സിസ്റ്റിക് ഫൈബ്രോസിസ് രോഗവുമായി ജീവിക്കുന്നു
ജിമ്മി ഗാരാഡ്സ്യൊറ്റിസ് പറഞ്ഞ പ്രകാരം
1998 ജൂലൈ 25-ാം തീയതി കഠിനമായ നെഞ്ചുവേദനയെ തുടർന്ന് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്റെ ഹൃദയത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നു. ശ്വാസകോശങ്ങൾക്കായിരുന്നു തകരാറ്. ശ്വസിക്കാൻ കഴിയാതെ ഞാൻ വളരെ ബുദ്ധിമുട്ടി. വെറും 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. എന്നാൽ എന്റെ ജീവൻ തുലാസ്സിൽ തൂങ്ങുകയായിരുന്നു.
ഞാൻ ജനിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾത്തന്നെ എനിക്ക് കലശലായ മഞ്ഞപ്പിത്തം ആണെന്നു ഡോക്ടർമാർ എന്റെ മാതാപിതാക്കളെ അറിയിച്ചു. രക്തപ്പകർച്ച നടത്തിയില്ലെങ്കിൽ ഞാൻ മരിക്കുകയോ മസ്തിഷ്കത്തിനു തകരാറു സംഭവിക്കുകയോ ചെയ്യുമെന്ന് അവർ പറഞ്ഞു. എന്നാൽ രക്തപ്പകർച്ച കൂടാതെ ഞാൻ അതിജീവിച്ചു—മസ്തിഷ്കത്തിനു തകരാറൊന്നും സംഭവിച്ചതുമില്ല.
എന്റെ ജീവിതത്തിലെ ആദ്യത്തെ രണ്ടു വർഷങ്ങൾ കുഴപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. എനിക്ക് ഇടയ്ക്കിടയ്ക്കു ന്യൂമോണിയയും വരുമായിരുന്നു. ഒടുവിൽ ഒരു ഡോക്ടർ എനിക്കു സിസ്റ്റിക് ഫൈബ്രോസിസ് (സിഎഫ്) ആണെന്നു കണ്ടെത്തി. അന്നൊക്കെ, ഈ രോഗമുള്ളവർ ശരാശരി ഏഴു വയസ്സു വരെയേ ജീവിക്കുമായിരുന്നുള്ളൂ. എന്നാൽ വൈദ്യശാസ്ത്ര പുരോഗതിയുടെ ഫലമായി ഇന്നു സിഎഫ് ഉള്ള കൂടുതൽ കൂടുതൽ കുട്ടികൾ പ്രായപൂർത്തിയിലേക്കു കടക്കുന്നുണ്ട്.
എന്താണു സിഎഫ്?
പ്രതിവിധി ഇല്ലാത്ത ഒരു പാരമ്പര്യ രോഗമാണ് സിഎഫ്. ഈ രോഗം, ക്രമേണ വർധിച്ച് വഷളായിത്തീരുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. കൂടാതെ, സിഎഫ് രോഗികൾക്ക് ഭക്ഷണം ദഹിപ്പിക്കുന്ന കാര്യത്തിൽ മിക്കപ്പോഴും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഏകദേശം 25 പേരിൽ ഒരാൾ വീതം സിഎഫിന് ഇടയാക്കിയേക്കാവുന്ന ജീൻ വഹിക്കുന്നു. എന്നാൽ മിക്ക സന്ദർഭങ്ങളിലും വാഹകർ അതിനെ കുറിച്ച് ബോധവാന്മാരല്ല. എന്തെന്നാൽ അവരിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടമായിരിക്കുകയില്ല. മാതാവും പിതാവും സിഎഫ് ജീനിന്റെ വാഹകരാണെങ്കിൽ അവർക്ക് സിഎഫ് ഉള്ള ഒരു കുട്ടിയുണ്ടാകാൻ നാലിൽ ഒന്ന് സാധ്യത ഉണ്ട്.
