യുവജനങ്ങൾ ചോദിക്കുന്നു
ആരോഗ്യപ്രശ്നങ്ങളുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാം?
‘യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ’ എന്ന് സദൃശവാക്യങ്ങൾ 20:29 പറയുന്നു. നിങ്ങൾ രോഗിയോ വൈകല്യമുള്ള വ്യക്തിയോ ആണെങ്കിൽ ആ തിരുവെഴുത്ത് നിങ്ങളുടെ കാര്യത്തിൽ ഒരിക്കലും സത്യമാകില്ല എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. പക്ഷേ നിങ്ങൾക്കു തെറ്റി! വൈകല്യമോ വിട്ടുമാറാത്ത രോഗമോ ഉള്ള അനേകം യുവാക്കൾ ആ തടസ്സങ്ങൾ മറികടന്നിരിക്കുന്നു എന്നതാണ് വസ്തുത. അങ്ങനെയുള്ള നാലുപേരുമായി ഉണരുക! അഭിമുഖം നടത്തുകയുണ്ടായി.
ഹീറോക്കി, ജപ്പാൻ. ജനിച്ചനിമിഷംമുതൽ മസ്തിഷ്കത്തിനു തകരാറ് (cerebral palsy) ഉണ്ടായിരുന്നു അവന്. “എന്റെ കഴുത്തിലെ പേശികൾക്ക് തല നേരെ നിറുത്താനുള്ള ശേഷിയില്ല. മാത്രമല്ല കൈകളുടെമേൽ എനിക്ക് ഒരു നിയന്ത്രണവുമില്ല. മനസ്സെത്തുന്നിടത്ത് കയ്യെത്താത്ത ഒരു അവസ്ഥ. എന്തിനും ഏതിനും മറ്റുള്ളവരുടെ സഹായം വേണം,” ഹീറോക്കി പറയുന്നു.
നാറ്റ്ലി, ദക്ഷിണാഫ്രിക്ക. നാറ്റ്ലിയും അനുജൻ ജയിംസും അപൂർവമായ ഒരിനം വാമനത്വം ബാധിച്ചവരാണ്. നാറ്റ്ലിക്കാണെങ്കിൽ സ്കോളിയോസിസ് (നട്ടെല്ലിനു വളവ്) എന്ന രോഗവുമുണ്ട്. “നാലു പ്രാവശ്യം എന്റെ നട്ടെല്ലിനു ശസ്ത്രക്രിയ വേണ്ടിവന്നു. നട്ടെല്ലിന്റെ വളവ് എന്റെ ശ്വാസകോശത്തെയും ബാധിച്ചു,” അവൾ പറയുന്നു.
തിമോത്തി, ബ്രിട്ടൻ. 17-ാം വയസ്സിൽ അവന് ക്രോണിക് ഫറ്റീഗ് സിൻഡ്രോം (വിട്ടുമാറാത്ത ക്ഷീണവും കടുത്ത വിഷാദവും മറ്റുമാണ് ലക്ഷണങ്ങൾ; കാരണം അജ്ഞാതമാണ്) ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. “നല്ല ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരുന്ന ഞാൻ ആറേഴ് ആഴ്ചകൊണ്ട് ഈ അവസ്ഥയിലായി. ഇപ്പോൾ എഴുന്നേറ്റു നിൽക്കാൻപോലും വയ്യ,” അവൻ പറയുന്നു.
ഡാന്യെൽ, ഓസ്ട്രേലിയ. 19 വയസ്സുള്ളപ്പോഴാണ് അവൾക്ക് പ്രമേഹമുണ്ടെന്ന് അറിയുന്നത്. “പുറമേ കാണാവുന്ന ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ പ്രമേഹം എത്ര ഗുരുതരമാണെന്ന് പലർക്കും അറിയില്ല. പക്ഷേ, ശ്രദ്ധിച്ചില്ലെങ്കിൽ അത് ജീവനെടുക്കും,” ഡാന്യെലിന്റെ വാക്കുകൾ.
