ചുറ്റിച്ചുഴലും വഴികളും ദിക്കടപ്പൻ വഴികളും—ഇത്രയേറെ കൗതുകകരമായിരിക്കുന്നത് എന്തുകൊണ്ട്?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ചുറ്റിച്ചുഴലും വഴികൾ” [“ലാബിറിന്ത്”], “ദിക്കടപ്പൻ വഴികൾ” [“മെയ്സ്സ്”] എന്നിവ—കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലും മറ്റും കാണുന്ന ‘വഴികാണിച്ചു കൊടുക്കുക’ എന്ന പംക്തിയിൽ കാണുന്നതിനോടു സമാനമായവ—മാറി മാറി ഉപയോഗിക്കാവുന്ന പദപ്രയോഗങ്ങളാണെങ്കിലും ഇവയുടെ ഘടനയിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിന്റെ കാര്യത്തിൽ, അതിനുള്ളിലെ വളഞ്ഞുപുളഞ്ഞു കാണപ്പെടുന്ന വഴി കൊണ്ടുചെന്നെത്തിക്കുന്നത് കേന്ദ്രഭാഗത്താണ്. എന്നാൽ രണ്ടാമത്തേതിനെ സംബന്ധിച്ചിടത്തോളം, ഉള്ളിലെ വളഞ്ഞുപുളഞ്ഞ വഴികളിൽ ഒരെണ്ണത്തിലൂടെ ഒഴികെ ബാക്കി ഏതിലൂടെ കടന്നുചെന്നാലും അത് അടഞ്ഞിരിക്കുന്നതായി കണ്ടെത്തിയേക്കാം. അതിലെ ശരിയായ വഴി കണ്ടുപിടിക്കുന്ന പക്ഷം സാധാരണഗതിയിൽ അതു മറ്റൊരു വശത്തുകൂടെ നമ്മെ വെളിയിൽ കൊണ്ടുചെന്നെത്തിക്കും.
ഉള്ളിൽ പ്രവേശിക്കുന്നവരെ ഭയപ്പെടുത്താനും കുഴപ്പിക്കാനും ഹതാശരാക്കാനും ഇത്തരം വഴികൾക്കു കഴിയും. എന്നാൽ, പുരാതന കാലത്തെ ചുറ്റിച്ചുഴലും വഴികൾ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ പുരാണങ്ങളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, ക്രൈസ്തവലോകത്തിലെ പള്ളികൾ പണിതവർ എന്തിനാണ് ഇത്തരം വഴികൾ അവരുടെ ആരാധനാലയങ്ങളിൽ ഉൾപ്പെടുത്തിയത്? ഉത്തരം കൗതുകജനകമാണ്.
പുരാതന ഈജിപ്തുകാരുടെ നിർമാണ സംരംഭങ്ങളിൽ ഏറ്റവും മികച്ചത് ഏതായിരുന്നു? പിരമിഡുകൾ ആയിരുന്നു എന്ന പൊതുവിലുള്ള ധാരണ ശരിയല്ല എന്നാണു ചില എഴുത്തുകാരുടെ അഭിപ്രായം. മറിച്ച്, അത് അവിടത്തെ ലാബിറിന്ത് എന്ന അതിഗംഭീര കെട്ടിടം ആയിരുന്നത്രേ. ആധുനിക കെയ്റോ നഗരത്തിന് 80 കിലോമീറ്റർ തെക്കായി, നൈൽ നദിയുടെ പടിഞ്ഞാറു ഭാഗത്തുള്ള മിറിസ് തടാകത്തിന്—ഇന്ന് ഈ തടാകം അറിയപ്പെടുന്നത് കാറുൻ എന്ന പേരിലാണ്—സമീപം ആയിരുന്നു അതിന്റെ സ്ഥാനം.
പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് ഇങ്ങനെ എഴുതുകയുണ്ടായി: “ഞാൻ ഈ സ്ഥലം [ലാബിറിന്ത്] സന്ദർശിച്ചു. അതിനെ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല എന്നെനിക്കു മനസ്സിലായി. ഗ്രീക്കുകാർ പണിതുയർത്തിയ എല്ലാ മതിലുകളും അവരുടെ മഹത്തായ മറ്റെല്ലാ നിർമിതികളും ഒരുമിച്ചെടുത്താലും, അത് അധ്വാനത്തിന്റെയോ പണച്ചെലവിന്റെയോ കാര്യത്തിൽ ലാബിറിന്തിനോടു കിടപിടിക്കില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ലാബിറിന്ത് പിരമിഡുകളെ കടത്തിവെട്ടുന്നു.” നാലു നൂറ്റാണ്ടിനു ശേഷം, മറ്റൊരു ഗ്രീക്കു ചരിത്രകാരനായ സ്ട്രേബോ പറഞ്ഞത് ലാബിറിന്തും “പിരമിഡുകളും ഒപ്പത്തിനൊപ്പം നിൽക്കും” എന്നാണ്. ആ സമയം ആയപ്പോഴേക്കും അതു വളരെയധികം ജീർണിച്ച അവസ്ഥയിലായിരുന്നിട്ടും അദ്ദേഹം അങ്ങനെ പറഞ്ഞു എന്നതു ശ്രദ്ധേയമാണ്.
