വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഗ്ലാസ്സുകൾ ഉയർത്തി ആശംസ നേർന്നുകൊണ്ട് ലഹരിപാനീയം കുടിക്കുന്ന രീതിയെക്കുറിച്ച് ബൈബിളിൽ പരാമർശം ഇല്ലാതിരിക്കെ യഹോവയുടെ സാക്ഷികൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാത്തത്?
വളരെ പഴക്കമുള്ള, വ്യാപകമായ ഒരു രീതിയാണ് ഇത്. എങ്കിലും ഇതിന്റെ ചില പ്രത്യേകതകൾ ഓരോ സ്ഥലത്തും വ്യത്യസ്തമായിരുന്നേക്കാം. ഗ്ലാസ്സുകൾ ഉയർത്തി എന്തിനെങ്കിലും അല്ലെങ്കിൽ ആർക്കെങ്കിലും ആശംസ നേർന്നുകൊണ്ട് ഇങ്ങനെ വീഞ്ഞ് (അല്ലെങ്കിൽ മറ്റേതെങ്കിലും ലഹരിപാനീയം) കുടിക്കുമ്പോൾ ചിലപ്പോൾ ഇതിൽ പങ്കെടുക്കുന്നവർ ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കാറുണ്ട്. സാധാരണഗതിയിൽ, ഇതു നടത്തുന്ന വ്യക്തി ആർക്കെങ്കിലും സന്തുഷ്ടിയോ ആരോഗ്യമോ ദീർഘായുസ്സോ പോലുള്ള എന്തെങ്കിലും നേരുകയോ ആശംസിക്കുകയോ ചെയ്യുന്നു. ഒപ്പമുള്ള മറ്റുള്ളവർ തങ്ങളുടെ അംഗീകാരത്തെ പ്രതിധ്വനിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ ഗ്ലാസ്സ് ഉയർത്തി അൽപ്പം വീഞ്ഞു കുടിക്കുകയോ ചെയ്തേക്കാം. അനേകരും ഇതിനെ ദോഷരഹിതമായ ഒരു ആചാരമോ സാമൂഹിക മര്യാദയോ ആയിട്ടാണു വീക്ഷിക്കുന്നത്. എന്നാൽ യഹോവയുടെ സാക്ഷികൾ ഈ രീതി പിൻപറ്റാത്തതിനു തക്കതായ കാരണങ്ങളുണ്ട്.
മറ്റുള്ളവർ സന്തുഷ്ടരും ആരോഗ്യമുള്ളവരും ആയിരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കാത്തതിനാലല്ല അവർ ഇതിൽ പങ്കെടുക്കാത്തത്. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം സഭകൾക്കയച്ച ഒരു കത്ത് ഉപസംഹരിക്കുന്നത് “ശുഭമായിരിപ്പിൻ,” “ആരോഗ്യം നേരുന്നു,” “മംഗളാശംസകൾ” എന്നൊക്കെ പരിഭാഷപ്പെടുത്താവുന്ന ഒരു വാക്കിനാലാണ്. (പ്രവൃത്തികൾ 15:29) ചില രാജാക്കന്മാരോട് സത്യാരാധകരിൽ ചിലർ ‘എന്റെ യജമാനൻ . . . ദീർഘായുസ്സായിരിക്കട്ടെ,’ “രാജാവു ദീർഘായുസ്സായിരിക്കട്ടെ” എന്നിങ്ങനെ പറഞ്ഞിട്ടുണ്ട്.—1 രാജാക്കന്മാർ 1:31; നെഹെമ്യാവു 2:3.
എന്നാൽ ഗ്ലാസ്സുകൾ ഉയർത്തിയിട്ട് കുടിക്കുന്ന ഈ രീതിയുടെ ഉത്ഭവം എങ്ങനെയായിരുന്നു? ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ (1910) 13-ാം വാല്യം, 121-ാം പേജ് ഉദ്ധരിച്ചുകൊണ്ട് 1968 ജനുവരി 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു: “ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യം നേർന്നുകൊണ്ടു കുടിക്കുന്ന ആചാരം ദൈവങ്ങൾക്കുവേണ്ടിയോ മരിച്ചവർക്കുവേണ്ടിയോ കുടിക്കുന്ന പുരാതന മതചടങ്ങിൽനിന്നും ഉരുത്തിരിഞ്ഞതായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഗ്രീക്കുകാരും റോമാക്കാരും ഭക്ഷണസമയത്ത് തങ്ങളുടെ ദൈവങ്ങൾക്കു മദ്യം നിവേദിച്ചിരുന്നു. ആചാരവിരുന്നുകളിൽ അവർ ദൈവങ്ങളുടെയും മരിച്ചവരുടെയും ബഹുമാനാർഥം മദ്യം കഴിക്കുകയും ചെയ്തിരുന്നു.” എൻസൈക്ലോപീഡിയ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ജീവിച്ചിരിക്കുന്നവരുടെ ആരോഗ്യത്തിനായി കുടിക്കുന്ന രീതിക്ക് മേൽപ്പറഞ്ഞ പാനീയബലിയുമായി എല്ലായ്പോഴും അടുത്തു ബന്ധമുണ്ടായിരുന്നിരിക്കണം.”
