ലോകത്തെ വീക്ഷിക്കൽ
അപകടകരമായ തെറ്റിദ്ധാരണകൾ
1977-ൽ, അപ്രധാനമായ ഒരു ചെറിയ വാക്കിന്റെ അർഥം സംബന്ധിച്ചുള്ള തെറ്റിദ്ധാരണ ലോകത്തിലെ ഏറ്റവും ദാരുണമായ വിമാനദുരന്തത്തിനു പങ്കുവഹിച്ചതായി ദി യൂറോപ്യൻ എന്ന വാർത്താപത്രം റിപ്പോർട്ടു ചെയ്യുന്നു. ഒരു ബോയിംഗ് 747 വിമാനത്തിന്റെ ഡച്ചുകാരനായ വൈമാനികൻ തന്റെ വിമാനം ‘അറ്റ് ടേക്ക് ഓഫിലാണെന്ന്’ സന്ദേശമയച്ചു. കാനറി ദ്വീപുകളിലെ ടെനെറിഫെയിലുള്ള വ്യോമ-ഗതാഗത മേധാവി മനസ്സിലാക്കിയത് വിമാനം നിശ്ചലാവസ്ഥയിലാണെന്നാണ്. എന്നാൽ, തന്റെ വിമാനം മഞ്ഞുമൂടിയ റൺവേയിലൂടെ കുതിക്കുകയാണെന്നും ഉയരാൻ പോകുകയാണെന്നുമാണ് വൈമാനികൻ അർഥമാക്കിയത്. തത്ഫലമായി, 583 ആളുകളുടെ മരണത്തിനിടയാക്കിക്കൊണ്ട് ഈ വിമാനം മറ്റൊരു ബോയിംഗ് 747-മായി കൂട്ടിയിടിച്ചു. അതുപോലെതന്നെ, 1996-ൽ ഇന്ത്യയിൽ ഡൽഹിക്കടുത്തുണ്ടായ കൂട്ടിയിടിയുടെയും ഒരു കാരണം പരിമിതമായ ഭാഷാപ്രാപ്തിയായിരുന്നു. മധ്യാകാശത്തുവെച്ചുണ്ടായ ഈ അപകടത്തിൽ 349 പേർ മരണമടഞ്ഞു. ഗുരുതരമായ വീഴ്ചകൾ പൊതുവേ വിരളമാണ്. എങ്കിലും, വ്യോമയാനത്തോടു ബന്ധപ്പെട്ട ഇംഗ്ലീഷ് സാങ്കേതിക പദങ്ങളിൽ കഠിനപരിശീലനം നൽകിയിട്ടും വിമാനജോലിക്കാരിൽ ചിലർക്കു വ്യോമയാന സംബന്ധമായ ചില പ്രത്യേക വാക്കുകൾ മാത്രമേ അറിയാവൂ. അടിയന്തിര സന്ദർഭങ്ങളിൽ അവരുടെ ഭാഷാപ്രാപ്തി ഫലം ചെയ്യാതെവരുന്നു. ശരിയായ വ്യോമയാന ആശയവിനിയമം ഉറപ്പുവരുത്താനായി കോക്പിറ്റിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വിദഗ്ധർ ശുപാർശചെയ്യുന്നു.
പിസയിലെ ചെരിയുന്ന ഗോപുരം സുസ്ഥിരമായോ?