1871-ൽ ചരിത്രകാരനായ എഫ്. ബാർഹാം സിങ്കെ ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. 1888-ൽ പുരാവസ്തു ശാസ്ത്രജ്ഞനായ ഫ്ളിൻഡേഴ്സ് പിട്രി, ലാബിറിന്ത് സ്ഥിതിചെയ്തിരുന്ന സ്ഥാനം തിരിച്ചറിയുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ലാബിറിന്തിന്റെ ശകലങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ വഴികാട്ടി പുസ്തകങ്ങളിൽ അതിനെ കുറിച്ചു നാമമാത്രമായ പരാമർശനങ്ങളേ ഉള്ളൂ. എന്നിരുന്നാലും, ഒരു സമയത്ത് ലാബിറിന്ത് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ വിളങ്ങിനിന്നിരുന്നു. അതു കാഴ്ചയ്ക്ക് എങ്ങനെയാണിരുന്നിരുന്നത്? അതു നിർമിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
ലാബിറിന്ത്—വിവരണവും ഉദ്ദേശ്യവും
ലാബിറിന്തിന് ഈജിപ്ഷ്യൻ ചരിത്രത്തിന്റെ ആരംഭദശയോളം തന്നെ പഴക്കമുണ്ട്. സാധ്യതയനുസരിച്ച്, എബ്രായർ അവിടെ താമസമാക്കുന്നതിനു മുമ്പുതന്നെ അതു നിർമിക്കപ്പെട്ടിരുന്നു. (ഉല്പത്തി 46:1-27) രണ്ടു നിലകളിലായി മൊത്തം 3,000 മുറികൾ ഇതിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. താഴത്തെയും മുകളിലത്തെയും മുറികളുടെ എണ്ണം തുല്യമായിരുന്നു. നിലകളിൽ ഒന്ന് തറനിരപ്പിനു താഴെയായിരുന്നു. ചുറ്റിച്ചുഴലും വഴികളോടു കൂടിയ ഈ കെട്ടിടത്തിന് മൊത്തം ഏതാണ്ട് 70,000 ചതുരശ്ര മീറ്റർ വിസ്തൃതി ആണ് ഉണ്ടായിരുന്നത്.
ഇടനാഴികൾ, നടുമുറ്റങ്ങൾ, മുറികൾ, സമദൂര സ്തംഭങ്ങൾ എന്നിവ നിറഞ്ഞ അതിന്റെ അത്യന്തം സങ്കീർണമായ ഘടന അങ്ങേയറ്റം കുഴപ്പിക്കുന്നതും അന്ധാളിപ്പിക്കുന്നതും ആയിരുന്നതിനാൽ, മുൻപരിചയമില്ലാത്ത ഒരു വ്യക്തിക്ക് ഒരു വഴികാട്ടിയുടെ സഹായമില്ലാതെ അകത്തേക്കുള്ള ശരിയായ വഴികൾ കണ്ടുപിടിക്കാനോ പുറത്തിറങ്ങാനോ കഴിയുമായിരുന്നില്ല. അതിന്റെ അധിക ഭാഗവും അന്ധകാരത്തിൽ ആണ്ടുകിടന്നിരുന്നു. ചില വാതിലുകൾ തുറക്കുമ്പോൾ ഇടിമുഴക്കം പോലുള്ള ഭയാനകമായ ശബ്ദം ഉണ്ടാകുമായിരുന്നതായി പറയപ്പെടുന്നു. ലോകശക്തി എന്ന നിലയിൽ നിന്നുള്ള ഈജിപ്തിന്റെ പതനത്തിനു ശേഷം, അതിലെ ചെമന്ന ഗ്രാനൈറ്റിൽ തീർത്ത ഗംഭീരമായ തൂണുകളും ഭീമാകാരങ്ങളായ ശിലാഫലകങ്ങളും നന്നായി മിനുസപ്പെടുത്തിയ ചുണ്ണാമ്പുകല്ലുകളുമെല്ലാം കൊള്ളയടിക്കപ്പെട്ടു. അവ പിന്നീട് മറ്റു പലസ്ഥലങ്ങളിലും കൊണ്ടുപോയി ഉപയോഗിക്കുകയുണ്ടായി.
ലാബിറിന്ത്, ഈജിപ്തിലെ രാജാക്കന്മാരുടെ ഭരണനിർവഹണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നുവെന്നു പറയപ്പെടുന്നെങ്കിലും, അതിന്റെ യഥാർഥ ധർമം മതപരമായിരുന്നു. ഈജിപ്തിലെ എല്ലാ ദൈവങ്ങൾക്കും ബലി അർപ്പിച്ചിരുന്ന ഒരു ദേവാലയ സമുച്ചയമായിരുന്നു അത്. സന്ദർശകർക്കു തറ നിരപ്പിനു താഴെയുള്ള മുറികൾ കാണാൻ അനുവാദമുണ്ടായിരുന്നില്ല. അവയിൽ രാജാക്കന്മാരുടെയും ഈജിപ്തുകാർ ദൈവമായി വീക്ഷിച്ചിരുന്ന മുതലകളുടെയും ശവകുടീരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.
ഈ കെട്ടിടത്തിന്റെ പൗരാണിക പ്രാധാന്യം ഏറ്റവും നന്നായി മനസ്സിലാക്കുന്നതിന് ഒസീരിസ് എന്ന ഈജിപ്ഷ്യൻ ദേവനോടുള്ള ബന്ധത്തിൽ നടത്തിവന്നിരുന്ന മതപരമായ അനുഷ്ഠാനങ്ങൾ പരിചിന്തിക്കുക. ഒസീരിസ് ഒരു സമയത്ത് ഈജിപ്തിലെ രാജാവായിരുന്നതായി അവിടത്തുകാർ വിശ്വസിച്ചിരുന്നു. മരിച്ചവരുടെ അല്ലെങ്കിൽ പാതാളത്തിന്റെ ദൈവമായിട്ടായിരുന്നു ഈജിപ്തുകാർ ഒസീരിസിനെ കരുതിപ്പോന്നിരുന്നത്.
