നിങ്ങളുടെ ശ്രവണശക്തി—അമൂല്യമായി കരുതേണ്ട ഒരു ദാനം
നഗരത്തിലെ കോലാഹലങ്ങളിൽനിന്ന് അകന്നുമാറി കിടക്കുന്ന ഗ്രാമത്തിലെ ഒരു സ്വച്ഛ സായാഹ്നം രാത്രിയുടെ മന്ദസ്വരങ്ങൾക്കു കാതോർക്കാൻ അവസരം നൽകുന്നു. ഇളംകാറ്റിൽ ഇലകളുടെ നേർത്ത മർമരം. ചീവീടുകളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും അകലെനിന്നുള്ള വിളികൾ. അത്തരം മന്ദസ്വരങ്ങൾ ശ്രവിക്കുന്നത് എത്ര ധന്യമായൊരു അനുഭൂതിയാണ്! നിങ്ങൾക്കവ കേൾക്കാമോ?
മനുഷ്യന്റെ ശ്രവണവ്യൂഹത്തിന്റെ പ്രാപ്തി വിസ്മയാവഹമാണ്. പ്രതിധ്വനിക്കാത്ത ഒരു അറയിൽ—എല്ലാ ശബ്ദങ്ങളും ആഗിരണം ചെയ്യത്തക്കവിധം രൂപസംവിധാനം ചെയ്യപ്പെട്ട പ്രതലങ്ങളോടു കൂടിയ ശ്രവണപരമായി വേർതിരിക്കപ്പെട്ട ഒരു മുറി—അര മണിക്കൂർ ഇരിക്കുമ്പോൾ നിങ്ങളുടെ ശ്രവണപ്രാപ്തി സാവധാനം വർധിച്ചുവരുന്നു. അതായത് നിങ്ങൾക്കിപ്പോൾ നിങ്ങളുടെ ശരീരത്തിനുള്ളിലെ അപരിചിത ശബ്ദങ്ങളും കേൾക്കാനാകും. ശ്രവണശാസ്ത്രജ്ഞനായ എഫ്. ഓൾട്ടൻ എവറസ്റ്റ് ദ മാസ്റ്റർ ഹാൻഡ്ബുക്ക് ഓഫ് അക്കൂസ്റ്റിക്സിൽ ഈ അനുഭവത്തെക്കുറിച്ചു വർണിക്കുന്നു. ആദ്യം, നിങ്ങൾക്ക് ഹൃദയമിടിപ്പ് ഉച്ചത്തിൽ കേൾക്കാൻ സാധിക്കുന്നു. മുറിയിൽ ഏകദേശം ഒരു മണിക്കൂർ ചെലവഴിക്കുമ്പോൾ രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നു. അവസാനമായി, “അൽപ്പം കൂടെ ക്ഷമിച്ചിരുന്നാൽ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനും രക്തമൊഴുകുന്ന ശബ്ദത്തിനും ഇടയിലായി പരിചിതമല്ലാത്ത ഒരു സീത്കാരം നിങ്ങൾക്കു കേൾക്കാനാകും,” നല്ല കേൾവിശക്തിയുണ്ടായിരിക്കണമെന്നു മാത്രം. “അതെന്താണ്? അത് വായു കണങ്ങൾ നിങ്ങളുടെ കർണപുടങ്ങളിൽ ചെന്നിടിക്കുന്നതിന്റെ ശബ്ദമാണ്. ഇതിന്റെ ഫലമായി കർണപുടത്തിനുണ്ടാകുന്ന ചലനം വളരെ വളരെ നേരിയതാണ്—അത് കേവലം ഒരു സെൻറിമീറ്ററിന്റെ ദശലക്ഷത്തിലൊന്നിന്റെ 100-ൽ ഒന്നുമാത്രമാണ്!” എവറസ്റ്റ് വിശദീകരിക്കുന്നു. ഇതാണ് “കേൾവിയുടെ അതിർത്തി,” ശബ്ദം ഗ്രഹിക്കാനുള്ള നിങ്ങളുടെ പ്രാപ്തിയുടെ താഴ്ന്ന പരിധി. ശബ്ദത്തോട് ഇതിലുമേറെ സംവേദനക്ഷമതയുള്ളതുകൊണ്ട് ഫലമില്ല. എന്തുകൊണ്ടെന്നാൽ തീവ്രതകുറഞ്ഞ ശബ്ദങ്ങൾ വായു കണങ്ങളുടെ ചലനത്തിന്റെ ശബ്ദത്തിൽ കേൾക്കാതാകുന്നു.