ഒഴിവാക്കാനാകാത്തതെന്നു തോന്നിയ പതനത്തിലേക്കു നൂറ്റാണ്ടുകളായി ചെരിയുകയായിരുന്ന പിസയിലെ ഗോപുരം ഒടുവിൽ, അതിന്റെ അടിത്തറയിൽ സ്ഥാപിച്ച ആയിരംടൺ ഭാരമുള്ള ലോഹക്കട്ടികളുടെ ഒരു സമതുലിതഭാരത്താൽ പ്രത്യക്ഷത്തിൽ സുസ്ഥിരമായി. ഗോപുരത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള സാർവദേശീയ കമ്മീഷന്റെ പ്രസിഡന്റായ പ്രൊഫസർ മിക്കെളേ ജാമ്യാൽകോവ്സ്കി പ്രഖ്യാപിച്ചതാണിത്. ‘എന്നിരുന്നാലും, സ്ഥിരതയുടെ പ്രശ്നം ഗൗരവമായി നിലനിൽക്കുന്നു. എന്തെന്നാൽ എഴുന്നൂറിലധികം വർഷത്തെ അസ്തിത്വം കൊണ്ട് ലംബാവസ്ഥയിൽനിന്ന് അഞ്ചു മീറ്റർ [16 അടി] ചെരിഞ്ഞതുതന്നെ അങ്ങേയറ്റം അപകടകരമാണ്,’ ഇറ്റാലിയൻ വർത്തമാനപ്പത്രമായ ലാ സ്റ്റാമ്പാ പ്രസ്താവിക്കുന്നു.
ലോകവ്യാപകമായ നിയമവിരുദ്ധ മയക്കുമരുന്നുപയോഗം
മുഴു സാർവദേശീയ വാണിജ്യ, ഉത്പാദക വരുമാനത്തിന്റെയും 8 ശതമാനത്തോളം, ഓരോ വർഷവും ഏകദേശം 40,000 കോടി ഡോളർ, നിയമവിരുദ്ധ മയക്കുമരുന്നുകളിൽനിന്നുള്ളതാണെന്ന്, ഒരു യുഎൻ റിപ്പോർട്ട് പറയുന്നു. നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ലോകവ്യാപക സ്വാധീനത്തെക്കുറിച്ചുള്ള പ്രഥമവും സമഗ്രവുമായ പഠനമാണ് 332 പേജുള്ള ഈ റിപ്പോർട്ട്. ലോകജനസംഖ്യയുടെ ഏകദേശം 2.5 ശതമാനം, അതായത് ഏതാണ്ട് 14 കോടി ആളുകൾ, മരിജ്വാനയോ അതിന്റെ വകഭേദമായ ഹഷീഷോ ഉപയോഗിക്കുന്നതായി ഈ പഠനം സൂചിപ്പിക്കുന്നു. മൂന്നു കോടി ആളുകൾ ആംഫെറ്റാമീൻ തരത്തിലുള്ള ഉത്തേജകങ്ങളും 1.3 കോടി ആളുകൾ കൊക്കെയ്ന്റെ ഇതരരൂപങ്ങളും 80 ലക്ഷം ആളുകൾ ഹെറോയിനും ഉപയോഗിക്കുന്നു. നിയമപാലക ഏജൻസികൾ ആയിരക്കണക്കിനു ടൺ മരിജ്വാന, കൊക്കെയ്ൻ, ഹെറോയിൻ, മോർഫീൻ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇനിയും തുമ്പുകിട്ടാത്തതായി വളരെയേറെയുണ്ട്. കൊക്കെയ്ന്റെ ഏകദേശം 30 ശതമാനവും ഹെറോയിന്റെ 10-15 ശതമാനവും മാത്രമേ പിടിച്ചെടുക്കുന്നുള്ളുവെന്നും ആ റിപ്പോർട്ട് പ്രസ്താവിച്ചു. സാർവദേശീയ മയക്കുമരുന്നു വിപണനം വളരെ സങ്കീർണമാണ്. “ഇതൊരു ഗോളവ്യാപക പ്രശ്നമാണ്. അതുകൊണ്ട് രാഷ്ട്രങ്ങൾക്ക് സ്വന്തമായി അതു പരിഹരിക്കാനാകില്ല,” യുഎൻ മയക്കുമരുന്നു നിയന്ത്രണവിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ജോർജോ ജാകോമെല്ലി അഭിപ്രായപ്പെടുന്നു.