പുരാണവും അമർത്യതയും
ഈജിപ്തിൽ വർഷം തോറും നടത്തുമായിരുന്ന ‘മിസ്റ്ററി ഡ്രാമ’യിൽ, ഒസീരിസിന്റെ മരണം പുനരാവിഷ്കരിക്കുമായിരുന്നു. കരച്ചിലിനും നിലവിളിക്കും മധ്യേ, ഈജിപ്തുകാർ വിശുദ്ധമായി വീക്ഷിച്ചിരുന്ന എപിസ് എന്ന കാളയെ ഒസീരിസിനു പകരം ആചാരപരമായി അറുക്കുമായിരുന്നു. എന്നാൽ കാർമികത്വം വഹിക്കുന്ന പുരോഹിതൻ, ഒസീരിസ് ഉയിർത്തെഴുന്നേറ്റുവെന്ന സന്തോഷവാർത്ത പ്രഖ്യാപിക്കുമ്പോൾ ഈ വിലാപം ആനന്ദത്തിനു വഴിമാറും. നിഗൂഢത നിഴലിച്ചിരുന്ന ഈ സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതത്തെ സംബന്ധിച്ച ഈജിപ്തുകാരുടെ സകല പ്രത്യാശയും നിലനിന്നിരുന്നത്. മരണത്തിൽ രാജാവു മാത്രമല്ല, എല്ലാവരും ഒസീരിസിനെ പോലെ ആയിത്തീരും എന്നവർ വിശ്വസിച്ചിരുന്നു.
പ്രൊഫസർ എസ്. എച്ച്. ഹുക്ക് എഡിറ്റ് ചെയ്ത ദ ലാബിറിന്ത് എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ദേവാംശസംഭൂതനായ രാജാവിന്റെ ജീവന് ഭീഷണിയായിരുന്ന ശക്തികൾ ഇഹലോകത്തും പരലോകത്തും ഉണ്ടായിരുന്നു എന്നാണ് ഒസീരിസിനെ ചുറ്റിപ്പറ്റിയുള്ള ഈജിപ്തിലെ പഴംപുരാണങ്ങൾ സൂചിപ്പിക്കുന്നത്.” അതുകൊണ്ട്, ചുറ്റിച്ചുഴലും വഴികളുണ്ടായിരുന്ന ലാബിറിന്ത്, ദേവാംശസംഭൂതനായ രാജാവിനെ ഇഹലോകത്തിലെയും പരലോകത്തിലെയും ശത്രുക്കളിൽ നിന്ന്, എന്തിനേറെ പറയുന്നു, മരണത്തിൽ നിന്നു പോലും, സംരക്ഷിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.
കാലക്രമത്തിൽ, അമർത്യ ജീവൻ സംബന്ധിച്ച വിശ്വാസം പുരാതന ഈജിപ്തിലും പുരാതന ലോകത്തെല്ലായിടത്തും രൂഢമൂലമായിത്തീർന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ആത്മാവിന്റെ അമർത്യത സംബന്ധിച്ച പഠിപ്പിക്കൽ വികാസം പ്രാപിച്ചപ്പോൾ, അതു രാജാക്കന്മാർ മാത്രമല്ല, മുഴുമനുഷ്യവർഗവും സർവാത്മനാ സ്വീകരിക്കുന്നതിന് ഒട്ടും താമസമുണ്ടായില്ല.
ക്രേത്തയിലേത്
ഈജിപ്തിൽ, ചുറ്റിച്ചുഴലുന്ന വഴികളോടു കൂടിയ കെട്ടിടം നിർമിക്കപ്പെട്ട് ഏതാനും വർഷങ്ങൾക്കു ശേഷം ക്രേത്ത ദ്വീപിലെ നോസസിലും അതുപോലെ ഒരെണ്ണം പണിയപ്പെട്ടതായി ആളുകൾ വിശ്വസിക്കുന്നു. ഇന്നും അതിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും രേഖകൾ സൂചിപ്പിക്കുന്നത് അതു മാതൃകയിൽ ഈജിപ്തിലേതിനോടു സമാനമായിരുന്നെങ്കിലും അതിനെക്കാൾ വളരെ ചെറുതായിരുന്നു എന്നാണ്.a “ലാബിറിന്ത്” എന്ന ഇംഗ്ലീഷ് വാക്കിന് ഒരുപക്ഷേ ലാബ്രിസ്—വിശുദ്ധ കാളയുടെ രണ്ടു കൊമ്പുകളെ പ്രതിനിധീകരിക്കുന്ന ഇരുതലയുള്ള ഒരു കോടാലി—എന്ന വാക്കുമായി ബന്ധമുണ്ടായിരിക്കാം. പുരാണങ്ങൾ ആഴമായി സ്വാധീനം ചെലുത്തിയ മിനോവൻ (ക്രേത്തരുടെ) ആരാധനയിൽ ഈ കാളയ്ക്ക് ഒരു മുഖ്യ സ്ഥാനമുണ്ടായിരുന്നു.
