ചോദ്യപ്പെട്ടി
◼ നമ്മുടെ സഹോദരങ്ങളെ നേരിട്ടു ബാധിക്കുന്ന ഒരു ദുരന്തം സംഭവിക്കുന്നെങ്കിൽ എന്തു ചെയ്യണം?
നിങ്ങളുടെ പ്രദേശത്ത് ഒരു ദുരന്തം സംഭവിക്കുന്നെങ്കിൽ: പരിഭ്രാന്തരാകരുത്. മനസ്സാന്നിധ്യം കൈവിടാതെ, യഥാർഥത്തിൽ മൂല്യമുള്ള സംഗതിയിൽ—ജീവനിൽ, സ്വത്തുക്കളിലല്ല—ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കുടുംബത്തിന്റെ അടിയന്തിര ശാരീരിക ആവശ്യങ്ങൾക്കായി കരുതുക. അതിനുശേഷം നിങ്ങളുടെ സാഹചര്യവും ഇപ്പോൾ എവിടെയാണെന്നതും മൂപ്പന്മാരെ അറിയിക്കുക.
മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു നിർണായക പങ്കു വഹിക്കുന്നു. ഒരു ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പു ലഭിക്കുന്നുവെങ്കിൽ, ഉദാഹരണത്തിന് വലിയ കൊടുങ്കാറ്റു പോലുള്ളവയുടെ കാര്യത്തിൽ, എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലാണെന്ന് ഈ സഹോദരന്മാർ ഉറപ്പു വരുത്തണം. കൂടാതെ സമയം അനുവദിക്കുന്നപക്ഷം, വേണ്ടിവന്നേക്കാവുന്ന അത്യാവശ്യ സാധനങ്ങൾ സംഭരിക്കുകയും വിതരണം ചെയ്യുകയും വേണം.
തുടർന്ന്, പുസ്തകാധ്യയന നിർവാഹകർ ഓരോ കുടുംബവും എവിടെയാണെന്നു കണ്ടുപിടിച്ച് അവരുടെ ക്ഷേമം അന്വേഷിക്കണം. ആർക്കും കുഴപ്പമൊന്നും ഇല്ലെങ്കിൽപ്പോലും, ഓരോ കുടുംബത്തിന്റെയും അവസ്ഥ സംബന്ധിച്ച് അധ്യക്ഷ മേൽവിചാരകനെയോ മറ്റേതെങ്കിലും മൂപ്പനെയോ അറിയിക്കണം. ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ, മൂപ്പന്മാർ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കും. ഭക്ഷണം, വസ്ത്രം, താമസസൗകര്യം, വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങൾ തുടങ്ങി ഏതു ഭൗതിക ആവശ്യങ്ങൾക്കും വേണ്ടി അവർ കരുതും. (യോഹ. 13:35; ഗലാ. 6:10) പ്രാദേശിക മൂപ്പന്മാർ സഭയ്ക്ക് ആത്മീയവും വൈകാരികവുമായ പിന്തുണ നൽകുകയും എത്രയും പെട്ടെന്ന് സഭായോഗങ്ങൾ പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും. വസ്തുതകൾ വിശദമായി വിലയിരുത്തിയ ശേഷം മൂപ്പന്മാരുടെ സംഘത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു മൂപ്പൻ പരിക്കേറ്റവരെ സംബന്ധിച്ചും രാജ്യഹാളിനോ സഹോദരങ്ങളുടെ ഭവനങ്ങൾക്കോ വന്ന നാശനഷ്ടങ്ങൾ സംബന്ധിച്ചും മറ്റ് എന്തെങ്കിലും പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ചും സർക്കിട്ട് മേൽവിചാരകന് അറിവു നൽകണം. സർക്കിട്ട് മേൽവിചാരകൻ ബ്രാഞ്ച് ഓഫീസിലേക്ക് ഫോൺ ചെയ്ത് അവസ്ഥകൾ സംബന്ധിച്ച് റിപ്പോർട്ടു നൽകും. ബ്രാഞ്ച് ഓഫീസ് ആവശ്യമുള്ള വിപുലമായ ദുരിതാശ്വാസ വസ്തുക്കൾ ഏകോപിപ്പിക്കുന്നതായിരിക്കും.
മറ്റെവിടെയെങ്കിലും ഒരു ദുരന്തം സംഭവിക്കുന്നെങ്കിൽ: അവിടുത്തെ സഹോദരീസഹോദരന്മാരെ നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുക. (2 കൊരി. 1:8-11) ധനസഹായം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് സംഭാവനകൾ സൊസൈറ്റിക്ക് അയക്കാവുന്നതാണ്. മേൽവിലാസം: Watch Tower Society, H-58 Old Khandala Road, Lonavla, MAH 410 401. (പ്രവൃ. 2:44, 45; 1 കൊരി. 16:1-3; 2 കൊരി. 9:5-7; 1986 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-30 പേജുകൾ കാണുക.) ചുമതല വഹിക്കുന്ന സഹോദരന്മാർ പ്രത്യേകം ആവശ്യപ്പെടാത്തപക്ഷം ദുരിത ബാധിത പ്രദേശത്തേക്ക് ഭൗതിക വസ്തുക്കളോ മറ്റ് അവശ്യ സാധനങ്ങളോ അയക്കരുത്. അങ്ങനെയാകുമ്പോൾ ക്രമീകൃതമായ വിധത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്താനും സാധനങ്ങൾ ശരിയായ വിധത്തിൽ വിതരണം ചെയ്യാനും സാധിക്കും. (1 കൊരി. 14:39,ബി) ആവശ്യമില്ലാതെ സൊസൈറ്റിക്കു ഫോൺ ചെയ്യരുത്. ഇത് ഫോൺ ലൈനുകൾ എപ്പോഴും തിരക്കുള്ളതാക്കുകയും അങ്ങനെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ ലഭിക്കാതിരിക്കാൻ ഇടയാക്കുകയും ചെയ്യും.
സാഹചര്യങ്ങൾ നന്നായി വിലയിരുത്തിയ ശേഷം ഒരു ദുരിതാശ്വാസ സംഘത്തെ രൂപീകരിക്കേണ്ടതുണ്ടോ എന്നു സൊസൈറ്റി തീരുമാനിക്കും. ഉത്തരവാദിത്തപ്പെട്ട സഹോദരങ്ങള വിവരം അറിയിക്കും. എല്ലാ സഹോദരങ്ങളുടെയും അടിയന്തിര ആവശ്യങ്ങൾക്കു വേണ്ടി കരുതുക സാധ്യമാക്കുന്നതിന് നേതൃത്വമെടുക്കുന്ന മൂപ്പന്മാരോട് എല്ലാവരും സഹകരിക്കണം.—യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ, (ഇംഗ്ലീഷ്) 310-15 പേജുകൾ കാണുക.