ബാഹ്യകർണം, മധ്യകർണം, ആന്തരകർണം ഇവയുടെ സഹകരണവും നമ്മുടെ നാഡീവ്യൂഹത്തിന്റെയും മസ്തിഷ്കത്തിന്റെയും സംസ്കരണ-ഗ്രഹണ പ്രാപ്തികളും ചേർന്നാണ് ശ്രവണം സാധ്യമാക്കുന്നത്. കമ്പനം ചെയ്യുന്ന തരംഗങ്ങളായിട്ടാണ് ശബ്ദം വായുവിലൂടെ സഞ്ചരിക്കുന്നത്. ഈ തരംഗങ്ങൾ നമ്മുടെ കർണപുടങ്ങളെ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുന്നു. തുടർന്ന് മധ്യകർണം ഈ ചലനത്തെ ആന്തരകർണത്തിലേക്കു വ്യാപിപ്പിക്കുന്നു. അവിടെവെച്ച് ചലനം നാഡീയ ആവേഗങ്ങളായി മാറ്റപ്പെടുന്നു. മസ്തിഷ്കം അവയെ ശബ്ദമായി മനസ്സിലാക്കുന്നു.a
നിങ്ങളുടെ പ്രധാനപ്പെട്ട ബാഹ്യകർണം
നിങ്ങളുടെ ചെവിയുടെ വഴങ്ങുന്നതും മടക്കുകളുള്ളതുമായ ബാഹ്യ ഭാഗത്തെ ചെവിക്കുട എന്നു വിളിക്കുന്നു. അതു ശബ്ദം ശേഖരിക്കുന്നു. എന്നാൽ അത് അതിലുമധികം ചെയ്യുന്നു. ചെവിക്ക് കൊച്ചു കൊച്ചു മടക്കുകളുള്ളത് എന്തുകൊണ്ടാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചെവിക്കുടയുടെ വ്യത്യസ്ത പ്രതലങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന ശബ്ദതരംഗങ്ങൾക്ക് അവയുടെ പതനകോൺ അനുസരിച്ച് സൂക്ഷ്മ വ്യതിയാനം സംഭവിക്കുന്നു. മസ്തിഷ്കത്തിന് ഈ സൂക്ഷ്മ വ്യതിയാനങ്ങളുടെ കോഡു ഭാഷ മനസ്സിലാക്കി ശബ്ദ സ്രോതസ്സിന്റെ സ്ഥാനം നിർണയിക്കാൻ കഴിയും. നിങ്ങളുടെ ഓരോ ചെവിയിലും പ്രവേശിക്കുന്ന ശബ്ദത്തിന്റെ സമയവും തീവ്രതയും താരതമ്യപ്പെടുത്തുന്നതിനു പുറമേയാണ് മസ്തിഷ്കം ഇതു ചെയ്യുന്നത്.
ഇതു തെളിയിക്കുന്നതിന്, കണ്ണടച്ചു നിൽക്കുന്ന ഒരാളുടെ മുന്നിൽ നിന്ന് വിരലുകൾ ഞൊടിച്ചുകൊണ്ട് നിങ്ങൾ കൈ നേരേ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. നിങ്ങളുടെ വിരലുകൾ അയാളുടെ ഇരുചെവികളിൽനിന്നും തുല്യ അകലത്തിലാണെങ്കിലും ശബ്ദം വരുന്നത് മുകളിൽനിന്നാണോ താഴെനിന്നാണോ ഇടയ്ക്കുനിന്നാണോ എന്ന് അയാൾക്കു പറയാൻ കഴിയും. വാസ്തവത്തിൽ, ഒരു ചെവിക്കു മാത്രം കേൾവിശക്തിയുള്ള ആൾക്കുപോലും ശബ്ദത്തിന്റെ സ്ഥാനം ഏറെക്കുറെ നന്നായി മനസ്സിലാക്കാൻ കഴിയും.
