ബാലൻസ് എന്ന ദൈവദാനം
“അതു കേവലം ഉലയുന്ന കപ്പൽത്തട്ടിലെ നടത്തമാണ്, അതു പല ദിവസങ്ങളോളം നീണ്ടേക്കാം” എന്ന് എന്റെ സുഹൃത്തുക്കൾ എന്നോടു പറഞ്ഞു. അത് 1990 ഒക്ടോബർ ആയിരുന്നു, ഏഴു ദിവസത്തെ കരീബിയൻ യാത്ര കഴിഞ്ഞു വിനോദ നൗകയിൽനിന്നും ഞാൻ ഉണങ്ങിയ നിലത്തേക്ക് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഏതാനും ദിവസത്തേക്കുള്ളൊരു അനുഭവമായിരിക്കുമെന്നു ഞാൻ വിചാരിച്ചത് പല മാസങ്ങളോളം നീണ്ടുനിന്നു. ഞാൻ ഒരിക്കലും ആ കപ്പലിൽനിന്നും ഇറങ്ങാത്തതുപോലെ ആയിരുന്നു അത്. എന്റെ വെസ്റ്റിബ്യുലാർ വ്യൂഹത്തിന് എന്തോ കുഴപ്പം പറ്റിയിരുന്നു. അത് ആന്തരകർണത്തിലെ, തലച്ചോറിൽ കേന്ദ്രീയബന്ധമുള്ള സങ്കീർണമായ സന്തുലനവ്യൂഹമാണ്.
അത് എന്താണ്? അത് എങ്ങനെ പ്രവർത്തിക്കുന്നു?
നിങ്ങളുടെ ബാലൻസിനെ യഥാക്രമപ്പെടുത്തുന്ന കേന്ദ്രം കാണപ്പെടുന്നതു തലച്ചോറിന്റെ അധോഭാഗത്തുള്ള മസ്തിഷ്ക കാണ്ഡം എന്നു വിളിക്കപ്പെടുന്നിടത്താണ്. ആരോഗ്യവാനായിരിക്കുമ്പോൾ നിങ്ങൾ ബാലൻസ് നിലനിർത്തുന്നത്, നിങ്ങളുടെ കണ്ണുകളിൽനിന്നും പേശികളിൽനിന്നും വെസ്റ്റിബ്യുലാർ വ്യൂഹത്തിൽനിന്നും അസംഖ്യം ആവേഗങ്ങൾ സ്വീകരിക്കപ്പെടുന്നതുകൊണ്ടാണ്.
നിങ്ങളുടെ കണ്ണുകൾ മസ്തിഷ്ക കാണ്ഡത്തിനു പുറമേയുള്ള ചുറ്റുപാടിനെക്കുറിച്ചു നിരന്തരമായ സംവേദന നിവേശം നൽകുന്നു. പ്രോപ്രിയോസെപ്റ്ററുകൾ എന്നു വിളിക്കപ്പെടുന്ന പേശികളിലെ സംവേദക സ്വീകരണികൾ നിങ്ങൾ നടക്കുന്നതോ സ്പർശിക്കുന്നതോ ആയ പ്രതലത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ തലച്ചോറിനു കൈമാറുന്നു. എന്നാൽ ഭൂമിയോടും അതിന്റെ ഗുരുത്വാകർഷണ ശക്തിയോടുമുള്ള ആപേക്ഷികബന്ധത്തിൽ വായൂമണ്ഡലത്തിൽ നിങ്ങളുടെ ശരീരം എവിടെയാണെന്നു തലച്ചോറിനോടു പറയുന്ന ആന്തരിക നിർദേശക സംവിധാനമെന്നനിലയിൽ പ്രവർത്തിക്കുന്നതു വെസ്റ്റിബ്യുലാർ വ്യൂഹമാണ്.
ബാലൻസുമായി ബന്ധപ്പെട്ട മൂന്ന് അർധവൃത്താകാര നാളികളും സഞ്ചിമാതിരിയുള്ള രണ്ട് അറകളും ഉൾപ്പെട്ട അഞ്ചു ഭാഗങ്ങൾക്കൊണ്ടു നിർമിതമാണ് വെസ്റ്റിബ്യുലാർ വ്യൂഹം. അർധവൃത്താകാര നാളികൾ സുപ്പീരിയർ നാളികളെന്നും സമാന്തര (ലാറ്ററൽ) നാളികളെ ഇൻഫീരിയർ (പോസ്റ്റീരിയർ) നാളികളെന്നും വിളിക്കപ്പെടുന്നു. രണ്ട് അറകളെ യൂട്രിക്കിൾ എന്നും സാക്യൂൾ എന്നും വിളിക്കുന്നു.
