ചോദ്യപ്പെട്ടി
◼ ക്രിസ്‌തീയയോഗങ്ങളിൽ സംബന്ധിക്കുമ്പോഴും ശുശ്രൂഷയിലായിരിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഏതെല്ലാം തിരുവെഴുത്തുതത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം?
“എല്ലാറ്റിന്നും ഒരു സമയമുണ്ട്.” (സഭാ. 3:1): ഏതുസമയത്തും ആശയവിനിമയം നടത്താനും സന്ദേശങ്ങൾ കൈമാറാനും മൊബൈൽ ഫോൺ ഇന്നു വലിയൊരു സഹായമാണ്. എന്നിരുന്നാലും ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അതു ശല്യമാകരുതാത്ത ചില സന്ദർഭങ്ങളും ഉണ്ട്. അത്തരം ഒരു സന്ദർഭമാണ് ക്രിസ്‌തീയയോഗങ്ങൾ. യഹോവയെ ആരാധിക്കുന്നതിനും ആത്മീയപ്രബോധനം സ്വീകരിക്കുന്നതിനും പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള അവസരങ്ങളാണല്ലോ അവ. (ആവ. 31:12; സങ്കീ. 22:22; റോമ. 1:11, 12) അതുകൊണ്ട് യോഗങ്ങൾക്കു വരുമ്പോൾ ഫോൺ ഓഫ് ചെയ്യാനും സന്ദേശങ്ങൾ യോഗശേഷം നോക്കാനും നിങ്ങൾക്കു കഴിയുമോ? ഇനി പ്രധാനപ്പെട്ട ചില സാഹചര്യങ്ങളിൽ ഫോൺ ഓൺ ചെയ്‌തുവെക്കുന്നെങ്കിൽ അതു മറ്റുള്ളവർക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക.
‘സകലവും സുവിശേഷത്തിനായി ചെയ്യുക.’ (1 കൊരി. 9:23): ശുശ്രൂഷയിലും ചിലപ്പോൾ മൊബൈൽ ഫോൺ ആവശ്യമായിവരും. ഉദാഹരണത്തിന്, പ്രദേശത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സഹോദരങ്ങൾ എവിടെയാണെന്ന് അറിയാൻ നേതൃത്വം വഹിക്കുന്ന സഹോദരൻ ഒരുപക്ഷേ ഫോൺ ഉപയോഗിച്ചേക്കാം. ആളുകൾ ക്ഷുഭിതരാകാൻ സാധ്യതയുണ്ടെന്നു കണ്ടാൽ അക്കാര്യം പ്രദേശത്തു പ്രവർത്തിക്കുന്ന സഹോദരങ്ങളെ അറിയിക്കാനും പ്രശ്‌നം ഉണ്ടാകുമ്പോഴോ പോലീസ് ഇടപെടുമ്പോഴോ വിവരം മൂപ്പന്മാരെ അറിയിക്കാനും ഫോൺ ആവശ്യമാണ്. കൂടാതെ, അകലെയുള്ള താത്‌പര്യക്കാരോ ബൈബിൾവിദ്യാർഥിയോ സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്താൻ ഫോൺ ചെയ്യേണ്ടിവന്നേക്കാം. എങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ ഫോൺ വീട്ടുകാരുമായുള്ള സംഭാഷണത്തിന് ഒരു തടസ്സമാകരുത്. (2 കൊരി. 6:3) മറ്റു പ്രസാധകർക്കായി കാത്തുനിൽക്കേണ്ടി വരുമ്പോൾ സന്ദേശങ്ങൾ അയച്ചോ ഫോൺ ചെയ്‌തോ സമയം കളയുന്നതിനു പകരം ശുശ്രൂഷയ്‌ക്കും നമ്മോടൊപ്പം പ്രവർത്തിക്കുന്നവർക്കും ശ്രദ്ധ നൽകുന്നതല്ലേ ഉചിതം?
മറ്റുള്ളവരെ പരിഗണിക്കുക. (1 കൊരി. 10:24; ഫിലി. 2:4): ഗ്രൂപ്പിലെ സഹോദരങ്ങൾ എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാൻ ഫോൺ വിളിക്കുകയോ സന്ദേശങ്ങൾ അയയ്‌ക്കുകയോ ചെയ്യാമെന്നു കരുതി നാം വയൽസേവനയോഗത്തിന് വരാതിരിക്കരുത്. നമ്മൾ വൈകിയാണ് എത്തുന്നതെങ്കിൽ വയൽസേവനക്കൂട്ടത്തെ പുനഃക്രമീകരിക്കേണ്ടിവന്നേക്കാം. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ കൊണ്ട് നാം ചിലപ്പോൾ വൈകിപ്പോയേക്കാം എന്നത് ശരിയാണ്. എന്നാൽ വയൽസേവനയോഗത്തിനു സമയത്ത് എത്തുന്നത് ഒരു ശീലമാക്കുന്നെങ്കിൽ യഹോവയുടെ ക്രമീകരണത്തോടും നേതൃത്വമെടുക്കുന്ന സഹോദരനോടും സഹാരാധകരോടും നാം പരിഗണന കാണിക്കുകയായിരിക്കും.