നിങ്ങളുടെ ചെവി വലിയ ആശയവിനിമയോപാധി
നിങ്ങൾ കാണാനാഗ്രഹിക്കാത്തപ്പോൾ നിങ്ങളുടെ കണ്ണുകളടക്കാൻ കഴിയും. നിങ്ങൾ മണക്കാനാഗ്രഹിക്കാത്തപ്പോൾ നിങ്ങൾക്ക് ശ്വാസംവലിക്കാതിരിക്കാൻ കഴിയും. എന്നാൽ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്തപ്പോൾ യഥാർത്ഥമായി നിങ്ങൾക്ക് ചെവിയടക്കാൻ കഴികയില്ല. “ചെവിയടച്ചുകളയുക” എന്നത് ഒരു അലങ്കാരപ്രയോഗം മാത്രമാണ്. നിങ്ങളുടെ ഹൃദയസ്പന്ദനം പോലെ, നിങ്ങളുടെ കേൾവിയും നിങ്ങൾ ഉറങ്ങുമ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
തീർച്ചയായും, നമ്മുടെ ചെവികൾ നമുക്കു ചുററുമുള്ള ലോകവുമായി നമ്മെ സമ്പർക്കത്തിൽ നിർത്താൻ സദാ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അവ നാം കേൾക്കുന്നതിൽനിന്ന് തെരഞ്ഞെടുക്കുകയും അതിനെ വിശകലനംചെയ്യുകയും പൊരുൾതിരിക്കുകയും തലച്ചോറിലേക്കെത്തിക്കുകയും ചെയ്യുന്നു. ഏതാണ്ടൊരു ഘനയിഞ്ചിനുള്ളിൽ നമ്മുടെ ചെവികൾ ധ്വനികശാസ്ത്രത്തിന്റെയും മെക്കാനിക്ക്സിന്റെയും ഹൈഡ്രോളിക്സിന്റെയും ഇലക്ട്രോണിക്സിന്റെയും ഉന്നതഗണിതശാസ്ത്രത്തിന്റെയും തത്വങ്ങൾ അവയുടെ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നു. നമ്മുടെ കേൾവിക്ക് തകരാറൊന്നുമുണ്ടാകുന്നില്ലെങ്കിൽ, ചെവികൾക്കു ചെയ്യാൻ കഴിയുന്ന ഏതാനുംചില കാര്യങ്ങൾ പരിചിന്തിക്കുക.
◻ ഏററം മന്ദസ്വരത്തിലുള്ള മന്ത്രിക്കൽ മുതൽ ഒരു ജററുവിമാനം പറന്നുയരുന്നതിന്റെ ഇടിനാദസമാനമായ ഗർജ്ജനം വരെ 1,00,00,00,00,00,000ത്തോളം മടങ്ങ് ശബ്ദവ്യതിയാനങ്ങളെ നമ്മുടെ ചെവികൾക്ക് നേരിടാൻ കഴിയും. ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് ഏതാണ്ട് 130 ഡസിബലിന്റെ വ്യാപ്തിയാണ്.
◻ നമ്മുടെ ചെവികൾക്ക് ആളുകൾ നിറഞ്ഞ ഒരു മുറിയിലെ ഒരു സംഭാഷണം വേർതിരിച്ചെടുക്കാനും അതിൽ കേന്ദ്രീകരിക്കാനും കഴിയും. അല്ലെങ്കിൽ, നൂറ് ഉപകരണങ്ങളുപയോഗിച്ചുള്ള ഒരു ഓർക്കെസ്ട്രായിലെ ഒരുപകരണത്തിലെ തെററായ ഒരു നോട്ട് കണ്ടുപിടിക്കാൻ കഴിയും.
◻ മാനുഷകാതുകൾക്ക് ഒരു ശബ്ദപ്രഭവത്തിന്റെ ദിശയിലെ വെറും രണ്ടു ഡിഗ്രിയുടെ മാററത്തെപ്പോലും കണ്ടുപിടിക്കാൻ കഴിയും. ശബ്ദം എത്തിച്ചേരുന്ന സമയത്തിലെ അതിസൂക്ഷ്മ വ്യത്യാസവും ഇരുചെവികളിലെയും തീവ്രതയും ഗ്രഹിക്കുന്നതിനാലാണ് അവ ഇതു ചെയ്യുന്നത്. സമയവ്യത്യാസം ഒരു സെക്കണ്ടിന്റെ ലക്ഷത്തിലൊന്നായിരിക്കാം, എന്നാൽ ചെവികൾക്ക് ഇതു കണ്ടുപിടിക്കാനും തലച്ചോറിലേക്ക് എത്തിക്കാനും കഴിയും.