ഭിത്തിയും തറയും തമ്മിൽ ഒരു മുറിയുടെ കോണിൽ സന്ധിക്കുന്നതുപോലെ അർധവൃത്താകാര നാളികൾ പരസ്പരം സമക്ഷേത്രത്തിൽ മട്ടത്രികോണാകൃതിയിൽ കിടക്കുന്നു. ശംഖാസ്ഥി എന്നു വിളിക്കപ്പെടുന്ന തലയോട്ടിയിലെ ദൃഢാസ്ഥിയിൽ മറഞ്ഞിരിക്കുന്ന, നൂലാമാലപോലെ കിടക്കുന്ന ഇടനാഴികളാണു ഈ നാളികൾ. വളഞ്ഞുതിരിഞ്ഞ ഈ അസ്ഥി മാർഗത്തിനുള്ളിൽ തനുസ്തര നൂലാമാല എന്നു വിളിക്കപ്പെടുന്ന ഒരു സഞ്ചയവും ഉണ്ട്. അർധവൃത്താകാരത്തിലുള്ള ഓരോ തനുസ്തര നാളത്തിന്റെയും അഗ്രത്തിൽ മുഴച്ചുനിൽക്കുന്നതുപോലെ തോന്നുന്ന ആംപ്യൂല എന്നു വിളിക്കപ്പെടുന്ന ഒരു ഭാഗമുണ്ട്. ഈ സ്തരിതസഞ്ചയത്തിന് ഉള്ളിൽ എൻഡോലിംഫ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക ദ്രാവകമുണ്ട്. പ്രസ്തുത തനുസ്തരത്തിനു പുറമേ ഒരു വ്യത്യസ്ത രാസസംയുക്തമായ പെരിലിംഫ് എന്നു വിളിക്കപ്പെടുന്ന മറ്റൊരു ദ്രാവകമുണ്ട്.
അംപ്യൂല എന്നു വിളിക്കപ്പെടുന്ന ഈ നാളത്തിന്റെ വീർത്ത ഭാഗം സവിശേഷ രോമ കോശങ്ങളെ ഉൾക്കൊള്ളുന്നു. ക്യൂപൂല എന്നു വിളിക്കപ്പെടുന്ന ജെലാറ്റിനസ് സമുച്ചയത്തിൽ ആഴ്ന്നിരിക്കുന്ന ഇതു കെട്ടുകളുടെ രൂപത്തിലാണ് കാണപ്പെടുന്നത്. നിങ്ങൾ തല ഏതെങ്കിലും ദിശയിൽ അനക്കുമ്പോൾ, നാളികളുടെതന്നെ ചലനത്തിന് ഏതാണ്ടു പിന്നിലായി എൻഡോലിംഫേറ്റിക്ക് ദ്രാവകം പിന്നോക്കം വരുന്നു. തന്നിമിത്തം ഈ ദ്രാവകം ക്യൂപൂലായെയും അതിലെ രോമ കെട്ടുകളെയും വളയ്ക്കുന്നു. രോമക്കെട്ടുകളുടെ ചലനം രോമകോശങ്ങളുടെ വൈദ്യുത സ്വഭാവധർമങ്ങളിൽ മാറ്റം വരുത്തുന്നു. ക്രമത്തിൽ ഇതു നാഡീകോശങ്ങളിലൂടെ നിങ്ങളുടെ തലച്ചോറിനു സന്ദേശം കൈമാറുന്നു. ഓരോ രോമകോശത്തിൽനിന്നും അഫറൻറ് നാഡികൾ എന്നു വിളിക്കപ്പെടുന്നവയിലൂടെ സന്ദേശങ്ങൾ തലച്ചോറിലേക്കു മാത്രമല്ല, മറിച്ച് തലച്ചോറിൽനിന്നു ഇഫറൻറ് നാഡികളിലൂടെ പരിഹാര വിവരങ്ങൾ രോമകോശങ്ങളിലേക്കു തിരിച്ചും സഞ്ചരിക്കുന്നു.
