സർവപ്രധാനമായ വേല
1. ശുശ്രൂഷയോടുള്ള ആഴമായ വിലമതിപ്പ് എന്തെല്ലാം ത്യാഗങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
1 ശുശ്രൂഷയ്ക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ആസ്തികളും അർപ്പിക്കാനുള്ള പ്രോത്സാഹനം നമുക്ക് കൂടെക്കൂടെ ലഭിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ഇതിലും പ്രധാനമായ മറ്റൊരു വേലയില്ല! ഈ പ്രവർത്തനത്തിന്റെ സത്ഫലങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്, ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ വേലയിൽ പങ്കെടുക്കാനുള്ള നമ്മുടെ ആഗ്രഹം വർധിപ്പിക്കും.—പ്രവൃ. 20:24.
2. യഹോവയുടെ നാമവിശുദ്ധീകരണത്തിൽ നമ്മുടെ ശുശ്രൂഷ എന്തു പങ്കുവഹിക്കുന്നു?
2 യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നു: ക്രിസ്തുയേശു മുഖാന്തരമുള്ള യഹോവയുടെ രാജ്യം മാനുഷ ഗവണ്മെന്റുകളെ നീക്കി മനുഷ്യവർഗത്തിന്റെ ദുരിതങ്ങൾക്കെല്ലാം അറുതിവരുത്തുമെന്ന വസ്തുതയ്ക്ക് നമ്മുടെ ശുശ്രൂഷ അടിവരയിടുന്നു. (മത്താ. 6:9, 10) രോഗത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാൻ കഴിയുന്ന ഒരേയൊരുവൻ യഹോവയാണ് എന്ന സത്യവും അത് ഊന്നിപ്പറയുന്നു. (യെശ. 25:8; 33:24) അവന്റെ നാമം വഹിക്കുന്നവരായ നമ്മുടെ നല്ല നടത്തയും ഉത്സാഹവും ഒക്കെ നിരീക്ഷിക്കുന്ന മറ്റുള്ളവരും അവനെ മഹത്ത്വപ്പെടുത്തിയേക്കാം. (1 പത്രോ. 2:12) സർവാധീശകർത്താവായ യഹോവയുടെ നാമം ഭൂമിയിലെങ്ങും പ്രസിദ്ധമാക്കുന്ന വേലയിൽ ഏർപ്പെടുന്നത് എത്ര സംതൃപ്തിദായകമാണ്!—സങ്കീ. 83:18.
3. രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
3 ജീവൻ രക്ഷിക്കുന്നു: “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ” യഹോവ ഇച്ഛിക്കുന്നു. (2 പത്രോ. 3:9) യഹോവയുടെ ദൃഷ്ടിയിൽ ഒരു കാര്യം നല്ലതോ ചീത്തയോ എന്നത്, ആരെങ്കിലും പഠിപ്പിക്കാതെ ഒരുവന് എങ്ങനെ മനസ്സിലാക്കാനാകും? (യോനാ 4:11; റോമ. 10:13-15) ആളുകൾ സുവാർത്ത കേട്ട് ദുഷിച്ച ജീവിതരീതികൾ ഉപേക്ഷിക്കുമ്പോൾ അവരുടെ ജീവിതം ഗുണമേന്മയുള്ളതാകുന്നു. (മീഖാ 4:1-4) അവർക്ക് സന്തോഷദായകമായ നിത്യജീവന്റെ പ്രത്യാശയും ലഭിക്കുന്നു. നാം തീക്ഷ്ണതയോടെ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ ഏർപ്പെടുന്നെങ്കിൽ അതു നമ്മെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും. (1 തിമൊ. 4:16) ഈ സുപ്രധാന വേലയിൽ ഏർപ്പെടുന്നതിനുള്ള എത്ര വലിയൊരു പദവിയാണ് നമുക്കുള്ളത്!
4. പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നാം സജീവമായി ഏർപ്പെടേണ്ടത് എന്തുകൊണ്ട്?
4 പെട്ടെന്നുതന്നെ മഹാകഷ്ടം ഈ ദുഷിച്ച ലോകത്തിന് അറുതിവരുത്തും. യഹോവയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നവർ ആ നാശത്തെ അതിജീവിക്കും. അതുകൊണ്ട് ഇന്നു നടക്കുന്നതിലേക്കും അടിയന്തിരവും സുപ്രധാനവും പ്രയോജനകരവുമായ പ്രവർത്തനമാണ് പ്രസംഗ-ശിഷ്യരാക്കൽ വേല. ഈ വേലയ്ക്ക് ആയിരിക്കട്ടെ നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം!—മത്താ. 6:33.