ഏതെങ്കിലും രോഗത്താലോ വൈകല്യത്താലോ ക്ലേശിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഹീറോക്കി, നാറ്റ്ലി, തിമോത്തി, ഡാന്യെൽ എന്നിവരുടെ വാക്കുകൾ നിങ്ങൾക്കു സാന്ത്വനമേകും. ഇനി, നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലോ? അങ്ങനെയെങ്കിൽ അത്തരം പ്രശ്നങ്ങളുമായി മല്ലടിക്കുന്നവരുടെ മനസ്സറിയാൻ, അവരുടെ നൊമ്പരങ്ങളറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
ഉണരുക!: നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്?
നാറ്റ്ലി: എന്നെക്കാണുമ്പോഴുള്ള ആളുകളുടെ പ്രതികരണം, ഹൊ! അതെനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. ഒരായിരം കണ്ണുകൾ എന്നെ തുറിച്ചുനോക്കുമ്പോലെ.
ഡാന്യെൽ: എന്തു കഴിക്കാം, എന്തു കഴിക്കരുത്, എത്രത്തോളം കഴിക്കാം എന്നൊക്കെ മനസ്സിലാക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഭക്ഷണക്രമം തെറ്റിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടമാനം കുറഞ്ഞ് (hypoglycemia) ഞാൻ അബോധാവസ്ഥയിലാകും.
ഹീറോക്കി: എന്റെ വൈകല്യത്തിനു പറ്റിയ ഒരു വീൽച്ചെയറുണ്ട് എനിക്ക്. ദിവസം 15 മണിക്കൂർ ഒരേ ഇരിപ്പിരിക്കണം. ഉറക്കമാണെങ്കിൽ നന്നേ കുറവ്. ഇല അനങ്ങുന്ന ശബ്ദം മതി ഉണരാൻ.
തിമോത്തി: രോഗിയാണെന്ന പരമാർഥം അംഗീകരിക്കാൻ എനിക്കായില്ല. ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായി.
ഉണരുക!: മറ്റു പ്രശ്നങ്ങൾ?
ഡാന്യെൽ: പ്രമേഹം എന്നെ തളർത്തിക്കളയുന്നു. എന്റെ പ്രായത്തിലുള്ള മറ്റുള്ളവരെക്കാൾ കൂടുതൽ ഉറക്കംവേണം എനിക്ക്. ഇതിനു ചികിത്സ ഇല്ലതാനും.
നാറ്റ്ലി: പൊക്കക്കുറവ് എനിക്കൊരു പ്രശ്നംതന്നെയാണ്. സൂപ്പർമാർക്കറ്റിലും മറ്റും പോകുമ്പോൾ ഷെൽഫിൽ ഇരിക്കുന്ന ഒരു സാധനം എടുക്കുന്നതുപോലുള്ള നിസ്സാര കാര്യങ്ങൾപോലും എനിക്കു ബുദ്ധിമുട്ടാണ്. ഒറ്റയ്ക്കുള്ള ഷോപ്പിങ്ങിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
തിമോത്തി: എന്നും വേദനയാണ്. പോരാഞ്ഞിട്ട്, വന്നുംപോയും ഇരിക്കുന്ന വിഷാദവും. ഈ അസുഖം വരുന്നതിനുമുമ്പ് എന്തൊരു ഓജസ്സായിരുന്നെന്നോ എനിക്ക്! ജോലി ചെയ്യുകയായിരുന്നു ഞാൻ, ഡ്രൈവിങ് ലൈസൻസും ഉണ്ടായിരുന്നു. ഫുട്ബോൾ തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടുമായിരുന്നു. ഇപ്പോഴോ, വീൽച്ചെയറിൽത്തന്നെ.
