളം, പരീക്ഷണങ്ങളും ചരിത്രവും ജീവശാസ്ത്രവും പുരാവസ്തുഗവേഷണവും നരവംശശാസ്ത്രവും എല്ലാം പ്രദാനം ചെയ്യുന്ന മുഴു തെളിവുകളും പാസ്ചർ പ്രകടിപ്പിച്ചുകാണിച്ചുതന്നതിനെ—ജീവൻ, അചേതന വസ്തുക്കളിൽ നിന്നല്ല, അതിനുമുമ്പു സ്ഥിതിചെയ്തിരുന്ന ജീവനിൽനിന്നേ വരൂ എന്നതിനെ—തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഉല്പത്തിയിലെ ബൈബിൾ വിവരണം പ്രസ്താവിക്കുന്നതുപോലെ ജീവൻ “അതതു തര”ങ്ങളെ മാത്രമേ പുനരുത്പാദിപ്പിക്കൂ എന്നു തെളിവുകൾ വ്യക്തമായി കാണിക്കുന്നു. സന്തതികൾ എല്ലായ്പോഴും മാതാപിതാക്കളുടെ അതേ “തരം,” അല്ലെങ്കിൽ വർഗം ആണ്.—ഉല്പത്തി 1:11, 12, 20-25.
അങ്ങനെ, അറിഞ്ഞുകൊണ്ടോ അല്ലാതെയോ, ലൂയി പാസ്ചർ തന്റെ ശ്രമങ്ങളിലൂടെ, പരിണാമ സിദ്ധാന്തത്തിനെതിരായും ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിന് ഒരു സ്രഷ്ടാവിന്റെ പരമമായ ആവശ്യം ഉണ്ട് എന്നതിന് അനുകൂലമായും ശക്തമായ തെളിവും സാക്ഷ്യവും നിരത്തി. അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിനീതനായ സങ്കീർത്തനക്കാരൻ സമ്മതിച്ചു പറഞ്ഞതിനെ പ്രതിഫലിപ്പിക്കുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി.”—സങ്കീർത്തനം 100:3.
[25-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ കാണിച്ചിരിക്കുന്ന ഉപകരണം അനാവശ്യ സൂക്ഷ്മാണുക്കളെ കൊന്നുകൊണ്ടു വീഞ്ഞു പാസ്ചറീകരിക്കാൻ ഉപയോഗിച്ചിരുന്നു; അതു സംബന്ധിച്ചു താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ എടുത്തുകാണിച്ചിരിക്കുന്നു
[26-ാം പേജിലെ ചിത്രം]
പാസ്ചറുടെ പരീക്ഷണങ്ങൾ സ്വതഃജനന സിദ്ധാന്തം തെറ്റാണെന്നു തെളിയിച്ചു
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
All photos pages 24-6: © Institut Pasteur