മൂക്കിലെ ദശ വളർച്ചയാണ് എനിക്ക് സിഎഫ് ഉണ്ടെന്നു കണ്ടുപിടിക്കാൻ ഡോക്ടർമാരെ സഹായിച്ചത്. വളരെ വിരളമായി മാത്രമേ ഈ രീതിയിൽ രോഗം കണ്ടുപിടിക്കാറുള്ളു. മൂക്കിലെ വളർച്ച കണ്ടപ്പോൾ അവർ എന്റെ വിയർപ്പിലെ ഉപ്പിന്റെ അളവ് പരിശോധിച്ചു. സിഎഫ് രോഗനിർണയത്തിന് ഏറ്റവും സാധാരണമായി നടത്തിവരുന്ന പരിശോധനയാണ് ഇത്. കുട്ടിയെ ചുംബിച്ചതിനു ശേഷം ചുണ്ടിൽ ഉപ്പുരസം അനുഭവപ്പെടുന്നതിനാൽ സാധാരണഗതിയിൽ ചർമത്തിലെ ഉപ്പിന്റെ സാന്നിധ്യം ആദ്യമായി മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ ശ്രദ്ധയിലാണു പെടുന്നത്.
മൂക്കിൽ ദശ വളരുന്നതു നിമിത്തം എനിക്കു ശ്വാസോച്ഛ്വാസം ചെയ്യാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അതുകൊണ്ട് അത് നീക്കം ചെയ്യുന്നതിനായി എല്ലാ വർഷവും തന്നെ എന്റെ സൈനസുകളിൽ ശസ്ത്രക്രിയ നടത്താറുണ്ട്. ഇത്തരം ശസ്ത്രക്രിയകൾ അസ്വാസ്ഥ്യജനകമാണ്. കൂടാതെ, അവയ്ക്കു ശേഷം വളരെ വേദന അനുഭവിക്കേണ്ടതായും വരുന്നു. രക്തസ്രാവത്തിനുള്ള സാധ്യത ഉള്ളതിനാൽ അവ അപകടകരവുമാണ്. എങ്കിലും, ഞാൻ വളരെയധികം ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട്. അവയെല്ലാം രക്തം കൂടാതെയാണു നടത്തപ്പെട്ടത്. രക്തപ്പകർച്ചകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അവയെ കുറിച്ചുള്ള വേവലാതികളുമായി ജീവിക്കേണ്ടി വരാത്തതിൽ ഞാൻ എത്ര നന്ദിയുള്ളവനാണ്!
രോഗവുമായി പൊരുത്തപ്പെടുന്നു
രോഗം നിമിത്തം എനിക്കു പല പരിമിതികളും ഉണ്ടെങ്കിലും എന്നാലാകുന്നത്ര കർമനിരതനായിരിക്കാൻ ഞാൻ ശ്രമിക്കുന്നു. 1987 ആഗസ്റ്റ് 1, എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനം ആയിരുന്നു. അന്ന് യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഞാൻ ആവികൊള്ളുന്നു. ആദ്യം വെന്റോലിൻ ലായനിയും തുടർന്ന് സലൈൻ ലായനിയുമാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് ശ്വാസകോശങ്ങളിലെ സ്രവങ്ങൾ അയഞ്ഞുകിട്ടുന്നതിനും വായുനാളികൾ തുറക്കുന്നതിനും ഇടയാക്കുന്നു. അങ്ങനെ ശ്വസനപ്രക്രിയ ഏറെക്കുറെ സുഗമമായി തീരുന്നു. ഈ ചികിത്സ ഏകദേശം 15 മിനിട്ടു സമയത്തേക്കു നീണ്ടുനിൽക്കുന്നു. ശ്വാസകോശങ്ങളിലെ സ്രവങ്ങൾ കൂടുതൽ അയഞ്ഞുകിട്ടുന്നതിനും അവയെ പുറന്തള്ളുന്നതിനുമായി പിന്നീട് 40 മിനിട്ടു മുതൽ ഒരു മണിക്കൂർ വരെ സമയത്തേക്കു ഞാൻ ഫിസിയോതെറാപ്പി ചെയ്യും. അതിനുശേഷം അണുബാധയെ ചെറുക്കുന്നതിനുള്ള ഒരു ആന്റിബയോട്ടിക്കിന്റെ കണികകൾ ശ്വാസകോശങ്ങളിൽ എത്തിക്കുന്നതിനായി ഒരു ഇൻഹെലേഷൻ ചികിത്സ നടത്തുന്നു. മുഴു ചികിത്സാ പരിപാടിയും ഉച്ചകഴിഞ്ഞും പിന്നീടു വൈകിട്ടും ആവർത്തിക്കുന്നു.
