ലോകത്തെ വീക്ഷിക്കൽ
മാരകമായ സമാധാനയജ്ഞങ്ങൾ
ഐക്യരാഷ്ട്രസഭയുടെ സമാധാനയജ്ഞത്തിൽ ഏർപ്പെട്ടിരിക്കെ ആയിരത്തിലധികം വ്യക്തികൾ ഇന്നോളം കൊല്ലപ്പെട്ടതായി ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ അൽജെമൈൻ റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. ഗൾഫ് യുദ്ധം പോലുള്ള യുഎൻ പോരാട്ട ദൗത്യങ്ങളിൽ ജീവഹാനി സംഭവിച്ചവർ ഈ സംഖ്യയിൽ ഉൾപ്പെടുന്നില്ല. ഈ 1,000 മരണങ്ങളിൽ 200-ലധികവും ഉണ്ടായത് 1993-ൽ മാത്രമായിരുന്നു. എന്തുകൊണ്ട് ഇത്രയധികം? ഐക്യരാഷ്ട്രങ്ങൾ വ്യത്യസ്ത തരത്തിലുള്ള ഒരു യുദ്ധത്തിൽ ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണെന്ന് ആ പത്രം വിശദീകരിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഐക്യരാഷ്ട്രങ്ങൾ, രാഷ്ട്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളിൽ മാധ്യസ്ഥം വഹിക്കുകയും ഒത്തുതീർപ്പിലെത്തുന്നതു നിരീക്ഷിക്കുകയുമാണു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ആ സംഘടന ഉൾപ്പെട്ടിരിക്കുന്നതു “രാഷ്ട്രത്തിന്റെ അധികാരം ശിഥിലമാകുകയും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഘടകങ്ങൾ യുഎൻ-ന്റെ വ്യക്തികളെ സംരക്ഷിക്കാൻ പരാജയപ്പെടുകപോലും ചെയ്യുന്ന ആഭ്യന്തരയുദ്ധങ്ങളിലാണ്.”
കുട്ടികൾക്കിടയിലെ മാനസികരോഗം
ബ്രിട്ടനിലെ സ്കൂളുകളിൽ 10 വയസ്സിൽ താഴെയുള്ള 1,000-ത്തിലധികം കുട്ടികളെയും 10-നും 14-നും ഇടയിൽ പ്രായമുള്ള 1,200 കുട്ടികളെയും മാനസികരോഗം, കടുത്ത വിഷാദം, അല്ലെങ്കിൽ ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയവയ്ക്കു ചികിത്സിക്കുകയാണ്. ആത്മഹത്യാനിരക്കും വർധിക്കുകയാണ്. ആറ് വയസ്സുള്ള കുട്ടികൾപോലും ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയാണ്. അതിന്റെ ഒരു കാരണം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള അർഥവത്തായ സംഭാഷണത്തിന്റെ അഭാവമാണെന്നു ചില മാനസികാരോഗ്യ വിദഗ്ധർ കരുതുന്നു. ടെലിവിഷൻ നിയന്ത്രണം വഹിക്കുന്ന ഭവനാന്തരീക്ഷത്തിലാണു പല കുട്ടികളും ജീവിക്കുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. അതിന്റെ ഫലമായി, തങ്ങളുടെ ഉത്കണ്ഠകൾ മാതാപിതാക്കളുമായി ചർച്ചചെയ്യാനോ പങ്കുവെക്കാനോ കുട്ടികൾക്കു കഴിയുന്നില്ല. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം “ഉത്കണ്ഠകൾ വർധിപ്പിക്കുകയും ഒടുവിൽ സന്തോഷമില്ലാത്ത കുട്ടിയായി മാറുകയും ചെയ്യുമെന്ന് ഒരു വിദഗ്ധൻ അഭിപ്രായപ്പെട്ടു.”
