പ്രതികൂലകാലത്ത് ശുശ്രൂഷ നിർവഹിക്കാൻ പരിശീലനം നേടുക
1 ഈ ‘പ്രതികൂലകാലത്ത്’ അർഹരായവരെ കണ്ടെത്താൻ സഹായിക്കുന്ന കാലോചിതമായ പല നിർദേശങ്ങളും നമ്മുടെ രാജ്യ ശുശ്രൂഷയുടെ മുൻലക്കങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. (2 തിമൊ. 4:2) അവയിൽ ഏതെങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കിയോ? ബൈബിൾ സന്ദേശം സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള വീട്ടുകാരുടെ അവകാശത്തെ മാനിക്കാനുള്ള നിർദേശം അത്തരത്തിൽ ഒന്നാണ്. പല മതങ്ങളിൽപ്പെട്ട ആളുകളെ, അവർ ക്ഷണിക്കാതെ നാം സന്ദർശിക്കുന്നു എന്നതിനാൽ ആ നിർദേശം വളരെ ജ്ഞാനപൂർവകമാണ്. സുവാർത്ത അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ വീട്ടുകാർക്ക് അതു കേൾക്കാൻ താത്പര്യമുണ്ടോയെന്ന് നാം വിവേചിച്ചറിയണം. അങ്ങനെചെയ്യുമ്പോൾ നാം അവരുടെ വികാരങ്ങളെ മാനിക്കുന്നവരാണെന്ന് അവർ തിരിച്ചറിയും.
2 ജാഗ്രതയും വിവേകവും നയവും ഉണ്ടായിരിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരു പരിധിവരെ നമ്മെ സഹായിക്കും. നയമുള്ള ഒരാൾക്ക് എപ്പോൾ, എന്തു പറയണം എന്ന് അറിയാം. (യോഹ. 16:12) ഒരു ‘കുരിശുയുദ്ധത്തിൽ’ എന്നപോലെ, പ്രലോഭിപ്പിച്ചോ സമ്മർദം ചെലുത്തിയോ മതപരിവർത്തനം നടത്തുന്ന രീതി നമുക്കില്ല. ക്രിസ്തുശിഷ്യർ മറ്റുള്ളവരെ അറിയിക്കുന്നത് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ദൂതാണ്. എന്നാൽ എല്ലാവരും അത് കേൾക്കുകയോ നമ്മുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുകയോ ചെയ്യണമെന്നില്ല. അതുകൊണ്ട് ഒരു പ്രശ്നം ഉണ്ടാകുമെന്നു തോന്നിയാൽ ആ പ്രദേശംവിട്ടു പോകുക. (മത്താ. 10:23; പ്രവൃ. 14:5-7) അടുത്തകാലത്ത് എതിർപ്പുകളും പ്രശ്നങ്ങളും ഉണ്ടായ പ്രദേശങ്ങളിലെ സഹോദരങ്ങൾ അങ്ങനെ ചെയ്യുകയുണ്ടായി. എന്നിട്ട്, താത്പര്യമുള്ളവരെ സഹായിക്കുന്നതിൽ അവർ ശ്രദ്ധകേന്ദ്രീകരിച്ചു. അത് നല്ല ഫലങ്ങൾ ഉളവാക്കി. എന്നാൽ ഒരുകാലത്ത് നമ്മെ എതിർത്തിട്ടുള്ളവർ പിന്നീട് പല കാരണങ്ങൾകൊണ്ട് സുവാർത്ത സ്വീകരിച്ചേക്കാം എന്ന കാര്യം നാം മനസ്സിൽപ്പിടിക്കണം.