മൂന്നു നേരവുമുള്ള ഈ ചികിത്സാ നടപടികൾക്കായി ദിവസവും നാലു മണിക്കൂറോളം മാറ്റിവെക്കേണ്ടി വരുന്നു. വെറുംവയറ്റിൽ കൂടുതൽ സുഗമമായി ചികിത്സ ചെയ്യാൻ കഴിയും എന്നതിനാൽ സാധാരണ അതു കഴിഞ്ഞേ ഞാൻ ആഹാരം കഴിക്കാറുള്ളൂ. വളരെയേറെ സമയം കവർന്നെടുക്കുന്ന ഇത്തരമൊരു ദിനചര്യയാണ് എനിക്കുള്ളതെങ്കിലും ഞാൻ ക്രമമായി കാനഡയിലെ ഒൺടേറിയോയിലുള്ള ലണ്ടനിലെ ഗ്രീക്ക് സംസാരിക്കുന്ന യഹോവയുടെ സാക്ഷികളുടെ സഭയിലെ യോഗങ്ങളിൽ സംബന്ധിക്കുന്നു. യോഗദിവസങ്ങളിൽ, വൈകുന്നേരത്തെ ചികിത്സ ഞാൻ രാത്രി 10 മണിക്കാണു നടത്താറ്. യോഗങ്ങൾക്കു സംബന്ധിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ത്യാഗങ്ങൾ അതിൽ നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നുമല്ല. ശുശ്രൂഷയിൽ ക്രമമായി പങ്കുപറ്റുന്നതും വളരെ പ്രധാനപ്പെട്ട സംഗതിയായി ഞാൻ കണക്കാക്കുന്നു.
വിശ്വാസം പങ്കുവെക്കുന്നു
എന്റെ ക്രിസ്തീയ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള സവിശേഷ അവസരങ്ങൾ ആശുപത്രിയിൽ കഴിയവെ എനിക്കു ലഭിച്ചിട്ടുണ്ട്. ഒരു സന്ദർഭത്തിൽ മറ്റൊരു മുറിയിൽ കിടന്നിരുന്ന ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനുമായി സംസാരിക്കാൻ എനിക്കു സാധിച്ചു. ഞാൻ മറ്റുള്ളവരോട് ആദരവോടെ പെരുമാറുന്ന ഒരു യുവാവാണെന്നും ഗ്രീക്ക് സമൂഹത്തിലെ മറ്റു യുവാക്കൾക്കു നല്ലൊരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഗ്രീക്കു സംസാരിക്കുന്നവരുടെ ഇടയിൽ യഹോവയുടെ സാക്ഷികൾ നടത്തിയിരുന്ന പ്രസംഗവേലയ്ക്കെതിരെ അദ്ദേഹം എതിർപ്പ് ഇളക്കി വിട്ടുകൊണ്ടിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല.
പുരോഹിതനെ കാണാൻ വന്നവരെയെല്ലാം അദ്ദേഹം എന്റെ അടുത്തേക്കും പറഞ്ഞയയ്ക്കുമായിരുന്നു. ശുശ്രൂഷയിൽ പങ്കെടുക്കവെ ഈ വ്യക്തികളുടെ വീടുകൾ സന്ദർശിച്ചിരുന്ന എന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒക്കെ മുഖങ്ങൾ അവർ തിരിച്ചറിഞ്ഞു. അവരിൽ ചിലർ യഹോവയുടെ സാക്ഷികളുടെ അടുത്തേക്കു തങ്ങളെ പറഞ്ഞയച്ചത് എന്തിനാണെന്നു ചോദിക്കാൻ അതിശയത്തോടെ പുരോഹിതന്റെ അടുക്കലേക്കു മടങ്ങിപ്പോയി. ഞാൻ ഒരു സാക്ഷിയാണെന്ന് അദ്ദേഹം മനസ്സിലാക്കിയ ശേഷവും ഞങ്ങളുടെ ബൈബിൾ ചർച്ചകൾ തുടർന്നു. യഹോവ എന്ന നാമം, ത്രിത്വം, ഗ്രീസിലെ യഹോവയുടെ സാക്ഷികളുടെ രാഷ്ട്രീയ നിഷ്പക്ഷത തുടങ്ങിയ വിഷയങ്ങളെ കുറിച്ചു ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങൾ സംസാരിക്കവെ എതിർപ്പിന്റെ മതിൽക്കെട്ടുകൾ തകർന്നടിയുന്നത് എനിക്കു കാണാമായിരുന്നു.
