ചോദ്യപ്പെട്ടി
◼ മൊബൈൽ ഫോണുകളും പേജറുകളും ഉപയോഗിക്കുമ്പോൾ നാം എന്ത് മനസ്സിൽ പിടിക്കേണ്ടതാണ്?
മിക്ക സ്ഥലങ്ങളിൽനിന്നും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ അത്തരം ഉപകരണങ്ങൾ നമ്മെ സഹായിക്കുന്നു. അത് ഉപയോഗപ്രദമാണെങ്കിലും, ശുശ്രൂഷയിൽ ആയിരിക്കുമ്പോഴോ യോഗസമയങ്ങളിലോ ശ്രദ്ധാശൈഥില്യത്തിന് ഇടയാകുംവിധം പേജറുകളോ മൊബൈൽ ഫോണുകളോ ഉപയോഗിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ എങ്ങനെയാണ് ശ്രദ്ധാശൈഥില്യത്തിന് ഇടയാക്കിയേക്കാവുന്നത്?
വയൽ ശുശ്രൂഷയിൽ സാക്ഷ്യം നൽകിക്കൊണ്ടിരിക്കുന്ന സമയത്തു നമ്മുടെ മൊബൈൽ ഫോണോ പേജറോ ശബ്ദിക്കുന്നെങ്കിൽ ഉളവാക്കുന്ന ഫലത്തെ കുറിച്ചു ചിന്തിക്കുക. വീട്ടുകാരൻ എന്തു വിചാരിക്കും? ഫോണിൽ സംസാരിക്കാൻ നാം വീട്ടുകാരനുമായുള്ള സംഭാഷണം നിറുത്തുന്നെങ്കിൽ അതു വീട്ടുകാരന് എന്തു ധാരണയായിരിക്കും നൽകുക? രാജ്യസന്ദേശം കേൾക്കുന്നതിൽനിന്നു മറ്റുള്ളവരെ തടയുന്ന യാതൊന്നും ചെയ്യാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ല. (2 കൊരി. 6:3) അതുകൊണ്ട്, നമ്മുടെ കൈവശം മൊബൈൽ ഫോണോ പേജറോ ഉണ്ടെങ്കിൽ വയൽ ശുശ്രൂഷയിൽ ആയിരിക്കെ നമ്മുടെയോ മറ്റുള്ളവരുടെയോ ശ്രദ്ധ പതറാൻ ഇടയാകാത്തവിധം അതു സെറ്റുചെയ്തു വെക്കേണ്ടതാണ്.
കൂടെയുള്ളയാൾ വീട്ടുവാതിൽക്കൽ സാക്ഷീകരിക്കുമ്പോഴത്തെ കാര്യമോ? വയൽ സേവനത്തിനായി നാം ഒരു നിശ്ചിത സമയം നീക്കിവെച്ചിട്ടുണ്ടെങ്കിൽ, ആ പ്രവർത്തനമല്ലേ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ടത്? നമ്മുടെ വിശുദ്ധ സേവനത്തോടുള്ള ആദരവു നിമിത്തം, അത്യാവശ്യമില്ലാത്ത വ്യക്തിപരമായ ബിസിനസ് കാര്യങ്ങളോ സാമൂഹിക കാര്യങ്ങളോ അപ്പോൾ ചെയ്യാതെ ദയവായി മറ്റേതെങ്കിലും സമയത്തേക്കു മാറ്റി വെക്കുക. (റോമ. 12:7) കൂടുതലായ സാക്ഷ്യം നൽകുന്നതിനോ അതിനുള്ള സമയം ചോദിച്ചറിയുന്നതിനോ വേണ്ടി ഫോൺ ഉപയോഗിക്കരുതെന്ന് അതിന് ഒരിക്കലും അർഥമില്ല.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു സംബന്ധിച്ചും നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. കാരണം, അങ്ങനെ ചെയ്യുന്നത് അപകടസാധ്യത വളരെ വർധിപ്പിക്കുന്നുവെന്നു ചില പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമങ്ങളുണ്ടെങ്കിൽ നാം അവ കണിശമായും പാലിക്കേണ്ടതാണ്.
ക്രിസ്തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും നാം കൂടിവരുന്നതു യഹോവയെ ആരാധിക്കാനും അവനിൽനിന്നു പ്രബോധനം സ്വീകരിക്കാനുമാണ്. നമ്മുടെയോ മറ്റുള്ളവരുടെയോ ശ്രദ്ധ പതറിക്കാത്തവിധം മൊബൈൽ ഫോണോ പേജറോ സെറ്റുചെയ്തു വെക്കാൻ ഈ അവസരങ്ങളുടെ പവിത്രതയോടുള്ള വിലമതിപ്പു നമ്മെ പ്രേരിപ്പിക്കില്ലേ? നാം ഉടനടി ശ്രദ്ധ നൽകേണ്ട ഒരു അടിയന്തിര സാഹചര്യമാണെങ്കിൽ, യോഗസ്ഥലത്തിനു വെളിയിൽവെച്ച് അതിനു മറുപടി പറയാവുന്നതാണ്. വ്യക്തിപരവും ലൗകികവുമായ കാര്യങ്ങൾ ആരാധനയ്ക്കു വേണ്ടിയുള്ളതല്ലാത്ത സമയങ്ങളിൽ ചെയ്യുക.—1 കൊരി. 10:24.
മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ നാം ഉപയോഗിക്കുന്ന വിധം, എല്ലായ്പോഴും മറ്റുള്ളവരോടുള്ള പരിഗണനയും ആത്മീയ കാര്യങ്ങളോടുള്ള ആഴമായ വിലമതിപ്പും പ്രകടിപ്പിക്കുന്നതായിരിക്കട്ടെ.