നിങ്ങളുടെ സേവനം ആരും കാണുന്നില്ലേ?
ബെസലേലിനും ഒഹൊലീയാബിനും നിർമാണപ്രവർത്തനം ഒരു പുത്തരിയായിരുന്നില്ല. ഈജിപ്തിൽ അടിമകളായിരുന്നപ്പോൾ അവർ നിർമിച്ച ഇഷ്ടികകളുടെ എണ്ണത്തിന് കൈയും കണക്കും ഇല്ലായിരുന്നു. പക്ഷേ അതൊക്കെ പഴയ കാലം. ഇപ്പോൾ അവർ അതിവിദഗ്ധരായ കരകൗശലപ്പണിക്കാരാകാൻപോകുകയാണ്. കാരണം സമാഗമനകൂടാരം നിർമിക്കുന്നതിന് നേതൃത്വമെടുക്കാനുള്ള നിയമനം ലഭിച്ചിരിക്കുന്നത് അവർക്കാണ്. (പുറ. 31:1-11) എങ്കിലും അവരുടെ കണ്ണഞ്ചിപ്പിക്കുന്ന ചില കലാസൃഷ്ടികൾ വിരലിൽ എണ്ണാവുന്നവർ മാത്രമേ കാണുമായിരുന്നുള്ളൂ. മറ്റുള്ളവരിൽനിന്ന് അർഹമായ അംഗീകാരം ലഭിക്കാത്തത് അവരെ നിരാശപ്പെടുത്തുമായിരുന്നോ? അവരുടെ സേവനം ആരെങ്കിലും കാണുന്നുണ്ടോ എന്നത് വാസ്തവത്തിൽ പ്രസക്തമായിരുന്നോ? നിങ്ങളുടെ സേവനം ആരെങ്കിലും കാണുന്നുണ്ടോ എന്നത് പ്രസക്തമാണോ?
ഏതാനുംപേർ മാത്രം കണ്ട അതുല്യ കലാസൃഷ്ടികൾ
സമാഗമനകൂടാരത്തിലെ ചില സാധനസാമഗ്രികൾ അനുപമമായ യഥാർഥ കലാസൃഷ്ടികളായിരുന്നു. ഉദാഹരണത്തിന് നിയമപെട്ടകത്തിന്റെ മുകളിലുണ്ടായിരുന്ന, പൊന്നുകൊണ്ടുള്ള കെരൂബുകളുടെ കാര്യമെടുക്കാം. പൗലോസ് അപ്പൊസ്തലൻ അതിനെ “തേജസ്സിന്റെ കെരൂബുകൾ” എന്നാണ് വർണിച്ചിരിക്കുന്നത്. (എബ്രാ. 9:5) പൊന്നിൽത്തീർത്ത ആ ശില്പങ്ങളുടെ മനംമയക്കുന്ന മനോഹാരിത ഒന്നു മനസ്സിൽ കണ്ടുനോക്കൂ!—പുറ. 37:7-9.
ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കലാസൃഷ്ടികൾ ഇന്ന് ഉണ്ടായിരുന്നെങ്കിൽ അത് ഏതെങ്കിലും ലോകോത്തര മ്യൂസിയത്തിൽ സ്ഥാനംപിടിക്കുമായിരുന്നു എന്നതിന് യാതൊരു സംശയവുമില്ല. ലക്ഷോപലക്ഷങ്ങൾ അതിനെ വാനോളം പുകഴ്ത്തിയേനെ! എന്നാൽ അത് ഉണ്ടാക്കിയ കാലത്ത് എത്ര പേർ അവയുടെ തേജസ്സ് ആസ്വദിച്ചുകാണും? ആ കെരൂബുകളെ അതിവിശുദ്ധസ്ഥലത്തായിരുന്നു വെച്ചിരുന്നത്. അതുകൊണ്ട് മഹാപുരോഹിതന് മാത്രമേ അതു കാണാനാകുമായിരുന്നുള്ളൂ. അതും വർഷത്തിൽ ഒരിക്കൽ, പാപപരിഹാരദിവസം മാത്രം. (എബ്രാ. 9:6, 7) അതെ, ഏതാനുംപേർ മാത്രമേ അത് കണ്ടിട്ടുള്ളൂ.
ജനസമ്മതി ഇല്ലെങ്കിലും സംതൃപ്തർ
അത്തരം വിസ്മയകരമായ കലാസൃഷ്ടികൾ നിർമിക്കാൻ കഠിനപ്രയത്നം ചെയ്ത ഒരു ബെസലേലോ ഒഹൊലീയാബോ ആയിരുന്നു നിങ്ങളെങ്കിലോ? ഏതാനുംപേർ മാത്രമേ അത് കാണുമായിരുന്നുള്ളൂ എന്നറിയുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുമായിരുന്നു? ഇന്ന്, തങ്ങളോടൊപ്പമുള്ളവരിൽനിന്ന് ആദരവും പ്രശംസയും ലഭിക്കുമ്പോൾ ആളുകൾക്ക് എന്തൊക്കെയോ നേടി എന്നൊരു തോന്നലുണ്ടാകുന്നു. അതിനെ അവർ തങ്ങളുടെ നേട്ടങ്ങളുടെ അളവുകോലായി കണക്കാക്കുന്നു. എന്നാൽ യഹോവയുടെ ദാസർ വ്യത്യസ്തരാണ്. ബെസലേലിനെയും ഒഹൊലീയാബിനെയും പോലെ യഹോവയുടെ ഇഷ്ടം ചെയ്ത് അവന്റെ അംഗീകാരം നേടുന്നതിൽ നമ്മൾ സംതൃപ്തി കണ്ടെത്തുന്നു.