ചുറ്റിച്ചുഴലും വഴികളോടു കൂടി ക്രേത്തയിൽ നിർമിച്ച കെട്ടിടം പുരാണങ്ങളിൽ ഖ്യാതി നേടി. കാരണം കാളത്തലയോടുകൂടിയ മിനോട്ടോർ എന്ന ഒരു പൗരാണിക മനുഷ്യൻ അവിടെ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു. ഈ ജീവിക്കു ജന്മം നൽകിയത് ക്രേത്തയിലെ രാജാവായ മിനോസിന്റെ പത്നിയായിരുന്ന പാസിഫയിയായിരുന്നു എന്നു പറയപ്പെടുന്നു. അങ്ങനെയാണ് അതിന് “മിനോസിന്റെ കാള” എന്നർഥം വരുന്ന മിനോട്ടോർ എന്ന പേരു കിട്ടിയതു പോലും. പുരാണം പറയുന്നതനുസരിച്ച്, ഏഥൻസ് നഗരം ക്രേത്തയുമായുള്ള ഒരു യുദ്ധത്തിൽ പരാജയമടയുകയും അവിടത്തുകാർ ഓരോ ഒമ്പതു വർഷത്തിലും 14 യുവജനങ്ങളെ—7 ആൺകുട്ടികളെയും 7 പെൺകുട്ടികളെയും—മിനോട്ടോറിന് ബലിയായി നൽകാൻ നിർബന്ധിതരാകുകയും ചെയ്തിരുന്നു. അവരെ ഈ കെട്ടിടത്തിനുള്ളിലേക്കു വിടും. അവിടെ വഴിതെറ്റി അലഞ്ഞുതിരിയുന്ന അവരെ അവസാനം മിനോട്ടോർ പിടിച്ചുവിഴുങ്ങും എന്നായിരുന്നു വിശ്വാസം.
എന്നിരുന്നാലും കാലക്രമത്തിൽ, തെസ്യൂസ് എന്ന ഒരു യുവാവ്, പുരാണങ്ങളിലെ ഈ ഭീകരരൂപിയെ വകവരുത്തുക എന്ന വെല്ലുവിളിപരമായ ദൗത്യം ഏറ്റെടുത്ത് ആ കെട്ടിടത്തിനുള്ളിൽ കടന്നു. തന്റെ വാൾ ഉപയോഗിച്ച് തെസ്യൂസ് മിനോട്ടോറിനെ കൊന്നുവെന്നു പറയപ്പെടുന്നു. ഇറങ്ങിപ്പോകുന്നതിനുള്ള വഴി മനസ്സിലാക്കാൻ വേണ്ടി കെട്ടിടത്തിന്റെ പ്രവേശനമാർഗം മുതൽ തെസ്യൂസ് ഒരു സ്വർണനൂൽ ഇട്ടിരുന്നു. മിനോട്ടോറിനെ കൊന്ന ശേഷം ആ സ്വർണനൂൽ നോക്കി വഴി കണ്ടുപിടിച്ച് അദ്ദേഹം പുറത്തുകടന്നു. ആ നൂൽ അദ്ദേഹത്തിനു നൽകിയത് മിനോസ് രാജാവിന്റെ പുത്രിയായ ആരിയാഡ്നി ആയിരുന്നു.
ക്രേത്തയിലെ കെട്ടിടത്തിന്റെ ഒരു സാങ്കൽപ്പിക മാതൃക ഉണ്ടാക്കിയ മൈക്കൽ ആർട്ടൺ ഇപ്രകാരം വിശദീകരിക്കുകയുണ്ടായി: “ഓരോ മനുഷ്യന്റെയും ജീവിതം ഒരു ലാബിറിന്താണ്. അതിന്റെ കേന്ദ്രഭാഗത്താണ് അയാളുടെ മരണം പതിയിരിക്കുന്നത്. എന്നാൽ മരണത്തിനു ശേഷം പോലും അസ്തിത്വത്തിൽ നിന്ന് ഇല്ലാതാകുന്നതിനു മുമ്പ് ഒരു മെയ്സ്സിലൂടെ അയാൾ ഒരിക്കൽക്കൂടി കടന്നുപോകുന്നുണ്ടാകാം.” ഈ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ, ആ കെട്ടിടത്തിൽ നിന്നുള്ള പുരാണങ്ങളിലെ തെസ്യൂസിന്റെ രക്ഷപ്പെടൽ, അവന്റെ പുനർജന്മത്തെ, മരണത്തിൽ നിന്നുള്ള രക്ഷപ്പെടലിനെ ആണു പ്രതീകപ്പെടുത്തിയത്. മാനുഷ അമർത്യതയെ കുറിച്ചുള്ള പഠിപ്പിക്കലാണ് ഇവിടെയും വ്യക്തമാകുന്നത്.
ഗ്രീസും റോമും
പുരാതന ക്രേത്തയിൽ ഉണ്ടായിരുന്ന ആ കെട്ടിടത്തിന്റെ മാതൃക നോസസിൽ നിന്നു കണ്ടെടുക്കപ്പെട്ട നാണയങ്ങളിൽ കാണാവുന്നതാണ്. ഗ്രീക്കുകാരും റോമാക്കാരും ഈ മാതൃക അനുകരിക്കാൻ അധികം താമസമുണ്ടായില്ല. സേമോസ് എന്ന മെഡിറ്ററേനിയൻ ദ്വീപിലും ലെമ്നോസ് എന്ന ദ്വീപിലും ഉണ്ടായിരുന്ന ഇത്തരത്തിലുള്ള രണ്ടു കെട്ടിടങ്ങളെ കുറിച്ചു പ്ലിനി പരാമർശിക്കുന്നുണ്ട്. ലെമ്നോസിലെ കെട്ടിടം അതിലുണ്ടായിരുന്ന 150 സ്തംഭങ്ങളുടെ മനോഹാരിതയ്ക്കു പുകഴ്പെറ്റതായിരുന്നു. തന്നെക്കാൾ മുമ്പു ജീവിച്ചിരുന്ന വാറോ എന്ന എഴുത്തുകാരൻ പരാമർശിച്ച, സങ്കീർണമായ വിധത്തിൽ പണിതിരുന്ന ഇട്രുറിയയിലെ ഒരു ശവകുടീരത്തെ കുറിച്ചും പ്ലിനി സൂചിപ്പിക്കുന്നുണ്ട്. അതിൽ ഒരു ഭൂഗർഭ ലാബിറിന്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഇതിനു പക്ഷേ, മതിയായ തെളിവുകൾ ഇല്ല.