തല മുന്നോട്ടോ പിന്നോട്ടോ ചലിപ്പിക്കൽ, ഒരു വശത്തേക്ക് അല്ലെങ്കിൽ മറ്റേ വശത്തേക്കു ചെരിച്ചുപിടിക്കൽ, ഇടത്തോട്ടോ വലത്തോട്ടോ തിരിക്കൽ എന്നിങ്ങനെ ഏതു ദിശയിലേക്കുമുള്ള നിങ്ങളുടെ തലയുടെ കോണീയമോ വൃത്താകൃതിയിലുള്ളതോ ആയ ചലനം അർധവൃത്താകാര നാളികൾ കണ്ടുപിടിക്കുന്നു.
നേരേമറിച്ച്, യൂട്രിക്കിളും സാക്യൂളും രേഖീയ ത്വരണം മനസ്സിലാക്കുന്നു. അതുകൊണ്ട് അവ ഗുരുത്വസംവേദിനികളെന്നു വിളിക്കപ്പെടുന്നു. മാക്ക്യുലാ എന്നു വിളിക്കപ്പെടുന്ന രോമകോശങ്ങൾ ഇവയിലുമുണ്ട്. ദൃഷ്ടാന്തത്തിന്, നിങ്ങൾ ഒരു ലിഫ്റ്റിൽ ഉയരുമ്പോൾ മേൽപ്പോട്ടുയരുന്നുവെന്ന സംവേദനം നിങ്ങൾക്കു നൽകുന്നതിനുള്ള വിവരം സാക്യൂൾ തലച്ചോറിനു നൽകുന്നു. നിങ്ങൾ ഒരു കാറിൽ സഞ്ചരിക്കുകയോ പെട്ടെന്നു വേഗത കൂട്ടുകയോ ചെയ്യുമ്പോൾ പ്രധാനമായും പ്രതികരിക്കുന്ന സംസൂചകം യൂട്രിക്കിളാണ്. നിങ്ങൾ മുന്നോട്ടോ പിന്നോട്ടോ കുതിക്കുന്നുവെന്ന സംവേദനം നിങ്ങൾക്കു നൽകുന്നതിനുള്ള വിവരം അതു നിങ്ങളുടെ മസ്തിഷ്കത്തിനു നൽകുന്നു. നിങ്ങളുടെ പ്രത്യക്ഷ ചലനത്തോടു പ്രതികരിക്കുന്നതിനു കണ്ണുകളും അവയവങ്ങളും എങ്ങനെ ചലിക്കണമെന്നതുപോലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു പിന്നീടു മസ്തിഷ്കം ഈ വിവരത്തെ മറ്റു ആവേഗങ്ങളുമായി സമന്വയിപ്പിക്കുന്നു. ദിഗ്സ്ഥിതിനിർണയം നിലനിർത്താൻ ഇതു നിങ്ങളെ സഹായിക്കുന്നു.
ഇതിന്റെ രൂപസംവിധായകനായ യഹോവയാം ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന അതിശയകരമായ ഒരു വ്യൂഹമാണിത്. ഗവേഷക ശാസ്ത്രജ്ഞൻമാർക്കുപോലും ഇതിന്റെ രൂപസംവിധാനത്തിൽ മതിപ്പു തോന്നാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. ജീവശാസ്ത്ര-ശരീരശാസ്ത്ര പ്രൊഫസറായ എ. ജെ. ഹഡ്സ്പെത്ത് സയൻറിഫിക്ക് അമേരിക്കൻ മാഗസിനിൽ ഇപ്രകാരം എഴുതി: “എന്നിരുന്നാലും, കൂടുതലായ പഠനത്തിന് ഈ ഹ്രസ്വ ജീവശാസ്ത്ര ഉപകരണത്തിന്റെ സംവേദകത്വത്തിലെയും സങ്കീർണതയിലെയും അതിശയബോധത്തെ ദൃഢീകരിക്കാൻ മാത്രമേ കഴിയൂ.”
