ഏദെൻ തോട്ടം ശരിക്കും ഉണ്ടായിരുന്നോ?
ഏദെൻ തോട്ടത്തെക്കുറിച്ചും ആദാമിനെയും ഹവ്വയെയും കുറിച്ചും നിങ്ങൾക്ക് അറിയാമോ? ലോകമെങ്ങുമുള്ള ആളുകൾക്ക് അതു പരിചിതമാണ്. ഉൽപത്തി 1:26–3:24 വരെയുള്ള വാക്യങ്ങളിൽ അതെപ്പറ്റി പറയുന്നുണ്ട്. നിങ്ങൾ അതു വായിച്ചുനോക്കിയിട്ടുണ്ടോ? ആ വിവരണത്തിന്റെ ചുരുക്കം ഇതാണ്:
ദൈവമായ യഹോവa പൊടിയിൽനിന്ന് ഒരു മനുഷ്യനെ സൃഷ്ടിച്ചു. അവന് ആദാം എന്നു പേരിട്ടു. ഏദെൻ എന്ന പ്രദേശത്തുള്ള ഒരു തോട്ടത്തിൽ അവനെ ആക്കി. ദൈവംതന്നെ ഉണ്ടാക്കിയ ഒരു തോട്ടമായിരുന്നു അത്. ജലസ്രോതസ്സുകൾക്ക് അരികെ മനോഹരമായ പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന മരങ്ങളൊക്കെയുള്ള ഒരു തോട്ടം. ആ തോട്ടത്തിന്റെ നടുക്ക് ‘ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം’ ഉണ്ടായിരുന്നു. ആ മരത്തിൽനിന്നുള്ള പഴം കഴിക്കുന്നതിൽനിന്ന് ദൈവം അവരെ വിലക്കി. അനുസരണക്കേടു കാണിച്ചാൽ അവർ മരിക്കുമെന്നും ദൈവം അവരോടു പറഞ്ഞു. പിന്നീട് യഹോവ ആദാമിന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് ആദാമിനുവേണ്ടി ഒരു ഇണയെ, ഹവ്വ എന്ന സ്ത്രീയെ, സൃഷ്ടിച്ചു. ആ തോട്ടം കൃഷി ചെയ്ത് പരിപാലിക്കാനും മക്കളെ ഉത്പാദിപ്പിച്ച് ഭൂമി മുഴുവൻ നിറയാനും ഉള്ള നിയമനം ദൈവം അവർക്കു കൊടുത്തു.
ഹവ്വ തനിച്ചായിരുന്നപ്പോൾ ഒരു സർപ്പം ഹവ്വയോടു സംസാരിക്കുന്നു. വിലക്കപ്പെട്ട ആ പഴം കഴിക്കാൻ സർപ്പം ഹവ്വയെ പ്രലോഭിപ്പിച്ചു. അതു തിന്നാൽ മരിക്കുമെന്നു ദൈവം പറഞ്ഞതു നുണയാണെന്നും പഴം കഴിച്ചാൽ ഹവ്വ ദൈവത്തെപ്പോലെ ആകുമെന്നും അതിലൂടെ നല്ലതു വരുന്നതു കാണാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞാണു സർപ്പം ഹവ്വയെ പ്രലോഭിപ്പിച്ചത്. ആ പ്രലോഭനത്തിൽ വീണ ഹവ്വ പഴം കഴിച്ചു. പിന്നീട് ആദാമും ഹവ്വയുടെകൂടെ കൂടി ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ദൈവം എന്തു ചെയ്തു? ആദാമിനും ഹവ്വയ്ക്കും സർപ്പത്തിനും ശിക്ഷ വിധിച്ചു. പറുദീസപോലെയുള്ള ആ തോട്ടത്തിൽനിന്ന് മനുഷ്യരെ പുറത്താക്കിയ ദൈവം അവർ അവിടേക്കു തിരിച്ചുകയറാതിരിക്കാൻ ദൂതന്മാരെ കാവൽ നിറുത്തി.
ബൈബിളിലെ ഉൽപത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ശരിയാണെന്നു മിക്ക പണ്ഡിതന്മാരും ബുദ്ധിജീവികളും ചരിത്രകാരന്മാരും വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്നാകട്ടെ മിക്ക ആളുകൾക്കും ആ വിവരണങ്ങളിലൊന്നും അത്ര വിശ്വാസമില്ല. ആദാം, ഹവ്വ എന്നിവരെക്കുറിച്ചും ഏദെൻ തോട്ടത്തെക്കുറിച്ചും ഉൽപത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ആളുകൾ ഇത്ര സംശയത്തോടെ കാണാൻ കാരണം എന്താണ്? അങ്ങനെയുള്ളവർ സാധാരണ പറയാറുള്ള നാലു വാദങ്ങൾ നോക്കാം.