ഇത് ഇപ്പോഴും പ്രസക്തമാണോ? 1995-ലെ മദ്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര ചെറുപുസ്തകം (ഇംഗ്ലീഷ്) ഇപ്രകാരം പ്രസ്താവിച്ചു: “പുരാതനകാലത്ത് നിവേദ്യമായി ദൈവങ്ങൾക്കു വിശുദ്ധപാനീയങ്ങൾ അർപ്പിച്ചിരുന്ന ആചാരത്തിന്റെ ഒരു മതേതര ശേഷിപ്പായിരിക്കാം [മംഗളാശംസ നേർന്നുകൊണ്ടു കുടിക്കുന്ന ഈ രീതി]. അഭീഷ്ടസിദ്ധിക്കായി രക്തമോ മദ്യമോ അർപ്പിച്ചിരുന്നു. ‘ദീർഘായുസ്സായിരിക്കട്ടെ!’ അല്ലെങ്കിൽ ‘ആരോഗ്യം നേരുന്നു!’ എന്ന വാക്കിൽ സംക്ഷേപിച്ച പ്രാർഥനയുടെ രൂപത്തിലായിരുന്നു അനുഗ്രഹാശിസ്സുകൾക്കായി അപേക്ഷിച്ചിരുന്നത്.”
ഒരു വസ്തുവിനോ രൂപത്തിനോ ആചാരത്തിനോ പുരാതനകാലത്തെ വ്യാജമതത്തിൽ വേരുണ്ടായിരിക്കുകയോ അതുമായി സമാനതകൾ ഉണ്ടായിരിക്കുകയോ ചെയ്യുന്നതുകൊണ്ടു മാത്രം എല്ലായ്പോഴും അവ സത്യാരാധകർക്ക് അസ്വീകാര്യമായിരിക്കില്ല. മാതളപ്പഴത്തിന്റെ കാര്യമെടുക്കുക. “പുറജാതി മതങ്ങളും ഒരു വിശുദ്ധ പ്രതീകമായി മാതളപ്പഴത്തെ ഉപയോഗിച്ചിരുന്നതായി കാണുന്നു” എന്ന് പേരുകേട്ട ഒരു ബൈബിൾ എൻസൈക്ലോപീഡിയ പറയുന്നു. എന്നുവരികിലും, മഹാപുരോഹിതന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ നൂലുകൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കിയിടാൻ ദൈവം കൽപ്പിച്ചു. മാത്രമല്ല, ശലോമോന്റെ ആലയത്തിലെ താമ്രത്തൂണുകൾ മാതളപ്പഴങ്ങളാൽ അലങ്കരിച്ചിരുന്നു. (പുറപ്പാടു 28:33; 2 രാജാക്കന്മാർ 25:17) വിവാഹമോതിരത്തിന് ഒരിക്കൽ മതപരമായ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ ഇന്നു മിക്കവർക്കും അതറിയില്ല, പകരം ഒരു വ്യക്തി വിവാഹിതനാണ് എന്നതിന്റെ തെളിവായി മാത്രമേ അവർ അതിനെ കാണുകയുള്ളൂ.
മതപരമായ കർമങ്ങളോടുള്ള ബന്ധത്തിൽ വീഞ്ഞ് ഉപയോഗിക്കുന്നതു സംബന്ധിച്ചെന്ത്? ഒരിക്കൽ ശെഖേമിലെ ബാലാരാധകർ “തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നു തിന്നുകുടിക്കയും [ഗിദെയോന്റെ പുത്രനായ] അബീമേലെക്കിനെ ശപിക്കയും ചെയ്തു.” (ന്യായാധിപന്മാർ 9:22-28) യഹോവയുടെ ഒരു വിശ്വസ്തദാസൻ, ഒരുപക്ഷേ അബീമേലെക്കിനെതിരെ ദൈവശാപത്തിനായി അപേക്ഷിച്ചുകൊണ്ട്, ആ കുടിയിൽ പങ്കുകൊള്ളുമായിരുന്നെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഇസ്രായേലിലെ പലരും യഹോവയ്ക്കെതിരെ മത്സരിച്ച ഒരു സമയത്തെ വർണിച്ചുകൊണ്ട് ആമോസ് പറഞ്ഞു: “അവർ ഏതു ബലിപീഠത്തിന്നരികത്തും . . . കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു.” (ആമോസ് 2:8) ആ വീഞ്ഞ് ഒരുപക്ഷേ പാനീയബലിയായി ദൈവങ്ങൾക്ക് അർപ്പിച്ചിരുന്നിരിക്കാം, അല്ലെങ്കിൽ അവിടെവെച്ച് അവർ തന്നെ അതു കുടിച്ചിരുന്നിരിക്കാം. എന്തുതന്നെയായാലും ശരി, അതിൽ സത്യാരാധകർ പങ്കെടുക്കുമായിരുന്നോ? (യിരെമ്യാവു 7:18) ഒരു സത്യാരാധകൻ വീഞ്ഞുനിറച്ച പാനപാത്രം ഉയർത്തിക്കൊണ്ട് ആരുടെയെങ്കിലുംമേൽ ദിവ്യ ഇടപെടലിനായി അപേക്ഷിക്കുകയോ അദ്ദേഹത്തിന് ഒരു സന്തുഷ്ട ഭാവി നേരുകയോ ചെയ്യുമായിരുന്നോ?
