ഞങ്ങളുടെ വായനക്കാരിൽനിന്ന്
സൗഹൃദം എനിക്കു 16 വയസ്സുണ്ട്. ലൂയി ആൻറിയെ കുറിച്ചുള്ള “എന്റെ പ്രിയപ്പെട്ട സുഹൃത്ത്” എന്ന ശീർഷകമുള്ള ലേഖനത്തിനായി നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ഫെബ്രുവരി 22, 1996) ഫോട്ടോ എന്നെ ആകർഷിച്ചു. കിട്ടിയ ഉടനെതന്നെ ഞാൻ ലേഖനം വായിച്ചു. മിക്ക സുഹൃത്തുക്കളും എന്നെ തള്ളിക്കളഞ്ഞതുകൊണ്ട് എനിക്ക് ഒരൽപ്പം വിഷമം തോന്നിയിരുന്നു. എന്നെക്കാൾ പ്രായമുള്ളവരോടു സൗഹൃദം തേടാൻ ലേഖനം എന്നെ ശരിക്കും പ്രോത്സാഹിപ്പിച്ചു.
എൽ. എൻ., ഇറ്റലി
സ്കൂൾ സ്പോർട്സ് “യുവജനങ്ങൾ ചോദിക്കുന്നു . . . ടീം സ്പോർട്സ്—അവ എനിക്കു പ്രയോജനകരമാണോ?” എന്ന ലേഖനത്തിനു നന്ദി. (ഫെബ്രുവരി 22, 1996) അത് എനിക്കു വേണ്ടി എഴുതപ്പെട്ടതുപോലെ തോന്നി. ഒരുപക്ഷേ ഇതുവരെ കായികാഭ്യാസികളെയായിരിക്കാം ഞാൻ ആരാധിച്ചിരുന്നതെന്ന് അത് എനിക്കു മനസ്സിലാക്കിത്തന്നു. “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ” എന്നു വിലമതിക്കാനും ലേഖനം എന്നെ സഹായിച്ചു.”—1 തിമൊഥെയൊസ് 4:8.
വൈ. റ്റി., ജപ്പാൻ
മൂർഖൻ പാമ്പുകൾ ഉന്മൂലനം ചെയ്യപ്പെടേണ്ട ദുഷ്ട ഉരഗങ്ങളാണ് മൂർഖൻ പാമ്പുകൾ എന്നു ഞാൻ വിചാരിക്കാറുണ്ടായിരുന്നു. “ഒരു മൂർഖനെ കണ്ടുമുട്ടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്ന ലേഖനം വായിച്ചശേഷം എനിക്ക് അവയെക്കുറിച്ച് ഇപ്പോൾ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്. (മാർച്ച് 22, 1996) കൗതുകമുണർത്തുന്ന ഈ ജീവികളെ സംബന്ധിച്ച എന്നെപ്പോലുള്ളവരുടെ തെറ്റിദ്ധാരണകൾ മാറ്റിത്തന്നതിനു നന്ദി.
പി. ഇ., നൈജീരിയ
ഒട്ടേറെ പാമ്പുകളുള്ള ഒരു ഉൾനാടൻ പ്രദേശത്താണു ഞാൻ വളർന്നുവന്നതെങ്കിലും എനിക്കു വാസ്തവത്തിൽ അവയെക്കുറിച്ചു കൂടുതലൊന്നും അറിയില്ലായിരുന്നു. ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിലുള്ള മൂർഖൻ പാമ്പുകളുടെ ജാഗ്രതയെക്കുറിച്ചു വായിച്ചത്, മത്തായി 10:16-ലെ ‘പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരായിരിപ്പിൻ’ എന്ന യേശുവിന്റെ വാക്കുകളെക്കുറിച്ചു മെച്ചമായ ഗ്രാഹ്യമുണ്ടായിരിക്കാൻ എന്നെ സഹായിച്ചു.
ജെ. എഫ്. എസ്., ബ്രസീൽ
അനുകരണനിർമാണം “അനുകരണനിർമാണം—ഒരു ആഗോള വിപത്ത്” എന്ന പരമ്പരയ്ക്കു നന്ദി. (മാർച്ച് 22, 1996) പണമിടപാടു നടത്തുന്ന സ്ഥാപനത്തിലാണു ഞാൻ ജോലി ചെയ്യുന്നത്. തട്ടിപ്പു നിവാരണത്തെപ്പറ്റിയുള്ള ഒരു സെമിനാർ അടുത്തകാലത്താണു ഞാൻ പൂർത്തിയാക്കിയത്. ഏറ്റവും പുതിയ വിവരങ്ങളാണു നിങ്ങൾ നൽകിയത്. ആശ്രയയോഗ്യവും വിജ്ഞാനപ്രദവുമായ നിങ്ങളുടെ ലേഖനങ്ങൾക്കെല്ലാം നന്ദി.