നിങ്ങളുടെ മധ്യകർണം—ഒരു യാന്ത്രിക അത്ഭുതം
നിങ്ങളുടെ മധ്യകർണത്തിന്റെ മുഖ്യ ധർമം കർണപുടത്തിന്റെ ചലനത്തെ ആന്തരകർണത്തിലുള്ള ദ്രാവകത്തിലേക്കു കൈമാറുകയെന്നതാണ്. ആ ദ്രാവകത്തിന് വായുവിനെക്കാൾ വളരെയധികം ഭാരമുണ്ട്. അതുകൊണ്ട്, കുത്തനെയുള്ള ഒരു കുന്നു കയറുന്ന സൈക്കിളുകാരന്റെ കാര്യത്തിലെപ്പോലെ ഊർജത്തെ കഴിയുന്നത്ര കാര്യക്ഷമമായി വഹിക്കാൻ ശരിയായ ‘ഗിയർ അനുപാതം’ ആവശ്യമാണ്. മധ്യകർണത്തിൽ ഊർജത്തെ കൈമാറുന്നതു മൂന്നു ചെറിയ അസ്ഥികളാണ്. ആകൃതിയനുസരിച്ച് അവ സാധാരണമായി ഹാമർ, ആൻവിൽ, സ്റ്റിറപ് എന്നിങ്ങനെ വിളിക്കപ്പെടുന്നു. ഈ കൊച്ച് യന്ത്രശൃംഖല ആന്തരകർണത്തിന് മിക്കവാറും സമ്പൂർണമായ ഒരു ‘ഗിയർ അനുപാതം’ കൈവരിക്കുന്നു. അതില്ലെങ്കിൽ ശബ്ദോർജത്തിന്റെ 97 ശതമാനം നഷ്ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു!
ലോലമായ രണ്ടു പേശികൾ മധ്യകർണത്തിലെ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. താഴ്ന്ന ആവൃത്തിയിലുള്ള, ഉച്ചത്തിലുള്ള ശബ്ദങ്ങൾ ചെവിയിൽ പ്രവേശിച്ച് ഒരു സെക്കൻഡിന്റെ നൂറിലൊന്നു സമയമാകുമ്പോൾ ഈ പേശികൾ താനേ മുറുകുന്നു. ഇത് ശൃംഖലയുടെ ചലനത്തെ വലിയ അളവിൽ നിയന്ത്രിക്കുകയും ഉണ്ടായേക്കാവുന്ന തകരാറിൽനിന്ന് കർണത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. പ്രകൃതിയിലെ ഉച്ചത്തിലുള്ള മിക്കവാറുമെല്ലാ ശബ്ദങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കത്തക്കവിധം ഈ അനൈച്ഛിക പ്രവർത്തനം വളരെ വേഗത്തിലാണ് നടക്കുന്നത്. എങ്കിലും യന്ത്രോപകരണങ്ങളും വൈദ്യുതോപകരണങ്ങളും ഉത്പാദിപ്പിക്കുന്ന എല്ലാ ശബ്ദങ്ങളിൽനിന്നും അതു സംരക്ഷണം നൽകുന്നില്ല. മാത്രമല്ല, ഈ കൊച്ചു പേശികൾക്ക് പത്തുമിനിറ്റു വരെയേ സംരക്ഷണാത്മകമായ ആ നിലയിൽ നിലകൊള്ളാനാകൂ. എന്നാൽ ആ സമയംകൊണ്ട് നിങ്ങൾക്ക് അലോസരപ്പെടുത്തുന്ന ശബ്ദത്തിൽനിന്ന് ഓടിയകലാൻ കഴിയും. രസാവഹമെന്നു പറയട്ടെ, നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ശ്രവണ സംവേദനക്ഷമത കുറയ്ക്കുന്നതിനായി മസ്തിഷ്കം ഈ പേശികളിലേക്ക് സംജ്ഞകൾ അയയ്ക്കുന്നു. നിങ്ങളുടെ സ്വന്തം ശബ്ദം നിങ്ങൾക്ക് ശല്യമായി തോന്നാതിരിക്കാനാണിത്.