പോംപൈ നഗരത്തിൽ—പൊ.യു. 79-ൽ വെസൂവിയസ് പർവതം പൊട്ടിത്തെറിച്ചപ്പോൾ ഈ നഗരം നശിപ്പിക്കപ്പെട്ടു—ചുരുങ്ങിയ പക്ഷം മോടിയുള്ള രണ്ടു ലാബിറിന്തുകൾ എങ്കിലും ഉണ്ടായിരുന്നു. അതിൽ ഒന്നായ ഹൗസ് ഓഫ് ദ ലാബിറിന്ത്, തെസ്യൂസും മിനോട്ടോറും തമ്മിലുള്ള പോരാട്ടത്തെ ചിത്രീകരിക്കുന്ന, അനന്യസാധാരണമായ ഒരു മൊസൈക് തറയ്ക്കു പേരുകേട്ടതാണ്. എഴുത്തുകാരനായ മാഴ്സെൽ ബ്രിയോൺ വാദിക്കുന്നത് ഇത് “മനുഷ്യ ജീവിതത്തെയും അമർത്യത എന്ന അനുഗൃഹീതമായ അവസ്ഥ പ്രാപിക്കുന്നതിനു മുമ്പ് ഇഹലോകത്തിലും പരലോകത്തിലും ആത്മാവിനു നടത്തേണ്ടിവരുന്ന ദുഷ്കരമായ യാത്രകളെയും ആണു പ്രതിനിധാനം ചെയ്യുന്നത്” എന്നാണ്.
തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലുമൊക്കെ ഉണ്ടാക്കിയിരുന്ന, ലാബിറിന്തുകളുടെ മാതൃകകൾക്കുള്ളിൽ കളിക്കുക പുരാതന റോമൻ ലോകത്തിലെ കുട്ടികളുടെ പതിവായിരുന്നു. കുഴിച്ചെടുക്കപ്പെട്ട റോമൻ ഗ്രാമീണ വസതികളിലെയും നഗര കെട്ടിടങ്ങളിലെയും മൊസൈക് തറകളിലെ ലാബിറിന്ത് മാതൃകകളുടെ ധാരാളം അവശിഷ്ടങ്ങൾ ഇന്നു യൂറോപ്പിൽ ഉടനീളം ഉണ്ട്. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട പൗരാണിക ആശയങ്ങൾ പെട്ടെന്നുതന്നെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.
അനേകം രാജ്യങ്ങളിലേക്ക്
മൈസൂറിലെ ഹലേബിഡ് ക്ഷേത്രത്തിന്റെ ചിത്രപ്പണികൾ ചെയ്ത ചുവരിന്റെ ഒരു ഭാഗത്ത് ലാബിറിന്തിന്റെ ഒരു മാതൃകയുണ്ട്. പൊ.യു. ഏകദേശം 13-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട അതിൽ ചിത്രീകരിച്ചിരിക്കുന്നത് മഹാഭാരതത്തിലെ ഒരു സംഭവശകലമാണ്.
ദുഷ്ടാത്മാക്കൾക്കു നേർരേഖയിൽ മാത്രമേ പറക്കാൻ കഴിയൂ എന്നായിരുന്നു ചൈനക്കാരുടെ വിശ്വാസം. അതുകൊണ്ട്, വീടുകൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവയെ അകറ്റിനിറുത്തുന്നതിന് അവർ ലളിതമായ ലാബിറിന്തുകളുടെ മാതൃകയിലുള്ള പ്രവേശനമാർഗങ്ങൾ പണിതിരുന്നു.
സ്കാൻഡിനേവിയയിൽ, ബാൾട്ടിക് കടലിന്റെ തീരങ്ങളിൽ, 600-ലധികം ശിലാനിർമിത ലാബിറിന്തുകൾ ഉണ്ട്. അവയിൽ അനേകവും നിർമിച്ചത് അവിടത്തെ മുക്കുവരായിരുന്നു എന്നു പറയപ്പെടുന്നു. അവയ്ക്കുള്ളിൽ കൂടി നടന്നാൽ വല നിറയെ മത്സ്യം കിട്ടുമെന്നും ആപത്തൊന്നും പിണയാതെ മടങ്ങിയെത്താൻ കഴിയുമെന്നും ഉള്ള അന്ധവിശ്വാസം അവർക്കുണ്ടായിരുന്നു.
സെന്റ് ആഗ്നസിൽ—ഇംഗ്ലണ്ടിലെ കോൺവോളിന്റെ തെക്കുപടിഞ്ഞാറൻ തീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ദ്വീപാണിത്—ഒരു മെയ്സ്സുണ്ട്. നേരത്തെ ഉണ്ടായിരുന്നതിന്റെ അതേ സ്ഥാനത്ത് ഒരു പ്രകാശഗോപുര സൂക്ഷിപ്പുകാരൻ 1726-ൽ പുതുക്കിപ്പണിതതാണ് ഇത്.
