യഹോവയുടെ നാമത്തെയും പ്രവൃത്തികളെയും കുറിച്ച് അറിയിക്കുക
1 “യഹോവെക്കു സ്തോത്രംചെയ്വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ. . . . യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.” (സങ്കീ. 105:1, 3) ആ വാക്കുകൾ രേഖപ്പെടുത്തിയ സങ്കീർത്തനക്കാരൻ യഹോവയെയും അവന്റെ ‘പ്രവൃത്തികളെയും’ കുറിച്ച് മറ്റുള്ളവരോട് പറയുന്നതിൽ വളരെ സന്തോഷം കണ്ടെത്തി. ഏതു പ്രവൃത്തികളെ കുറിച്ച്? അവന്റെ മഹത്തായ രാജത്വത്തെയും “അവന്റെ രക്ഷയെ”യും കുറിച്ചുള്ളവതന്നെ.—സങ്കീ. 96:2, 3; 145:11, 12.
2 2001-ലെ സ്മാരകകാലത്തോട് അടുക്കുമ്പോൾ, യഹോവയുടെ ‘പ്രവൃത്തികൾ’ സംബന്ധിച്ച്—വിശേഷാൽ അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്—സന്തോഷിക്കാൻ നമുക്കു കൂടുതലായ കാരണങ്ങൾ ഉണ്ട്. എന്തുകൊണ്ട്? നിസ്സംശയമായും, എല്ലാ സത്യ ക്രിസ്ത്യാനികളെയും സംബന്ധിച്ചിടത്തോളം, കർത്താവിന്റെ സന്ധ്യാഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആചരണം. അതിന്റെ പ്രാധാന്യവും ഉദ്ദേശ്യവും അതു നിർവഹിക്കപ്പെടുന്ന വിധവും കണക്കിലെടുത്താൽ, ഇത്തരമൊരു അവസരം വേറെയില്ല. നമുക്ക് രക്ഷ പ്രദാനം ചെയ്യാനായി യഹോവയും യേശുവും ചെയ്ത കരുതലുകളെ കുറിച്ച് ഓർക്കാനുള്ള സമയമാണ് ഇത്. അതുകൊണ്ട്, സ്മാരകകാലത്ത് “അവന്റെ രക്ഷയെ” പ്രസിദ്ധമാക്കുന്ന പ്രവർത്തനം വർധിച്ച അളവിൽ നടക്കുന്നതു കാണാൻ നാം സ്വാഭാവികമായും പ്രതീക്ഷിക്കുന്നു!
3 നിങ്ങൾ സഹായ പയനിയറിങ് ചെയ്യുമോ? കഴിഞ്ഞ ഏപ്രിലിൽ 3,287 പേർ സഹായ പയനിയർമാരായി പേർ ചാർത്തി. സഹായ പയനിയർമാരുടെ എണ്ണത്തിലെ ഒരു അത്യുച്ചമായിരുന്നു അത്. ഈ വർഷം, മാർച്ചും ഏപ്രിലും ശുശ്രൂഷയിലെ നമ്മുടെ വർധിച്ച പ്രവർത്തനത്തിന്റെ പ്രത്യേക മാസങ്ങളാക്കാൻ കഴിയുമോ? മാർച്ചിൽ അഞ്ച് ശനിയാഴ്ചകളും ഏപ്രിലിൽ അഞ്ച് ഞായറാഴ്ചകളുമുണ്ട്. വാരാന്തങ്ങളിൽ മുഴുവൻ സമയവും വയലിൽ പ്രവർത്തിക്കാൻ ആസൂത്രണം ചെയ്തുകൊണ്ട് സഹായ പയനിയറിങ് നടത്താൻ കഴിയുമെന്ന് മുഴുസമയ ജോലിക്കാരായ പല പ്രസാധകരും കണ്ടെത്തിയിരിക്കുന്നു. മാസം 50 മണിക്കൂർ എന്ന ലക്ഷ്യത്തിലെത്താൻ ഒരു വാരം ശരാശരി 12 മണിക്കൂറാണ് വേണ്ടത്. 4-ാം പേജിലെ ചതുരത്തിൽ നൽകിയിരിക്കുന്ന പട്ടികകൾ ശ്രദ്ധാപൂർവം പരിശോധിക്കുക. ഇവയിൽ ഏതെങ്കിലും നിങ്ങളുടെ സാഹചര്യവുമായി ഇണങ്ങുമോ? ഇല്ലെങ്കിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പയനിയറിങ് ചെയ്യാനായി നിങ്ങൾക്ക് സ്വന്തമായി ഒരു പട്ടിക ഉണ്ടാക്കാൻ കഴിഞ്ഞേക്കും.