നിങ്ങളുടെ വിസ്മയാവഹമായ ആന്തരകർണം
കേൾവിയുമായി ബന്ധപ്പെട്ട ആന്തരകർണത്തിന്റെ ഭാഗം സ്ഥിതിചെയ്യുന്നത് കോക്ലിയയിലാണ്. ഒച്ചിന്റെ കവചത്തിന്റെ ആകൃതിയുള്ളതുകൊണ്ടാണ് അതിന് ഈ പേരു വന്നത്. ഈ ദുർബല യന്ത്രസംവിധാനത്തെ സംരക്ഷിക്കുന്ന കവചമാണ് ശരീരത്തിലെ ഏറ്റവും കട്ടികൂടിയ അസ്ഥി. അതിന്റെ ചുരുളിനുള്ളിലാണ് ബാസിലർ സ്തരം, കോക്ലിയയെ ചാനലുകളായി തിരിക്കുന്ന അനേകം കലകളിലൊന്നാണിത്. ബാസിലർ സ്തരത്തിലാണ് ഓർഗൻ ഓഫ് കോർട്ടി. ഇതിൽ ആയിരക്കണക്കിന് രോമകോശങ്ങൾ—കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന ദ്രവത്തിൽ മുങ്ങിക്കിടക്കുന്ന രോമസമാന അഗ്രങ്ങളോടുകൂടിയ നാഡീ കോശങ്ങൾ—ഉണ്ട്.
മധ്യകർണത്തിലെ അസ്ഥികളുടെ ചലനം കോക്ലിയയിലെ അണ്ഡാകാരജാലകത്തെ കമ്പനം ചെയ്യിക്കുമ്പോൾ ദ്രവത്തിൽ തരംഗങ്ങളുണ്ടാകുന്നു. ഈ തരംഗങ്ങൾ സ്തരങ്ങളെ ചലിപ്പിക്കുന്നു. ഒരു കുളത്തിലെ കൊച്ചോളങ്ങൾ അതിൽ പൊന്തിക്കിടക്കുന്ന ഇലകളെ മേലോട്ടും കീഴോട്ടും ചലിപ്പിക്കുന്നതുപോലെയാണിത്. തരംഗങ്ങൾ പ്രത്യേക ആവൃത്തികൾക്കനുരൂപമായി ബാസിലർ സ്തരത്തിന്റെ പ്രത്യേക ഭാഗങ്ങളെ വളയ്ക്കുന്നു. ആ ഭാഗങ്ങളിലുള്ള രോമകോശങ്ങൾ അപ്പോൾ മുകളിലുള്ള ഛാദകസ്തരത്തെ (tectorial membrane) തൊട്ടുരുമ്മുന്നു. ഇത് രോമകോശങ്ങളെ ഉദ്ദീപിപ്പിക്കുകയും അവ ആവേഗങ്ങൾ പുറപ്പെടുവിച്ച് മസ്തിഷ്കത്തിലേക്കയയ്ക്കുകയും ചെയ്യുന്നു. ശബ്ദത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കൂടുതൽ രോമകോശങ്ങൾ കൂടുതൽ വേഗത്തിൽ ഉദ്ദീപിപ്പിക്കപ്പെടുന്നു. അങ്ങനെ, മസ്തിഷ്കം കൂടുതൽ ഉച്ചത്തിലുള്ള ശബ്ദത്തെ മനസ്സിലാക്കുന്നു.
നിങ്ങളുടെ മസ്തിഷ്കവും ശ്രവണശക്തിയും
നിങ്ങളുടെ ശ്രവണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മസ്തിഷ്കമാണ്. നാഡീയ ആവേഗങ്ങളുടെ രൂപത്തിൽ ലഭിക്കുന്ന വിവരങ്ങളെല്ലാം വായിച്ച് ശബ്ദത്തെ ഗ്രഹിക്കാനുള്ള അത്ഭുതകരമായ പ്രാപ്തി അതിനുണ്ട്. ഈ പ്രമുഖ ധർമം ചിന്തയും കേൾവിയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ എടുത്തുകാട്ടുന്നു. ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുന്ന മേഖലയാണ് മാനസികശ്രവണശാസ്ത്രം. ഉദാഹരണത്തിന്, നിറയെ ആളുകളുള്ള ഒരു മുറിയിലെ പല സംഭാഷണങ്ങളിൽ ഏതെങ്കിലുമൊന്നു കേൾക്കാൻ മസ്തിഷ്കം നിങ്ങളെ പ്രാപ്തരാക്കുന്നു. മൈക്രോഫോണിന് ഈ കഴിവില്ല. അതുകൊണ്ട്, ആ മുറിയിലെ സംഭാഷണങ്ങളുടെ ടേപ്പ് റെക്കോർഡിങ് അവ്യക്തമായിരിക്കും.