ട്രാഫിക്ക് ലൈറ്റുകൾ അവഗണിക്കൽ
അർജൻറീനയിൽ ബ്യൂണസ് അയേഴ്സിലെ ക്ലാരിൻ എന്ന പത്രം പറയുന്നതനുസരിച്ച്, 1994-ൽ ഗുരുതരമായ 7,700 വാഹനാപകടങ്ങളുണ്ടായി. ഈ അപകടങ്ങളുടെ ഫലമായി, 13,505 പേർ ഗുരുതരമായി പരിക്കേൽക്കുകയും 9,120 പേർ മരിക്കുകയും ചെയ്തു. വാഹനാപകടങ്ങളിൽ 90 ശതമാനവും ഉണ്ടാകുന്നത് ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതുകൊണ്ടാണെന്ന് ഒരു ഗവൺമെൻറ് ഏജൻസി നടത്തിയ പഠനം വെളിപ്പെടുത്തി. നഗരങ്ങളിൽ വളരെ കൂടെക്കൂടെയുണ്ടാകുന്ന അപകടങ്ങളിൽ മിക്കതും ചെമന്ന ട്രാഫിക് ലൈറ്റ് അവഗണിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന കുറുകെയുള്ള കൂട്ടിയിടികളാണ്. മറ്റു രാജ്യങ്ങളിൽ ഒരു ചെമന്ന ട്രാഫിക് ലൈറ്റ് അവഗണിക്കുന്നത് ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമായിരിക്കെ അർജൻറീനയിൽ “അത് ഒരു നിത്യസംഭവം മാത്രമല്ല, അങ്ങനെ ചെയ്യുന്നതിൽ അഭിമാനിക്കുന്നവർ പോലുമുണ്ട്” എന്ന് ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനായ എഡ്വേർഡ് ബെർട്ടോട്ടി അഭിപ്രായപ്പെട്ടു.
കൗമാരപ്രായക്കാരുടെ അക്രമം
തുടർച്ചയായ മൂന്നു വർഷങ്ങളായി, റിപ്പോർട്ടു ചെയ്യപ്പെടുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഐക്യനാടുകളിൽ ഒരു കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നുവരികിലും, കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ കൗമാരപ്രായക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും, 14-നും 17-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളുടെ ഇടയിൽ. കൗമാരപ്രായക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് അക്രമാസക്തമായ കുറ്റകൃത്യവും വർധിക്കുമെന്നു ചില വിദഗ്ധർ പ്രവചിക്കുന്നു. “അടുത്ത ഏതാനും വർഷങ്ങളിൽ ഐക്യനാടുകളിലെ യുവജനങ്ങളുടെ എണ്ണം കുത്തനെ ഉയരും, 2005 എന്ന വർഷമാകുമ്പോഴേക്കും 23 ശതമാനം കൂടുതൽ കൗമാരപ്രായക്കാരുണ്ടായിരിക്കും” എന്നു ബോസ്റ്റണിലെ നോർത്ത്ഈസ്റ്റേൺ സർവകലാശാലയിലെ ക്രിമിനൽ ജസ്റ്റിസ് കോളെജിലുള്ള ജയിംസ് അലൻ ഫോക്സ് എന്ന ഒരു വിദഗ്ധൻ അഭിപ്രായപ്പെടുകയുണ്ടായെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “നമ്മുടെ കുട്ടികൾ ചെറുപ്പവും നിയന്ത്രണവിധേയരും ആയിരിക്കുന്ന ഇപ്പോൾ നാം പ്രവർത്തിക്കുന്നില്ലെങ്കിൽ, 2005 എന്ന വർഷമാകുമ്പോഴേക്കും കൗമാര അക്രമത്തിന്റെ ഫലമായി ഒരു രക്തച്ചൊരിച്ചിൽതന്നെ ഉണ്ടാകും.”
