നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുമോ എന്നു നോക്കുക:
• മതം ഉൾപ്പെട്ട നിയമവിജയത്തിൽ ജർമനിയിലെ കേന്ദ്ര ഭരണഘടനാ കോടതി എന്തു പങ്കു വഹിച്ചു?
ഈ കോടതി, യഹോവയുടെ സാക്ഷികളെയും പൊതുനിയമത്തിന്റെ മുന്നിൽ അവരെ ഒരു കോർപ്പറേഷനായി തിരിച്ചറിയിക്കുന്നതിനെയും സംബന്ധിച്ച് മറ്റൊരു കോടതി പുറപ്പെടുവിച്ച പ്രതികൂല വിധിന്യായം മറിച്ചു വിധിച്ചു. മതസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ആർക്കും രാഷ്‌ട്രം ആവശ്യപ്പെടുന്നതിന് ഉപരി ‘തന്റെ മതവിശ്വാസങ്ങൾ അനുസരിക്കാ’മെന്നു പ്രസ്‌തുത കോടതിവിധി പ്രസ്‌താവിച്ചു.—8/15, പേജ് 8.
• ഇയ്യോബ് എത്ര കാലം കഷ്‌ടം അനുഭവിച്ചു?
ഇയ്യോബിന്റെ പുസ്‌തകം, അവൻ വർഷങ്ങളോളം കഷ്‌ടം അനുഭവിച്ചതായി സൂചിപ്പിക്കുന്നില്ല. ഇയ്യോബിന്റെ യാതനയും അതിനുള്ള പരിഹാരവും ഏതാനും മാസങ്ങൾകൊണ്ട്, ഒരുപക്ഷേ ഒരു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട് സംഭവിച്ചിരിക്കാം.—8/15, പേജ് 31.
• പിശാച് വെറുമൊരു അന്ധവിശ്വാസം അല്ലെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
പിശാച് ഒരു യഥാർഥ വ്യക്തി ആണെന്ന് യേശുക്രിസ്‌തുവിന് അറിയാമായിരുന്നു. അവനെ പ്രലോഭിപ്പിച്ചത് അവന്റെ ഉള്ളിൽത്തന്നെ ഉള്ള എന്തെങ്കിലും തിന്മ ആയിരുന്നില്ല, മറിച്ച് ഒരു യഥാർഥ വ്യക്തി ആയിരുന്നു. (മത്തായി 4:1-11; യോഹന്നാൻ 8:44; 14:30)—9/1, പേജുകൾ 5-6.
• സദൃശവാക്യങ്ങൾ 10:15 ഇങ്ങനെ പറയുന്നു: “ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.” അതു സത്യമായിരിക്കുന്നത് എങ്ങനെ?
പട്ടണമതിൽ ഒരു പട്ടണത്തിലെ നിവാസികൾക്ക് ഒരളവുവരെ സംരക്ഷണം പ്രദാനം ചെയ്യുന്നതുപോലെ, സമ്പത്ത് ജീവിതത്തിലെ ചില അനിശ്ചിതാവസ്ഥകൾക്ക് എതിരെ സംരക്ഷണമായി ഉതകിയേക്കാം. അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോൾ ദാരിദ്ര്യം വിപത്‌കരമായിത്തീരാം.—9/15, പേജ് 24.
• എനോശിന്റെ നാളുകളിൽ ഏത് അർഥത്തിലാണ് ആളുകൾ ‘യഹോവയുടെ നാമം വിളിക്കാൻ തുടങ്ങിയത്’? (ഉല്‌പത്തി 4:26, NW)
മനുഷ്യവർഗത്തിന്റെ ആരംഭം മുതലേ ദൈവനാമം ഉപയോഗിക്കപ്പെട്ടിരുന്നു; അതിനാൽ, എനോശിന്റെ നാളുകളിൽ യഹോവയുടെ നാമത്തിലുള്ള വിളി ആരംഭിച്ചത് വിശ്വാസത്തോടെ ആയിരുന്നില്ല. ആളുകൾ അന്ന് സ്വയം യഹോവ എന്ന പേരു സ്വീകരിക്കുകയോ ആ പേര് ചില പ്രത്യേക വ്യക്തികൾക്കു നൽകി അവരിലൂടെ ദൈവത്തെ ആരാധിക്കുന്നതായി ഭാവിക്കുകയോ ചെയ്‌തിരിക്കാം.—9/15, പേജ് 29.
• ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “ശിക്ഷണം” എന്നതിന്റെ അർഥമെന്ത്?
ഈ പദം ഏതെങ്കിലും തരത്തിലുള്ള ദ്രോഹത്തെയോ ക്രൂരതയെയോ അർഥമാക്കുന്നില്ല. (സദൃശവാക്യങ്ങൾ 4:13; 22:15, NW) “ശിക്ഷണം” എന്നതിന്റെ ഗ്രീക്കു പദം അടിസ്ഥാനപരമായി പ്രബോധനം, വിദ്യാഭ്യാസം, തിരുത്തൽ എന്നിവയോടും ചിലപ്പോൾ ഉറച്ചതും അതേസമയം സ്‌നേഹത്തോടു കൂടിയതുമായ ശിക്ഷയോടും ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കൾക്കു യഹോവയെ അനുകരിക്കാൻ കഴിയുന്ന ഒരു പ്രധാന വിധം കുട്ടികളുമായുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നിടാൻ ശ്രമിക്കുന്നതാണ്. (എബ്രായർ 12:7-10)—10/1, പേജുകൾ 8, 10.
• തങ്ങൾ ദൈവത്താലുള്ള ഭരണത്തെ അനുകൂലിക്കുന്നുവെന്നു സത്യക്രിസ്‌ത്യാനികൾ ഇന്ന് എങ്ങനെ പ്രകടമാക്കുന്നു?
ദൈവരാജ്യത്തെ പ്രസിദ്ധമാക്കുന്നതിന്റെ ഭാഗമായി യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയത്തിൽ ഇടപെടുകയോ തങ്ങളെ നിരോധിച്ചിരിക്കുന്ന ദേശങ്ങളിൽ പോലും അവർ വിപ്ലവം അഴിച്ചുവിടുകയോ ചെയ്യുന്നില്ല. (തീത്തൊസ് 3:1) യേശുവും ഒന്നാം നൂറ്റാണ്ടിലെ അവന്റെ ശിഷ്യന്മാരും ചെയ്‌തതുപോലെ, പ്രയോജനപ്രദമായ ഒരു വിധത്തിൽ മനുഷ്യരാശിയുടെ ക്ഷേമത്തിനു സംഭാവന ചെയ്യുന്നതിനായി അവർ സത്യസന്ധത, ധാർമികശുദ്ധി, അധ്വാനശീലം തുടങ്ങിയ ആരോഗ്യാവഹമായ ബൈബിൾ മൂല്യങ്ങൾ ആളുകളിൽ ഉൾനടാൻ ശ്രമിക്കുന്നു.—10/15, പേജ് 6.
• ആൻഡീസ് പ്രദേശത്ത് ജീവദായക ജലം ഒഴുകുന്നത് എങ്ങനെ?
പ്രാദേശിക ഭാഷകളായ കെച്ച്‌വായും ഐമറായും ഉപയോഗിച്ചു പോലും ഇവിടത്തെ ആളുകളുടെ പക്കൽ ബൈബിൾ സത്യങ്ങൾ എത്തിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. തടാകത്തിൽ വളരുന്ന ഒരുതരം മുള ഉപയോഗിച്ച് ഉണ്ടാക്കിയ “ഒഴുകിനടക്കുന്ന” ദ്വീപുസമാന പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള, റ്റിറ്റിക്കാക്ക തടാകത്തിലെ ദ്വീപുകളിൽ വസിക്കുന്നവരെ സാക്ഷികൾ സന്ദർശിക്കുന്നു.—10/15, പേജുകൾ 8-10.
