ബൈബിളധ്യയനങ്ങൾ നടത്താൻ ‘ദൈവസ്നേഹം’ പുസ്തകം എങ്ങനെ ഉപയോഗിക്കാം?
1. ‘ദൈവസ്നേഹം’ പുസ്തകത്തിന്റെ ഉദ്ദേശ്യം എന്താണ്?
1 “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ നമുക്കെല്ലാം എത്ര സന്തോഷം തോന്നി! അന്ന് പ്രസംഗകൻ പറഞ്ഞതുപോലെ, യഹോവയുടെ നിലവാരങ്ങളെ അറിയാനും പ്രിയപ്പെടാനും സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്, അല്ലാതെ അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ പഠിപ്പിക്കാനല്ല. വീടുതോറുമുള്ള ശുശ്രൂഷയിൽ നാം ഈ പുസ്തകം സമർപ്പിക്കുകയില്ല.
2. ഈ പുസ്തകം എപ്രകാരം ഉപയോഗിക്കാം, ആരോടൊപ്പം പഠിക്കാം?
2 ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ പഠനത്തെ തുടർന്ന് വിദ്യാർഥികളെ ഈ പുസ്തകം പഠിപ്പിക്കാവുന്നതാണ്. എല്ലാവരും ഒരേ വേഗത്തിലല്ല ആത്മീയ വളർച്ച കൈവരിക്കുന്നതെന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഓരോ വിദ്യാർഥിയുടെയും പ്രാപ്തി കണക്കിലെടുത്തുകൊണ്ടുവേണം അധ്യയനം നടത്താൻ. പഠിക്കുന്ന ഭാഗങ്ങൾ വിദ്യാർഥി വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സാധാരണഗതിയിൽ, ഇതിനോടകം പല പുസ്തകങ്ങൾ പഠിക്കുകയും എന്നാൽ സഭായോഗങ്ങൾക്കു വരാനോ ബൈബിൾ സത്യങ്ങൾക്കു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനോ താത്പര്യമില്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ഈ പുസ്തകം ഉപയോഗിച്ച് വീണ്ടും അധ്യയനം നടത്തേണ്ടതില്ല.
3. ദൈവത്തെ ആരാധിക്കുക പുസ്തകത്തിൽനിന്നാണ് ഇപ്പോൾ അധ്യയനം നടത്തുന്നതെങ്കിൽ എന്തുചെയ്യണം?
3 നിങ്ങൾ ഇപ്പോൾ ദൈവത്തെ ആരാധിക്കുക പുസ്തകത്തിൽനിന്ന് അധ്യയനം എടുത്തുകൊണ്ടിരിക്കുകയാണോ? ഏതാനും അധ്യായങ്ങളേ ഇനി അവശേഷിക്കുന്നുള്ളൂവെങ്കിൽ ആ പുസ്തകത്തിൽനിന്നുതന്നെ അധ്യയനം തുടരാവുന്നതാണ്; എന്നിട്ട്, ‘ദൈവസ്നേഹം’ പുസ്തകം സ്വന്തമായി പഠിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കാനാകും. ഇനി, അവസാന അധ്യായങ്ങൾ ആയിട്ടില്ലെങ്കിൽ ആ പുസ്തകത്തിന്റെ പഠനം നിറുത്തിയിട്ട് ‘ദൈവസ്നേഹം’ പുസ്തകത്തിൽനിന്ന് അധ്യയനം തുടങ്ങുന്നതായിരിക്കും നല്ലത്. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ കാര്യത്തിലെന്നപോലെ, അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യണമോ വേണ്ടയോ എന്ന് നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്.
4. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകവും ‘ദൈവസ്നേഹം’ പുസ്തകവും പഠിച്ചുതീരുന്നതിനുമുമ്പുതന്നെ വിദ്യാർഥി സ്നാനമേൽക്കുന്നെങ്കിൽ എന്തു ചെയ്യണം?
4 ബൈബിൾ പഠിപ്പിക്കുന്നു പുസ്തകവും ‘ദൈവസ്നേഹം’ പുസ്തകവും പഠിച്ചുതീരുന്നതിനുമുമ്പുതന്നെ വിദ്യാർഥി സ്നാനമേറ്റാൽ അവ രണ്ടും തീരുന്നതുവരെ അധ്യയനം തുടരേണ്ടതാണ്. വിദ്യാർഥി സ്നാനമേറ്റെങ്കിലും, നിങ്ങൾക്ക് മണിക്കൂറും മടക്കസന്ദർശനവും അധ്യയനവും റിപ്പോർട്ടു ചെയ്യാം. നിങ്ങളുടെ കൂടെവരുന്നയാൾക്കും മണിക്കൂർ റിപ്പോർട്ടു ചെയ്യാവുന്നതാണ്.
5. കുറെക്കാലമായി ശുശ്രൂഷയിൽ ഏർപ്പെടാതിരിക്കുന്ന പ്രസാധകരെ സഹായിക്കാൻ ‘ദൈവസ്നേഹം’ പുസ്തകം എങ്ങനെ ഉപയോഗിക്കാം?
5 നിഷ്ക്രിയനായ ഒരാൾക്ക് ‘ദൈവസ്നേഹം’ പുസ്തകത്തിൽനിന്ന് അധ്യയനമെടുക്കാൻ സഭാ സേവനക്കമ്മിറ്റിയിലെ ഒരംഗം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ചിലപ്പോൾ ചില പ്രത്യേക അധ്യായങ്ങൾ ആ വ്യക്തിയോടൊപ്പം ചർച്ചചെയ്യാനായിരിക്കും നിർദേശിക്കുന്നത്. അത്തരം അധ്യയനങ്ങൾ ദീർഘനാൾ നടത്തേണ്ടതില്ല. “ദൈവസ്നേഹത്തിൽ” നിലനിൽക്കാൻ നമ്മെ സഹായിക്കുംവിധം തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം എത്ര വിശിഷ്ടമായ ഒരു കരുതലാണ്!—യൂദാ 21.