◻ നമ്മുടെ ചെവികൾക്ക് ഏതാണ്ട് 4,00,000 ശബ്ദങ്ങൾ വേർതിരിച്ചറിയാൻ കഴിയും. ചെവികളിലെ സംവിധാനങ്ങൾ ശബ്ദതരംഗത്തെ സ്വതഃപ്രവർത്തകമായി വിശകലനംചെയ്യുകയും നമ്മുടെ സ്മരണയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ളവയുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെയാണ് ഒരു സംഗീതസ്വരം ഒരു വയലിനിലാണോ ഫ്ളൂട്ടിലാണോ വായിക്കുന്നതെന്ന് അല്ലെങ്കിൽ നിങ്ങളെ ഫോണിൽവിളിക്കുന്നതാരാണെന്ന് പറയാൻ കഴിയുന്നത്.
നമ്മുടെ തലയുടെ വശത്ത് നാം കാണുന്ന “ചെവി” യഥാർത്ഥത്തിൽ ഒരു ഭാഗം മാത്രമാണ്, നമ്മുടെ ചെവിയുടെ ഏററം ദൃശ്യമായ ഭാഗം. ചെവി ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാൽ നിർമ്മിതമാണെന്ന് വിദ്യാലയദിനങ്ങൾ മുതൽ നമ്മിൽ മിക്കവരും ഓർക്കാനിടയുണ്ട്. ബാഹ്യകർണ്ണം പരിചിതമായ ത്വക്കും തരുണാസ്ഥിയും കൊണ്ടുള്ള “ചെവി”യും കർണ്ണപുടത്തിലേക്കു നയിക്കുന്ന കർണ്ണനാളവും ഉൾക്കൊള്ളുന്നതാണ്. മദ്ധ്യകർണ്ണത്തിൽ മനുഷ്യശരീരത്തിലെ ഏററവും ചെറിയ മൂന്ന് അസ്ഥികൾ—സാധാരണയായി ചുററികാസ്ഥിയെന്നും അടക്കല്ല് എന്നും സ്ററിറപ്പ് എന്നും വിളിക്കപ്പെടുന്ന മാള്യൂസ്, ഇൻകസ്, സ്റേറപിസ്—കർണ്ണപുടത്തെ ആന്തര കർണ്ണത്തിലേക്കുള്ള കവാടമായ അണ്ഡാകാര ജനാലയോടു ബന്ധിപ്പിക്കുന്ന ഒരു പാലമായിത്തീരുന്നു. ആന്തര കർണ്ണം വിചിത്രരൂപത്തിലുള്ള രണ്ടു ഭാഗങ്ങൾ—മൂന്ന് അർദ്ധവൃത്താകാരനാളങ്ങളുടെ കുലയും ഒച്ചിന്റെ ആകൃതിയിലുള്ള കർണ്ണവള്ളിയും—ചേർന്നുണ്ടായിരിക്കുന്നതാണ്.
ബാഹ്യകർണ്ണം—സമസ്വരിത ഗ്രാഹി
ബാഹ്യകർണ്ണം വായുവിലെ ശബ്ദതരംഗങ്ങളെ ശേഖരിച്ച് ചെവിയുടെ ആന്തരികഭാഗങ്ങളിലേക്ക് അയക്കാൻ ഉപകരിക്കുന്നു. എന്നാൽ അത് അതിലുമധികം ചെയ്യുന്നു.
