പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—അധ്യയനവേളയിൽ എത്ര ഖണ്ഡികകൾ പരിചിന്തിക്കാം?
1 ശിഷ്യന്മാരെ പഠിപ്പിക്കവെ, യേശു അവരുടെ പരിമിതികൾ കണക്കിലെടുത്തിരുന്നു. “അവർക്കു ഗ്രഹിക്കാൻ കഴിയുന്നിടത്തോളം” വിവരങ്ങൾ മാത്രമേ അവൻ അവരെ പഠിപ്പിച്ചിരുന്നുള്ളൂ. (മർക്കോ. 4:33; യോഹ. 16:12) ഇന്ന് ബൈബിൾ പഠിപ്പിക്കുന്നവരും ഓരോ അധ്യയന സെഷനിലും എത്ര വിവരങ്ങൾ പരിചിന്തിക്കാമെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. എത്ര ഖണ്ഡികകൾ പഠിക്കണമെന്നത് ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയുടെയും വിദ്യാർഥിയുടെയും പ്രാപ്തിയെയും സാഹചര്യത്തെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
2 വിശ്വാസം ബലിഷ്ഠമാക്കുക: ചില വിദ്യാർഥികൾക്ക് ഒരു പാഠഭാഗത്തെ വിവരങ്ങൾ ഒറ്റ സെഷനിലൂടെ മനസ്സിലാക്കാനാകുമെന്നിരിക്കെ, മറ്റു ചിലർക്ക് അത് മനസ്സിലാക്കാൻ രണ്ടോ മൂന്നോ സെഷനുകൾ വേണ്ടിവന്നേക്കാം. പാഠഭാഗങ്ങൾ ഓടിച്ചുതീർക്കുക എന്നതല്ല, വിദ്യാർഥിക്ക് അതിലെ വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. താൻ പുതുതായി പഠിക്കുന്ന കാര്യങ്ങൾക്ക് ഒരു ഉറച്ച അടിസ്ഥാനമുണ്ടെന്ന്, അതായത് അവ ദൈവവചനത്തിൽ അധിഷ്ഠിതമാണെന്ന് ഓരോ വിദ്യാർഥിക്കും മനസ്സിലാകണം.—സദൃ. 4:7; റോമ. 12:2.
3 പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അവ അംഗീകരിക്കാനും വിദ്യാർഥിക്ക് എത്ര സമയം ആവശ്യമാണോ, അത്രയും സമയം നാം അധ്യയനത്തിനു ചെലവഴിക്കണം. പഠിക്കുന്ന സത്യങ്ങളുടെ മൂല്യം തിരിച്ചറിയാനാകാത്തവിധം പാഠഭാഗങ്ങൾ ഓടിച്ചുതീർക്കുന്നത് ഒഴിവാക്കുക. പ്രധാന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓരോ ഉപദേശങ്ങൾക്കും ആധാരമായിരിക്കുന്ന മുഖ്യ തിരുവെഴുത്തുകൾ വായിച്ച് വിശദീകരിക്കാനും വേണ്ടത്ര സമയം ചെലവഴിക്കണം.—2 തിമൊ. 3:16, 17.
4 പരിചിന്തിക്കുന്ന വിവരങ്ങളിൽനിന്ന് വ്യതിചലിക്കരുത്: ഖണ്ഡികകൾ ഓടിച്ചുതീർക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾത്തന്നെ, പാഠഭാഗവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിച്ച് അധ്യയനഭാഗത്തുനിന്ന് വ്യതിചലിക്കാതിരിക്കാനും ശ്രദ്ധിക്കണം. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ദീർഘനേരം സംസാരിക്കാൻ വിദ്യാർഥി ചായ്വു കാണിക്കുന്നെങ്കിൽ അധ്യയനത്തിനുശേഷം അതേക്കുറിച്ചു സംസാരിക്കാമെന്ന് നയപൂർവം പറയാവുന്നതാണ്.—സഭാ. 3:1.
5 ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള തീക്ഷ്ണതകൊണ്ട് അമിതമായി സംസാരിക്കാനുള്ള പ്രവണത അധ്യയനം നടത്തുന്ന വ്യക്തിയും ഒഴിവാക്കണം. (സങ്കീ. 145:6, 7) ഇടയ്ക്കൊക്കെ, ഖണ്ഡികയിലില്ലാത്ത വിശദാംശമോ അനുഭവമോ പഠനഭാഗത്ത് ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും, അമിതമായാൽ അടിസ്ഥാന ബൈബിളുപദേശങ്ങൾ സംബന്ധിച്ച പരിജ്ഞാനം സമ്പാദിക്കുന്നതിൽനിന്ന് അത് വിദ്യാർഥിയെ തടയും.
6 ഓരോ സെഷനിലും വിദ്യാർഥിക്ക് ഗ്രഹിക്കാൻ പറ്റുന്നത്ര വിവരങ്ങൾ മാത്രം പരിചിന്തിക്കുന്നത് ‘യഹോവയുടെ വെളിച്ചത്തിൽ നടക്കാൻ’ വിദ്യാർഥിയെ സഹായിക്കും.—യെശ. 2:5.