മരിച്ചവരുടെ സ്നാപനം റദ്ദാക്കൽ
തങ്ങളുടെ ബന്ധുക്കളിൽ ചിലരെ അവർ മരിച്ച് ദീർഘകാലത്തിനുശേഷം മോർമൻമാരായി സ്നാപനപ്പെടുത്തിയെന്നറിഞ്ഞപ്പോൾ യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചവർ അടുത്തകാലത്ത് അമ്പരന്നുപോകുകയുണ്ടായി. “മരിച്ചവർക്കു പകരക്കാരായി നിന്ന ജീവിച്ചിരിക്കുന്ന സഭാംഗങ്ങൾ അവരെ മോർമൻമാരായി സ്നാപനപ്പെടുത്തി” എന്ന് ആ നടപടിയെക്കുറിച്ചു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. തടങ്കൽപ്പാളയങ്ങളിൽവെച്ചു മരണമടയുകയോ കൂട്ടക്കൊലയിൽ മറ്റുപ്രകാരത്തിൽ ബലിയാടുകളാകുകയോ ചെയ്ത ഏതാണ്ട് 3,80,000 യഹൂദന്മാരുടെ പേരുകൾ മോർമൻമാർ സമ്പാദിക്കുകയുണ്ടായി. എന്നിട്ട് കുറെ കാലംകൊണ്ടു പ്രത്യേക ചടങ്ങുകളിൽവെച്ച് അവർ അവരെ സ്നാനപ്പെടുത്തി. ആ ചടങ്ങുകളിൽവെച്ച് മരിച്ചുപോയവരുടെ പേരുകൾ വായിച്ചപ്പോൾ അവർക്കു പകരക്കാരായി നിന്ന സഭാംഗങ്ങൾ വെള്ളത്തിൽ നിമജ്ഞനം ചെയ്തു. ഈ നടപടിയെ ചില യഹൂദ സംഘടനകൾ എതിർക്കുകയുണ്ടായി. തത്ഫലമായി, സ്നാപനമേറ്റ മോർമൻമാരുടെ പട്ടികയിൽനിന്നു യഹൂദ കൂട്ടക്കൊലയിൽ മരിച്ചവരുടെ പേരുകൾ—അത്തരം ചടങ്ങുകൾ നടത്തപ്പെട്ടത് അവർക്കു വേണ്ടിയായിരുന്നു—നീക്കം ചെയ്യാമെന്നു മോർമൻ നേതാക്കന്മാർ സമ്മതിച്ചു.
ഹോങ്കോങ്ങിലെ സമ്മർദം
അടുത്തകാലത്തു നടത്തിയ ഒരു സർവേയിൽ 16 രാജ്യങ്ങളിൽനിന്നുള്ള 5,000 ആളുകളുമായി അഭിമുഖം നടത്തുകയുണ്ടായി. ലോകത്തിൽ ഏറ്റവും വലിയ സമ്മർദപൂരിത നഗരം ഹോങ്കോങ്ങാണെന്ന് ആ സർവേ വെളിപ്പെടുത്തിയതായി ദ മെഡിക്കൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. അനേകരെ സംബന്ധിച്ചും, സമ്മർദം ജോലിയോടു ബന്ധപ്പെട്ടതാണ്. “ഹോങ്കോങ്ങിലെ ഏതാണ്ട് 70% പുരുഷന്മാരും 64% സ്ത്രീകളും ജോലിസംബന്ധമായ സമ്മർദത്തെക്കുറിച്ചു പരാതി പറഞ്ഞു. താരതമ്യത്തിൽ ഇത്തരക്കാരുടെ എണ്ണം ലോകവ്യാപകമായി 54% ആണ്” എന്ന് ഇംഗ്ലണ്ടിലെ റീഡിങ് സർവകലാശാലയിലെ ഗവേഷകനായ ഡോ. ഡേവിഡ് വാർബർട്ടൺ അഭിപ്രായപ്പെടുന്നു. ഹോങ്കോങ്ങിൽനിന്ന് അഭിമുഖം നടത്തപ്പെട്ടവരിൽ ഏതാണ്ട് 41 ശതമാനം, മറ്റു രാജ്യങ്ങളിലെ 14 ശതമാനത്തിൽനിന്നു