ബാഹ്യകർണ്ണത്തിന്റെ സംവലിത ആകൃതി എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യം സാധിക്കുന്നുവോയെന്നറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ബാഹ്യകർണ്ണത്തിന്റെ കേന്ദ്രത്തിലുള്ള ദ്വാരവും കർണ്ണനാളവും ഒരു പ്രത്യേക അഭീഷ്ണതയിലുള്ള ശബ്ദങ്ങളെ വർദ്ധിപ്പിക്കുകയോ പ്രതിദ്ധ്വനിപ്പിക്കുകയോ ചെയ്യത്തക്കവണ്ണമുള്ള ആകൃതിയിലാണെന്ന് ശാസ്ത്രജ്ഞൻമാർ കണ്ടെത്തുന്നു. അത് നമുക്ക് എങ്ങനെ പ്രയോജനംചെയ്യുന്നു? മനുഷ്യസംസാരത്തിന്റെ ശബ്ദങ്ങളുടെ പ്രധാനപ്പെട്ട സ്വഭാവവിശേഷങ്ങൾ ഏതാണ്ട് ഇതേ പരിധിയിൽ പെടുന്നു.a ഈ ശബ്ദങ്ങൾ ബാഹ്യകർണ്ണത്തിലൂടെയും കർണ്ണനാളിയിലൂടെയും സഞ്ചരിക്കുമ്പോൾ അവയുടെ ആദ്യത്തെ തീവ്രത ഇരട്ടിയാകത്തക്കവണ്ണം വർദ്ധിപ്പിക്കപ്പെടുന്നു. ഇത് ഏററവും ഉന്നതമായ ധ്വനിക എൻജിനിയറിംഗാണ്!
ബാഹ്യകർണ്ണം ശബ്ദത്തിന്റെ ഉറവു നിർണ്ണയിക്കാനുള്ള നമ്മുടെ പ്രാപ്തി സംബന്ധിച്ചും ഒരു സുപ്രധാനപങ്കു വഹിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, തലയുടെ ഇടതുവശത്തുനിന്നോ വലതുവശത്തുനിന്നോ വരുന്ന ശബ്ദങ്ങൾ തീവ്രതയിലുള്ള വ്യത്യാസത്താലും രണ്ടു ചെവിയിലും വന്നെത്തുന്നതിനുള്ള സമയത്താലുമാണ് തിരിച്ചറിയപ്പെടുന്നത്. എന്നാൽ പിമ്പിൽനിന്നു വരുന്ന ശബ്ദങ്ങൾ സംബന്ധിച്ചെന്ത്? വീണ്ടും, ചെവിയുടെ ആകൃതി ബാധകമാകുന്നു. നമ്മുടെ ചെവിയുടെ അരിക് 3,000 മുതൽ 6,000 വരെയുള്ള ഹെർട്ട്സിന്റെ പരിധിയിൽ ഒരു കുറവു വരുത്തിക്കൊണ്ട് പിമ്പിൽനിന്നു വരുന്ന ശബ്ദങ്ങളുമായി പ്രതിപ്രവർത്തനം നടത്തത്തക്ക വിധത്തിലാണ് രൂപംകൊടുക്കപ്പെട്ടിരിക്കുന്നത്. ഇത് ശബ്ദത്തിന്റെ സ്വഭാവത്തിനു മാററംവരുത്തുന്നു, അതു തലയുടെ പിമ്പിൽനിന്നു വരുന്നതായി തലച്ചോർ വ്യാഖ്യാനിക്കുന്നു. തലയ്ക്കു മുകളിൽനിന്നുള്ള ശബ്ദങ്ങളും മാററപ്പെടുന്നുണ്ട്, എന്നാൽ ഒരു വ്യത്യസ്ത അഭീഷ്ണതാ ബാൻഡിലാണ്.
മദ്ധ്യകർണ്ണം—ഒരു മെക്കാനിക്കിന്റെ സ്വപനം
മദ്ധ്യകർണ്ണത്തിന്റെ ജോലി ശബ്ദതരംഗത്തിന്റെ ധ്വനീയകമ്പനത്തെ യാന്ത്രിക കമ്പനമാക്കി മാററി ആന്തരകർണ്ണത്തിലേക്കു കടത്തിവിടുകയെന്നതാണ്. പയറിന്റെ വലിപ്പമുള്ള ഈ അറയിൽ നടക്കുന്നത് യഥാർത്ഥത്തിൽ ഒരു മെക്കാനിക്കിന്റെ സ്വപ്നമാണ്.