1. ഏദെൻ തോട്ടം യഥാർഥത്തിലുള്ള ഒരു സ്ഥലമായിരുന്നോ?
ഇങ്ങനെയൊരു സംശയം തോന്നാനുള്ള കാരണം എന്താണ്? തത്ത്വചിന്ത അതിനെ സ്വാധീനിച്ചിട്ടുണ്ടാകും. നൂറ്റാണ്ടുകളോളം ദൈവശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത് ഏദെൻ തോട്ടം ഭൂമിയിൽ എവിടെയോ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്. എന്നാൽ പിൽക്കാലത്ത് പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നീ ഗ്രീക്കു തത്ത്വചിന്തകരുടെ ആശയങ്ങൾ സഭയെ സ്വാധീനിച്ചു. പൂർണതയുള്ള ഒന്നിനും ഭൂമിയിൽ ആയിരിക്കാനാകില്ലെന്നും പൂർണതയുണ്ടെങ്കിൽത്തന്നെ അതു സ്വർഗത്തിലായിരിക്കുമെന്നും ആയിരുന്നു അവരുടെ വാദം. അതുകൊണ്ട് ദൈവം ഏദെൻ തോട്ടം സൃഷ്ടിച്ചതു സ്വർഗത്തിനടുത്തുള്ള ഏതെങ്കിലും സ്ഥലത്തായിരിക്കും എന്നു ദൈവശാസ്ത്രജ്ഞർ വിശ്വസിക്കാൻ തുടങ്ങി.b ഭൂമിയിലെ ദുഷിച്ച അവസ്ഥകളിൽനിന്നെല്ലാം അകലെ അങ്ങ് ഉയരത്തിൽ ഏതോ ഒരു വലിയ പർവതത്തിന്റെ മുകളിലായിരുന്നു ഏദെൻ തോട്ടമെന്നു ചിലർ വാദിച്ചു. അത് ഉത്തരധ്രുവത്തിലോ ദക്ഷിണധ്രുവത്തിലോ ആയിരുന്നെന്നു ചിലർ പറഞ്ഞു. അതു ചന്ദ്രനിലോ അതിനടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ആയിരുന്നെന്നു വാദിച്ചവരും ഉണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ ഏദെൻ തോട്ടം എന്നത് ഒരു സങ്കൽപകഥയാണെന്ന് ആളുകൾ വിശ്വസിച്ചുപോയതിൽ അതിശയിക്കാനില്ല. ഏദെൻ തോട്ടത്തിന്റെ സ്ഥാനത്തെക്കുറിച്ച് ബൈബിൾ പറയുന്നതു വിശ്വസിക്കാനാകില്ലെന്ന് ഇക്കാലത്തെ പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു സ്ഥലമേ ഇല്ലായിരുന്നു എന്നാണ് അവർ പറയുന്നത്.
എന്നാൽ ബൈബിൾ തരുന്ന സൂചന അതല്ല. കാരണം ഉൽപത്തി 2:8-14 വരെയുള്ള വാക്യങ്ങളിൽ ബൈബിൾ ആ സ്ഥലത്തിന്റെ കൃത്യമായ വിശദാംശങ്ങൾ തരുന്നുണ്ട്. ഉദാഹരണത്തിന്, ഏദെൻ എന്ന പ്രദേശത്തിന്റെ കിഴക്കു ഭാഗത്തായിരുന്നു ആ തോട്ടമെന്നു ബൈബിൾ പറയുന്നു. അതിനെ നനയ്ക്കാൻ ഒരു നദിയുണ്ടായിരുന്നെന്നും അതു നാലായി പിരിഞ്ഞെന്നും അതിന് ഓരോന്നിനും പേര് ഉണ്ടായിരുന്നെന്നും അതു പറയുന്നു. കൂടാതെ ഓരോ നദിയും ഏതു ഭാഗത്തുകൂടിയാണ് ഒഴുകിയതെന്നും ആ വിവരണം പറയുന്നു. ഏദെൻ തോട്ടത്തിന്റെ ഇന്നത്തെ സ്ഥാനം എവിടെയാണെന്നു കണ്ടെത്താൻ പണ്ഡിതന്മാർ ബൈബിളിലെ ഈ വിശദാംശങ്ങൾ ആകാംക്ഷയോടെ പരിശോധിച്ചിട്ടുണ്ട്. എങ്കിലും അവരുടെ കണ്ടെത്തലുകൾക്കൊന്നും പരസ്പരയോജിപ്പില്ല. എന്നുവെച്ച് അതിന്റെ അർഥം ഏദെൻ തോട്ടം, അതിലെ നദികൾ ഇതൊക്കെ ഒരു സങ്കൽപമാണെന്നാണോ?
