‘സകലവും ആത്മീയ വർദ്ധനെക്കായി ഉതകട്ടെ’
1 സഹോദരങ്ങളുമായുള്ള നമ്മുടെ എല്ലാ ഇടപാടുകളിലും അവരെ കെട്ടുപണി ചെയ്യാനുതകുന്ന കാര്യങ്ങളായിരിക്കണം നാം ചെയ്യേണ്ടത്. അവരുടെ ആത്മീയ ക്ഷേമം സംരക്ഷിക്കുന്നതിൽ തത്പരരായിരിക്കുക എന്നാണ് അതിന്റെ അർഥം. ഒരു ഉത്പന്നമോ സേവനമോ ഉന്നമിപ്പിക്കുന്ന ഏതെങ്കിലും ലൗകിക തൊഴിലിൽ നാം ഏർപ്പെടുന്നെങ്കിൽ, ചെയ്യുന്ന ഏതൊരു കാര്യവും സഹോദരങ്ങൾക്ക് ഇടർച്ചയ്ക്ക് കാരണമാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.—2 കൊരി. 6:3; ഫിലി. 1:9, 10.
2 സഹ ക്രിസ്ത്യാനികളെ സാധ്യതയുള്ള ഉപഭോക്താക്കളായി വീക്ഷിച്ചുകൊണ്ട് ചിലർ പലതരത്തിലുള്ള ബിസിനസ്സ് സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സ്വന്ത മതത്തിൽപ്പെട്ടവർ ഉൾപ്പെടെ എല്ലാവരെയും ഉപഭോക്താക്കളായി കാണാൻ ചില വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ പ്രതിനിധികളെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ബിസിനസ്സ് സംരംഭത്തിൽ ഏർപ്പെടാനുള്ള പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തിൽ ചില സഹോദരങ്ങൾ സാക്ഷികളുടെ വലിയ കൂട്ടങ്ങൾ വിളിച്ചുകൂട്ടിയിട്ടുണ്ട്. മറ്റുചിലർ സഹവിശ്വാസികൾക്ക്, അവർ ആവശ്യപ്പെടാതെതന്നെ ലേഖനങ്ങളും പത്രികകളും കാസെറ്റുകളും ഇന്റർനെറ്റിലെ വിവരങ്ങളും നൽകിക്കൊണ്ട് തങ്ങളുടെ സംരംഭങ്ങളെ ഉന്നമിപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിൽ, തന്റെ ദിവ്യാധിപത്യ ബന്ധങ്ങൾ ഉപയോഗിച്ച് ആത്മീയ സഹോദരങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് ചേരുന്നതാണോ? ഒരിക്കലുമല്ല!—1 കൊരി. 10:23, 24, 31-33.
3 സഹോദരങ്ങൾ ജാഗ്രത പാലിക്കണം: സഹോദരങ്ങൾ തമ്മിൽ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ലെന്ന് ഇത് അർഥമാക്കുന്നില്ല. അത് വ്യക്തിപരമായ ഒരു കാര്യമാണ്. എന്നുവരികിലും, ചിലർ അത്യാഗ്രഹത്തെ ഊട്ടിവളർത്തുന്ന ബിസിനസ്സ് പദ്ധതികൾ തുടങ്ങുകയും സഹവിശ്വാസികളെ തങ്ങളുടെ പങ്കാളികളാകാനോ അതിൽ പണംനിക്ഷേപിക്കാനോ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ മിക്ക സംരംഭങ്ങളും പൊട്ടിപ്പോകുകയും കക്ഷികൾക്ക് വൻനഷ്ടം വരുത്തിവെക്കുകയും ചെയ്യുന്നു. ഈ സംരംഭത്തിൽ ചേരാൻ മറ്റു കക്ഷികളെ പ്രേരിപ്പിച്ചത് ലാഭക്കൊതിയാണെങ്കിലും, അതു പൊട്ടിപ്പോയാൽ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് അതിന്റെ സംഘാടകൻ വിചാരിക്കരുത്. സംരംഭം പരാജയമടയുന്നപക്ഷം അത് സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തെ എങ്ങനെ ബാധിക്കുമെന്ന് അയാൾ മുന്നമേതന്നെ ചിന്തിക്കണം. ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ തങ്ങളുടെ ലൗകിക തൊഴിൽ സംരംഭങ്ങൾ സംബന്ധിച്ച് പ്രത്യേകാൽ ശ്രദ്ധാലുക്കളായിരിക്കണം. കാരണം, മറ്റുള്ളവർ അവരെ ആദരവോടെ വീക്ഷിക്കുകയും അവരിൽ കൂടുതൽ വിശ്വാസമർപ്പിക്കുകയും ചെയ്തേക്കാം. ആ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നത് തെറ്റായിരിക്കും. ഒരു സഹോദരന് മറ്റുള്ളവരുടെ ആദരവ് നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് തന്റെ ദിവ്യാധിപത്യ പദവികളും നഷ്ടമായേക്കാം.
4 ‘സകലവും ആത്മികവർദ്ധനെക്കായി ഉതകണം’ എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. (1 കൊരി. 14:26) സഭയ്ക്കുള്ളിൽ നാം വ്യാപാര ഇടപാടുകൾ നടത്തുകയോ അവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നും ചെയ്യുകയോ അരുത്. കൂടിവരവിനുള്ള നമ്മുടെ തിരുവെഴുത്തുപരമായ കാരണങ്ങളുമായി അത്തരം കാര്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.—എബ്രാ.10:24, 25.