വ്യത്യസ്തമായി, തങ്ങളുടെ ജോലികൾ വിരസമാണെന്നു കരുതി. “തങ്ങളുടെ ബോസിനെ ഇഷ്ടപ്പെടാത്തതാണു ജോലിസംബന്ധമായ സമ്മർദമുണ്ടാകാനുള്ള പ്രമുഖ കാരണമെന്ന് അഞ്ചിൽ ഒരാൾ (താരതമ്യത്തിൽ അതു ലോകവ്യാപകമായി 10 പേർക്ക് ഒന്നിലും കുറവാണ്) പറഞ്ഞു”വെന്നു പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
വൈദ്യുത ഉപകരണങ്ങൾ സംശയിക്കപ്പെടുന്നു
യു.എസ്. ഭക്ഷ്യ-മയക്കുമരുന്നു കാര്യാലയത്തിന്റെ ഒരു മാഗസിനായ എഫ്ഡിഎ കൺസ്യൂമർ പറയുന്നതനുസരിച്ച്, അടുത്തുള്ള ഒരു സെല്ലുലാർ ഫോൺ പോലെയുള്ള ഉപകരണങ്ങളിൽനിന്നുണ്ടാകുന്ന വൈദ്യുത-കാന്തിക പ്രഭാവത്തിനു വിധേയമായാൽ വൈദ്യചികിത്സാ ഉപകരണം ശരിയായവിധം പ്രവർത്തിക്കാതെവന്നേക്കാം. “ഇപ്പോൾതന്നെ യൂറോപ്പിലെ ചില ആശുപത്രികൾ തങ്ങളുടെ കെട്ടിടങ്ങളിൽനിന്നു സെല്ലുലാർ ഫോണുകൾ നിരോധിച്ചു കഴിഞ്ഞു. അനുമതിയുണ്ടെങ്കിൽ അത്തരം നടപടി കൈക്കൊള്ളാൻ എഫ്ഡിഎ ഐക്യനാടുകളിലെ ആശുപത്രികളെ പ്രോത്സാഹിപ്പിച്ചു” എന്ന് ആ മാസിക പറയുന്നു. ഹൃദയസ്പന്ദനം ക്രമപ്പെടുത്തുന്ന ഉപകരണങ്ങളും ആപ്നിയ മോണിറ്റേഴ്സും പോലുള്ള ജീവരക്ഷാകരമായ വൈദ്യശുശ്രൂഷാ ഉപകരണങ്ങൾ ശരിയായവിധത്തിൽ പ്രവർത്തിക്കാഞ്ഞതിന്റെ ഫലമായുണ്ടായ അനേകം അപകടങ്ങൾക്കു കാരണം വൈദ്യുത-കാന്തിക പ്രഭാവമാണെന്നു സംശയിക്കപ്പെടുന്നു. എഫ്ഡിഎ കൺസ്യൂമർ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “പതിവായി സൂക്ഷ്മമായ വൈദ്യശുശ്രൂഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രോഗികളും ഡോക്ടർമാരും ഇങ്ങനെയൊരു പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരിക്കുകയും സെല്ലുലാർ ഫോണുകൾ തങ്ങളുടെ ഉപകരണങ്ങളിൽനിന്ന് അകറ്റിസൂക്ഷിക്കുന്നതിനെക്കുറിച്ചു പരിചിന്തിക്കുകയും വേണം.” വയർലെസ് കമ്പ്യൂട്ടർ ബന്ധങ്ങൾ, മൈക്രോവേവ് സിഗ്നലുകൾ, റേഡിയോ-ടെലിവിഷൻ ട്രാൻസ്മിറ്ററുകൾ, പേജറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നിമിത്തം വൈദ്യുത-കാന്തിക പ്രഭാവം ഉണ്ടാകാം. ഈ ഭീഷണി കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ഗവേഷകർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