ഉച്ചത്തിലുള്ള ശബ്ദങ്ങൾ കർണ്ണപുടത്തിൽ ഗണ്യമായ ചലനമുണ്ടാക്കുന്നുവെന്ന അഭിപ്രായത്തിനു വിരുദ്ധമായി, അതിസൂക്ഷ്മമായ അളവിൽമാത്രമേ ശബ്ദതരംഗങ്ങൾ അങ്ങനെ ചെയ്യുന്നുള്ളു. അങ്ങനെയുള്ള അല്പമായ ചലനം ദ്രാവകം നിറഞ്ഞ ആന്തരകർണ്ണം പ്രതികരിക്കാനിടയാക്കത്തക്കവണ്ണം വേണ്ടത്രയില്ല. ഈ തടസ്സം തരണംചെയ്യപ്പെടുന്ന രീതി വീണ്ടും ചെവിയുടെ വിദഗ്ദ്ധരൂപകല്പനയെ പ്രകടമാക്കുന്നു.
മദ്ധ്യകർണ്ണത്തിലെ മൂന്നു ചെറിയ അസ്ഥികളുടെ ബന്ധം സംവേദകമാണെന്നു മാത്രമല്ല കാര്യക്ഷമവും കൂടെയാണ്. ഒരു ലിവർസിസ്ററമായി പ്രവർത്തിച്ചുകൊണ്ട് അത് അകത്തേക്കു കടക്കുന്ന ഏതു ശക്തികളെയും ഏതാണ്ട് 30 ശതമാനം വലിപ്പപ്പെടുത്തുന്നു. കൂടാതെ, കർണ്ണപുടം വിസ്തീർണ്ണത്തിൽ സ്ററിറപ്പിന്റെ അടിത്തട്ടത്തെക്കാൾ ഏതാണ്ട് 20 മടങ്ങു വലുതാണ്. അങ്ങനെ, കർണ്ണപുടത്തിൻമേൽ ചെലുത്തപ്പെടുന്ന ശക്തി അണ്ഡാകാര ജനാലയിങ്കൽ വളരെ ചെറിയ സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുന്നു. ഈ രണ്ടു ഘടകങ്ങളും കൂടെ ചേർന്ന് കമ്പനംചെയ്യുന്ന കർണ്ണപുടത്തിലെ മർദ്ദത്തെ അണ്ഡാകാര ജനാലയിങ്കൽ 25 മുതൽ 30 വരെ മടങ്ങ് വർദ്ധിതമാക്കുന്നു, ഇത് കോക്ലിയയിലെ അഥവാ കർണ്ണവള്ളിയിലെ ദ്രാവകത്തെ ചലിപ്പിക്കാൻ പര്യാപ്തമാണ്.
ഒരു ജലദോഷം ചിലപ്പോൾ നിങ്ങളുടെ കേൾവിയെ ബാധിക്കുന്നതായി നിങ്ങൾ കാണുന്നുണ്ടോ? ഇതിനു കാരണം കർണ്ണപുടത്തിന്റെ ഉചിതമായ പ്രവർത്തനത്തിന് അതിന്റെ ഇരുവശങ്ങളിലെയും മർദ്ദം തുല്യമായിരിക്കേണ്ടതുണ്ടെന്നുള്ളതാണ്. സാധാരണഗതിയിൽ ഇത് മദ്ധ്യകർണ്ണത്തെ നാസാപഥത്തിന്റെ പിൻഭാഗവുമായി ബന്ധിപ്പിക്കുന്ന യൂസ്റേറഷ്യൻററ്യൂബ് എന്നു പേരുള്ള ഒരു ചെറിയ ദ്വാരത്താൽ നിലനിർത്തപ്പെടുന്നു. ഈ ററ്യൂബ് നാം എന്തെങ്കിലും വിഴുങ്ങുന്ന ഓരോ സമയത്തും തുറക്കുകയും മദ്ധ്യകർണ്ണത്തിലെ ഏതു മർദ്ദവർദ്ധനവിനെയും കുറയ്ക്കുകയും ചെയ്യുന്നു.