വെസ്റ്റിബ്യുലാർ വ്യൂഹത്തിന്റെ വികലപ്രവർത്തനങ്ങൾ
എന്റെ സംഗതിയിൽ, ആന്തരകർണത്തിലെ പ്രശ്നം ഓട്ടോസ്പോൺജിയോസിസ് അഥവാ ഓട്ടോസ്ക്ലെറോസിസ് ആണെന്നു നിർണയിക്കപ്പെട്ടു. ഒരുവന്റെ വെസ്റ്റിബ്യുലാർ വ്യൂഹം സ്ഥിതിചെയ്യുന്നിടത്തെ അസ്ഥി കടുപ്പമില്ലാത്തതോ മാർദവമുള്ളതോ ആയിത്തീരുന്ന അവസ്ഥയാണിത്. സാധാരണഗതിയിൽ ഈ അസ്ഥി വളരെ ദൃഢമാണ്, നിങ്ങളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ അസ്ഥികളെക്കാളും ദൃഢമാണ്. മൃദുലമായിത്തീരുന്ന പ്രക്രിയയിൽ, ആന്തരകർണത്തിലെ ദ്രാവകത്തിലേക്ക് ഇറ്റിറ്റു വീഴുന്ന ഒരു എൻസൈം ഉത്പാദിപ്പിക്കപ്പെടുകയും അതു ദ്രാവകത്തെ രാസികമായി തകരാറിലാക്കുകയോ ഫലത്തിൽ വിഷലിപ്തമാക്കുകയോ ചെയ്യുന്നതായും വിചാരിക്കപ്പെടുന്നു. നിങ്ങൾ നിൽക്കുകയോ കിടക്കുകയോ ആയിരുന്നാലും തുടർച്ചയായ ചലനത്തിന്റെ വിചിത്രമായ സംവേദകത്വത്തിന് ഇത് ഇടവരുത്തിയേക്കാം.
എന്റെ പാദത്തിനടിയിലുള്ള തറ ചിലപ്പോൾ മൂന്നിലൊന്നു മീറ്റർ ഉയരത്തിൽ വരെ തിരമാലയിൽ നീങ്ങിക്കൊണ്ടിരുന്നതുപോലെ തോന്നാൻ അതിടയാക്കി. ഞാൻ കിടക്കുമ്പോൾ, ഒരു മീറ്റർ ഉയരമുള്ള കടൽത്തിരകളുടെ ഇടയിലുള്ള ഒരു തുഴവള്ളത്തിന്റെ അടിത്തട്ടിൽ കിടക്കുകയാണെന്നതുപോലെ എനിക്കു തോന്നി. ചില മോഹാലസ്യങ്ങളുടെ കാര്യത്തിലെന്നപോലെ ഈ തോന്നൽ വരികയും പോവുകയും ചെയ്തില്ല, മറിച്ച് അതു വരികയും മാസങ്ങളായി ദിവസവും 24 മണിക്കൂർ യാതൊരു മുടക്കവും കൂടാതെ എന്നോടൊപ്പം നിൽക്കുകയും ചെയ്തു. ഉറക്കത്തിൽ ഞാൻ അബോധാവസ്ഥയിൽ ആയിരിക്കുമ്പോഴായിരുന്നു ഏക വിടുതൽ.
കാരണങ്ങളും ചികിത്സകളും
പാരമ്പര്യ ഘടകവുമായുള്ള ബന്ധം ഉൾപ്പെട്ടിരുന്നേക്കാമെങ്കിലും ഓട്ടോസ്പോൺജിയോസിസ്/ഓട്ടോസ്ക്ലെറോസിസിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഈ അവസ്ഥ മനുഷ്യർക്കു മാത്രമുള്ളതായി കാണപ്പെടുന്നതിനാൽ ഇതിനെക്കുറിച്ചു പഠിക്കുന്നതു വൈദ്യശാസ്ത്രത്തിനു ക്ലേശകരമാണ്. എന്നെങ്കിലും സംഭവിക്കുന്നെങ്കിൽ തന്നെ, വളരെ വിരളമായേ മൃഗങ്ങളിൽ ഇതു പ്രത്യക്ഷപ്പെടുകയുള്ളൂ. കർണനാദം, തലയിൽ ഒരു നിറവിന്റെ തോന്നൽ, ലഘുവായ തലകറക്കം, സന്തുലനമില്ലെന്നുള്ള തോന്നൽ, വ്യത്യസ്ത തരത്തിലുള്ള മോഹാലസ്യം എന്നിവക്കെല്ലാം ഓട്ടോസ്പോൺജിയോസിസ് ഇടയാക്കിയേക്കാം. അതേ അവസ്ഥയ്ക്കുതന്നെ മധ്യകർണത്തിലെ സ്റ്റേപിസിന്റെ ഘനീകരണത്തിനും ചാലക (conductive) ശ്രവണനഷ്ടത്തിനും ഇടയാക്കാൻ കഴിയും. ഓട്ടോസ്പോൺജിയോസിസ് കോക്ലിയയിൽ എത്തിചേർന്നാൽ നാഡീപ്രവർത്തനത്തെ നശിപ്പിച്ചുകൊണ്ടു സംവേദകമായ (sensorineural) ശ്രവണനഷ്ടത്തിനും ഇടയാക്കും.
