ലോകത്തെ വീക്ഷിക്കൽ
പുകയിലയുടെ ഉപഭോഗം
ചില രാജ്യങ്ങളിൽ പുകയിലയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞെങ്കിലും, മിക്ക രാജ്യങ്ങളും കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വർധനവു കാണിക്കുന്നു. ഉദാഹരണമായി, 297 ശതമാനം വർധനവുള്ള ചൈനയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ്. 27 ശതമാനവും 50 ശതമാനവും വർധനവുവീതം കാണിച്ചുകൊണ്ട് ഐക്യനാടുകളും ഇന്ത്യയും ഉപഭോക്താക്കളെന്ന നിലയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. പിൻവരുന്ന മറ്റു ചില രാജ്യങ്ങളും വലിയ വർധനവു കാണിച്ചു—റുവാണ്ട, 388 ശതമാനം; ഗ്രീസ്, 331 ശതമാനം; ഉത്തര കൊറിയ, 325 ശതമാനം; ടാൻസാനിയ, 227 ശതമാനം; ഹോങ്കോംഗ്, 214 ശതമാനം; ഇന്തോനേഷ്യ, 193 ശതമാനം; സിംഗപ്പൂർ, 186 ശതമാനം; ടർക്കി, 185 ശതമാനം. ഏഷ്യാവീക്കിൽ അച്ചടിച്ചുവന്ന ഈ സംഖ്യകൾ 1970-നും 1993-നും ഇടയിലുണ്ടായ ശതമാന വ്യത്യാസം കാണിക്കുന്നു. പട്ടികയിലുള്ള 138 രാജ്യങ്ങളിൽ 26 എണ്ണം മാത്രമേ പുകയിലയുടെ ഉപഭോഗത്തിൽ കുറവു കാണിച്ചുള്ളൂ.
യുവജനങ്ങളും തോക്കുകളും
മറ്റേതു കൂട്ടത്തിന്റെ ഇടയിലുമുള്ളതിനേക്കാൾ 10-നും 19-നും ഇടയ്ക്കു പ്രായമുള്ള അമേരിക്കൻ യുവജനങ്ങളുടെ ഇടയിൽ വെടിവെപ്പു നിമിത്തമുള്ള മരണങ്ങൾ വർധിച്ചുവരുന്നതായി കുട്ടികളുടെ ഉപരോധ നിധി എന്ന സംഘടനയുടെ ഒരു റിപ്പോർട്ടു പറയുന്നു. ഇപ്പോൾ, മരണത്തിനിടയാക്കുന്ന രണ്ടാമത്തെ കാരണമായി മുന്നിട്ടുനിൽക്കുന്നതു തോക്കുകളാണ്. അപകടങ്ങൾ, പ്രധാനമായും വാഹനങ്ങൾ നിമിത്തമുള്ളത്, ആണു പ്രമുഖ കാരണം. 1993-ൽ, 20 വയസ്സിനു താഴെയുള്ള അമേരിക്കൻ യുവജനങ്ങളിൽ ഒരാൾ വീതം ഓരോ 92 മിനിട്ടിലും വെടിയേറ്റുമരിച്ചു—മുൻവർഷത്തെക്കാൾ 7 ശതമാനം വർധനവ്. ഒരു താരതമ്യമെന്ന നിലയിൽ എല്ലാ പ്രായക്കൂട്ടങ്ങളുടെയും ഇടയിലുള്ളതു നോക്കുമ്പോൾ വർധനവ് വെറും 4.8 ശതമാനമാണ്. കുട്ടികളിൽനിന്നും സ്കൂളുകളിൽനിന്നും തോക്കുകൾ അകറ്റിനിർത്തുന്നതിനു കാര്യമായി ഒന്നും ചെയ്യാത്തതിന് ഉപരോധ നിധി ഗവൺമെൻറിനെ അപലപിച്ചു. യു.എസ്. നീതിന്യായ വകുപ്പിന്റെ കണക്കുകൾ അതിനോട് ഒത്തുവരുന്നതായി പറയപ്പെടുന്നു: കഴിഞ്ഞ ദശകത്തിൽ യുവപ്രായത്തിലുള്ള ഘാതകരുടെ എണ്ണം മൂന്നുമടങ്ങായിരിക്കുന്നു, 1994-ൽ 26,000 കവിഞ്ഞു. മറ്റ് ആയുധങ്ങൾ കൊലയ്ക്കുപയോഗിക്കുന്നവരുടെ എണ്ണത്തിനു മാറ്റമില്ലെങ്കിലും കൊല്ലാനുള്ള ആയുധമായി തോക്കുപയോഗിക്കുന്നവരുടെ എണ്ണം നാലുമടങ്ങായിത്തീർന്നു. ഈ കണക്കുകളെല്ലാം വെടിക്കോപ്പുകളുടെ ലഭ്യത നിമിത്തമുണ്ടാകുന്ന നഷ്ടങ്ങളെ അടിവരയിട്ടുകാണിക്കുന്നു.