എന്നാൽ, ഇത്തരം വഴികൾ ക്രൈസ്തവലോകത്തിലെ പള്ളികളിൽ സ്ഥാനം പിടിച്ചിരിക്കുന്നു എന്നതാണ് അനേകരിലും വിശേഷാൽ താത്പര്യം ഉണർത്തുന്ന സംഗതി. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
ചുറ്റിച്ചുഴലും വഴികളും ദിക്കടപ്പൻ വഴികളും ക്രൈസ്തവലോകത്തിൽ
ക്രൈസ്തവലോകത്തിലെ ആരാധനാലയങ്ങളിൽ കാണപ്പെടുന്നവയിൽ ശ്രദ്ധേയമായ ഒന്നാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലുള്ള സെന്റ് മേരി റെഡ്ക്ലിഫ് പള്ളിയുടെ മേൽക്കൂരയിൽ ഉള്ളത്. തടിയിൽ കൊത്തിയുണ്ടാക്കിയ വൃത്താകൃതിയിലുള്ള ഈ അലങ്കാരപ്പണി ചുറ്റിച്ചുഴലും വഴികളിൽ ഏറ്റവും ചെറിയവയുടെ ഗണത്തിൽ പെടുന്ന ഒന്നാണ്. 15-ാം നൂറ്റാണ്ടിൽ പണിത, വെറും 20 സെന്റിമീറ്റർ വ്യാസമുള്ള ഇതിൽ, സ്വർണനിറത്തിലും കറുപ്പുനിറത്തിലുമുള്ള ചായമാണു പൂശിയിരിക്കുന്നത്. ചുറ്റിച്ചുഴലും വഴികളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചത്, ഫ്രാൻസിലെ ഷാർട്രെ കത്തീഡ്രലിൽ ഉള്ളതാണ്. 1235-ൽ, വെള്ളക്കല്ലുകളും നീലക്കല്ലുകളും ഉപയോഗിച്ചു പണിത അതിനു 10 മീറ്റർ വ്യാസമുണ്ട്.
ഫ്രാൻസിലും ഇറ്റലിയിലും മധ്യകാലഘട്ടത്തിൽ പണിത മറ്റു കത്തീഡ്രലുകളുടെയും പള്ളികളുടെയും തറയിൽ വലിയ ദിക്കടപ്പൻ വഴികളുടെ മാതൃകകൾ ഉണ്ടാക്കിയിരുന്നു. ആംയാൻ, ബൈയൂ, ഓർലിയൻസ്, റാവെന, ടുലൂസ് എന്നിവിടങ്ങളിലെ പള്ളികളിലും കത്തീഡ്രലുകളിലും ഉള്ളവ ഇതിന് ഉദാഹരണങ്ങളാണ്. റെയിംസിലുള്ളത് 200 വർഷം മുമ്പ് നശിപ്പിക്കപ്പെട്ടു. മിർപ്വാ കത്തീഡ്രലിൽ ഉള്ള ഇത്തരം നിർമിതിയുടെ പ്രത്യേകത അതിന്റെ കേന്ദ്രഭാഗത്ത് ഒരു മിനോട്ടോർ ഉണ്ട് എന്നതാണ്.
ക്രൈസ്തവലോകത്തിലെ ആരാധനാലയങ്ങളിൽ, ചുറ്റിച്ചുഴലും വഴികൾ ഉൾപ്പെടുത്തിയതിനെ കുറിച്ച് ഒരു പ്രമാണഗ്രന്ഥം ഇപ്രകാരം പറയുന്നു: “പുറജാതീയ ഉത്ഭവമുള്ള ചുറ്റിച്ചുഴലും വഴികൾ ക്രൈസ്തവ ലോകത്തിലേക്കു കടന്നുവരാൻ വഴിയൊരുക്കിയത് മധ്യകാലഘട്ടത്തിലെ ക്രിസ്തീയ സഭയാണ്. അതിന്റെ ഡിസൈനിൽ ക്രിസ്തീയ പ്രതീകങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സഭ അതു സ്വന്തം ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തെടുത്തു.” അങ്ങനെ, പുരാതന ഈജിപ്തിൽ വേരുറച്ച ഒരു പൗരാണിക വിശ്വാസത്തോടുള്ള യോജിപ്പിൽ ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെ ചിത്രീകരിക്കുന്നതിനാണ് വ്യക്തമായും ക്രൈസ്തവലോകത്തിലെ സഭകൾ ഇവ ഉപയോഗിച്ചിരുന്നത്.
കുരിശുയുദ്ധ ഭടന്മാർ യെരൂശലേമിലേക്കു നടത്തിയ യാത്രകൾ അഭിനയിക്കുന്നതിനും പള്ളികളിലെ ദിക്കടപ്പൻ വഴികൾ ഉപയോഗപ്പെടുത്തുമായിരുന്നു. അതിന്റെ മധ്യഭാഗത്ത് എത്തിച്ചേരുന്നത് യെരൂശലേമിൽ എത്തുന്നതിനെയും രക്ഷ പ്രാപിക്കുന്നതിനെയും പ്രതീകപ്പെടുത്തി. ചില ഭക്തന്മാർ, പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിന് ഒന്നുകിൽ അതിലൂടെ മുഴുദൂരവും മുട്ടിന്മേൽ ഇഴഞ്ഞുനീങ്ങുകയോ അല്ലെങ്കിൽ അതിനുള്ളിൽ കൂടി നടക്കുകയോ—വിശുദ്ധനാട്ടിലേക്കുള്ള തീർഥാടനത്തിനു പകരമെന്ന നിലയിൽ—ചെയ്യുമായിരുന്നു.