ഇങ്ങനെയൊന്നു ചിന്തിക്കുക: ഏദെൻ തോട്ടം സൃഷ്ടിക്കപ്പെട്ടിട്ട് 6,000 വർഷത്തോളമായി. ഈ കാലയളവിനുള്ളിൽ ഏദെൻ തോട്ടം ഉണ്ടായിരുന്ന സ്ഥലത്തിനു പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നദികൾ ഒഴുകുന്നതിന്റെ ദിശ മാറിയിട്ടുണ്ടാകും. ഇനി, ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ് അത്. ലോകത്തെ വലിയ ഭൂകമ്പങ്ങളിൽ ഏകദേശം 17 ശതമാനവും ഉണ്ടാകുന്നത് ഈ ഭൂപ്രദേശത്താണ്. അതുകൊണ്ടുതന്നെ ആ പ്രദേശത്തിന് സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഇനി, നോഹയുടെ കാലത്തെ ജലപ്രളയത്തിലും അവിടെ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. അതുകൊണ്ട് ഏദെൻ തോട്ടത്തിന്റെ കൃത്യമായ സ്ഥാനം എവിടെയായിരുന്നെന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല ഈ വിവരണം രേഖപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ള മോശ അത് എഴുതിയപ്പോൾ ഏദെൻ തോട്ടം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വാമൊഴിയായുള്ള വിവരങ്ങളോ മുമ്പുണ്ടായിരുന്ന രേഖകളോ ഒക്കെ ഉപയോഗിച്ചായിരിക്കാം മോശ ഇത് എഴുതിയത്. എങ്കിലും അപ്പോഴേക്കും ആ സംഭവങ്ങളെല്ലാം നടന്നിട്ട് ഏകദേശം 2,500 വർഷം കടന്നുപോയിരുന്നെന്ന് ഓർക്കണം.c
ഇങ്ങനെയൊക്കെയാണെങ്കിലും ഏദെൻ തോട്ടത്തെക്കുറിച്ചുള്ള വിവരണത്തിനു വിശ്വാസ്യത നൽകുന്ന ചില വസ്തുതകളുണ്ട്: ഉൽപത്തി വിവരണം ഏദെൻ തോട്ടത്തെ ഒരു യഥാർഥസ്ഥലമായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. കാരണം ഏദെനിലൂടെ ഒഴുകിയിരുന്ന നാലു നദികളിൽ രണ്ടെണ്ണം യൂഫ്രട്ടീസ് നദിയും ടൈഗ്രിസ് അഥവാ ഹിദ്ദേക്കൽ നദിയും ഇന്നും ഒഴുകുന്നുണ്ട്. ഏതാണ്ട് അടുത്തടുത്ത സ്ഥലങ്ങളിൽനിന്നുതന്നെയാണ് അവയുടെ ഉത്ഭവം. ഇനി, ഉൽപത്തിയിലെ വിവരണത്തിൽ നദികൾ ഒഴുകുന്ന സ്ഥലങ്ങളെക്കുറിച്ചും അവിടെയുണ്ടായിരുന്ന പേരുകേട്ട പ്രകൃതിവിഭവങ്ങളെക്കുറിച്ചും എല്ലാം പറയുന്നുണ്ട്. മോശയുടെ നാളിൽ ജീവിച്ചിരുന്ന ഇസ്രായേല്യർക്ക് ഏദെൻ തോട്ടത്തിന്റെ സ്ഥാനം മനസ്സിലാക്കാൻ ഈ വിവരങ്ങൾ ധാരാളമായിരുന്നു.
എന്നാൽ ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും ഇങ്ങനെയാണോ? സാധാരണ അത്തരം കഥകൾ വിശദാംശങ്ങൾ ഒഴിവാക്കാറാണു പതിവ്. കാരണം ആളുകൾ വിശദാംശങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ “പണ്ടുപണ്ട്, അങ്ങു ദൂരെ ഒരു നാട്ടിൽ” എന്നു പറഞ്ഞാണ് അത്തരം കഥകൾ തുടങ്ങാറുള്ളത്. എന്നാൽ ചരിത്രത്തിന്റെ കാര്യം അങ്ങനെയല്ല. ഏദെനെക്കുറിച്ചുള്ള വിവരണത്തിൽ ഉള്ളതുപോലെ യഥാർഥ ചരിത്രവിവരണങ്ങളിൽ ആവശ്യമായ വിശദാംശങ്ങളുണ്ടായിരിക്കും.
