വിവിധ പശ്ചാത്തലങ്ങളിൽ ഉള്ളവർക്കുവേണ്ടിയുള്ള രണ്ടുമാസികകൾ
1. വിശ്വസ്തനും വിവേകിയുമായ അടിമ ഏതു കാര്യത്തിൽ പൗലോസ് അപ്പൊസ്തലനെ അനുകരിക്കുന്നു?
1 എല്ലാത്തരം ആളുകളെയും നേടാൻ പറ്റിയ വിധത്തിലാണ് പൗലോസ് അപ്പൊസ്തലൻ സുവാർത്ത അവതരിപ്പിച്ചത്. (1 കൊരി. 9:22, 23) സമാനമായി, വ്യത്യസ്ത പശ്ചാത്തലങ്ങളിലും വിശ്വാസങ്ങളിലും ഉള്ളവരെ സത്യത്തിലേക്ക് ആകർഷിക്കാൻ പറ്റിയ വിധത്തിലാണ് വിശ്വസ്തനും വിവേകിയുമായ അടിമ വീക്ഷാഗോപുരം, ഉണരുക! മാസികകൾ തയ്യാറാക്കുന്നത്. അവ ആരെ ഉദ്ദേശിച്ചാണ് എഴുതിയിരിക്കുന്നതെന്നു മനസ്സിൽപ്പിടിക്കുന്നത് വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ നമ്മുടെ മാസികകൾ നന്നായി ഉപയോഗിക്കാൻ നമുക്കു സാധിക്കൂ.
2. ഉണരുക! മാസിക തയ്യാറാക്കുന്നത് ആരെ ഉദ്ദേശിച്ചാണ്?
2 ഉണരുക!: പൗലോസ് അപ്പൊസ്തലൻ ഒരിക്കൽ ‘ഏഥൻസിലെ പുരുഷന്മാരെ’ അഭിസംബോധനചെയ്തു സംസാരിക്കുകയുണ്ടായി. (പ്രവൃ. 17:22) അവർക്ക് ക്രിസ്തീയ ഉപദേശങ്ങളെക്കുറിച്ചോ തിരുവെഴുത്തുകളെക്കുറിച്ചോ ഒന്നുംതന്നെ അറിയില്ലായിരുന്നു. ഇന്ന് അങ്ങനെയുള്ള ആളുകളെ മനസ്സിൽക്കണ്ടുകൊണ്ടാണ് ഉണരുക! തയ്യാറാക്കുന്നത്. ക്രിസ്തീയ ഉപദേശങ്ങളെപ്പറ്റി അറിവില്ലാത്തവരോ മതത്തിൽ വിശ്വാസമില്ലാത്തവരോ ബൈബിളിന്റെ പ്രായോഗിക മൂല്യം സംബന്ധിച്ച് അജ്ഞരോ ആയിരിക്കും അവർ. സത്യദൈവമുണ്ടെന്നു മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുകയാണ് ഉണരുക!-യുടെ ഒരു ലക്ഷ്യം. യഹോവയുടെ സാക്ഷികൾ മറ്റു മതവിഭാഗങ്ങളിൽനിന്നു വ്യത്യസ്തരാണെന്നു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതും ബൈബിളിൽ വിശ്വസിക്കാൻ അവരെ പ്രചോദിപ്പിക്കുന്നതും ഈ മാസികയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.
3. വീക്ഷാഗോപുരത്തിന്റെ ഓരോ പതിപ്പും ആർക്കുവേണ്ടിയാണ് തയ്യാറാക്കുന്നത്?
3 വീക്ഷാഗോപുരം: ദൈവത്തെ ഭയപ്പെടുകയും തിരുവെഴുത്തുകളെ മാനിക്കുകയും ചെയ്യുന്ന ആളുകൾക്കുവേണ്ടിയുള്ളതാണ് വീക്ഷാഗോപുരത്തിന്റെ പൊതുജന പതിപ്പ്. ബൈബിളിനെപ്പറ്റി കുറച്ചൊക്കെ അറിവുണ്ടെങ്കിലും ബൈബിൾ ഉപദേശങ്ങളെക്കുറിച്ച് ഇവർക്ക് കൃത്യമായ ഗ്രാഹ്യമില്ല. ‘ദൈവത്തെ ഭയപ്പെടുന്നവർ’ എന്നു പൗലോസ് പരാമർശിച്ച ആളുകളെപ്പോലെയാണ് ഇവർ. (പ്രവൃ. 13:14-16) ഇനി, അധ്യയന പതിപ്പിന്റെ കാര്യമോ? അത് മുഖ്യമായും യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ളതാണ്. തിരുവെഴുത്തുകളെക്കുറിച്ച് അറിവുണ്ടായിരുന്ന, സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം ഉണ്ടായിരുന്ന ആളുകൾക്കാണ് പൗലോസ് തന്റെ ലേഖനങ്ങൾ എഴുതിയത്. (1 കൊരി. 1:1, 2) അതുപോലെ അധ്യയന പതിപ്പ് തയ്യാറാക്കുന്നതും സഭായോഗങ്ങൾക്കു പതിവായി കൂടിവരുന്ന, ദിവ്യാധിപത്യപദങ്ങളും ആശയങ്ങളും പരിചയമുള്ളവർക്കുവേണ്ടിയാണ്.
4. വയലിൽ ഉപയോഗിക്കുന്ന മാസികകളുടെ ഉള്ളടക്കം നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?
4 സാധാരണ രണ്ടുമാസികകളും ഒരുമിച്ചാണ് സമർപ്പിക്കുന്നതെങ്കിലും ഏതെങ്കിലും ഒരു മാസികയായിരിക്കും നാം വിശേഷവത്കരിക്കുന്നത്. ഓരോ ലക്കത്തിന്റെയും ഉള്ളടക്കം നന്നായി മനസ്സിലാക്കാൻ പ്രത്യേക ശ്രമം ചെയ്യുക. അങ്ങനെയാകുമ്പോൾ കണ്ടുമുട്ടുന്ന ഓരോരുത്തർക്കും ഇണങ്ങുന്ന ലേഖനങ്ങൾ വിശേഷവത്കരിക്കാൻ നിങ്ങൾക്കാകും.