ലോകത്തെ വീക്ഷിക്കൽ
മര്യാദച്യുതിയെച്ചൊല്ലി വിലപിക്കുന്നു
‘മുട്ടാളത്തം, മര്യാദയില്ലാത്ത പെരുമാറ്റം, അലസമായ അല്ലെങ്കിൽ ഭയം ജനിപ്പിക്കുന്ന വേഷവിധാനം, ശപിക്കൽ, ചതി, മൃഗീയമായ ബലപ്രയോഗം എന്നിവ ജീവിതത്തെ അസ്വസ്ഥവും അതൃപ്തികരവുമാക്കി മാറ്റിയിരിക്കുന്നു,’ ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ചില രാജ്യങ്ങളിൽ മര്യാദകെട്ട പെരുമാറ്റത്തിന്റെ പ്രബലമായ ഒരു വശം വ്യക്തിപരമായ ആകാരത്തോടുള്ള മനപ്പൂർവമായ അവഗണനയാണ്. “തുകൽ കുപ്പായങ്ങൾ, ഗറില്ലാ തലക്കെട്ടുകൾ, തുളച്ച മൂക്കുകൾ, ലോഹമൊട്ട് തറച്ച തുകൽ ബൂട്ടുകൾ, പച്ചകുത്തിയ ഭയം ജനിപ്പിക്കുന്ന രൂപങ്ങൾ എന്നിവ യുദ്ധത്തെ വിളിച്ചറിയിക്കുന്നവയാണ്,” റീഡിംഗ് സർവകലാശാലയിലെ അതീന ലെയൂസീ പറയുന്നു. ലെയൂസീ പറയുന്നതനുസരിച്ച് അത്തരം വേഷവിധാനങ്ങൾ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ വ്യക്തമായ സൂചനയാണ്. ‘വിനയം, സംയമനം, അച്ചടക്കം എന്നിവയുടെ അധഃപതനം, ഒരുപക്ഷേ കുറ്റകൃത്യത്തെക്കാൾപോലും ഉപരിയായി സമൂഹത്തെ ഭീഷണിപ്പെടുത്തുന്നു’ എന്ന് ദ ടൈംസ് പറയുന്നു. അപ്പോൾ എന്താണ് പരിഹാരം? മര്യാദ, “കുടുംബ ചട്ടക്കൂട്ടിൽവെച്ചുതന്നെ രൂപപ്പെടുത്തിയെടുക്കണം,” പത്രം പറയുന്നു. “അവ കുട്ടികൾക്കു വെറുതെ പറഞ്ഞുകൊടുക്കാൻ സാധിക്കില്ല, പിന്നെയോ മാതൃകകൊണ്ട് പഠിപ്പിക്കണം.”
സെല്ലുലാർ ഫോൺ നിമിത്തമുള്ള കുഴപ്പങ്ങൾ
വൈദ്യചികിത്സായന്ത്രങ്ങൾക്കു സാരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സെല്ലുലാർ ടെലഫോണുകളിൽനിന്നു പ്രസരിക്കുന്ന റേഡിയോ തരംഗങ്ങൾക്കു കഴിയുമെന്ന് ജപ്പാനിലെ ഒരു സമീപകാല പഠനം സ്ഥിരീകരിച്ചിരിക്കുന്നു. “ഒരു പരീക്ഷണത്തിൽ, 45 സെൻറിമീറ്റർ അകലെവെച്ച് സെല്ലുലാർ ഫോൺ ഉപയോഗിച്ചപ്പോൾ ഹൃദയ-ശ്വാസകോശ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചു,” ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. യന്ത്രത്തിൽനിന്ന് 75 സെൻറിമീറ്റർ അകലെയായി സെല്ലുലാർ ഫോൺ ഉപയോഗിച്ചപ്പോൾ ദ്രാവകവാഹിനി പമ്പുകളുടെയും കാൻസർവിരുദ്ധ ഔഷധങ്ങൾ വിതരണം ചെയ്യുന്ന പമ്പുകളുടെയും അലാറം ശബ്ദിച്ചതായും ഗവേഷകർ കണ്ടെത്തുകയുണ്ടായി. എക്സ്റേ യന്ത്രങ്ങളെയും ടോണോമീറ്ററുകളെയും ഇതു ബാധിച്ചു. ശസ്ത്രക്രിയാ മുറികളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും സെല്ലുലാർ ഫോണുകൾ കൊണ്ടുപോകരുതെന്ന് ഈ കണ്ടുപിടിത്തങ്ങളെ ആസ്പദമാക്കി തപാൽ, വാർത്താവിനിമയ മന്ത്രാലയം ശുപാർശചെയ്യുന്നു. ഒരു സർവേപ്രകാരം, ടോക്കിയോയിലെ ഏതാണ്ട് 25 വൈദ്യചികിത്സാലയങ്ങൾ ഇപ്പോൾതന്നെ സെല്ലുലാർ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ട്. ഇവയിൽ 12 എണ്ണം സെല്ലുലാർ ഫോണുകൾ പാടേ നിരോധിച്ചിരിക്കുന്നു.