ആന്തര കർണ്ണം—ചെവിയുടെ പ്രവർത്തനപരമായ അവസാനം
അണ്ഡാകാര ജനാലയിൽനിന്ന് നാം ആന്തര കർണ്ണത്തിലേക്കു വരുന്നു. അർദ്ധവൃത്താകാര നാളികൾ എന്നു വിളിക്കപ്പെടുന്ന, പരസ്പരം ലംബമായിരിക്കുന്ന മൂന്നു വലയങ്ങൾ സമനിലയും സമന്വയവും നിലനിർത്താൻ നമ്മെ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, കേൾവി യഥാർത്ഥത്തിൽ തുടങ്ങുന്നത് കോക്ലിയയിലാണ്.
കോക്ലിയാ (ഗ്രീക്കിലെ കോക്ലിയാസിൽനിന്ന്, ഒച്ച്) യഥാർത്ഥത്തിൽ അടിസ്ഥാനപരമായി ദ്രാവകം നിറഞ്ഞ മൂന്നു വാഹികകളുടെ അഥവാ നാളികളുടെ ഒരു ഭാണ്ഡമാണ്, അത് ഒച്ചിന്റെ തോടു പോലെ സർപ്പിലാകൃതിയിൽ ചുരുണ്ടിരിക്കുന്നു. രണ്ടു വാഹികകൾ സർപ്പിലത്തിന്റെ അഗ്രത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. സർപ്പിലത്തിന്റെ ചുവട്ടിൽ അണ്ഡാകാര ജനാല സ്ററിറപ്പിനാൽ ചലിപ്പിക്കപ്പെടുമ്പോൾ അത് ഒരു പിസ്ററൺ പോലെ അകത്തേക്കും പുറത്തേക്കും ചലിക്കുന്നു, അങ്ങനെ ദ്രാവകത്തിൽ ദ്രവീയ മർദ്ദതരംഗങ്ങളുളവാക്കുന്നു. ഈ തരംഗങ്ങൾ ശീർഷത്തിലേക്കും ശീർഷത്തിൽനിന്നും സഞ്ചരിക്കുമ്പോൾ അവ വാഹികകളെ വേർപെടുത്തുന്ന ഭിത്തികൾ കമ്പനംചെയ്യാനിടയാക്കുന്നു.
ആധാരസ്ഥ സ്തരം എന്നറിയപ്പെടുന്ന ഭിത്തികളിലൊന്നിൽ അത്യന്തം സംവേദകമായ കോർട്ടി അവയവം സ്ഥിതിചെയ്യുന്നു, 1851ൽ കേൾവിയുടെ ഈ യഥാർത്ഥകേന്ദ്രം കണ്ടുപിടിച്ച അൽഫോൻസോ കോർട്ടിയുടെ പേരാണിതിനിട്ടിരിക്കുന്നത്. അതിന്റെ മുഖ്യഭാഗം 15,000മോ അധികമോ ഗ്രാഹക രോമകോശങ്ങളുടെ നിരകൾ അടങ്ങുന്നതാണ്. ഈ രോമകോശങ്ങളിൽനിന്ന് ആയിരക്കണക്കിന് നാഡീതന്തുക്കൾ ശബ്ദത്തിന്റെ അഭീഷ്ണത, തീവ്രത, ധ്വനിഗുണത എന്നിവ സംബന്ധിച്ച വിവരങ്ങൾ തലച്ചോറിലേക്ക് എത്തിക്കുന്നു, അവിടെ കേൾവിയുടെ ഗ്രഹണം നടക്കുന്നു.
മർമ്മം അനാവരണംചെയ്യപ്പെടുന്നു
കോർട്ടി എന്ന അവയവം ഈ സങ്കീർണ്ണവിവരങ്ങൾ തലച്ചോറിനെ അറിയിക്കുന്നത് എങ്ങനെയാണെന്നുള്ളത് ദീർഘകാലം ഒരു മർമ്മമായി സ്ഥിതിചെയ്തു. ശാസ്ത്രജ്ഞൻമാർക്ക് അറിയാവുന്ന ഒരു സംഗതി തലച്ചോർ യാന്ത്രിക കമ്പനങ്ങളോടു പ്രതികരിക്കാതെ വൈദ്യുത രാസ മാററങ്ങളോടു മാത്രമേ പ്രതികരിക്കുന്നുള്ളുവെന്നതായിരുന്നു. കോർട്ടി എന്ന അവയവം ഏതോ വിധത്തിൽ ആധാരസ്ഥ സ്തരത്തിന്റെ കമ്പനത്തെ പൊരുത്തമുള്ള ചോദനങ്ങളായി മാററി തലച്ചോറിലേക്ക് അയക്കേണ്ടിയിരിക്കുന്നു.
