പ്രകൃതി ദുരന്തങ്ങൾ നേരിടാൻ നിങ്ങൾ സജ്ജരാണോ?
1. ദുരന്തങ്ങൾ നേരിടാൻ ഒരുങ്ങിയിരിക്കുന്നതു ബുദ്ധിയായിരിക്കുന്നത് എന്തുകൊണ്ട്?
1 ഓരോ വർഷവും ഭൂകമ്പം, സുനാമി, കാലവർഷം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവ നമ്മുടെ സഹോദരീസഹോദരന്മാർ ഉൾപ്പെടെ ലോകത്തിനു ചുറ്റുമുള്ള ദശലക്ഷങ്ങളെ ബാധിക്കുന്നു. പ്രകൃതിദുരന്തങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലും അവ നമ്മിൽ ആരെ വേണമെങ്കിലും ബാധിച്ചേക്കാമെന്നതിനാലും നാം ഒരുങ്ങിയിരിക്കുന്നതു ബുദ്ധിയായിരിക്കും.—സദൃ. 21:5.
2. മേൽവിലാസവും ഫോൺനമ്പരിൽ വരുത്തുന്ന മാറ്റവും നാം മൂപ്പന്മാരെ അപ്പപ്പോൾ അറിയിക്കേണ്ടത് എന്തുകൊണ്ട്?
2 മുന്നമേ തയ്യാറാകുക: ചിലപ്പോഴൊക്കെ, ദുരന്തങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് അവയെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ അധികാരികൾക്കു കഴിയുന്നു. പ്രസ്തുത മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുന്നതു പ്രധാനമാണ്. (സദൃ. 22:3) അത്തരം സാഹചര്യങ്ങളിൽ, മൂപ്പന്മാർ സഭയിലുള്ള എല്ലാവരുമായും ബന്ധപ്പെടാൻ ശ്രമിക്കും. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ അവരെ സഹായിക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. എല്ലാവരും സുരക്ഷിതരാണോ, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നൊക്കെ അറിയാനായി ദുരന്തത്തിനുശേഷവും അവർ അങ്ങനെ ചെയ്യുന്നതായിരിക്കും. എന്നാൽ അതിനുള്ള കൃത്യമായ മേൽവിലാസവും മറ്റും മൂപ്പന്മാരുടെ കൈവശമില്ലെങ്കിൽ വിലയേറിയ സമയം നഷ്ടമായേക്കാം. അതുകൊണ്ട് പ്രസാധകർ തങ്ങളുടെ മേൽവിലാസവും ഫോൺനമ്പരിൽ വരുത്തുന്ന മാറ്റവും അപ്പപ്പോൾ സെക്രട്ടറിയെയും പുസ്തകാധ്യയന മേൽവിചാരകനെയും അറിയിക്കുന്നതു നല്ലതാണ്.
3. നാം താമസിക്കുന്നത് ദുരന്തസാധ്യതയുള്ള ഒരു സ്ഥലത്താണെങ്കിൽ മൂപ്പന്മാരുമായി നമുക്ക് എങ്ങനെ സഹകരിക്കാനാകും?
3 ദുരന്തസാധ്യതയുള്ള ഒരു സ്ഥലത്താണു സഭ സ്ഥിതിചെയ്യുന്നതെങ്കിൽ ആ പ്രദേശത്തിനു വെളിയിൽ താമസിക്കുന്നതും ഒരു അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ടതുമായ ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ പേരും ഫോൺനമ്പരും നൽകാൻ മൂപ്പന്മാർക്കു പ്രസാധകരോട് ആവശ്യപ്പെടാവുന്നതാണ്. ഒഴിഞ്ഞുപോയവർ എവിടെയൊക്കെയാണെന്നു കണ്ടുപിടിക്കാൻ ഇത് അവരെ സഹായിക്കും. അടിയന്തിര സാഹചര്യമുണ്ടാകുന്നപക്ഷം സഭ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച് വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കാനും മൂപ്പന്മാർ ആഗ്രഹിച്ചേക്കാം. അടിയന്തിര സാഹചര്യത്തിൽ ഓരോരുത്തർക്കും ഉണ്ടായിരിക്കേണ്ട അവശ്യ വസ്തുക്കളുടെ ഒരു ലിസ്റ്റ്, ആളുകളെ ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങൾ, പ്രത്യേക ആവശ്യങ്ങൾ ഉള്ളവരെ സഹായിക്കുന്നതിനുള്ള ആസൂത്രണങ്ങൾ എന്നീ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താവുന്നതാണ്. സ്നേഹപുരസ്സരമായ ഈ ക്രമീകരണങ്ങളോടുള്ള സഹോദരങ്ങളുടെ സഹകരണം പ്രധാനമാണ്.—എബ്രാ. 13:17.