മേൽമണ്ണിൽ നിർമിച്ച ദിക്കടപ്പൻ വഴികൾ
12-ഉം 13-ഉം നൂറ്റാണ്ടുകളിൽ, ദിക്കടപ്പൻ വഴികൾ മണ്ണിൽ വെട്ടിയുണ്ടാക്കാൻ തുടങ്ങി. പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ ആയിരുന്നു ഇത്തരം നിർമിതികൾ ഉണ്ടായിരുന്നത്. അവയിൽ പലതും പിന്നീട് വിനോദപരമായ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തി. എങ്കിലും അവ കാഴ്ചയ്ക്കു പള്ളികളിൽ ഉണ്ടായിരുന്നവയോടു സമാനമായിരുന്നതിനാൽ, ചില ആളുകൾ അവയ്ക്ക് ഒരു മതപരമായ പ്രാധാന്യവും കൽപ്പിച്ചുകൊടുക്കുകയുണ്ടായി. മേൽമണ്ണിൽ ഉണ്ടാക്കിയ, ലോകത്തിലെ ഇത്തരം നിർമിതികളിൽ ഏറ്റവും വലിയതിന് 800 വർഷത്തിലധികം പഴക്കമുണ്ട് എന്നാണു ചില അധികൃതരുടെ നിഗമനം. എസിക്സ് എന്ന കൗണ്ടിയിലെ സാഫ്രൺ വോൽഡൺ പട്ടണത്തിലുള്ള തുറസ്സായ ഒരു പൊതുസ്ഥലത്താണ് ഇതു സ്ഥിതിചെയ്യുന്നത്. കോണുകളിൽ കൊത്തളം പോലെ ഉയർന്നുനിൽക്കുന്ന വലിയ നാലു ഭാഗങ്ങൾ അതിനെ അനന്യസാധാരണം ആക്കിത്തീർക്കുന്നു. അതിലെ നടപ്പാതയ്ക്ക് ഏകദേശം 2 കിലോമീറ്റർ നീളമുണ്ട്.
അതിന്റെ ചരിത്രപരവും പൗരാണികവുമായ വശങ്ങൾ ബന്ധിപ്പിച്ചുകൊണ്ടു ഡബ്ലിയു. എച്ച്. മാത്യൂസ് പറഞ്ഞത്, മതപരമായി പ്രാധാന്യമുള്ള ദിക്കടപ്പൻ വഴികളെയും ചുറ്റിച്ചുഴലും വഴികളെയും “ദൈവകൃപയാകുന്ന ആരിയാഡ്നി നൂലിന്റെ സഹായത്തോടെ മാത്രം സുരക്ഷിതമായി പുറത്തു കടക്കാൻ കഴിയുന്ന, ഇഹലോക ജീവിതത്തിലെ പ്രലോഭനങ്ങളാകുന്ന ചുറ്റിച്ചുഴലും വഴികളുടെ പ്രതീകമായി കണക്കാക്കാവുന്നതാണ്” എന്നാണ്.—ദിക്കടപ്പൻ വഴികളും ചുറ്റിച്ചുഴലും വഴികളും—അവയുടെ ചരിത്രവും വികാസവും (ഇംഗ്ലീഷ്).
ഈ നിർമിതികൾക്കു പുറജാതീയ ഉത്ഭവമാണ് ഉള്ളതെങ്കിലും അവ ക്രൈസ്തവലോകത്തിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നതിൽ നിങ്ങൾക്ക് അതിശയം തോന്നുന്നുണ്ടോ? സത്യക്രിസ്ത്യാനിത്വത്തിന് പുറജാതീയ അന്ധവിശ്വാസവുമായി എന്തെങ്കിലും യോജിപ്പുണ്ടായിരിക്കാൻ കഴിയുമോ?
ക്രിസ്തീയ വിശ്വാസവുമായി യോജിപ്പിലോ?
ചുറ്റിച്ചുഴലും വഴികളുടെ ചരിത്രം കൗതുകം ഉണർത്തുന്നതു തന്നെയാണെങ്കിലും, അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ക്രിസ്തീയ വിശ്വാസത്തിനു നിരക്കുന്നതല്ല. ഒരു വ്യക്തിയുടെ മരണശേഷവും തുടർന്നു ജീവിക്കുന്ന, ശരീരത്തിൽ നിന്നു വേർപെട്ടതും വ്യത്യസ്തവുമായ എന്തോ ഒന്ന് മനുഷ്യന് ഉള്ളതായി ബൈബിളിൽ ഒരിടത്തും പറയുന്നില്ല. പകരം, മരിക്കുമ്പോൾ മുഴുവ്യക്തിയും മരിക്കുന്നു എന്നാണ് അതു പഠിപ്പിക്കുന്നത്. ബൈബിൾ ഇങ്ങനെ പറയുന്നു: “പാപം ചെയ്യുന്ന ദേഹി [വ്യക്തി] മരിക്കും.”—യെഹെസ്കേൽ 18:4.