ഈ ചെറിയ അവയവത്തിന്റെ മർമ്മം അനാവരണംചെയ്യുന്നതിന് ഹംഗറിക്കാരനായ ശാസ്ത്രജ്ഞൻ ജോർജ് വോൺ ബക്കസി ഏതാണ്ട് 25 വർഷമെടുത്തു. ദ്രവീയ മർദ്ദതരംഗങ്ങൾ കോക്ലിയായിലെ വാഹികകളിലൂടെ സഞ്ചരിക്കുമ്പോൾ അവ മാർഗ്ഗമദ്ധ്യേ അത്യുച്ചത്തിലെത്തുകയും ആധാരസ്ഥ സ്തരത്തിൻമേൽ തള്ളുകയും ചെയ്യുന്നു. ഉന്നത അഭീഷ്ണതയിലുള്ള ശബ്ദങ്ങൾ ഉളവാക്കുന്ന തരംഗങ്ങൾ കോക്ലിയായുടെ അടിഭാഗത്തോടടുത്ത് സ്തരത്തിൻമേൽ തള്ളുന്നു. താണ അഭീഷ്ണതയിലുള്ള ശബ്ദങ്ങളുടെ തരംഗങ്ങൾ ശീർഷത്തിനടുത്ത് സ്തരത്തിൻമേൽ തള്ളുന്നു. അങ്ങനെ, ഒരു പ്രത്യേക അഭീഷ്ണതയിലുള്ള ശബ്ദം ആധാരസ്ഥ സ്തരത്തെ ഒരു പ്രത്യേകസ്ഥാനത്ത് വഴക്കുന്ന തരംഗങ്ങൾ ഉളവാക്കുന്നുവെന്നും അവിടത്തെ രോമകോശങ്ങൾ പ്രതികരിക്കാനും തലച്ചോറിലേക്ക് സംജ്ഞകളയക്കാനുമിടയാക്കുന്നുവെന്നും ബക്കസി നിഗമനംചെയ്തു. രോമകോശങ്ങളുടെ സ്ഥാനം അഭീഷ്ണതയോട് പൊരുത്തത്തിലായിരിക്കും, ഉത്തേജിതമാകുന്ന രോമങ്ങളുടെ എണ്ണം തീവ്രതയോടു പൊരുത്തത്തിലായിരിക്കും.
ഈ വിശദീകരണം ലളിതസ്വരങ്ങളെസംബന്ധിച്ചു സത്യമാണ്. എന്നിരുന്നാലും, പ്രകൃതിയിലുണ്ടാകുന്ന ശബ്ദങ്ങൾ അപൂർവമായേ ലളിതമായിരിക്കുന്നുള്ളു. ഒരു തവളയുടെ കരച്ചിൽ ഒരു പടഹദ്ധ്വനിയിൽനിന്നു വ്യത്യസ്തമാണ്, അവ ഒരേ അഭീഷ്ണതയിലായിരുന്നാലും. ഇതിനു കാരണം ഓരോ ശബ്ദവും ഓരോ അടിസ്ഥാന സ്വരത്തിലും അനേകം അധിസ്വരത്തിലുമുള്ളതാണ് എന്നതാണ്. അധിസ്വരങ്ങളുടെ എണ്ണവും അവയുടെ ആപേക്ഷികശക്തിയും ഓരോ ശബ്ദത്തിനും അതിന്റെ വ്യതിരിക്ത ധ്വനിഗുണതയും അഥവാ സ്വഭാവവും കൊടുക്കുന്നു. ഇങ്ങനെയാണ് നാം കേൾക്കുന്ന ശബ്ദങ്ങൾ നാം തിരിച്ചറിയുന്നത്.