യഹോവയുടെ ആരാധകർ ചിലപ്പോഴൊക്കെ കൈകൾ ഉയർത്തിക്കൊണ്ട് അനുഗ്രഹത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നതു ശരിയാണ്. അവർ സത്യദൈവത്തിങ്കലേക്കു തങ്ങളുടെ കൈകളുയർത്തി. ബൈബിൾ പറയുന്നു: “ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ . . . നിന്നുംകൊണ്ടു ആകാശത്തിലേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, . . . നിന്നെപ്പോലെ . . . യാതൊരു ദൈവവും ഇല്ല. . . . നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.” (1 രാജാക്കന്മാർ 8:22, 23, 30) അതുപോലെതന്നെ, “എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി: ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.” (നെഹെമ്യാവു 8:6; 1 തിമൊഥെയൊസ് 2:8) ഈ വിശ്വസ്ത ദാസർ ആകാശത്തേക്കു കൈകൾ ഉയർത്തിയത് ഏതെങ്കിലും ഭാഗ്യദേവതയുടെ അനുഗ്രഹത്തിനായിട്ടായിരുന്നില്ല എന്നതു വ്യക്തമാണ്.—യെശയ്യാവു 65:11, പി.ഒ.സി. ബൈബിൾ.
ഇന്ന് ഈ ആചാരത്തിൽ പങ്കെടുക്കുന്ന പലരും ഏതെങ്കിലും ദൈവത്തിൽനിന്ന് അനുഗ്രഹം യാചിക്കുകയാണെന്നു കരുതുന്നില്ലായിരിക്കാം; എന്നാൽ എന്തിനുവേണ്ടിയാണ് അവർ വീഞ്ഞുനിറച്ച ഗ്ലാസ്സുകൾ ആകാശത്തേക്ക് ഉയർത്തുന്നതെന്നും അവർക്കു പറയാനാകില്ല. അവർ ഇക്കാര്യത്തെ സഗൗരവം വിലയിരുത്തുന്നില്ല എന്നത് അവരുടെ ചേഷ്ടകൾ അനുകരിക്കുന്നതിനു സത്യക്രിസ്ത്യാനികൾക്കു കാരണം നൽകുന്നില്ല.
മിക്ക ആളുകളും ചെയ്യുന്ന മറ്റു പല കാര്യങ്ങളും യഹോവയുടെ സാക്ഷികൾ ഒഴിവാക്കുന്നു എന്നത് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഉദാഹരണത്തിന്, അനേകരും ദേശീയ ചിഹ്നങ്ങളെയോ ദേശീയപതാകയെയോ വന്ദിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതിനെ ആരാധനയായി അവർ വീക്ഷിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽനിന്നു സത്യക്രിസ്ത്യാനികൾ മറ്റുള്ളവരെ തടയാറില്ല, എന്നാൽ അവർ അത്തരം കാര്യങ്ങൾ ചെയ്യുകയില്ല. ഇത്തരം ചടങ്ങുകൾ നടത്തപ്പെടുന്ന സമയം അറിയാൻ കഴിയുന്ന സാഹചര്യത്തിൽ, മറ്റുള്ളവർക്കു വിഷമം തോന്നുന്നത് കഴിവതും ഒഴിവാക്കാനായി പല സാക്ഷികളും വിവേചനയോടെ പ്രവർത്തിച്ചിട്ടുണ്ട്. എന്തുതന്നെയായാലും, തിരുവെഴുത്തു വിരുദ്ധമായ ദേശഭക്തി ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാൻ അവർ ദൃഢനിശ്ചയമുള്ളവരാണ്. (പുറപ്പാടു 20:4, 5; 1 യോഹന്നാൻ 5:21) ഗ്ലാസ്സുകൾ ഉയർത്തിയിട്ട് കുടിക്കുന്ന രീതിയെ ഒരു മതാചാരമായി പലരും ഇന്നു വീക്ഷിക്കുന്നില്ലായിരിക്കാം. എങ്കിലും, ക്രിസ്ത്യാനികൾ ഇതിൽ പങ്കെടുക്കാതിരിക്കുന്നതിനു തക്ക കാരണങ്ങളുണ്ട്. ഇതിന്റെ ഉത്ഭവം മതപരമാണ്. മാത്രമല്ല, ആകാശത്തിലേക്കു കൈകളുയർത്തി ഒരു മനുഷ്യാതീത ശക്തിയിൽനിന്ന് അനുഗ്രഹം യാചിക്കുന്നതായി ഇപ്പോൾപോലും ഇതിനെ കണക്കാക്കാനും കഴിയും.—പുറപ്പാടു 23:2.