ഹീറോക്കി: വ്യക്തമായി സംസാരിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ സംഭാഷണത്തിനു തുടക്കമിടാൻ മടിയാണ്. കൈകളുടെമേൽ നിയന്ത്രണം ഇല്ലാത്തത് ചിലപ്പോൾ പ്രശ്നമാകാറുണ്ട്. അറിയാതെ മറ്റുള്ളവരുടെ ദേഹത്ത് കൈ തട്ടിയെന്നിരിക്കും. പക്ഷേ ഒരു ‘സോറി’ പറയാൻപോലും എനിക്കാവില്ലല്ലോ.
ഉണരുക!: സാഹചര്യവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നത് എന്താണ്?
ഡാന്യെൽ: ജീവിതത്തിലെ നല്ല വശങ്ങൾ മാത്രം കാണാൻ ശ്രമിക്കുകയാണ് ഞാൻ. സ്നേഹമുള്ള കുടുംബാംഗങ്ങൾ, സഭയിലാണെങ്കിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ നല്ല സുഹൃത്തുക്കൾ, പിന്നെ യഹോവയാം ദൈവത്തിന്റെ സ്നേഹാർദ്രമായ പിന്തുണ. എന്റെ രോഗം നിയന്ത്രിച്ചുനിറുത്താൻ സഹായിക്കുന്ന പുതിയ വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട് ഞാൻ. ആരോഗ്യകാര്യങ്ങളൊക്കെ സ്വന്തമായി നോക്കിനടത്താൻ ഞാൻ ശ്രമിക്കുന്നു.
നാറ്റ്ലി: പ്രാർഥന! അതാണ് എനിക്കു കരുത്തേകുന്നത്. പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കാൻ ഞാൻ ശ്രമിക്കുന്നു. വെറുതെയിരുന്നാൽ ഓരോരോ ചിന്തകൾ മനസ്സിലേക്കു വരും. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നെ മനസ്സിലാക്കുന്ന, എനിക്കു മനസ്സുതുറക്കാൻ കഴിയുന്ന മാതാപിതാക്കളും ഒരു അനുഗ്രഹംതന്നെ.
തിമോത്തി: അൽപ്പനേരത്തേക്കാണെങ്കിൽപ്പോലും ആത്മീയമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ദിവസവും ശ്രമിക്കാറുണ്ട്. എന്നും രാവിലെ ഞാൻ ദിനവാക്യം പരിചിന്തിക്കും. ബൈബിൾ വായനയും പ്രാർഥനയുമാണ് പിടിച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നത്, നിരാശ തോന്നുമ്പോൾ പ്രത്യേകിച്ചും.
ഹീറോക്കി: എനിക്കു മാറ്റാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചോർത്തു സമയം പാഴാക്കാറില്ല. ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻപറ്റുമോ അതൊക്കെ ചെയ്യുന്നുമുണ്ട്. രോഗത്തിന്റെ പേരുംപറഞ്ഞ് ബൈബിൾപഠനം വേണ്ടെന്നുവെക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഉറക്കമില്ലാത്ത രാത്രികളെ പഴിക്കുന്നതിനു പകരം പ്രാർഥിക്കാനുള്ള അവസരങ്ങളായി കാണുന്നു.—റോമർ 12:13 കാണുക.
ഉണരുക!: മറ്റുള്ളവരുടെ പ്രോത്സാഹനം?
ഹിറോക്കി: ഞാൻ ചെയ്യുന്ന നിസ്സാര കാര്യങ്ങൾക്കുപോലും മൂപ്പന്മാർ എന്നെ അഭിനന്ദിക്കും. സഭയിലെ സഹോദരങ്ങൾ അവരുടെ മടക്ക സന്ദർശനങ്ങൾക്കും ബൈബിളധ്യയനങ്ങൾക്കും എന്നെ കൂടെ കൂട്ടാറുമുണ്ട്.—റോമർ 12:10 കാണുക.
ഡാന്യെൽ: സഭയിലെ സഹോദരങ്ങളുടെ അകമഴിഞ്ഞ അനുമോദനമാണ് എന്നെ ഏറ്റവും സ്പർശിക്കുന്നത് എന്നു പറയാം. അതെനിക്ക് ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള കരുത്തും പകരുന്നു.