അനാവശ്യ ഒച്ചപ്പാടുകൾ കേൾക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഈ ബന്ധത്തിന്റെ മറ്റൊരു വശം പ്രകടമാക്കുന്നു. എത്ര തീവ്രത കുറഞ്ഞ ശബ്ദമായാലും നിങ്ങൾ ആഗ്രഹിക്കാത്ത സമയത്തു കേൾക്കാനിടയാകുമ്പോൾ അതു നിങ്ങളെ അസ്വസ്ഥരാക്കുന്നു. ഉദാഹരണത്തിന്, ഒരു ടാപ്പിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴുമ്പോഴുള്ള ശബ്ദം വളരെ നേർത്തതാണ്. എന്നാൽ രാത്രിയുടെ നിശബ്ദതയിൽ അതു നിങ്ങളുടെ ഉറക്കം കെടുത്തുന്നെങ്കിൽ നിങ്ങൾക്കത് അങ്ങേയറ്റം ശല്യമായി തോന്നിയേക്കാം!
വാസ്തവത്തിൽ, നമ്മുടെ വികാരങ്ങൾ ശ്രവണബോധവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്യമായ ചിരിയുടെ അല്ലെങ്കിൽ ആത്മാർഥമായ ഒരു സ്നേഹവാക്കോ പ്രശംസാവാക്കോ ഉളവാക്കുന്ന ഊഷ്മളതയുടെ സാംക്രമിക ഫലത്തെക്കുറിച്ചു ചിന്തിക്കുക. അതുപോലെതന്നെ, നാം വളരെയധികം കാര്യങ്ങൾ ബുദ്ധിപരമായി പഠിക്കുന്നത് കേൾവിയിലൂടെയാണ്.
അമൂല്യമായി കരുതേണ്ട ഒരു ദാനം
കേൾവിയുടെ മനംകവരുന്ന രഹസ്യങ്ങളിൽ പലതും ഇനിയും ചുരുളഴിഞ്ഞിട്ടില്ല. എന്നാൽ ഇതുവരെ നേടിയിട്ടുള്ള ശാസ്ത്രീയ ഗ്രാഹ്യം അതിൽ പ്രകടമായിരിക്കുന്ന ബുദ്ധിശക്തിയോടും സ്നേഹത്തോടുമുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നു. “മനുഷ്യന്റെ ശ്രവണവ്യൂഹത്തെക്കുറിച്ച് എത്ര ഗഹനമായി പരിചിന്തിച്ചാലും ഉപകാരിയായ ആരോ ഒരാൾ അത് രൂപകൽപ്പന ചെയ്തതാണെന്ന് അതിന്റെ സങ്കീർണമായ ധർമങ്ങളും ഘടനകളും സൂചിപ്പിക്കുന്നുവെന്ന് നാം സമ്മതിച്ചു പോകും” എന്ന് ശ്രവണഗവേഷകനായ എഫ്. ഓൾട്ടൻ എവറസ്റ്റ് എഴുതുന്നു.
പുരാതന ഇസ്രായേലിലെ ദാവീദ് രാജാവിന് ശ്രവണത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് ഇന്നുള്ള ശാസ്ത്രീയ പരിജ്ഞാനമൊന്നുമില്ലായിരുന്നു. എന്നിട്ടും, അവൻ സ്വന്തം ശരീരത്തെക്കുറിച്ചും അതിലെ അനേകം ദാനങ്ങളെക്കുറിച്ചും ശ്രദ്ധാപൂർവം പരിചിന്തിച്ചശേഷം തന്റെ നിർമാതാവിനെക്കുറിച്ച് ഇങ്ങനെ പാടി: ‘ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.’ (സങ്കീർത്തനം 139:14) കേൾവിയുൾപ്പെടെയുള്ള ശരീരത്തിന്റെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റിയുള്ള ശാസ്ത്രീയ ഗവേഷണം ദാവീദ് പറഞ്ഞത് ശരിയാണെന്നുള്ളതിന് കൂടുതലായ തെളിവു നൽകുന്നു—ജ്ഞാനിയും സ്നേഹനിധിയുമായ ഒരു സ്രഷ്ടാവ് നമ്മെ അത്ഭുതകരമായി രൂപകൽപ്പന ചെയ്തിരിക്കുന്നു!