4 വർധിച്ച വയൽ പ്രവർത്തനത്തിനായി ഉത്സാഹം വളർത്തിയെടുക്കാനും ഈ ക്രമീകരണത്തെ പിന്തുണയ്ക്കാനായി സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും മൂപ്പന്മാർ ഇപ്പോൾ മുതൽ പ്രവർത്തിക്കേണ്ടതാണ്. കഴിഞ്ഞ വർഷം, എല്ലാ മൂപ്പന്മാരും ശുശ്രൂഷാ ദാസന്മാരും സഹായ പയനിയർമാരായി പേർ ചാർത്തിയ ഒരു സഭയിൽ, ആകെയുള്ള 121 പ്രസാധകരിൽ 64 പേരും ഏപ്രിൽ മാസം പയനിയറിങ് ചെയ്തു! സ്നാപനമേറ്റിട്ടില്ലാത്ത ആറ് പ്രസാധകർ മാർച്ചിലും ഏപ്രിലിലുമായി റിപ്പോർട്ടു ചെയ്തു തുടങ്ങിയെന്നതും സഭയെ സന്തോഷിപ്പിച്ചു. പരസ്യ സാക്ഷീകരണത്തിൽ ഏർപ്പെടാൻ തക്കവിധം തങ്ങൾ യോഗ്യത പ്രാപിച്ചോ എന്നു കുട്ടികൾക്കും പുതിയവർക്കും മൂപ്പന്മാരോട് ചോദിക്കാൻ പറ്റിയ സമയം ഇതുതന്നെയാണ്.
5 കൂടുതലായ ശ്രമം അനുഗ്രഹങ്ങൾ കൈവരുത്തുന്നു: പ്രത്യേക ലക്ഷ്യങ്ങൾ വെക്കുകയും കൂടുതലായ ശ്രമം ചെലുത്തുകയും ചെയ്യുന്ന സഭകൾ അനവധി അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. ചില സഭകൾ, അപൂർവമായി പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങൾ പ്രവർത്തിച്ചു തീർക്കുന്നതിനോ വീടുതോറുമുള്ള വേല കൂടാതെയുള്ള സാക്ഷീകരണത്തിന്റെ വ്യത്യസ്ത വശങ്ങളിൽ ഏർപ്പെടുന്നതിനോ ടെലിഫോൺ സാക്ഷീകരണം നടത്തുന്നതിനോ—ആളില്ലാഭവനങ്ങളിലെയും പ്രവേശനം നിരോധിച്ചിരിക്കുന്നിടങ്ങളിലെയും താമസക്കാർക്ക് സാക്ഷ്യം നൽകാനുള്ള ഒരു ഫലകരമായ ഉപാധിയാണ് ഇത്—പ്രത്യേക ഊന്നൽ നൽകിയേക്കാം.
6 മോശമായ ആരോഗ്യമോ പ്രായാധിക്യമോ സേവനത്തിൽ പരമാവധി ഏർപ്പെടുന്നതിന് ഒരു തടസ്സമാണോ? എല്ലാവരുടെയും കാര്യത്തിൽ അങ്ങനെയാകണമെന്നില്ല. കാൻസർ ബാധിച്ച 86 വയസ്സുള്ള ഒരു സഹോദരിയുടെ കാര്യമെടുക്കാം. കാലുകൾ നീരുവെച്ച് വീങ്ങിയിരുന്നെങ്കിലും, ഏപ്രിലിൽ അവർ സഹായ പയനിയറിങ് ചെയ്തു. സേവനത്തിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ ടെലിഫോൺ സാക്ഷീകരണം അവരെ സഹായിച്ചു. അങ്ങനെ, യഹോവയെ സ്തുതിക്കുന്നതിലെ തന്റെ പങ്ക് വർധിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഇത് അവർക്കും സഭയിലെ സഹോദരങ്ങൾക്കും വലിയ പ്രോത്സാഹനമായിരുന്നു.
7 സ്മാരകത്തിനുവേണ്ടി നന്നായി തയ്യാറാകുക: ഈ വർഷത്തെ സ്മാരകം ഏപ്രിൽ 8-നാണ്. ഇത് ഒരു ഞായറാഴ്ച ആയതിനാൽ കൂടുതൽ പേർക്ക് ഇതിന് ഹാജരാകാനാകും. പിൻവരുന്ന വിധം പ്രവർത്തിച്ചുകൊണ്ട് നമ്മുടെ പങ്ക് നിർവഹിക്കുന്നെങ്കിൽ ഒരു അത്യുച്ച ഹാജർ നമുക്കു ലഭിച്ചേക്കാം. (1) നാംതന്നെ ഹാജരാകുക, (2) സ്മാരകാഘോഷത്തിന് നമ്മോടൊപ്പം ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുക. നാം ആരെയാണ് ക്ഷണിക്കേണ്ടത്?