കന്യാസ്ത്രീകൾ കരാട്ടേ പഠിക്കുന്നു
സ്ത്രീകൾക്കെതിരെ അക്രമഭീഷണി വർധിക്കുന്നതുകൊണ്ട് ദക്ഷിണേന്ത്യയിലെ തിമിഴ്നാട് സംസ്ഥാനത്തിലെ മാധവരത്തുള്ള സെൻറ് ആൻസ് പ്രോവിൻസ് ആസ്ഥാനത്തിലെ ഒരു കൂട്ടം കന്യാസ്ത്രീകൾ കരാട്ടേ പിരിശീലനം നേടിത്തുടങ്ങിയിരിക്കുന്നു. ഒരു കരാട്ടേ അധ്യാപകനെന്ന നിലയ്ക്ക് 24 വർഷത്തിലേറെയായി താൻ പരിശീലനം നൽകിയിട്ടുള്ള സ്ത്രീകളെക്കാൾ മെച്ചമായി കന്യാസ്ത്രീകൾ ശോഭിച്ചതായി അഖിലേന്ത്യ ഈഷിൻറ്യൂ കരാട്ടേ അസോസിയേഷന്റെ പ്രസിഡൻറ് ഷിഹാൻ ഹുസൈനീ പറയുന്നു. ‘അവരിൽ അന്തർലീനമായിരിക്കുന്ന ഊർജവും ലഭിച്ചിരിക്കുന്ന ശിക്ഷണവുമായി ബന്ധപ്പെട്ടതാണിതെന്നു ഞാൻ വിചാരിക്കുന്നു,’ അദ്ദേഹം പറയുന്നു. കന്യാസ്ത്രീകൾ പ്രയോഗിക്കാൻ പഠിക്കുന്ന ഒരു ഉപകരണത്തിന്റെ പേര് സെയ്ൻ കോ എന്നാണ്. അത് കുരിശാകൃതിയിൽ ഉണ്ടാക്കിയിരിക്കുന്നതാണ്. “ഈ ഉപകരണംകൊണ്ട് അക്രമിയെ കൊല്ലാൻപോലും സാധിക്കും,” ഹുസൈനീ അവകാശപ്പെടുന്നു.
സൂര്യപ്രകാശം ജലത്തെ ശുദ്ധീകരിക്കുന്നു
“സാധാരണ സൂര്യപ്രകാശം, വെള്ളത്തിലെ ദോഷകരമാകാൻ സാധ്യതയുള്ള മെർക്കുറിസംയുക്തങ്ങളെ വിഘടിപ്പിക്കുന്നതായി കാനഡയിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു,” ടൊറോന്റോയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടുചെയ്യുന്നു. മീഥൈൽമെർക്കുറിയാൽ മലിനമായ തടാകജലത്തിൽ വെറും ഒരാഴ്ച സൂര്യപ്രകാശം തട്ടിയപ്പോൾ മീഥൈൽമെർക്കുറിയുടെ അളവ് 40 മുതൽ 66 വരെ ശതമാനം കുറഞ്ഞതായി മനിറ്റോബ സർവകലാശാലയിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിന്നിപ്പെഗിലെയും ഗവേഷകർ കണ്ടെത്തി. “ഈ പരീക്ഷണം നടത്തുന്നതുവരെ സൂക്ഷ്മാണുക്കൾ മാത്രമാണ് തടാകജലത്തിലെ മീഥൈൽമെർക്കുറി വിഘടിപ്പിച്ചിരുന്നതെന്നാണു ശാസ്ത്രജ്ഞന്മാർ വിശ്വസിച്ചിരുന്നത്,” ഗ്ലോബ് പറയുന്നു. സൂര്യപ്രകാശം, “മുമ്പറിയപ്പെട്ടിരുന്ന സൂക്ഷ്മാണുജീവിപ്രക്രിയയെക്കാൾ 350 ഇരട്ടി വേഗത്തിൽ പ്രവർത്തിക്കുന്ന”തായും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
സമ്മർദം അനുഭവിക്കുന്ന കുട്ടികൾ