[അടിക്കുറിപ്പുകൾ]
[24-ാം പേജിലെ ചതുരം/ചിത്രം]
കേൾവിത്തകരാറുള്ളവർക്കു സഹായം
ഉച്ചത്തിലുള്ള ശബ്ദം ദീർഘനാൾ കേട്ടുകൊണ്ടിരുന്നാൽ അത് സ്ഥിരമായ കേൾവിത്തകരാറിന് കാരണമാകുന്നു. കർണകഠോരമായ സംഗീതം കേൾക്കുന്നതും ഒച്ചപ്പാടുണ്ടാക്കുന്ന ഉപകരണങ്ങളുള്ളിടത്ത് സംരക്ഷണമില്ലാതെ ജോലിചെയ്യുന്നതും കേൾവിത്തകരാറിനിടയാക്കുന്നു. കേൾവിത്തകരാറുള്ളവർക്കും ജന്മനാ ബധിരരായവർക്കും ശ്രവണസഹായികൾ ഒരു പരിധിവരെ സഹായം ചെയ്യുന്നു. അത്തരം ഉപകരണങ്ങൾ അനേകരെയും ശബ്ദലോകത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ആദ്യമായി ശ്രവണസഹായികൾ വെച്ചപ്പോൾ ഒരു സ്ത്രീ അടുക്കള ജനലിനു വെളിയിൽ അപരിചിതമായ ഒരു ശബ്ദം കേട്ടു. “അത് കിളികളുടെ ശബ്ദമായിരുന്നു! ഞാൻ കിളികളുടെ ശബ്ദം കേട്ടിട്ട് വർഷങ്ങളായിരുന്നു!” അവർ ആഹ്ലാദത്തോടെ പറയുന്നു.
കാര്യമായ തകരാറൊന്നും സംഭവിച്ചില്ലെങ്കിൽകൂടി പ്രായംചെല്ലുമ്പോൾ ഉച്ചസ്ഥായിയിലുള്ള ശബ്ദങ്ങൾ കേൾക്കാനുള്ള പ്രാപ്തി സാധാരണഗതിയിൽ കുറയാറുണ്ട്. സങ്കടകരമെന്നു പറയട്ടെ, വ്യഞ്ജന ശബ്ദങ്ങളുടെ ആവൃത്തികളും ഇത്തരം ശബ്ദങ്ങളിൽ പെടുന്നു—നമ്മുടെ സംസാരം മറ്റുള്ളവർക്കു മനസ്സിലാകണമെങ്കിൽ വ്യഞ്ജന ശബ്ദങ്ങൾ മിക്കപ്പോഴും സംസാരത്തിൽ അനിവാര്യമാണുതാനും. അതുകൊണ്ട്, പൈപ്പിൽനിന്നു വെള്ളംവീഴുന്ന ശബ്ദമോ കടലാസ് ചുരുട്ടുന്ന ശബ്ദമോ പോലെയുള്ള, ഒരു വീട്ടിലുണ്ടാകുന്ന സാധാരണ ശബ്ദങ്ങൾ പ്രായംചെന്നവർക്ക് സംഭാഷണങ്ങൾ കേൾക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നു. എന്തുകൊണ്ടെന്നാൽ ഉയർന്ന ആവൃത്തിയുള്ള ആ ശബ്ദങ്ങളിൽ വ്യജ്ഞന ശബ്ദങ്ങൾ കേൾക്കാതാകുന്നു. ശ്രവണസഹായികൾ കുറെയൊക്കെ ആശ്വാസം കൈവരുത്തിയേക്കാം. എന്നാൽ അവയ്ക്കും അവയുടേതായ കോട്ടങ്ങളുണ്ട്. ഒന്നാമതായി, ഗുണമേൻമയുള്ള ശ്രവണസഹായികൾ വളരെ ചെലവേറിയതാണ്—പല രാജ്യങ്ങളിലെയും സാധാരണക്കാരായ ആളുകൾക്ക് അവ വാങ്ങാനേ പറ്റുകയില്ല. ഇനി, ശ്രവണസഹായി ഉപയോഗിച്ചാൽതന്നെയും അവയ്ക്കൊന്നിനും സാധാരണ കേൾവിശക്തി പൂർണമായി തിരികെനൽകാൻ കഴിയില്ല. അതുകൊണ്ട് എന്താണു ചെയ്യാൻ കഴിയുക?
