ചോദ്യപ്പെട്ടി
◼ നമ്മുടെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ നാം എതിർ ലിംഗവർഗത്തിൽപെട്ട ആരെങ്കിലുമായി സഹവസിക്കുമ്പോൾ ഏതു മുന്നറിയിപ്പുകൾ ആവശ്യമാണ്?
നമ്മുടെ സഹോദരീസഹോദരൻമാർ തങ്ങളുടെ വ്യക്തിപരമായ നടത്തയിൽ ഉന്നതമായ ധാർമിക നിലവാരങ്ങളോടു പറ്റിനിൽക്കാൻ ജാഗ്രതയുള്ളവരാണെന്നു പ്രതീക്ഷിക്കാൻ നമുക്കു കാരണമുണ്ട്. എന്നിരുന്നാലും, വളരെക്കുറച്ചു ധാർമിക പരിധികൾ മാത്രമുള്ള അശുദ്ധവും അനുവാദാത്മകവുമായ ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. നമുക്ക് ഏറ്റവും മെച്ചമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിലും, നിന്ദയ്ക്കിടയാക്കുന്നതോ അനുചിതമോ ആയ എന്തിലെങ്കിലും ഉൾപ്പെടുന്നത് ഒഴിവാക്കാൻ നാം തുടർച്ചയായി ജാഗ്രത പുലർത്തണം. ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ജാഗ്രതയുള്ളവരായിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
സത്യത്തിൽ ആത്മാർഥമായ താത്പര്യം പ്രകടിപ്പിക്കുന്നതായി തോന്നുന്ന എതിർ ലിംഗവർഗത്തിൽപെട്ടവരെ നാം വയൽസേവനത്തിൽ മിക്കപ്പോഴും കണ്ടുമുട്ടാറുണ്ട്. നാം സന്ദർശിക്കുന്നത് ഒറ്റയ്ക്കായിരിക്കുകയും വീട്ടിൽ മറ്റാരും ഇല്ലാതിരിക്കുകയുമാണെങ്കിൽ, അകത്തു പ്രവേശിക്കുന്നതിനു പകരം വാതിൽക്കൽനിന്ന് സാക്ഷ്യം നൽകുന്നതായിരിക്കും സാധാരണഗതിയിൽ ഏറ്റവും നല്ലത്. താത്പര്യം കണ്ടെത്തുന്നെങ്കിൽ മറ്റൊരു പ്രസാധകൻ ഒപ്പമുള്ളപ്പോഴോ വീട്ടിലെ മറ്റുള്ളവർ സന്നിഹിതരായിരിക്കുമ്പോഴോ മടങ്ങിച്ചെല്ലാൻ ക്രമീകരിക്കാവുന്നതാണ്. അതു സാധ്യമല്ലെങ്കിൽ, വീട്ടിലുള്ള ആളുടെ അതേ ലിംഗവർഗത്തിൽപ്പെട്ട ഒരാൾക്ക് ആ മടക്കസന്ദർശനം കൈമാറുന്നതു ജ്ഞാനമായിരിക്കും. എതിർ ലിംഗവർഗത്തിൽപ്പെട്ട ഒരാളുമായി ബൈബിളധ്യയനം നടത്തുന്നതിലും ഇതു ബാധകമാണ്.—മത്താ. 10:16.
ശുശ്രൂഷയിൽ നമ്മോടൊപ്പം പ്രവർത്തിക്കാൻ ആരെയെങ്കിലും തിരഞ്ഞെടുക്കുമ്പോൾ നാം ജാഗ്രതയുള്ളവരായിരിക്കണം. എതിർ ലിംഗവർഗത്തിൽപ്പെട്ട പ്രസാധകർ ചിലപ്പോൾ ഒരുമിച്ച് പ്രവർത്തിച്ചേക്കാം. എന്നാൽ ഒരു കൂട്ടമായി പ്രവർത്തിക്കുമ്പോഴാണ് ഇത് ഏറ്റവും മെച്ചമായിരിക്കുന്നത്. സാധാരണമായി, ശുശ്രൂഷയിൽ ആയിരിക്കുമ്പോൾപോലും, നമ്മുടെ വിവാഹിത ഇണയല്ലാത്ത എതിർ ലിംഗവർഗത്തിൽപ്പെട്ട ഒരാളുമായി തനിച്ചു സമയം ചെലവഴിക്കുന്നതു നമ്മെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകമല്ല. അതുകൊണ്ട്, കൗമാരപ്രായക്കാർ ഉൾപ്പെടെയുള്ള പ്രസാധകരെ ഒരുമിച്ചു പ്രവർത്തിക്കാൻ നിയമിക്കുമ്പോൾ സേവനക്കൂട്ടത്തിന്റെ മേൽനോട്ടം വഹിക്കുന്ന സഹോദരൻ നല്ല ന്യായബോധം ഉപയോഗിക്കണം.
എല്ലായ്പോഴും നല്ല ന്യായബോധം ഉപയോഗിക്കുന്നതിനാൽ, നമുക്കോ മറ്റുള്ളവർക്കോ ‘ഇടർച്ചയ്ക്ക് എന്തെങ്കിലും കാരണം നൽകുന്നത്’ നാം ഒഴിവാക്കും.—2 കൊരി. 6:3, NW.