ആത്മഹത്യാ പ്രവണതകൾ
“ഏകദേശം 30,000 അമേരിക്കക്കാർ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നു, അതിൽതന്നെ, പുരുഷന്മാർ സ്ത്രീകളെക്കാൾ സ്വന്തം ജീവനൊടുക്കാൻ നാലു മടങ്ങു സാധ്യത കൂടുതലുള്ളവരാണ്” എന്ന് സയൻറിഫിക് അമേരിക്കൻ അഭിപ്രായപ്പെടുന്നു. മോശമായ ആരോഗ്യത്തിന്റെയും മങ്ങിയപ്രതീക്ഷകളുടെയും സമ്മർദങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രായമേറുംതോറും ആത്മഹത്യാനിരക്കും വർധിക്കുന്നു. 75-ഓ അതിനു മുകളിലോ പ്രായമുള്ളവരുടെ ഇടയിലുള്ള ആത്മഹത്യാനിരക്കു കൗമാരപ്രായക്കാരുടെ ഇടയിലുള്ളതിനെക്കാൾ നാലു മടങ്ങ് അധികമാണ്. ഒരു വ്യക്തി യഥാർഥമായും ആത്മഹത്യചെയ്തേക്കുമോ എന്നു നിർണയിക്കുന്ന ഘടകങ്ങൾ ഏവയാണ്? പട്ടികപ്പെടുത്തിയിരിക്കുന്ന പ്രമുഖകാരണം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുടെ അഭാവവും മതകാര്യങ്ങളിലുള്ള കുറഞ്ഞ പങ്കുപറ്റലുമാണ്. മറ്റു രാജ്യങ്ങളോടുള്ള താരതമ്യത്തിൽ, യു.എസ്.-ലെ ആത്മഹത്യാനിരക്ക് ഓരോ 1,00,000 ആളുകളിലും 11 പേരെന്ന തോതിൽ മധ്യസ്ഥാനത്തു നിൽക്കുന്നു.
അക്രമത്തിനുള്ള പരിശീലനം
◼ “ടെലിവിഷൻ പരിപാടികളെക്കുറിച്ചു നാലു യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഒരു മുഴുവർഷ പഠനം സംപ്രേക്ഷണങ്ങളിലും കേബിൾ ടിവി പരിപാടികളിലും ‘മനശ്ശാസ്ത്രപരമായി ദ്രോഹകരമായ’ അക്രമം വ്യാപിച്ചിരിക്കുന്നു എന്ന നിഗമനത്തിലെത്തി” എന്ന് ദ വാഷിങ്ടൺ പോസ്റ്റ് പറയുന്നു. മിക്കവാറുമെല്ലാ പരിപാടികളിലും തന്നെ എന്തെങ്കിലും അക്രമം ഉൾക്കൊണ്ടിരുന്നു എന്നു മാത്രമല്ല, അത് അവതരിപ്പിക്കുന്ന രീതിയും കാഴ്ചക്കാരുടെമേൽ ദ്രോഹകരമായ പരിണതഫലങ്ങളുളവാക്കി എന്ന് ആ പഠനം കണ്ടെത്തി. അതിൽ, “അക്രമാസക്തമായി പെരുമാറാൻ പഠിക്കുന്നതും അക്രമത്തിന്റെ ദ്രോഹകരമായ ഭവിഷ്യത്തുകളോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുന്നതും ആക്രമിക്കപ്പെടുന്നതിനെ സംബന്ധിച്ചു കൂടുതൽ ഭയപ്പെടുന്നതും ഉൾപ്പെടുന്നു.” ടിവി-യിൽ, 73 ശതമാനം കേസുകളിലും “അക്രമം ഫലപ്രദ”മാണെന്ന സന്ദേശം കൊടുത്തുകൊണ്ട് അക്രമപ്രവർത്തനങ്ങളിലേർപ്പെടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ് ഒരു കാരണം. മിക്ക ചിത്രീകരണങ്ങളും ഇരയായവരനുഭവിക്കുന്ന പരിണതഫലങ്ങൾ, വേദന, അല്ലെങ്കിൽ വൈകാരികമോ സാമ്പത്തികമോ ആയ നഷ്ടം തുടങ്ങിയവ കാണിക്കുന്നില്ല. ടിവി-യിലെ അക്രമസംഭവങ്ങളിലുള്ള കൈത്തോക്കുകളുടെ കൂടെക്കൂടെയുള്ള ഉപയോഗത്തിന് “അക്രമസ്വഭാവമുള്ള ചിന്തകൾക്കും പെരുമാറ്റങ്ങൾക്കും വഴിമരുന്നിടാൻ കഴിയും” എന്നും പഠനം പറയുന്നു.