2. ദൈവം ആദാമിനെ സൃഷ്ടിച്ചത് പൊടിയിൽനിന്നാണെന്നും ഹവ്വയെ ഉണ്ടാക്കിയത് ആദാമിന്റെ വാരിയെല്ലിൽനിന്നാണെന്നും പറയുന്നതു വിശ്വസിക്കാനാകുമോ?
മണ്ണിൽ കാണുന്ന മൂലകങ്ങളിൽനിന്നാണു മനുഷ്യശരീരം രൂപപ്പെട്ടിട്ടുള്ളതെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിലെ മൂലകങ്ങളായ ഹൈഡ്രജനും ഓക്സിജനും കാർബണും എല്ലാം മണ്ണിലുള്ളതാണ്. പക്ഷേ ഈ മൂലകങ്ങൾ വെച്ച് എങ്ങനെയാണു ജീവനുള്ള ഒന്നിനെ സൃഷ്ടിക്കാനാകുക?
ജീവൻ തനിയെ ഉണ്ടായതാണ് എന്നാണ് പല ശാസ്ത്രജ്ഞന്മാരുടെയും വാദം. ലളിതമായ ഒരു ജീവരൂപം ആദ്യം ഉണ്ടായെന്നും കോടിക്കണക്കിനു വർഷങ്ങൾകൊണ്ട് അതു പതിയെപ്പതിയെ കൂടുതൽ സങ്കീർണമായ ജീവരൂപമായി മാറിയെന്നും ആണ് അവർ പറയുന്നത്. പക്ഷേ ഈ “ലളിതം” എന്ന വാക്ക് അൽപ്പം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാരണം സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാവുന്ന ഏകകോശ ജീവികളുടെ ഘടനപോലും അതിശയിപ്പിക്കുംവിധം സങ്കീർണമാണ്. ഏതെങ്കിലും ഒരു ജീവരൂപം ആകസ്മികമായി ഉണ്ടായി എന്നതിനു യാതൊരു തെളിവും ഇതുവരെയില്ല. അങ്ങനെയൊരു ആകസ്മിക സംഭവം ഇനി ഒരിക്കലും ഉണ്ടാകാനും സാധ്യതയില്ല. ശരിക്കും എല്ലാ ജീവജാലങ്ങളുടെയും രൂപകല്പന നോക്കിയാൽത്തന്നെ ഇതിന്റെയെല്ലാം പിന്നിൽ നമ്മളെക്കാളെല്ലാം വളരെയധികം ബുദ്ധിശക്തിയുള്ള ഒരാളുണ്ടെന്നു വളരെ വ്യക്തമാണ്.d—റോമർ 1:20.
മനോഹരമായ സംഗീതമോ ഉജ്ജ്വലമായ ഒരു പെയിന്റിങ്ങോ സാങ്കേതിക വിദ്യയുടെ അത്ഭുതപ്പെടുത്തുന്ന ഒരു നേട്ടമോ കണ്ട് നിങ്ങൾക്ക് ആശ്ചര്യം തോന്നിയിട്ടുണ്ടോ? അതു തനിയെ ഉണ്ടായതാണെന്നു നിങ്ങൾ വിശ്വസിക്കുമോ? ഒരിക്കലുമില്ല. എന്തായാലും അതിന്റെ പിന്നിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടാകുമെന്നു നിങ്ങൾക്ക് അറിയാം. എന്നാൽ സങ്കീർണതയുടെയോ സൗന്ദര്യത്തിന്റെയോ വിദഗ്ധമായ രൂപകല്പനയുടെയോ കാര്യത്തിൽ ഇവയൊന്നും മനുഷ്യശരീരത്തിന്റെ അടുത്തുപോലും എത്തില്ല എന്നതാണു സത്യം. അപ്പോൾപ്പിന്നെ മനുഷ്യനെ ഒരാൾ സൃഷ്ടിച്ചതല്ലെന്നു പറഞ്ഞാൽ അതു നമുക്കു വിശ്വസിക്കാനാകുമോ? അതിനെക്കുറിച്ച് ഉൽപത്തി വിവരണം കുറച്ച് വിശദാംശങ്ങൾകൂടി തരുന്നുണ്ട്. ഭൂമിയിലെ എല്ലാ ജീവരൂപങ്ങളിലുംവെച്ച് മനുഷ്യൻ മാത്രമാണു ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതെന്ന്. (ഉൽപത്തി 1:26) അതുകൊണ്ടാണു ഭൂമിയിലെ മറ്റു സൃഷ്ടികൾക്കൊന്നും ഇല്ലാത്ത ഒരു കഴിവ് മനുഷ്യനുള്ളത്. ദൈവത്തെപ്പോലെ പുതിയപുതിയ കാര്യങ്ങൾ നിർമിക്കാനുള്ള ആഗ്രഹം. അങ്ങനെ മനുഷ്യൻ സംഗീതരംഗത്തും കലാരംഗത്തും സാങ്കേതിക വിദ്യയിലും വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കുന്നു. നമുക്ക് ഇത്രയൊക്കെ സാധിക്കുന്നെങ്കിൽ സൃഷ്ടിക്കാനുള്ള ദൈവത്തിന്റെ അപാരമായ കഴിവുകണ്ട് മനുഷ്യരായ നമ്മൾ അത്ഭുതപ്പെടേണ്ടതില്ല.
ഇനി ആദാമിന്റെ വാരിയെല്ലിൽനിന്നാണു ഹവ്വയെ സൃഷ്ടിച്ചതെന്നു പറയുന്നതു സത്യമാണോ? ശരിക്കും അങ്ങനെയൊരു കാര്യം ചെയ്യാൻ ദൈവത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?e ദൈവത്തിനു വേണമെങ്കിൽ മറ്റു മാർഗങ്ങൾ ഉപയോഗിക്കാമായിരുന്നു. പക്ഷേ, ആദാമിന്റെ വാരിയെല്ലിൽനിന്ന് ഹവ്വയെ ഉണ്ടാക്കിയതിന് അതിന്റേതായ ഒരു പ്രാധാന്യമുണ്ടായിരുന്നു. ആദാമും ഹവ്വയും തമ്മിൽ വിവാഹം കഴിക്കാനും ‘ഒരു ശരീരമെന്നപോലെ’ അവർ തമ്മിൽ അടുത്തബന്ധം ഉണ്ടായിരിക്കാനും ദൈവം ആഗ്രഹിച്ചു. (ഉൽപത്തി 2:24) പരസ്പരം പൂരകങ്ങളായിരിക്കാനും എന്നേക്കും നിലനിൽക്കുന്ന ഒരു ബന്ധം ആസ്വദിക്കാനും ഒക്കെ കഴിയുന്ന രീതിയിൽ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചത് സ്രഷ്ടാവിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും ശക്തമായ തെളിവല്ലേ?
കൂടാതെ ഒരൊറ്റ അച്ഛന്റെയും അമ്മയുടെയും പിൻതലമുറക്കാരാണു ഭൂമിയിലെ എല്ലാ മനുഷ്യരുമെന്ന് ആധുനിക ജനിതകശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സൃഷ്ടിയെക്കുറിച്ചുള്ള ഉൽപത്തിയിലെ വിവരണം നമുക്ക് ഉറപ്പായും വിശ്വസിക്കാൻ കഴിയില്ലേ?
3. അറിവിന്റെ വൃക്ഷവും ജീവവൃക്ഷവും ഒരു കെട്ടുകഥയാണോ?
ഈ വൃക്ഷങ്ങൾക്ക് അസാധാരണമായ ദിവ്യശക്തിയുണ്ടെന്ന് ഉൽപത്തി പുസ്തകം പഠിപ്പിക്കുന്നില്ല. പകരം അവ സാധാരണ മരങ്ങളായിരുന്നു. യഹോവ അവയ്ക്ക് ഒരു പ്രതീകാത്മകമായ അർഥം നൽകിയെന്നേ ഉള്ളൂ.
മനുഷ്യരും ചിലപ്പോൾ ഇതുപോലെ ചെയ്യാറില്ലേ? അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. കോടതിയെ അവഹേളിക്കരുതെന്നും അങ്ങനെ ചെയ്താൽ അതു കോടതിയലക്ഷ്യക്കുറ്റം ആകുമെന്നും ചില ജഡ്ജിമാർ മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ അതിന്റെ അർഥം കോടതിയിലെ ഫർണിച്ചറുകളെയോ ഉപകരണങ്ങളെയോ കോടതിമുറിയെത്തന്നെയോ അവഹേളിക്കരുത് എന്നല്ല. മറിച്ച് കോടതി പ്രതിനിധീകരിക്കുന്ന നീതിന്യായ വ്യവസ്ഥയെ അവഹേളിക്കരുത് എന്നാണ്. കൂടാതെ പല ഭരണാധികാരികളുടെയും പരമാധികാരത്തെ സൂചിപ്പിക്കാൻ ചെങ്കോലും കിരീടവും പ്രതീകങ്ങളായി ഉപയോഗിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ ഏദെൻ തോട്ടത്തിലെ ഈ രണ്ടു വൃക്ഷങ്ങൾ എന്തിനെയാണു പ്രതീകപ്പെടുത്തിയത്? പലരും സങ്കീർണമായ പല വിശദീകരണങ്ങളും കൊടുത്തിട്ടുണ്ട്. എന്നാൽ അതിന്റെ ശരിക്കുമുള്ള ഉത്തരം വളരെ ലളിതമാണ്. അതേസമയം വളരെ പ്രാധാന്യമുള്ളതും. ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം പ്രതീകപ്പെടുത്തിയതു ദൈവത്തിനുമാത്രം അവകാശമുള്ള ഒരു കാര്യത്തെയാണ്—ശരിയും തെറ്റും എന്താണെന്നു തീരുമാനിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ. (യിരെമ്യ 10:23) അതുകൊണ്ടാണ് ആ മരത്തിൽനിന്ന് ഭക്ഷിക്കുന്നത് അത്രയ്ക്കു കുറ്റകരമായിരുന്നത്. ഇനി, ജീവവൃക്ഷത്തിന്റെ കാര്യമോ? അതു പ്രതീകപ്പെടുത്തിയതു ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന ഒരു കാര്യത്തെയാണ്, മരണമില്ലാത്ത ജീവിതത്തെ.—റോമർ 6:23.
4. സംസാരിക്കുന്ന സർപ്പം ഒരു മുത്തശ്ശിക്കഥയാണോ?
ഉൽപത്തിയിലെ ഈ വിവരണം മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്നതു ശരിയാണ്. എന്നാൽ ബൈബിളിലെ ബാക്കി ഭാഗങ്ങൾ കൂടി വായിക്കുമ്പോൾ ഏദെനിൽ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് നമുക്കു മനസ്സിലാകും.
ആരാണ് അല്ലെങ്കിൽ എന്താണ് ഏദെനിലെ സർപ്പത്തെക്കൊണ്ട് സംസാരിപ്പിച്ചത്? പുരാതന ഇസ്രായേലിലെ ആളുകൾക്ക് ആ സർപ്പത്തിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു. ഉദാഹരണത്തിന് മൃഗങ്ങൾക്കു സംസാരിക്കാൻ കഴിയില്ലെങ്കിലും ഒരു ആത്മവ്യക്തിക്കു മൃഗങ്ങളെക്കൊണ്ട് സംസാരിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് അറിയാമായിരുന്നു. ബിലെയാമിനെക്കുറിച്ചുള്ള മോശയുടെ വിവരണത്തിൽ ദൈവത്തിന്റെ ഒരു ദൂതൻ ബിലെയാമിന്റെ കഴുതയെ മനുഷ്യനെപ്പോലെ സംസാരിക്കാൻ ഇടയാക്കിയതായി പറയുന്നുണ്ട്.—സംഖ്യ 22:26-31; 2 പത്രോസ് 2:15, 16.
ഇനി, ദൈവത്തിന്റെ ശത്രുക്കളായ മറ്റ് ആത്മശക്തികൾക്ക് അഥവാ ദുഷ്ടാത്മാക്കൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമോ? ഈജിപ്തിലെ ചില മന്ത്രവാദികൾക്കും ദൈവം ചെയ്തതുപോലുള്ള അത്ഭുതങ്ങൾ അനുകരിക്കാൻ കഴിഞ്ഞു. അവരും തങ്ങളുടെ വടികളെ പാമ്പാക്കി മാറ്റുന്നതു മോശ കണ്ടതാണ്. ഇത്തരം അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തി അവർക്കു കിട്ടിയതു ദുഷ്ടാത്മാക്കളിൽനിന്നാണ്.—പുറപ്പാട് 7:8-12.
സാധ്യതയനുസരിച്ച് ദൈവപ്രചോദിതമായി മോശതന്നെയാണു ഇയ്യോബിന്റെ പുസ്തകം എഴുതിയത്. ദൈവത്തിന്റെ എല്ലാ വിശ്വസ്ത ദാസരുടെയും നിഷ്കളങ്കത ചോദ്യം ചെയ്ത ദൈവത്തിന്റെ മുഖ്യശത്രുവായ സാത്താനെക്കുറിച്ച് ആ പുസ്തകത്തിൽ ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്. (ഇയ്യോബ് 1:6-11; 2:4, 5) ഈ കാരണങ്ങൾക്കൊണ്ടൊക്കെ ദൈവത്തോടുള്ള വിശ്വസ്തത തകർക്കാൻ പാമ്പിനെ ഉപയോഗിച്ച് ഹവ്വയെ വഞ്ചിച്ചതു സാത്താനായിരിക്കാമെന്ന് ഇസ്രായേല്യർ ചിന്തിച്ചിട്ടുണ്ടാകില്ലേ? അതിനു സാധ്യതയുണ്ട്.
സർപ്പത്തിലൂടെ ഹവ്വയോടു സംസാരിച്ചതു ശരിക്കും സാത്താനായിരുന്നോ? സാത്താൻ “നുണയനും നുണയുടെ അപ്പനും” ആണെന്ന് യേശു പിന്നീടു പറഞ്ഞു. (യോഹന്നാൻ 8:44) ആദ്യത്തെ നുണ പറഞ്ഞതു സാത്താനായതുകൊണ്ടല്ലേ യേശു സാത്താനെ നുണയുടെ അപ്പൻ എന്നു വിളിച്ചത്. ഹവ്വയോടാണു സർപ്പം ആദ്യത്തെ നുണ പറഞ്ഞത്. വിലക്കപ്പെട്ട പഴം കഴിച്ചാൽ മരിക്കുമെന്ന ദൈവത്തിന്റെ മുന്നറിയിപ്പിനു നേർവിപരീതമായി സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്.” (ഉൽപത്തി 3:4) വ്യക്തമായും സർപ്പത്തിലൂടെ ഹവ്വയോടു സംസാരിച്ചതു സാത്താനായിരുന്നെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണു യേശു അപ്പൊസ്തലനായ യോഹന്നാനു കൊടുത്ത വെളിപാടിൽ സാത്താനെ ‘പഴയ പാമ്പ്’ എന്നു വിളിച്ചിരിക്കുന്നത്.—വെളിപാട് 1:1; 12:9.
ശക്തനായ ഒരു ആത്മജീവിക്ക് സർപ്പത്തെക്കൊണ്ട് സംസാരിപ്പിക്കാൻ കഴിയുമെന്നതു വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? വാസ്തവത്തിൽ ആത്മജീവികളെക്കാൾ വളരെ ശക്തി കുറഞ്ഞ മനുഷ്യർക്കുപോലും പാവകൾ സംസാരിക്കുന്നതായി തോന്നിപ്പിക്കാൻ കഴിയും. ഇനി സാങ്കേതികവിദ്യയുടെ സഹായത്തോടെ മൃഗങ്ങൾപോലും സംസാരിക്കുന്നതായി തോന്നിപ്പിക്കാനും കഴിയും.
ഏറ്റവും ശക്തമായ തെളിവ്
ഉൽപത്തിയിലെ വിവരണം സത്യമാണ് എന്നതിന് ഇനിയും എന്തെങ്കിലും സംശയമുണ്ടോ? അതൊരു ചരിത്രസത്യമാണ് എന്നതിന് ശക്തമായ തെളിവുണ്ട്.
ഉദാഹരണത്തിന് യേശുക്രിസ്തുവിനെ ”വിശ്വസ്തനും സത്യവാനും ആയ സാക്ഷി” എന്നു വിളിച്ചിരിക്കുന്നു. (വെളിപാട് 3:14) പൂർണമനുഷ്യനായ യേശു ഒരിക്കലും നുണ പറഞ്ഞിട്ടില്ല. സത്യത്തെ ഒരുതരത്തിലും വളച്ചൊടിച്ചിട്ടുമില്ല. ഏറ്റവും പ്രധാനമായി ഒരു മനുഷ്യനായി ഭൂമിയിൽ വരുന്നതിനും വളരെ മുമ്പ്, “ലോകം ഉണ്ടാകുന്നതിനു മുമ്പ്” താൻ പിതാവായ യഹോവയോടൊപ്പം ഉണ്ടായിരുന്നെന്നു യേശു പഠിപ്പിച്ചു. (യോഹന്നാൻ 17:5) അതായത് ഭൂമിയിൽ ജീവൻ ഉണ്ടാകുന്നതിനു മുമ്പുതന്നെ യേശു ജീവിച്ചിരുന്നു. ഇതിലും വിശ്വസനീയമായ മറ്റൊരു സാക്ഷ്യം ഇനി കിട്ടാനുണ്ടോ?
ആദാമും ഹവ്വയും ജീവിച്ചിരുന്ന വ്യക്തികൾ ആണെന്നു യേശു പറഞ്ഞു. ഒരു പുരുഷന് ഒരു സ്ത്രീ എന്ന, വിവാഹം സംബന്ധിച്ച യഹോവയുടെ നിലവാരം വിശദീകരിച്ചപ്പോൾ യേശു ആദാമിന്റെയും ഹവ്വയുടെയും വിവാഹത്തെക്കുറിച്ച് പരാമർശിച്ചു. (മത്തായി 19:3-6) ഏദെൻ തോട്ടം ഒരു കെട്ടുകഥയായിരുന്നെങ്കിൽ, ആദാമും ഹവ്വയും ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെങ്കിൽ യേശു വഞ്ചിക്കപ്പെട്ടെന്നോ അല്ലെങ്കിൽ യേശു നുണയനായിരുന്നെന്നോ വരും. അതിനു രണ്ടിനും ഒരു സാധ്യതയുമില്ല. ഏദെൻ തോട്ടത്തിലെ സംഭവങ്ങൾ ഓരോന്നും യേശു സ്വർഗത്തിലിരുന്ന് കാണുന്നുണ്ടായിരുന്നു. അതിനെക്കാൾ വലിയ വേറെ എന്തു തെളിവാണു വേണ്ടത്?
വാസ്തവത്തിൽ ഉൽപത്തി പുസ്തകത്തിൽ വിശ്വസിക്കാൻ പറ്റാത്തവർക്കു യേശുവിലും വിശ്വസിക്കാൻ പറ്റില്ല എന്നു വരും. ഇനി, അവർക്ക് ബൈബിളിലെ വളരെ പ്രധാനപ്പെട്ട പഠിപ്പിക്കലുകളും ആശ്വാസം നൽകുന്ന വാഗ്ദാനങ്ങളും മനസ്സിലാക്കാനും കഴിയാതെ വരും. അത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
[അടിക്കുറിപ്പുകൾ]
a ബൈബിളിൽ ദൈവത്തിന്റെ പേര് യഹോവ എന്നാണ്.
b ഈ ആശയം ബൈബിളിൽ ഉള്ളതല്ല. ദൈവത്തിന്റെ പ്രവൃത്തികളെല്ലാം പൂർണതയുള്ളതാണ് അഥവാ അത്യുത്തമമാണ് എന്നാണ് ബൈബിൾ പറയുന്നത്. അപൂർണത പിന്നീടാണു വന്നതെന്ന് അതു പഠിപ്പിക്കുന്നു. (ആവർത്തനം 32:4, 5) ഭൂമിയെ സൃഷ്ടിച്ചശേഷം യഹോവ എല്ലാമൊന്നു നോക്കിയിട്ട് ‘വളരെ നല്ലത്’ എന്നാണു പറഞ്ഞത്.—ഉൽപത്തി 1:31.
c ദൈവം വരുത്തിയ ജലപ്രളയത്തിൽ സാധ്യതയനുസരിച്ച് ഏദെൻ തോട്ടത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടു. യഹസ്കേൽ പ്രവാചകനും ഇതിനോടു യോജിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന ബി. സി ഏഴാം നൂറ്റാണ്ടിനു വളരെ മുമ്പുതന്നെ ‘ഏദെനിലെ മരങ്ങൾ’ നശിച്ചുപോയിരുന്നു എന്ന ഒരു സൂചനയാണ് അദ്ദേഹം യഹസ്കേൽ 31:18-ൽ തരുന്നത്. അതുകൊണ്ട് ഏദെൻ തോട്ടം എവിടെയാണെന്ന് അന്വേഷിച്ചുപോയവർക്ക് അതു കണ്ടെത്താൻ കഴിയാത്തതിൽ അതിശയിക്കാനില്ല.
d യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിക കാണുക.
e മറ്റ് എല്ലുകളിൽനിന്ന് വ്യത്യസ്തമായി വാരിയെല്ലിന് സുഖപ്പെടാനുള്ള അസാധാരണമായ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. സംയോജക കലയ്ക്ക് കുഴപ്പമൊന്നും പറ്റിയിട്ടില്ലെങ്കിൽ അറ്റുപോയാലും വീണ്ടും വളർന്നുവരാനുള്ള കഴിവ് വാരിയെല്ലിനുണ്ട്.