• ഒരു ആധുനിക വിമാനത്തിന്റെ മാർനിർദേശക കമ്പ്യൂട്ടർ സംവിധാനത്തോട് ഉപമിക്കാൻ കഴിയുന്ന എന്താണ് വഴികാട്ടിയായി ദൈവം നമുക്കു നൽകിയിരിക്കുന്നത്?
ധാർമികമായി വഴികാട്ടുന്നതിനുള്ള ഒരു പ്രാപ്‌തിയോടെ, ഒരു ആന്തരിക ധാർമിക ബോധത്തോടെയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നമുക്ക് ജന്മനാ ലഭിച്ചിരിക്കുന്ന മനസ്സാക്ഷിയാണ് അത്. (റോമർ 2:14, 15)—11/1, പേജുകൾ 3-4.
• യേശുവിന്റെ മരണത്തിന് വലിയ മൂല്യമുള്ളത് എന്തുകൊണ്ട്?
പൂർണ മനുഷ്യനായ ആദാമിന്റെ പാപത്താൽ അവനു മാത്രമല്ല അവന്റെ പിൻഗാമികൾക്കും മനുഷ്യജീവൻ നഷ്‌ടമായി. (റോമർ 5:12) ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ യേശു തന്റെ മനുഷ്യ ജീവൻ ബലിയായി നൽകി. അങ്ങനെ വിശ്വസ്‌ത മനുഷ്യർക്കു നിത്യജീവൻ സാധ്യമാക്കുന്ന മറുവില അവൻ പ്രദാനം ചെയ്‌തു.—11/15, പേജുകൾ 5-6.
• കൊലൊസ്സ്യർ 3:11-ൽ പരാമർശിച്ചിരിക്കുന്ന ശകന്മാർ ആരായിരുന്നു?
യൂറേഷ്യയുടെ സമതലങ്ങളിൽ ജീവിച്ചിരുന്ന ഒരു നാടോടി ജനത ആയിരുന്നു ശകന്മാർ. പൊ.യു.മു. 700 മുതൽ പൊ.യു.മു. 300 വരെയുള്ള കാലഘട്ടത്തിൽ അവർ അവിടെ അധീശത്വം പുലർത്തിയിരുന്നു. മികച്ച അശ്വഭടന്മാരും പോരാളികളും ആയിരുന്നു അവർ. സാധ്യതയനുസരിച്ച്, കൊലൊസ്സ്യർ 3:11 പരാമർശിക്കുന്നത് ഒരു പ്രത്യേക ജനതയെ അല്ല, മറിച്ച് തീർത്തും സംസ്‌കാരശൂന്യരായ ജനങ്ങളെയാണ്.—11/15, പേജുകൾ 24-5.
• നമ്മുടെ നിരന്തര ശ്രദ്ധ ആവശ്യമായിരിക്കുന്ന ഒരു പഠിപ്പിക്കലാണ് സുവർണ നിയമം എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
യഹൂദമതം, ബുദ്ധമതം, ഗ്രീക്കു തത്ത്വശാസ്‌ത്രം, കൺഫ്യൂഷ്യസ് മതം എന്നിവയിലൊക്കെ ഈ ധാർമിക തത്ത്വം വിവരിച്ചിരിക്കുന്നതു കാണാം. എന്നാൽ, ഗിരിപ്രഭാഷണത്തിൽ യേശു നൽകിയ ആ നിർദേശം ക്രിയാത്മക നടപടികൾക്ക് ഊന്നൽ നൽകി. അത് എല്ലായിടത്തും, എല്ലാക്കാലത്തും ഉള്ള ആളുകളുടെ ജീവിതത്തെ സ്‌പർശിക്കുന്നു. (മത്തായി 7:12)—12/1, പേജ് 3.