ചോദ്യപ്പെട്ടി
◼ സഭാ യോഗങ്ങളിൽ പ്രാർഥിക്കേണ്ടത് ആരാണ്?
നമ്മുടെ ആരാധനയുടെ ഒരു സുപ്രധാന ഭാഗമാണ് സഭയിൽ നടത്തുന്ന പ്രാർഥന. മറ്റുള്ളവരെ യഹോവയുടെ മുമ്പാകെ പ്രതിനിധീകരിക്കുക എന്നത് വിലയേറിയ ഒരു പദവിയും ഗൗരവമേറിയ ഒരു ഉത്തരവാദിത്വവുമാണ്. പ്രാർഥനയുടെ പ്രാധാന്യത്തിന്റെ വീക്ഷണത്തിൽ, യോഗങ്ങളിൽ പ്രാർഥിക്കാൻ യോഗ്യതയുള്ളവർ ആരൊക്കെയെന്നു തീരുമാനിക്കുന്നതിൽ മൂപ്പന്മാർ നല്ല വിവേചന ഉപയോഗിക്കണം. സഭയെ പ്രതിനിധീകരിക്കുന്ന സ്നാപനമേറ്റ സഹോദരന്മാർ മാതൃകായോഗ്യരായി അറിയപ്പെടുന്നവരും സഭാംഗങ്ങളുടെ ആദരവ് ഉള്ളവരും ആയ പക്വതയുള്ള ക്രിസ്തീയ ശുശ്രൂഷകർ ആയിരിക്കണം. അവരുടെ ഭക്ത്യാദരവോടുകൂടിയ പ്രാർഥനകൾ യഹോവയാം ദൈവവുമായുള്ള നല്ല ബന്ധത്തെ വെളിപ്പെടുത്തണം. 1987 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിലെ, “വിനീതമായ ഒരു ഹൃദയത്തോടെ മറ്റുള്ളവരുടെ മുമ്പാകെ പ്രാർത്ഥിക്കുക” എന്ന ലേഖനത്തിൽ സഭയെ പ്രതിനിധീകരിച്ചു പരസ്യമായി പ്രാർഥിക്കുന്നവർക്കു പ്രത്യേകാൽ സഹായകമായ സുപ്രധാന തത്ത്വങ്ങൾ കാണാൻ കഴിയും.
ചോദ്യംചെയ്യത്തക്ക നടത്തയുള്ള, ഉത്തരവാദിത്വബോധമില്ലാത്ത ഒരാളെ പ്രാർഥനയ്ക്കായി മൂപ്പന്മാർ നിയമിക്കരുത്. താൻ പ്രതീക്ഷിച്ചതു കിട്ടാത്തതു നിമിത്തം നീരസപ്പെടാനോ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനായി പരസ്യപ്രാർഥന ഉപയോഗിക്കാനോ ചായ്വ് കാട്ടുന്ന സഹോദരന്മാരെ അതിനായി തിരഞ്ഞെടുക്കരുത്. (1 തിമൊ. 2:8) കൗമാരപ്രായക്കാരനായ ഒരു സഹോദരന്റെ കാര്യത്തിൽ സ്നാപനമേറ്റതാണെങ്കിലും, സഭയ്ക്കുവേണ്ടി പ്രാർഥിക്കാനുള്ള ആത്മീയ പക്വത അദ്ദേഹത്തിനുണ്ടോ എന്നു മൂപ്പന്മാർ നിശ്ചയിക്കേണ്ടതുണ്ട്.—പ്രവൃത്തികൾ 16:1, 2.
ചിലപ്പോഴൊക്കെ വയൽസേവന യോഗങ്ങളിൽ, സഹോദരങ്ങളെ പ്രതിനിധീകരിക്കാൻ യോഗ്യനായ ഒരു സഹോദരൻ ഇല്ലാതെവരുന്നപക്ഷം, ഒരു സഹോദരി പ്രാർഥിക്കേണ്ടത് ആവശ്യമായി വന്നേക്കാം. അപ്പോൾ ആ സഹോദരി ഉചിതമായ ശിരോവസ്ത്രം ധരിക്കണം. ഏതെങ്കിലും വയൽസേവന യോഗത്തിന് യോഗ്യനായ ഒരു സഹോദരൻ സന്നിഹിതനാകാൻ ഇടയില്ലെങ്കിൽ, നേതൃത്വമെടുക്കാനായി മൂപ്പന്മാർ യോഗ്യയായ ഒരു സഹോദരിയെ നിയമിക്കേണ്ടതാണ്.
പരസ്യയോഗത്തിന്റെ കാര്യത്തിൽ അധ്യക്ഷനാണു സാധാരണമായി പ്രാരംഭ പ്രാർഥന നടത്തുന്നത്. എന്നിരുന്നാലും മറ്റു സഭാ യോഗങ്ങളിൽ, യോഗ്യരായ കൂടുതൽ സഹോദരങ്ങൾ ഉണ്ടെങ്കിൽ, ആദ്യത്തെ പരിപാടിയോ അവസാനത്തെ പരിപാടിയോ കൈകാര്യം ചെയ്യുന്ന സഹോദരൻതന്നെ പ്രാരംഭ പ്രാർഥനയോ ഉപസംഹാര പ്രാർഥനയോ നടത്തേണ്ടതില്ല. എങ്ങനെയായിരുന്നാലും, സഭാ യോഗത്തിൽ പ്രാർഥിക്കാനായി ക്ഷണിക്കുന്ന സഹോദരനെ, അതു സംബന്ധിച്ചു മുന്നമേ അറിയിച്ചിരിക്കണം. അങ്ങനെയാകുമ്പോൾ അദ്ദേഹത്തിന് താൻ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുന്നമേ ചിന്തിക്കുന്നതിനു സാധിക്കും. അങ്ങനെ, ആ പ്രത്യേക യോഗത്തിനു ചേർച്ചയിലുള്ള ഉചിതമായ പ്രാർഥന ആത്മാർഥമായി നടത്താൻ അദ്ദേഹത്തിനു കഴിയും.
അത്തരം അവസരങ്ങളിൽ ദീർഘമായ പ്രാർഥനകളുടെ ആവശ്യമില്ല. പരസ്യ പ്രാർഥന നടത്തുന്നയാൾ, എഴുന്നേറ്റുനിന്ന്, മതിയായ ശബ്ദത്തിൽ, വ്യക്തമായി സംസാരിക്കുന്നെങ്കിൽ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു നന്നായി മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ കൂടിവന്നിരിക്കുന്ന എല്ലാവർക്കും പ്രാർഥന കേൾക്കുന്നതിനും സമാപനത്തിങ്കൽ ഹൃദയംഗമമായി “ആമേൻ!” പറയുന്നതിനും സാധിക്കും.—1 ദിന. 16:36; 1 കൊരി. 14:16.