നഷ്ടമായ കണ്ണി എന്ന സങ്കൽപ്പം
മനുഷ്യൻ കുരങ്ങിൽനിന്ന് ഉളവായി എന്ന സിദ്ധാന്തത്തെ തെളിയിക്കാൻ പരിണാമവാദികൾ ദീർഘകാലം തെളിവിനു വേണ്ടി അന്വേഷണം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ അസ്ഥിപഞ്ജരത്തിന്റെ അവശിഷ്ടങ്ങളെന്നു പാലിയന്റോളജിസ്റ്റുകൾ വിശ്വസിക്കുന്ന 90 അസ്ഥികൾ എത്യോപ്യയിൽനിന്നു കണ്ടെടുക്കുകവഴി “മനുഷ്യന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ദുർബലമായിപ്പോയിരിക്കുന്ന”തായി ലാ മോൺഡ് എന്ന പാരീസ് പത്രം പറയുന്നു. പാലിയന്റോളജിസ്റ്റുകൾ പറയുന്നതനുസരിച്ച്, മനുഷ്യരും കുരങ്ങന്മാരും തമ്മിൽ ബന്ധമുണ്ടെന്നു കാണിക്കാൻ ശ്രമിക്കുന്ന ഒരു സിദ്ധാന്തവുമായും ഈ പുതിയ ഫോസിലുകൾ പൊരുത്തപ്പെടുന്നില്ല എന്നതാണു പ്രശ്നം. മറിച്ച്, ഈ ഫോസിലുകൾ ഉത്തരം തന്നിട്ടുള്ളവയെക്കാളേറെ ചോദ്യങ്ങളാണ് അവ ഉയർത്തിവിട്ടിരിക്കുന്നത്. മനുഷ്യരുടെയും കുരങ്ങന്മാരുടെയും ഇടയിലെ നഷ്ടപ്പെട്ടുപോയതെന്നു കരുതപ്പെടുന്ന കണ്ണി “സങ്കൽപ്പമല്ലാതെ മറ്റൊന്നുമല്ലെന്ന്” ചില ഗവേഷകർ നിഗമനം ചെയ്തിരിക്കുന്നു എന്നു ലാ മോൺഡ് പറയുന്നു.
കമ്പ്യൂട്ടർ അശ്ലീലം കുട്ടികൾക്കു ലഭ്യം
ഇന്റേണറ്റ് എന്ന ആഗോള വാർത്താശൃംഖലയുമായി ഓസ്ട്രേലിയൻ സ്കൂളുകൾ ബന്ധം സ്ഥാപിക്കുമ്പോൾ, വാസ്തവത്തിൽ ഒരു ധാർമിക മൈൻനിലം എന്നു വിളിക്കാവുന്നതുമായി അവർ ബന്ധപ്പെടുകയാണ്. ദ സിഡ്നി മോർണിങ് ഹെറാൾഡ് എന്ന പത്രം പറയുന്നതനുസരിച്ച്, “നഗ്നരായ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ, മദനോത്സവം, പ്രവർത്തനസമയത്തു വേശ്യാലയങ്ങളിൽനിന്നെടുത്ത വീഡിയോ ചിത്രങ്ങൾ, മൃഗങ്ങളുമായി സംഭോഗത്തിലേർപ്പെടാനുള്ള ‘അവകാശനിയമം,’ സ്വയംഭോഗത്തിലേർപ്പെട്ടുകൊണ്ട് ആശയവിനിയമം നടത്തുന്നതിനുള്ള ‘സംഭാഷണവേദി’” തുടങ്ങിയവ കുട്ടികളുടെ എത്തുപാടിലാണ്. ആ പത്രലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പാസ്വേഡുകളോ പ്രായം സൂചിപ്പിക്കുന്ന തെളിവോ ഒന്നും ആവശ്യമില്ലായിരുന്നു—വെറും ഒരു മോഡം ഉപയോഗിച്ചാൽ മതിയായിരുന്നു.” ആ ശൃംഖലയിൽ സെൻസർ ഏർപ്പെടുത്തുക