വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 4/10 പേ. 14-15
  • അനുഗ്രഹമോ ശാപമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനുഗ്രഹമോ ശാപമോ?
  • ഉണരുക!—2010
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നേട്ടം ഒരു ബാധ്യതയാകരുത്‌!
  • സാങ്കേതിക വിപ്ലവം
    ഉണരുക!—2010
  • ചോദ്യപ്പെട്ടി
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • എനിക്ക്‌ ഒരു മൊബൈൽ ഫോൺ ആവശ്യമുണ്ടോ?
    ഉണരുക!—2002
കൂടുതൽ കാണുക
ഉണരുക!—2010
g 4/10 പേ. 14-15

അനുഗ്രഹമോ ശാപമോ?

നിയന്ത്രണംവിട്ട ഒരു കാർ പോസ്റ്റിൽ ചെന്നിടിച്ച്‌ കാറിലുണ്ടായിരുന്ന സ്‌ത്രീക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ ഉടനെ മൊബൈലിൽ സഹായം തേടി. എന്നാൽ, എങ്ങനെയാണ്‌ കാറിന്റെ നിയന്ത്രണംവിട്ടത്‌? ഒരു നിമിഷം ഡ്രൈവറിന്റെ ശ്രദ്ധയൊന്നു പതറി, ഒരു ഫോൺകോൾ അറ്റൻഡ്‌ ചെയ്യാൻ ശ്രമിച്ചതാണ്‌.

ആധുനിക സാങ്കേതികവിദ്യയുടെ ഉത്‌പന്നങ്ങൾ അനുഗ്രഹമോ ശാപമോ ആയി പരിണമിച്ചേക്കാം എന്നാണ്‌ മേൽപ്പറഞ്ഞ ഉദാഹരണം കാണിക്കുന്നത്‌. എന്നാൽ അത്‌ നാം അവയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സാങ്കേതിക സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്ന ആ പഴയ കാലത്തേക്കു മടങ്ങിപ്പോകാൻ ആരും ആഗ്രഹിക്കില്ലെന്നതു ശരിയാണ്‌. കമ്പ്യൂട്ടറുകൾ ഇന്ന്‌ നമ്മുടെ അധ്വാനഭാരം കുറച്ചിരിക്കുന്നു. ബാങ്ക്‌ ഇടപാടുകളും ബിൽ അടയ്‌ക്കലുമൊക്കെ വീട്ടിലിരുന്നുതന്നെ ചെയ്യാം. ഇ-മെയിൽ, വോയ്‌സ്‌ മെയിൽ, വെബ്‌ ക്യാമറ എന്നിവ മുഖാന്തരം ലോകത്തുള്ള ആരുമായും എപ്പോൾവേണമെങ്കിലും ബന്ധപ്പെടാം.

ഈ അടുത്തകാലംവരെ, രാവിലെ വീടുവിട്ടിറങ്ങുന്ന കുടുംബാംഗങ്ങൾ പിന്നെ വൈകുന്നേരമാണ്‌ കണ്ടുമുട്ടിയിരുന്നതും സംസാരിച്ചിരുന്നതും. എന്നാൽ ഇന്ന്‌ കഥ അതല്ല. യു.എസ്‌.എ. ടുഡേ ഇങ്ങനെ റിപ്പോർട്ടുചെയ്‌തു: “ഭാര്യാഭർത്താക്കന്മാരിൽ 70% പരസ്‌പരം ഒരു ‘ഹലോ’ പറയുന്നതിനായി ദിവസവും അവരുടെ സെൽഫോൺ ഉപയോഗിക്കുന്നുണ്ട്‌. 64% ഓരോ ദിവസത്തെയും കാര്യങ്ങൾ ക്രമീകരിക്കുന്നത്‌ സെൽഫോണിലൂടെയാണ്‌. 42% മാതാപിതാക്കളും സെൽഫോൺ ഉപയോഗിച്ച്‌ കുട്ടികളുമായി ബന്ധപ്പെടാറുണ്ട്‌.”

നേട്ടം ഒരു ബാധ്യതയാകരുത്‌!

സാങ്കേതികവിദ്യയുടെ ദുരുപയോഗം മാനസികവും ശാരീരികവുമായി നമുക്ക്‌ ദോഷംചെയ്യുമോ? പാശ്ചാത്യദേശത്തുള്ള ഒരു നവദമ്പതികളെക്കുറിച്ചു വന്ന ഒരു ന്യൂസ്‌ റിപ്പോർട്ട്‌ ശ്രദ്ധിക്കുക. “അവർ സർവസമയവും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യാത്രയിലായിരിക്കുമ്പോഴും ജിമ്മിൽ പോകുമ്പോഴും ഒക്കെ അവർ ഫോണിൽ സംസാരിക്കും. എന്തിന്‌, അടുത്തടുത്ത മുറികളിൽ ആയിരിക്കുമ്പോൾപ്പോലും ഫോൺ വഴിയാണ്‌ അവർ ബന്ധപ്പെട്ടിരുന്നത്‌.” 4,000 മിനിട്ട്‌, എന്നുവെച്ചാൽ 66-ലേറെ മണിക്കൂർവരെ അവർ ഫോണിൽ സംസാരിച്ച മാസങ്ങളുണ്ടായിട്ടുണ്ട്‌. ഫോണില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാനാവുന്നില്ലെന്നാണ്‌ അവർ പറഞ്ഞത്‌. ഇത്‌ “കടുത്ത ആസക്തിയുടെ ലക്ഷണമാണ്‌,” മാനസികാരോഗ്യ വിദഗ്‌ധനായ ഡോ. ഹാരിസ്‌ സ്‌ട്രെയ്‌റ്റ്‌നർ പറയുന്നു. “അവരെ കൂട്ടിയിണക്കുന്ന കണ്ണി ആ വസ്‌തുവാണെന്ന അവസ്ഥയായിരുന്നു!”