ആധാരസ്ഥ സ്തരത്തിന് ഒരേ സമയത്ത് സകല അധിസ്വരങ്ങളോടും പ്രതിവർത്തിക്കാനും അവ എത്രയെന്നും ഏതെന്നും കണ്ടുപിടിക്കാനും കഴിയും, അങ്ങനെ ശബ്ദത്തെ തിരിച്ചറിയുന്നു. ഗണിതശാസ്ത്രജ്ഞൻമാർ ഈ പ്രക്രിയയെ ഫൂരിയർ വിശകലനം എന്നു വിളിക്കുന്നു, 19-ാം നൂററാണ്ടിലെ വിദഗ്ദ്ധ ഫ്രഞ്ച്ഗണിതശാസ്ത്രജ്ഞനായിരുന്ന ജീൻ- ബാപ്ററിസ്റേറ-ജോസഫ് ഫൂരിയറിന്റെ പേരാണതിനു കൊടുത്തിരിക്കുന്നത്. എന്നിരുന്നാലും, കേൾക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനംചെയ്യുന്നതിനും വിവരങ്ങൾ തലച്ചോറിലേക്കെത്തിക്കുന്നതിനും ചെവി ഈ പുരോഗമിച്ച ഗണിതശാസ്ത്രവിദ്യ ഉടനീളം ഉപയോഗിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്.
ഇപ്പോൾപോലും, ആന്തരകർണ്ണം ഏതു തരം സംജ്ഞകളാണ് തലച്ചോറിലേക്കയക്കുന്നതെന്ന് ശാസ്ത്രജ്ഞൻമാർക്കു തിട്ടമില്ല. രോമകോശങ്ങളെല്ലാം അയക്കുന്ന സംജ്ഞകൾ ഏതാണ്ട് ഒരേ സമയദൈർഘ്യവും ശക്തിയുമുള്ളവയാണെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. അങ്ങനെ, സംജ്ഞകളുടെ ഉള്ളടക്കമല്ല, പിന്നെയോ ലളിതമായ സംജ്ഞകൾതന്നെയാണ് തലച്ചോറിലേക്ക് ഒരു സന്ദേശം എത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു.
ഇതിന്റെ പ്രാധാന്യം വിലയിരുത്തുന്നതിന്, കുട്ടികൾ അടുത്തടുത്ത കുട്ടികളോട് കഥപറയുന്ന കളി ഓർമ്മിക്കുക. അങ്ങേയററത്തെ കുട്ടി കേൾക്കുന്നതിന് മൂലത്തോടു സാദൃശമുണ്ടായിരിക്കയില്ല. ഒരു സങ്കീർണ്ണമായ കഥക്കു പകരം ഒരു സൂചകസംഖ്യയാണ് കൈമാറുന്നതെങ്കിൽ അത് വികലമാക്കപ്പെടാൻ സാദ്ധ്യതയില്ല. പ്രത്യക്ഷത്തിൽ അതാണ് ആന്തരകർണ്ണം ചെയ്യുന്നത്.
ഇന്നത്തെ പുരോഗമിച്ച വാർത്താവിനിമയ പദ്ധതികളിൽ ഉപയോഗിക്കപ്പെടുന്ന ഒരു സങ്കേതമായ പൾസ് കോഡ് മോഡുലേഷൻ ഇതേ തത്വമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ അയക്കുന്നതിനു പകരം, ആ സംഭവത്തെ പ്രതിനിധാനംചെയ്യുന്ന ഒരു കോഡ് അയക്കപ്പെടുന്നു. മാഴ്സിന്റെ ചിത്രങ്ങൾ ബൈനറി ബിററ്സായി ഭൂമിയിലേക്കയച്ചത് ഈ രീതിയിലായിരുന്നു, അല്ലെങ്കിൽ റക്കോഡിംഗിനും വീണ്ടും കേൾക്കുന്നതിനും ശബ്ദത്തെ ബിററ്സായി മാററുന്നത് ഈ വിധത്തിലാണ്. എന്നാൽ ചെവിക്ക് അത് നേരത്തെ ഉണ്ടായിരുന്നു!