സാംക്രമിക രോഗങ്ങൾ കുതിച്ചുയരുന്നു
“ഇക്കഴിഞ്ഞ 20 വർഷംകൊണ്ട് തികച്ചും പുതിയതും അത്യന്തം മാരകവുമായ 30 പകർച്ചവ്യാധികൾ രംഗപ്രവേശം ചെയ്തിരിക്കുന്നു,” നാസ്സൊയിഷെ നോയിയെ പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. ഇവയിൽ ഇബോള, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് സി എന്നിവപോലുള്ള മിക്കതിനും യാതൊരു ചികിത്സയുമില്ല. കൂടാതെ, മലമ്പനി, കോളറ, ക്ഷയം തുടങ്ങിയ സാംക്രമിക രോഗങ്ങളും വ്യാപകമാകുകയാണ്. കാരണം? ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നതനുസരിച്ച്, “പല രോഗങ്ങളും വീണ്ടും തലപൊക്കുന്നതിന്റെ കാരണം അധികമധികം വൈറസുകൾ വിവിധങ്ങളായ ആൻറിബയോട്ടിക്കുകളോടു പ്രതിരോധശക്തിയുള്ളവയായിത്തീരുന്നതാണ്. ഉത്പാദനപ്രക്രിയ വളരെ ചെലവേറിയതായതിനാൽ വളരെക്കുറച്ച് ആൻറിബയോട്ടിക്കുകളേ പുതുതായി ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ.” ഈ പ്രവണതയ്ക്കു മാറ്റം വരുത്താനുള്ള ഒരു ഉദ്യമത്തിൽ, “പുതിയ ആൻറിബയോട്ടിക്കുകളും സാംക്രമിക രോഗനിർണയത്തിനുള്ള പുരോഗമിച്ച രീതികളും വികസിപ്പിച്ചെടുക്കുന്നതിനായി കൂടുതൽ പണം മുടക്കാൻ” ഡബ്ലിയുഎച്ച്ഒ ഗവൺമെന്റുകളോടും ഔഷധനിർമാണശാലകളോടും അഭ്യർഥിക്കുകയുണ്ടായി. സാംക്രമിക രോഗങ്ങൾമൂലം 1996-ൽ ഗോളവ്യാപകമായി ഏകദേശം 5.5 കോടിയാളുകൾ മരണമടഞ്ഞു.
“ജനക്കൂട്ടത്തിന്റെ തേർവാഴ്ച”
ഈ തലക്കെട്ടിൻ കീഴിൽ ദ ജറുസലേം പോസ്റ്റ് എഡിറ്റോറിയൽ സ്റ്റാഫിലെ ഒരംഗമായ ചായിം ഷാപിറോ, ഇസ്രായേലിൽ കഴിഞ്ഞ മാർച്ചിൽ കല്ലും ഇഷ്ടികയുംകൊണ്ട് യഹോവയുടെ സാക്ഷികൾ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് റിപ്പോർട്ടു ചെയ്യുന്നു. പ്രസ്തുത ആക്രമണത്തിൽ അവരുടെ ഹാളുകൾ തകർത്തുതരിപ്പണമാക്കുകയും സാഹിത്യം അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ജാഫയിലുള്ള ഒരു കത്തോലിക്കാ പള്ളി കഴിഞ്ഞ വർഷം ആക്രമിക്കപ്പെട്ടപ്പോൾ നീതി ആവശ്യപ്പെട്ടുകൊണ്ട് സത്വരം ഇസ്രായേലിലും വിദേശങ്ങളിലും പ്രതിഷേധത്തിന്റെ അലകൾ ഇരമ്പി. എന്നാൽ ലോഡിലുള്ള ഹാൾ ആക്രമിക്കപ്പെട്ടപ്പോൾ അതു സംബന്ധിച്ച് ഒരനക്കവുമുണ്ടായില്ല.” വ്യക്തിപരമായി ഷാപിറോ യഹോവയുടെ സാക്ഷികളെ ‘ഇഷ്ടപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെ’ങ്കിലും അവർ “നാസി ജർമനിയിൽ പീഡിപ്പിക്കപ്പെടുകയും തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കപ്പെടുകയും ചെയ്ത കൂട്ടങ്ങളിലൊന്നായിരുന്നു”വെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. അദ്ദേഹം എഴുതുന്നു: “ശിക്ഷിക്കപ്പെടാതെ ആർക്കും അത്തരമാളുകളെ ആക്രമിക്കാമെന്നും അവരുടെ ആരാധനാസ്ഥലം നശിപ്പിച്ച് പുസ്തകങ്ങൾ അഗ്നിക്കിരയാക്കാമെന്നും വിചാരിക്കുന്നതുതന്നെ പേടിപ്പെടുത്തുന്ന ഓർമകൾ ഉണർത്തുന്നതിനൊപ്പം ഏറ്റവും ബീഭത്സമായ ചരിത്ര സമാന്തരത്വവും മനസ്സിലേക്ക് ആനയിക്കുന്നു.”