3 മതവികാരങ്ങളോടു ബന്ധപ്പെട്ട് വയലിൽ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ കൈകാര്യംചെയ്യാം എന്നതു സംബന്ധിച്ച് നിരവധി നിർദേശങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെയും മറ്റും ലഭിച്ചിട്ടുണ്ട്. മൂപ്പന്മാർ ആ നിർദേശങ്ങൾ ഇടയ്ക്കിടെ സഹോദരങ്ങളെ ഓർമപ്പെടുത്തുന്നത് സഹായകമാണ്. (2 പത്രോ. 3:1, 2) നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2008 ജനുവരി-മേയ്, ആഗസ്റ്റ് ലക്കങ്ങളിൽനിന്നുള്ള ഏതാനും നിർദേശങ്ങൾ, ഉചിതമായിരിക്കുമ്പോൾ യോഗപരിപാടിയുടെ ഭാഗമായിട്ടോ വയൽസേവനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനു മുമ്പോ സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. മുമ്പു നാം പിൻപറ്റിയിരുന്ന ചില രീതികളും ആളുകൾ തെറ്റിദ്ധരിക്കാൻ ഇടയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കിക്കൊണ്ട് ഇപ്പോഴത്തെ രീതികൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള മനസ്സൊരുക്കം കാണിക്കാൻ അത് എല്ലാവരെയും സഹായിക്കും. കൂടെക്കൂടെയുള്ള ഇത്തരം ഓർമിപ്പിക്കലുകൾ ലഭിക്കുന്നതുമൂലം, വയൽസേവനത്തിനായി പൊതുസ്ഥലങ്ങളിൽ കൂടിവരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാതിരിക്കാനും അനാവശ്യമായി മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാനും സഹോദരങ്ങൾ ശ്രദ്ധാലുക്കളായിരിക്കും.
4 എല്ലാറ്റിലും ഉപരി, പ്രതിസന്ധികൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ, ദിവസേനയുള്ള ബൈബിൾ പഠനത്തിലൂടെയും പ്രാർഥനയിലൂടെയും നാം നമ്മുടെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. ജീവസ്സുറ്റതും ധീരമായി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമായ വിശ്വാസമാണ് നമുക്കുണ്ടായിരിക്കേണ്ടത്. (എസ്രാ 7:10; സങ്കീ. 78:8; യാക്കോ. 2:17; w09 9/15, 12-15 പേജുകൾ കാണുക.) ആൾക്കൂട്ടം നമ്മെ വളയുമ്പോൾ ശാന്തരായിരിക്കാനും പോലീസുകാരോട് ആദരവോടെ നമ്മുടെ പ്രവർത്തനത്തെക്കുറിച്ചു വിശദീകരിക്കാനും യഹോവയിലുള്ള ആശ്രയം നമ്മെ സഹായിക്കും.
5 ഭയത്തിന് അടിമപ്പെട്ട് ശുശ്രൂഷയിലെ ഉത്സാഹം തണുത്തുപോയ അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ നിരാശപ്പെടേണ്ടതില്ല. യേശുവിന്റെ അപ്പൊസ്തലന്മാരുടെ കാര്യത്തിലും അതു സംഭവിച്ചിട്ടുണ്ട്. അവന്റെ മരണത്തെ തുടർന്ന് കുറച്ചുകാലത്തേക്ക് അവർ പ്രസംഗവേല നിറുത്തിക്കളഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ അവർ തീക്ഷ്ണത വീണ്ടെടുത്തു. (മത്താ. 26:56; പ്രവൃ. 5:28) പ്രവൃത്തികൾ 18:9, 10-ൽ യേശു നൽകിയ ഉറപ്പും നമുക്ക് ഓർക്കാം, പ്രത്യേകിച്ച് ആളുകൾ നമ്മുടെ സന്ദേശം നിരസിക്കുമ്പോൾ. പ്രസംഗവേലയിൽ തുടരുന്നതിനുള്ള ധൈര്യത്തിനായി യഹോവയോടു പ്രാർഥിക്കുക. (പ്രവൃ. 4:29) ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നവിധം എങ്ങനെ സുവാർത്ത അവതരിപ്പിക്കാമെന്നു ചിന്തിക്കുക. ഹൃദയങ്ങളെ അറിയുന്ന യഹോവ ആത്മാർഥഹൃദയരായവരെ തന്നിലേക്ക് ആകർഷിക്കുകതന്നെ ചെയ്യും.—1 ശമൂ. 16:7; യോഹ. 6:44.