ഒരു വിദഗദ്ധസൃഷ്ടി
നമ്മുടെ ചെവികൾ ഏററം നിശിതമോ ഏററം സംവേദകമോ ആയ ചെവികളല്ലായിരിക്കാം, എന്നാൽ അവ നമ്മുടെ ഏററവും വലിയ ആവശ്യങ്ങളിലൊന്ന്—ആശയവിനിയമം ചെയ്യേണ്ടതിന്റെ ആവശ്യകത—നിറവേററത്തക്കവണ്ണം അത്യന്തം അനുയോജ്യമാണ്. അവ മനുഷ്യസംസാരത്തിന്റെ ശബ്ദങ്ങളുടെ സ്വഭാവവിശേഷങ്ങളോട് വിശേഷാൽ പ്രതിവർത്തിക്കത്തക്കവണ്ണമാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. ശിശുക്കൾ ശരിയായി വളരുന്നതിന് അവരുടെ അമ്മയുടെ ശബ്ദം കേൾക്കേണ്ടതുണ്ട്. അവർ വളരുമ്പോൾ അവരുടെ സംസാരപ്രാപ്തികൾ വികസിപ്പിക്കാൻ അവർ മററു മനുഷ്യരുടെ ശബ്ദങ്ങൾ കേൾക്കേണ്ടതുണ്ട്. അവരുടെ ചെവികൾ ഒരു നാട്ടുകാരനുമാത്രം സാധിക്കുന്ന വിധത്തിൽ സംസാരിച്ചുകൊണ്ടു വളരത്തക്കവണ്ണം ഓരോ ഭാഷയുടെയും ഗഹനമായ സ്വരഭേദങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കാൻ അവരുടെ ചെവികൾ അവരെ അനുവദിക്കുന്നു.
ഇതൊന്നും അന്ധമായ പരിണാമത്തിന്റെ ഫലമല്ല. പകരം, നമ്മുടെ അത്ഭുതകരമായ ശ്രവണോപാധിക്ക് നമ്മുടെ സ്നേഹവാനായ സ്രഷ്ടാവായ യഹോവയോടാണു നാം കടമ്പെട്ടിരിക്കുന്നത്. (സദൃശവാക്യങ്ങൾ 20:12) നമ്മുടെ ചെവികൾ യഥാർത്ഥത്തിൽ വിദഗ്ദ്ധസൃഷ്ടികളും നമ്മുടെ നിർമ്മാതാവിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനങ്ങളുമാണ്. അവ മുഖേന നമുക്ക് സഹജീവികളോട് ആശയവിനിമയംചെയ്യാൻ കഴിയുന്നു. എന്നാൽ എല്ലാററിനുമുപരിയായി, ദൈവവചനത്തിൽനിന്നുള്ള ജ്ഞാനം ശ്രദ്ധിക്കുന്നതിന് നമുക്ക് അവ ഉപയോഗിക്കാം, തന്നിമിത്തം നമുക്ക് നമ്മുടെ സ്വർഗ്ഗീയപിതാവായ യഹോവയാം ദൈവത്തിൽനിന്ന് പഠിക്കാൻ കഴിയും. (w90 1⁄22)
[അടിക്കുറിപ്പുകൾ]
a മനുഷ്യസംസാരത്തിന്റെ ശബ്ദങ്ങളുടെ മിക്ക വ്യതിരിക്തസവിശേഷതകളും 2,000 മുതൽ 5,000 വരെ ഹേർട്ട്സിൽ (ഓരോ സെക്കണ്ടിലെയും ആവർത്തനം) പെടുന്നു. ഏകദേശമായി ഇവയാണ് കർണ്ണനാളിയും ബാഹ്യകർണ്ണത്തിന്റെ കേന്ദ്രദ്വാരവും പ്രതിദ്ധ്വനിപ്പിക്കുന്ന അഭീഷ്ണതകൾ
[19-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആന്തരകർണ്ണം
അർദ്ധവൃത്താകാര നാളികൾ
ചുററികാസ്ഥി
ബാഹ്യകർണ്ണം
അടകല്ല്
അണ്ഡാകാരജനാല
കർണ്ണവള്ളി
കർണ്ണനാളി
സ്ററിറപ്പ്
കർണ്ണപുടം
യുസ്റേറഷ്യൻ ററ്യൂബ്
ചെവി
മദ്ധ്യകർണ്ണം
[20-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ചിത്രം ചുരുളഴിഞ്ഞ മൂന്ന് വാഹികകൾ കാണിച്ചുതരുന്നു
കോക്ലിയാ
പ്രഘ്രാണ നാളി
കോക്ലിയർ വാഹിക
കർണ്ണപടഹനാളി