◼ ഇളം പ്രായത്തിൽ ധാരാളം ടിവി അക്രമങ്ങൾ വീക്ഷിച്ചിട്ടുള്ള ഒരാൾ, 30 വയസ്സാകുമ്പോഴേക്കും “കൂടുതൽതവണ അക്രമപ്രവർത്തനങ്ങളുടെപേരിൽ കുറ്റം ചുമത്തപ്പെട്ടിരിക്കും, മദ്യപിച്ചു വാഹനമോടിക്കുന്നതിനു വളരെപ്രാവശ്യം അറസ്റ്റുചെയ്യപ്പെട്ടിരിക്കും. ലഹരിപദാർഥങ്ങളുടെ സ്വാധീനത്തിൻകീഴിൽ കൂടുതൽ അക്രമ സ്വഭാവമുള്ളവരായിരിക്കുകയും ഇണയെ കൂടുതൽ ദ്രോഹിക്കുന്നവരായിരിക്കുകയും കൂടുതൽ അക്രമ സ്വഭാവം കാണിക്കുന്ന കുട്ടികളുണ്ടായിരിക്കുകയും ചെയ്യും” എന്ന് മിഷിഗൻസ് സർവകലാശാലയിലെ സാമൂഹിക ഗവേഷണ സ്ഥാപനത്തിലുള്ള മനശ്ശാസ്ത്ര പ്രൊഫസറും ഗവേഷണ ശാസ്ത്രജ്ഞനുമായ ലെൻ എറൻ അവകാശപ്പെടുന്നു. വീഡിയോകളികളും സമാനമായ പ്രശ്നങ്ങളുണ്ടാക്കുന്നു. ദ റ്റൊറന്റൊ സ്റ്റാർ എന്ന വർത്തമാനപത്രം റിപ്പോർട്ടുചെയ്യുന്നതനുസരിച്ച്, വീഡിയോഗെയിമുകളുമായി ബന്ധപ്പെട്ട അപകടമെന്തെന്നാൽ അവ പരസ്പരം പ്രതിപ്രവർത്തകമാണ് എന്നതാണെന്ന് എറൻ പറഞ്ഞു. കളിക്കാർ “ഒരു ലിവർ മാറ്റുകയോ ഒരു ബട്ടൺ അമർത്തുകയോ ചെയ്യുമ്പോൾ അവർ തന്നെയാണ് ഈ ഭയങ്കരമായ, അക്രമാസക്തമായ പ്രവർത്തനം—ആരെയെങ്കിലും കൊല്ലുന്നത്—നടത്തുന്നത്.” മാതാപിതാക്കൾ കൂടുതൽ മേൽനോട്ടം വഹിക്കേണ്ട ആവശ്യമുണ്ടെന്നാണ് പ്രൊഫസർ എറനു തോന്നുന്നത്. എങ്കിലും, “വളരെയേറെ മാതാപിതാക്കൾ അതു ശ്രദ്ധിക്കാറേയില്ല” എന്ന് അദ്ദേഹം വിലപിക്കുന്നു.