ആമാശയവ്രണങ്ങളും ആമാശയവീക്കവുമുള്ള കുട്ടികളുടെ എണ്ണം പത്തു വർഷംകൊണ്ട് ഇരട്ടിച്ചതായി ബ്രസീലിയൻ വർത്തമാനപത്രമായ ഓ ഇസ്റ്റാഡോ ദെ എസ്. പൗലോ റിപ്പോർട്ടുചെയ്യുന്നു. സാവൊ പൗലോ സർവകലാശാലയുടെ ഒരു പഠനത്തെ ആസ്പദമാക്കിയുള്ള ഈ കണ്ടുപിടിത്തങ്ങൾ, പ്രധാന ഘടകങ്ങളിലൊന്ന് വൈകാരിക പിരിമുറക്കമാണെന്നു ചൂണ്ടിക്കാട്ടുന്നു. “അസുഖമുണ്ടാക്കുന്ന ഘട്ടത്തോളം. . . സാമൂഹിക സമ്മർദങ്ങൾ കുട്ടിയുടെ വൈകാരിക ഘടനയിൽ പ്രതിഫലിക്കുന്നു,” ഉദരരോഗവിദഗ്ധനായ ഡോറീനാ ബാർബ്യാറീ പറയുന്നു. കുടുംബകലഹങ്ങൾ, കുടുംബത്തിലുണ്ടാകുന്ന അത്യാഹിതങ്ങൾ അല്ലെങ്കിൽ മരണങ്ങൾ, പിഴവുപറ്റരുതെന്ന ശാഠ്യം, സന്തുലിതമല്ലാത്ത ആഹാരക്രമം, മത്സരാത്മാവ്, വിശ്രമവേളയുടെ അഭാവം എന്നിവയുൾപ്പെടെ ബാല്യകാലത്തെ പിരിമുറുക്കത്തിനിടയാക്കുന്ന ഘടകങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ വർത്തമാനപത്രം നൽകുന്നു.
ദീർഘകാലം പ്രസരിപ്പോടെയിരിക്കാൻ
വാർധക്യത്തിലും നിങ്ങളുടെ മാനസികപ്രാപ്തികൾ നിലനിർത്തണമോ? “വിദ്യാഭ്യാസത്തെ തള്ളിക്കളയാതിരിക്കുക, ശാരീരികമായി ചുറുചുറുക്കുള്ളവരായിരിക്കുക, നിങ്ങളുടെ ശ്വാസകോശങ്ങളെ സംരക്ഷിക്കുക,” അമേരിക്കൻ ഹെൽത്ത് മാഗസിൻ പറയുന്നു. “മാനസികപ്രാപ്തികൾ കാത്തുസൂക്ഷിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കാൻ നമുക്കു ചെയ്യാൻ സാധിക്കുന്ന സംഗതികളുണ്ട്,” ഒരു ഹാർവാർഡ് മെഡിക്കൽ സ്കൂൾ ന്യൂറോസൈക്കോളജിസ്റ്റായ മെർളിൻ ആൽബർട്ട് അവകാശപ്പെടുന്നു. പ്രായമാകുംതോറും കുറഞ്ഞുവരുന്ന മാനസിക പ്രാപ്തികളെ സംരക്ഷിക്കാൻ തക്കവണ്ണം വിദ്യാഭ്യാസം എങ്ങനെയോ “തലച്ചോറിന്റെ ഘടനയ്ക്കു മാറ്റം വരുത്തു”ന്നതായി ഡോ. ആൽബർട്ട് നിരൂപണം ചെയ്യുന്നു. അതിനുപുറമേ, ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തപര്യയനത്തെ മെച്ചപ്പെടുത്തുകയും അതിന് കൂടുതൽ ഓക്സിജൻ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ആൽബർട്ട് അതുകൊണ്ട് ഇപ്രകാരം നിർദേശിക്കുന്നു: “ദിവസവും നടക്കുക, മാസത്തിൽ കുറഞ്ഞത് ഒരു പുതിയ പുസ്തകമെങ്കിലും വായിക്കുക. നിങ്ങൾ ഒരു പുകവലിക്കാരനാണെങ്കിൽ അതു നിർത്തിക്കൊണ്ട് നിങ്ങളുടെ ശ്വാസകോശത്തിന് (മാത്രമല്ല തലച്ചോറിനും) ഇടവേള നൽകുക.”