തിമോത്തി: യോഗത്തിനു ചെല്ലുമ്പോഴെല്ലാം വന്ന് എന്നോടു സംസാരിക്കുന്ന പ്രായമായ ഒരു സഹോദരിയുണ്ട്. മൂപ്പന്മാരുടെയും ഭാര്യമാരുടെയും പ്രോത്സാഹനവും നിർദേശങ്ങളും വളരെ സഹായകമാണ്. 84 വയസ്സുള്ള ഒരു മൂപ്പൻ, ന്യായമായ ലാക്കുകൾ വെക്കാൻ എന്നെ സഹായിച്ചു. ഒരിക്കൽ ഒരു ശുശ്രൂഷാദാസൻ അദ്ദേഹത്തോടൊപ്പം വയൽസേവനത്തിനു പോകാൻ എന്നെ വിളിച്ചു. വീൽച്ചെയറിൽ പോകാൻ കഴിയുന്ന നിരപ്പായ ഒരു സ്ഥലമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.—സങ്കീർത്തനം 55:22 കാണുക.
നാറ്റ്ലി: രാജ്യഹാളിലേക്കു ചെല്ലുമ്പോൾ ചിരിച്ചുകൊണ്ട് സഹോദരങ്ങൾ എന്നെ സ്വാഗതം ചെയ്യുന്നു. ഇനി, പ്രായമായവരോ? അവരുടേതായ പ്രശ്നങ്ങളുണ്ടെങ്കിലും, പ്രോത്സാഹനം പകരുന്ന എന്തെങ്കിലുമൊക്കെ പറയാൻ കാണും അവർക്ക്.—2 കൊരിന്ത്യർ 4:16, 17 കാണുക.
ഉണരുക!: ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ എന്താണു സഹായിക്കുന്നത്?
ഹിറോക്കി: ഞാനൊരു യഹോവയുടെ സാക്ഷിയാണ്. ഭാവിയെ പ്രത്യാശയോടെ നോക്കുന്ന ഒരുകൂട്ടം ആളുകളുടെ നടുവിലാണു ഞാൻ. അത് ജീവിതം സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടു നിലനിറുത്താൻ എന്നെ സഹായിക്കുന്നു.—2 ദിനവൃത്താന്തം 15:7 കാണുക.
ഡാന്യെൽ: ദൈവോദ്ദേശ്യം മനസ്സിലാക്കാൻ ലഭിച്ചിരിക്കുന്ന അവസരത്തെക്കുറിച്ചു ഞാൻ സദാ ചിന്തിക്കാറുണ്ട്. നല്ല ആരോഗ്യമുള്ള ഒത്തിരിപ്പേരുണ്ട്. പക്ഷേ, ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും അവർക്കില്ല.—സദൃശവാക്യങ്ങൾ 15:15 കാണുക.
നാറ്റ്ലി: ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുള്ള ആളുകളോടൊപ്പം ആയിരിക്കുന്നതു പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രശ്നങ്ങൾക്കുമധ്യേയും യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരുടെ അനുഭവങ്ങൾ വായിക്കുന്നതും എനിക്കു പ്രോത്സാഹനമേകുന്നു. രാജ്യഹാളിലേക്കു പോകുന്ന ഓരോ സന്ദർഭത്തിലും എനിക്കറിയാം അതെനിക്കു കരുത്തേകുമെന്ന്. മാത്രമല്ല, യഹോവയുടെ സാക്ഷിയായിരിക്കുക എന്നത് എത്ര മഹത്തായ പദവിയാണെന്ന് ആ സന്ദർഭങ്ങൾ എന്നെ അനുസ്മരിപ്പിക്കുന്നു.—എബ്രായർ 10:24, 25 കാണുക.