“വിശുദ്ധനഗര”ത്തിലെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഭക്തി
റോമിനെ വിശുദ്ധനഗരം എന്നാണു വിളിക്കുന്നത്. അതിന്റെ ബിഷപ്പാകട്ടെ കത്തോലിക്കാ സഭയുടെ തലവനും. എന്നിട്ടും, വാസ്തവത്തിൽ ചിലർ കരുതുന്നത്ര മതതത്പരരല്ല അവിടത്തുകാർ. റോമിലെ തേർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു ദേശീയ സർവേ അനുസരിച്ച്, മുഴു ഇറ്റലിക്കാരിലും ഏതാണ്ട് 10 ശതമാനം തങ്ങൾക്കു ക്രിസ്ത്യാനിത്വത്തിൽ ‘അശേഷം’ താത്പര്യമില്ലെന്നു പ്രസ്താവിച്ചു. എന്നാൽ റോമിൽ ഇത് 19 ശതമാനമായി ഉയരുന്നു. അതിനുപുറമേ 21 ശതമാനം റോമാക്കാർക്കു കത്തോലിക്കാ സഭയിൽ “വളരെക്കുറച്ച്” താത്പര്യമേയുള്ളൂ, വർത്തമാനപത്രമായ ലാ റെപ്പൂബ്ലിക്കാ പ്രസ്താവിക്കുന്നു. നേരേമറിച്ച്, അവരിൽ 10 ശതമാനത്തിനേ മതത്തിൽ ആത്മാർഥ താത്പര്യമുള്ളൂ. സാമൂഹികവിദഗ്ധനായ റോബെർട്ടോ ചിപ്രിയാനി പറയുന്നതനുസരിച്ച്, ഓരോ നാലു റോമാക്കാരിലും ഒരാൾ മാത്രമേ മനോഭാവങ്ങളും പെരുമാറ്റവും സംബന്ധിച്ചുള്ള സഭാചട്ടങ്ങൾ അടുത്തു പിൻപറ്റുന്നുള്ളൂ.