മഹിഷവസൂരി ഇന്ത്യയിൽ ആഞ്ഞടിക്കുന്നു
‘വസൂരി വൈറസിന്റെ അതേ ഗണത്തിൽ പെടുന്ന ഒരുതരം വൈറസ്’ ഉണ്ടാക്കുന്ന മഹിഷവസൂരി, പശ്ചിമേന്ത്യയിലെ ബീഡ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നതായി ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. മഹിഷവസൂരി സാധാരണ വസൂരിയുടെയത്രയും ഉഗ്രമല്ലെങ്കിലും ശാസ്ത്രജ്ഞന്മാർ അതു പടർന്നുപിടിക്കുന്നതു സംബന്ധിച്ച് ഉത്കണ്ഠാകുലരാണ്. “വൈറസിനെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്,” നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡയറക്ടറായ ഡോ. കല്യാൺ ബാനർജി പറയുന്നു. “അത് എത്ര ഗുരുതരമാണെന്നു നമുക്കു പറയാനാവില്ല.” വൈദ്യചികിത്സാ സൗകര്യങ്ങൾ കുറവുള്ള വിദൂര ഉൾനാടൻ പ്രദേശങ്ങളിൽ മഹിഷവസൂരി പടർന്നുപിടിക്കാനുള്ള സാധ്യത കൂടുതൽ ഉത്കണ്ഠയ്ക്കു വകനൽകുന്നു. മഹിഷവസൂരി മനുഷ്യരിൽ ചുട്ടുപൊള്ളുന്ന പനി, ലസികാപർവങ്ങളിലുണ്ടാകുന്ന നീര്, ശരീരത്തിലുണ്ടാകുന്ന നിരവധി വസൂരിക്കലകൾ, പൊതുവെയുള്ള തളർച്ച എന്നിവ ഉണ്ടാക്കുന്നു.
മറ്റൊരു വ്യാജ സൂചന
“ഭൗമേതരജീവികളെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ വർഷം വമ്പിച്ച വിജയം കൈവരിച്ചു,” ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്തു. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിനെ ആസ്ഥാനമാക്കിയുള്ള എസ്ഇറ്റിഐ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി പ്രവർത്തിക്കുന്ന ഗവേഷകർ “ബുദ്ധിശക്തിയുള്ള ജീവന്റെ തർക്കമറ്റ തെളിവു പ്രദാനം ചെയ്ത, കൂടെക്കൂടെയുള്ള സിഗ്നലുകൾ പിടിച്ചെടുക്കുകയുണ്ടായി.” എങ്കിലും, കൂടുതലായ അന്വേഷണത്തിനുശേഷം, സിഗ്നലുകൾ “ഇറ്റി-യിൽ [ഭൗമേതര ജീവികൾ) നിന്നല്ല പിന്നെയോ താഴത്തെനിലയിലുള്ള മൈക്രോവേവ് അവ്നിൽനിന്നാണ്” എന്നു സംഘം കണ്ടെത്തി. എസ്ഇറ്റിഐ ഇൻസ്റ്റിറ്റ്യൂട്ടിന് നിരാശ അനുഭവപ്പെടുന്നത് ഇതാദ്യമല്ലെന്നു ന്യൂ സയൻറിസ്റ്റ് അഭിപ്രായപ്പെടുന്നു. “മിക്ക വ്യാജ സൂചനകളും ഉപഗ്രഹങ്ങളിൽനിന്നുള്ളവ”യായിരുന്നെന്ന് ആകാശം അരിച്ചുപെറുക്കുന്ന ഓസ്ട്രേലിയയിലെ ഗവേഷകർ കണ്ടെത്തി. 1995-ൽ എസ്ഇറ്റിഐ പിടിച്ചെടുത്ത റേഡിയോ സിഗ്നലുകളെല്ലാം “നമ്മുടെതന്നെ സാങ്കേതികവിദ്യകളിൽനിന്നു വന്നതായിരുന്നു” എന്ന് എസ്ഇറ്റിഐ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടിയുള്ള വക്താവ് അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയോടു സമ്മതിച്ചുപറഞ്ഞു.