ഫ്രാൻസിലെ പുരോഹിതക്ഷാമം വർധിക്കുന്നു
ഫ്രാൻസിലെ കത്തോലിക്കാ വൈദികരുടെ ക്ഷാമം കൂടിവരുന്നു. മുഴു ഫ്രാൻസിലുമായി 1995-ൽ 96-ഉം, 1994-ൽ 121-ഉം പുരോഹിതന്മാർക്കേ പട്ടം കൊടുത്തിട്ടുള്ളൂവെന്നു പാരീസ് വർത്തമാനപത്രമായ ല മോൺട് റിപ്പോർട്ടു ചെയ്യുന്നു. 1995-ൽ ജെസ്യൂട്ടുകൾക്കു പുതുതായി 7-ഉം ഡൊമിനിക്കന്മാർക്ക് 25-ഉം പുരോഹിതന്മാരാണുണ്ടായിരുന്നത്. കത്തോലിക്കാ കന്യാസ്ത്രീകളുടെ നിയമനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. “1970-കൾ മുതൽ കന്യാസ്ത്രീകളുടെ എണ്ണം ചുരുങ്ങിയിരിക്കുന്നു. 1977-ൽ 92,326 ഉണ്ടായിരുന്നതു കഴിഞ്ഞവർഷം വെറും 51,164 ആയി” എന്ന് ല മോൺട് പറയുന്നു. ഭൂരിപക്ഷം വൈദികരുടെ കൂടിക്കൊണ്ടിരിക്കുന്ന പ്രായത്തിന്റെയും പുതുതായി നിയമിതരാകാൻ താത്പര്യമുള്ളവരെ ആകർഷിക്കുന്നതിലുള്ള സഭയുടെ പരാജയത്തിന്റെയും വീക്ഷണത്തിൽ 2005-ാമാണ്ടോടെ ഫ്രാൻസിൽ ഏകദേശം 9,000 ഇടവക പുരോഹിതന്മാരേ ഉണ്ടാവൂ എന്നാണു പ്രവചനങ്ങൾ. “വൈദികർക്കു സമൂഹത്തിലുള്ള സ്ഥാനത്തിനു വന്ന കുറവ്, ദീർഘകാല പ്രതിബദ്ധതയെ സംബന്ധിച്ച ആളുകളുടെ ഭയം, വൈദികരുടെ അനാകർഷകമായ പ്രതിച്ഛായ, സഭാനേതാക്കന്മാരിലുള്ള വിശ്വാസനഷ്ടം” ഇതൊക്കെയാണ് ഈ കുറവിനു കാരണം എന്ന് ല മോൺട് ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഘടികാരം
അംഗീകൃത അന്താരാഷ്ട്ര മാനക സമയം കണക്കാക്കാനുപയോഗിക്കുന്ന ഇംഗ്ലണ്ടിലെ ആണവ ഘടികാരങ്ങളെക്കാൾ ആയിരം മടങ്ങു കൃത്യതയുള്ള ഒരു ഘടികാരം പശ്ചിമ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ശാസ്ത്രജ്ഞൻമാർ ഉണ്ടാക്കിയെടുത്തിരിക്കുന്നു. ഇന്ദ്രനീലഘടികാരം എന്നറിയപ്പെടുന്ന ഇതിന്റെ വില ഏകദേശം 2,00,000 ഡോളറാണ്, കുറേയെണ്ണം ഇപ്പോൾത്തന്നെ ഉണ്ടാക്കിക്കഴിയുകയും ചെയ്തു. അതിനു ക്ഷണത്തിൽ കടന്നുപോകുന്ന ഫെംറ്റോസെക്കൻറ്, അതായത് ഒരു സെക്കൻറിന്റെ 10,00,00,000,00,00,000-ലൊരു ഭാഗം അളക്കാനുള്ള കഴിവുണ്ട്! ഇതിന്റെ പ്രയോജനമെന്താണ്? ഐൻസ്റ്റീന്റെ പൊതു ആപേക്ഷിക സിദ്ധാന്തമനുസരിച്ച് ഒരുവൻ ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്നതനുസരിച്ച് സമയത്തിന്റെ വേഗവും കൂടുന്നു. “ഞങ്ങളുടെ ലക്ഷ്യം ഏകദേശം ഒരു മീറ്റർ ഉയരത്തിൽ—മറ്റു വാക്കുകളിൽ പറഞ്ഞാൽ നിങ്ങളുടെ പാദത്തിന്റെയും തലയുടെയും ഇടക്കുള്ളത്—ഉണ്ടാകുന്ന വേഗത്തിലെ വ്യത്യാസം കണ്ടുപിടിക്കുക എന്നതാണ്” എന്നു ക്ലോക്കു വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിച്ച ഭൗതികശാസ്ത്രജ്ഞനായ ഡേവിഡ് ബ്ലെയർ പറഞ്ഞു. എന്നുവരികിലും, അതിന്റെ കൃത്യത ഒരു സമയത്തു വെറും അഞ്ചു മിനിട്ടേ നിലനിൽക്കുകയുള്ളൂ.