ടിബി ഇന്ത്യയെ വേട്ടയാടുന്നു
ക്ഷയരോഗ (ടിബി) ബാക്ടീരിയയെ നിയന്ത്രണത്തിൽക്കൊണ്ടുവരാനുള്ള വിപുലവ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നിട്ടും ഇന്ത്യയിൽ പ്രായപൂർത്തിയായ രണ്ടിലൊരാളെ വീതം ഈ രോഗം ബാധിച്ചിരിക്കുന്നെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) അവകാശപ്പെടുന്നു. ഇന്ത്യയിലെ 90 കോടിയിലധികം ജനങ്ങളിൽ, ഓരോ വർഷവും 20 ലക്ഷത്തിലധികംപേർക്ക് ടിബി കലശലാകുകയും 5,00,000-ത്തോളം പേർ ഇതു നിമിത്തം മരണമടയുകയും ചെയ്യുന്നെന്ന് ദി ഏഷ്യൻ എയ്ജ് എന്ന വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. ഡബ്ലിയുഎച്ച്ഒ പറയുന്നതനുസരിച്ച്, രോഗബാധിതരുടെ എണ്ണവും രോഗബാധിതരാകാനുള്ള സാധ്യതയും വളരെ കൂടുതലാണിവിടെ. ടിബി പിടിപെടുന്നവർ തന്മൂലമുണ്ടാകുന്ന അനാരോഗ്യം തരണം ചെയ്താൽ മാത്രം പോരാ, പിന്നെയോ ഈ രോഗവുമായി പൊതുവേ ബന്ധപ്പെടുത്തിയിരിക്കുന്ന ദുഷ്കീർത്തി പേറി ജീവിക്കേണ്ടതുമുണ്ട്. ഇത് അയൽക്കാരും തൊഴിലുടമകളും സഹജോലിക്കാരും കൈയൊഴിയുന്നതിലേക്കു നയിച്ചേക്കാം. ടിബി ഉള്ളതായി കണ്ടെത്തപ്പെടുന്ന പുതുമണവാട്ടിമാരെ, കുട്ടികൾക്കു ജൻമമേകാൻ അയോഗ്യരെന്നു വിധിച്ച് മിക്കപ്പോഴും അവരുടെ മാതാപിതാക്കളുടെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു.
ഒരു നല്ല എലിയോ?
“എലികൾ പൊതുവേ മോശമായിട്ടാണു വീക്ഷിക്കപ്പെടുന്നത്,” ദ വാൾ സ്ട്രീറ്റ് ജേർണൽ പ്രസ്താവിക്കുന്നു. എന്നാൽ റാറ്റി ഇതിനൊരപവാദമാണ്. ജൈവ-ഭൗതിക ശാസ്ത്രജ്ഞയായ ജൂഡി റീവിസിന്റെ പരീക്ഷണശാലയിലുള്ള ഒരു എലിയാണവൾ. സ്കൂളുകളിൽ കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കാൻ തക്കവണ്ണം ആയിരക്കണക്കിനു മീറ്റർ കമ്പി വലിക്കാൻ റാറ്റി സഹായിച്ചിട്ടുണ്ട്. “ചരട് കടിച്ചുപിടിച്ചുകൊണ്ട് ഉത്തരങ്ങൾക്കും കുഴലുകൾക്കും ഇടയിലൂടെയും തറയുടെ അടിയിലൂടെയും മച്ചിലൂടെയും അവൾ ഞെരുങ്ങിനീങ്ങുന്നു,” ജേർണൽ വിശദീകരിക്കുന്നു. “മുട്ടി ശബ്ദം കേൾപ്പിച്ചും രുചികരമായ ഭക്ഷണം ഉപയോഗിച്ചും അവളെ ബഹിർഗമനദ്വാരത്തിങ്കലേക്ക ആകർഷിക്കുന്നു. അവൾ പുറത്തുവന്നു കഴിയുമ്പോൾ, അവൾ ഞെരുങ്ങി നീങ്ങിയ വളഞ്ഞുപുളഞ്ഞ പാതയിലൂടെ കമ്പ്യൂട്ടർകമ്പിച്ചുരുൾ വലിക്കാൻ ആ ചരട് ഉപയോഗിക്കുന്നു.” റാറ്റി ഒരു ആരാധനാപാത്രമായി മാറിയിരിക്കുന്നു, മാധ്യമങ്ങളിൽ അവളെക്കുറിച്ചുള്ള ലേഖന പരമ്പരകളുണ്ട്, കൂടാതെ ഇന്റർനെറ്റിൽ അവൾ “പാടുന്ന” പാട്ടുമുണ്ട്. അവൾ അകാല മൃത്യുവിനിരയായാൽ “ഞങ്ങൾ മറ്റൊന്നിനെ പരിശീലിപ്പിക്കും.” ഡോ. റീവിസ് പറയുന്നു. “എന്താണേലും അതു വെറുമൊരു എലിയല്ലേ.”