ചർച്ച ചെയ്ത ചില ബൈബിൾ വിഷയങ്ങളെ കുറിച്ചുള്ള സത്യം അറിയാമായിരുന്നെങ്കിലും മറ്റുള്ളവരെ അതു പഠിപ്പിക്കാഞ്ഞത് ജോലി പോകുമെന്നുള്ള ഭയം നിമിത്തമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു പറഞ്ഞു. പിന്നീട് ഞാനും അനുജത്തി എസ്ഥേറും പുരോഹിതന്റെ ഭവനം സന്ദർശിച്ചപ്പോൾ അദ്ദേഹം ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചു. ആ പ്രദേശത്ത് ഞങ്ങളുടെ പ്രസംഗവേലയോട് ഉണ്ടായിരുന്ന എതിർപ്പിന് അയവു വന്നു. സത്യത്തോടുള്ള പുരോഹിതന്റെ അനുകൂലമായ പ്രതികരണത്തെ കുറിച്ചു കേട്ട അനേകരും ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ അധികം താമസിയാതെ, അദ്ദേഹത്തെ അവിടെ നിന്നു സ്ഥലം മാറ്റി.
ആശുപത്രിയിൽ കഴിയുമ്പോൾ വിശ്വാസം പങ്കുവെച്ചത് പ്രധാനപ്പെട്ട മറ്റൊരു സംഭവവികാസത്തിലേക്കു നയിച്ചു. തന്റെ വല്യപ്പനെ സന്ദർശിക്കാനെത്തിയ ജെഫ് എന്ന ചെറുപ്പക്കാരനെ ഞാൻ പരിചയപ്പെടുകയുണ്ടായി. തുടർന്നുള്ള സംഭാഷണങ്ങൾ ഒരു ബൈബിൾ അധ്യയനത്തിനു വഴിയൊരുക്കി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ജെഫ് സഭായോഗങ്ങൾക്കു ഹാജരാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സാധാരണ ഞാൻ ലണ്ടനിലെ ഒരു സഭയിലാണ് പോയിരുന്നതെങ്കിലും കുറച്ചു നാളത്തേക്ക് അടുത്തുള്ള സ്ട്രാറ്റ്ഫോർഡിലേക്കു പോകാൻ ഞാൻ തീരുമാനിച്ചു. ജെഫിനെ യോഗങ്ങൾക്കു കൊണ്ടുപോകുകയും അവനെ സഹായിക്കാൻ തക്കവണ്ണം അവന്റെ വീടിനടുത്തു താമസിക്കുന്ന ആരെയെങ്കിലും ക്രമീകരിക്കുകയും ചെയ്യുകയായിരുന്നു എന്റെ ലക്ഷ്യം.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, കുടുംബത്തിൽ നിന്നുള്ള സമ്മർദത്തിനു വഴങ്ങിയ ജെഫ് ആത്മീയ പുരോഗതി കൈവരിക്കാൻ പരാജയപ്പെട്ടു. എന്നിരുന്നാലും, സ്ട്രാറ്റ്ഫോർഡിൽ യോഗങ്ങൾക്കു ഹാജരായപ്പോൾ ഡിയാൻ സ്റ്റ്യുവാർട്ടുമായുള്ള പരിചയം പുതുക്കാൻ എനിക്കു സാധിച്ചു. ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത് ഒരു രാജ്യഹാളിന്റെ നിർമാണവേലയിൽ പങ്കെടുത്തപ്പോഴായിരുന്നു. ഞങ്ങൾ പ്രണയത്തിലാകുകയും 1996 ജൂൺ 1-നു വിവാഹിതരാകുകയും ചെയ്തു.