സർവസാധാരണമായ സാൻഡ്വിച്ച്
1762-ൽ, ഒരു ചൂതുകളി ആസക്തനായിരുന്ന സാൻഡ്വിച്ച് എന്ന ബ്രിട്ടീഷ് പ്രഭു 24 മണിക്കൂറുകൾ കളിക്കാനുള്ള ഒരു മേശയിങ്കൽ ചെലവഴിച്ചു. തന്റെ വിശപ്പടക്കാൻ അദ്ദേഹം ഒരു കഷണം ഇറച്ചി നടുവിൽ വെച്ച രണ്ടു കഷണം റൊട്ടി കൊണ്ടുവരാൻ പറഞ്ഞു. ഈ പുതിയ ലഘുഭക്ഷണത്തിന്—സാൻഡ്വിച്ച്—മിക്കവാറും അദ്ദേഹത്തിന്റെ പേരു ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ ഇപ്പോൾ ഓരോ ദിവസവും സാൻഡ്വിച്ചുകൾക്കായി 79 ലക്ഷം ഡോളറാണു ചെലവഴിക്കുന്നത്, കഴിഞ്ഞ അഞ്ചു വർഷത്തെക്കാൾ 75 ശതമാനം വർധനവാണിത്. ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്ന പ്രകാരം “മുഴു തത്ക്ഷണ ആഹാര (fast-food) വിൽപനയുടെയും മൂന്നിലൊരു ഭാഗം സാൻഡ്വിച്ചുകളാണ്,” അവ 8,000 സാൻഡ്വിച്ച് ബാറുകളിൽ നിന്നാണു വിതരണം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ഏകദേശം 130 കോടി റെഡിമെയ്ഡ് സാൻഡ്വിച്ചുകളാണു ചെലവാകുന്നത്. എന്നിരുന്നാലും, ഈ സാൻഡ്വിച്ചുകൾ ഗ്രാമപ്രദേശങ്ങളിലോ കടൽത്തീരങ്ങളിലോ പിക്നിക്കിനു പോകുമ്പോൾ കുടുംബങ്ങൾ ചെയ്യുന്ന ലളിതമായ തരങ്ങളിലുള്ള ഭക്ഷണപ്പൊതികളിൽനിന്നും വളരെ വ്യത്യസ്തമാണ്. ചില വിൽപ്പനശാലകൾ കംഗാരുവിന്റെയോ മുതലയുടെയോ ഇറച്ചികൊണ്ടുണ്ടാക്കിയതോ, ചോക്കലേറ്റ് റൊട്ടിയിൽ സ്ട്രോബറിയും ക്രീമും വെച്ചുണ്ടാക്കിയതോപോലെ ശ്രദ്ധേയമാംവിധം വ്യത്യസ്തങ്ങളായ തരങ്ങൾ പ്രദാനം ചെയ്യുന്നു.