അംഗച്ഛേദിതരായ പെൺകുട്ടികൾ, കൗമാരപ്രായത്തിലെ പ്രസവങ്ങൾ
“ഓരോ വർഷവും ഏകദേശം 20 ലക്ഷം പെൺകുട്ടികൾ അംഗച്ഛേദിതരാകുന്നു,” എന്ന് കുട്ടികളുടെ ആരോഗ്യം, പോഷണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ പ്രസിദ്ധീകരണമായ രാഷ്ട്രങ്ങളുടെ പുരോഗതി (ഇംഗ്ലീഷ്) അതിന്റെ 1996-ലെ പതിപ്പിൽ പ്രസ്താവിക്കുന്നു. “മൊത്തം സംഭവങ്ങളുടെ 75%-വും ഈജിപ്ത്, എത്യോപ്യ, കെനിയ, നൈജീരിയ, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിലാണു നടക്കുന്നത്. ജിബൂട്ടിയിലും സൊമാലിയയിലുമുള്ള 98% പെൺകുട്ടികളും അംഗച്ഛേദിതരാണ്.” വേദനയ്ക്കു പുറമേ ഈ പ്രക്രിയ രോഗബാധ, നീണ്ടുനിൽക്കുന്ന രക്തസ്രാവം, വന്ധ്യത, മരണം എന്നിവയ്ക്കും കാരണമായേക്കാം. “അംഗച്ഛേദനം ഒരു മതവ്യവസ്ഥയേയല്ല. കന്യകാത്വം പരിരക്ഷിക്കുന്നതിനും വിവാഹയോഗ്യത ഉറപ്പാക്കുന്നതിനും ലൈംഗികത നിയന്ത്രിക്കുന്നതിനുമായി തട്ടിക്കൂട്ടിയ ഒരു പാരമ്പര്യമാണിത്,” പ്രസ്തുത റിപ്പോർട്ടു പ്രസ്താവിക്കുന്നു. വനിതകളുടെ അവകാശങ്ങളും കുട്ടികളുടെ ക്ഷേമവും ഉയർത്തിപ്പിടിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും ഈ ആചാരത്തെ നിയമം മൂലം നിരോധിക്കുന്നതിനു ഗവൺമെന്റുകളുടെമേൽ സമ്മർദം ചെലുത്തുന്നുണ്ട്.
പല പ്രദേശങ്ങളിലും കൗമാരപ്രായത്തിലെ പ്രസവങ്ങൾ ഒരു രൂഢമൂലമായ പ്രശ്നമാണെന്നു മറ്റൊരു റിപ്പോർട്ടു സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, വ്യവസായവത്കൃത ലോകത്തുവെച്ച് ഏറ്റവും വർധിച്ച നിരക്ക് ഐക്യനാടുകളിലാണ്—വർഷംതോറും, 15-നും 19-നും ഇടയ്ക്ക് പ്രായമുള്ള ഓരോ 1,000 പെൺകുട്ടികളിലും 64 പേർ പ്രസവിക്കുന്നു. പ്രതിവർഷം നാലു പ്രസവംവീതം നടക്കുന്ന ജപ്പാനിലാണ് ഏറ്റവും കുറഞ്ഞനിരക്ക്. കൗമാരപ്രായത്തിലെ പ്രസവങ്ങൾ പെൺകുട്ടികളുടെ വളർച്ച, വിദ്യാഭ്യാസം, ഭാവിപുരോഗതി എന്നിവയെ മാത്രമല്ല ബാധിക്കുന്നത്. പിന്നെയോ അത് ശിശുവിനും പ്രശ്നങ്ങൾ വരുത്തുന്നു. ഗുണമേൻമ കുറഞ്ഞ പരിപാലനം, ദാരിദ്ര്യം, ഭദ്രമല്ലാത്ത കുടുംബാന്തരീക്ഷം തുടങ്ങിയവയാണ് അതിൽ ചിലത്.