8 സത്യത്തിൽ കുറച്ചെങ്കിലും താത്പര്യം കാണിച്ചിട്ടുള്ളവരുടെ—നിങ്ങൾ അവരെ ക്രമമായി സന്ദർശിക്കുന്നില്ലെങ്കിൽപ്പോലും—പേരുകൾ കണ്ടുപിടിക്കാനായി നിങ്ങളുടെ വീടുതോറുമുള്ള രേഖകൾ പരിശോധിക്കുക. സ്മാരകത്തിന് രണ്ടോ മൂന്നോ ആഴ്ച മുമ്പ്, ഇവരെ സന്ദർശിച്ച് സ്മാരക ക്ഷണക്കത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സാഹചര്യം അനുവദിക്കുമെങ്കിൽ, ഹാജരാകാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാ സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്നു പറയുക.
9 ചില സഭകൾ ക്ഷണക്കത്തുകൾ മുഴുവനും കൊടുത്തുതീർക്കാറില്ല. അങ്ങനെ വരാതിരിക്കാൻ, അവയെല്ലാം വിതരണം ചെയ്യാൻതക്കവിധം നേരത്തേ ലഭ്യമാക്കുന്നുവെന്ന് സഭാ സെക്രട്ടറിമാർ ഉറപ്പുവരുത്തണം. ക്ഷണക്കത്തിന്റെ അടിയിലായി സ്മാരകാഘോഷത്തിന്റെ സമയവും സ്ഥലവും ടൈപ്പു ചെയ്യുകയോ വ്യക്തമായി എഴുതുകയോ ചെയ്യുക. രാജ്യഹാളിലാണ് സ്മാരകാഘോഷം നടത്തുന്നതെങ്കിൽ അതിന്റെ മേൽവിലാസം ഉള്ള നോട്ടീസ് ക്ഷണക്കത്തിനോടൊപ്പം കൊടുക്കാവുന്നതാണ്. സാധ്യമാകുന്നിടത്തോളം, ക്ഷണക്കത്ത് വീട്ടുകാരന്റെ കൈയിൽ നേരിട്ടു കൊടുക്കുന്നതാണ് ഉചിതമെന്ന് ഓർത്തിരിക്കുക.
10 നിഷ്ക്രിയരെ മറന്നുകളയരുത്: ഒരു ബൈബിൾ വിദ്യാർഥി തന്നെത്തന്നെ യഹോവയ്ക്ക് സമർപ്പിച്ച് ജലനിമജ്ജനത്താൽ അതു പ്രതീകപ്പെടുത്തുന്നത് സന്തോഷകരമായ ഒരു സംഗതിയാണ്. എങ്കിലും, ഓരോ വർഷവും നമ്മുടെ കൂട്ടത്തിലുള്ള ചിലർ, നമ്മളുമായി സഹവസിക്കുന്നതും യഹോവയുടെ നാമത്തെയും അവന്റെ പ്രവൃത്തികളെയും കുറിച്ച് മറ്റുള്ളവരോടു പറയുന്നതും നിറുത്തുന്നു. അതുകൊണ്ട്, നമുക്ക് ആശങ്കയ്ക്ക് കാരണമുണ്ട്. നിഷ്ക്രിയരായ മിക്കവരും സത്യം ഉപേക്ഷിച്ചിട്ടില്ലെങ്കിലും, നിരുത്സാഹമോ വ്യക്തിപരമായ പ്രശ്നങ്ങളോ മറ്റ് ജീവിതോത്കണ്ഠകളോ നിമിത്തം സുവാർത്താ പ്രസംഗം നിറുത്തിയിരിക്കുന്നു. (മത്താ. 13:20-22) സാത്താന്റെ ഈ വ്യവസ്ഥിതി വിഴുങ്ങിക്കളയുന്നതിനു മുമ്പ് സഭയിലേക്കു തിരിച്ചുവരുന്നതിന് ആത്മീയമായി ബലഹീനരായ ഇവർക്ക് സഹായം ആവശ്യമാണ്. (1 പത്രൊ. 5:8) യോഗ്യതയുള്ള എല്ലാ നിഷ്ക്രിയരെയും സുവാർത്താ പ്രസംഗത്തിൽ വീണ്ടും പങ്കെടുപ്പിക്കുന്നതിനായി സ്മാരകകാലത്ത് ഒരു പ്രത്യേക ശ്രമം നടത്താൻ നാം ആഗ്രഹിക്കുന്നു.