ഏഷ്യയിലെ ബാലലൈംഗിക വ്യാപാരം
ഏഷ്യയിൽ 17 വയസ്സും അതിൽ താഴെയുമുള്ള പത്തുലക്ഷം ആൺകുട്ടികളും പെൺകുട്ടികളും വേശ്യാവൃത്തിയിലേർപ്പെടുന്നുണ്ടെന്നു ഗവൺമെൻറുകളും സാമൂഹ്യപ്രവർത്തകരും കണക്കാക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. കൃത്യമായ സംഖ്യ അറിവില്ലാതിരിക്കെ, കംബോഡിയ, ചൈന, ഇന്ത്യ, ഫിലിപ്പീൻസ്, തയ്വാൻ, തായ്ലൻഡ് പോലെയുള്ള രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ താരുണ്യത്തിലെത്താത്ത കുട്ടികളെപോലും കാണാൻ കഴിയും. എന്തുകൊണ്ടാണ് ഇത്ര ചെറിയ കുട്ടികളെ ആവശ്യമുള്ളത്? എയ്ഡ്സിനോടുള്ള ഭയമാണ് ഒരു കാരണം. “ഏഷ്യയിലെമ്പാടുമുള്ള പുരുഷന്മാർ പ്രായക്കുറവുള്ള കുട്ടികളിലേക്കു തിരിയുന്നു, ഇതിനുള്ള ഭാഗികമായ കാരണം അവർക്ക് എയ്ഡ്സുണ്ടാക്കുന്ന വൈറസായ എച്ച്.ഐ.വി. പിടിപെടാനുള്ള സാധ്യത താരതമ്യേന കുറവാണെന്നു കരുതപ്പെടുന്നതിനാലാണ്” എന്ന് ടൈംസ് പറയുന്നു. എങ്കിലും, ഈ രാജ്യങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരിൽ എയ്ഡ്സ് വൈറസ് ദ്രുതഗതിയിൽ പരന്നുകൊണ്ടിരിക്കുകയാണ്, ഭാഗികമായി അവരെ അതിർത്തികടത്തുന്നതും, ഭാഗികമായി ചിലർ സ്ഥലങ്ങൾതോറും ലൈംഗിക ടൂറുകൾ നടത്തുന്നതുമാണു കാരണം. ചില കുട്ടികളെ ബലമായി പിടിച്ചുകൊണ്ടു പോകുമ്പോൾ മറ്റുള്ളവരെ മാതാപിതാക്കൾ സാമ്പത്തിക ലാഭത്തിനായി വിൽക്കുന്നു.
മാത്സര്യമോ ഐക്യമോ?
“ക്രിസ്തുവിന്റെ ജനനത്തിന്റെ 2000-ാമത്തെ വാർഷികം സഭകളുടെ ഇടയിൽ വളരെ വേഗത്തിൽ ഒരു ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു,” എന്ന് ഇഎൻഐ (സഭൈക്യ അന്താരാഷ്ട്ര വാർത്താ) ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. സഭകളുടെ ലോക ഉപദേശക സമിതിയുടെ ജനറൽ സെക്രട്ടറിയായ കൊൺറാഡ് റൈസർ സഭകളോട്, ഈ സംഭവത്തെ “ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയുള്ള മൽസരത്തിന്റെയല്ല—പകരം സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഒരു അവസരമായി” വീക്ഷിക്കാൻ ആഹ്വാനം ചെയ്തു. എന്നുവരികിലും, സഭകൾ ആ വർഷത്തെ “സുവിശേഷിക്കുന്നതിനുള്ള, . . . പൊതുജനങ്ങളുടെ ഇടയിൽ തങ്ങൾക്കു സംഭവിച്ച വിലയിടിവിനെ അതിജീവിക്കുന്നതിനുള്ള ഒരു അവസരമായി” ഉപയോഗിക്കുന്നതിന് ഉറച്ചിരിക്കുന്നതായി തോന്നുന്നു എന്ന് അദ്ദേഹം പറയുന്നു. 2000-ാമാണ്ട് “ക്രിസ്തീയ ഐക്യം ശക്തമായി ഉറപ്പിക്കുന്നതിനുള്ള ഒരു അവസരമായിരിക്കണം” എന്നുള്ള പാപ്പായുടെ ആഹ്വാനത്തെ ശ്ലാഘിക്കവേ, റൈസർ ഇങ്ങനെ കൂട്ടിച്ചേർത്തു: “2000-ാമാണ്ടോടെ ഈ സ്വപ്നങ്ങളിൽ എത്രമാത്രം നിറവേറ്റപ്പെടുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു—മുൻ അനുഭവങ്ങൾ സംശയം വർധിപ്പിക്കുന്നു.”