4. നമ്മുടെ പ്രദേശത്ത് ഒരു ദുരന്തമുണ്ടാകുന്നപക്ഷം എന്തു ചെയ്യണം?
4 ദുരന്തശേഷം: നിങ്ങളുടെ പ്രദേശത്ത് ഒരു ദുരന്തമുണ്ടാകുന്നപക്ഷം നിങ്ങൾ എന്തു ചെയ്യണം? നിങ്ങളുടെ കുടുംബത്തിന്റെ അടിയന്തിരാവശ്യങ്ങൾ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക. സാധ്യമെങ്കിൽ, ബാധിക്കപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കും അവശ്യ സഹായങ്ങൾ ചെയ്തുകൊടുക്കുക. എത്രയും പെട്ടെന്ന് നിങ്ങളുടെ പുസ്തകാധ്യയന മേൽവിചാരകനോ മറ്റൊരു മൂപ്പനോ ആയി ബന്ധപ്പെടാൻ ശ്രമിക്കുക. നിങ്ങൾ സുരക്ഷിതരും സഹായം ആവശ്യമില്ലാത്ത അവസ്ഥയിലും ആണെങ്കിൽപ്പോലും അങ്ങനെ ചെയ്യേണ്ടതാണ്. മറിച്ച് സഹായം ആവശ്യമാണെങ്കിൽ നിങ്ങളെ സഹായിക്കാൻ സഹോദരങ്ങൾ സകല ശ്രമവും ചെയ്യുന്നുണ്ടെന്ന് ഉറപ്പുള്ളവരായിരിക്കുക. (1 കൊരി. 13:4, 7) നിങ്ങളുടെ സാഹചര്യം യഹോവയ്ക്ക് അറിയാമെന്ന് ഓർക്കുക; അവനിൽ ആശ്രയിക്കുക, അവൻ നിങ്ങളെ പുലർത്തും. (സങ്കീ. 37:39; 62:8) മറ്റുള്ളവരെ ആത്മീയവും വൈകാരികവുമായി പിന്തുണയ്ക്കേണ്ട അവസരങ്ങളുണ്ടോയെന്നു ശ്രദ്ധിക്കുക. (2 കൊരി. 1:3, 4) കഴിയുന്നത്ര നേരത്തെ ദിവ്യാധിപത്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.—മത്താ. 6:33.
5. ക്രിസ്ത്യാനികളെന്ന നിലയിൽ ദുരന്തസാധ്യതകൾ നമ്മെ എങ്ങനെ ബാധിക്കുന്നു?
5 ദുരന്തസാധ്യതകൾ ലോകത്തെ ഉത്കണ്ഠയിലാഴ്ത്തുന്നെങ്കിലും നമുക്ക് ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയും. സകല ദുരന്തങ്ങളും ഉടൻതന്നെ കഴിഞ്ഞകാല സംഗതികളായി മാറും. (വെളി. 21:4, 5) അതുവരേക്കും, നമുക്കു മറ്റുള്ളവരോടു തീക്ഷ്ണതയോടെ സുവാർത്ത ഘോഷിക്കുകയും കഷ്ടനഷ്ടങ്ങളുടെ സമയങ്ങൾ നേരിടാൻ ഒരുങ്ങുന്നതിനായി ന്യായമായ പടികൾ സ്വീകരിക്കുകയും ചെയ്യാം.