പുതിയ ജലമാർഗം
ബ്രസീലിയൻ നഗരമായ കാസറാസ്മുതൽ അർജൻറീനയുടെ റിവർ പ്ലേറ്റ്വരെ 3,450 കിലോമീറ്റർ തെക്കോട്ടു നീണ്ടുകിടക്കുന്ന ഒരു പുതിയ ജലമാർഗം നിർദേശിക്കപ്പെട്ടിരിക്കുന്നു. ഇത് പരാന നദിയെയും പരാഗ്വെ നദിയെയും ഒന്നിപ്പിക്കും. ജലമാർഗം അല്ലെങ്കിൽ ഇഡ്രോവിയ, ആയിരക്കണക്കിനു കിലോമീറ്റർ വരുന്ന മോശമായ റോഡുകൾക്ക് ഒരു സമാന്തരമാർഗം പ്രദാനം ചെയ്യും. അങ്ങനെ സോയാബീൻസ്, പരുത്തി, ധാന്യം, ഇരുമ്പയിര്, ചുണ്ണാമ്പ്, മാംഗനീസ് എന്നിവയും വിദേശ വിപണിയിലേക്കുള്ള മറ്റു ചരക്കുകളും കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാകും. അർജൻറീന, ബ്രസീൽ, പരാഗ്വെ ഉറുഗ്വെ, കരയ്ക്കുള്ളിലായ ബൊളീവിയ എന്നിവ ഉൾപ്പെടുന്ന ഒരു സംയുക്ത പദ്ധതിയാണ് ഇഡ്രോവിയ. ദി ഇക്കോണമിസ്റ്റ് പറയുന്നതനുസരിച്ച്, “ത്വരിത വികസനത്തിന് ഒരുങ്ങിനിൽക്കുന്ന ഒരു അർധവൻകരയുടെ ഹൃദയഭാഗത്തേക്കും അവിടെനിന്നു മറ്റിടങ്ങളിലേക്കും ചരക്കുകൾ കപ്പൽമാർഗം കടത്തിക്കൊണ്ടുപോകുന്ന, ഒരു തെക്കേ അമേരിക്കൻ മിസിസ്സിപ്പിയായിട്ടാണ് വികസനപ്രവർത്തകർ ഇതിനെ കാണുന്നത്.”
പൈയുടെ മൂല്യം
പലരും സ്കൂളിൽ പഠിച്ചിട്ടുള്ളതുപോലെ, ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെയും അതിന്റെ വ്യാസത്തിന്റെയും അനുപാതമാണ് പൈ. മിക്കവർക്കും 3.14159 എന്ന പൈയുടെ ഏകദേശമൂല്യം ഉപയോഗിച്ച് തൃപ്തികരമായി പ്രവർത്തിക്കാൻ കഴിയുന്നു. എന്നാൽ, ഒരു പൂർണ സംഖ്യയല്ലാത്തതുകൊണ്ട് പൈയുടെ ദശാംശ മൂല്യത്തിന് അവസാനമില്ല. 18-ാം നൂറ്റാണ്ടിൽ, 100 ദശാംശ സ്ഥാനംവരെ കൃത്യമായ ഒരു മൂല്യം ലഭിച്ചിരുന്നു. 1973-ൽ രണ്ട് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്മാർ പത്തു ലക്ഷം ദശാംശ സ്ഥാനം കൈവരിക്കുകയുണ്ടായി. ഇപ്പോൾ, ജപ്പാനിലെ ടോക്കിയോ സർവകലാശാലയിലെ യാസൂമാസാ കാനേഡാ, കമ്പ്യൂട്ടർ ഉപയോഗിച്ച് 600 കോടിയിലധികം ദശാംശ സ്ഥാനമുള്ള മൂല്യം കണക്കുകൂട്ടിയിരിക്കുന്നു. “പ്രപഞ്ചത്തിന്റെ ചുറ്റളവു കണക്കാക്കാൻ വെറും 39 ദശാംശ സ്ഥാനം മതിയാകും. അതിൽ ഹൈട്രജൻ അണുവിന്റെ ആരത്തോളം വരുന്ന പിശകേ സംഭവിക്കുകയുള്ളൂ.” അതുകൊണ്ട് ഈ സംഖ്യയ്ക്ക് ചിന്തിക്കാനാവുന്ന എന്തെങ്കിലും ഉപയോഗം ഇല്ലാത്തതായി ലണ്ടന്റെ ദ ടൈംസ് അഭിപ്രായപ്പെടുന്നു. “പൈ കണക്കാക്കുന്നത് ഒരു വെല്ലുവിളിയായതുകൊണ്ട്” താൻ അത് ആസ്വദിക്കുന്നതായി കാനേഡാ പറഞ്ഞു. പക്ഷേ, അദ്ദേഹം കണക്കുകൂട്ടിയെടുത്ത ഫലം പറഞ്ഞുനോക്കാൻ ശ്രമിക്കരുത്. “നിറുത്താതെ, സെക്കൻഡിൽ ഒരു സംഖ്യ വെച്ചു പറഞ്ഞാൽപോലും അതു പറഞ്ഞുതീർക്കാൻ ഏതാണ്ട് 200 വർഷം വേണ്ടിവരും,” ദ ടൈംസ് പറയുന്നു.