ഏറ്റവും ആസ്വാദ്യമായ ഒരു വേല
1. ആത്മീയ രോഗശാന്തി നൽകുന്ന എന്തു വേലയാണ് ഇക്കാലത്ത് നടക്കുന്നത്?
1 ഒന്നാം നൂറ്റാണ്ടിൽ നടന്ന രോഗശാന്തി നേരിൽ കണ്ടത് അന്നു ജീവിച്ചിരുന്ന ആളുകളെ അത്യധികം സന്തോഷിപ്പിച്ചു. (ലൂക്കോ. 5:24-26) ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം ആത്മീയ രോഗശാന്തി നൽകുന്ന വേലയാണ് നമുക്ക് സന്തോഷം തരുന്നത്. (വെളി. 22:1, 2, 17) യഹോവയുടെ വചനവും പരിശുദ്ധാത്മാവും ആളുകളുടെ ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ചു വായിക്കുന്നത് എത്ര പുളകപ്രദമാണ്! എന്നാൽ മറ്റുള്ളവരെ ബൈബിൾ പഠിപ്പിച്ചുകൊണ്ട് ആ വേലയിൽ പങ്കെടുക്കുന്നത് അതിലേറെ സന്തോഷം നൽകും.
2. ഒരാളെ സത്യം പഠിപ്പിക്കുമ്പോൾ നമുക്ക് എന്തെല്ലാം സന്തോഷം അനുഭവിക്കാനാകുന്നു?
2 ദൈവത്തിന്റെ പേര് എന്താണ്? അവൻ കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? ദൈവരാജ്യം മനുഷ്യവർഗത്തിന് എന്ത് അനുഗ്രഹങ്ങൾ കൈവരുത്തും? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നു എന്നതിലുപരി ഈ സത്യങ്ങൾ മനസ്സിലാക്കുമ്പോൾ വിദ്യാർഥിയുടെ മുഖത്തു പ്രതിഫലിച്ചു കാണുന്ന ആഹ്ലാദമാണ് നമ്മെ ഏറെ സന്തോഷിപ്പിക്കുന്നത്. (സദൃ. 15:23; ലൂക്കോ. 24:32) വിദ്യാർഥി പുരോഗതി പ്രാപിക്കുമ്പോൾ അദ്ദേഹം യഹോവയുടെ നാമം ഉപയോഗിക്കാൻ തുടങ്ങും, വസ്ത്രധാരണത്തിലും ചമയത്തിലും വേണ്ട മാറ്റങ്ങൾ വരുത്തും, ദുശ്ശീലങ്ങൾ ഉപേക്ഷിക്കും, താൻ പഠിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ചുതുടങ്ങും. ഒടുവിൽ സമർപ്പിച്ചു സ്നാനമേൽക്കുന്നതോടെ ആ വ്യക്തി നമ്മുടെ സഹോദരനും കൂട്ടുവേലക്കാരനും ആയിത്തീരുന്നു. ഈ ഓരോ പടിയും നമുക്ക് സന്തോഷത്തിനു വകനൽകുന്നു.—1 തെസ്സ. 2:19, 20.
3. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ നാം എന്തു ചെയ്യണം?
3 നിങ്ങൾക്കും ആ വേലയിൽ പങ്കുപറ്റാനാകുമോ? അങ്ങേയറ്റം ആസ്വാദ്യമായ ഈ വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഒരു ബൈബിളധ്യയനം നടത്താനുള്ള നിങ്ങളുടെ ആഗ്രഹം പ്രാർഥനയിലൂടെ യഹോവയെ അറിയിക്കുക. എന്നിട്ട് നിങ്ങളുടെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുക. (1 യോഹ. 5:14) കണ്ടുമുട്ടുന്നവരോടെല്ലാം സുവാർത്ത അറിയിക്കുക. സാധ്യമാകുന്നിടത്തൊക്കെ ബൈബിളധ്യയനത്തെക്കുറിച്ചു പറയുക. (സഭാ. 11:6) താത്പര്യം കാണിച്ചവരുടെ ഹൃദയത്തിൽ നിങ്ങൾ പാകിയ സത്യത്തിന്റെ വിത്ത് നനയ്ക്കാനായി മടങ്ങിച്ചെല്ലുക.—1 കൊരി. 3:6-9.
4. ബൈബിളധ്യയനങ്ങൾ നടത്തുന്നതിൽ നാം ഉത്സാഹം കാണിക്കേണ്ടത് എന്തുകൊണ്ട്?
4 നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ഒട്ടനവധി ആളുകൾ ഇന്നുമുണ്ട്. ഒരു ബൈബിളധ്യയനത്തിലൂടെ അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനാകും. അതിന് ആരാണ് അവരെ സഹായിക്കുക? (മത്താ. 5:3, 6) നമുക്ക് ഓരോരുത്തർക്കും അതിനായി മുന്നോട്ടുവരാം. അതെ, കൊയ്ത്തുകാലം അവസാനിക്കുന്നതിനുമുമ്പ് പ്രസംഗ, ശിഷ്യരാക്കൽവേല പൂർത്തിയാക്കാൻ നമുക്ക് ഉത്സാഹിക്കാം.—യെശ. 6:8.