പരിഗണന കാണിക്കുന്നതു വളരെ സഹായകമാണ്. കേൾവിക്കുറവുള്ള ഒരാളോട് സംസാരിക്കുന്നതിനു മുമ്പ് നിങ്ങൾ സംസാരിക്കാൻപോകുകയാണെന്ന കാര്യം അയാൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ആ വ്യക്തിക്ക് അഭിമുഖമായി നിന്ന് സംസാരിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരചലനങ്ങളും അധരചലനങ്ങളും കാണുന്നതിനും നിങ്ങൾ ഉച്ചരിക്കുന്ന വാക്കുകളിലുള്ള വ്യഞ്ജനങ്ങൾ മുഴു തീവ്രതയിലും കേൾക്കുന്നതിനും അയാളെ സഹായിക്കുന്നു. സാധിക്കുമെങ്കിൽ ആ വ്യക്തിയോട് കൂടുതൽ അടുത്തുനിന്നുകൊണ്ട് സാവധാനത്തിൽ, വ്യക്തമായി സംസാരിക്കുക; വളരെ ഉച്ചത്തിൽ സംസാരിക്കരുത്. വാസ്തവത്തിൽ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾവിത്തകരാറുള്ള പലർക്കും അസ്വസ്ഥത ജനിപ്പിക്കുന്നു. ഒരു പ്രസ്താവന മനസ്സിലായില്ലെങ്കിൽ അത് ആവർത്തിക്കുന്നതിനുപകരം മറ്റു വാക്കുകളിൽ പറയാൻ ശ്രമിക്കുക. അതുപോലെതന്നെ, നിങ്ങൾക്ക് മുമ്പത്തെപ്പോലെ കേൾവിശക്തിയില്ലാത്തപക്ഷം, സംസാരിക്കുന്ന ആളുടെ അടുത്തേക്കു നീങ്ങിനിന്നുകൊണ്ടും ക്ഷമ പ്രകടിപ്പിച്ചുകൊണ്ടും നിങ്ങളുമായി ആശയവിനിയമം നടത്തുന്നത് മറ്റുള്ളവർക്ക് കൂടുതൽ എളുപ്പമാക്കിത്തീർക്കാൻ കഴിയും. കൂടുതലായ ഈ ശ്രമങ്ങൾ മെച്ചപ്പെട്ട ബന്ധങ്ങൾക്കിടയാക്കുകയും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്തേക്കാം.
[ചിത്രം]
കേൾവിക്കുറവുള്ള ഒരാളോട് സംസാരിക്കുമ്പോൾ അയാൾക്ക് അഭിമുഖമായി നിന്ന് സാവധാനത്തിൽ, വ്യക്തമായി സംസാരിക്കുക
[23-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
നിങ്ങളുടെ ചെവി
ചെവിക്കുട
അണ്ഡാകാരജാലകം
ശ്രവണനാഡി
ഹാമർ (മാലിയസ്)
ആൻവിൽ (ഇങ്കസ്)
സ്റ്റിറപ് (സ്റ്റേപിസ്)
ശ്രവണനാളി
കർണപുടം
കോക്ലിയ
ഓർഗൻ ഓഫ് കോർട്ടി
വൃത്താകാരജാലകം
ശ്രവണനാഡി
രോമകോശങ്ങൾ
ഛാദകസ്തരം
നാഡീതന്തുക്കൾ
ബാസിലർ സ്തരം