തിമോത്തി: 1 കൊരിന്ത്യർ 10:13 പറയുന്നതുപോലെ, നമുക്കു സഹിക്കാവുന്നതിലുമപ്പുറമുള്ള കാര്യങ്ങൾ നേരിടാൻ യഹോവ അനുവദിക്കുകയില്ല. ‘എനിക്കതു സഹിക്കാനാകുമെന്ന് എന്റെ സൃഷ്ടികർത്താവിന് ഉറപ്പുള്ളപ്പോൾ മറിച്ചു ചിന്തിക്കാൻ ഞാനാരാണ്?’ എന്നു ഞാൻ മനസ്സിലോർക്കും.
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ
◼ ഹീറോക്കിയും തിമോത്തിയും സദാ വീൽച്ചെയറിലാണ്. നിങ്ങൾ അങ്ങനെയൊരു അവസ്ഥയിലാണെങ്കിൽ, സഹിച്ചുനിൽക്കാൻ അവരുടെ വാക്കുകൾ എങ്ങനെ സഹായിക്കും?
◼ “പുറമേ കാണാവുന്ന ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ പ്രമേഹം എത്ര ഗുരുതരമാണെന്ന് പലർക്കും അറിയില്ല” എന്ന ഡാന്യെലിന്റെ വാക്കുകൾ ഓർക്കുന്നില്ലേ? ‘കാണാനാകാത്ത’ അത്തരമൊരു രോഗത്തിന് ഇരയാണോ നിങ്ങൾ? എങ്കിൽ ഡാന്യെലിന്റെ വാക്കുകൾ നിങ്ങൾക്കു സഹായമാകുമോ?
◼ തന്നെ കാണുമ്പോഴുള്ള ആളുകളുടെ പ്രതികരണമാണ് ഏറ്റവും വിഷമിപ്പിക്കുന്നതെന്ന് നാറ്റ്ലി പറയുകയുണ്ടായി. അത്തരമൊരാൾക്ക് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ഇനി, നിങ്ങൾ നാറ്റ്ലിയുടേതുപോലുള്ള ഒരു അവസ്ഥയിലാണെങ്കിലോ? അവളെപ്പോലെ ചിന്തിക്കാൻ നിങ്ങൾക്കാകുമോ?
◼ വൈകല്യമോ വിട്ടുമാറാത്ത രോഗമോ ഉള്ളതായി നിങ്ങൾക്ക് അറിയാവുന്നവരുടെ പേര് താഴെ എഴുതുക.
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
◼ ഇവർക്കുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാനാകും?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
[23-ാം പേജിലെ ചതുരം]
ബൈബിളിന്റെ സാന്ത്വനം
◼ യേശുവിന് രോഗികളോടു മനസ്സലിവുണ്ട്.—മർക്കൊസ് 1:41, 42.
◼ “സകലദീനത്തെയും വ്യാധിയെയും സൌഖ്യ”മാക്കിക്കൊണ്ട് യേശു ദൈവരാജ്യത്തിൻകീഴിൽ നടക്കാനിരിക്കുന്നതിന്റെ മാതൃക കാണിച്ചു.—മത്തായി 4:23.
◼ ദൈവത്തിന്റെ പുതിയ ലോകത്തിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” വേദനകളും നൊമ്പരങ്ങളും പഴങ്കഥയാകും.—യെശയ്യാവു 33:24; വെളിപ്പാടു 21:1-5.
◼ മരണംപോലും “നീങ്ങിപ്പോകും.”—1 കൊരിന്ത്യർ 15:25, 26.
[22-ാം പേജിലെ ചിത്രം]
ഹിറോക്കി, 23 ജപ്പാൻ
[22-ാം പേജിലെ ചിത്രം]
നാറ്റ്ലി, 20 ദക്ഷിണാഫ്രിക്ക
[22-ാം പേജിലെ ചിത്രം]
തിമോത്തി, 20 ബ്രിട്ടൻ
[22-ാം പേജിലെ ചിത്രം]
ഡാന്യെൽ, 24 ഓസ്ട്രേലിയ