യേശുവിന്റെ നാളിലെ മതനേതാക്കന്മാർ മറ്റുള്ളവരുടെ മുമ്പിൽ ആളാകാൻവേണ്ടി പ്രാർഥിക്കുന്നത് ഒരു സാധാരണകാഴ്ചയായിരുന്നു. എന്നാൽ യേശു മുന്നോട്ടു വെച്ചത് മറ്റൊരു സമീപനമായിരുന്നു: കാഴ്ചക്കാരുടെ പുകഴ്ച നേടാൻ ശ്രമിക്കാതെ ആത്മാർഥമായി പ്രാർഥിക്കുക. ഫലമോ? “രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും.” (മത്താ. 6:5, 6) നമ്മുടെ പ്രാർഥനകളെക്കുറിച്ച് മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്നതല്ല, യഹോവ എന്തു വിചാരിക്കുന്നു എന്നതാണ് പ്രധാനം. അവന് എന്തു തോന്നുന്നു എന്നതാണ് നമ്മുടെ പ്രാർഥനകളെ യഥാർഥത്തിൽ മൂല്യമുള്ളതാക്കിത്തീർക്കുന്നത്. വിശുദ്ധസേവനത്തിൽ നമ്മൾ ചെയ്യുന്ന ഏതു കാര്യത്തിലും ഇത് സത്യമാണ്. ആളുകളുടെ കൈയടിയല്ല അതിനെ മൂല്യമുള്ളതാക്കുന്നത്, പകരം “രഹസ്യത്തിൽ കാണുന്ന” യഹോവയെ അത് പ്രീതിപ്പെടുത്തുന്നു എന്നതാണ്.
സമാഗമനകൂടാരത്തിന്റെ പണി പൂർത്തിയായപ്പോൾ ഒരു “മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.” (പുറ. 40:34) യഹോവയുടെ അംഗീകാരത്തിന്റെ എത്ര വ്യക്തമായ തെളിവ്! ബെസലേലിനും ഒഹൊലീയാബിനും അപ്പോൾ എന്തു തോന്നിക്കാണുമെന്നാണ് നിങ്ങൾക്ക് തോന്നുന്നത്? അവരുടെ കരവേലയിൽ അവരുടെ പേരുകൾ ആലേഖനം ചെയ്തിട്ടില്ലായിരുന്നെങ്കിലും അവരുടെ എല്ലാ ശ്രമങ്ങളുടെയും മേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് അവർക്ക് സംതൃപ്തി നൽകിക്കാണണം. (സദൃ. 10:22) പിന്നീടുള്ള വർഷങ്ങളിൽ യഹോവയുടെ ആരാധനയിൽ തങ്ങളുടെ കലാസൃഷ്ടികൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവർ എത്ര സന്തോഷിച്ചുകാണും! പുതിയ ലോകത്തിൽ ബെസലേലും ഒഹൊലീയാബും ജീവനിലേക്ക് തിരികെ വരുമ്പോൾ സത്യാരാധനയ്ക്കുവേണ്ടി സമാഗമനകൂടാരം ഏതാണ്ട് 500 വർഷം ഉപയോഗിച്ചിരുന്നു എന്ന് അറിയുന്നത് അവരെ തീർച്ചയായും പുളകംകൊള്ളിക്കും!
താഴ്മയോടെയും മനസ്സൊരുക്കത്തോടെയും ഉള്ള നിങ്ങളുടെ സേവനം മനുഷ്യരാരും കാണുന്നില്ലെങ്കിലും യഹോവ കാണുന്നുണ്ട്!
യഹോവയുടെ സംഘടനയിൽ ഇന്ന് പരിഭാഷകർ, ലേഖകർ, കാർട്ടൂൺ വീഡിയോ നിർമിക്കുന്നവർ, കലാകാരന്മാർ, സംഗീതജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവരെല്ലാം ഊരും പേരും അറിയിക്കാതെയാണ് കഠിനാധ്വാനം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ അവർ ചെയ്യുന്നത് എന്താണെന്ന് ആരും “കാണുന്നില്ല.” ലോകമെമ്പാടുമുള്ള 1,10,000-ലധികം വരുന്ന സഭകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ കാര്യവും ഇതുപോലെയാണ്. മാസാവസാനം കണക്കുദാസൻ സഭാകണക്കുകൾ രേഖപ്പെടുത്തി എല്ലാം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടാറുണ്ടോ? സഭയുടെ വയൽസേവന റിപ്പോർട്ട് സെക്രട്ടറി തയ്യാറാക്കുന്നത് ആരെങ്കിലും കാണാറുണ്ടോ? ഒരു സഹോദരനോ സഹോദരിയോ രാജ്യഹാളിൽ എന്തെങ്കിലുമൊക്കെ അറ്റകുറ്റപണികൾ ചെയ്യുന്നത് ആരെല്ലാം അറിയുന്നുണ്ട്?
ബെസലേലിനും ഒഹൊലീയാബിനും ജീവിതാവസാനം, തങ്ങളുടെ അതിമഹത്തായ രൂപകല്പനയ്ക്കും നിർമാണമികവിനും കിട്ടിയതായി എടുത്തുകാണിക്കാൻ ഒരു ട്രോഫിയോ മെഡലോ ഫലകമോ ഒന്നുമില്ലായിരുന്നു. പക്ഷേ അവർക്ക് അതിലും മികച്ച ഒന്നുണ്ടായിരുന്നു—യഹോവയുടെ അംഗീകാരം! യഹോവ അവരുടെ പ്രയത്നം ശ്രദ്ധിച്ചു എന്നത് നമുക്ക് ഉറപ്പാണ്. താഴ്മയോടെയും മനസ്സൊരുക്കത്തോടെയും ഉള്ള അവരുടെ സേവനം നമുക്കും അനുകരിക്കാം.