എന്റെ സാഹചര്യങ്ങൾക്കു മാറ്റം വരുന്നു
എന്നാൽ വിവാഹം കഴിഞ്ഞു വെറും മൂന്നു ആഴ്ചയ്ക്കു ശേഷം എനിക്കു തീരെ സുഖമില്ലാതായി. ഇതേ തുടർന്നു പല പ്രാവശ്യം എനിക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നു. അവസാനം ഞാൻ, തുടക്കത്തിൽ പരാമർശിച്ച അടിയന്തിര ഘട്ടത്തിലെത്തി. അന്നു മുതൽ ദിവസത്തിന്റെ 24 മണിക്കൂറും ഓക്സിജൻ കുഴലിനെ ആശ്രയിച്ചാണു ഞാൻ ജീവിക്കുന്നത്. പനി, രാത്രിയിലെ അമിത വിയർക്കൽ, ശ്വാസകോശാവരണമായ പ്ലൂറയെ ബാധിക്കുന്ന വീക്കം, ചുമ നിമിത്തമുള്ള ഉറക്കമിളപ്പ്, സന്ധികളിലും കാലിലും നെഞ്ചിലുമുള്ള വേദന എന്നിവയുമായി എനിക്കു പൊരുത്തപ്പെടേണ്ടതുണ്ട്. ചിലപ്പോൾ ഞാൻ ചുമച്ചു രക്തം തുപ്പാറുണ്ട്. ഇതു ഭയജനകമാണ്, എന്തെന്നാൽ നിൽക്കാതെ തുടരുകയാണെങ്കിൽ പെട്ടെന്നുള്ള മരണത്തിന് ഇടയാക്കാൻ ഇതിനു കഴിയും.
ഇപ്പോൾ, എന്റെ സുഹൃത്തും സഹായിയുമായ പ്രിയ ഭാര്യയോടൊപ്പം ഞാൻ, ഡോക്ടർമാർക്കും ഫിസിയോതെറാപ്പി വിദഗ്ധർക്കും രോഗികൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ വെച്ചും അവർ വീട്ടിൽ വരുമ്പോഴും സാക്ഷ്യം നൽകുന്നു. എന്റെ ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടുളവാക്കുന്നവയാണ്. എങ്കിലും, അവയെല്ലാം യഹോവയുടെ നാമത്തെ പ്രകീർത്തിക്കാനുള്ള അവസരങ്ങളായി ഞങ്ങൾ കണക്കാക്കുന്നു.
പിടിച്ചു നിൽക്കാൻ ഇപ്പോൾ എന്നെ സഹായിക്കുന്ന ഘടകങ്ങൾ
ഇപ്പോൾ എന്റെ സാഹചര്യത്തിനു മാറ്റം വന്നെങ്കിലും, ഒരു പ്രത്യേക ടെലിഫോൺ കണക്ഷനിലൂടെ എനിക്കും ഡിയാനിനും സഭായോഗ പരിപാടികൾ ശ്രദ്ധിക്കാനും അവയിൽ പങ്കെടുക്കാനും സാധിക്കുന്നുണ്ട്. സ്നേഹപൂർവകമായ ഈ കരുതൽ മൂലം ഞങ്ങൾക്കു വളരെയധികം പ്രോത്സാഹനം ലഭിക്കുന്നു. ഒട്ടുമിക്കപ്പോഴും ഞങ്ങൾക്കു യോഗസ്ഥലത്ത് എത്തിച്ചേരാൻ സാധിക്കുന്നില്ലെങ്കിലും ഞങ്ങൾ ഇപ്പോഴും സഭയുടെ സജീവ ഭാഗമാണെന്ന തോന്നൽ അത് ഞങ്ങളിൽ ജനിപ്പിക്കുന്നു.
ഞങ്ങളുടെ ശുശ്രൂഷയിൽ ആളുകളെ ടെലിഫോണിൽ വിളിച്ച് അവരുമായി ഞങ്ങളുടെ ബൈബിൾ അധിഷ്ഠിത പ്രത്യാശ പങ്കുവെക്കുന്നത് ഉൾപ്പെടുന്നു. ഫോണിലൂടെ ഞങ്ങൾ ബൈബിൾ അധ്യയനങ്ങളും നടത്തുന്നുണ്ട്. യഹോവയെ കുറിച്ചും നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിൽ വിശ്വസ്ത മനുഷ്യവർഗത്തിനായി അവൻ ഒരുക്കുന്ന അത്ഭുതകരമായ കരുതലുകളെ കുറിച്ചും അപരിചിതരുമായി സംസാരിക്കുന്നത് ഞങ്ങൾക്കു വളരെയധികം സന്തോഷം കൈവരുത്തുന്നു.