അസാധ്യമാണെന്നു വിദഗ്ധർ പറയുന്നു, “കാരണം ഒരു ന്യൂക്ലിയർ യുദ്ധത്തെ അതിജീവിക്കാൻ യുഎസ് പ്രതിരോധവകുപ്പാണ് . . . അതിന്റെ ഘടന രൂപകൽപ്പന ചെയ്തത്.” അതിലെ ഡേറ്റ കൃത്യമായി ഒരു സ്ഥലത്തല്ല സൂക്ഷിച്ചിരിക്കുന്നത്, പിന്നെയോ ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ഡേറ്റാബെയ്സുകളിലായാണ്. അടുത്തകാലത്ത്, ഒരു സ്വീഡീഷ് ഗവേഷകൻ ഒരു വാരത്തിൽ വെറും നാലു വാർത്താഗ്രൂപ്പുകളിൽനിന്നായി കുട്ടികളുടെ അശ്ലീലത്തെക്കുറിച്ചുള്ള 5,651 സന്ദേശങ്ങൾ അഥവാ പോസ്റ്റിങ്ങുകൾ എണ്ണുകയുണ്ടായി.
അസ്വസ്ഥരായ പുരോഹിതന്മാർ
ലാ റിപ്പബ്ലിക്ക എന്ന പത്രം പറയുന്നപ്രകാരം, “മനശ്ശാസ്ത്രപരമായ അസ്വസ്ഥതകളാൽ എന്റെയടുത്തു ചികിത്സയ്ക്കു വരുന്ന അമ്പതു ശതമാനം പുരോഹിതന്മാർക്കും ലൈംഗിക സ്വഭാവത്തിലുള്ള പ്രശ്നങ്ങളുണ്ട്” എന്ന് ഇറ്റലിയിലെ കത്തോലിക്കാ മനശ്ശാസ്ത്രജ്ഞരിൽ അറിയപ്പെടുന്ന ഒരാളായ വലെറിയോ അൽബിസെറ്റി പ്രസ്താവിക്കുന്നു. മറ്റെന്തിനെക്കാളുമുപരിയായി, ഈ പുരുഷന്മാരെ മാനസികമായി പീഡിപ്പിക്കുന്ന കാര്യങ്ങളാണു ലൈംഗികമോഹവും പിതൃത്വത്തിനുള്ള ആവശ്യകതയും. ബ്രഹ്മചാരികളായി കഴിയാനുള്ള അവരുടെ കടപ്പാടിനെക്കുറിച്ച് അടുത്തയിടെ ജോൺ പോൾ രണ്ടാമൻ ആവർത്തിച്ചു പറയുകയുണ്ടായി. കുറെക്കൂടെ പക്വതയുള്ള പ്രായത്തിൽ പൗരോഹിത്യത്തിൽ പ്രവേശിക്കാൻ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കാനും സെമിനാരികളിൽ പ്രവേശനത്തിനുള്ള പ്രായം ഉയർത്താനും അൽബിസെറ്റി നിർദേശിക്കുന്നു. “സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത ഒരു ചട്ടക്കൂടിനുള്ളിൽ” കൗമാരപ്രായക്കാലം ചെലവഴിക്കേണ്ടിവരുന്ന “ഭാവി പുരോഹിതന്റെ മാനസികാരോഗ്യത്തിനും മനശ്ശാസ്ത്രപരമായ സന്തുലനത്തിനും അതു വളരെ ഹാനികരമാണ്” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ലൈംഗികതയോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടാതെ, “പുരോഹിതന്മാർക്കു വിഷാദവും മാറാത്ത ബുദ്ധിഭ്രമത്തോടു ബന്ധപ്പെട്ട അസ്വസ്ഥതകളും ഭക്ഷണത്തോടുള്ള ആർത്തിയും ഉള്ളതായി” അൽബിസെറ്റി അഭിപ്രായപ്പെടുന്നു.