ഈ അവസ്ഥയ്ക്കു ചികിത്സകൾ ഉണ്ട്. ചിലവയിൽ ശസ്ത്രക്രിയ ഉൾപ്പെടുന്നു (1988 ജൂലൈ 8 ലക്ക ഉണരുക!യുടെ [ഇംഗ്ലീഷ്] 19-ാം പേജു കാണുക); മറ്റുള്ളവ കാൽസ്യവും ഫ്ളൂറൈഡും നൽകി അസ്ഥിക്ഷയം തടയാൻ ശ്രമിക്കുന്നു. ആന്തരകർണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അതിയായ ആവശ്യമുള്ളതിനാൽ ചിലപ്പോഴെല്ലാം പഞ്ചസാര വിമുക്ത ആഹാരം നിർദേശിക്കപ്പെടുന്നു. യഥാർഥത്തിൽ, ആന്തരകർണം പ്രവർത്തനക്ഷമമാകുന്നതിനു തലച്ചോറിന്റെ തത്തുല്യ അളവിന് ആവശ്യമായിരിക്കുന്നതിന്റെ മൂന്നിരട്ടി പഞ്ചസാര ആവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ സാധാരണ ഏറ്റക്കുറച്ചിലിനെ ആരോഗ്യമുള്ള ശ്രവണേന്ദ്രിയം വളരെ നന്നായി കൈകാര്യം ചെയ്യുന്നു. എന്നാൽ ഒരിക്കൽ ശ്രവണേന്ദ്രിയത്തിനു ക്ഷതമേറ്റാൽ ഈ ഏറ്റക്കുറച്ചിൽ നിങ്ങൾക്കു തലകറക്കത്തിന് ഇടയാക്കിയേക്കാം. നിങ്ങളുടെ ആന്തരകർണം ശരിയായി പ്രവർത്തിക്കാതായാൽപ്പിന്നെ കഫീനും മദ്യവും ഹാനികരമായി കാണപ്പെടുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചിരിക്കുന്ന വിനോദ കപ്പലോട്ടം യഥാർഥത്തിൽ പ്രസ്തുത പ്രശ്നത്തിനു കാരണമാക്കിയില്ലെങ്കിലും ഊഷ്മാവ്, ഈർപ്പം, തീറ്റിശീലങ്ങൾ എന്നിവയിലെ മാറ്റം സാധ്യതയനുസരിച്ചു ബാലൻസിനെ തകർത്തു.
നിങ്ങളുടെ ആന്തരകർണം നിങ്ങൾക്കു വേണ്ടി കേൾക്കുന്നതിനെക്കാളധികം ചെയ്യുന്നു. ബാലൻസ് നിലനിർത്തുവാൻ അത്ഭുതകരവും വിസ്മയാവഹവുമായ വിധത്തിൽ അതു നിങ്ങളെ സഹായിക്കുന്നു. അതിന്റെ രൂപകൽപ്പന നമ്മുടെ സ്രഷ്ടാവിന്റെ കരവേലയിങ്കൽ ആശ്ചര്യപ്പെടാനും അവന്റെ സൃഷ്ടികർത്തൃത്വത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാനും ഇടയാക്കണം.—സംഭാവന ചെയ്യപ്പെട്ടത്.
[26-ാം പേജിലെ രേഖാചിത്രവും/ചതുരം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
നിങ്ങളുടെ വിസ്മയാവഹമായ വെസ്റ്റിബ്യുലാർ വ്യൂഹം
ബാഹ്യ വീക്ഷണം
സുപ്പീരിയർ നാളി
അണ്ഡാകാര ജാലകം
കോക്ലിയ
ശംഖാസ്ഥി
സ്തരിതസഞ്ചയം
ആംപ്യൂല
സാക്യൂൾ
ക്രിസ്റ്റ
തിരശ്ചീന നാളി
ഇൻഫീരിയർ നാളി
വൃത്താകാര ജാലകം
ആന്തരിക വീക്ഷണം
കോക്ലിയ
മാക്ക്യുലാ
യൂട്രിക്കിൾ
ക്രിസ്റ്റ
കോണീയ ചലനം അളക്കുന്നു
ലംബ ചലന നിദർശകം
ശ്രവണാവയവം
തിരശ്ചീന ചലന നിദർശകം