ദൈവവചനമായ ബൈബിൾ ശക്തിയുള്ളതാണ്. അതിനെ ഉപമിച്ചിരിക്കുന്നത് ഒരു വാളിനോടാണ്, “ആത്മാവിന്റെ വാൾ.” യഥാർഥത്തിൽ സ്ഥിതിചെയ്യുന്ന, അമാനുഷനും അദൃശ്യനുമായ ഒരു ആത്മവ്യക്തിയെയും അവന്റെ ഭൂതങ്ങളെയും—പുരാണങ്ങളിൽ മാത്രം സ്ഥിതിചെയ്യുന്ന ഒരു മിനോട്ടോറെയല്ല—കീഴടക്കാനായി ക്രിസ്ത്യാനികൾ ഈ വാൾ വിദഗ്ധമായി ഉപയോഗിക്കുന്നു. (എഫെസ്യർ 6:12, 17) അങ്ങനെ, അവർക്ക് തകർക്കാനാവാത്ത വിശ്വാസവും രക്ഷയുടെ ഉറപ്പുള്ള പ്രത്യാശയുമുണ്ട്. ഇത് ഈ വ്യവസ്ഥിതിയുടെ സമാപനത്തെ അതിജീവിച്ചു നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിലേക്കു പ്രവേശിക്കാൻ അവരെ സഹായിക്കും—പുരാണങ്ങളിലുള്ള വിശ്വാസം കൊണ്ട് ഒരിക്കലും സാധിക്കാത്ത ഒരു സംഗതിയാണിത്.—2 പത്രൊസ് 3:13.
[അടിക്കുറിപ്പുകൾ]
a ഈജിപ്തിലെ ലാബിറിന്തിന്റെ നൂറിലൊന്നു വലിപ്പമേയുള്ളൂ ക്രേത്തയിലേതിന് എന്നു പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, റോമൻ പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന പ്ലിനി പറയുകയുണ്ടായി.
[22-ാം പേജിലെ ചതുരം]
വിനോദത്തിനു വേണ്ടിയുള്ള മെയ്സ്സുകൾ
അറുനൂറ് വർഷം മുമ്പ്, ഒരു പുതിയ തരം മെയ്സ്സ് ജന്മംകൊണ്ടു. മതപരമായ പ്രാധാന്യമൊന്നും ഇല്ലാതിരുന്ന അത് അലങ്കാരത്തിനു വേണ്ടിയായിരുന്നു നിർമിക്കപ്പെട്ടത്. വൈകാതെ, ഇംഗ്ലണ്ടിലെങ്ങും ഉള്ള പൂന്തോട്ടങ്ങളിൽ ലളിതമായ മെയ്സ്സുകൾ സാധാരണമായിത്തീർന്നു. കാലക്രമത്തിൽ, ഇവ കൂടുതൽ സങ്കീർണമായ ഡിസൈനുകളിൽ നിർമിക്കാൻ തുടങ്ങി. അവയിലെ നടപ്പാതകളുടെ ഓരങ്ങളിൽ വീഞ്ഞമരം നിരനിരയായി നട്ടുപിടിപ്പിക്കുക പതിവായി. ഈ മരങ്ങൾ ഭംഗിയായി വെട്ടിനിറുത്തുമായിരുന്നു.
സമീപവർഷങ്ങളിൽ ലോകമെമ്പാടുമായി സങ്കീർണമായ അനേകം ആധുനിക ഡിസൈനുകൾ രംഗത്തെത്തിയിരിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ അവ ഇഷ്ടപ്പെടുന്നു. അവയ്ക്ക് എത്ര രസകരമായിരിക്കാൻ കഴിയുമെന്നോ!
[24-ാം പേജിലെ ചതുരം/ചിത്രം]
ക്രൈസ്തവലോകത്തിൽ ലാബിറിന്തുകളുടെ ഉപയോഗം
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ഈയിടയ്ക്ക് ഉപയോഗിക്കാൻ തുടങ്ങിയതാണ് എബ്രോയിഡറി ചെയ്ത ഈ പുതിയ അൾത്താരത്തുണി. മധ്യത്തിൽ ഒരു ലാബിറിന്ത് ഉള്ളതും അതിന്റെ അപ്പുറത്തും ഇപ്പുറത്തും “Α” (ആൽഫ, “THE BEGINNING” [“ആദി”]) എന്നും “Ω” (ഒമേഗ, “THE END” [“അന്തം”]) എന്നും എഴുതിയിരിക്കുന്നതും ശ്രദ്ധിക്കുക. ഈ ലാബിറിന്ത് ഡിസൈനിന്റെ നടുവിലായി യഹോവയെ കുറിക്കുന്ന ”I AM” എന്ന് എഴുതിയിരിക്കുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ പുറപ്പാടു 3:14-ൽ കൊടുത്തിരിക്കുന്ന “I AM” തന്നെയാണ് ഇതും. ഇത്, ലാബിറിന്തും മതവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതിന്റെ കൗതുകമുണർത്തുന്ന ഒരു ആധുനിക ഉദാഹരണമാണ്.
[കടപ്പാട]
ഫോട്ടോ: David Johnson
[21-ാം പേജിലെ ചിത്രങ്ങൾ]
ക്രേത്തയിലെ നോസസിൽ നിന്നു കണ്ടെടുക്കപ്പെട്ട, പൊ.യു.മു. 4-ഉം 5-ഉം നൂറ്റാണ്ടുകളിലെ നാണയങ്ങൾ. അതിലെ ലാബിറിന്തിന്റെ മാതൃകയും മിനോട്ടോറിനെ ചിത്രീകരിക്കുന്ന കാളത്തലയും ശ്രദ്ധിക്കുക
[കടപ്പാട]
Copyright British Museum
[23-ാം പേജിലെ ചിത്രം]
മേൽമണ്ണിൽ നിർമിതമായ ദിക്കടപ്പൻ വഴികളിൽ ഏറ്റവും വലിയത്, ഇംഗ്ലണ്ടിലെ സാഫ്രൺ വോൽഡണിൽ ഉള്ളത്
[കടപ്പാട്]
Courtesy Saffron Walden Tourist Office