11 നിഷ്ക്രിയരായ വ്യക്തികളെ കുറിച്ച് സഭാ സെക്രട്ടറി അവരുടെ പുസ്തകാധ്യയന നിർവാഹകരെ ഓർമിപ്പിക്കണം. എല്ലാ നിഷ്ക്രിയർക്കും ഇടയസന്ദർശനങ്ങൾ ക്രമീകരിക്കുന്നതിൽ സഭാ സേവനക്കമ്മിറ്റി മുൻകൈയെടുക്കും. ഒരു ബൈബിൾ അധ്യയനം വ്യക്തിക്ക് പ്രയോജനകരമാകുമെന്ന് ബോധ്യപ്പെടുന്നെങ്കിൽ, അധ്യയനം നടത്താൻ ഏറ്റവും യോജിച്ചത് ആരായിരിക്കുമെന്നതു സംബന്ധിച്ച് സേവനക്കമ്മിറ്റിയിലെ അംഗങ്ങളുമായി കൂടിയാലോചിച്ചശേഷം സേവനമേൽവിചാരകൻ സഹായമേകാനുള്ള ക്രമീകരണം ചെയ്യുന്നതായിരിക്കും. അധ്യയനം ദീർഘകാലം നടത്തേണ്ടതില്ലായിരിക്കാമെങ്കിലും അധ്യയനം എടുക്കുന്നയാൾക്ക് മണിക്കൂറും മടക്കസന്ദർശനങ്ങളും ബൈബിൾ അധ്യയനവും റിപ്പോർട്ടു ചെയ്യാവുന്നതാണ്.
12 കഴിഞ്ഞ ഏപ്രിലിൽ വീടുതോറുമുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെ ഒരു സഹോദരി തെരുവിൽവെച്ച് ഒരു ചെറുപ്പക്കാരനു മാസികകൾ നൽകി. തന്റെ ഭാര്യ നിഷ്ക്രിയയായ ഒരു സാക്ഷിയാണെന്ന് അയാൾ സഹോദരിയോടു പറഞ്ഞു. അയാൾ രാജ്യഹാൾ എവിടെയാണെന്ന് ചോദിച്ചറിയുകയും സഹോദരിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടർന്ന്, ആ ദമ്പതികൾ അടുത്ത യോഗത്തിനു ഹാജരാകുകയും ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു.
13 വർധിച്ച പ്രവർത്തനത്തിനായി ഒരുങ്ങുക! യഹോവയുടെ നാമത്തെയും അവന്റെ പ്രവൃത്തികളെയും കുറിച്ച് അറിയിക്കാൻ ആഹ്വാനം ചെയ്തശേഷം സങ്കീർത്തനക്കാരൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ.” (സങ്കീ. 105:2, 3) വയൽസേവനത്തിലെ നമ്മുടെ പങ്ക് വർധിപ്പിച്ചുകൊണ്ട് യഹോവയുടെ മഹാ നാമത്തെയും അവന്റെ ‘അത്ഭുത പ്രവൃത്തികളെയും’ കുറിച്ച് സംസാരിക്കാനുള്ള നമ്മുടെ താത്പര്യം നമുക്കു പ്രകടമാക്കാം. അങ്ങനെ, ഈ സ്മാരകകാലം പൂർവാധികം മഹത്തരമാക്കാം!
[4-ാം പേജിലെ ചതുരം]
സഹായ പയനിയറിങ്ങിനായി ആഴ്ചയിൽ 12 മണിക്കൂർ പട്ടികപ്പെടുത്താനുള്ള വ്യത്യസ്ത വിധങ്ങൾ
ദിവസം മണിക്കൂർ
തിങ്കൾ 1 2 − −
ചൊവ്വ 1 − 3 −
ബുധൻ 1 2 − 5
വ്യാഴം 1 − 3 −
വെള്ളി 1 2 − −
ശനി 5 4 3 5
ഞായർ 2 2 3 2
മൊത്തം: 12 12 12 12
ഇവയിൽ ഏതെങ്കിലും നിങ്ങളുടെ സാഹചര്യവുമായി ഇണങ്ങുമോ?
ഇല്ലെങ്കിൽ, സ്വന്തമായി ഒരു പട്ടിക ഉണ്ടാക്കരുതോ?