ചോദ്യപ്പെട്ടി
◼ “സഹോദരൻ,” “സഹോദരി” എന്നീ പദങ്ങളുടെ ഉചിതമായ ഉപയോഗം എന്താണ്?
അക്ഷരാർഥത്തിൽ ഉപയോഗിക്കുമ്പോൾ “സഹോദരൻ,” “സഹോദരി” എന്നീ പദങ്ങൾ ഒരേ മാതാപിതാക്കളുള്ള വ്യക്തികളെ പരാമർശിക്കുന്നു. ഈ സ്വാഭാവിക ബന്ധം സാധാരണമായി ഊഷ്മളമായ ഒരു ബന്ധം ഉളവാക്കുന്നു, ഈ വ്യക്തികൾ അനുഭവിക്കുന്ന അടുപ്പം സാമൂഹികവും പാരിസ്ഥിതികവും വൈകാരികവുമായ ബന്ധങ്ങളാൽ വർധിക്കുന്നു.
പ്രാർഥനയിൽ യഹോവയെ “ഞങ്ങളുടെ പിതാവേ” എന്ന് അഭിസംബോധന ചെയ്യാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ആ പദപ്രയോഗം, ക്രിസ്ത്യാനികളെന്നനിലയിൽ നാമേവരും സമ്പന്നമായ ഒരു ആത്മീയ ബന്ധം ആസ്വദിക്കുന്ന അടുത്ത ഒരു കുടുംബവൃത്തത്തിന്റെ ഭാഗമാണെന്നു സൂചിപ്പിക്കുന്നു. “നിങ്ങളോ എല്ലാവരും സഹോദരന്മാർ” എന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ ഇതിനു കൂടുതലായ ഊന്നൽ ലഭിച്ചു.—മത്താ. 6:9; 23:8.
ദൈവഭവനത്തിനുള്ളിലെ നമ്മുടെ അടുത്ത ആത്മീയ ബന്ധങ്ങൾ നിമിത്തം, നാം അന്യോന്യം “സഹോദരാ,” “സഹോദരീ” എന്ന് അഭിസംബോധന ചെയ്യുന്നു, പ്രത്യേകിച്ചും സഭായോഗങ്ങളിൽ. ഈ ആത്മീയ അവസരങ്ങളിൽ, യോഗം നടത്തുന്ന വ്യക്തി, അഭിസംബോധന ചെയ്യപ്പെടുന്ന വ്യക്തിയുടെ പേരിനോടു ചേർത്ത് “സഹോദരൻ” അല്ലെങ്കിൽ “സഹോദരി” എന്ന പദം ഉപയോഗിച്ചുകൊണ്ടു സ്നാപനമേറ്റ വ്യക്തികളെ അംഗീകരിക്കുന്നു.
സ്നാപനമേൽക്കാത്ത ഒരു വ്യക്തി യോഗങ്ങളിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ? ഒരു വ്യക്തി കുറേക്കാലമായി യഹോവയുടെ ജനത്തോടൊത്തു സഹവസിക്കുകയും സമർപ്പണത്തോട് അടുക്കുകയുമാണെങ്കിൽ, ആ വ്യക്തിയെ യഹോവയുടെ സാക്ഷികളിൽ ഒരുവനായി കരുതിക്കൊണ്ട് അവസാനത്തെ പേരിനോടു ചേർത്ത് “സഹോദരൻ” അല്ലെങ്കിൽ “സഹോദരി” എന്നു വിളിക്കുന്നതിൽ വിരോധമില്ല. ആ വ്യക്തി സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായിത്തീർന്നിരിക്കുന്നുവെങ്കിൽ അതു പ്രത്യേകിച്ചും സത്യമായിരിക്കും.
നേരേമറിച്ച്, അടുത്ത കാലത്തു മാത്രം നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയിരിക്കുന്ന താത്പര്യക്കാർ ദൈവഭവനത്തിന്റെ ഭാഗമായി തങ്ങളെ തിരിച്ചറിയിക്കാനുള്ള പടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. അത്തരം വ്യക്തികളെ “സഹോദരൻ” അല്ലെങ്കിൽ “സഹോദരി” എന്ന് അഭിസംബോധന ചെയ്യുകയില്ല. കാരണം, അവരുടെ കാര്യത്തിൽ ദൈവകുടുംബവുമായുള്ള ആത്മീയ ബന്ധം നിലവിലില്ല. അതുകൊണ്ട്, യോഗസമയങ്ങളിൽ അവരുടെ അവസാനത്തെ പേരിനോടൊപ്പം “ശ്രീമാൻ” പോലുള്ള ബഹുമാന്യനാമം ഉപയോഗിച്ചുകൊണ്ട് കൂടുതൽ ഔപചാരികമായി നാം അവരെ സംബോധന ചെയ്യും.
നമ്മുടെ സഭായോഗങ്ങളിൽ “സഹോദരൻ,” “സഹോദരി” എന്നുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് ആദ്യ നാമങ്ങളാൽ സൂചിപ്പിക്കുന്നതിനെക്കാൾ വളരെ അടുപ്പമുള്ളതും വിലയേറിയതുമായ ഒരു ബന്ധത്തെ സൂചിപ്പിക്കുന്നു. ഏക പിതാവായ യഹോവയാം ദൈവത്തിന്റെ കീഴിൽ, ഒരു ആത്മീയ കുടുംബമെന്ന നിലയിൽ, നാം ആസ്വദിക്കുന്ന വളരെ അനുഗ്രഹീതമായ ബന്ധത്തെക്കുറിച്ച് അതു നമ്മെ അനുസ്മരിപ്പിക്കുന്നു. നമുക്ക് അന്യോന്യമുള്ള ആഴമായ സ്നേഹവും പ്രീതിയും സംബന്ധിച്ചും നാം അനുസ്മരിപ്പിക്കപ്പെടുന്നു.—എഫെ. 2:19; 1 പത്രൊ. 3:8.