ആ കൂഡു ഓർമിച്ചു
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
അഴകുള്ള വളഞ്ഞുപുളഞ്ഞ കൊമ്പുകളും വിശേഷതരമായ ചെവികളുമുള്ള ഒരു മാനായ ആൺകൂഡുവിന് പൂർണ വളർച്ചയെത്തുമ്പോൾ തോൾഭാഗത്ത് 150 സെൻറിമീറ്ററോളം ഉയരം കാണും. പെൺകൂഡുവിന് സാധാരണമായി കൊമ്പുകളുണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല അവയുടെ വലിയ ചെവികൾ നിമിത്തവും അവയെ തിരിച്ചറിയാൻ സാധിക്കും. കൂഡു ഒരു നാണംകുണുങ്ങി മൃഗമാണ്. എപ്പോഴും ജാഗ്രതയോടെ, എപ്പോൾ വേണമെങ്കിലും ഓടി രക്ഷപ്പെടാനുള്ള തയ്യാറെടുപ്പോടെയായിരിക്കും അതു നിൽക്കുക. അതുകൊണ്ട്, സിംബാബ്വേയിലെ കാരനു സംഭവിച്ചത് ശ്രദ്ധേയമാണ്.
ആഫ്രിക്കൻ വൈൽഡ്ലൈഫ് മാഗസിനിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതനുസരിച്ച് കമ്പിവേലിയിൽ കുരുങ്ങിക്കിടന്ന ഒരു കൂഡുക്കിടാവിനെ രക്ഷപ്പെടുത്തി കാരനു നൽകി. അവർ അതിന് ഏതാനും ആഴ്ചകൾ കുപ്പിപ്പാൽ നൽകി വളർത്തി. അത് നന്നായി തടിച്ചുകൊഴുത്തു. മിക്കപ്പോഴും കുട്ടികളോടും നായ്ക്കളോടുമൊപ്പം കളിച്ചുകൊണ്ട് അത് കാരനും കുടുംബവും ജീവിച്ചിരുന്ന, പാലുത്പാദന കേന്ദ്രത്തിനടുത്തുതന്നെ ജീവിച്ചുപോന്നു. എങ്കിലും, ക്രമേണ അതു വനത്തിലേക്കു തെന്നിപ്പോകാൻ തുടങ്ങി. പൂർണവളർച്ചയെത്തിയപ്പോൾ പിന്നെയൊരിക്കലും അതിനെ ഫാമിനടത്തു കണ്ടിരുന്നില്ല.
ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞ് ഫാം റോഡിലൂടെ കാറോടിച്ചുവരുമ്പോൾ അടുത്തെത്തിയിട്ടും ഗർഭിണിയായ ഒരു പെൺകൂഡു ഓടിയകലാഞ്ഞതു കാരനെ അത്ഭുതപ്പെടുത്തി. അടുത്തേക്കു നടന്നടുത്തപ്പോഴും അത് ഓടി മറഞ്ഞില്ല. താൻ കുപ്പിപ്പാൽ കൊടുത്തു വളർത്തിയ അതേ മൃഗമായിരിക്കണം ഇതെന്ന് അപ്പോഴേക്കും അവർക്കു മനസ്സിലായിരുന്നു. അതുകൊണ്ട്, അതിന്റെ അടുത്തേക്കു നടന്നടുക്കവേ അവർ അതിനോടു സ്വരംതാഴ്ത്തി സംസാരിച്ചു. പെൺകൂഡു അവരെയും തിരിച്ചറിഞ്ഞിരുന്നു. കാരണം, അതു തല താഴ്ത്തുകയും അത് അവരുടെ മേൽ ഉരുമ്മി അതിനെ കെട്ടിപ്പിടിക്കാൻ അനുവദിക്കുകയും ചെയ്തു!
രണ്ടു മാസത്തിനുശേഷം പെൺകൂഡു വീണ്ടും റോഡരികിൽ വന്നു—ഇത്തവണ മുലയൂട്ടുന്ന പ്രായത്തിലുള്ള ഒരു കൊച്ചുകിടാവുമൊത്ത്. അമ്മ കിടാവിനെ അഭിമാനപൂർവം പരിചയപ്പെടുത്തുന്നതായാണ് കാരനു തോന്നിയത്. വീണ്ടും അവർ തള്ളക്കൂഡുവിനെ തൊട്ടുതലോടി. ഏതാനും ആഴ്ചകൾക്കുശേഷം സമാനമായ ഒരു സംഗതി സംഭവിച്ചു. അപ്പോൾ ആ പെൺകൂഡു കാരനെ വാസ്തവത്തിൽ കാത്തുനിന്നിരുന്നതുപോലെ കാണപ്പെട്ടു.
വീണ്ടും രണ്ടു മാസങ്ങൾക്കുശേഷം ഇതേ പെൺകൂഡുവിനെ കഴുത്തിൽ ഒരു കുരുക്കുള്ള നിലയിൽ കണ്ടതായി ചില ഫാം തൊഴിലാളികൾ അറിയിച്ചു. കുരുക്കഴിക്കാൻ അവർ പെൺകൂഡുവിനെ സമീപിച്ചുവെങ്കിലും അത് ഓടിപ്പോയി. അതുകൊണ്ട് കാരൻ അതിനെ അന്വേഷിച്ചു കുറ്റിക്കാട്ടിലേക്കു പോയി. പോകുമ്പോൾ അവർ അതിനെ വിളിച്ചുകൊണ്ടിരുന്നു. താമസിയാതെ അത് അവരുടെ മുന്നിലേക്കു വന്നു. കാരൻ ബുദ്ധിപൂർവം പെൺകൂഡുവിന് ഇഷ്ടമായിരുന്ന അൽപ്പം റൊട്ടികൂടെ കൈവശം കരുതിയിരുന്നു. ഈ ഇഷ്ടപ്പെട്ട ഭോജനം നൽകവേ കാരന്റെ ഭർത്താവ് കൂഡുവിന് തടസ്സം സൃഷ്ടിക്കുന്ന ഈ കുരുക്ക് മുറിച്ചുകളഞ്ഞു.
മനുഷ്യനും മൃഗത്തിനുമിടയിൽ നീണ്ടുനിന്ന ഉറ്റബന്ധം ഈ കുടുംബത്തിനു വളരെയേറെ ആനന്ദം കൈവരുത്തി.