എന്റെ മാതാപിതാക്കളുടെ പിന്തുണ എനിക്കു ശക്തിയും പ്രോത്സാഹനവും ആശ്വാസവും പ്രദാനം ചെയ്തിരിക്കുന്നു. എന്റെ രോഗം സഹിതം എന്നെ സ്വീകരിച്ചിരിക്കുന്ന ഡിയാനിനെ തന്ന് അനുഗ്രഹിച്ചിരിക്കുന്നതിനു ഞാൻ യഹോവയോടു വിശേഷാൽ കടപ്പെട്ടിരിക്കുന്നു. സഹിച്ചു നിൽക്കുന്നതിന് അവൾ എന്നെ വളരെയധികം സഹായിക്കുന്നു.
രോഗത്തിന്റെ അവസാന ഘട്ടങ്ങളിലേക്കു കടക്കവെ എന്റെ ഭാവിപ്രത്യാശയെ കുറിച്ചു ധ്യാനിക്കുന്നത് പിടിച്ചു നിൽക്കാനുള്ള ശക്തി നൽകുന്നു. ദിവസവും ഒത്തൊരുമിച്ചു ബൈബിൾ വായിക്കുന്നത് എനിക്കും ഡിയാനിനും വലിയ ആശ്വാസം പ്രദാനം ചെയ്യുന്നു. സമീപ ഭാവിയിൽ ഞാൻ പൂർണ ആരോഗ്യം പ്രാപിക്കുമെന്ന് എനിക്കറിയാം. അപ്പോൾ ഒന്നു ശ്വസിക്കുന്നതിനായി ദിവസവും ഇത്രയേറെ ചികിത്സകൾ നടത്തേണ്ടി വരില്ല. വാഗ്ദത്ത പറുദീസയിൽ ആരോഗ്യമുള്ള ശ്വാസകോശങ്ങൾ കിട്ടുമ്പോൾ വിശാലമായ ഒരു വയലിലൂടെ ഓടുന്നത് ഞാൻ ഭാവനയിൽ കാണാറുണ്ട്. അതു മാത്രം മതി എനിക്ക്—എന്റെ ശ്വാസകോശത്തിന്റെ ക്ഷമത ഒന്നു പരിശോധിച്ചറിയുന്നതിനായി അൽപ്പം സമയം വിശാലമായ ഒരു വയലിലൂടെ ഓടാൻ കഴിയുക.
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലെ അനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് ഓരോ ദിവസത്തെയും നേരിടാൻ എന്നെ സഹായിക്കുന്നു. സദൃശവാക്യങ്ങൾ 24:10 പറയുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” എന്നാൽ എന്റെ ബലം നഷ്ടമാകുന്നതായി എനിക്കു തോന്നുന്നില്ല. മറിച്ച് യഹോവ സാധാരണയിൽ കവിഞ്ഞ ശക്തി തന്ന് എന്നെ സഹായിക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. (2 കൊരിന്ത്യർ 4:7) ഇത് അവന്റെ നാമത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് സാക്ഷീകരിക്കാനും അവൻ എന്ത് അനുവദിച്ചാലും—ഈ വ്യവസ്ഥിതി അർമഗെദോനിൽ നശിപ്പിക്കപ്പെടുമ്പോൾ അതിനെ അതിജീവിക്കുക, അല്ലെങ്കിൽ ഇപ്പോൾ മരിച്ചിട്ട് പുതിയ ലോകത്തിലേക്കു പുനരുത്ഥാനം പ്രാപിക്കുക—അതിനെ സന്തോഷത്തോടെ നേരിടാനും എന്നെ സഹായിക്കുന്നു.—1 യോഹന്നാൻ 2:17; വെളിപ്പാടു 16:14-16; 21:3-5.
[13-ാം പേജിലെ ചിത്രങ്ങൾ]
എനിക്കു വളരെയേറെ പിന്തുണ പ്രദാനം ചെയ്യുന്ന ഭാര്യ ഡിയാനുമൊത്ത്