ഇത്‌ വളരെ വിചിത്രമായി തോന്നിയേക്കാം. പക്ഷേ ആശങ്കാജനകമായ ഒരു വസ്‌തുതയായിവേണം ഇതിനെ കാണാൻ. ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ബന്ധപ്പെടാതെ ഒരു മണിക്കൂർപോലും കഴിഞ്ഞുകൂടാനാവില്ലെന്ന അവസ്ഥയിലാണു പലരും. “ഇൻബോക്‌സിൽ പുതിയ മെയിലുകൾ വന്നിട്ടുണ്ടോയെന്നു നമ്മൾ എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കണം, എപ്പോഴും ഓൺലൈനിലായിരിക്കണം, സുഹൃത്തുക്കൾക്ക്‌ അപ്പപ്പോൾ മെസേജുകൾ അയച്ചുകൊണ്ടിരിക്കണം,” ഒരു ചെറുപ്പക്കാരി പറയുന്നു.

“മറ്റൊന്നിനും സമയമില്ലാത്തവിധം കമ്പ്യൂട്ടറോ ഫോണോ ഉപയോഗിക്കുന്നെങ്കിൽ കാര്യമായ എന്തോ പ്രശ്‌നം നിങ്ങൾക്കുണ്ട്‌ എന്നതിന്റെ സൂചനയാണത്‌,” ദ ബിസിനസ്സ്‌ ടൈംസ്‌ ഓഫ്‌ സിംഗപ്പൂർ എന്ന പത്രത്തിൽ ഡോ. ബ്രയൻ യോ പറയുന്നു. ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ പുറത്ത്‌ അടയിരിക്കുന്നവർക്ക്‌ വ്യായാമമൊന്നും കിട്ടാത്തതുകൊണ്ട്‌ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്‌.

എന്നാൽ ഇതുമാത്രമല്ല അപകടം. ഫോൺചെയ്‌തുകൊണ്ട്‌ വണ്ടിയോടിക്കുന്നത്‌—‘ഹാൻഡ്‌സ്‌ ഫ്രീ’ ഉണ്ടെങ്കിലും ഇല്ലെങ്കിലും—മദ്യപിച്ച്‌ വണ്ടിയോടിക്കുന്നതുപോലെതന്നെ അപകടമാണ്‌. വണ്ടിയോടിക്കുന്നതിനിടെ മെസേജ്‌ അയയ്‌ക്കുന്നതും അപകടംചെയ്യും. 16-നും 27-നും ഇടയ്‌ക്ക്‌ പ്രായമുള്ള ഡ്രൈവർമാരിൽ 40% ഡ്രൈവിങ്ങിനിടയ്‌ക്ക്‌ മെസേജ്‌ അയയ്‌ക്കുന്നവരാണെന്ന്‌ ഒരു സർവേ വെളിപ്പെടുത്തി. വണ്ടിയോടിക്കുന്ന സമയത്ത്‌ ഫോൺചെയ്യാനോ മെസേജ്‌ അയയ്‌ക്കാനോ തോന്നുമ്പോൾ ഒന്നോർക്കുക: ഒരു അപകടം ഉണ്ടായാൽ പോലീസും ഇൻഷ്വറൻസ്‌ കമ്പനിയും ആദ്യം പരിശോധിക്കുക നിങ്ങൾ ആ സമയത്ത്‌ സെൽഫോൺ ഉപയോഗിച്ചിരുന്നോ എന്നായിരിക്കും. വെറുമൊരു ഫോൺകോളോ മെസേജോ മതി ജീവൻതന്നെ നഷ്ടപ്പെടാൻ!a 2008-ൽ, കാലിഫോർണിയയിൽ ഉണ്ടായ ട്രെയിനപകടത്തെക്കുറിച്ചു ചിന്തിക്കുക. 25 പേരുടെ ജീവൻ അപഹരിച്ച ആ ദുരന്തത്തിനു തൊട്ടുമുമ്പ്‌ എഞ്ചിൻ ഡ്രൈവർ തന്റെ മൊബൈലിൽനിന്ന്‌ ഒരു മെസേജ്‌ അയച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. മെസേജ്‌ അയയ്‌ക്കുന്ന തിരക്കിൽ അദ്ദേഹം ബ്രേക്കിടാൻപോലും മറന്നുപോയി!

സെൽഫോണുകളും കമ്പ്യൂട്ടറുകളും വിനോദ മാധ്യമങ്ങളും ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന ഇക്കാലത്ത്‌ അവ ജ്ഞാനപൂർവം കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അവർ പഠിച്ചിരിക്കണം. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക്‌ കുട്ടികളെ എങ്ങനെ സഹായിക്കാനാകും? അത്‌ അറിയാൻ അടുത്ത ലേഖനം വായിക്കുക.

[അടിക്കുറിപ്പ്‌]

a ബൈബിളുപദേശങ്ങൾ അനുസരിച്ച്‌ ജീവിക്കാൻ ശ്രമിക്കുന്നവർ, ശ്രദ്ധ പതറിക്കുന്നതും അപകടം വരുത്തിവെച്ചേക്കാവുന്നതുമായ എന്തും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.—ഉല്‌പത്തി 9:5, 6; റോമർ 13:1.

[15-ാം പേജിലെ ചിത്രം]

ഏതുസമയവും നിങ്ങൾ ഇ-വലയത്തിലാണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക