വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്തീയമാതാപിതാക്കൾ പുറത്താക്കപ്പെട്ട കുട്ടിയോടൊപ്പം സഭായോഗങ്ങൾക്ക് ഇരിക്കുന്നത് ഉചിതമാണോ?
പുറത്താക്കപ്പെട്ട ഒരു വ്യക്തി രാജ്യഹാളിൽ എവിടെ ഇരിക്കുന്നു എന്നതുസംബന്ധിച്ച് ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. തങ്ങളോടൊപ്പം താമസിക്കുന്ന പുറത്താക്കപ്പെട്ട കുട്ടിക്ക് ഉചിതമായപക്ഷം ആത്മീയസഹായം നൽകാൻ ക്രിസ്തീയമാതാപിതാക്കളെ ഈ മാസിക പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 1989 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരം, 22, 23 പേജുകളിൽ ചൂണ്ടിക്കാണിച്ചിരുന്നതുപോലെ, നിയമപരമായി പ്രായപൂർത്തിയായിട്ടില്ലാത്ത, പുറത്താക്കപ്പെട്ട കുട്ടി തുടർന്നും മാതാപിതാക്കളോടൊത്ത് താമസിക്കുകയാണെങ്കിൽ അവന്a ഒരു ബൈബിളധ്യയനം എടുക്കാൻപോലും അവർക്കു കഴിയും. കുട്ടിക്ക് തന്റെ തെറ്റായ ഗതി തിരുത്തുന്നതിന് ആവശ്യമായ പ്രോത്സാഹനം ലഭിക്കും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്.
എന്നാൽ രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുമ്പോൾ, പ്രായപൂർത്തിയായിട്ടില്ലാത്ത പുറത്താക്കപ്പെട്ട കുട്ടി മാതാപിതാക്കളുടെ അടുക്കൽ നിശ്ശബ്ദനായി ഇരിക്കുന്നതിൽ തെറ്റുപറയാനാവില്ല. പുറത്താക്കപ്പെട്ട ഒരാൾ രാജ്യഹാളിന്റെ പിൻസീറ്റിൽ ഇരിക്കണമെന്ന് നിബന്ധനയൊന്നുമില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കൾ എവിടെ ഇരുന്നാലും പുറത്താക്കപ്പെട്ട കുട്ടിയും അവരോടൊത്ത് ഇരിക്കുന്നതിൽ തടസ്സമൊന്നുമില്ല. കുട്ടിയുടെ ആത്മീയാവശ്യങ്ങൾക്കായി മാതാപിതാക്കൾ കരുതുന്നതുകൊണ്ട് അവൻ യോഗങ്ങളിൽ നന്നായി ശ്രദ്ധിച്ചിരിക്കുന്നെന്ന് ഉറപ്പുവരുത്താൻ അവർ തീർച്ചയായും ആഗ്രഹിക്കും. കുട്ടി മേൽനോട്ടമില്ലാതെ എവിടെയെങ്കിലും ഇരിക്കുന്നതിനെക്കാൾ മാതാപിതാക്കളോടൊപ്പം ഇരിക്കുന്നത് അതിനു സഹായിച്ചേക്കാം.
പുറത്താക്കപ്പെട്ട കുട്ടി മാതാപിതാക്കളോടൊപ്പമല്ല താമസിക്കുന്നതെങ്കിലോ? അവന് മാതാപിതാക്കളോടൊപ്പം സഭായോഗത്തിന് ഇരിക്കാമോ? ഒരേ ഭവനത്തിൽ താമസിക്കാത്ത പുറത്താക്കപ്പെട്ട കുടുംബാംഗത്തോടുള്ള സഹവാസത്തിന്റെ കാര്യത്തിൽ ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട ഉചിതമായ മനോഭാവം എന്തായിരിക്കണമെന്ന് പ്രസിദ്ധീകരണങ്ങളിൽ മുമ്പ് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്.b കുടുംബാംഗങ്ങൾ പുറത്താക്കപ്പെട്ട കുട്ടിയുമായി സഹവാസത്തിന് അനാവശ്യമായി അവസരം തേടുന്നതും, അങ്ങനെയുള്ള ഒരു കുട്ടി യോഗസമയത്ത് മറ്റു കുടുംബാംഗങ്ങളുടെ അടുത്ത് നിശ്ശബ്ദനായി ഇരിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എന്നുവരികിലും, ഈ ചോദ്യങ്ങൾ പരിഗണിക്കുക: പുറത്താക്കപ്പെട്ട ആളോട് വിശ്വാസികളായ കുടുംബാംഗങ്ങൾക്കുള്ള മനോഭാവം എന്താണ്? അവനുമായി സഹവസിക്കുന്നതു സംബന്ധിച്ചുള്ള തിരുവെഴുത്തു മാർഗനിർദേശം മാനിക്കാൻ അവർ ശ്രമിക്കുന്നുണ്ടോ?—1 കൊരി. 5:11, 13; 2 യോഹ. 11.
അതുകൊണ്ട്, പുറത്താക്കപ്പെട്ട ഒരാൾ രാജ്യഹാളിൽ ഒരു കുടുംബാംഗത്തിന്റെ അടുത്ത് ഇരുന്നേക്കാം എന്നുള്ള സംഗതി സഭാംഗങ്ങൾ തിരിച്ചറിയണം. ഇരിപ്പിടം സംബന്ധിച്ച് ചട്ടങ്ങൾ വെക്കുന്നത് ചില സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. വിശ്വസ്തരായ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഹാജരായിരിക്കുന്ന എല്ലാവരും പുറത്താക്കൽ സംബന്ധിച്ച ബൈബിൾതത്ത്വങ്ങൾ മാനിക്കാൻ തയ്യാറായിരിക്കുകയും സഹോദരങ്ങൾക്ക് ഇടർച്ചയായിത്തീരാതിരിക്കുകയും ചെയ്യുമ്പോൾ സഭായോഗങ്ങളിൽ ഹാജരാകുന്നവർ എവിടെ ഇരിക്കണം എന്നത് ഒരു പ്രശ്നമാക്കേണ്ടതില്ല.c
a ഈ ലേഖനത്തിൽ ആൺകുട്ടിയെയാണ് പരാമർശിക്കുന്നതെങ്കിലും വിവരങ്ങൾ പെൺകുട്ടിക്കും ബാധകമാണ്.
b “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകത്തിന്റെ 237-239 പേജുകൾ കാണുക.
c 1953 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), 223-ാം പേജിലെ ആശയത്തിന്റെ പുതുക്കിയ വിശദീകരണമാണ് ഇത്.