ബി. പി., ഐക്യനാടുകൾ
ഒരു ബാങ്കിൽ കാഷ്യറായി ജോലിനോക്കുന്നതുകൊണ്ട് ആ ലേഖനങ്ങൾ ഞാൻ വിലമതിച്ചു. ഉദ്വേഗം ജനിപ്പിക്കുന്നതിനു വ്യാജമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ചില ജേണലുകളിൽനിന്നു വിഭിന്നമായി വളരെ സന്തുലിതമായ ഒരു വീക്ഷണമാണു നിങ്ങൾ പ്രസിദ്ധീകരിച്ചത്. താഴെച്ചേർക്കുന്ന ഉപദേശമാണു പീടികക്കാർക്ക് എന്റെ ബാങ്ക് നൽകുന്നത്: ‘ഓരോ കറൻസിയുടെയും പുതിയ ഒരു പ്രതി സൂക്ഷിച്ചുവെക്കുക. സംശയം തോന്നിയാൽ സംശയാസ്പദമായ കറൻസി (കടലാസ്, അച്ചടി, കടലാസിലുള്ള ജലരേഖ) ശരിയായ കറൻസിയുമായി താരതമ്യം ചെയ്യുക.’
എൽ. ജി., ഫ്രാൻസ്
ബാലൻസ് “ബാലൻസ് എന്ന ദൈവദാനം” എന്ന ലേഖനത്തിനു നന്ദി. (മാർച്ച് 22, 1996) മൂന്നു വർഷംമുമ്പ് എട്ട് ആഴ്ചയോളം എനിക്കു തലചുറ്റൽ ഉണ്ടായി. മുമ്പ് ഇതിനെക്കുറിച്ചു കേട്ടിട്ടില്ലാത്തതുകൊണ്ട് ഈ രോഗം എനിക്കു മാത്രമേ ഉണ്ടായിരിക്കൂ എന്നു ഞാൻ ആദ്യം വിചാരിച്ചു. മറ്റുള്ളവരും ഈ പ്രശ്നം അനുഭവിച്ചിട്ടുണ്ടെന്നും അതു തരണം ചെയ്തിട്ടുണ്ടെന്നും കാണിച്ചുതന്നുകൊണ്ട് നിങ്ങളുടെ ലേഖനം എന്നെ ആശ്വസിപ്പിച്ചു.
ഡി. പി., ജമെയ്ക്ക
ഈച്ചകൾ “അറപ്പുളവാക്കുന്ന ആ ഈച്ചകൾ—നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ ഉപയോഗപ്രദരോ?” എന്ന ലേഖനത്തിനു നന്ദി. (മാർച്ച് 22, 1996) കഴിഞ്ഞ വേനൽക്കാലത്തു കുറച്ചു സമയം ഈച്ചകളെക്കുറിച്ചു ഗവേഷണം നടത്തുന്നതിനായി ഞാൻ ചെലവഴിച്ചിരുന്നു. എന്നാൽ തൃപ്തികരമായ വിവരങ്ങളൊന്നും കണ്ടെത്തിയില്ല. ലേഖനം പറയുന്നതുപോലെ അവ ഉപദ്രവകാരികളും വൃത്തികെട്ടതുമാണെന്നു ഞാൻ വിചാരിക്കുന്നു. എന്നാൽ, അവ ചില ഉപകാരങ്ങളും ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ എനിക്കറിയാം—അല്ലായിരുന്നെങ്കിൽ നമ്മുടെ സ്രഷ്ടാവ് അവയെ സൃഷ്ടിക്കുമായിരുന്നില്ലല്ലോ. നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെല്ലാം ഞാൻ വളരെയധികം വിലമതിക്കുന്നു.
റ്റി. ജി., ഇറ്റലി
ഈച്ചകളെപ്പറ്റിയുള്ള ലേഖനങ്ങൾ ഞാൻ വായിച്ചുതീർത്തതേയുള്ളൂ. എനിക്ക് ഇത് എഴുതാതെ നിവൃത്തിയില്ല. ശല്യം ചെയ്യുന്ന ഈ ജീവികളെ സൃഷ്ടിച്ചപ്പോൾ യഹോവയുടെ മനസ്സിലെന്തായിരുന്നുവെന്നു പല പ്രാവശ്യം ഞാൻ കളിയായി ആളുകളോടു ചോദിച്ചിട്ടുണ്ട്. നമ്മെ ശല്യം ചെയ്യാനല്ല ഈച്ചകളെ ഭൂമിയിലാക്കിവെച്ചതെന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു!
പി. പി., ഐക്യനാടുകൾ